വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക

മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക

മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക

“നിങ്ങൾ ചെയ്യുന്നതെല്ലാം സ്‌നേഹത്തിൽ ചെയ്‌വിൻ.”—1 കൊരിന്ത്യർ 16:14.

1. ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കൾക്ക്‌ ഉണ്ടായേക്കാവുന്ന വികാരവിചാരങ്ങൾ എന്തൊക്കെയാണ്‌?

ജീവിതത്തിലെ ഏറ്റവും ധന്യമായ അവസരങ്ങളിൽ ഒന്നാണ്‌ ഒരു കുഞ്ഞിന്റെ ജനനം. “എന്റെ കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോൾ ഞാൻ ശരിക്കും ഉത്സാഹഭരിതയായി, എന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു,” ആലിയാ പറയുന്നു. “ഞാൻ കണ്ടിട്ടുള്ളതിലേക്കും ചന്തമുള്ള കുഞ്ഞ്‌ അവളാണെന്ന്‌ എനിക്കു തോന്നി.” എന്നിരുന്നാലും ഇത്തരം സന്തോഷവേളകൾപോലും മാതാപിതാക്കളെ ചിലപ്പോൾ ഉത്‌കണ്‌ഠാകുലരാക്കിയേക്കാം. ആലിയായുടെ ഭർത്താവ്‌ പറയുന്നു: “ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ നേരിടാനാകുംവിധം മകളെ നന്നായി പരിശീലിപ്പിക്കാനാകുമോ എന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സുനിറയെ.” മിക്ക മാതാപിതാക്കളെയും ഇത്തരം ചിന്തകൾ അലട്ടുന്നുണ്ട്‌, കൂടാതെ മക്കളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യം അവർ തിരിച്ചറിയുകയും ചെയ്യുന്നു. എന്നിരുന്നാലും കുട്ടികൾക്കു സ്‌നേഹപൂർവം നല്ല പരിശീലനം കൊടുക്കണമെന്നു ചിന്തിക്കുന്ന ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടിവരും. അവയിൽ ചിലത്‌ ഏതൊക്കെയാണ്‌?

2. മാതാപിതാക്കൾ എന്തു വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു?

2 അന്ത്യകാലത്തിന്റെ ഏറ്റവും അവസാന നാളുകളിലാണു നാമിന്നു ജീവിക്കുന്നത്‌. പ്രവചിക്കപ്പെട്ടതുപോലെ സ്‌നേഹരാഹിത്യം ഇന്നത്തെ സമൂഹത്തിൽ പ്രബലമായിരിക്കുകയാണ്‌. ആളുകൾ ‘വാത്സല്യമില്ലാത്തവരും നന്ദികെട്ടവരും അശുദ്ധരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും’ ആയിത്തീർന്നിരിക്കുന്നു, കുടുംബങ്ങൾക്കുള്ളിൽപ്പോലും സ്ഥിതി വ്യത്യസ്‌തമല്ല. (2 തിമൊഥെയൊസ്‌ 3:1-5) ഇത്തരം സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കുന്നവരുമായുള്ള അനുദിന സമ്പർക്കം ക്രിസ്‌തീയ കുടുംബാംഗങ്ങൾക്കിടയിലുള്ള പരസ്‌പര ബന്ധത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല, മാതാപിതാക്കൾക്ക്‌ സ്വന്തം അപൂർണതയുമായി പോരാടേണ്ടതുമുണ്ട്‌; ആത്മനിയന്ത്രണം പാലിക്കുന്നതും ചിന്താശൂന്യമായി സംസാരിക്കാതിരിക്കുന്നതും അതുപോലെ മറ്റു കാര്യങ്ങളിൽ നല്ല വിവേചന പ്രകടമാക്കുന്നതുമെല്ലാം അവർക്ക്‌ വെല്ലുവിളി ആയിരുന്നേക്കാം.—റോമർ 3:23; യാക്കോബ്‌ 3:2, 8, 9.

3. മാതാപിതാക്കൾക്കു കുട്ടികളെ സന്തോഷമുള്ളവരായി എങ്ങനെ വളർത്താനാകും?

3 ഇത്തരം വെല്ലുവിളികളൊക്കെ ഉണ്ടെങ്കിലും ദൈവസ്‌നേഹമുള്ള, സന്തോഷമുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്കാകും. എങ്ങനെയെന്നല്ലേ? “നിങ്ങൾ ചെയ്യുന്നതെല്ലാം സ്‌നേഹത്തിൽ ചെയ്‌വിൻ” എന്ന ബൈബിൾ ഉപദേശം ബാധകമാക്കിക്കൊണ്ട്‌. (1 കൊരിന്ത്യർ 16:14) തീർച്ചയായും, സ്‌നേഹം “ഐക്യത്തിന്റെ തികവുറ്റ ബന്ധമാണ്‌.” (കൊലൊസ്സ്യർ 3:14, NW) കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ വിവരിച്ച സ്‌നേഹത്തിന്റെ മൂന്നു വ്യത്യസ്‌ത മുഖങ്ങളെക്കുറിച്ചു നമുക്കു പരിശോധിക്കാം. കൂടാതെ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ സ്‌നേഹം കാണിക്കാനാകുന്ന ചില വഴികളെക്കുറിച്ചും ചർച്ച ചെയ്യാം.—1 കൊരിന്ത്യർ 13:4-8.

ദീർഘക്ഷമ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം

4. മാതാപിതാക്കൾ ദീർഘക്ഷമ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 പൗലൊസ്‌ എഴുതി: ‘സ്‌നേഹം ദീർഘക്ഷമയുള്ളതാകുന്നു.’ (1 കൊരിന്ത്യർ 13:4) ‘ദീർഘക്ഷമ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദപ്രയോഗത്തിന്റെ അക്ഷരാർഥം കോപത്തിനു താമസം എന്നാണ്‌. മാതാപിതാക്കൾ ദീർഘക്ഷമ കാണിക്കേണ്ടതിന്റെ കാരണമെന്താണ്‌? പല കാരണങ്ങളെക്കുറിച്ചും മിക്ക മാതാപിതാക്കൾക്കും ചിന്തിക്കാനാകും. ചില ഉദാഹരണങ്ങൾ നോക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനുവേണ്ടി കുട്ടികൾ വാശിപിടിച്ചേക്കാം. ‘പറ്റില്ല’ എന്നു കർശനമായി പറഞ്ഞാൽക്കൂടി അവർ വീണ്ടും വീണ്ടും അതിനുവേണ്ടി ചോദിച്ചെന്നു വരാം. ഭോഷത്വമെന്നു മാതാപിതാക്കൾക്കു നിശ്ചയമുള്ള പല കാര്യങ്ങൾക്കുവേണ്ടിയും കൗമാരക്കാരായ കുട്ടികൾ മണിക്കൂറുകളോളം വാദിച്ചേക്കാം. (സദൃശവാക്യങ്ങൾ 22:15) കൂടാതെ, എല്ലാവരെയുംപോലെ കുട്ടികളും ചില തെറ്റുകൾ ആവർത്തിക്കാൻ ചായ്‌വുള്ളവരാണ്‌.—സങ്കീർത്തനം 130:3.

5. ദീർഘക്ഷമ പ്രകടമാക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതെന്ത്‌?

5 കുട്ടികളോടു ദീർഘക്ഷമ കാണിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതെന്താണ്‌? ശലോമോൻ രാജാവ്‌ എഴുതി: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു.” (സദൃശവാക്യങ്ങൾ 19:11) ഒരിക്കൽ തങ്ങളും ‘ശിശുക്കളെപ്പോലെ സംസാരിച്ചു, ശിശുക്കളെപ്പോലെ ചിന്തിച്ചു, ശിശുക്കളെപ്പോലെ നിരൂപിച്ചു’ എന്നോർത്താൽ കുട്ടികൾ ചിന്തിക്കുന്നതെന്താണെന്ന്‌ മാതാപിതാക്കൾക്കു തിരിച്ചറിയാനാകും. (1 കൊരിന്ത്യർ 13:11) നിങ്ങളുടെ അച്ഛനെയോ അമ്മയെയോ ഓരോ ആവശ്യങ്ങൾ പറഞ്ഞു ശല്യം ചെയ്‌തിട്ടുള്ള ചില സന്ദർഭങ്ങൾ നിങ്ങൾക്ക്‌ ഓർക്കാനാകുമോ? കൗമാരത്തിലൂടെ കടന്നുപോയപ്പോൾ, നിങ്ങളുടെ വികാരങ്ങളും പ്രശ്‌നങ്ങളും മാതാപിതാക്കൾക്കു മനസ്സിലാകുന്നില്ലെന്നു നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ കുട്ടികളുടെ മനസ്സറിയാൻ എളുപ്പമായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ചു ക്ഷമയോടെ നിരന്തരം ഓർമിപ്പിക്കേണ്ടത്‌ എന്തുകൊണ്ടാണെന്നും നിങ്ങൾക്കു മനസ്സിലാകും. (കൊലൊസ്സ്യർ 4:6) തന്റെ നിയമങ്ങളെക്കുറിച്ചു കുട്ടികളെ ‘ഉപദേശിക്കണമെന്ന്‌’ ഇസ്രായേല്യ മാതാപിതാക്കളോടു യഹോവ പറഞ്ഞു. (ആവർത്തനപുസ്‌തകം 6:6, 7) ‘ഉപദേശിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം “ആവർത്തിക്കുക,” “വീണ്ടും വീണ്ടും പറയുക,” “ബോധ്യപ്പെടുത്തുക” എന്നൊക്കെയാണ്‌. ദൈവനിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരു കുട്ടി മനസ്സിലാക്കണമെങ്കിൽ അതവനോടു പലയാവർത്തി പറയേണ്ടിവന്നേക്കാമെന്ന്‌ ഇതു കാണിക്കുന്നു. അതുപോലെതന്നെ മറ്റു പല കാര്യങ്ങളും ആവർത്തിച്ച്‌ പറഞ്ഞുകൊടുക്കേണ്ടതായുണ്ട്‌.

6. ദീർഘക്ഷമ കാണിക്കുന്ന മാതാപിതാക്കൾ അനുവാദാത്മക മനോഭാവം കാണിക്കുന്നു എന്നു പറയാനാവാത്തത്‌ എന്തുകൊണ്ട്‌?

6 മാതാവോ പിതാവോ ദീർഘക്ഷമ കാണിക്കണം എന്നു പറയുമ്പോൾ അതിനർഥം അവർ അനുവാദാത്മക മനോഭാവം കാണിക്കണമെന്നല്ല. ദൈവവചനം മുന്നറിയിപ്പു നൽകുന്നു: ‘തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്‌ക്കു ലജ്ജ വരുത്തുന്നു.’ ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ എന്തു ചെയ്യണമെന്നും സദൃശവാക്യങ്ങൾ പറയുന്നു: “വടിയും ശാസനയും ജ്ഞാനത്തെ നല്‌കുന്നു.” (സദൃശവാക്യങ്ങൾ 29:15) തങ്ങളെ തിരുത്താനുള്ള മാതാപിതാക്കളുടെ അധികാരത്തെ ചിലപ്പോൾ കുട്ടികൾ ചോദ്യം ചെയ്‌തേക്കാം. എന്നാൽ കുട്ടികൾക്ക്‌ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‌ അവരുടെ അനുവാദമൊന്നും മാതാപിതാക്കൾക്ക്‌ ആവശ്യമില്ല, കാരണം ജനാധിപത്യ വ്യവസ്ഥയല്ല ക്രിസ്‌തീയ കുടുംബങ്ങളെ നയിക്കുന്നത്‌. മറിച്ച്‌, കുടുംബത്തിന്റെ മഹാനാഥനായ യഹോവ, കുട്ടികളെ സ്‌നേഹപൂർവം പരിശീലിപ്പിക്കുന്നതിനും ശിക്ഷണം നൽകുന്നതിനുമുള്ള അധികാരം മാതാപിതാക്കൾക്കു കൊടുത്തിട്ടുണ്ട്‌. (1 കൊരിന്ത്യർ 11:3; എഫെസ്യർ 3:15; 6:1-4) വാസ്‌തവത്തിൽ പൗലൊസ്‌ പരാമർശിച്ച സ്‌നേഹത്തിന്റെ മറ്റൊരു സവിശേഷതയോടു ശിക്ഷണം അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.

സ്‌നേഹത്തിൽ ശിക്ഷണം നൽകുന്നതിന്റെ പ്രാധാന്യം

7. ദയയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു ശിക്ഷണം നൽകുന്നത്‌ എന്തുകൊണ്ട്‌, അതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

7 ‘സ്‌നേഹം ദയ കാണിക്കുന്നു’ എന്ന്‌ പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 13:4) യഥാർഥത്തിൽ ദയയുള്ള മാതാപിതാക്കൾ മക്കൾക്കു ശിക്ഷണം നൽകുന്നതിൽ ദൃഢതയുള്ളവരായിരിക്കും. അങ്ങനെ ചെയ്യുകവഴി അവർ യഹോവയെ അനുകരിക്കുകയാണു ചെയ്യുന്നത്‌. “കർത്താവ്‌ സ്‌നേഹിക്കുന്നവന്‌ ശിക്ഷണം നൽകുന്നു” (വിശുദ്ധ സത്യവേദപുസ്‌തകം, MMV) എന്നു പൗലൊസ്‌ എഴുതി. എന്നാൽ ശിക്ഷണം എന്നു ബൈബിൾ പരാമർശിക്കുമ്പോൾ കേവലം ശിക്ഷയെ അല്ല അർഥമാക്കുന്നതെന്ന്‌ ദയവായി മനസിൽ പിടിക്കുക. പരിശീലനവും പഠിപ്പിക്കലും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അത്തരമൊരു ശിക്ഷണത്തിന്റെ ഉദ്ദേശ്യമെന്താണ്‌? പൗലൊസ്‌ എഴുതുന്നു: “അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:6, 11) ദൈവേഷ്ടത്തിനു ചേർച്ചയിൽ മാതാപിതാക്കൾ കുട്ടികളെ ദയാപുരസ്സരം പഠിപ്പിക്കുമ്പോൾ, സമാധാനപ്രിയരായ നല്ല ആളുകൾ ആയിത്തീരാൻ അവരെ പരിശീലിപ്പിക്കുകയാണവർ. കുട്ടികൾ ‘യഹോവയുടെ ശിക്ഷണം’ സ്വീകരിക്കുമ്പോൾ അവർ ജ്ഞാനവും അറിവും വിവേകവും സമ്പാദിക്കും—സ്വർണത്തെക്കാളും വെള്ളിയെക്കാളും മൂല്യമേറിയ സമ്പാദ്യം.—സദൃശവാക്യങ്ങൾ 3:11-18, MMV.

8. കുട്ടികൾക്കു ശിക്ഷണം കൊടുക്കാൻ പരാജയപ്പെടുമ്പോൾ സാധാരണ എന്താണു സംഭവിക്കുന്നത്‌?

8 കുട്ടികൾക്കു തക്കതായ ശിക്ഷണം കൊടുക്കാൻ മാതാപിതാക്കൾ പരാജയപ്പെടുമ്പോൾ അതവരുടെ ഭാഗത്തെ ദയാരാഹിത്യത്തെയാണു കാണിക്കുന്നത്‌. “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്‌നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു (“ശിക്ഷണം നൽകുന്നു,” NW)” എന്ന്‌ എഴുതാൻ യഹോവ ശലോമോനെ നിശ്വസ്‌തനാക്കി. (സദൃശവാക്യങ്ങൾ 13:24) നല്ല ശിക്ഷണം ലഭിക്കാതെ വളരുന്ന കുട്ടികൾ സ്വാർഥരും അസന്തുഷ്ടരും ആയിരിക്കാനുള്ള സാധ്യത കൂടുതലാണ്‌. നേരെ മറിച്ച്‌ ദയയുള്ളവരെങ്കിലും അതിർവരമ്പുകൾ ലംഘിക്കാൻ കുട്ടികളെ അനുവദിക്കാത്ത മാതാപിതാക്കൾ, നന്നായി പഠിക്കുന്നവരും ഇടപഴകുന്നവരും സന്തോഷമുള്ളവരുമായിരിക്കാൻ കുട്ടികളെ സഹായിക്കുകയാണു ചെയ്യുന്നത്‌. അതുകൊണ്ട്‌ കുട്ടികൾക്ക്‌ ദയാപൂർവം ശിക്ഷണം നൽകുന്ന മാതാപിതാക്കൾ യഥാർഥത്തിൽ അവരെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്‌.

9. ക്രിസ്‌തീയ മാതാപിതാക്കൾ കുട്ടികളെ എന്താണു പഠിപ്പിക്കുന്നത്‌, കുട്ടികൾ അവയെ എങ്ങനെ വീക്ഷിക്കണം?

9 ദയയോടെയും സ്‌നേഹത്തോടെയും ശിക്ഷണം കൊടുക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? കുട്ടികളിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നതെന്ന്‌ മാതാപിതാക്കൾ വ്യക്തമായി അവർക്കു പറഞ്ഞുകൊടുക്കണം. ഉദാഹരണത്തിന്‌, ക്രിസ്‌തീയ മാതാപിതാക്കൾ കുട്ടികൾക്ക്‌ നന്നേ ചെറുപ്രായത്തിൽത്തന്നെ അടിസ്ഥാന ബൈബിൾ തത്ത്വങ്ങളും സത്യാരാധനയുടെ വിവിധ വശങ്ങളിൽ പങ്കുപറ്റേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞുകൊടുക്കുന്നു. (പുറപ്പാടു 20:12-17; മത്തായി 22:37-40; 28:19; എബ്രായർ 10:24, 25) ഇതൊക്കെയും ഓരോരുത്തരുടെയും സൗകര്യത്തിന്‌ അനുസരിച്ചു മാറ്റിമറിക്കാനാവാത്ത കാര്യങ്ങളാണെന്നു കുട്ടികൾ അറിഞ്ഞിരിക്കണം.

10, 11. നിയമങ്ങൾ വെക്കുമ്പോൾ കുട്ടികളുടെ താത്‌പര്യങ്ങൾ പരിഗണിക്കാവുന്നത്‌ എന്തുകൊണ്ട്‌?

10 എന്നിരുന്നാലും വീട്ടിൽ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഉണ്ടാക്കുമ്പോൾ മാതാപിതാക്കൾക്ക്‌ അക്കാര്യം കുട്ടികളുമായി ചർച്ച ചെയ്യാവുന്നതാണ്‌. അങ്ങനെ ചെയ്‌താൽ ആ നിയമങ്ങൾ അനുസരിക്കാൻ അവർ കൂടുതൽ ചായ്‌വുള്ളവരായിരിക്കും. ഉദാഹരണത്തിന്‌, കുട്ടികൾ വീട്ടിൽ മടങ്ങിയെത്തേണ്ടതിന്‌ ഒരു സമയം വെക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നു എന്നിരിക്കട്ടെ, ഒന്നുകിൽ അവർക്ക്‌ സ്വയം ഒരു സമയം നിശ്ചയിക്കാം. അതല്ലെങ്കിൽ ഒരു സമയം നിർദേശിക്കാനും അതിന്റെ കാരണം വിശദമാക്കാനും കുട്ടികളോട്‌ ആവശ്യപ്പെടാം. മാതാപിതാക്കൾക്ക്‌ അവർ പരിഗണിക്കുന്ന സമയവും അത്‌ ന്യായമായിരിക്കുന്നതിന്റെ കാരണവും വ്യക്തമാക്കാനാകും. അഭിപ്രായവ്യത്യാസം ഉടലെടുക്കുകയാണെങ്കിൽ—അതിനു സാധ്യതയുണ്ട്‌—എന്തു ചെയ്യും? ചില സാഹചര്യങ്ങളിൽ കുട്ടികളുടെ താത്‌പര്യത്തിന്‌ അനുസരിച്ചു സമയം നിശ്ചയിക്കാൻ മാതാപിതാക്കൾക്കാകും, ബൈബിൾ തത്ത്വങ്ങൾ ഒന്നും ലംഘിക്കപ്പെടുന്നില്ലെങ്കിൽ. ഇതിനർഥം മാതാപിതാക്കൾ അവർക്കുള്ള അധികാരം ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നു എന്നാണോ?

11 ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിന്‌, ലോത്തിന്റെ കുടുംബവുമായി ഇടപെട്ടപ്പോൾ തന്റെ അധികാരം യഹോവ സ്‌നേഹപൂർവം ഉപയോഗിച്ചത്‌ എങ്ങനെയെന്നു നോക്കിയാൽ മതി. ലോത്തിനെയും ഭാര്യയെയും പുത്രിമാരെയും സോദോമിൽനിന്നു പുറത്തു കൊണ്ടുവന്നിട്ട്‌ ദൂതന്മാർ അവരോട്‌ “നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക” എന്നു പറഞ്ഞു. അപ്പോൾ ലോത്ത്‌ മറ്റൊരു നിർദേശം വെച്ചു: “അങ്ങനെയല്ല കർത്താവേ; . . . ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പോകട്ടെ.” യഹോവയുടെ പ്രതികരണം എന്തായിരുന്നു? “ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു,” അവൻ പറഞ്ഞു. (ഉല്‌പത്തി 19:17-22) ഇവിടെ യഹോവ തന്റെ അധികാരം ഉപയോഗിക്കുന്നതിൽ പരാജയപ്പെടുക ആയിരുന്നോ? തീർച്ചയായും അല്ല! അവൻ ലോത്തിന്റെ അപേക്ഷ പരിഗണിച്ച്‌ ഇക്കാര്യത്തിൽ അവനോടു കൂടുതൽ ദയ കാണിക്കുക ആയിരുന്നു. മാതാപിതാക്കളേ, കുട്ടികളുടെ താത്‌പര്യങ്ങൾ പരിഗണിച്ചുകൊണ്ട്‌ വീട്ടിലെ നിയമങ്ങൾ സ്ഥാപിക്കാനാകുന്ന അവസരങ്ങളുണ്ടോ?

12. സുരക്ഷിതബോധം തോന്നാൻ ഒരു കുട്ടിയെ സഹായിക്കുന്നത്‌ എന്ത്‌?

12 വീട്ടിലെ നിയമങ്ങളെക്കുറിച്ചു മാത്രമല്ല അവ ലംഘിച്ചാലുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണം. ശിക്ഷയെക്കുറിച്ചു കുട്ടികൾക്കു വ്യക്തമാക്കി കൊടുത്താൽപ്പിന്നെ ആ നിയമങ്ങൾ പ്രാബല്യത്തിലാക്കുകതന്നെ വേണം. ശിക്ഷയെക്കുറിച്ച്‌ എപ്പോഴും മുന്നറിയിപ്പു കൊടുക്കുകയും എന്നാൽ അവ നടപ്പിലാക്കാൻ പരാജയപ്പെടുകയും ചെയ്‌താൽ, മാതാപിതാക്കൾ കുട്ടികളോടു ദയാപുരസ്സരം പെരുമാറുന്നു എന്നു പറയാനാവില്ല. “ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 8:11) കൂട്ടുകാരുടെയോ മറ്റുള്ളവരുടെയോ മുമ്പിൽവെച്ച്‌ മാതാപിതാക്കൾ കുട്ടിയെ ശിക്ഷിക്കാതിരിക്കുന്നത്‌ ഉചിതമായിരിക്കും, കുട്ടിക്കു നാണക്കേടു തോന്നാതിരിക്കാൻ അത്‌ സഹായിക്കും. മാതാപിതാക്കൾ “ഉവ്വ്‌” എന്നു പറഞ്ഞാൽ അതിന്റെ അർഥം ഉവ്വ്‌ എന്നു തന്നെയാണെന്നും അതുപോലെ “ഇല്ല” എന്നു പറഞ്ഞാൽ ഇല്ല എന്നാണെന്നും കുട്ടികൾ മനസ്സിലാക്കണം. ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും ഈ തത്ത്വം ബാധകമാണ്‌. അത്‌ അവർക്കു കൂടുതൽ സുരക്ഷിതബോധം തോന്നാനും മാതാപിതാക്കളോടു ബഹുമാനവും സ്‌നേഹവും വളരാനും ഇടയാക്കും.—മത്തായി 5:37.

13, 14. കുട്ടികൾക്കു പരിശീലനം നൽകുമ്പോൾ മാതാപിതാക്കൾക്കു യഹോവയെ എങ്ങനെ അനുകരിക്കാനാകും?

13 ശിക്ഷ സ്‌നേഹപൂർവകമാകണമെങ്കിൽ, ശിക്ഷയും അത്‌ നടപ്പിലാക്കുന്ന വിധവും ഓരോ കുട്ടിക്കുവേണ്ടിയും അനുരൂപപ്പെടുത്തണം. “ശിക്ഷ നൽകേണ്ടി വരുമ്പോൾ ഞങ്ങളുടെ രണ്ടു കുട്ടികളെയും വ്യത്യസ്‌ത വിധങ്ങളിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നു,” പാം ഓർക്കുന്നു. “ഒരാൾക്കു ബാധകമായിരുന്ന കാര്യങ്ങൾ മറ്റെയാൾക്കു ബാധകമാക്കുവാൻ സാധിക്കുമായിരുന്നില്ല.” അവരുടെ ഭർത്താവ്‌ ലാറി വിശദീകരിക്കുന്നു: “ഞങ്ങളുടെ മൂത്തമകൾ ദുശ്ശാഠ്യക്കാരി ആയിരുന്നു, നല്ല ശക്തമായ ശിക്ഷണം കൊടുക്കേണ്ടിയിരുന്നു അവൾക്ക്‌. എന്നാൽ രണ്ടാമത്തെ മകൾക്ക്‌ ഉറപ്പിച്ചൊന്നു പറയുന്നതോ തറപ്പിച്ചൊന്നു നോക്കുന്നതുപോലുമോ മതിയായിരുന്നു.” ഓരോ കുട്ടിക്കും ഏറ്റവും അനുയോജ്യമായ ശിക്ഷണം എന്താണെന്നു തിരിച്ചറിയാൻ സ്‌നേഹമുള്ള മാതാപിതാക്കൾ ശ്രമിക്കുന്നു.

14 തന്റെ ദാസരുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി പ്രവർത്തിച്ചുകൊണ്ടു യഹോവ മാതാപിതാക്കൾക്കു നല്ല മാതൃക വെച്ചിരിക്കുന്നു. (എബ്രായർ 4:13) അനാവശ്യമായ കാർക്കശ്യത്തോടെയോ തീർത്തും അയഞ്ഞ മട്ടിലോ യഹോവ ശിക്ഷ നടപ്പാക്കില്ല. മറിച്ച്‌ എല്ലായ്‌പോഴും ‘ന്യായത്തോടെയാണ്‌’ അവൻ ശിക്ഷണം നൽകുന്നത്‌. (യിരെമ്യാവു 30:11) മാതാപിതാക്കളേ, മക്കളുടെ കഴിവുകളും കുറവുകളും എന്താണെന്നു നിങ്ങൾക്ക്‌ അറിയാമോ? ദയാപുരസ്സരം ഫലപ്രദമായ പരിശീലനം നൽകാൻ ആ അറിവു നിങ്ങൾക്കു ഉപയോഗിക്കാനാവില്ലേ? അങ്ങനെ ചെയ്യുമ്പോൾ കുട്ടികളെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ നിങ്ങൾ തെളിയിക്കുകയാണു ചെയ്യുന്നത്‌.

സത്യസന്ധമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക

15, 16. സത്യസന്ധമായി സംസാരിക്കാൻ ക്രിസ്‌തീയ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം, ഇതിന്‌ എറ്റവും ഫലപ്രദമായ മാർഗം ഏതാണെന്നാണു ക്രിസ്‌തീയ മാതാപിതാക്കൾ കണ്ടെത്തിയിരിക്കുന്നത്‌?

15 “അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു” എന്നതാണു സ്‌നേഹത്തിന്റെ മറ്റൊരു സവിശേഷത. (1 കൊരിന്ത്യർ 13:6) ശരിയും സത്യവുമായതിനെ സ്‌നേഹിക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കാനാകും? ചെയ്യേണ്ട ഒരു അടിസ്ഥാന സംഗതി തങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങൾ സത്യസന്ധമായി പറയാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ്‌, അതു മാതാപിതാക്കൾക്കു സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽപ്പോലും. മക്കളുടെ വാക്കുകൾ വെളിപ്പെടുത്തുന്ന വികാരവിചാരങ്ങൾ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കുമ്പോൾ അതു മാതാപിതാക്കളെ സന്തോഷിപ്പിക്കും എന്നതിനു സംശയമില്ല. എന്നാൽ മറ്റു സന്ദർഭങ്ങളിൽ അവരുടെ മനസ്സിൽനിന്നുവരുന്ന കാര്യങ്ങൾ നീതിരഹിതമായ സംഗതികളിലേക്കുള്ള അവരുടെ ചായ്‌വിനെ സൂചിപ്പിച്ചേക്കാം. (ഉല്‌പത്തി 8:21) മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കണം? അത്തരം കാര്യങ്ങളൊക്കെ പറഞ്ഞതിന്‌ അവരെ ശാസിക്കാനായിരിക്കും പെട്ടെന്നു തോന്നുക. എന്നാൽ നിങ്ങൾ അങ്ങനെ പെരുമാറിയാൽ, നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമേ കുട്ടികൾ പിന്നീടു പറയൂ. അനാദരവോടുകൂടിയ സംസാരം ഉണ്ടെങ്കിൽ ഉടനടി അതു തിരുത്തുകതന്നെ വേണം. എന്നാൽ എന്തു പറയണം അല്ലെങ്കിൽ പറയരുത്‌ എന്നു നിഷ്‌കർഷിക്കുന്നതും എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌.

16 സത്യസന്ധമായ ആശയവിനിമയം മാതാപിതാക്കൾക്ക്‌ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? നേരത്തേ പരാമർശിച്ച ആലിയ പറയുന്നു, “ഞങ്ങളെ അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ കുട്ടികൾ പറയുമ്പോൾ അമിതമായി പ്രതികരിക്കാതെ തുറന്ന ഒരു സംഭാഷണത്തിനുള്ള സാഹചര്യം ഞങ്ങൾ സൃഷ്ടിക്കാറുണ്ട്‌.” റ്റോം പറയുന്നു: “ഞങ്ങളുടെ ചിന്താഗതിയോടു യോജിക്കാത്തപ്പോൾപ്പോലും മനസ്സിലുള്ളതെല്ലാം തുറന്നു പറയാൻ മകളെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. അവൾ സംസാരിക്കുമ്പോൾ ഇടയ്‌ക്കുകയറി ഞങ്ങളുടെ ചിന്ത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്‌ അവളെ അസ്വസ്ഥയാക്കുമെന്നും പിന്നെപ്പിന്നെ അവൾ ഞങ്ങളുടെ മുമ്പാകെ മനസ്സു തുറക്കാൻ മടിക്കുമെന്നും ഞങ്ങൾക്കു തോന്നി. മറിച്ച്‌ അവൾ പറയുന്നതു ഞങ്ങൾ ശ്രദ്ധിച്ചത്‌ ഞങ്ങൾ പറയുന്നതിന്‌ ചെവികൊടുക്കാൻ അവൾക്കു പ്രോത്സാഹനമായി.” കുട്ടികൾ മാതാപിതാക്കളെ തീർച്ചയായും അനുസരിക്കണം. (സദൃശവാക്യങ്ങൾ 6:20) കുട്ടികളുമായുള്ള തുറന്ന ആശയവിനിമയം യുക്തിപരമായി ചിന്തിക്കാൻ അവരെ പഠിപ്പിക്കുന്നതിനുള്ള അവസരം മാതാപിതാക്കൾക്കു നൽകുന്നു. നാലു കുട്ടികളുടെ പിതാവായ വിൻസെന്റ്‌ പറയുന്നു: “ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഏറ്റവും ഗുണം ചെയ്യുന്നത്‌ എന്തായിരിക്കുമെന്ന്‌ കുട്ടികൾക്കുതന്നെ മനസ്സിലാക്കാനാകുന്ന വിധത്തിൽ പലപ്പോഴും അതിന്റെ ഗുണവും ദോഷവും ഞങ്ങൾ വിശദമായി ചർച്ച ചെയ്യുമായിരുന്നു. ഇതവരുടെ ചിന്താപ്രാപ്‌തിയും വർധിപ്പിച്ചു.”—സദൃശവാക്യങ്ങൾ 1:1-4.

17. മാതാപിതാക്കൾക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ സാധിക്കും?

17 കുട്ടികളെ വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾക്കാർക്കും ബൈബിൾ തത്ത്വങ്ങൾ പൂർണമായി ബാധകമാക്കാനാവില്ല എന്നതു ശരിയാണ്‌. അങ്ങനെയാണെങ്കിലും, ദീർഘക്ഷമയോടും ദയയോടും സ്‌നേഹത്തോടും കൂടി പരിശീലനം നൽകാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ കുട്ടികൾ ആഴമായി വിലമതിക്കുകതന്നെ ചെയ്യും. യഹോവയും നിങ്ങളുടെ പ്രയത്‌നത്തെ നിശ്ചയമായും അനുഗ്രഹിക്കും. (സദൃശവാക്യങ്ങൾ 3:33) തങ്ങൾ യഹോവയെ സ്‌നേഹിക്കുന്നതുപോലെതന്നെ മക്കളും അവനെ സ്‌നേഹിക്കാൻ പഠിക്കണമെന്നാണ്‌ എല്ലാ ക്രിസ്‌തീയ മാതാപിതാക്കളുടെയും ആഗ്രഹം. മാതാപിതാക്കൾക്ക്‌ ശ്രേഷ്‌ഠമായ ഈ ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം? ഇതിനുള്ള ചില മാർഗങ്ങളെക്കുറിച്ച്‌ അടുത്ത ലേഖനം ചർച്ചചെയ്യും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദീർഘക്ഷമ കാണിക്കാൻ ഉൾക്കാഴ്‌ച മാതാപിതാക്കളെ സഹായിക്കുന്നതെങ്ങനെ?

• ദയാപുരസ്സരമായ ശിക്ഷണവും സ്‌നേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

• മാതാപിതാക്കളും മക്കളും തമ്മിലുള്ള സത്യസന്ധമായ ആശയവിനിമയം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

മാതാപിതാക്കളേ, നിങ്ങളുടെ കുട്ടിക്കാലം ഓർമിക്കാനാകുമോ?

[24-ാം പേജിലെ ചിത്രം]

സത്യസന്ധമായ, തുറന്ന ആശയവിനിമയം നടത്താൻ നിങ്ങൾ മക്കളെ പ്രോത്സാഹിപ്പിക്കുന്നുവോ?