വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിസ്‌മയാവഹമായ രൂപകൽപ്പന, വിദഗ്‌ധനായ രൂപരചയിതാവ്‌

വിസ്‌മയാവഹമായ രൂപകൽപ്പന, വിദഗ്‌ധനായ രൂപരചയിതാവ്‌

വിസ്‌മയാവഹമായ രൂപകൽപ്പന, വിദഗ്‌ധനായ രൂപരചയിതാവ്‌

ഇറ്റാലിയൻ ചിത്രകാരനും ശിൽപ്പിയുമായ മൈക്കലാഞ്ചലോയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. അദ്ദേഹത്തിന്റെ ഉത്‌കൃഷ്ട സൃഷ്ടികളിൽ ഒന്നുപോലും നിങ്ങൾ നേരിൽക്കണ്ടിട്ടില്ലായിരിക്കാം. എങ്കിലും ഈ പ്രതിഭയെ “അഗ്രഗണ്യനും അദ്വിതീയനുമായ കലാകാരൻ” എന്നു വിശേഷിപ്പിച്ച കലാചരിത്രകാരനോടു നിങ്ങൾ യോജിക്കാൻ സർവസാധ്യതയുമുണ്ട്‌. മൈക്കലാഞ്ചലോയുടെ കഴിവുകളെ ആർക്കാണു നിഷേധിക്കാനാകുക? ആരെങ്കിലും മൈക്കലാഞ്ചലോയുടെ കലയെ അങ്ങേയറ്റം വിലമതിക്കുകയും എന്നാൽ കഴിവുറ്റ ഒരു കലാകാരൻ എന്നനിലയിൽ അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുമോ?

നമുക്കു ചുറ്റും കാണുന്ന ജീവരൂപങ്ങളുടെ അമ്പരപ്പിക്കുന്ന വൈവിധ്യത്തെയും സങ്കീർണതയെയും കുറിച്ചു ചിന്തിക്കുക. ഒരു ജീവശാസ്‌ത്ര പ്രൊഫസർ ഇപ്രകാരം പ്രസ്‌താവിച്ചതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ പറയുകയുണ്ടായി: “ജീവശാസ്‌ത്രത്തിന്റെ എല്ലാ മേഖലകളിലും രൂപകൽപ്പനയുടെ തെളിവ്‌ ദൃശ്യമാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ജീവികളിലെ രൂപകൽപ്പന ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.” രൂപരചയിതാവിനെ അംഗീകരിക്കാതെ രൂപകൽപ്പനയെ പ്രശംസിക്കുന്നത്‌ യുക്തിക്കു നിരക്കുന്നതാണോ?

ചുറ്റുമുള്ള കാര്യങ്ങളെ നന്നായി നിരീക്ഷിച്ചിരുന്ന അപ്പൊസ്‌തലനായ പൗലൊസ്‌ “സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ച”വരെക്കുറിച്ചു സംസാരിക്കുകയുണ്ടായി. (റോമർ 1:25) പരക്കെയുള്ള പരിണാമ വിശ്വാസത്തിന്റെ സ്വാധീനഫലമായി, രൂപകൽപ്പനയ്‌ക്കു പിന്നിൽ ഒരു രൂപരചയിതാവുണ്ടെന്ന സത്യം അംഗീകരിക്കാൻ ചിലർ പരാജയപ്പെടുകയോ ആ ആശയത്തെ നിരാകരിക്കുകയോ ചെയ്യുന്നു. എന്നാൽ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും പരിണാമത്തിന്‌ ശാസ്‌ത്രീയ വസ്‌തുതകൾക്ക്‌ ഒപ്പമെത്താൻ കഴിയുന്നുണ്ടോ? വിയന്നയിലെ കാത്തലിക്‌ ആർച്ചുബിഷപ്പായ ക്രിസ്റ്റഫ്‌ ഷോൺബോണിനെ ഉദ്ധരിച്ചുകൊണ്ട്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ പ്രസ്‌താവിച്ചത്‌ എന്താണെന്നു ശ്രദ്ധിക്കുക: “ജീവശാസ്‌ത്രത്തിലെ രൂപകൽപ്പനയുടെ അതിശക്തമായ തെളിവ്‌ നിഷേധിക്കുകയോ അതിനെ ലാഘവത്തോടെ കാണുകയോ ചെയ്യുന്ന ഏതൊരു സിദ്ധാന്തവും വെറുമൊരു സിദ്ധാന്തം മാത്രമാണ്‌, ശാസ്‌ത്രമല്ല.”

ശാസ്‌ത്രം വഴിമുട്ടുമോ?

ഒരു സ്രഷ്ടാവുണ്ടെന്നതിന്റെ തെളിവ്‌ അംഗീകരിക്കുന്നത്‌ “ഗവേഷണം വഴിമുട്ടിക്കു”മെന്നു കരുതുന്നവരുണ്ട്‌. ന്യൂ സയന്റിസ്റ്റ്‌ മാസികയിലെ ഒരു ലേഖനത്തിൽ അങ്ങനെയുള്ള ആശങ്കകൾ കാണാം. “‘എല്ലാം രൂപസംവിധായകന്റെ കരവേലയാണ്‌’ എന്ന പ്രസ്‌താവന അനന്ത സാധ്യതകളുള്ള ശാസ്‌ത്രത്തിന്റെ വാതായനം കൊട്ടിയടയ്‌ക്കും” എന്ന്‌ ആ ലേഖനം അടിവരയിട്ടു പറയുകയുണ്ടായി. അത്തരം ആശങ്കയിൽ കഴമ്പുണ്ടോ? ഒരിക്കലുമില്ല. സത്യാവസ്ഥ നേരെ തിരിച്ചാണ്‌. എന്തുകൊണ്ട്‌?

പ്രപഞ്ചവും ഭൂമിയിലെ ജീവജാലവും ഉണ്ടായത്‌ യാദൃച്ഛികതയുടെയും അതേത്തുടർന്നുള്ള പരിണാമത്തിന്റെയും ഫലമായാണെന്നു വിശ്വസിക്കുന്നത്‌ അർഥവത്തായ ഒരു വിശദീകരണത്തിനുള്ള ഏതൊരു ശ്രമത്തെയും തിരസ്‌കരിക്കുന്നതിനു തുല്യമാണ്‌. നേരെമറിച്ച്‌, നമുക്കു ചുറ്റും കാണുന്ന സകലതിനും പിന്നിൽ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവുണ്ടെന്നു അംഗീകരിക്കുന്നത്‌, ആ ബുദ്ധിശക്തി എങ്ങനെയുള്ളതാണെന്നും ഏതെല്ലാം വിധത്തിലാണ്‌ അതു ഭൗതിക പ്രപഞ്ചത്തിൽ പ്രകടമായിരിക്കുന്നത്‌ എന്നും ആരാഞ്ഞറിയാൻ നമ്മെ പ്രേരിപ്പിക്കും. ഇതേക്കുറിച്ചു ചിന്തിക്കുക: ലിയൊണാർഡോ ഡാവിഞ്ചിയാണ്‌ “മോണോലിസ” വരച്ചത്‌ എന്ന അറിവ്‌, അദ്ദേഹത്തിന്റെ വിദ്യകളെയും ഉപയോഗിച്ച വസ്‌തുക്കളെയും കുറിച്ച്‌ അന്വേഷണം നടത്തുന്നതിൽനിന്ന്‌ കലാചരിത്രകാരന്മാരെ പിന്തിരിപ്പിച്ചിട്ടില്ല. സമാനമായി, ഒരു രൂപരചയിതാവുണ്ട്‌ എന്ന്‌ അംഗീകരിക്കുന്നത്‌ രൂപസംവിധാനത്തിന്റെയും സൃഷ്ടികളുടെയും സങ്കീർണതയെയും അവയുടെ വിശദാംശങ്ങളെയും കുറിച്ച്‌ അന്വേഷണം നടത്തുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കില്ല.

ബൈബിൾ മുന്നോട്ടുള്ള അന്വേഷണം വഴിമുട്ടിക്കുകയല്ല, മറിച്ച്‌ ശാസ്‌ത്രീയവും ആത്മീയവുമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഗവേഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്‌. അതിവിദഗ്‌ധമായി നിർമിക്കപ്പെട്ടിരിക്കുന്ന തന്റെ ശരീരത്തെക്കുറിച്ച്‌ പുരാതന കാലത്തെ ദാവീദ്‌ രാജാവ്‌ ചിന്തിക്കുകയുണ്ടായി. തത്‌ഫലമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.’ (സങ്കീർത്തനം 139:14) പൂർവപിതാവായ ഇയ്യോബിനോട്‌ സ്രഷ്ടാവ്‌ ഇപ്രകാരം ചോദിക്കുന്നതായി ബൈബിൾ പറയുന്നു: “ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?” (ഇയ്യോബ്‌ 38:18) അന്വേഷണത്തിനും ഗവേഷണത്തിനും കൂച്ചുവിലങ്ങിടുന്നതായി സൂചിപ്പിക്കുന്ന യാതൊന്നും ഈ ചോദ്യത്തിലില്ല. മറിച്ച്‌, തന്റെ കരവേലകളെക്കുറിച്ചു പഠിക്കാൻ വലിയ രൂപരചയിതാവ്‌ ക്ഷണിക്കുകയാണു ചെയ്യുന്നത്‌. ചുറ്റുമുള്ള സൃഷ്ടികൾക്കു കാരണക്കാരനായവനെക്കുറിച്ചുള്ള അറിവു വർധിപ്പിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന, യെശയ്യാ പ്രവാചകന്റെ പിൻവരുന്ന വാക്കുകളെക്കുറിച്ചും ചിന്തിക്കുക: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ?” തുടർന്ന്‌ ഐൻസ്റ്റീന്റെ E=mc2 എന്ന പ്രശസ്‌തമായ സമവാക്യത്തിനു ചേർച്ചയിലുള്ള ഒരു വസ്‌തുത യെശയ്യാവു 40:26 പ്രസ്‌താവിക്കുന്നു. ഗതികോർജത്തിന്റെയും ശക്തിയുടെയും ഒരു ഉറവാണ്‌ പ്രപഞ്ചോത്‌പത്തിക്കു കാരണം.

സൃഷ്ടി സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം എല്ലായ്‌പോഴും ഉടനടി ലഭ്യമല്ലെന്നതു ശരിയാണ്‌. നമ്മുടെ ഗ്രഹണപ്രാപ്‌തി പരിമിതവും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള അറിവ്‌ അപൂർണവും ആണെന്നതാണ്‌ അതിന്റെ ഭാഗികമായ കാരണം. ഇയ്യോബ്‌ അതു മനസ്സിലാക്കിയിരുന്നു. ഭൂഗ്രഹത്തെ ശൂന്യാകാശത്തിൽ ദൃശ്യതാങ്ങില്ലാതെ സ്ഥാപിക്കുകയും ഭൂമിക്കുമീതെ മഴമേഘങ്ങളെ നിലനിറുത്തുകയും ചെയ്യുന്ന സ്രഷ്ടാവിനെ അദ്ദേഹം പുകഴ്‌ത്തി. (ഇയ്യോബ്‌ 26:7-9) അത്തരം അത്ഭുതങ്ങൾ പക്ഷേ, ദൈവത്തിന്റെ ‘വഴികളുടെ അറ്റങ്ങൾ’ മാത്രമാണെന്ന്‌ ഇയ്യോബ്‌ മനസ്സിലാക്കി. (ഇയ്യോബ്‌ 26:14) തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ ഇയ്യോബ്‌ ആഗ്രഹിച്ചു എന്നതിനു സംശയമില്ല. സ്വന്തം പരിമിതികളെക്കുറിച്ച്‌ ദാവീദും തിരിച്ചറിഞ്ഞു. അവൻ ഇങ്ങനെ എഴുതി: “ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.”—സങ്കീർത്തനം 139:6.

ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വം അംഗീകരിക്കുന്നത്‌ ശാസ്‌ത്രീയ പുരോഗതിക്കു വിലങ്ങുതടിയാവില്ല. നമുക്കായി അനന്ത സാധ്യതകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ സംബന്ധിച്ചുള്ള ഏറെ തികവാർന്ന അറിവിന്റെ വാതായനങ്ങൾ തുറന്നുതന്നെ കിടക്കുകയാണ്‌. ജ്ഞാനത്തിനു പേരുകേട്ട പുരാതന കാലത്തെ ഒരു രാജാവ്‌ താഴ്‌മയോടെ ഇപ്രകാരം എഴുതി: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”—സഭാപ്രസംഗി 3:11.

‘വിടവു നികത്താനുള്ള ദൈവമോ?’

തെളിയിക്കാവുന്ന ശാസ്‌ത്രീയ വിശദീകരണം ഇല്ലാത്തപ്പോഴെല്ലാം “ഒരു പരിഹാരമെന്ന നിലയിൽ” ദൈവത്തെ തിരുകിക്കയറ്റുകയാണെന്നാണു ചിലരുടെ പക്ഷം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അത്തരമൊരു ദിവ്യ രൂപരചയിതാവ്‌ ശാസ്‌ത്രീയവും യുക്തിസഹവുമായ വിശദീകരണം ഇല്ലാത്തപ്പോഴെല്ലാം മനുഷ്യൻ കണ്ടെത്തുന്ന ഒരു സാങ്കൽപ്പിക കഥാപാത്രം, “വിടവു നികത്താനുള്ള ദൈവം,” ആയിത്തീരുന്നു എന്നാണ്‌ അത്തരക്കാർ പറയുന്നത്‌. എന്നാൽ എന്താണീ വിടവുകൾ? നമ്മുടെ അറിവിന്റെ കാര്യത്തിലുള്ള നിസ്സാരവും അപ്രസക്തവുമായ വിടവുകളാണോ? അല്ല. ഡാർവിന്റെ പരിണാമവാദത്തിലുള്ള വിശ്വാസ്യത സംബന്ധിച്ചു നിലനിൽക്കുന്ന വലിയ ഗർത്തങ്ങളാണവ, പരിണാമ സിദ്ധാന്തത്തിനു വിശദീകരിക്കാൻ കഴിയാത്തതായി ജീവശാസ്‌ത്രത്തിലുള്ള അടിസ്ഥാനപരമായ വിടവുകൾ. തുറന്നുപറഞ്ഞാൽ, തെളിവിന്റെ പിന്തുണയില്ലാത്ത അവകാശവാദങ്ങളിൽ വിശ്വസിക്കുന്ന പരിണാമവാദികൾ, ശാസ്‌ത്രത്തിനു തെളിയിക്കാൻ കഴിയാത്ത വിടവുകൾ നികത്താൻ ഡാർവിന്റെ സിദ്ധാന്തത്തെ “വിടവു നികത്താനുള്ള ദൈവ”മെന്ന നിലയിൽ ഫലകരമായി ഉപയോഗിക്കുകയാണ്‌.

ബൈബിളിൽ പറഞ്ഞിരിക്കുന്ന സ്രഷ്ടാവ്‌ “വിടവു നികത്താനുള്ള ദൈവ”മല്ല. സൃഷ്ടിയുടെ എല്ലാ ഘട്ടങ്ങളും വശങ്ങളും വിശദാംശങ്ങളും സഹിതമുള്ളതാണ്‌ അവന്റെ പ്രവർത്തനം. പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ യഹോവയുടെ സമസ്‌തതലസ്‌പർശിയായ സൃഷ്ടിപ്രവർത്തനത്തിനു സങ്കീർത്തനക്കാരൻ അടിവരയിട്ടു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.” (സങ്കീർത്തനം 36:9) “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ”വൻ എന്നു ബൈബിൾ അവനെ വർണിക്കുന്നു. (പ്രവൃത്തികൾ 4:24; 14:15; 17:24) “സകലവും സൃഷ്ടിച്ച ദൈവ”മെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ഒരു ഉപദേഷ്ടാവ്‌ എഴുതിയത്‌ നല്ല കാരണത്തോടെയാണ്‌.—എഫെസ്യർ 3:9.

കൂടാതെ, ‘ആകാശത്തിലെ നിയമങ്ങളും’ ദ്രവ്യത്തെയും ഊർജത്തെയും ഭരിക്കുന്ന ഭൗതിക നിയമങ്ങളും ദൈവം സ്ഥാപിച്ചിരിക്കുന്നു. (ഇയ്യോബ്‌ 38:33) ശാസ്‌ത്രജ്ഞർ ഇപ്പോഴും ഈ നിയമങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്‌. അവന്റെ രൂപരചനാവൈഭവം തികവാർന്നതും ഉദ്ദേശ്യപൂർണവുമാണ്‌, വിസ്‌മയകരമാംവിധം വൈവിധ്യമാർന്ന ജീവജാലങ്ങളെക്കൊണ്ട്‌ ഈ ഭൂമി നിറയണമെന്ന അവന്റെ ലക്ഷ്യം കൈവരിക്കാൻ ഉതകുന്നതുതന്നെ.

രൂപകൽപ്പനയും സാമാന്യബോധവും

അവസാനമായി, സാമാന്യബോധത്തെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പലതരം ശാസ്‌ത്രീയ സിദ്ധാന്തങ്ങളുടെ സാധുതയെക്കുറിച്ച്‌ പൊതുവേ അഭിപ്രായപ്പെടവേ ശാസ്‌ത്ര ലേഖകനായ ജോൺ ഹോർഗൻ ഇങ്ങനെ പറഞ്ഞു: “തെളിവു സംബന്ധിച്ച അനിശ്ചിതത്ത്വമുള്ളപ്പോൾ, മാർഗനിർദേശത്തിനായി സാമാന്യബോധം ഉപയോഗിക്കാൻ നാം മടിക്കരുത്‌.”

യാദൃച്ഛികതയിലൂടെയോ അജ്ഞാത ശക്തികളുടെ ഫലമായിട്ടോ ആണ്‌ ജീവൻ ഉളവായത്‌ എന്ന അവകാശവാദം യഥാർഥത്തിൽ യുക്തിക്കു നിരക്കുന്നതാണോ? പരിണാമ സിദ്ധാന്തത്തിനു പ്രചാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും ശാസ്‌ത്രജ്ഞർ ഉൾപ്പെടെയുള്ള നിരവധി ബുദ്ധിജീവികൾക്ക്‌ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പൊതുജനത്തിൽ “ഭൂരിപക്ഷവും ജീവൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണെന്നാണു ന്യായയുക്തമായും വിശ്വസിക്കുന്നത്‌” എന്ന്‌ ഒരു ശാസ്‌ത്ര പ്രൊഫസർ അഭിപ്രായപ്പെടുകയുണ്ടായി. എന്തുകൊണ്ട്‌? അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന പ്രസ്‌താവനയോടു മിക്കവരും യോജിക്കുകതന്നെ ചെയ്യും: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം.” (എബ്രായർ 3:4) തുടർന്ന്‌ പൗലൊസ്‌ യുക്തിസഹമായ ഒരു നിഗമനത്തിലെത്തുന്നു: “സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” ബൈബിളിന്റെ വീക്ഷണത്തിൽ, ഒരു ഭവനത്തിന്‌ രൂപസംവിധായകനും നിർമാതാവും ഉണ്ടെന്ന്‌ അംഗീകരിക്കുകയും അതേസമയം അതിസങ്കീർണമായ ഒരു കോശം യാദൃച്ഛികമായി ഉളവായതാണെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നതു സാമാന്യബോധത്തിനു നിരക്കുന്നതല്ല.

ഒരു രൂപസംവിധായകന്റെയും സ്രഷ്ടാവിന്റെയും അസ്‌തിത്വം നിരാകരിക്കുന്ന ഒരുവനെക്കുറിച്ച്‌ ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” (സങ്കീർത്തനം 14:1) ദൈവമുണ്ടെന്ന്‌ ഇനിയും ബോധ്യംവരാത്തവരെ സങ്കീർത്തനക്കാരൻ ശാസിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. വസ്‌തുതകളായിരിക്കില്ല, വ്യക്തിപരമായ അഭിപ്രായങ്ങളായിരിക്കാം അങ്ങനെയുള്ളവരെ നയിക്കുന്നത്‌. എന്നാൽ ജ്ഞാനവും വിവേകവുമുള്ള വ്യക്തി ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വം താഴ്‌മയോടെ അംഗീകരിക്കും.—യെശയ്യാവു 45:18.

ചിന്തിക്കുന്ന പലർക്കും, ശ്രേഷ്‌ഠനായ ഒരു രൂപസംവിധായകന്റെ അസ്‌തിത്വത്തെ പിന്തുണയ്‌ക്കുന്ന തെളിവുകൾ സംബന്ധിച്ച്‌ യാതൊരു സംശയവുമില്ല.

നിങ്ങൾക്ക്‌ ആ രൂപസംവിധായകനെ അറിയാനാകും

നാമെല്ലാം രൂപസംവിധാനത്തിന്റെ ഫലമാണെങ്കിൽ, അത്‌ എന്തിനുവേണ്ടിയായിരുന്നു? നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? അത്തരം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്‌ത്രത്തിന്‌ ഒറ്റയ്‌ക്കു കഴിയില്ല. അടിസ്ഥാനപരമായ ഈ ചോദ്യങ്ങൾക്ക്‌ ബോധ്യംവരുത്തുന്നതും സംതൃപ്‌തികരവുമായ ഉത്തരം ആവശ്യമാണ്‌. ഇക്കാര്യത്തിൽ ബൈബിൾ വലിയൊരു സഹായമാണ്‌. അത്‌ യഹോവയെ സ്രഷ്ടാവായി മാത്രമല്ല ഉദ്ദേശ്യമുള്ള ഒരുവനായി, അതായത്‌ ഈടുറ്റ കാരണങ്ങളോടെമാത്രം കാര്യങ്ങൾ ചെയ്യുന്നവനായി തിരിച്ചറിയിക്കുന്നു. തിരുവെഴുത്തുകൾ മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം വെളിപ്പെടുത്തുകയും നമുക്കൊരു ഭാവിപ്രത്യാശ നൽകുകയും ചെയ്യുന്നു.

എന്നാൽ, ആരാണ്‌ യഹോവ? അവൻ ഏതുതരം ദൈവമാണ്‌? അതിവിദഗ്‌ധനായ ആ രൂപസംവിധായകനെ ഒരു വ്യക്തിയെന്ന നിലയിൽ അടുത്തറിയാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്‌. അവന്റെ നാമത്തെയും ഗുണങ്ങളെയും മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളെയും കുറിച്ച്‌ നിങ്ങൾക്കു പഠിക്കാനാകും. നാം ആ മഹദ്‌വ്യക്തിയുടെ ശ്രേഷ്‌ഠമായ രൂപസംവിധാനത്തെ ആഴമായി വിലമതിക്കുക മാത്രമല്ല, രൂപസംവിധായകനെന്ന നിലയിൽ അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ കാരണം ദൈവവചനമായ ബൈബിളിന്റെ സഹായത്താൽ നിങ്ങൾ മനസ്സിലാക്കും.—സങ്കീർത്തനം 86:12; വെളിപ്പാടു 4:11.

[4-ാം പേജിലെ ചിത്രം]

മൈക്കലാഞ്ചലോ

[5-ാം പേജിലെ ചിത്രങ്ങൾ]

ഒരു രൂപസംവിധായകനിലുള്ള വിശ്വാസം യഥാർഥ ശാസ്‌ത്രവുമായി യോജിപ്പിലാണ്‌

[6-ാം പേജിലെ ചിത്രം]

വൈവിധ്യവും അനുകൂലനവും വിദഗ്‌ധ രൂപകൽപ്പനയ്‌ക്കു തെളിവാണ്‌

[7-ാം പേജിലെ ചിത്രങ്ങൾ]

രൂപരചയിതാവിനെ കൂടാതെ രൂപസംവിധാനമില്ല