വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോൺ മിൽട്ടന്റെ മറഞ്ഞിരുന്ന പ്രബന്ധം

ജോൺ മിൽട്ടന്റെ മറഞ്ഞിരുന്ന പ്രബന്ധം

ജോൺ മിൽട്ടന്റെ മറഞ്ഞിരുന്ന പ്രബന്ധം

പാരഡൈസ്‌ ലോസ്റ്റ്‌ എന്ന ഇംഗ്ലീഷ്‌ മഹാകാവ്യത്തിന്റെ ഉപജ്ഞാതാവാണ്‌ ജോൺ മിൽട്ടൻ. അദ്ദേഹത്തെപ്പോലെ ലോകത്തെ സ്വാധീനിച്ച എഴുത്തുകാർ അധികമില്ല. “അനേകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ, ചിലരുടെ വെറുപ്പു സമ്പാദിച്ച വ്യക്തിയാണു മിൽട്ടൻ. എന്നാൽ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ വളരെ വിരളമാണ്‌” എന്ന്‌ ഒരു ജീവചരിത്രകാരൻ പറയുന്നു. ഇംഗ്ലീഷ്‌ സാഹിത്യവും സംസ്‌കാരവും ഇന്നോളം അദ്ദേഹത്തോട്‌ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

എങ്ങനെയാണ്‌ ജോൺ മിൽട്ടൻ ഇത്രയധികം സ്വാധീനമുള്ള വ്യക്തി ആയിത്തീർന്നത്‌? ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധം (ഇംഗ്ലീഷ്‌) എന്ന അദ്ദേഹത്തിന്റെ അന്തിമ കൃതി 150 വർഷത്തേക്കു പ്രസിദ്ധീകരിക്കാതിരിക്കാൻ മാത്രം എന്തു വിവാദമാണ്‌ അതിലുണ്ടായിരുന്നത്‌?

അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ

1608-ൽ ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിലാണ്‌ ജോൺ മിൽട്ടൻ ജനിച്ചത്‌. “നന്നേ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ സാഹിത്യപഠനത്തിനായി പിതാവ്‌ എന്നെ ഒരുക്കി. അതിൽ അതീവ താത്‌പര്യമുണ്ടായിരുന്നതു നിമിത്തം 12-ാം വയസ്സു മുതൽ പാതിരാത്രിക്കുമുമ്പ്‌ പഠനം നിറുത്തി ഉറങ്ങാൻ പോകുന്ന ശീലമേ എനിക്കില്ലായിരുന്നു” എന്ന്‌ മിൽട്ടൻ പറയുകയുണ്ടായി. നന്നായി പഠിക്കുമായിരുന്ന അദ്ദേഹം 1632-ൽ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തരബിരുദം നേടി. ചരിത്ര പുസ്‌തകങ്ങളും പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും സാഹിത്യങ്ങളും വായിക്കുന്ന രീതി തുടർന്നു.

ഒരു കവി ആകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, ഇംഗ്ലണ്ടിൽ ഒരു വിപ്ലവം കൊടുമ്പിരികൊള്ളുകയായിരുന്നു. ഒലിവർ ക്രോംവെലിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ്‌ ഒരു കോടതി സ്ഥാപിക്കുകയും അത്‌ 1649-ൽ ചാൾസ്‌ ഒന്നാമൻ രാജാവിനെ വധിക്കുകയും ചെയ്‌തു. അനുനയക്ഷമമായ കൃതികളിലൂടെ ഈ നടപടിയെ പിന്തുണച്ച അദ്ദേഹം ക്രോംവെൽ ഗവൺമെന്റിന്റെ വക്താവായിത്തീർന്നു. കവിയെന്ന നിലയിൽ പ്രശസ്‌തനാകുന്നതിനു മുമ്പുതന്നെ രാഷ്‌ട്രീയം, സദാചാരം എന്നീ വിഷയങ്ങളെക്കുറിച്ച്‌ എഴുതിയ ലഘുലേഖകളെപ്രതി അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു.

രാജഭരണം പുനഃസ്ഥാപിക്കപ്പെട്ടു, അങ്ങനെ 1660-ൽ ചാൾസ്‌ രണ്ടാമൻ അധികാരത്തിൽ വന്നു. ക്രോംവെലുമായുള്ള മുൻകാല സഖിത്വം ഇപ്പോൾ മിൽട്ടന്റെ ജീവൻ അപകടത്തിലാക്കി. ഒളിവിൽ പോയ മിൽട്ടൻ രക്ഷപെട്ടത്‌ പിടിപാടുള്ള സുഹൃത്തുക്കളുടെ സഹായത്താൽ മാത്രമായിരുന്നു. എന്നാൽ ഈ സമയങ്ങളിലെല്ലാം മിൽട്ടൻ ആത്മീയ കാര്യങ്ങളോടുള്ള തന്റെ താത്‌പര്യം മങ്ങലേൽക്കാതെ സൂക്ഷിച്ചു.

‘ബൈബിളെന്ന മാനദണ്ഡം’

ആത്മീയ കാര്യങ്ങളോടുള്ള തന്റെ ആദ്യകാല താത്‌പര്യത്തെക്കുറിച്ച്‌ മിൽട്ടൻ ഇപ്രകാരം എഴുതി: “മൂല ഭാഷകളിലുള്ള പഴയനിയമവും പുതിയനിയമവും ശ്രദ്ധാപൂർവം പഠിക്കാൻ ചെറുപ്പത്തിലേതന്നെ ഞാൻ എന്റെ സമയം ഉഴിഞ്ഞുവെച്ചു.” ധാർമികവും ആത്മീയവുമായ കാര്യങ്ങളിൽ ആശ്രയയോഗ്യമായ ഏക വഴികാട്ടി വിശുദ്ധ തിരുവെഴുത്തുകളാണെന്നു മിൽട്ടൻ തിരിച്ചറിഞ്ഞു. എന്നാൽ, അന്നു പ്രചാരത്തിലിരുന്ന ദൈവശാസ്‌ത്ര കൃതികൾ പരിശോധിച്ച അദ്ദേഹം തികച്ചും നിരാശനായിപ്പോയി. “എന്റെ വിശ്വാസവും രക്ഷയ്‌ക്കായുള്ള പ്രത്യാശയും അർപ്പിക്കാൻ പറ്റിയവയല്ല ഇത്തരം കൃതികൾ എന്നു ഞാൻ കണ്ടെത്തി” എന്ന്‌ അദ്ദേഹം പിന്നീട്‌ എഴുതുകയുണ്ടായി. “ബൈബിളിനെ മാനദണ്ഡമായി ഉപയോഗിച്ചു” കൊണ്ട്‌ തന്റെ വിശ്വാസം അളക്കാൻ ദൃഢനിശ്ചയംചെയ്‌ത അദ്ദേഹം പൊതുവായ ചില വിഷയങ്ങളെ പിന്താങ്ങുന്ന മുഖ്യ തിരുവെഴുത്തുകൾ പട്ടികപ്പെടുത്തുകയും ഇതിൽനിന്നു തിരുവെഴുത്തുകൾ എടുത്ത്‌ ഉദ്ധരിക്കുകയും ചെയ്‌തു.

പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യത്തിന്റെ രചയിതാവായിട്ടാണ്‌ ഇന്നു പൊതുവേ മിൽട്ടൻ ഓർമിക്കപ്പെടുന്നത്‌. മനുഷ്യനു പൂർണത നഷ്ടപ്പെട്ടത്‌ എങ്ങനെയെന്ന ബൈബിൾ വിവരണത്തിന്റെ ഒരു കാവ്യരചനയാണ്‌ പാരഡൈസ്‌ ലോസ്റ്റ്‌. (ഉല്‌പത്തി 3-ാം അധ്യായം) ആദ്യമായി 1667-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയാണ്‌ ഒരു സാഹിത്യകാരനെന്ന പേര്‌ മിൽട്ടന്‌ നേടിക്കൊടുത്തത്‌, പ്രത്യേകിച്ചും ഇംഗ്ലീഷ്‌ സംസാരിക്കുന്നവരുടെ ഇടയിൽ. പാരഡൈസ്‌ റീഗെയിൻഡ്‌ എന്ന രണ്ടാം ഭാഗം അദ്ദേഹം പിന്നീടു പ്രസിദ്ധീകരിച്ചു. ഒരു ഭൗമിക പറുദീസയിലെ മനുഷ്യന്റെ പൂർണതയുള്ള ജീവിതം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തെയും ക്രിസ്‌തുമൂലം ആ പറുദീസ പുനഃസ്ഥാപിക്കുന്നതിനെയും കുറിച്ചുള്ളതാണ്‌ ഈ കവിതകൾ. ഉദാഹരണത്തിന്‌, പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യത്തിൽ ക്രിസ്‌തു “തന്റെ വിശ്വസ്‌തർക്കു പ്രതിഫലം കൊടുക്കുന്ന, സ്വർഗത്തിലെയോ ഭൂമിയിലെയോ നിത്യസൗഭാഗ്യത്തിലേക്ക്‌ അവരെ ആനയിക്കുന്ന” സമയത്തെക്കുറിച്ച്‌ പ്രധാന ദൂതനായ മീഖായേൽ പ്രവചിക്കുന്നതായി വിവരിക്കുന്നു. “മുഴുഭൂമിയും അപ്പോൾ പറുദീസ ആയിരിക്കും, ഏദെനെ വെല്ലുന്ന പറുദീസയും അത്യാനന്ദകരമായ ദിനങ്ങളും തന്നെ,” എന്ന്‌ ഇതു കൂട്ടിച്ചേർക്കുന്നു.

ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധം

ക്രിസ്‌തീയ ജീവിതവും ഉപദേശവും സംബന്ധിച്ച്‌ വിശദമായി ചർച്ചചെയ്യുന്ന ഒരു പുസ്‌തകം എഴുതാനും മിൽട്ടൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്നു. 1652-ഓടെ കാഴ്‌ച പൂർണമായി നഷ്ടമായെങ്കിലും അദ്ദേഹം തന്റെ സെക്രട്ടറിമാരുടെ സഹായത്താൽ മരണംവരെ ഇതിനായി പ്രയത്‌നിച്ചു. തന്റെ ഈ അന്തിമ കൃതിക്ക്‌ വിശുദ്ധ തിരുവെഴുത്തുകളെ മാത്രം ആധാരമാക്കി തയ്യാർചെയ്‌ത ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധം (A Treatise on Christian Doctrine Compiled From the Holy Scriptures Alone) എന്നു പേര്‌ നൽകിയ മിൽട്ടൻ 1674-ൽ ലോകത്തോടു വിടപറഞ്ഞു. അതിന്റെ ആമുഖത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “ഈ വിഷയത്തെക്കുറിച്ച്‌ എഴുതുന്ന മിക്കവാറും എഴുത്തുകാർ, . . . തങ്ങൾ പഠിപ്പിക്കുന്നതിന്റെ ഏക ആധാരമായ തിരുവെഴുത്തു ഭാഗങ്ങൾ അധ്യായത്തിന്റെയും വാക്യത്തിന്റെയും ഹ്രസ്വമായ ഒരു പരാമർശത്തോടെ മാർജിനിൽ മാത്രമായി ഒതുക്കുന്നു. ഞാനാകട്ടെ, ബൈബിളിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള തിരുവെഴുത്ത്‌ ഉദ്ധരണികളാൽ പേജുകൾ നിറഞ്ഞു കവിയുന്ന അളവോളം എഴുതി നിറച്ചിരിക്കുന്നു.” മിൽട്ടൻ പറഞ്ഞതു സത്യമാണ്‌; കാരണം ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധത്തിൽ 9,000-ത്തിലധികം പ്രാവശ്യം തിരുവെഴുത്തുകൾ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്‌തിട്ടുണ്ട്‌.

അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ മടികാണിക്കാത്ത വ്യക്തിയായിരുന്നു മിൽട്ടൻ. എങ്കിലും ഈ കൃതി അദ്ദേഹം പ്രസിദ്ധീകരിച്ചില്ല. എന്തായിരുന്നു കാരണം? സഭയുടെ ഉപദേശങ്ങളും തന്റെ തിരുവെഴുത്തു വിശദീകരണവും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. മാത്രമല്ല, രാജഭരണം പുനഃസ്ഥാപിതമായതോടെ അദ്ദേഹത്തിനു ഗവൺമെന്റിന്റെ പ്രീതിയും നഷ്ടമായി. അതുകൊണ്ട്‌, ശാന്തമായ ഒരു അന്തരീക്ഷത്തിനായി അദ്ദേഹം കാത്തിരുന്നതായി തോന്നുന്നു. എന്തായിരുന്നാലും, മിൽട്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ സെക്രട്ടറി ആ ലാറ്റിൻ കയ്യെഴുത്തുപ്രതിയുമായി ഒരു പ്രസാധകനെ സമീപിച്ചു. പക്ഷേ, അയാൾ അതു പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല. ഇംഗ്ലീഷ്‌ സ്റ്റേറ്റ്‌ സെക്രട്ടറി തുടർന്ന്‌ അതു കണ്ടുകെട്ടി ഫയൽ ചെയ്‌തു. മിൽട്ടന്റെ പ്രബന്ധം വെളിച്ചം കാണാൻ ഒന്നര നൂറ്റാണ്ട്‌ കാത്തിരിക്കേണ്ടിയിരുന്നു.

1823-ൽ ഒരു ക്ലെർക്ക്‌ വിഖ്യാതനായ ആ കവിയുടെ, പേപ്പറിൽ പൊതിഞ്ഞുവെച്ചിരുന്ന കയ്യെഴുത്തുപ്രതി കാണാനിടയായി. അപ്പോൾ ഇംഗ്ലണ്ട്‌ ഭരിച്ചിരുന്ന ജോർജ്‌ നാലാമൻ രാജാവ്‌, പ്രസ്‌തുത കൃതി ലാറ്റിൻ ഭാഷയിൽനിന്നു പരിഭാഷപ്പെടുത്തി പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ കൽപ്പിച്ചു. രണ്ടു വർഷത്തിനു ശേഷം അതു പുറത്തിറങ്ങിയപ്പോൾ ദൈവശാസ്‌ത്രജ്ഞരുടെയും സാഹിത്യകാരന്മാരുടെയും ഇടയിൽ അതിന്റെ കയ്യെഴുത്തുപ്രതി വലിയ കോളിളക്കം സൃഷ്ടിച്ചു. അതു വ്യാജമാണെന്ന്‌ ഉടനടി ഒരു ബിഷപ്പ്‌ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ഏറ്റവും മഹാനായ മതകവിയായി കണക്കാക്കപ്പെടുന്ന മിൽട്ടൻ, സഭയുടെ പ്രിയപ്പെട്ട വിശ്വാസപ്രമാണങ്ങളെ ഇത്ര ശക്തിയുക്തം തള്ളിക്കളയുമെന്ന്‌ ആ ബിഷപ്പിനു വിശ്വസിക്കാനായില്ല. അത്തരം ഒരു പ്രതികരണം മുൻകൂട്ടിക്കണ്ടിരുന്ന പരിഭാഷകൻ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യവും ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധവും തമ്മിലുള്ള 500 സമാനതകൾ അടിക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. *

മിൽട്ടന്റെ വിശ്വാസങ്ങൾ

മിൽട്ടന്റെ കാലമായപ്പോഴേക്കും ഇംഗ്ലണ്ട്‌, പ്രൊട്ടസ്റ്റന്റ്‌ മതനവീകരണത്തെ പിന്താങ്ങുകയും റോമൻ കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്‌തിരുന്നു. വിശ്വാസവും സദാചാരവും സംബന്ധിച്ച്‌ വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നതിനാണ്‌ വിലകൽപ്പിക്കേണ്ടത്‌, പാപ്പയുടെ വാക്കുകൾക്കല്ല എന്നതായിരുന്നു പ്രൊട്ടസ്റ്റന്റുകാരുടെ പൊതുവേയുള്ള വീക്ഷണം. എന്നുവരികിലും, പല പ്രൊട്ടസ്റ്റന്റ്‌ മതോപദേശങ്ങളും ആചാരങ്ങളും തിരുവെഴുത്തധിഷ്‌ഠിതമല്ല എന്ന്‌ ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധത്തിൽ മിൽട്ടൻ വ്യക്തമാക്കുകയുണ്ടായി. തിരുവെഴുത്തു കാരണങ്ങളാൽ, മുൻനിശ്ചയം എന്ന കാൽവിന്റെ പഠിപ്പിക്കലിനെ തള്ളിക്കളഞ്ഞ അദ്ദേഹം സ്വതന്ത്ര ഇച്ഛാശക്തി എന്ന പഠിപ്പിക്കലിനെ പിന്തുണച്ചു. തന്റെ എഴുത്തുകളിൽ ആവർത്തിച്ച്‌ ഉപയോഗിച്ചുകൊണ്ട്‌ യഹോവ എന്ന ദൈവനാമത്തിന്റെ ആദരപൂർവമായ ഉപയോഗത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ദേഹി മരിക്കുന്നുവെന്ന്‌, അതായത്‌ മരണത്തെ അതിജീവിക്കുന്ന ഒരു അദൃശ്യഭാഗം മനുഷ്യനില്ലെന്ന്‌, തിരുവെഴുത്തുകളെ ആധാരമാക്കി മിൽട്ടൻ വാദിച്ചു. ഉല്‌പത്തി 2:7-നെക്കുറിച്ച്‌ അദ്ദേഹം ഇപ്രകാരം എഴുതി: “അങ്ങനെ മനുഷ്യനെ സൃഷ്ടിച്ചശേഷം പറഞ്ഞിരിക്കുന്നു: മനുഷ്യൻ ജീവനുള്ള ദേഹി ആയിത്തീർന്നു. . . . മനുഷ്യൻ രണ്ടല്ല, മനുഷ്യനെ രണ്ടായി വിഭജിക്കാൻ പറ്റുകയുമില്ല. പൊതുവേ വിശ്വസിക്കപ്പെടുന്നതുപോലെ, ശരീരവും ദേഹിയും എന്നു പറയുന്ന വ്യത്യസ്‌തമായ രണ്ടു ഘടകങ്ങളിൽനിന്നോ അത്തരം രണ്ടു ഘടകങ്ങളാലോ നിർമിക്കപ്പെട്ടതല്ല മനുഷ്യൻ. നേരെമറിച്ച്‌, മനുഷ്യനെന്നു പറഞ്ഞാൽ ദേഹിയും ദേഹിയെന്നു പറഞ്ഞാൽ മനുഷ്യനുമാണ്‌.” തുടർന്ന്‌ അദ്ദേഹം ചോദിക്കുന്നു: “മനുഷ്യൻ മുഴുവനായും മരിക്കുമോ, അതോ ശരീരം മാത്രമേ മരിക്കുകയുള്ളോ?” മനുഷ്യൻ മുഴുവനായി മരിക്കുമെന്നതിന്‌ ഒരു പറ്റം തിരുവെഴുത്തു തെളിവുകൾ നിരത്തിയശേഷം അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ദേഹി മരിക്കുന്നുവെന്നതിന്‌ ഞാൻ നൽകുന്ന അവിതർക്കിതമായ വിശദീകരണം ദൈവത്തിന്റെതന്നെയാണ്‌, യെഹെ[സ്‌കേൽ 18:]20: പാപം ചെയ്യുന്ന ദേഹി മരിക്കും.” മരിച്ചുപോയ മനുഷ്യരുടെ പ്രത്യാശ മരണനിദ്രയിൽനിന്നുള്ള ഒരു ഭാവി പുനരുത്ഥാനമാണെന്നു കാണിക്കാനായി ലൂക്കൊസ്‌ 20:37; യോഹന്നാൻ 11:25 എന്നിങ്ങനെയുള്ള തിരുവെഴുത്തുകളും അദ്ദേഹം പരാമർശിക്കുകയുണ്ടായി.

ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധത്തിനെതിരെയുള്ള കോളിളക്കത്തിന്റെ മുഖ്യ കാരണം എന്തായിരുന്നു? ദൈവപുത്രനായ ക്രിസ്‌തു പിതാവായ ദൈവത്തിന്‌ അധീനനാണെന്നതിന്‌ മിൽട്ടൻ നിരത്തിയ ലളിതവും എന്നാൽ ശക്തവുമായ തിരുവെഴുത്തു തെളിവുകളായിരുന്നു. യോഹന്നാൻ 17:3-ഉം യോഹന്നാൻ 20:17-ഉം ഉദ്ധരിച്ചുകൊണ്ട്‌ മിൽട്ടൻ ചോദിക്കുന്നു: “പിതാവ്‌ ക്രിസ്‌തുവിന്റെയും നമ്മുടെയും ദൈവമാണെന്നും ഒരേയൊരു ദൈവമേയുള്ളു എന്നും പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ പിതാവല്ലാതെ ആരാണ്‌ ദൈവം?”

മിൽട്ടൻ ഇങ്ങനെ തുടർന്നു പറയുന്നു: “പുത്രനും അവന്റെ അപ്പൊസ്‌തലന്മാരും, അവർ പറഞ്ഞതിലും എഴുതിയതിലുമെല്ലാം പിതാവ്‌ പുത്രനെക്കാൾ എല്ലാവിധത്തിലും വലിയവൻ ആണെന്നു സമ്മതിക്കുന്നു.” (യോഹന്നാൻ 14:28) “മത്തായി 26:39-ൽ ക്രിസ്‌തുതന്നെയാണു പറയുന്നത്‌: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ. . . . ക്രിസ്‌തുവാണു സത്യദൈവമെങ്കിൽ തന്നോടുതന്നെ പ്രാർഥിക്കുന്നതിനു പകരം പിതാവിനോടു പ്രാർഥിച്ചതെന്തുകൊണ്ടാണ്‌? അവൻ മനുഷ്യനും അതേസമയം അത്യുന്നത ദൈവവുമാണെങ്കിൽ തന്റെ ശക്തിക്ക്‌ അധീനമായ കാര്യത്തിനുവേണ്ടി പ്രാർഥിക്കേണ്ടതുണ്ടായിരുന്നോ? . . . എല്ലായ്‌പോഴും പിതാവിനെ മാത്രം ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്ന പുത്രൻ അതുതന്നെ ചെയ്യാനാണു നമ്മെയും പഠിപ്പിക്കുന്നത്‌.”

മിൽട്ടന്റെ കുറവുകൾ

ജോൺ മിൽട്ടൻ സത്യാന്വേഷി ആയിരുന്നു. എങ്കിലും അദ്ദേഹത്തിനു മാനുഷികമായ കുറവുകൾ ഉണ്ടായിരുന്നു. അദ്ദേഹം അനുഭവിക്കേണ്ടിവന്ന ചില യാതനകൾ അദ്ദേഹത്തിന്റെ ചിന്താഗതിയെ സ്വാധീനിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന്‌, രാജകുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു ജന്മിയുടെ മകളെ വിവാഹം ചെയ്‌തെങ്കിലും ആ വധു അദ്ദേഹത്തെ ഉപേക്ഷിച്ച്‌ ഏതാണ്ട്‌ മൂന്നു വർഷം അവളുടെ വീട്ടുകാരോടൊപ്പം താമസിച്ചു. ഈ സമയത്ത്‌ മിൽട്ടൻ വിവാഹമോചനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ലഘുലേഖകൾ എഴുതി. വിവാഹിത ഇണയുടെ അവിശ്വസ്‌തത—വിവാഹമോചനത്തിന്‌ യേശു വെച്ച ഏക അടിസ്ഥാനം—മാത്രമല്ല, ഇണകൾക്കിടയിലെ വിയോജിപ്പും വിവാഹമോചനത്തിനുള്ള കാരണങ്ങളാണെന്ന്‌ അദ്ദേഹം വാദിച്ചു. (മത്തായി 19:9) ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധത്തിലും മിൽട്ടൻ ഇതേ ആശയം പ്രദീപ്‌തമാക്കി.

മിൽട്ടന്‌ കുറവുകൾ ഉണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട നിരവധി പഠിപ്പിക്കലുകളെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധം വ്യക്തമായി പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ഈ പ്രബന്ധം, വിശുദ്ധ തിരുവെഴുത്തുകളെ തങ്ങളുടെ വിശ്വാസങ്ങളുടെ അന്യൂനമായ അളവുകോലായി ഉപയോഗിക്കാൻ ഇന്നോളമുള്ള അതിന്റെ വായനക്കാരെ പ്രചോദിപ്പിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 14 ക്രിസ്‌തീയ ഉപദേശങ്ങളുടെ പ്രബന്ധത്തിന്റെ ഒരു പുതിയ പരിഭാഷ 1973-ൽ യേൽ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പതിപ്പ്‌ മിൽട്ടന്റെ ലാറ്റിൻ കയ്യെഴുത്തുപ്രതിയുമായി കൂടുതൽ ഒത്തുവരുന്നു.

[11-ാം പേജിലെ ചിത്രം]

ബൈബിളിന്റെ ഉത്സുകനായ പഠിതാവായിരുന്നു മിൽട്ടൻ

[കടപ്പാട്‌]

Courtesy of The Early Modern Web at Oxford

[12-ാം പേജിലെ ചിത്രം]

മിൽട്ടനെ പ്രശസ്‌തനാക്കിയ “പാരഡൈസ്‌ ലോസ്റ്റ്‌”

[കടപ്പാട്‌]

Courtesy of The Early Modern Web at Oxford

[12-ാം പേജിലെ ചിത്രം]

150 വർഷം വെളിച്ചംകാണാതിരുന്ന, മിൽട്ടന്റെ അന്തിമ കൃതി

[കടപ്പാട്‌]

Image courtesy of Rare Books and Special Collections, Thomas Cooper Library, University of South Carolina

[11-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Image courtesy of Rare Books and Special Collections, Thomas Cooper Library, University of South Carolina