വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളുടെ ഹൃദയത്തിൽ ദൈവസ്‌നേഹം നട്ടുവളർത്തുക

കുട്ടികളുടെ ഹൃദയത്തിൽ ദൈവസ്‌നേഹം നട്ടുവളർത്തുക

കുട്ടികളുടെ ഹൃദയത്തിൽ ദൈവസ്‌നേഹം നട്ടുവളർത്തുക

യഹോവയാം ദൈവവുമായി ഒരുറ്റബന്ധം സ്ഥാപിക്കുക എന്നത്‌ ഇന്ന്‌ ഒരു വെല്ലുവിളിതന്നെയാണ്‌. (സങ്കീർത്തനം 16:8) മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, “ദുർഘടസമയങ്ങളിൽ” ആണു നാം ജീവിക്കുന്നത്‌. ഭൂരിഭാഗം ആളുകളും ‘ദൈവപ്രിയമില്ലാത്ത ഭോഗപ്രിയരാണ്‌.’ (2 തിമൊഥെയൊസ്‌ 3:1-5) അതേ, ദൈവത്തോടുള്ള യഥാർഥ സ്‌നേഹം ഇന്നു ലോകത്തു വളരെ വിരളമാണ്‌.

അതുകൊണ്ടുതന്നെ കുട്ടികളുടെ ഹൃദയത്തിൽ ദൈവസ്‌നേഹം തനിയെ വളർന്നുകൊള്ളും എന്നു ചിന്തിക്കുന്നതു മണ്ടത്തരമാണ്‌; അതു നട്ടുവളർത്തേണ്ട ഒന്നാണ്‌. അതിനു നമുക്ക്‌ എന്തു ചെയ്യാനാകും?

തുറന്ന ആശയവിനിമയം

നമ്മുടെ ഹൃദയത്തിൽ ദൈവസ്‌നേഹം നിറഞ്ഞു തുളുമ്പുന്നുവെങ്കിൽ മാത്രമേ കുട്ടികളുടെ ഹൃദയത്തിൽ അതു നട്ടുവളർത്താൻ നമുക്കു കഴിയൂ. (ലൂക്കൊസ്‌ 6:40) അതേക്കുറിച്ചു ബൈബിൾ പിൻവരുംവിധം പറയുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും . . . വേണം.”—ആവർത്തനപുസ്‌തകം 6:4-7.

കുട്ടിയുടെ ഹൃദയത്തിൽ ദൈവസ്‌നേഹം നട്ടുവളർത്താൻ നമുക്ക്‌ എങ്ങനെ കഴിയും? ഒന്നാമതായി, കുട്ടിയുടെ ഹൃദയത്തിൽ എന്താണുള്ളതെന്നു നാം മനസ്സിലാക്കണം. രണ്ടാമതായി, നമ്മുടെ ഹൃദയത്തിൽ ഉള്ളതെന്തെന്ന്‌ അവർക്കു വെളിപ്പെടുത്തിക്കൊടുക്കണം.

രണ്ട്‌ ശിഷ്യന്മാരുമൊത്തു യേശുക്രിസ്‌തു എമ്മാവുസ്സിലേക്കു യാത്ര ചെയ്യവേ ആദ്യം അവരുടെ പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ചു തുറന്നു പറയാൻ അവൻ അവരോട്‌ ആവശ്യപ്പെട്ടു. ഏറെനേരം അവർ പറഞ്ഞതു ശ്രദ്ധിച്ചശേഷം മാത്രമാണ്‌ തിരുവെഴുത്തുകൾ വ്യാഖ്യാനിച്ചു കൊടുത്തുകൊണ്ട്‌ യേശു അവരുടെ ചിന്താഗതികളെ തിരുത്തിയത്‌. അവർ പിന്നീട്‌ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ”? അതു തുറന്ന ആശയവിനിമയത്തിന്റെ ഒരു ഉദാഹരണമായിരുന്നു. (ലൂക്കൊസ്‌ 24:15-32) കുട്ടിയുടെ വികാരങ്ങളെന്തെന്നു നമുക്ക്‌ എങ്ങനെ വിവേചിച്ചെടുക്കാൻ കഴിയും?

അടുത്തയിടെ, വിശ്വാസത്തിന്റെ നല്ല മാതൃകകളായ മക്കളുള്ള മാതാപിതാക്കളോട്‌ തുറന്ന ആശയവിനിമയത്തെക്കുറിച്ചു ചോദിക്കുകയുണ്ടായി. അവരുടെ മക്കൾ പ്രായപൂർത്തിയായവരോ അതിലേക്കു നടന്നടുക്കുന്നവരോ ആണ്‌. പ്രായപൂർത്തിയായ നാല്‌ മക്കളുടെ പിതാവാണ്‌ മെക്‌സിക്കോയിൽനിന്നുള്ള ഗ്ലെൻ. * അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക: “മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയം യാദൃച്ഛികമായി നടക്കുന്ന ഒന്നല്ല. ഞാനും ഭാര്യയും പ്രാധാന്യം കുറഞ്ഞ സംഗതികൾ ഒഴിവാക്കിക്കൊണ്ടു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു. അവർ കൗമാരത്തിലായിരിക്കെ, ചിലപ്പോൾ സായാഹ്നം മുഴുവനും അവർക്കൊപ്പം ഇരുന്ന്‌ അവർക്കു പറയാനുള്ളതെല്ലാം ഞങ്ങൾ കേൾക്കുമായിരുന്നു. സമാനമായി, ഭക്ഷണവേളയിലും അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുകവഴി, പലപ്പോഴും അവർ അറിയാതെതന്നെ, അവരുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും ദയാപുരസ്സരം അവ തിരുത്താനും ഞങ്ങൾക്കു സാധിച്ചിരുന്നു.”

നമ്മുടെ ഹൃദയത്തിലുള്ളത്‌ വെളിപ്പെടുത്തുന്നതും തുറന്ന ആശയവിനിമയത്തിൽ ഉൾപ്പെടുന്നു. യേശു പറഞ്ഞു: “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; . . . ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്‌.” (ലൂക്കൊസ്‌ 6:45) റ്റോഷീക്കീയുടെ മൂന്ന്‌ മക്കൾ ജപ്പാനിൽ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നു. അദ്ദേഹം പറയുന്നത്‌ ഇങ്ങനെയാണ്‌: “യഹോവയിൽ ഞാൻ വിശ്വാസമർപ്പിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ അവരോടു പലവട്ടം പറഞ്ഞിട്ടുണ്ട്‌—അവൻ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുവെന്ന്‌ ഉറച്ചു വിശ്വസിക്കാൻ ഇടയായത്‌ എങ്ങനെയെന്നും ബൈബിൾ സത്യമാണെന്നും അത്‌ ഉത്തമ മാർഗദർശിയാണെന്നും തിരിച്ചറിയാൻ സ്വന്തം ജീവിതാനുഭവങ്ങൾ സഹായിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും.” മെക്‌സിക്കോയിൽനിന്നുള്ള സിൻഡി പറയുന്നതു നോക്കുക: “കുട്ടികൾക്കൊപ്പം ഇരുന്നു ഭർത്താവ്‌ എല്ലായ്‌പോഴും പ്രാർഥിച്ചിരുന്നു. ഹൃദയത്തിൽനിന്നുള്ള ആ പ്രാർഥന കേട്ടുവളർന്ന അവർ യഹോവ വെറും സങ്കൽപ്പമല്ലെന്നു തിരിച്ചറിഞ്ഞു.”

നമ്മുടെ മാതൃകയുടെ സ്വാധീനശക്തി

വാക്കുകളെക്കാൾ സ്വാധീനശക്തിയുണ്ട്‌ നമ്മുടെ ജീവിതത്തിന്‌; കാരണം ദൈവത്തെ നാം എത്രത്തോളം സ്‌നേഹിക്കുന്നുവെന്നു അത്‌ കുട്ടികൾക്കു കാണിച്ചുകൊടുക്കുന്നു. യഹോവയോടുള്ള യേശുവിന്റെ അനുസരണം ശ്രദ്ധിച്ച ആളുകൾക്ക്‌ ദൈവത്തോടുള്ള അവന്റെ സ്‌നേഹത്തിന്റെ ആഴം മനസ്സിലായി. യേശു പിൻവരുംവിധം പറഞ്ഞു: “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്‌പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.”—യോഹന്നാൻ 14:31.

വെയ്‌ൽസിലുള്ള യഹോവയുടെ സാക്ഷിയായ ഗാരെത്ത്‌ പറയുന്നതിങ്ങനെ: “നാം യഹോവയെ സ്‌നേഹിക്കുന്നുവെന്നും അവന്റെ വഴികൾക്കു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുവെന്നും മക്കൾ കാണണം. ഉദാഹരണമായി, ദൈവം പറയുന്നത്‌ അനുസരിക്കുന്നതിനോടുള്ള ബന്ധത്തിൽ വരുത്തുന്ന വീഴ്‌ചകൾ ഞാൻ ഉടൻതന്നെ അംഗീകരിക്കുന്നു. അതു കണ്ടുവളർന്ന മക്കൾ ഇപ്പോൾ അതുതന്നെ ചെയ്യാൻ ശ്രമിക്കുന്നു.”

ഓസ്‌ട്രേലിയയിൽനിന്നുള്ള ഗ്രേഗ്‌ പ്രസ്‌താവിക്കുന്നു: “ഞങ്ങളുടെ ജീവിതം സത്യത്തെ മുൻനിറുത്തിയുള്ളതാണെന്നു കുട്ടികൾ കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. ജോലിയോ വിനോദമോ സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ അതു ഞങ്ങളുടെ ക്രിസ്‌തീയ ഉത്തരവാദിത്വങ്ങളെ ബാധിക്കുമോ എന്നാണ്‌ ഞങ്ങൾ ആദ്യം ചിന്തിക്കുന്നത്‌. 19-വയസ്സുള്ള ഞങ്ങളുടെ മകൾ സഹായ പയനിയറിങ്ങിനോടുള്ള ബന്ധത്തിൽ സമാനമായ വിധത്തിൽ ചിന്തിച്ചതു കണ്ടപ്പോൾ ഞങ്ങൾക്ക്‌ അതിയായ സന്തോഷം തോന്നി.”

ദൈവത്തെ അറിയാൻ കുട്ടികളെ സഹായിക്കുക

അറിയാത്ത ഒരു വ്യക്തിയെ സ്‌നേഹിക്കാനോ വിശ്വസിക്കാനോ നമുക്കു കഴിയില്ല. ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾ യഹോവയോടുള്ള സ്‌നേഹത്തിൽ വളരണം എന്ന്‌ ആഗ്രഹിച്ച അപ്പൊസ്‌തലനായ പൗലൊസ്‌ അവർക്ക്‌ ഇപ്രകാരം എഴുതി: ‘നിങ്ങളുടെ സ്‌നേഹം മേല്‌ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വരട്ടെ.’ (ഫിലിപ്പിയർ 1:9) നാലു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന, പെറുവിൽനിന്നുള്ള ഫാൽക്കോനെർയോ പറയുന്നതിങ്ങനെ: “ക്രമമായി അവരോടൊപ്പമിരുന്നു ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും അവരുടെ വിശ്വാസം ശക്തീകരിക്കുന്നു. ചിലപ്പോഴൊക്കെ അങ്ങനെ ചെയ്യാൻ എനിക്കു സാധിക്കാതിരുന്നപ്പോൾ അവരുടെ ദൈവസ്‌നേഹത്തിനു മങ്ങലേൽക്കുന്നതായി ഞാൻ കണ്ടു.” ഓസ്‌ട്രേലിയക്കാരനായ ഗ്യാരി പറയുന്നു: “ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറുന്നതിന്റെ തെളിവുകൾ ഞാൻ മിക്കപ്പോഴും മക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അവരോടു പറയാറുണ്ട്‌. അവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ കുടുംബ ബൈബിളധ്യയനം ഒരു മുഖ്യപങ്കു വഹിച്ചിരിക്കുന്നു.”

വളരെ സൗഹാർദപരവും ആദരണീയവുമായ ഒരു അന്തരീക്ഷത്തിലാണ്‌ കുട്ടിയുടെ ഹൃദയത്തിൽ പരിജ്ഞാനം മെച്ചമായി തുളച്ചിറങ്ങുന്നത്‌. അത്തരം ഒരു അന്തരീക്ഷത്തിൽ പഠനം ആസ്വാദ്യവുമായിരിക്കും. (യാക്കോബ്‌ 3:18) നാലു കുട്ടികളെ വളർത്തുന്ന, ബ്രിട്ടണിൽനിന്നുള്ള ഷോനും പോളിനും ഇങ്ങനെ പറയുന്നു: “കുടുംബാധ്യയന വേളയിൽ കുട്ടികളെ ശകാരിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു, അവർ കുറച്ചു കുസൃതിയൊക്കെ ഒപ്പിച്ചാൽപ്പോലും.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അധ്യയനം ഞങ്ങൾ പലവിധത്തിൽ നടത്തിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ അധ്യയനത്തിനുള്ള വിഷയം തിരഞ്ഞെടുക്കാൻ ഞങ്ങൾ കുട്ടികളെ അനുവദിച്ചു. യഹോവയുടെ സംഘടനയുടെ വീഡിയോകളും കാണാറുണ്ടായിരുന്നു. അതിലെ ചില ഭാഗങ്ങൾ ഞങ്ങൾ വീണ്ടും കാണുകയോ അതേക്കുറിച്ചു സംസാരിക്കാനായി അൽപ്പനേരം നിറുത്തിവെക്കുകയോ ചെയ്‌തിട്ടുണ്ട്‌.” ബ്രിട്ടനിൽനിന്നുള്ള ഒരു മാതാവായ കിം പറയുന്നതിങ്ങനെ: “കുടുംബാധ്യയനത്തിനായി ഞാൻ നന്നായി തയ്യാറാകുന്നതുകൊണ്ട്‌ കുട്ടികളോടു ചിന്തിപ്പിക്കുന്നതരം ചോദ്യങ്ങൾ ചോദിക്കാൻ എനിക്കു കഴിയുന്നു. ഞങ്ങളുടെ പഠനം വളരെ ആസ്വാദ്യമാണ്‌, ഒപ്പം രസകരവും.”

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ . . .

ദൈവത്തിന്റെ സുഹൃത്തുക്കളായ ആളുകളാണ്‌ നമ്മുടെ കുട്ടികൾക്കു ചുറ്റിലുമെങ്കിൽ യഹോവയോടുള്ള സ്‌നേഹവും സത്യാരാധനയോടുള്ള വിലമതിപ്പും അവരിൽ എളുപ്പത്തിൽ തഴയ്‌ക്കും. പ്രയോജനപ്രദമായ വിധത്തിൽ സംസാരിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ സുഹൃത്തുക്കളെ കുട്ടികൾക്കു തരപ്പെടുത്തിക്കൊടുക്കുന്നതിനു നല്ല ശ്രമം ആവശ്യമായിരുന്നേക്കാം. എന്നാൽ, അതു ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌! കൂടാതെ, മുഴുസമയ ശുശ്രൂഷ ജീവിതഗതിയായി തിരഞ്ഞെടുത്തിരിക്കുന്നവരുമായുള്ള സഹവാസത്തിനു വേദിയൊരുക്കുന്നതും ഫലകരമാണ്‌. അനേകരെയും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്‌ ഉത്സുകരായ ദൈവദാസരുമായുള്ള സഹവാസമാണ്‌. മിഷനറിയായി സേവിക്കുന്ന ഒരു സഹോദരി പറയുന്നതു നോക്കുക: “എന്റെ മാതാപിതാക്കൾ നിരവധി അവസരങ്ങളിൽ പയനിയർമാരെ ഭക്ഷണത്തിനു ക്ഷണിച്ചിട്ടുണ്ട്‌. അവരുടെ ശുശ്രൂഷയിൽ അവർ തികച്ചും സന്തുഷ്ടരാണെന്നു മനസ്സിലാക്കിയ ഞാൻ അതേവിധത്തിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചു.”

കുട്ടികളുടെ മനോഭാവം നല്ലതോ മോശമോ ആയ വിധത്തിൽ സ്വാധീനിക്കപ്പെട്ടേക്കാം എന്നതിൽ തർക്കമില്ല. അതുകൊണ്ട്‌ ചീത്ത സഹവാസത്തിന്റെ ദോഷവശങ്ങൾ മാതാപിതാക്കളെന്ന നിലയിലുള്ള നമ്മുടെ വൈദഗ്‌ധ്യത്തിനു വെല്ലുവിളി ഉയർത്തുന്നു. (1 കൊരിന്ത്യർ 15:33) യഹോവയെ സ്‌നേഹിക്കുകയോ അറിയുകയോ ചെയ്യാത്തവരുമായുള്ള ചങ്ങാത്തം എങ്ങനെ ഒഴിവാക്കാമെന്നു കുട്ടികളെ പഠിപ്പിക്കുന്നത്‌ ഒരു കലയാണ്‌. (സദൃശവാക്യങ്ങൾ 13:20) മുമ്പു പരാമർശിച്ച ഷോൻ പറയുന്നു: “സഹപാഠികളോടു സൗഹാർദപരമായി ഇടപെടാൻ ഞങ്ങൾ കുട്ടികളെ പഠിപ്പിച്ചു, ഒപ്പം ആ സൗഹൃദങ്ങൾ സ്‌കൂളിൽത്തന്നെ ഒതുക്കിനിറുത്താനും. പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂളിലെ സ്‌പോർട്‌സിലും പങ്കെടുക്കരുതാത്തത്‌ എന്തുകൊണ്ടെന്നും അവർക്ക്‌ അറിയാമായിരുന്നു.”

പരിശീലനത്തിന്റെ മൂല്യം

സ്വന്തം വിശ്വാസങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ കുട്ടികളെ പരിശീലിപ്പിക്കുകവഴി ദൈവസ്‌നേഹം പ്രകടമാക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയാൻ നാം അവരെ സഹായിക്കുകയാണ്‌. ഐക്യനാടുകളിൽനിന്നുള്ള മാർക്ക്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഔപചാരികമായി പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ മാത്രമല്ല ഏതു സമയത്തും സ്വന്തം വിശ്വാസങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതു ആസ്വാദ്യമാണെന്നു കുട്ടികൾ മനസ്സിലാക്കണമെന്നു ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ട്‌ വിനോദത്തിനായി പാർക്കിലും ബീച്ചിലും വനത്തിലും ഒക്കെ പോകുമ്പോൾ ഞങ്ങൾ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും കൂടെക്കരുതുകയും ഞങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരോടു പങ്കുവെക്കുകയും ചെയ്യുന്നു. ഞങ്ങളോടൊപ്പം ആ വിധത്തിൽ അനൗപചാരികമായി സാക്ഷീകരിക്കുന്നത്‌ കുട്ടികൾ ശരിക്കും ആസ്വദിക്കുന്നു. സംഭാഷണത്തിൽ അവരും പങ്കുചേരുകയും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു പറയുകയും ചെയ്യുന്നു.”

വൃദ്ധ അപ്പൊസ്‌തലനായ യോഹന്നാൻ ദൈവസ്‌നേഹത്തിൽ വളരാൻ അനേകരെ സഹായിച്ചു. അവരെക്കുറിച്ച്‌ അദ്ദേഹം എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) കുട്ടികളുടെ ഹൃദയത്തിൽ നാം ദൈവസ്‌നേഹം നട്ടുവളർത്തുന്നെങ്കിൽ അതേ സന്തോഷം നമുക്കും ലഭിക്കും, തീർച്ച.

[അടിക്കുറിപ്പ്‌]

^ ഖ. 8 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[9-ാം പേജിലെ ചിത്രങ്ങൾ]

വിശ്വാസത്തെക്കുറിച്ചുള്ള തുറന്ന ആശയവിനിമയം യാദൃശ്ചികമായി നടക്കുന്നതല്ല

[10-ാം പേജിലെ ചിത്രം]

ദൈവസ്‌നേഹം പ്രകടമാക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക

[കടപ്പാട്‌]

Courtesy of Green Chimneys Farm