വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്കു കരുണ കാണിക്കാം!

നമുക്കു കരുണ കാണിക്കാം!

നമുക്കു കരുണ കാണിക്കാം!

“അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.”—ഗലാത്യർ 6:10.

1, 2. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ കരുണയെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?

ഒരിക്കൽ ഒരു നിയമജ്‌ഞൻ യേശുവിനോടു ചോദിച്ചു: “ആരാണ്‌ എന്റെ അയൽക്കാരൻ?” (NW) മറുപടിയായി യേശു ഈ ദൃഷ്ടാന്തകഥയാണു പറഞ്ഞത്‌: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്‌ത്രം അഴിച്ചു മുറിവേല്‌പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്‌തു. പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ്‌ എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്നു അവനോടു പറഞ്ഞു.” തുടർന്ന്‌ യേശു ആ നിയമജ്ഞനോടു ചോദിച്ചു: “കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [“അയൽക്കാരൻ,” NW] എന്നു നിനക്കു തോന്നുന്നു?” “അവനോടു കരുണ കാണിച്ചവൻ,” എന്നായിരുന്നു മറുപടി.”—ലൂക്കൊസ്‌ 10:25, 29-37എ.

2 അപകടത്തിൽപ്പെട്ട ആളെ ശമര്യക്കാരൻ ശുശ്രൂഷിച്ച വിധത്തിൽനിന്നും കരുണ എന്താണെന്നു വളരെ വ്യക്തമായി മനസ്സിലാക്കാനാകും. അനുകമ്പയോടും ദയയോടുംകൂടി ശമര്യക്കാരൻ പെരുമാറിയത്‌ അപകടത്തിൽപ്പെട്ടയാൾക്ക്‌ എത്ര ആശ്വാസമാണു നൽകിയത്‌! മറ്റൊരു സംഗതി, ശമര്യക്കാരനെ സംബന്ധിച്ചിടത്തോളം അപകടത്തിൽപ്പെട്ടയാൾ ഒരു അപരിചിതനായിരുന്നു. ദേശീയവും, മതപരവും സാംസ്‌കാരികവുമായ അതിരുകളൊന്നും കരുണ കാണിക്കുന്നതിനു തടസ്സമല്ല. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം പറഞ്ഞതിനുശേഷം, യേശു നിയമജ്‌ഞനെ ഉപദേശിച്ചു: “നീയും പോയി അങ്ങനെ തന്നേ ചെയ്‌ക.” (ലൂക്കൊസ്‌ 10:37ബി) ആ ഉപദേശം ചെവിക്കൊണ്ട്‌ നമുക്കും കരുണ കാണിക്കാം. എന്നാൽ എങ്ങനെ? അനുദിന ജീവിതത്തിൽ ഏതൊക്കെ വിധങ്ങളിൽ നമുക്കു കരുണ കാണിക്കാൻ സാധിക്കും?

‘ഒരു സഹോദരൻ വസ്‌ത്രമില്ലാതെ കഴിയുമ്പോൾ’

3, 4. ക്രിസ്‌തീയ സഭയിൽ കരുണ കാണിക്കുന്നതിനു നാം വിശേഷാൽ താത്‌പര്യമുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക,” അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. (ഗലാത്യർ 6:10) അതുകൊണ്ട്‌ നമുക്കാദ്യം സഹവിശ്വാസികളോടു കരുണ കാണിക്കാനാകുന്നത്‌ എങ്ങനെയെന്നു നോക്കാം.

4 അന്യോന്യം കരുണ കാണിക്കാൻ സത്യാരാധകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ശിഷ്യനായ യാക്കോബ്‌ എഴുതി: “കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.” (യാക്കോബ്‌ 2:13) ഈ വാക്യത്തിന്റെ സന്ദർഭം പരിശോധിക്കുകയാണെങ്കിൽ നമുക്കു കരുണ കാണിക്കാനാകുന്ന ചില വഴികൾ കണ്ടെത്താനാകും. ഉദാഹരണത്തിന്‌ യാക്കോബ്‌ 1:27-ൽ നാം വായിക്കുന്നു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” യാക്കോബ്‌ 2:15, 16 -ൽ നമ്മോടു ചോദിക്കുന്നു: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്‌?”

5, 6. നമ്മുടെ പ്രാദേശിക സഭയിൽ നമുക്ക്‌ എങ്ങനെ കരുണ കാണിക്കാം?

5 മറ്റുള്ളവർക്കുവേണ്ടി കരുതുന്നതും അർഹരായവരെ സഹായിക്കുന്നതും സത്യസഭയുടെ ഒരു പ്രമുഖ സവിശേഷതയാണ്‌. നമ്മുടെ ആരാധനയിൽ, മറ്റുള്ളവരോടുള്ള കരുതൽ അവരുടെ കാര്യങ്ങൾ എല്ലാം നന്നായി പോകും എന്ന്‌ ആശംസിക്കുന്നതുകൊണ്ട്‌ അവസാനിക്കുന്നില്ല. മറിച്ച്‌, യഥാർഥ ആവശ്യക്കാർക്കുവേണ്ടി അനുകമ്പയോടും ആർദ്രതയോടും കൂടെ പ്രവർത്തിക്കുന്നതും അതിൽ ഉൾപ്പെടുന്നു. (1 യോഹന്നാൻ 3:17, 18) അതേ, രോഗിയായ ഒരാൾക്കു ഒരു നേരത്തെ ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നതും പ്രായമേറിയ ഒരാളെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നതും ആവശ്യമായി വരുമ്പോൾ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കാനാകും വിധം വാഹനസൗകര്യം ഒരുക്കുന്നതും അർഹരായവരെ കൈയയച്ചു സഹായിക്കുന്നതും ഒക്കെ കരുണ കാണിക്കുന്നതിൽ ഉൾപ്പെടുന്ന സംഗതികളാണ്‌.—ആവർത്തനപുസ്‌തകം 15:7-10.

6 ഭൗതികമായി സഹായിക്കുന്നതിനെക്കാളും പ്രാധാന്യമേറിയ കാര്യമാണ്‌ വളർന്നു വരുന്ന സഭയിലെ അംഗങ്ങളെ ആത്മീയമായി സഹായിക്കുക എന്നത്‌. “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ” എന്നു തിരുവെഴുത്തു നമ്മെ പ്രബോധിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:14) “പ്രായം ചെന്ന സ്‌ത്രീകൾ . . . നല്ല കാര്യങ്ങൾ പഠിപ്പിക്കട്ടെ” എന്ന പ്രോത്സാഹനം അതു നൽകുന്നു. (തീത്തൊസ്‌ 2:3, പി.ഒ.സി. ബൈബിൾ) ക്രിസ്‌തീയ മേൽവിചാരകന്മാരെക്കുറിച്ചു ബൈബിൾ പറയുന്നത്‌ ഇതാണ്‌: “ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.”—യെശയ്യാവു 32:2.

7. കരുണ കാണിക്കുന്നതിനെക്കുറിച്ച്‌ സിറിയൻ അന്ത്യൊക്ക്യയിലെ ശിഷ്യന്മാരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

7 വിധവമാരെയും അനാഥരെയും സഹായം ആവശ്യമുള്ള മറ്റുള്ളവരെയും പ്രാദേശികമായി കരുതിയിരുന്നുവെങ്കിലും, ഒന്നാം നൂറ്റാണ്ടിലെ സഭ ചില സന്ദർഭങ്ങളിൽ മറ്റുസ്ഥലങ്ങളിലുള്ള സഹവിശ്വാസികൾക്കും സഹായം എത്തിച്ചിരുന്നു. ഒരു ഉദാഹരണം നോക്കാം. പ്രവാചകനായ അഗബൊസ്‌ “ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും” എന്നു പ്രവചിച്ചപ്പോൾ സിറിയൻ അന്ത്യൊക്ക്യയിലെ ശിഷ്യന്മാർ “യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്‌തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.” അതവർ “ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.” (പ്രവൃത്തികൾ 11:28-30) ഇന്നത്തെ കാര്യമോ? കൊടുങ്കാറ്റും ഭൂമികുലുക്കവും സൂനാമിയും പോലുള്ള പ്രകൃതിദുരന്തങ്ങളാൽ വലയുന്ന സഹോദരങ്ങളെ സഹായിക്കാൻ ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നു. (മത്തായി 24:45, NW) നമ്മുടെ സമയവും കഴിവും ആസ്‌തികളും ഉപയോഗിച്ചുകൊണ്ട്‌ ഇത്തരം ക്രമീകരണങ്ങളോട്‌ സ്വമേധയാ സഹകരിക്കുന്നത്‌ കരുണ കാണിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്‌.

‘മുഖപക്ഷം കാണിച്ചാൽ’

8. മുഖപക്ഷം കരുണ കാണിക്കുന്നതിനെതിരെ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

8 കരുണയ്‌ക്കും ‘രാജകീയ ന്യായപ്രമാണമായ’ സ്‌നേഹത്തിനും എതിരെ പ്രവർത്തിക്കുന്ന ഒരു സ്വഭാവത്തെക്കുറിച്ചു യാക്കോബ്‌ ഇങ്ങനെ എഴുതി: “മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.” (യാക്കോബ്‌ 2:8, 9) സമ്പന്നരോടും പ്രമാണികളോടും അനർഹമായ പരിഗണന കാണിച്ചാൽ “എളിയവന്റെ നിലവിളി” കേൾക്കാൻ നാം ചായ്‌വുള്ളവരായിരിക്കില്ല. (സദൃശവാക്യങ്ങൾ 21:13) പക്ഷപാതം കരുണയുടെ ആത്മാവിനെ കെടുത്തിക്കളയും. നിഷ്‌പക്ഷമായി പെരുമാറിക്കൊണ്ട്‌ നമുക്കു കരുണ കാണിക്കാം.

9. അർഹിക്കുന്നവർക്ക്‌ പ്രത്യേക പരിഗണന നൽകുന്നത്‌ തെറ്റല്ലാത്തത്‌ എന്തുകൊണ്ട്‌?

9 മുഖപക്ഷം കാണിക്കരുത്‌ എന്നതിന്റെ അർഥം ഒരിക്കലും ആർക്കും പ്രത്യേക പരിഗണന കൊടുക്കരുത്‌ എന്നാണോ? തീർച്ചയായും അല്ല. കൂട്ടുവേലക്കാരനായ എപ്പഫ്രൊദിത്തൊസിനെ സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.” എന്താണു കാരണം? പൗലൊസ്‌ എഴുതുന്നു: “എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്‌തുവിന്റെ വേല നിമിത്തം മരണത്തോളം ആയ്‌പോയത്‌.” (ഫിലിപ്പിയർ 2:25, 29, 30) എപ്പഫ്രൊദിത്തൊസിന്റെ വിശ്വസ്‌ത സേവനം പ്രത്യേക പ്രശംസ അർഹിക്കുന്നതാണ്‌. ഇതിലുപരിയായി 1 തിമൊഥെയൊസ്‌ 5:17-ൽ നാം വായിക്കുന്നു: “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” നല്ല ആത്മീയ ഗുണങ്ങളും അംഗീകാരം അർഹിക്കുന്നതാണ്‌. അത്തരം പരിഗണനകൾ കാണിക്കുന്നത്‌ മുഖപക്ഷം കാണിക്കലല്ല.

‘ഉയരത്തിൽനിന്നുള്ള ജ്ഞാനം കരുണ നിറഞ്ഞതാകുന്നു’

10. നാം നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടതിന്റെ കാരണമെന്താണ്‌?

10 നാവിനെക്കുറിച്ച്‌ യാക്കോബ്‌ എഴുതി: “അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്‌തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നേ സ്‌തോത്രവും ശാപവും പുറപ്പെടുന്നു.” ഇതേ സാഹചര്യത്തിൽതന്നെ യാക്കോബ്‌ തുടർന്നു പറയുന്നു: “എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്‌കു പറകയുമരുതു. ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു. ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.”—യാക്കോബ്‌ 3:8-10എ, 14-17.

11. നാവിന്റെ ഉപയോഗത്തിൽ കരുണ കാണിക്കാനാകുന്നത്‌ എങ്ങനെ?

11 ‘കരുണ നിറഞ്ഞ’ ജ്ഞാനം നമുക്കുണ്ടോയെന്ന്‌ നമ്മുടെ നാവിന്റെ ഉപയോഗത്തിൽനിന്നു നമുക്കു മനസ്സിലാക്കാം. അസൂയയോ ശാഠ്യമോ മൂലം നാം അഹങ്കരിക്കുകയോ നുണ പറയുകയോ അപവാദം പ്രചരിപ്പിക്കുകയോ ചെയ്യുന്നെങ്കിലെന്ത്‌? സങ്കീർത്തനം 94:4 പ്രസ്‌താവിക്കുന്നു: “നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.” നിഷ്‌കളങ്കനായ ഒരു വ്യക്തിയുടെ നല്ല പേര്‌ എത്ര പെട്ടെന്ന്‌ ഒരു അപവാദത്തിനു നശിപ്പിക്കാനാകുമെന്നോ! (സങ്കീർത്തനം 64:2-4) മാത്രമല്ല, ‘ഭോഷ്‌കു പറയുന്ന കള്ളസ്സാക്ഷി’ വരുത്തിവെക്കുന്ന നാശം വളരെ വലുതാണ്‌. (സദൃശവാക്യങ്ങൾ 14:5; 1 രാജാക്കന്മാർ 21:7-13) നാവിന്റെ ദുരുപയോഗത്തെക്കുറിച്ചു ചർച്ച ചെയ്‌തശേഷം യാക്കോബ്‌ പറയുന്നു: “സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.” (യാക്കോബ്‌ 3:10ബി) യഥാർഥ കരുണയുള്ളപ്പോൾ നമ്മുടെ സംസാരം നിർമലവും സമാധാനപരവും ന്യായബോധത്തോടു കൂടിയതും ആയിരിക്കും. യേശു പറഞ്ഞു: “എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കുബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 12:36) നമ്മുടെ സംസാരം കരുണയോടുകൂടിയത്‌ ആയിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

‘നിങ്ങൾ മനുഷ്യരോട്‌ അവരുടെ പിഴകളെ ക്ഷമിക്കുക’

12, 13. (എ) രാജാവിന്‌ വളരെയധികം പണം കൊടുക്കാനുണ്ടായിരുന്ന അടിമയുടെ ദൃഷ്ടാന്തകഥയിൽനിന്നു നമുക്കു കരുണയെക്കുറിച്ച്‌ എന്തു പഠിക്കാം? (ബി) സഹോദരനോടു “ഏഴു എഴുപതു വട്ടം” ക്ഷമിക്കുക എന്നു പറയുന്നതിന്റെ അർഥമെന്താണ്‌?

12 ഒരു രാജാവിന്‌ 6,00,00,000 വെള്ളിക്കാശു കൊടുക്കാനുണ്ടായിരുന്ന അടിമയുടെ ദൃഷ്ടാന്തകഥ കരുണ കാണിക്കാനാകുന്ന മറ്റൊരു വിധം നമുക്കു കാണിച്ചുതരുന്നു. പണം മടക്കിക്കൊടുക്കാൻ യാതൊരു മാർഗവുമില്ലാതിരുന്ന അടിമ കരുണയ്‌ക്കുവേണ്ടി യാചിക്കുന്നു. “മനസ്സലിഞ്ഞ” രാജാവ്‌ അവന്റെ കടം ഇളച്ചുകൊടുത്തു. എന്നാൽ ഈ അടിമ പുറത്തുപോയപ്പോൾ തനിക്ക്‌ 100 വെള്ളിക്കാശു കടപ്പെട്ടിരുന്ന മറ്റൊരു അടിമയെ കാണുകയും അവനെ നിർദ്ദയം ജയിലിൽ അടയ്‌ക്കുകയും ചെയ്‌തു. രാജാവ്‌ ഇതിനെക്കുറിച്ച്‌ അറിഞ്ഞപ്പോൾ താൻ ക്ഷമകൊടുത്ത അടിമയെ വിളിച്ചുവരുത്തി അവനോടു പറഞ്ഞു: “ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചു തന്നുവല്ലോ. എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ.” തുടർന്ന്‌ അവനെ ജയിലിലടയ്‌ക്കുകയും ചെയ്‌തു. “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും” എന്നു പറഞ്ഞുകൊണ്ട്‌ യേശു ആ ഉപമ ഉപസംഹരിച്ചു.—മത്തായി 18:23-35.

13 ക്ഷമിക്കുന്നതും കരുണ കാണിക്കുന്നതിൽ ഉൾപ്പെടുന്നു എന്ന്‌ എത്ര ശക്തമായാണ്‌ ഈ ദൃഷ്ടാന്തകഥ ചൂണ്ടിക്കാണിക്കുന്നത്‌! പാപത്തിന്റെ വലിയ കടമാണ്‌ യഹോവ നമ്മോടു ക്ഷമിച്ചിരിക്കുന്നത്‌. അപ്പോൾ നാമും ‘മനുഷ്യരോട്‌ അവരുടെ പിഴകളെ ക്ഷമിക്കേണ്ടതല്ലേ’? (മത്തായി 6:14, 15) യേശു, കരുണ കാണിക്കാതിരുന്ന അടിമയുടെ ഈ ദൃഷ്ടാന്തകഥ പറയുന്നതിനുമുമ്പാണ്‌ പത്രൊസ്‌ അവനോട്‌ “കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കണം? ഏഴുവട്ടം മതിയോ” എന്നു ചോദിച്ചത്‌. അപ്പോൾ യേശു അവനോട്‌ “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (മത്തായി 18:21, 22) അതേ, കാരുണ്യവാനായ ഒരു മനുഷ്യൻ “ഏഴു എഴുപതു വട്ടം” അതായതു കണക്കില്ലാതെ ക്ഷമിക്കാൻ തയ്യാറാണ്‌.

14. മത്തായി 7:1-4-നു ചേർച്ചയിൽ നമുക്ക്‌ അനുദിനം കരുണ കാണിക്കാനാകുന്നതെങ്ങനെ?

14 കരുണ കാണിക്കാൻ ഇനി മറ്റൊരു മാർഗവുമുണ്ട്‌. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; . . . എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?” (മത്തായി 7:1-4) അതുകൊണ്ട്‌ മറ്റുള്ളവരെ അമിതമായി വിമർശിക്കുന്നതിനുപകരം അവരുടെ ബലഹീനതകൾ സഹിച്ചുകൊണ്ട്‌ നമുക്ക്‌ അനുദിനം കരുണ കാണിക്കാനാകും.

“എല്ലാവർക്കും . . . നന്മചെയ്‌ക”

15. കരുണാപ്രവൃത്തികൾ സഹവിശ്വാസികൾക്കിടയിൽ മാത്രമായി ഒതുങ്ങുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

15 സഹവിശ്വാസികളോടു കരുണ കാണിക്കുന്നതിനെക്കുറിച്ചാണ്‌ യാക്കോബ്‌ തന്റെ ലേഖനത്തിൽ എടുത്തു പറയുന്നതെങ്കിലും കരുണാപ്രവൃത്തികൾ ക്രിസ്‌തീയ സഭയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു എന്ന്‌ അതിനർഥമില്ല. “യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു” എന്ന്‌ സങ്കീർത്തനം 145:9 പറയുന്നു. ആകയാൽ ‘ദൈവത്തെ അനുകരിക്കാനും’ ‘എല്ലാവർക്കും നന്മചെയ്യാനും’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 5:1; ഗലാത്യർ 6:10) നാം “ലോകത്തെയും ലോകത്തിലുള്ളതിനെയും” സ്‌നേഹിക്കുന്നില്ലെങ്കിലും ലോകത്തിലുള്ളവരുടെ ആവശ്യങ്ങൾക്കുനേരെ നാം കണ്ണടയ്‌ക്കുന്നില്ല.—1 യോഹന്നാൻ 2:15.

16. മറ്റുള്ളവരോടു കരുണ കാണിക്കുമ്പോൾ ഏതൊക്കെ ഘടകങ്ങൾ കണക്കിലെടുക്കണം?

16 “മുൻകൂട്ടിക്കാണാൻ കഴിയാത്ത” കാര്യങ്ങൾക്ക്‌ ഇരയാകുന്നവരെയോ അല്ലെങ്കിൽ ഗുരുതരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവരെയോ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം എപ്പോഴും തയ്യാറായിരിക്കണം. (സഭാപ്രസംഗി 9:11, NW) എന്തു ചെയ്യാൻ സാധിക്കും, എത്രത്തോളം ചെയ്യാനാകും എന്നതൊക്കെ നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. (സദൃശവാക്യങ്ങൾ 3:27) ഭൗതികമായി മറ്റുള്ളവരെ സഹായിക്കുമ്പോൾ നല്ലതെന്നു കരുതി നാം ചെയ്യുന്ന പ്രവൃത്തികൾ മടിയും ഉദാസീനതയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. (സദൃശവാക്യങ്ങൾ 20:1, 4; 2 തെസ്സലൊനീക്യർ 3:10-12) അതുകൊണ്ട്‌, ഒരു യഥാർഥ കരുണാപ്രവൃത്തിയിൽ അനുകമ്പയുടെയും സഹതാപത്തിന്റെയും ആർദ്രവികാരങ്ങളോടൊപ്പം കാര്യകാരണസഹിതം ചിന്തിക്കുന്നതും ഉൾപ്പെടുന്നു.

17. ക്രിസ്‌തീയ സഭയ്‌ക്ക്‌ പുറത്തുള്ളവരോടു കരുണ കാണിക്കാനാകുന്ന ഏറ്റവും നല്ല മാർഗം എന്താണ്‌?

17 ക്രിസ്‌തീയസഭയിലെ അംഗങ്ങളല്ലാത്തവരോടു കരുണ കാണിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബൈബിൾസത്യം അവരെ അറിയിക്കുക എന്നതാണ്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? മനുഷ്യവർഗത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇന്ന്‌ ആത്മീയ അന്ധകാരത്തിൽ ജീവിക്കുന്നു എന്നതാണു കാരണം. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കു പോംവഴി കാണാനാകാതെ ഉഴലുകയാണവർ, ഭാവിയെക്കുറിച്ച്‌ അവർക്കു വലിയ പ്രതീക്ഷയൊന്നുമില്ല. മിക്കവരും ‘ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമാണ്‌.’ (മത്തായി 9:36) ജീവിതപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ “കാലിന്നു ദീപ”മെന്നപോലെ വെളിച്ചം ചൊരിയാൻ ദൈവവചനത്തിനാകും. കൂടാതെ ഭാവിപ്രത്യാശ ശോഭനമായി നിലനിറുത്താൻ ഭാവി സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്ന്‌ കാണിച്ചുകൊടുത്തുകൊണ്ട്‌ അവരുടെ “പാതെക്കു പ്രകാശ”മായി വർത്തിക്കാനും ബൈബിളിനു സാധിക്കും. (സങ്കീർത്തനം 119:105) ദൈവവചനത്തിലെ മഹത്തായ സന്ദേശം അതർഹിക്കുന്നവർക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ എത്ര വലിയ പദവിയാണ്‌! “മഹോപദ്രവം” (NW) എറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ, രാജ്യഘോഷണത്തിലും ശിഷ്യരെ ഉളവാക്കുന്നതിലും തീക്ഷ്‌ണതയോടെ ഏർപ്പെടേണ്ട സമയമാണിത്‌. (മത്തായി 24:3-8, 21, 22, 36-41; 28:19, 20) ഇത്രയും പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കരുണാപ്രവൃത്തിയും ഇല്ല.

“അകത്തുള്ളതു” കൊടുപ്പിൻ

18, 19. നമ്മുടെ ജീവിതത്തിൽ നാം കൂടുതൽ കരുണാപ്രവൃത്തികൾ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

18 യേശു പറഞ്ഞു, “അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ.” (ലൂക്കൊസ്‌ 11:41) ഒരു നല്ല പ്രവൃത്തി യഥാർഥ കരുണയാകണമെങ്കിൽ അത്‌ നമ്മുടെ ഉള്ളിൽത്തട്ടിയുള്ളതാകണം; അതായത്‌ സ്‌നേഹനിർഭരമായ, സഹായിക്കാൻ തയ്യാറുള്ള ഒരു ഹൃദയത്തിൽനിന്നു വന്നതാവണം. (2 കൊരിന്ത്യർ 9:7) മറ്റുള്ളവരുടെ പ്രശ്‌നങ്ങളോടും കഷ്ടപ്പാടുകളോടും പരിഗണനയില്ലാത്ത സ്വാർഥവും നിഷ്‌ഠുരവുമായ ഈ ലോകത്ത്‌ ഇത്തരം കരുണ എത്ര നവോന്മേഷപ്രദമാണ്‌!

19 അതുകൊണ്ട്‌ ജീവിതത്തിൽ കൂടുതൽ കരുണാപ്രവൃത്തികൾ ചെയ്യാൻ നമുക്ക്‌ ഉത്സുകത കാണിക്കാം. കൂടുതൽ കരുണ കാണിക്കുന്നെങ്കിൽ ദൈവത്തെ കൂടുതൽ നന്നായി അനുകരിക്കുകയാകും നാം ചെയ്യുക. ഇത്‌ അർഥപൂർണവും ധന്യവുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കും.—മത്തായി 5:7.

നിങ്ങൾ എന്തു പഠിച്ചു?

• സഹവിശ്വാസികളോടു കരുണ കാണിക്കേണ്ടത്‌ ഏറെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• കിസ്‌തീയ സഭയ്‌ക്കുള്ളിൽ നമുക്കെങ്ങനെ കരുണ കാണിക്കാം?

• സഭയ്‌ക്കു പുറത്തുള്ളവർക്കു നന്മചെയ്യാൻ നമുക്കെങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ശമര്യക്കാരൻ കരുണ കാണിച്ചു

[27-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ നിർലോഭം കരുണ കാണിക്കുന്നു

[30-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ സഭയിലെ അംഗങ്ങളല്ലാത്തവരോടു കരുണ കാണിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബൈബിൾ സത്യം അവരെ അറിയിക്കുക എന്നതാണ്‌