വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സഹായത്താൽ ഞങ്ങൾ സ്വേച്ഛാധിപത്യങ്ങളെ അതിജീവിച്ചു

യഹോവയുടെ സഹായത്താൽ ഞങ്ങൾ സ്വേച്ഛാധിപത്യങ്ങളെ അതിജീവിച്ചു

ജീവിത കഥ

യഹോവയുടെ സഹായത്താൽ ഞങ്ങൾ സ്വേച്ഛാധിപത്യങ്ങളെ അതിജീവിച്ചു

ഹെൻറിക്‌ ഡോർനിക്‌ പറഞ്ഞപ്രകാരം

ഒരു കത്തോലിക്ക കുടുംബത്തിൽ 1926-ലായിരുന്നു എന്റെ ജനനം. തികഞ്ഞ മതഭക്തരായിരുന്നു മാതാപിതാക്കൾ. ദക്ഷിണ പോളണ്ടിലെ കാറ്റോവിസിനടുത്തുള്ള റൂഡ ഷ്‌ലോസ്‌കയിലാണ്‌ ഞങ്ങൾ താമസിച്ചിരുന്നത്‌. ബെർനാർട്ട്‌ ജ്യേഷ്‌ഠനും റൂഷാ, ഇഡീതാ എന്നിവർ അനുജത്തിമാരുമാണ്‌. പ്രാർഥിക്കാനും പള്ളി ശുശ്രൂഷകളിൽ പങ്കെടുക്കാനും കുമ്പസാരിക്കാനുമൊക്കെ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചു.

ബൈബിൾ സത്യം വാതിൽക്കൽ

1937 ജനുവരിയിലെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. അന്ന്‌ എനിക്കു പത്തു വയസ്സ്‌. വീട്ടിലെത്തിയ ഡാഡി വലിയ സന്തോഷത്തിലായിരുന്നു, കൈയിൽ യഹോവയുടെ സാക്ഷികളിൽനിന്നു ലഭിച്ച കട്ടിയുള്ള, വലിയ ഒരു പുസ്‌തകം ഉണ്ടായിരുന്നു. ഡാഡി പറഞ്ഞു: “മക്കളേ, ഞാൻ എന്താണ്‌ കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കൂ—വിശുദ്ധ തിരുവെഴുത്തുകൾ!” ഞാൻ ഒരു ബൈബിൾ കാണുന്നതുതന്നെ അന്നാദ്യമായിട്ടായിരുന്നു.

ഏറെക്കാലമായി റൂഡ ഷ്‌ലോസ്‌കയിലും സമീപ പ്രദേശങ്ങളിലും ഉള്ളവരിൽ കത്തോലിക്ക സഭ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഖനികളുടെ ഉടമസ്ഥരുമായി അടുത്ത സൗഹൃദം സ്ഥാപിച്ച പുരോഹിതന്മാർ ഖനിത്തൊഴിലാളികളിൽനിന്നും അവരുടെ കുടുംബാംഗങ്ങളിൽനിന്നും പൂർണ വിധേയത്വം ആവശ്യപ്പെടുകയുണ്ടായി. ഒരു ഖനിത്തൊഴിലാളി കുർബാനയിൽ സംബന്ധിക്കാതിരിക്കുകയോ കുമ്പസാരിക്കാതിരിക്കുകയോ ചെയ്‌താൽ അയാളെ അവിശ്വാസിയായി മുദ്രകുത്തുകയും തൊഴിലിൽനിന്നു പുറത്താക്കുകയും ചെയ്യുമായിരുന്നു. അത്തരം ഒരു ഭീഷണി ഡാഡിക്കും നേരിടേണ്ടതായി വന്നു; യഹോവയുടെ സാക്ഷികളോടു സഹവസിച്ചതായിരുന്നു കാരണം. എങ്കിലും, ഒരു പുരോഹിതൻ ഞങ്ങളെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ മതപരമായ കാപട്യം ഡാഡി മറ്റെല്ലാവരുടെയും മുമ്പാകെ തുറന്നുകാട്ടി. കൂടുതലായ നാണക്കേട്‌ ഒഴിവാക്കാനായി പുരോഹിതൻ സ്ഥലംവിട്ടു, ഡാഡിക്കെതിരെ നടപടികളും ഉണ്ടായില്ല.

പുരോഹിതനുമായുള്ള ആ സംവാദത്തിനു ദൃക്‌സാക്ഷിയായത്‌ ബൈബിളിനെക്കുറിച്ച്‌ അറിയാനുള്ള എന്റെ തീരുമാനത്തെ കൂടുതൽ ശക്തമാക്കി. യഹോവയോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വർധിച്ചു, അവനുമായുള്ള എന്റെ വ്യക്തിപരമായ ബന്ധവും ശക്തിപ്പെട്ടു. പുരോഹിതനുമായുള്ള ഡാഡിയുടെ ചർച്ചയ്‌ക്ക്‌ ഏതാനും മാസങ്ങൾക്കുശേഷം ഞങ്ങൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ സംബന്ധിക്കുകയുണ്ടായി. ആ സന്ദർഭത്തിൽ “ഇതൊരു യോനാദാബ്‌ ആണ്‌” എന്നു പറഞ്ഞ്‌ ഡാഡിയെ 30-പേരടങ്ങുന്ന ഒരു കൂട്ടത്തിനു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികളാണു “യോനാദാബുകൾ” എന്നും അവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ഞാൻ അധികം താമസിയാതെ മനസ്സിലാക്കി. *2 രാജാക്കന്മാർ 10:15-17.

“സ്‌നാപനത്തിന്റെ അർഥമെന്തെന്നു നിനക്കറിയാമോ?”

സത്യം സ്വീകരിച്ച ഡാഡി മദ്യപാനം നിറുത്തുകയും നല്ലൊരു ഭർത്താവും പിതാവും ആയിത്തീരുകയും ചെയ്‌തു. എന്നിരുന്നാലും, മമ്മി സത്യത്തോടു താത്‌പര്യം കാണിച്ചില്ലെന്നു മാത്രമല്ല ഡാഡി മുമ്പു ജീവിച്ചിരുന്നതുപോലെ ജീവിക്കാനും ഒരു കത്തോലിക്കൻ ആയിരിക്കാനുമാണു താൻ ആഗ്രഹിക്കുന്നതെന്ന്‌ കൂടെക്കൂടെ പറയുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം മമ്മി ഒരു കാര്യം ശ്രദ്ധിച്ചു. അത്‌ എന്തായിരുന്നെന്നല്ലേ? ജർമനിയുമായുള്ള പോരാട്ടത്തിൽ പോളണ്ടിനു വിജയം നൽകണമേയെന്നു പ്രാർഥിച്ച അതേ പുരോഹിതന്മാർ ഇപ്പോൾ ഹിറ്റ്‌ലറിന്റെ വിജയങ്ങൾക്ക്‌ കൃതജ്ഞതാ പ്രാർഥനകൾ അർപ്പിക്കുന്നു! പിന്നീട്‌, 1941-ൽ മമ്മിയും യഹോവയുടെ സേവനത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നെന്നു പറയേണ്ടതില്ലല്ലോ.

എന്നാൽ, അതിനു മുമ്പ്‌ ദൈവത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേൽക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ ഞാൻ മൂപ്പന്മാരോടു പറഞ്ഞിരുന്നു; പക്ഷേ എനിക്ക്‌ അതിനുള്ള പ്രായമായിട്ടില്ലെന്നാണ്‌ അവർക്കു തോന്നിയത്‌. അതുകൊണ്ട്‌ അൽപ്പംകൂടി കഴിഞ്ഞുമതിയെന്ന്‌ അവർ പറഞ്ഞു. ഒടുവിൽ, 1940 ഡിസംബർ 10-ന്‌ കോൺറാറ്റ്‌ ഗ്രാബോവി (പിന്നീട്‌ ഒരു തടങ്കൽപ്പാളയത്തിൽവെച്ചു മരണമടഞ്ഞ സഹോദരൻ) ചെറിയ ഒരു അപ്പാർട്ടുമെന്റിൽവെച്ചു ഞാനുമായി ഒരു ചർച്ച നടത്തുകയുണ്ടായി. അഞ്ചു ചോദ്യങ്ങൾ ചോദിച്ച സഹോദരൻ എന്റെ ഉത്തരങ്ങളിൽ സംതൃപ്‌തനായി എന്നെ സ്‌നാപനപ്പെടുത്തി. അദ്ദേഹത്തിന്റെ ചോദ്യങ്ങളിലൊന്ന്‌ ഇതായിരുന്നു: “സ്‌നാപനത്തിന്റെ അർഥമെന്തെന്നു നിനക്കറിയാമോ?” മറ്റൊരു ചോദ്യം ഇങ്ങനെയായിരുന്നു: “യുദ്ധം നടക്കുന്ന സ്ഥിതിക്ക്‌ യഹോവയോടാണോ ഹിറ്റ്‌ലറോടാണോ നിന്റെ കൂറ്‌ എന്ന്‌ ഉടൻ തെളിയിക്കേണ്ടതായി വരുമെന്നും യഹോവയോടു കൂറുപുലർത്താൻ തീരുമാനിച്ചാൽ ജീവൻ നഷ്ടമായേക്കാം എന്നുമുള്ള കാര്യം നിനക്കറിയാമോ?” തെല്ലും മടിക്കാതെ “എനിക്കറിയാം” എന്നു ഞാൻ മറുപടി നൽകി.

ഉപദ്രവത്തിന്റെ ആരംഭം

കോൺറാറ്റ്‌ ഗ്രാബോവി സഹോദരൻ നേരിട്ട്‌ അങ്ങനെ ചോദിച്ചതിന്റെ കാര്യം എന്തായിരുന്നു? 1939-ൽ ജർമൻ സൈന്യം പോളണ്ടിനെ ആക്രമിച്ചതിനെ തുടർന്ന്‌, യഹോവയോടുള്ള ഞങ്ങളുടെ വിശ്വാസവും നിർമലതയും അതികഠിനമായ പരിശോധനയ്‌ക്കു വിധേയമായി. ദിനംപ്രതി കാര്യങ്ങൾ വഷളായിക്കൊണ്ടിരുന്നു; ക്രിസ്‌തീയ സഹോദരങ്ങളെ അറസ്റ്റു ചെയ്‌തു നാടുകടത്തിയെന്നും ജയിലിലേക്കോ തടങ്കൽപ്പാളയങ്ങളിലേക്കോ അയച്ചെന്നുമുള്ള വാർത്തകളായിരുന്നു എവിടെയും കേൾക്കാനുണ്ടായിരുന്നത്‌. ഞങ്ങളും അത്തരം പരിശോധനകളെ ഏതു നിമിഷവും അഭിമുഖീകരിക്കുമായിരുന്നു.

നാസി അധികാരികൾ യുവതലമുറയെ മുഴുവൻ അവരുടെ ഭരണത്തിന്റെ വക്താക്കളാക്കാൻ ആഗ്രഹിച്ചു, ഞങ്ങൾ നാല്‌ കൂടപ്പിറപ്പുകൾ അതിൽനിന്ന്‌ ഒഴിവുള്ളവരായിരുന്നില്ല. ഫോക്‌ലിസ്റ്റിൽ (ജർമൻ പൗരത്വം ഉണ്ടായിരുന്നവരുടെയോ അതു നേടാൻ ആഗ്രഹിച്ചിരുന്നവരുടെയോ പട്ടിക) ഒപ്പിടാൻ മാതാപിതാക്കൾ പലപ്രാവശ്യം വിസമ്മതിച്ചതിനാൽ മക്കളെ വളർത്താനുള്ള അവകാശം അവർക്കു നിഷേധിക്കപ്പെട്ടു. ഡാഡിയെ ഓഷ്‌വിറ്റ്‌സിലെ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. 1944 ഫെബ്രുവരിയിൽ എന്നെയും ജ്യേഷ്‌ഠനെയും നൈസയ്‌ക്കു സമീപമുള്ള ഗ്രോഡ്‌കൂവിലെ (ഗ്രോറ്റ്‌കായൂ) ഒരു ദുർഗുണപരിഹാര പാഠശാലയിലേക്ക്‌ അയച്ചു. അനുജത്തിമാരെയാകട്ടെ, ഓപ്പോലിന്‌ അടുത്തുള്ള ചാർനോവോങ്‌സിയിലെ (ക്ലോസ്റ്റെബ്രൂക്‌) ഒരു കത്തോലിക്ക മഠത്തിലേക്കും. “മാതാപിതാക്കളുടെ വികലമായ വീക്ഷണങ്ങൾ” എന്ന്‌ അധികാരികൾ കരുതിയവയെ തള്ളിക്കളയാൻ ഞങ്ങളെ പ്രേരിപ്പിക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം. അങ്ങനെ മമ്മി വീട്ടിൽ തനിച്ചായി.

ദിവസവും രാവിലെ ദുർഗുണ പാഠശാലയുടെ മുറ്റത്ത്‌ സ്വസ്‌തിക പതാക ഉയരുമ്പോൾ “ഹെയ്‌ൽ ഹിറ്റ്‌ലർ” എന്നു പറഞ്ഞുകൊണ്ട്‌ വലതുകൈ മേലോട്ടുയർത്തി പതാകയെ സല്യൂട്ട്‌ ചെയ്യാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു. വിശ്വാസത്തിന്റെ കഠിനമായ ഒരു പരിശോധനയായിരുന്നു അത്‌; എങ്കിലും ജ്യേഷ്‌ഠനും ഞാനും യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായില്ല. ‘അനാദരവോടെയുള്ള’ ആ പെരുമാറ്റത്തിനു ഞങ്ങൾക്കു വളരെയധികം അടികൊള്ളേണ്ടിവന്നു. ഞങ്ങളുടെ മനോധൈര്യം തകർക്കാനുള്ള ശ്രമങ്ങൾ വീണ്ടും വീണ്ടും പരാജയപ്പെട്ടപ്പോൾ എസ്‌എസ്‌ ഗാർഡുകൾ ഞങ്ങൾക്ക്‌ ഒരു അന്തിമ മുന്നറിയിപ്പു നൽകി: “ഒന്നുകിൽ ജർമൻ സർക്കാരിനോടു കൂറ്‌ പുലർത്തിക്കൊള്ളാമെന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പിട്ടശേഷം വാർമാഹ്‌റ്റിൽ [ജർമൻ പട്ടാളം] ചേരുക, അല്ലാത്തപക്ഷം നിങ്ങളെ ഞങ്ങൾ തടങ്കൽപ്പാളയത്തിലേക്ക്‌ അയയ്‌ക്കും.”

അങ്ങനെ 1944 ആഗസ്റ്റിൽ ഞങ്ങളെ ഒരു തടങ്കൽപ്പാളയത്തിലേക്ക്‌ അയയ്‌ക്കാൻ അധികാരികൾ ഔദ്യോഗികമായി നിർദേശിച്ചു. തദവസരത്തിൽ അവർ ഇങ്ങനെ പറയുകയുണ്ടായി: “എന്തെങ്കിലും ചെയ്യാൻ ഇവരെക്കൊണ്ട്‌ സമ്മതിപ്പിക്കുക അസാധ്യമാണ്‌. ഉപദ്രവം അനുഭവിക്കേണ്ടിവന്നാലും അവർക്ക്‌ അതിൽ സന്തോഷമേയുള്ളൂ. അവരുടെ ധിക്കാരം ദുർഗുണ പാഠശാലയ്‌ക്കു മുഴുവൻ ഒരു ഭീഷണിയാണ്‌.” ഒരു രക്തസാക്ഷിയാകാൻ എനിക്കു താത്‌പര്യമില്ലായിരുന്നെങ്കിലും യഹോവയോടുള്ള വിശ്വസ്‌തത കാക്കാൻ ധീരതയോടെയും അന്തസ്സോടെയും കഷ്ടം സഹിക്കുന്നതിന്‌ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. (പ്രവൃത്തികൾ 5:41) ഞാൻ അഭിമുഖീകരിക്കാനിരുന്ന കഷ്ടങ്ങൾ എന്റെ സ്വന്തം ശക്തിയാൽ സഹിക്കുക തികച്ചും അസാധ്യമായിരുന്നു. പകരം ഹൃദയംഗമമായ പ്രാർഥന യഹോവയുമായി കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു, അവിടുന്ന്‌ എന്റെ ആശ്രയയോഗ്യനായ സഹായിയെന്നു തെളിയുകയും ചെയ്‌തു.—എബ്രായർ 13:6.

തടങ്കൽപ്പാളയത്തിൽ

ഉടനെതന്നെ എന്നെ സൈലിഷ്യയിലുള്ള ഗ്രോസ്‌-റോസൻ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. ഒരു നമ്പറും യഹോവയുടെ സാക്ഷിയായി തിരിച്ചറിയിക്കുന്ന ഒരു പർപ്പിൾ ട്രയാംഗിളും അവിടെ എനിക്കു ലഭിച്ചു. മറ്റാർക്കും നൽകാത്ത ഒരു വാഗ്‌ദാനം എസ്‌എസ്‌ ഗാർഡുകൾ എനിക്കു നൽകി. തടങ്കലിൽനിന്നു മോചിപ്പിച്ച്‌ എന്നെ ഒരു നാസി പാട്ടാള ഉദ്യോഗസ്ഥനാക്കാം. പക്ഷേ പിൻവരുന്ന വ്യവസ്ഥയിന്മേൽ: “നാസി ഗവൺമെന്റിനെതിരായ ബൈബിൾ വിദ്യാർഥികളുടെ ആശയങ്ങൾ പരിത്യജിക്കുക, അത്രമാത്രം.” തടങ്കലിൽനിന്നു വിടുവിക്കാമെന്നുള്ള വാഗ്‌ദാനം യഹോവയുടെ സാക്ഷികൾക്കു മാത്രമേ ലഭിച്ചുള്ളൂ. എന്നുവരികിലും, മറ്റായിരങ്ങളെപ്പോലെ ഞാനും ഒട്ടും മടിക്കാതെ ആ ‘പദവി’ നിരസിച്ചു. അതിനുള്ള ഗാർഡുകളുടെ പ്രതികരണമോ? “ആ ശ്‌മശാനത്തിന്റെ ചിമ്മിനി കണ്ടോ. ഞങ്ങൾ നൽകിയ അവസരത്തെക്കുറിച്ചു നന്നായി ചിന്തിച്ചു ഒരു മറുപടി നൽകിയാൽ കൊള്ളാം. അല്ലാത്തപക്ഷം ആ ചിമ്മിനിയിലൂടെ മാത്രമേ നിനക്കു സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.” വീണ്ടും വളരെ ശക്തമായി ഞാനതു നിരസിച്ചു. അതിശയകരമെന്നു പറയട്ടെ, ആ സന്ദർഭത്തിൽ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” എന്നിൽ നിറഞ്ഞുനിന്നു.—ഫിലിപ്പിയർ 4:6, 7.

തടങ്കൽപ്പാളയത്തിലെ മറ്റു സഹോദരങ്ങളുമായി സംസാരിക്കാൻ അവസരം ലഭിക്കേണമേ എന്നു ഞാൻ പ്രാർഥിച്ചു; യഹോവ എന്റെ പ്രാർഥന കേട്ടു. സഹോദരങ്ങളുടെ ഇടയിൽ വളരെ ആർദ്രതയോടെയും സ്‌നേഹത്തോടെയും എന്നെ പരിപാലിച്ച ഒരു വിശ്വസ്‌ത സഹോദരനാണ്‌ ഗൂസ്റ്റാഫ്‌ ബൗമേർറ്റ്‌. “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവു”മാണു യഹോവയെന്ന്‌ എനിക്കു ബോധ്യമായി.—2 കൊരിന്ത്യർ 1:3.

ഏതാനും മാസങ്ങൾ കഴിഞ്ഞ്‌, റഷ്യൻ പട്ടാളം നാസികൾക്കു നേരെ നീങ്ങിയതിന്റെ ഫലമായി പാളയം വിടുകയല്ലാതെ അവർക്കു വേറെ നിവൃത്തിയില്ലെന്നായി. യാത്ര പുറപ്പെടാൻ തയ്യാറെടുക്കവേ, ഞങ്ങൾ സഹോദരന്മാർ, ജീവൻ പണയപ്പെടുത്തിയിട്ടാണെങ്കിലും സ്‌ത്രീകളുടെ തടങ്കലിൽ പോകാൻ തീരുമാനിച്ചു. 20-ഓളം വരുന്ന ആത്മീയ സഹോദരിമാരുടെ നില എന്താണെന്ന്‌ അറിയാനായിരുന്നു അത്‌. എൽസാ ആബ്‌റ്റും ജർട്രൂറ്റ്‌ ഓറ്റും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. * ഞങ്ങളെ കണ്ട മാത്രയിൽ ഞങ്ങളുടെ അടുക്കലേക്ക്‌ അവർ ഓടിയെത്തി. പരസ്‌പരം പ്രോത്സാഹനങ്ങൾ പങ്കിട്ടശേഷം അവർ ഒരു രാജ്യഗീതം പാടി. “ഭക്തനും വിശ്വസ്‌തതയുള്ളോനും ഭയത്തിന്നിടമില്ല” എന്നു തുടങ്ങുന്ന ഗീതമായിരുന്നു അത്‌. * ഞങ്ങളുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു!

അടുത്ത തടങ്കൽപ്പാളയത്തിലേക്ക്‌

നാസികൾ 100 മുതൽ 150 വരെ വരുന്ന തടവുകാരെ ചരക്കു തീവണ്ടിയിൽ തിക്കിക്കയറ്റി. ഭക്ഷണമോ വെള്ളമോ കൂടാതെയായിരുന്നു യാത്ര; പോരാഞ്ഞിട്ടു കോരിച്ചൊരിയുന്ന മഴയും. ദാഹത്താൽ വലഞ്ഞ ഞങ്ങൾക്കു പനിയും പിടിച്ചു. രോഗികളും പരിക്ഷീണരുമായ തടവുകാർ കുഴഞ്ഞുവീണു മരിക്കാൻ തുടങ്ങിയതോടെ വണ്ടിയിലെ തിക്കും കുറഞ്ഞു. കാലുകളും സന്ധികളും നീരുവെച്ചതിനാൽ എനിക്കു നിവർന്നുനിൽക്കാനേ കഴിഞ്ഞില്ല. പത്തു ദിവസത്തെ യാത്രയ്‌ക്കുശേഷം ജീവനോടെയുണ്ടായിരുന്ന ഏതാനും തടവുകാർ തുറിഞ്ചിയയിലെ വെയ്‌മറിനു സമീപത്തുള്ള നോർട്ട്‌ഹൗസനിലെ മിറ്റൽബൗഡോറായിലുള്ള പീനൽ പാളയത്തിൽ എത്തിച്ചേർന്നു. ഇപ്പോഴും നടുക്കത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ആ യാത്രയിൽ സഹോദരന്മാരിൽ ആർക്കും ജീവാപായം സംഭവിച്ചില്ല എന്നതു ശ്രദ്ധേയമാണ്‌.

യാത്രാക്ഷീണമൊക്കെ ഒന്നു മാറിവന്നപ്പോഴേക്കും പാളയത്തിലാകെ അതിസാരം പടർന്നുപിടിച്ചു. എനിക്കും മറ്റു ചില സഹോദരന്മാർക്കും അസുഖം പിടിപെട്ടു. കുറച്ചു നാളത്തേക്ക്‌ ക്യാംപിൽനിന്നും ലഭിച്ചിരുന്ന സൂപ്പ്‌ ഒഴിവാക്കാനും റൊട്ടി മാത്രം കഴിക്കാനും ഞങ്ങളോടു പറഞ്ഞു. അങ്ങനെ ചെയ്‌തതിന്റെ ഫലമായി ഞാൻ വേഗം സുഖം പ്രാപിച്ചു. 1945 മാർച്ചിൽ പ്രസ്‌തുത വർഷത്തെ വാക്യം, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നു പറയുന്ന മത്തായി 28:19, 20 ആണെന്നു ഞങ്ങൾ അറിയാനിടയായി. പെട്ടെന്നുതന്നെ ഞങ്ങൾക്കു സ്വാതന്ത്ര്യം ലഭിക്കുമെന്നും സുവാർത്താ പ്രസംഗം അവിരാമം തുടരുമെന്നും ഞങ്ങൾ മനസ്സിലാക്കി! ഞങ്ങൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി, ഒപ്പം പ്രത്യാശയും. കാരണം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ അർമഗെദോൻ വരുമെന്നാണ്‌ ഞങ്ങൾ വിചാരിച്ചിരുന്നത്‌. പ്രശ്‌നപൂരിതമായ ആ നാളുകളിലെല്ലാം യഹോവ ഞങ്ങളെ എത്ര നന്നായിട്ടാണു ശക്തീകരിച്ചത്‌!

തടങ്കലിൽനിന്നു മോചനം

1945 ഏപ്രിൽ 1-ന്‌ സഖ്യകക്ഷികളുടെ സേനകൾ എസ്‌എസ്‌-കാരുടെ ബാരക്കുകളിലും സമീപത്തുണ്ടായിരുന്ന പാളയത്തിലും ബോംബ്‌ വർഷിച്ചു. അനേകർ കൊല്ലപ്പെട്ടു, മറ്റനേകർക്കു പരിക്കേറ്റു. അടുത്ത ദിവസം കനത്ത ബോംബാക്രമണം നടന്നു. ശക്തമായ സ്‌ഫോടനത്തിന്റെ ഫലമായി ഞാൻ വായുവിലേക്കു ചുഴറ്റി എറിയപ്പെട്ടു.

സഹോദരന്മാരിൽ ഒരാളായ ഫ്രിറ്റ്‌സ്‌ ഉൾറിക്‌ എന്റെ സഹായത്തിനെത്തി. എനിക്കു ജീവൻ കാണുമെന്ന പ്രതീക്ഷയിൽ അദ്ദേഹം നാശാവശിഷ്ടങ്ങൾ ചികഞ്ഞു നോക്കി. അവസാനം എന്നെ കണ്ടെത്തിയ അദ്ദേഹം അവശിഷ്ടങ്ങൾക്കടിയിൽനിന്ന്‌ എന്നെ വലിച്ചു പുറത്തെടുത്തു. ബോധം തിരിച്ചു കിട്ടിയപ്പോൾ എന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായ പരിക്കുകളുണ്ടെന്നും എനിക്ക്‌ ഒന്നും കേൾക്കാൻ സാധിക്കുന്നില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ എന്റെ കർണപടങ്ങൾ തകരാറിലായിരുന്നു. വർഷങ്ങളോളം എനിക്ക്‌ കേൾവിത്തകരാറുമായി ജീവിക്കേണ്ടിവന്നു. എങ്കിലും അവസാനം അതു നേരെയായി.

ആയിരക്കണക്കിനു വരുന്ന തടവുകാരിൽ വളരെ കുറച്ചുപേർ മാത്രമാണ്‌ ആ ബോംബാക്രമണത്തെ അതിജീവിച്ചത്‌. നമ്മുടെ ചില സഹോദരങ്ങളും കൊല്ലപ്പെട്ടു; അവരിൽ ഗൂസ്റ്റാഫ്‌ ബൗമേർറ്റും ഉണ്ടായിരുന്നു. പരിക്കേറ്റ എനിക്ക്‌ അണുബാധയും ശക്തമായ പനിയും പിടിപെട്ടു. എങ്കിലും, താമസിയാതെതന്നെ സഖ്യകക്ഷികളുടെ സേന ഞങ്ങളെ കണ്ടെത്തി മോചിപ്പിച്ചു. അതിനിടെ, കൊല്ലപ്പെട്ടവരുടെയും കൊലചെയ്യപ്പെട്ടവരുടെയും അഴുകിയ ശവങ്ങൾ നിമിത്തം ടൈഫസ്‌ രോഗം സംക്രമിക്കാനിടയായി. എന്നെയും രോഗം പിടികൂടി. രോഗികളായ മറ്റുള്ളവരോടൊപ്പം എന്നെയും ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഞങ്ങളിൽ മൂന്നുപേർ മാത്രമേ അതിജീവിച്ചുള്ളൂ. അത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ വിശ്വസ്‌തത കാക്കാൻ യഹോവ സഹായിച്ചതിൽ ഞാൻ എത്ര നന്ദിയുള്ളവനായിരുന്നെന്നോ! മരണത്തിന്റെ “കൂരിരുൾതാഴ്‌വരയിൽ”നിന്ന്‌ എന്നെ രക്ഷപ്പെടുത്തിയതിലും ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവനായിരുന്നു.—സങ്കീർത്തനം 23:4.

ഒടുവിൽ സ്വന്തം ഭവനത്തിലേക്ക്‌

ഒടുവിൽ ജർമനി കീഴടങ്ങി. ഇനി എത്രയും വേഗം വീട്ടിലെത്താമല്ലോ എന്ന ചിന്തയായിരുന്നു മനസ്സുനിറയെ. പക്ഷേ അതു വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കാത്തലിക്‌ ആക്‌ഷൻ എന്ന സംഘടനയിൽ അംഗങ്ങളായിരുന്ന ചില മുൻതടവുകാർ എന്നെ തിരിച്ചറിഞ്ഞു. “അവനെ കൊല്ലൂ!” എന്ന്‌ അലറിക്കൊണ്ട്‌ അവർ എന്നെ നിലത്തിട്ടു ചവിട്ടി. ഒരു മനുഷ്യൻ ഇടപെട്ട്‌ അവരുടെ ഉപദ്രവത്തിൽനിന്ന്‌ എന്നെ രക്ഷപ്പെടുത്തി. എങ്കിലും സുഖംപ്രാപിച്ചു പൂർവസ്ഥിതിയിലാകാൻ വളരെക്കാലം വേണ്ടിവന്നു. എനിക്കേറ്റ പരിക്കുകളും ടൈഫസ്‌ ബാധയുടെ ഫലമായുണ്ടായ ക്ഷീണവുമൊക്കെയായിരുന്നു കാരണം. ഏതായാലും ഒടുവിൽ ഞാൻ സ്വന്തം ഭവനത്തിൽ മടങ്ങിയെത്തി. കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനായ എന്റെ സന്തോഷം നിങ്ങൾക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ! അവർക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി; കാരണം ഞാൻ മരിച്ചെന്നാണ്‌ അവർ കരുതിയത്‌.

ഉടനെ ഞങ്ങൾ പ്രസംഗവേല പുനരാരംഭിച്ചു. ആത്മാർഥരായ നിരവധി സത്യാന്വേഷകർ അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. സഭകൾക്കു ബൈബിൾ സാഹിത്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള ചുമതല എനിക്കായിരുന്നു. വെയ്‌മറിൽവെച്ച്‌ മറ്റു സഹോദരന്മാരോടൊപ്പം ജർമനിയിലെ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. യുദ്ധത്തിനുശേഷമുള്ള ആദ്യ വീക്ഷാഗോപുര ലക്കങ്ങൾ ജർമനിയിൽനിന്നും ഞങ്ങൾ പോളണ്ടിലെത്തിച്ചു. ഒട്ടുംവൈകാതെതന്നെ, അവ പരിഭാഷപ്പെടുത്തുകയും അവയുടെ സ്റ്റെൻസിലുകൾ തയ്യാർ ചെയ്‌തു കോപ്പികൾ അച്ചടിക്കുകയും ചെയ്‌തു. ലോഡ്‌സിലുള്ള ഞങ്ങളുടെ ഓഫീസ്‌ പോളണ്ടിലെ വേലയുടെ പൂർണ മേൽനോട്ടം വഹിക്കാൻ തുടങ്ങിയതോടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ സഭകളിൽ ക്രമമായി എത്താൻ തുടങ്ങി. ഒരു പ്രത്യേക പയനിയർ എന്ന നിലയിൽ മുഴുസമയ സുവിശേഷവേലയും ഞാൻ ആരംഭിച്ചു. അതിവിസ്‌തൃതമായ സൈലിഷ്യയിൽ ആയിരുന്നു എന്റെ നിയമനം. അപ്പോഴേക്കും അതിന്റെ ഭൂരിഭാഗം പ്രദേശവും പോളണ്ടിന്റെ കൈവശമായിട്ടുണ്ടായിരുന്നു.

എന്നിരുന്നാലും അധികം താമസിയാതെ യഹോവയുടെ സാക്ഷികൾക്കു വീണ്ടും പീഡനമുണ്ടായി. ഇത്തവണ പുതുതായി വന്ന കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽനിന്ന്‌. ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ 1948-ൽ എന്നെ രണ്ടു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. ജയിലിലായിരിക്കെ നിരവധി തടവുകാരെ ദൈവത്തോട്‌ അടുക്കുന്നതിനു സഹായിക്കാൻ എനിക്കായി. അവരിൽ ഒരാൾ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുകയും പിന്നീട്‌ യഹോവയ്‌ക്കു സമർപ്പിച്ചു സ്‌നാപനമേൽക്കുകയും ചെയ്‌തു.

1952-ൽ ഞാൻ വീണ്ടും ജയിലിലായി. ഐക്യനാടുകൾക്കായി ചാരപ്പണി ചെയ്‌തു എന്നതായിരുന്നു ‘കുറ്റം.’ വിചാരണയ്‌ക്കായി കാത്തിരിക്കവേ ഏകാന്ത തടവിലാക്കപ്പെട്ട എന്നെ രാപകൽ ചോദ്യം ചെയ്‌തു. എങ്കിലും, പീഡകരുടെ കൈയിൽനിന്നെല്ലാം വീണ്ടും യഹോവ എന്നെ വിടുവിച്ചു. പിന്നീടൊരിക്കലും എനിക്ക്‌ അത്തരം പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടതായി വന്നിട്ടില്ല.

സഹിച്ചുനിൽക്കാൻ സഹായകമായ ഘടകങ്ങൾ

പരിശോധനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ആ വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ പ്രോത്സാഹനത്തിന്റെ ചില മുഖ്യ ഉറവുകൾ എന്റെ മനസ്സിലേക്കു വരുന്നു. ആദ്യമായി, സഹിച്ചു നിൽക്കുന്നതിനുള്ള ശക്തി ലഭിച്ചതു യഹോവയിൽനിന്നും അവന്റെ വചനമായ ബൈബിളിൽനിന്നും ആയിരുന്നു. “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”ത്തോടുള്ള മുട്ടിപ്പായ പ്രാർഥനയും അവന്റെ വചനത്തിന്റെ നിത്യേനയുള്ള പഠനവും എന്നെയും മറ്റുള്ളവരെയും വിശ്വാസത്തിൽ നിലനിൽക്കാൻ സഹായിച്ചു. പകർത്തിയെഴുതിയ വീക്ഷാഗോപുര ലേഖനങ്ങളും ആവശ്യമായ ആത്മീയ പോഷണം പ്രദാനം ചെയ്‌തു. തടങ്കൽപ്പാളയങ്ങളിൽ ആയിരിക്കെ, സഹായമനസ്‌കതയും കരുതലുമുള്ള സഹവിശ്വാസികൾ എനിക്കു ശക്തി പകർന്നു.

എന്റെ ഭാര്യ മാരിയ യഹോവയിൽനിന്നുള്ള മറ്റൊരു അനുഗ്രഹമായിരുന്നു. 1950 ഒക്ടോബറിലായിരുന്നു ഞങ്ങളുടെ വിവാഹം. ഞങ്ങൾക്കൊരു മകൾ പിറന്നു, ഹാലീനാ. യഹോവയുടെ സേവനത്തിലും അവിടുത്തെ സ്‌നേഹത്തിലും അവൾ വളർന്നുവന്നു. രോഗവുമായി നീണ്ടകാലം മല്ലിട്ടശേഷം 35 വർഷത്തെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിനു വിരാമമിട്ടുകൊണ്ട്‌ മാരിയ മരണത്തിനു കീഴടങ്ങി. അവളുടെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു, അതൊരു തീരാനഷ്ടമായിരുന്നു. ഞാൻ “വീണുകിടക്കുന്ന”തായി കുറച്ചുകാലം എനിക്കു തോന്നിയെങ്കിലും ഞാൻ “നശിച്ചു”പോയില്ല. (2 കൊരിന്ത്യർ 4:9) ആ വിഷമഘട്ടത്തിൽ എന്റെ മകളും ഭർത്താവും അവരുടെ മക്കളും എനിക്കു താങ്ങായിനിന്നു. അവർ എല്ലാം യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നു.

1990 മുതൽ ഞാൻ പോളണ്ടിലെ ബ്രാഞ്ച്‌ ഓഫീസിൽ സേവിച്ചുവരുന്നു. ബെഥേൽ കുടുംബാംഗങ്ങളുമായുള്ള അനുദിന സഹവാസം മഹത്തായ ഒരു അനുഗ്രഹമാണ്‌. ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്ന ശാരീരിക അസ്വാസ്ഥ്യങ്ങൾ നിമിത്തം കാറ്റിന്റെ ഒഴുക്കിൽപ്പെട്ടു നീങ്ങുന്ന ദുർബലനായ ഒരു കഴുകനെപ്പോലെയാണു ഞാനെന്നു ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്‌. എങ്കിലും ഞാൻ ഭാവിയെ ധൈര്യത്തോടെ നോക്കിക്കാണുന്നു. കൂടാതെ ഇന്നുവരെ “യഹോവ എനിക്കു നന്മ ചെയ്‌തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടു”കയും ചെയ്യുന്നു. (സങ്കീർത്തനം 13:6) സാത്താന്റെ മർദക ഭരണത്തിന്റെ എല്ലാ ദോഷങ്ങളും എന്റെ സഹായിയായ യഹോവ നീക്കം ചെയ്യുന്ന സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 8 1998 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-ാം പേജിലെ 6-ാം ഖണ്ഡിക കാണുക.

^ ഖ. 20 എൽസാ ആബ്‌റ്റിന്റെ ജീവിതകഥയ്‌ക്കായി 1980 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 12-15 പേജുകൾ കാണുക.

^ ഖ. 20 യഹോവയുടെ സാക്ഷികൾ 1928-ൽ പ്രസിദ്ധീകരിച്ച യഹോവയ്‌ക്കുള്ള സ്‌തുതിഗീതങ്ങൾ എന്ന പാട്ടുപുസ്‌തകത്തിലെ 101-ാം ഗീതമാണത്‌. ഇപ്പോഴത്തെ പാട്ടുപുസ്‌തകത്തിലെ 56-ാം ഗീതം.

[10-ാം പേജിലെ ചിത്രം]

തടങ്കൽപ്പാളയത്തിൽവെച്ചു ലഭിച്ച നമ്പറും പർപ്പിൾ ട്രയാംഗിളും

[12-ാം പേജിലെ ചിത്രം]

ഭാര്യ മാരിയയോടൊപ്പം, 1980