വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പോളണ്ടിനുള്ള “അതിമഹത്തായ സമ്മാനം”

പോളണ്ടിനുള്ള “അതിമഹത്തായ സമ്മാനം”

പോളണ്ടിനുള്ള “അതിമഹത്തായ സമ്മാനം”

ഹോഹെൻസോളെനിലെ പ്രഭുവായ ആൽബ്രെഹ്‌റ്റ്‌, ലൂഥറൻ സഭയെ രാഷ്‌ട്രത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത്‌ 1525 ജൂലൈ 6-നായിരുന്നു. അന്നാളിൽ പോളണ്ടിന്റെ ഒരു പ്രഭുഭരണപ്രദേശമായിരുന്ന പ്രഷ്യ അങ്ങനെ, മാർട്ടിൻ ലൂഥറിന്റെ പഠിപ്പിക്കലുകൾ ഔപചാരികമായി സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ സംസ്ഥാനമായിത്തീർന്നു.

പൂർവ പ്രഷ്യയുടെ തലസ്ഥാനമായ കോനിഗ്‌സ്‌ബർഗിനെ ഒരു പ്രൊട്ടസ്റ്റന്റ്‌ കേന്ദ്രമാക്കാൻ ആൽബ്രെഹ്‌റ്റ്‌ ആഗ്രഹിച്ചു. നഗരത്തിൽ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച അദ്ദേഹം, ലൂഥറന്റെ കൃതികൾ പല ഭാഷകളിൽ അച്ചടിക്കാൻ മുൻകൈയെടുത്തു. തന്റെ ഭരണപ്രദേശങ്ങളിലെങ്ങുമുള്ള പോളീഷ്‌ ജനതയ്‌ക്കു സ്വന്തം ഭാഷയിൽ തിരുവെഴുത്തുഭാഗങ്ങൾ വായിച്ചുകേൾക്കാൻ അവസരമുണ്ടാക്കണമെന്നും 1544-ൽ അദ്ദേഹം തീരുമാനിച്ചുറച്ചു. എന്നാൽ അന്നുവരെയും പോളീഷിൽ ബൈബിൾ ലഭ്യമായിരുന്നില്ല.

“സാധാരണക്കാരന്റെ ഭാഷയിലുള്ള” ഒരു ബൈബിൾ

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ പോളീഷിലേക്കു പരിഭാഷപ്പെടുത്താൻ കഴിവുള്ള ഒരാളെ ആൽബ്രെഹ്‌റ്റ്‌ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ 1550-ഓടെ, എഴുത്തുകാരനും പുസ്‌തകവ്യാപാരിയും അച്ചടി നിർവാഹകനുമായ യാൻ സെക്‌ലൂറ്റ്‌സ്യാനെ അദ്ദേഹം പ്രസ്‌തുത ചുമതല ഭരമേൽപ്പിച്ചു. പ്രൊട്ടസ്റ്റന്റ്‌ ഉപദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്‌ കത്തോലിക്കാസഭയെ പൊറുതിമുട്ടിക്കുന്നതിൽ സമർഥനായിരുന്നു, ലൈപ്‌സിഗ്‌ യൂണിവേഴ്‌സിറ്റി ബിരുദധാരിയായിരുന്ന സെക്‌ലൂറ്റ്‌സ്യാൻ. മുമ്പൊരിക്കൽ, മതവിശ്വാസങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ വിചാരണ നേരിട്ടപ്പോൾ അദ്ദേഹം കോനിഗ്‌സ്‌ബർഗിലേക്കു രക്ഷപ്പെടുകയുണ്ടായി.

തിരുവെഴുത്തുകളുടെ പോളീഷ്‌ പരിഭാഷ തയ്യാറാക്കാൻ സെക്‌ലൂറ്റ്‌സ്യാന്‌ ഉത്സാഹമായിരുന്നു. ചുമതലയേറ്റ്‌ ഒരു വർഷത്തിനുശേഷം മത്തായിയുടെ സുവിശേഷം വെളിച്ചംകണ്ടു. വിശദവും വിജ്ഞാനപ്രദവുമായ അഭിപ്രായങ്ങളോടൊപ്പം, മാർജിനിൽ ചില ഭാഗങ്ങളുടെ സാധ്യതയുള്ള പകരം പരിഭാഷകൾ കാണിച്ചുകൊണ്ടുള്ള കുറിപ്പുകളും ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹം, നാലു സുവിശേഷങ്ങളുമടങ്ങിയ ഒരു പതിപ്പിന്റെ പണിപ്പുരയിൽ പ്രവേശിച്ചു. വെറും മൂന്നു വർഷത്തിനുള്ളിൽ മുഴു ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളും അച്ചടിച്ചിറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പരിഭാഷയുടെ കൃത്യത ഉറപ്പുവരുത്താൻ പരിഭാഷകൻ ബൈബിളിന്റെ ഗ്രീക്ക്‌ പാഠങ്ങൾ പരിശോധിച്ചിരുന്നു. കൂടാതെ, ലാറ്റിൻ ഭാഷാന്തരങ്ങളും “മറ്റു ചില ഭാഷകളിലേക്കുള്ള തർജമകളും പരിശോധിച്ചിരുന്നു” എന്ന്‌ 1551-ലെ പതിപ്പിന്റെ ആമുഖം പ്രസ്‌താവിക്കുന്നു. “മനോഹരവും അനർഗളവുമായ ലളിതഭാഷ”യിൽ വിരിയിച്ച പരിഭാഷ എന്നാണ്‌, 16-ാം നൂറ്റാണ്ടിലെ പോളീഷ്‌ ഭാഷയുടെ പഠനം എന്ന കൃതിയുടെ ഗ്രന്ഥകാരനായ സ്റ്റാനീസ്‌ലാഫ്‌ റോസ്‌പോണ്ട്‌ ഈ പരിഭാഷയെ വിശേഷിപ്പിച്ചത്‌. പരിഭാഷകൻ “ഉദ്ധതഭാഷ”യുടെ കുരുക്കിൽപ്പെട്ടുപോയില്ലെന്ന്‌ റോസ്‌പോണ്ട്‌ പ്രസ്‌താവിച്ചു. മറിച്ച്‌, “സാധാരണക്കാരന്റെ ഭാഷയിലുള്ള” പോളീഷ്‌ പദങ്ങൾ ഉപയോഗിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.

ഈ സംരംഭത്തിനു ചുക്കാൻപിടിച്ചത്‌ സെക്‌ലൂറ്റ്‌സ്യാൻ ആയിരുന്നെങ്കിലും യഥാർഥ പരിഭാഷകൻ അദ്ദേഹമായിരുന്നില്ലെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു. അപ്പോൾപ്പിന്നെ ആരായിരുന്നു ആ വിദഗ്‌ധ പരിഭാഷകൻ? സ്റ്റാനിസ്‌ലോ മൂർഷിനോവ്‌സ്‌കി. വിഷമംപിടിച്ച ഈ ദൗത്യം സെക്‌ലൂറ്റ്‌സ്യാൻ നിയമിച്ചുകൊടുക്കുമ്പോൾ അദ്ദേഹം സാധ്യതയനുസരിച്ച്‌ 20-കളുടെ ആരംഭത്തിലായിരുന്നു.

ഒരു ഗ്രാമത്തിലാണ്‌ മൂർഷിനോവ്‌സ്‌കി പിറന്നത്‌. എന്നാൽ പറക്കമുറ്റിയപ്പോൾ, ഗ്രീക്കും എബ്രായയും പഠിക്കാൻ പിതാവ്‌ അദ്ദേഹത്തെ കോനിഗ്‌സ്‌ബർഗിലേക്കു വിട്ടു. പിന്നീട്‌ അദ്ദേഹം ജർമനിയിലെ വിറ്റൻബർഗ്‌ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. അവിടെവെച്ചായിരിക്കാം മാർട്ടിൻ ലൂഥറെ കണ്ടുമുട്ടിയത്‌. യുവ വിദ്യാർഥിയായ മൂർഷിനോവ്‌സ്‌കി, ഗ്രീക്കും എബ്രായയും വശമാക്കാൻ തന്നെ സഹായിച്ച ഫീലിപ്പ്‌ മെലാങ്ക്‌തോണിന്റെ പ്രസംഗങ്ങൾ സാകൂതം ശ്രദ്ധിച്ചു. ഇറ്റലിയിലെ ഉപരിപഠനത്തിനുശേഷം അദ്ദേഹം കോനിഗ്‌സ്‌ബർഗിലേക്കു മടങ്ങുകയും ആൽബ്രെഹ്‌റ്റിനു കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.

“ഉത്സാഹവും സാമർഥ്യവും ഇഴചേർന്ന പ്രവർത്തനമായിരുന്നു മൂർഷിനോവ്‌സ്‌കിയുടേത്‌. എങ്കിലും അദ്ദേഹം ആത്മപ്രശംസ നടത്തുകയോ ഒരു പ്രമുഖ സ്ഥാനം കാംക്ഷിക്കുകയോ പരിഭാഷയുടെ ആമുഖ പേജിൽ തന്റെ പേര്‌ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുകയോ ചെയ്‌തില്ല” എന്ന്‌ പോളീഷ്‌ഭാഷാബൈബിൾ എന്ന തന്റെ ഗ്രന്ഥത്തിൽ മാരിയ കോസോവ്‌സ്‌കാ എഴുതുന്നു. സ്വന്തം പ്രാപ്‌തി സംബന്ധിച്ച്‌ ഈ ചെറുപ്പക്കാരൻ പറയുന്നതു ശ്രദ്ധിക്കുക: “ലാറ്റിനിലാണോ പോളീഷിലാണോ ഞാൻ ഏറെ മോശമായി എഴുതുന്നതെന്ന്‌ എനിക്കറിയില്ല.” അത്തരം ആകുലതകളിന്മധ്യേയും ദൈവവചനം പോളീഷ്‌ ജനതയ്‌ക്കു ലഭ്യമാക്കുന്നതിൽ മൂർഷിനോവ്‌സ്‌കി നിർണായക പങ്കുവഹിച്ചു. പോളണ്ടിനുള്ള “അതിമഹത്തായ സമ്മാനം” എന്നാണ്‌ അദ്ദേഹത്തിന്റെ സഹകാരിയായ സെക്‌ലൂറ്റ്‌സ്യാൻ ആ പരിഭാഷയെ വിശേഷിപ്പിച്ചത്‌.

അതിമഹത്തായ സമ്മാനങ്ങളിലൊന്ന്‌

ആ പ്രഥമ പോളീഷ്‌ പരിഭാഷയ്‌ക്കുശേഷം പല പരിഭാഷകളും രംഗപ്രവേശം ചെയ്‌തു. 1994-ൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും 1997-ൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പും പോളീഷിൽ പ്രസിദ്ധീകരിച്ചു. മറ്റുള്ളവരുടെ പ്രശംസാപാത്രങ്ങളാകാൻ ആഗ്രഹിക്കാത്ത അതിന്റെ പരിഭാഷകർ, ഇന്നത്തെ സാധാരണക്കാരന്റെ—16-ാം നൂറ്റാണ്ടിലെയല്ല—ഭാഷയോട്‌ അടുത്തുനിൽക്കുന്ന വിധത്തിലും കൃത്യതയോടും കൂടെ ദൈവവചനത്തിന്റെ മൊഴിമാറ്റം നിർവഹിക്കാൻ പരിശ്രമിച്ചു.

ബൈബിൾ ഇന്നു ഭാഗികമായോ പൂർണമായോ ഉദ്ദേശം 2,400 ഭാഷകളിൽ ലഭ്യമാണ്‌. ദൈവവചനത്തിന്റെ കൃത്യമായ ഒരു പരിഭാഷ നിങ്ങളുടെ സ്വന്തം ഭാഷയിലുണ്ടെങ്കിൽ ലഭിക്കാവുന്നതിലേക്കും മഹത്തായ സമ്മാനങ്ങളിലൊന്നാണ്‌ അതെന്ന്‌ ഓർക്കുക, നിങ്ങളെ വഴിനയിക്കാൻ യഹോവ പ്രദാനംചെയ്‌തിരിക്കുന്ന സമ്മാനം.—2 തിമൊഥെയൊസ്‌ 3:14-17.

[20-ാം പേജിലെ ചിത്രം]

“പുതിയ നിയമം” പോളീഷിലേക്കു പരിഭാഷപ്പെടുത്തിയ സ്റ്റാനിസ്‌ലോ മൂർഷിനോവ്‌സ്‌കിയുടെ സ്‌മാരകശില

[21-ാം പേജിലെ ചിത്രം]

സ്റ്റാനിസ്‌ലോ മൂർഷിനോവ്‌സ്‌കി പരിഭാഷപ്പെടുത്തിയ മത്തായിയുടെ സുവിശേഷത്തിന്റെ 3-ാം അധ്യായം

[കടപ്പാട്‌]

Dziȩki uprzejmości Towarzystwa Naukowego Plockiego