വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക

“വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.”—സങ്കീർത്തനം 127:4.

1, 2. ഏതർഥത്തിലാണ്‌ കുട്ടികൾ ‘വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ’ പോലെയായിരിക്കുന്നത്‌?

വില്ലാളി തന്റെ ലക്ഷ്യത്തിലേക്ക്‌ അസ്‌ത്രം തൊടുക്കാൻ തയ്യാറെടുക്കുകയാണ്‌. അസ്‌ത്രമെടുത്തുവെച്ച്‌, വില്ലുവളച്ച്‌, ഉന്നം പിടിക്കുന്നത്‌ ആയാസകരമാണെങ്കിലും, ക്ഷമയോടെയും ശ്രദ്ധയോടെയും അയാൾ അതിനുവേണ്ടി ശ്രമിക്കും. ഉന്നം കിട്ടിക്കഴിഞ്ഞാൽ അസ്‌ത്രം തൊടുക്കുകയായി. അത്‌ ലക്ഷ്യത്തിൽ തറയ്‌ക്കുമോ? അത്‌ അയാളുടെ വൈദഗ്‌ധ്യം, കാറ്റിന്റെ ഗതി, അസ്‌ത്രത്തിന്റെ ഗുണനിലവാരം ഇങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

2 ‘വീരന്റെ കയ്യിലെ അസ്‌ത്രങ്ങളോടാണ്‌’ ശലോമോൻ രാജാവ്‌ കുട്ടികളെ ഉപമിച്ചത്‌. (സങ്കീർത്തനം 127:4) ഈ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം. വില്ലാളിയുടെ വില്ലിൽ അസ്‌ത്രം താരതമ്യേന അൽപ്പസമയമേ ഇരിക്കുന്നുള്ളൂ. ഉന്നംകിട്ടിക്കഴിഞ്ഞാൽ ഉടൻതന്നെ അയാൾ അസ്‌ത്രം ലക്ഷ്യത്തിലേക്കു ശക്തിയോടെ തൊടുത്തുവിടുന്നു. മാതാപിതാക്കളുടെ സാഹചര്യവും സമാനമാണ്‌. യഹോവയോടുള്ള ഹൃദയംഗമമായ സ്‌നേഹം കുട്ടികളിൽ വളർത്തിയെടുക്കാൻ താരതമ്യേന കുറച്ചു സമയമേ അവർക്കു ലഭിക്കുന്നുള്ളൂ. ഏതാനും വർഷങ്ങൾ മാത്രമാണു കുട്ടികൾ വീട്ടിൽ ഉണ്ടാവുക, ആ ചുരുങ്ങിയ വർഷങ്ങൾകൊണ്ട്‌ കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള നിലയിൽ അവർ എത്തുകയും ചെയ്യും. (മത്തായി 19:5) അവർ ലക്ഷ്യത്തിൽ എത്തുമോ, അതായത്‌ കുട്ടികൾ തുടർന്നും യഹോവയെ സ്‌നേഹിക്കുകയും അവനെ സേവിക്കുകയും ചെയ്യുമോ? അതും പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. അതിൽ മൂന്നെണ്ണം മാതാപിതാക്കളുടെ വൈദഗ്‌ധ്യം, കുട്ടികൾ വളർന്നുവരുന്ന സാഹചര്യം, ‘അസ്‌ത്രം’ അല്ലെങ്കിൽ കുട്ടി തനിക്കു ലഭിച്ച പരിശീലനത്തോടു പ്രതികരിക്കുന്ന വിധം എന്നിവയാണ്‌. ഈ മൂന്നു ഘടകങ്ങളും അൽപ്പം വിശദമായി നമുക്കു പരിശോധിക്കാം. ആദ്യമായി വിദഗ്‌ധരായ മാതാപിതാക്കളുടെ ചില സവിശേഷതകൾ നോക്കാം.

വിദഗ്‌ധരായ മാതാപിതാക്കൾ നല്ല മാതൃക വെക്കുന്നു

3. മാതാപിതാക്കളുടെ വാക്കും പ്രവൃത്തിയും യോജിപ്പിൽ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 പഠിപ്പിച്ച കാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ട്‌ യേശു മാതാപിതാക്കൾക്കു നല്ല മാതൃകവെച്ചു. (യോഹന്നാൻ 13:15) അതേസമയം അവൻ പരീശന്മാരെ കുറ്റംവിധിക്കുകയും ചെയ്‌തു, കാരണം അവർ ‘പറയുന്നത്‌’ ഒന്നും ‘ചെയ്യുന്നത്‌’ മറ്റൊന്നും ആയിരുന്നു. (മത്തായി 23:3) യഹോവയെ സ്‌നേഹിക്കാൻ കുട്ടികൾ പ്രചോദിതരാകണമെങ്കിൽ മാതാപിതാക്കളുടെ വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം. പ്രവൃത്തികൾകൊണ്ട്‌ പിന്തുണയ്‌ക്കപ്പെടാത്ത വാക്കുകൾക്കു യാതൊരു അർഥവുമില്ല, ഞാൺ പൊട്ടിയ വില്ലുപോലെ അതു യാതൊരു ഗുണവും ചെയ്യില്ല.—1 യോഹന്നാൻ 3:18.

4. മാതാപിതാക്കൾ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം, എന്തുകൊണ്ട്‌?

4 മാതാപിതാക്കളുടെ മാതൃക വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യേശുവിന്റെ മാതൃകയിലേക്കുനോക്കി ദൈവത്തെ സ്‌നേഹിക്കാൻ മുതിർന്നവർക്കു പഠിക്കാൻ സാധിക്കുന്നതുപോലെ മാതാപിതാക്കളുടെ നല്ല മാതൃക പിന്തുടർന്നു യഹോവയെ സ്‌നേഹിക്കാൻ കുട്ടികൾക്കു പഠിക്കാനാകും. കുട്ടികളുമായി സഹവസിക്കുന്നവർക്ക്‌ ഒന്നുകിൽ അവരുടെ ആത്മീയത ശക്തിപ്പെടുത്താനാകും അല്ലെങ്കിൽ അവരുടെ ‘പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കാനാകും.’ (1 കൊരിന്ത്യർ 15:33, NW) ഒരു കുട്ടിയുടെ ജീവിതത്തിൽ, വിശേഷിച്ചും ഏറ്റവും നിർണായകമായ സ്വഭാവരൂപീകരണ വർഷങ്ങളിൽ, അവനോട്‌ ഏറ്റവും അടുത്തു സഹവസിക്കുന്നത്‌ അവന്റെ മാതാപിതാക്കളാണ്‌. അതുകൊണ്ടു മാതാപിതാക്കൾ പിൻവരുന്ന ചോദ്യങ്ങൾ തങ്ങളോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും: ‘ഞാനുമായുള്ള സഹവാസം കുട്ടിയിൽ എന്തു ഫലമാണ്‌ ഉളവാക്കുന്നത്‌? പ്രയോജനപ്രദമായ ശീലങ്ങൾ വളർത്താൻ എന്റെ മാതൃക കുട്ടിക്കു സഹായകമാകുന്നുണ്ടോ? പ്രാർഥന, ബൈബിൾപഠനം തുടങ്ങി പ്രധാനപ്പെട്ട മേഖലകളിൽ ഏതുതരം മാതൃകയാണു ഞാൻ വെക്കുന്നത്‌?’

കുട്ടികളോടൊത്തു പ്രാർഥിക്കുന്ന മാതാപിതാക്കൾ

5. മാതാപിതാക്കളുടെ പ്രാർഥനകളിൽനിന്നു കുട്ടികൾക്ക്‌ എന്തു പഠിക്കാനാകും?

5 നിങ്ങളുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നതിലൂടെ കുട്ടികൾക്കു യഹോവയെക്കുറിച്ചു ധാരാളം പഠിക്കാനാകും. ഭക്ഷണസമയങ്ങളിൽ നിങ്ങൾ യഹോവയ്‌ക്കു നന്ദി പറയുമ്പോഴും കുടുംബാധ്യയന വേളകളിൽ പ്രാർഥിക്കുമ്പോഴും കുട്ടികൾ എന്തായിരിക്കും പഠിക്കുന്നത്‌? നമ്മുടെ ശാരീരിക ആവശ്യങ്ങൾക്കായി യഹോവ കരുതുന്നുവെന്നും അതിനു നാം നന്ദി പറയേണ്ടതുണ്ടെന്നും അതുപോലെ ആത്മീയ സത്യങ്ങൾ അവൻ നമ്മെ പഠിപ്പിക്കുന്നുവെന്നും അവർ ഗ്രഹിക്കാൻ സാധ്യതയുണ്ട്‌. ഇതൊക്കെ വളരെ വിലപ്പെട്ട പാഠങ്ങളാണ്‌.—യാക്കോബ്‌ 1:17.

6. യഹോവ കുട്ടികളിൽ വ്യക്തിപരമായി താത്‌പര്യമുള്ളവനാണെന്നു നിങ്ങൾക്ക്‌ അവരെ എങ്ങനെ പഠിപ്പിക്കാം?

6 എന്നാൽ ഭക്ഷണ വേളകളിലും കുടുംബാധ്യയന വേളകളിലും പ്രാർഥിക്കുന്നതു കൂടാതെ മറ്റു സന്ദർഭങ്ങളിൽ കുടുംബത്തോടൊപ്പം പ്രാർഥിക്കുകയും അപ്പോഴൊക്കെ നിങ്ങളെയും കുട്ടികളെയും ബാധിക്കുന്ന കാര്യങ്ങൾ പരാമർശിക്കുകയുമാണെങ്കിൽ, അതു കുട്ടികളിൽ ചെലുത്തുന്ന പ്രഭാവം വളരെ വലുതായിരിക്കും. യഹോവയാം ദൈവം നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നും നിങ്ങൾ ഓരോരുത്തരെയും അവൻ വ്യക്തിപരമായി കരുതുമെന്നുമുള്ള തോന്നൽ നിങ്ങൾ കുട്ടികളിൽ ഉൾനടുകയായിരിക്കും ചെയ്യുന്നത്‌. (എഫെസ്യർ 6:18; 1 പത്രൊസ്‌ 5:6, 7) ഒരു പിതാവു പറയുന്നു: “ഞങ്ങളുടെ മകൾ ജനിച്ചപ്പോൾ മുതൽ ഞങ്ങൾ അവളോടൊപ്പം പ്രാർഥിക്കുമായിരുന്നു. അവൾ വളർന്നു വരവേ, ശരിയായ സഹവാസം പോലെ അവളെ ബാധിക്കുന്ന കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെടുത്തിയിരുന്നു. അവൾ വിവാഹം കഴിച്ചു പോകുന്നതുവരെ ഞങ്ങൾ ആ പതിവു മുടക്കിയില്ല.” നിങ്ങൾക്കും കുട്ടികളോടൊപ്പം ദിവസവും പ്രാർഥിക്കാൻ സാധിക്കുമോ? ശാരീരികവും ആത്മീയവുമായ കാര്യങ്ങൾ മാത്രമല്ല അവരുടെ വികാരവിചാരങ്ങളുംകൂടി മനസ്സിലാക്കുന്ന ഒരു സുഹൃത്തായി യഹോവയെ വീക്ഷിക്കാൻ നിങ്ങൾക്കു കുട്ടികളെ പഠിപ്പിക്കാനാകുമോ?—ഫിലിപ്പിയർ 4:6, 7.

7. കാര്യമാത്രപ്രസക്തമായി പ്രാർഥിക്കുന്നതിന്‌ മാതാപിതാക്കൾ എന്ത്‌ അറിയേണ്ടതുണ്ട്‌?

7 നിങ്ങളുടെ പ്രാർഥനകൾ കാര്യമാത്ര പ്രസക്തമായിരിക്കേണ്ടതിന്‌ കുട്ടികളുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതുണ്ട്‌. രണ്ടു കുട്ടികളെ വളർത്തിയ ഒരു പിതാവു പറയുന്നതു ശ്രദ്ധിക്കൂ: “ഓരോ ആഴ്‌ചയുടെയും അവസാനം ഞാൻ രണ്ടു ചോദ്യങ്ങൾ സ്വയം ചോദിക്കുമായിരുന്നു: ‘എന്റെ കുട്ടികൾക്ക്‌ ആശങ്കയുണ്ടാക്കിയ എന്തൊക്കെയാണ്‌ ഈ ആഴ്‌ച സംഭവിച്ചത്‌? അവരെ സന്തോഷിപ്പിച്ച ചില കാര്യങ്ങൾ എന്തൊക്കെ ആയിരുന്നു?’” മാതാപിതാക്കളേ, ഇതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്കു ചോദിക്കാനും എന്നിട്ട്‌ അവയുടെ ഉത്തരങ്ങൾ കുട്ടികളുമൊത്തുള്ള പ്രാർഥനയിൽ ഉൾപ്പെടുത്താനും സാധിക്കുമോ? അങ്ങനെ ചെയ്യുകവഴി, പ്രാർഥന കേൾക്കുന്നവനായ യഹോവയോടു പ്രാർഥിക്കാൻ മാത്രമല്ല അവനെ സ്‌നേഹിക്കാനുംകൂടി നിങ്ങൾ അവരെ പഠിപ്പിക്കുകയാണ്‌.—സങ്കീർത്തനം 65:2.

വിദഗ്‌ധരായ മാതാപിതാക്കൾ നല്ല പഠനശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

8. ദൈവവചനം പഠിക്കുകയെന്ന ശീലം വളർത്തിയെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 ബൈബിൾ പഠനത്തോടുള്ള മാതാപിതാക്കളുടെ മനോഭാവം ദൈവവുമായുള്ള കുട്ടികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കും? ഏതു ബന്ധവും വളരണമെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്നവർ പരസ്‌പരം സംസാരിക്കുക മാത്രമല്ല പറയുന്നതു ശ്രദ്ധിക്കുകയും വേണം. യഹോവ പറയുന്നത്‌ എന്താണെന്നു ശ്രദ്ധിക്കാനുള്ള ഒരു മാർഗം വിശ്വസ്‌ത അടിമ പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു ബൈബിൾ പഠിക്കുക എന്നതാണ്‌. (മത്തായി 24:45-47; സദൃശവാക്യങ്ങൾ 4:1, 2) അതുകൊണ്ട്‌ യഹോവയുമായി നിലനിൽക്കുന്നതും സ്‌നേഹനിർഭരവുമായ ബന്ധം കുട്ടികൾ ഉണ്ടാക്കിയെടുക്കുന്നതിന്‌ ദൈവവചനം പഠിക്കുകയെന്ന ശീലം വളർത്തിയെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം.

9. നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?

9 നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാം? ഇവിടെയും മാതാപിതാക്കളുടെ മാതൃകതന്നെയാണു മുഖ്യം. നിങ്ങൾ ക്രമമായി ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും കുട്ടികൾ കാണുന്നുണ്ടോ? കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ നിങ്ങൾക്കു വളരെയധികം സമയം ആവശ്യമുണ്ടെന്നതു ശരിയാണ്‌, അപ്പോൾപ്പിന്നെ ‘വായിക്കാനും പഠിക്കാനുമൊക്കെ സമയമെവിടെ?’ എന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ചിന്തിക്കുക: ‘ഞാൻ വളരെയധികം സമയം ടെലിവിഷൻ കാണാൻ ചെലവഴിക്കുന്നതായി കുട്ടികൾ നിരീക്ഷിക്കുന്നുണ്ടോ?’ അങ്ങനെയെങ്കിൽ ടിവി കാണുന്ന സമയം വെട്ടിച്ചുരുക്കി ആ സമയം വ്യക്തിപരമായ പഠനത്തിന്‌ ഉപയോഗിച്ചുകൊണ്ട്‌ അവർക്കൊരു നല്ല മാതൃക വെക്കാനാകുമോ?

10, 11. മാതാപിതാക്കൾ ക്രമമായ കുടുംബ ബൈബിളധ്യയനം നടത്തേണ്ടത്‌ എന്തുകൊണ്ട്‌?

10 യഹോവയ്‌ക്കു ചെവികൊടുക്കാൻ കുട്ടികളെ പഠിപ്പിക്കാനുള്ള മറ്റൊരു പ്രായോഗിക മാർഗം അവരൊന്നിച്ചു കുടുംബ ബൈബിളധ്യയനം നടത്തുക എന്നതാണ്‌. (യെശയ്യാവു 30:21) എന്നാൽ ചിലർ ചോദിച്ചേക്കാം, ‘മാതാപിതാക്കൾ കുട്ടികളെ ക്രമമായി സഭായോഗങ്ങൾക്കു കൊണ്ടുപോകുന്നുണ്ടെങ്കിൽപ്പിന്നെ ഒരു കുടുംബാധ്യയനത്തിന്റെ ആവശ്യമുണ്ടോ?’ എന്നാൽ അങ്ങനെ ചെയ്യണമെന്നു പറയാൻ പല കാരണങ്ങളുണ്ട്‌. കുട്ടികളെ പഠിപ്പിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം യഹോവ മാതാപിതാക്കളെയാണു ഭരമേൽപ്പിച്ചിരിക്കുന്നത്‌. (സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:4) ആരാധന എന്നത്‌ പരസ്യമായി മാത്രം ചെയ്യുന്ന ഔപചാരികമായ അനുഷ്‌ഠാനമല്ല പിന്നെയോ കുടുംബത്തിന്റെ സ്വകാര്യതയുടെ ഭാഗവുമാണെന്നു കുടുംബ ബൈബിളധ്യയനം കുട്ടികളെ പഠിപ്പിക്കും.—ആവർത്തനപുസ്‌തകം 6:6-9.

11 മാത്രമല്ല, നല്ല നിലയിൽ നടത്തുന്ന കുടുംബാധ്യയനം കുട്ടികളുടെ മനസ്സിലേക്കുള്ള ഒരു കിളിവാതിൽ കൂടിയാണ്‌. അതിലൂടെ നോക്കിയാൽ ആത്മീയവും ധാർമികവുമായ കാര്യങ്ങളിൽ കുട്ടികളുടെ ചിന്ത എന്താണെന്നു കാണാൻ മാതാപിതാക്കൾക്കാകും. ഉദാഹരണത്തിന്‌ കൊച്ചുകുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക്‌ എന്റെ ബൈബിൾ കഥാപുസ്‌തകം പോലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാം. * ഓരോ ഖണ്ഡികയും പഠിക്കുമ്പോൾ അഭിപ്രായം പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അതിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ യുക്തിയുക്തം ചർച്ച ചെയ്യുമ്പോൾ “നന്മതിന്മകളെ തിരിച്ചറിവാൻ” തക്കവണ്ണം കുട്ടികൾ തങ്ങളുടെ ഗ്രഹണ പ്രാപ്‌തി വികസിപ്പിച്ചെടുത്തേക്കാം.—എബ്രായർ 5:14.

12. കുട്ടികളുടെ ആവശ്യങ്ങൾക്ക്‌ അനുസൃതമായി കുടുംബാധ്യയനം എങ്ങനെ നടത്താനാകും, ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമെന്ന്‌ നിങ്ങൾ കണ്ടിരിക്കുന്നത്‌ എന്താണ്‌?

12 വളർന്നുവരുന്ന കുട്ടികളുടെ ആവശ്യങ്ങൾക്ക്‌ അനുസൃതമായി അധ്യയനം രൂപപ്പെടുത്തേണ്ടതുണ്ട്‌. സ്‌കൂളിലെ ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ടെന്നു കൗമാരത്തിലുള്ള രണ്ടു പെൺകുട്ടികൾ അവരുടെ മാതാപിതാക്കളെ അറിയിച്ചു. ശരിയായ തീരുമാനം എടുക്കാൻ ആ മാതാപിതാക്കൾ എങ്ങനെയാണ്‌ അവരെ സഹായിച്ചത്‌. അവരുടെ പിതാവു പറയുന്നു: “അടുത്ത കുടുംബാധ്യയനത്തിന്റെ സമയത്തു ഞങ്ങൾ കുട്ടികളായും അവർ മാതാപിതാക്കളായും അഭിനയിക്കാമെന്നു ഞങ്ങൾ നിർദേശിച്ചു. കുട്ടികളിൽ ആർക്കുവേണമെങ്കിലും അച്ഛന്റെയോ അമ്മയുടെയോ റോൾ അഭിനയിക്കാമായിരുന്നു. എന്നാൽ കുട്ടികൾ രണ്ടുപേരും ഒരുമിച്ചു നൃത്തപരിപാടികളെക്കുറിച്ചു ഗവേഷണം നടത്തി നിർദേശങ്ങൾ നൽകേണ്ടിയിരുന്നു.” എന്തായിരുന്നു ഫലം? “എത്ര ഉത്തരവാദിത്വബോധമാണു മാതാപിതാക്കളുടെ റോളിൽ കുട്ടികൾ കാണിച്ചതെന്നോ! അത്തരം നൃത്തപരിപാടികളിൽ പങ്കെടുക്കുന്നത്‌ ബുദ്ധിശൂന്യമായിരിക്കുന്നതിന്റെ കാരണങ്ങൾ ബൈബിൾ അടിസ്ഥാനമാക്കി അവർ വിശദീകരിച്ചു.” അദ്ദേഹം തുടരുന്നു: “നൃത്തപരിപാടിക്കു പകരമായി അവർ നിർദേശിച്ച സ്വീകാര്യമായ മറ്റു പരിപാടികൾ ആയിരുന്നു അതിലേറെ ഞങ്ങളെ അത്ഭുതപ്പെടുത്തിയത്‌. ഇതുമൂലം അവരുടെ ചിന്തകളെയും അഭിലാഷങ്ങളെയും കുറിച്ച്‌ കൂടുതലറിയാൻ ഞങ്ങൾക്കു സാധിച്ചു.” കുടുംബാധ്യയനം ക്രമമായും കുടുംബത്തിന്റെ ആവശ്യങ്ങൾക്കു യോജിക്കുന്ന രീതിയിലും നടത്തുന്നതിന്‌ നല്ല ക്ഷമയും ഭാവനയും വേണം. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ തക്ക മൂല്യമുള്ള പ്രവൃത്തിയാണ്‌.—സദൃശവാക്യങ്ങൾ 23:15.

സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക

13, 14. (എ) സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം മാതാപിതാക്കൾക്ക്‌ എങ്ങനെ സൃഷ്ടിക്കാനാകും? (ബി) മാതാപിതാക്കൾ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയോജനം എന്താണ്‌?

13 ഒരു വില്ലാളി സമാധാനപരമായ അന്തരീക്ഷത്തിൽ അസ്‌ത്രം എയ്യുമ്പോൾ അത്‌ ലക്ഷ്യത്തിൽ തറയ്‌ക്കാനുള്ള സാധ്യത കൂടുതലാണ്‌. അതുപോലെ മാതാപിതാക്കൾ സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കിൽ കുട്ടികൾ യഹോവയെ സ്‌നേഹിക്കാൻ പഠിക്കാനുള്ള സാധ്യത കൂടുതലാണ്‌. “സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും” എന്ന്‌ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 3:18) മാതാപിതാക്കൾക്ക്‌ സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാനാകും? ഒന്നാമത്‌, അവർ തമ്മിൽ ഉറ്റബന്ധം ഉണ്ടായിരിക്കണം. പരസ്‌പരം സ്‌നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക്‌, യഹോവയെയും അതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കുക എളുപ്പമാണ്‌. (ഗലാത്യർ 6:7; എഫെസ്യർ 5:32) സ്‌നേഹവും ആദരവും സമാധാനം ഉന്നമിപ്പിക്കും. കുടുംബത്തിൽ ഉളവാകുന്ന സംഘർഷങ്ങളും മറ്റും കൈകാര്യം ചെയ്യാൻ സമാധാനത്തിൽ കഴിയുന്ന ദമ്പതികൾ കൂടുതൽ പ്രാപ്‌തരായിരിക്കും.

14 എല്ലാ അർഥത്തിലും പൂർണരായ ദമ്പതികൾ ഇല്ലാത്തതുപോലെ പൂർണതയുള്ള കുടുംബങ്ങളും ഈ ഭൂമുഖത്തില്ല. കുട്ടികളുമായി ഇടപെടുമ്പോൾ ആത്മാവിന്റെ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടേക്കാം. (ഗലാത്യർ 5:22, 23) അങ്ങനെ സംഭവിക്കുമ്പോൾ അവർ എന്തു ചെയ്യണം? തെറ്റുപറ്റിയതായി അംഗീകരിച്ചാൽ കുട്ടികൾക്ക്‌ അവരോടുള്ള ആദരവ്‌ നഷ്ടപ്പെടുമോ? ഉത്തരത്തിനായി അപ്പൊസ്‌തലനായ പൗലൊസിന്റെ ദൃഷ്ടാന്തം പരിചിന്തിക്കാം. പലർക്കും അദ്ദേഹം ആത്മീയ പിതാവായിരുന്നു. (1 കൊരിന്ത്യർ 4:15) എന്നിരുന്നാലും തനിക്കു തെറ്റുപറ്റിയതായി അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്‌. (റോമർ 7:21-25) പക്ഷേ, അവന്റെ താഴ്‌മയും സത്യസന്ധതയും അവനോടുള്ള നമ്മുടെ ആദരവു കുറയ്‌ക്കുന്നതിനുപകരം കൂട്ടുകയേ ചെയ്‌തിട്ടുള്ളൂ. കുറവുകൾ ഉണ്ടായിരുന്നിട്ടും, “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന്‌ കൊരിന്തിലെ ക്രിസ്‌തീയ സഭയ്‌ക്ക്‌ ആത്മവിശ്വാസത്തോടെ എഴുതാൻ പൗലൊസിനു കഴിഞ്ഞു. (1 കൊരിന്ത്യർ 11:1) സ്വന്തം തെറ്റുകുറ്റങ്ങൾ അംഗീകരിക്കുന്ന പക്ഷം കുട്ടികൾ നിങ്ങളുടെ വീഴ്‌ചകൾ കാര്യമാക്കാതിരുന്നേക്കാം.

15, 16. ക്രിസ്‌തീയ സഹോദരങ്ങളെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌, അതെങ്ങനെ ചെയ്യാൻ സാധിക്കും?

15 കുട്ടികൾ യഹോവയോടുള്ള സ്‌നേഹത്തിൽ വളരാൻ മാതാപിതാക്കൾക്കു മറ്റെന്തുകൂടി ചെയ്യാനാകും? അപ്പൊസ്‌തലനായ യോഹന്നാൻ എഴുതുന്നു: “ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്‌നേഹിക്കുന്നവൻ സഹോദരനെയും സ്‌നേഹിക്കേണം എന്നീ കല്‌പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.” (1 യോഹന്നാൻ 4:20, 21) അതുകൊണ്ട്‌ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുമ്പോൾ ദൈവത്തെ സ്‌നേഹിക്കാൻകൂടി നിങ്ങൾ അവരെ പഠിപ്പിക്കുകയാണു ചെയ്യുന്നത്‌. മാതാപിതാക്കൾ ഈ ചോദ്യമൊന്നു പരിചിന്തിക്കുന്നതു നന്നായിരിക്കും: ‘ക്രിസ്‌തീയ സഭയെക്കുറിച്ചുള്ള എന്റെ സംഭാഷണത്തിൽ നിറഞ്ഞുനിൽക്കുന്ന മനോഭാവം ക്രിയാത്മകമാണോ വിമർശനാത്മകമാണോ?’ അത്‌ അറിയാൻ നിങ്ങളുടെ കുട്ടികൾ യോഗങ്ങളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുക; നിങ്ങളുടെ ചിന്തകളും വിചാരങ്ങളും അവരുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്‌ നിങ്ങൾക്കു കേൾക്കാനാകും.

16 ആത്മീയ സഹോദരങ്ങളെ സ്‌നേഹിക്കുന്നതിന്‌ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാകും. കൗമാരക്കാരായ രണ്ട്‌ ആൺകുട്ടികളുടെ പിതാവ്‌, പീറ്റർ പറയുന്നു: “ഞങ്ങളുടെ കുട്ടികൾ ചെറുപ്പമായിരുന്നപ്പോൾത്തന്നെ, ആത്മീയ പക്വതയുള്ള സഹോദരങ്ങളെ ഭക്ഷണത്തിനും വീട്ടിൽ സമയം ചെലവഴിക്കുന്നതിനുമായി ഞങ്ങൾ ക്ഷണിക്കുമായിരുന്നു. അത്തരം സന്ദർഭങ്ങൾ ഞങ്ങൾ ശരിക്കും ആസ്വദിച്ചു. യഹോവയെ സ്‌നേഹിക്കുന്ന സഹോദരങ്ങളോടു സഹവസിച്ചുകൊണ്ടാണ്‌ ഞങ്ങളുടെ കുട്ടികൾ വളർന്നത്‌. ഫലമോ? ദൈവത്തെ സേവിക്കുന്നത്‌ സന്തുഷ്ടിദായകമായ ജീവിതമാർഗമാണെന്ന്‌ അവർ തിരിച്ചറിഞ്ഞിരിക്കുന്നു.” അഞ്ചു പെൺകുട്ടികളുടെ പിതാവായ ഡെന്നിസ്‌ പറയുന്നു: “സഭയിലെ മുതിർന്ന പയനിയർ സഹോദരങ്ങളോടൊപ്പം കൂട്ടുകൂടാൻ ഞങ്ങൾ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. സാധ്യമായപ്പോഴെല്ലാം സഞ്ചാരമേൽവിചാരകന്മാരോടും ഭാര്യമാരോടും ആതിഥ്യമര്യാദയും ഞങ്ങൾ പ്രകടമാക്കി.” നിങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി സഭയെ വീക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കാനാകുമോ?—മർക്കൊസ്‌ 10:29, 30.

കുട്ടികളുടെ ഉത്തരവാദിത്വം

17. ആത്യന്തികമായി കുട്ടികൾ എടുക്കേണ്ട തീരുമാനം എന്താണ്‌?

17 വില്ലാളിയുടെ ദൃഷ്ടാന്തം ഒരിക്കൽക്കൂടി പരിശോധിക്കാം. നല്ല പ്രാപ്‌തിയുള്ള ആളാണെങ്കിലും അയാൾ ഉപയോഗിക്കുന്ന അസ്‌ത്രം വളവും തിരിവും ഉള്ളതാണെങ്കിൽ അതു ലക്ഷ്യത്തിൽ തറയ്‌ക്കാനുള്ള സാധ്യത വളരെ കുറവാണ്‌. കുട്ടികളിലുള്ള തെറ്റായ ചിന്താഗതികൾ തിരുത്താൻ ശ്രമിച്ചുകൊണ്ട്‌, ആ ആലങ്കാരിക അസ്‌ത്രങ്ങളെ നേരെയാക്കാൻ, മാതാപിതാക്കൾ കഠിനമായി യത്‌നിക്കുമെന്നതു ശരിയാണ്‌. പക്ഷേ ഈ ലോകത്തിന്റെ സ്വാധീനത്തിനു വളഞ്ഞുകൊടുക്കണോ അതോ തങ്ങളുടെ ‘പാതകളെ നേരെയാക്കാൻ’ യഹോവയെ അനുവദിക്കണമോ എന്ന്‌ ആത്യന്തികമായി തീരുമാനിക്കേണ്ടതു കുട്ടികളാണ്‌.—സദൃശവാക്യങ്ങൾ 3:5, 6; റോമർ 12:2.

18. കുട്ടികളുടെ തീരുമാനത്തിന്‌ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാനാകും?

18 “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” കുട്ടികളെ വളർത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്‌തമാണെങ്കിലും മുതിർന്നു കഴിയുമ്പോൾ എങ്ങനെയുള്ള വ്യക്തിയാകണമെന്നു തീരുമാനിക്കേണ്ടതു കുട്ടികളാണ്‌. (എഫെസ്യർ 6:4) അതുകൊണ്ട്‌ കുട്ടികളേ, നിങ്ങളോടുതന്നെ ചോദിക്കുക, ‘മാതാപിതാക്കൾ എനിക്കു സ്‌നേഹപൂർവം നൽകുന്ന പരിശീലനം ഞാൻ സ്വീകരിക്കുമോ?’ ആ പരിശീലനം സ്വീകരിച്ചാൽ ജീവിതത്തിലെ ഏറ്റവും നല്ല വഴിയായിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുന്നത്‌. അതു നിങ്ങളുടെ മാതാപിതാക്കളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. സർവോപരി, നിങ്ങൾ യഹോവയുടെ ഹൃദയത്തെയും സന്തോഷിപ്പിക്കും.—സദൃശവാക്യങ്ങൾ 27:11.

[അടിക്കുറിപ്പ്‌]

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• ബൈബിൾപഠനത്തിന്റെയും പ്രാർഥനയുടെയും കാര്യത്തിൽ മാതാപിതാക്കൾക്കു നല്ല മാതൃകകളാകാൻ സാധിക്കുന്നതെങ്ങനെ?

• സമാധാനപൂർണമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ സാധിക്കും?

• കുട്ടികൾ എന്തു തീരുമാനം എടുക്കേണ്ടതുണ്ട്‌, അതു മറ്റുള്ളവരെ എങ്ങനെ ബാധിക്കും?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ നിങ്ങൾ കുട്ടികൾക്ക്‌ നല്ല മാതൃകയാണോ?

[29-ാം പേജിലെ ചിത്രം]

സമാധാനപൂർണമായ കുടുംബാന്തരീക്ഷം സന്തോഷം ഉളവാക്കും