വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’

‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’

‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’

“നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.”—ലൂക്കൊസ്‌ 6:36, NW.

1, 2. കരുണ അഭികാമ്യമായ ഗുണമാണെന്ന്‌ പരീശന്മാരോടും ശാസ്‌ത്രിമാരോടും ശിഷ്യന്മാരോടുമുള്ള യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്‌ എങ്ങനെ?

അറുന്നൂറോളം നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു മോശൈക ന്യായപ്രമാണം. ഇസ്രായേല്യർ അത്‌ അനുസരിക്കേണ്ടത്‌ ഉണ്ടായിരുന്നെങ്കിലും, കരുണയുള്ളവർ ആയിരിക്കേണ്ടത്‌ അത്യന്തം പ്രധാനമായിരുന്നു. “യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു” എന്ന്‌ ദൈവം അരുളിച്ചെയ്‌ത കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ രണ്ടു സന്ദർഭങ്ങളിൽ, കരുണ കാണിക്കാതിരുന്ന പരീശന്മാരെ യേശു ശാസിക്കുകയുണ്ടായി. (മത്തായി 9:10-13; 12:1-7; ഹോശേയ 6:6) തന്റെ ശുശ്രൂഷയുടെ അവസാന നാളുകളിൽ യേശു പറഞ്ഞു: “കപടഭക്തിക്കാരായ ശാസ്‌ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു.”—മത്തായി 23:23.

2 കരുണ കാണിക്കുന്നതിന്‌ യേശു വലിയ മൂല്യം കൽപ്പിച്ചിരുന്നു എന്നതിനു സംശയമില്ല. “നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ” എന്ന്‌ അവൻ ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്കൊസ്‌ 6:36, NW) എന്നാൽ ഇക്കാര്യത്തിൽ ‘ദൈവത്തെ അനുകരിക്കാൻ,’ കരുണ യഥാർഥത്തിൽ എന്താണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്‌. (എഫെസ്യർ 5:1) കൂടാതെ, കരുണ കാണിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെപ്പറ്റി മനസ്സിലാക്കുന്നത്‌ ആ ഗുണം നമ്മുടെ ജീവിതത്തിൽ നന്നായി പ്രകടമാക്കാൻ നമ്മെ സഹായിക്കും.

പ്രതികൂല സാഹചര്യങ്ങളിലുള്ളവരോടു കരുണ കാണിക്കുക

3. യഥാർഥ കരുണ എന്താണെന്നു പഠിക്കാൻ നാം യഹോവയിലേക്കു നോക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 “യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 145:8, 9) ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമാണ്‌’ യഹോവ. (2 കൊരിന്ത്യർ 1:3) മനസ്സലിവുള്ള ഒരുവൻ മറ്റുള്ളവരോട്‌ അനുകമ്പയോടെ പെരുമാറുന്നു. ദൈവത്തിന്റെ വ്യക്തിത്വത്തിലെ ഒരു പ്രധാന സവിശേഷതയാണിത്‌. അവന്റെതന്നെ ദൃഷ്ടാന്തവും അവൻ നമുക്കു നൽകുന്ന നിർദേശങ്ങളും യഥാർഥ കരുണ എന്താണെന്നു നമ്മെ പഠിപ്പിക്കുന്നു.

4. യെശയ്യാവു 49:15 കരുണയെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?

4 യെശയ്യാവു 49:15-ൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ അനുസരിച്ച്‌ യഹോവ പറയുന്നു: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” കരുണ കാണിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്ന വികാരത്തെ, മുലയൂട്ടുന്ന ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടു തോന്നുന്ന ഊഷ്‌മള വികാരത്തോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. കുഞ്ഞിനോടുള്ള അനുകമ്പയും സഹതാപവും അവന്റെ എന്താവശ്യവും നിറവേറ്റിക്കൊടുക്കാൻ അമ്മയെ പ്രേരിപ്പിക്കുന്നു. താൻ കരുണ കാണിക്കുന്നവരോട്‌ യഹോവയ്‌ക്കും അത്തരം മൃദുല വികാരങ്ങളാണുള്ളത്‌.

5. താൻ ‘കരുണാസമ്പന്നനാണെന്ന്‌’ യഹോവ ഇസ്രായേലിനു തെളിയിച്ചുകൊടുത്തത്‌ എങ്ങനെ?

5 കരുണ തോന്നുന്നത്‌ അഭിനന്ദനാർഹമാണ്‌, എന്നാൽ അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതാണ്‌ അതിലും പ്രശംസാർഹമായ കാര്യം. ഏതാണ്ട്‌ 3,500 വർഷങ്ങൾക്കുമുമ്പ്‌ തന്റെ ആരാധകർ ഈജിപ്‌തിൽ അടിമകളായപ്പോൾ യഹോവ ആ സാഹചര്യത്തോടു പ്രതികരിച്ചത്‌ എങ്ങനെയെന്നു നോക്കുക. അവൻ മോശെയോടു പറഞ്ഞു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു . . .; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു . . . കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.” (പുറപ്പാടു 3:7, 8) ഈജിപ്‌തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടതിനുശേഷം ഏകദേശം 500 വർഷങ്ങൾ കഴിഞ്ഞ്‌ യഹോവ അവരെ ഓർമിപ്പിച്ചു: “ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.” (1 ശമൂവേൽ 10:18) ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളിൽനിന്നു വ്യതിചലിച്ചതിനാൽ ഇസ്രായേല്യർ അടിക്കടി ദുരിതപൂർണമായ സാഹചര്യങ്ങളിലായി. എന്നിരുന്നാലും യഹോവയ്‌ക്ക്‌ അവരോട്‌ അനുകമ്പ തോന്നുകയും കൂടെക്കൂടെ അവൻ അവരുടെ രക്ഷയ്‌ക്കെത്തുകയും ചെയ്‌തു. (ന്യായാധിപന്മാർ 2:11-16; 2 ദിനവൃത്താന്തം 36:15) ഇതു കാണിക്കുന്നത്‌ സ്‌നേഹവാനായ ദൈവം പ്രതിസന്ധികളിലും അപകടത്തിലും ബുദ്ധിമുട്ടിലും ഒക്കെ ആയിരിക്കുന്നവരുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നത്‌ എങ്ങനെയെന്നാണ്‌. ‘കരുണാസമ്പന്നനാണ്‌’ യഹോവ.—എഫെസ്യർ 2:4.

6. കരുണ കാണിക്കുന്നതിൽ യേശുക്രിസ്‌തു തന്റെ പിതാവിനെ അനുകരിച്ചതെങ്ങനെ?

6 കരുണ കാണിക്കുന്നതിൽ യേശു തന്റെ പിതാവിനെ പൂർണമായി അനുകരിച്ചു. “ദാവീദ്‌പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ” എന്നു രണ്ടു കുരുടന്മാർ അവനോടു നിലവിളിച്ചപ്പോൾ അവന്റെ പ്രതികരണം എന്തായിരുന്നു? തങ്ങളുടെ കാഴ്‌ച അത്ഭുതകരമായി പുനഃസ്ഥാപിക്കണമെന്നു യേശുവിനോടു യാചിച്ച അവരുടെ ആഗ്രഹം അവൻ സാധിച്ചുകൊടുത്തു. എന്നാൽ കേവലം ഒരു കടമ നിർവഹിക്കുന്നതുപോലെയല്ല അവനതു ചെയ്‌തത്‌. മറിച്ച്‌, ബൈബിൾ പറയുന്നു: “യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു: ഉടനെ അവർ കാഴ്‌ചപ്രാപിച്ചു.” (മത്തായി 20:30-34) യേശുവിന്റെ മനസ്സലിവ്‌ അല്ലെങ്കിൽ കരുണ പല അത്ഭുതങ്ങളും പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിച്ചു. അത്‌ അന്ധർക്കും ഭൂതഗ്രസ്‌തർക്കും കുഷ്‌ഠരോഗികൾക്കും രോഗികളായ കുട്ടികളുടെ മാതാപിതാക്കൾക്കും അവരുടെ ദുരിതത്തിൽ ആശ്വാസമേകി.—മത്തായി 9:27; 15:22; 17:15; മർക്കൊസ്‌ 5:18, 19; ലൂക്കൊസ്‌ 17:12, 13.

7. യഹോവയുടെയും അവന്റെ പുത്രന്റെയും ദൃഷ്ടാന്തങ്ങൾ കരുണയെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?

7 യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്‌തുവിന്റെയും ദൃഷ്ടാന്തങ്ങൾ കാണിക്കുന്നത്‌ കരുണയ്‌ക്ക്‌ രണ്ടു ഘടകങ്ങളുണ്ടെന്നാണ്‌. പ്രതികൂല സാഹചര്യങ്ങളിൽ ആയിരിക്കുന്നവരോട്‌ അനുകമ്പ, സഹതാപം, മനസ്സലിവ്‌ എന്നിവ തോന്നുന്നതാണ്‌ അതിലൊന്ന്‌. അവരുടെ ദുരിതത്തിൽനിന്ന്‌ അവർക്ക്‌ ആശ്വാസം പ്രദാനം ചെയ്യുന്ന നടപടി എടുക്കുക എന്നതാണ്‌ രണ്ടാമത്തെ ഘടകം. കരുണയുള്ളവർ ആയിരിക്കുന്നതിന്‌ ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ്‌. പ്രതികൂല സാഹചര്യങ്ങളിൽ ആയിരിക്കുന്നവരോടു കാണിക്കുന്ന ദയാപ്രവൃത്തി ആയിട്ടാണ്‌ തിരുവെഴുത്തുകളിൽ മിക്കപ്പോഴും കരുണ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ ഒരു നീതിന്യായ കേസിൽ കരുണ കാണിക്കുന്നത്‌ എന്ത്‌ അർഥമാക്കിയേക്കാം? ശിക്ഷ കൊടുക്കാതിരിക്കുന്നതും അതിൽ ഉൾപ്പെടുമോ, നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്ന ചിന്ത മറ്റുള്ളവരിൽ ഉളവാക്കിയേക്കാമെങ്കിലും.

പാപികളോടു കരുണ കാണിക്കുന്നു

8, 9. ദാവീദിനോടു യഹോവ കരുണ കാണിച്ചതെങ്ങനെ?

8 പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിനു ബത്ത്‌-ശേബയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ചു നാഥാൻ പ്രവാചകൻ അവനോടു സംസാരിച്ചപ്പോൾ എന്താണു സംഭവിച്ചത്‌? ദാവീദ്‌ അനുതപിച്ചു പ്രാർഥിച്ചു: “ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്‌തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്‌തിരിക്കുന്നു.”—സങ്കീർത്തനം 51:1-4.

9 അനുതാപത്താൽ ദാവീദിന്റെ ഹൃദയം നുറുങ്ങിപ്പോയി. യഹോവ അവന്റെ പാപം ക്ഷമിക്കുകയും ദാവീദിന്റെയും ബത്ത്‌-ശേബയുടെയും ശിക്ഷയിൽ ഇളവു വരുത്തുകയും ചെയ്‌തു. മോശൈക നിയമം അനുസരിച്ച്‌ ദാവീദും ബത്ത്‌-ശേബയും വധശിക്ഷയ്‌ക്ക്‌ അർഹരായിരുന്നു. (ആവർത്തനപുസ്‌തകം 22:22) അവർക്ക്‌ അവരുടെ ജീവൻ നഷ്ടമായില്ലെങ്കിലും അവരുടെ പാപത്തിന്റെ പരിണതഫലങ്ങളിൽനിന്ന്‌ അവർ പൂർണമായും വിമുക്തരായില്ല. (2 ശമൂവേൽ 12:13) ദൈവം കരുണ കാണിക്കുമ്പോൾ തെറ്റുകൾ ക്ഷമിക്കുന്നതും അതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ന്യായമായ ശിക്ഷ നൽകുന്നതിൽനിന്ന്‌ അവൻ വിട്ടുനിൽക്കില്ല.

10. കരുണയോടെ യഹോവ ന്യായംവിധിക്കുന്നു എന്നുവെച്ച്‌ അവന്റെ കരുണയെ നാം ഉപേക്ഷയോടെ വീക്ഷിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

10 ‘ഏകമനുഷ്യനാൽ [ആദാം] പാപം . . . ലോകത്തിൽ കടന്നു’വെന്നും “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്നും ബൈബിൾ പറയുന്നു. അതിനാൽ എല്ലാ മനുഷ്യരും മരണാർഹരാണ്‌. (റോമർ 5:12; 6:23) എന്നാൽ കരുണയോടെ നമ്മെ ന്യായംവിധിക്കുന്നു എന്നതിനാൽ നാം യഹോവയോട്‌ എത്ര നന്ദിയുള്ളവരായിരിക്കണം! പക്ഷേ അവന്റെ കരുണയെ നാം ഉപേക്ഷയോടെ കാണരുത്‌. “[യഹോവയുടെ] വഴികൾ ഒക്കെയും ന്യായം” എന്ന്‌ ആവർത്തനപുസ്‌തകം 32:4 നമ്മെ ഓർമിപ്പിക്കുന്നു. കരുണ കാണിക്കുമ്പോഴും യഹോവ തന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു മാറ്റംവരുത്തുന്നില്ല.

11. ബത്ത്‌-ശേബയുമായുള്ള ദാവീദിന്റെ പാപം കൈകാര്യം ചെയ്‌തപ്പോൾ യഹോവ നീതി കാണിച്ചതെങ്ങനെ?

11 ദാവീദിന്റെയും ബത്ത്‌-ശേബയുടെയും വധശിക്ഷ ഇളവു ചെയ്യാനാകുന്നതിനുമുമ്പ്‌ അവരുടെ പാപങ്ങൾ അവരോടു ക്ഷമിക്കേണ്ടിയിരുന്നു. ഇതിനുള്ള അധികാരം ഇസ്രായേല്യ ന്യായാധിപന്മാർക്ക്‌ ഇല്ലായിരുന്നു. അവർ ഈ കേസ്‌ കൈകാര്യം ചെയ്‌തിരുന്നെങ്കിൽ വധശിക്ഷ വിധിക്കുകയല്ലാതെ അവരുടെ മുമ്പിൽ മറ്റു പോംവഴികൾ ഒന്നും ഉണ്ടാകുമായിരുന്നില്ല, കാരണം നിയമം അനുശാസിച്ചിരുന്നത്‌ അതാണ്‌. എന്നിരുന്നാലും ദാവീദുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ദാവീദിന്റെ പാപം ക്ഷമിക്കാനുള്ള അടിസ്ഥാനമുണ്ടോയെന്ന്‌ യഹോവ പരിശോധിച്ചു. (2 ശമൂവേൽ 7:12-16) അതുകൊണ്ട്‌ ‘സർവ്വഭൂമിക്കും ന്യായാധിപതിയായവനും’ ‘ഹൃദയത്തെ ശോധനചെയ്യുന്നവനുമായ’ യഹോവയാം ദൈവം ഇക്കാര്യത്തിൽ നേരിട്ട്‌ ഇടപെടുകയായിരുന്നു. (ഉല്‌പത്തി 18:25; 1 ദിനവൃത്താന്തം 29:17) ദാവീദിന്റെ ഹൃദയവിചാരങ്ങൾ കൃത്യമായി വായിച്ച്‌, അവന്റെ അനുതാപം എത്ര ആത്മാർഥമാണെന്ന്‌ നിർണയിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ക്ഷമ നൽകാനും ദൈവത്തിനു സാധിക്കുമായിരുന്നു.

12. പാപികളായ മനുഷ്യർക്ക്‌ ദൈവത്തിന്റെ കരുണയിൽനിന്നു പ്രയോജനം നേടാനാകുന്നത്‌ എങ്ങനെ?

12 യഹോവയുടെ നീതിക്ക്‌ ചേർച്ചയിലാണ്‌ ആർജിത പാപത്തിന്റെ ശിക്ഷയായ മരണത്തിൽനിന്നു നമ്മെ വിടുവിച്ചുകൊണ്ട്‌ അവൻ നമ്മോടു കരുണ കാണിക്കുന്നത്‌. നീതി ലംഘിക്കപ്പെടാതെ ക്ഷമ സാധ്യമാക്കുന്നതിന്‌, തന്റെ പുത്രനായ യേശുക്രിസ്‌തുമൂലം അവൻ നമുക്കു മറുവില പ്രദാനം ചെയ്‌തു. യഹോവ നമ്മോടു കാണിച്ച ഏറ്റവും വലിയ കരുണയാണത്‌. (മത്തായി 20:28; റോമർ 6:22, 23) ആർജിത പാപത്തിന്റെ ശമ്പളമായ മരണത്തിൽനിന്ന്‌ നമ്മെ വിടുവിക്കാനാകുന്ന ദൈവിക കരുണ നമുക്കു ലഭ്യമാകണമെങ്കിൽ, നാം ‘പുത്രനിൽ വിശ്വസിച്ചേ’ മതിയാകൂ.—യോഹന്നാൻ 3:16, 36.

കരുണയുടെയും നീതിയുടെയും ദൈവം

13, 14. ദൈവത്തിന്റെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുന്നുണ്ടോ? വിശദീകരിക്കുക.

13 യഹോവയുടെ കരുണ അവന്റെ നീതിയുടെ നിലവാരങ്ങൾ ലംഘിക്കുന്നില്ലെങ്കിലും, അത്‌ അവന്റെ നീതിയുടെമേൽ സംശയത്തിന്റെ നിഴൽ വീഴ്‌ത്തുന്നുണ്ടോ? ദിവ്യനീതിയുടെ നിലവാരങ്ങളിൽ ഇളവു വരുത്തിക്കൊണ്ട്‌ കരുണ അതിന്റെ ശക്തി ചോർത്തിക്കളയുന്നുണ്ടോ? ഇല്ല, ഒരിക്കലുമില്ല.

14 ഹോശേയ പ്രവാചകൻ മുഖാന്തരം യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.” (ഹോശേയ 2:19) യഹോവ കരുണ കാണിക്കുന്നത്‌ നീതിയുൾപ്പെടെയുള്ള അവന്റെ മറ്റു ഗുണങ്ങൾക്കു ചേർച്ചയിലാണെന്നാണ്‌ ഈ വാക്കുകൾ വ്യക്തമായും കാണിക്കുന്നത്‌. യഹോവയാം “ദൈവം, കരുണയും കൃപയുമുള്ളവൻ; . . . അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ” ശിക്ഷ നടപ്പാക്കുന്നവൻ ആണ്‌. (പുറപ്പാടു 34:6, 7) യഹോവ കാരുണ്യവാനും നീതിമാനുമാണ്‌. അവനെക്കുറിച്ചു ബൈബിൾ പറയുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം [“നീതിയാകുന്നു,” NW].” (ആവർത്തനപുസ്‌തകം 32:4) ദൈവത്തിന്റെ നീതി പൂർണമാണ്‌, അതുപോലെ അവന്റെ കരുണയും. ഒന്ന്‌ ഒന്നിനെക്കാൾ മേലെ നിൽക്കുന്നില്ല, ഒന്നിനെ മയപ്പെടുത്താൻ മറ്റൊന്ന്‌ ആവശ്യമായിരിക്കുന്നുമില്ല. മറിച്ച്‌ ഈ രണ്ടു ഗുണങ്ങളും സമരസമായി വർത്തിക്കുന്നു.

15, 16. (എ) ദിവ്യനീതി നിഷ്‌ഠുരമല്ലെന്ന്‌ എന്തു കാണിക്കുന്നു? (ബി) യഹോവ ഈ ദുഷ്ട വ്യവസ്ഥിതിയെ ന്യായം വിധിക്കുമ്പോൾ അവന്റെ ആരാധകർക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ സാധിക്കും?

15 നീതി നടപ്പാക്കുന്നതിൽ മിക്കപ്പോഴും നിയമപരമായ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്‌, തെറ്റുചെയ്യുന്നവർക്കു ശിക്ഷ നൽകുന്നത്‌ അതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ്‌. എന്നിരുന്നാലും യഹോവയുടെ നീതി നിഷ്‌ഠുരമല്ല, രക്ഷ അർഹിക്കുന്നവർക്ക്‌ അതു പ്രദാനം ചെയ്യുന്നതും ദൈവികനീതിയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്‌, സൊദോമും ഗൊമോരയും അവയുടെ ദുഷ്ടത കാരണം യഹോവ നശിപ്പിച്ചപ്പോൾ ഗോത്രപിതാവായ ലോത്തിനും അവന്റെ രണ്ടു പെൺമക്കൾക്കും രക്ഷപെടാനുള്ള വഴി അവൻ തുറന്നുകൊടുക്കുകയുണ്ടായി.—ഉല്‌പത്തി 19:12-26.

16 ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ യഹോവ ന്യായവിധി നടപ്പാക്കുമ്പോൾ, ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന’ സത്യാരാധകരുടെ “മഹാപുരുഷാരം”അതിൽനിന്നു വിടുതലുള്ളവരായിരിക്കും. അങ്ങനെ അവർ “മഹാകഷ്ടത്തിൽനിന്നു” പുറത്തുവരും.—വെളിപ്പാടു 7:9-14.

കരുണയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17. കരുണയുള്ളവർ ആയിരിക്കേണ്ടതിന്റെ അടിസ്ഥാന കാരണമെന്ത്‌?

17 യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും ദൃഷ്ടാന്തങ്ങൾ യഥാർഥ കരുണ എന്താണെന്നു നമ്മെ പഠിപ്പിക്കുന്നു. നാം കരുണയുള്ളവർ ആയിരിക്കേണ്ടതിന്റെ അടിസ്ഥാന കാരണം സദൃശവാക്യങ്ങൾ 19:17 ചൂണ്ടിക്കാണിക്കുന്നു: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും.” അന്യോന്യം കരുണ കാണിച്ചുകൊണ്ട്‌ നാം യഹോവയെയും അവന്റെ പുത്രനെയും അനുകരിക്കുമ്പോൾ അവൻ നമ്മിൽ സംപ്രീതനാകും. (1 കൊരിന്ത്യർ 11:1) മാത്രമല്ല, നമ്മുടെ കരുണയാൽ പ്രേരിതരായി മറ്റുള്ളവർ നമ്മോടു കരുണ കാണിക്കാൻ പ്രോത്സാഹിതരായിത്തീരുകയും ചെയ്യും.—ലൂക്കൊസ്‌ 6:38.

18. കരുണയുള്ളവർ ആയിരിക്കാൻ നാം ശ്രമിക്കേണ്ടതിന്റെ കാരണമെന്ത്‌?

18 അനേകം നല്ല ഗുണങ്ങളുടെ മിശ്രമാണ്‌ കരുണ. അതിൽ കൃപ, സ്‌നേഹം, ദയ, നന്മ എന്നിവയെല്ലാം ഉൾപ്പെടുന്നു. അനുകമ്പ, സഹതാപം എന്നീ ആർദ്രവികാരങ്ങളാണ്‌ ഒരുവനെ കരുണ കാണിക്കാൻ പ്രേരിപ്പിക്കുന്നത്‌. ദൈവത്തിന്റെ കരുണ അവന്റെ നീതിക്ക്‌ ഒരിക്കലും മങ്ങലേൽപ്പിക്കുന്നില്ല. എന്നിരുന്നാലും യഹോവ കോപത്തിനു താമസം ഉള്ളവനാണ്‌, തെറ്റുചെയ്യുന്നവർക്കു തെറ്റുതിരുത്തി അനുതാപം കാണിക്കാനുള്ള അവസരം അവൻ ക്ഷമയോടെ നൽകുന്നു. (2 പത്രൊസ്‌ 3:9, 10) അതുകൊണ്ട്‌ കരുണ, ദീർഘക്ഷമയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഫലങ്ങൾ ഉൾപ്പെടെ അനുകരണാർഹമായ പല ഗുണങ്ങൾ സമ്മേളിക്കുന്ന കരുണ ആ ഗുണങ്ങളെല്ലാം വളർത്തിയെടുക്കാനുള്ള ഒരു ചട്ടക്കൂടായി വർത്തിക്കുന്നു. (ഗലാത്യർ 5:22, 23) കരുണയുള്ളവർ ആയിരിക്കുന്നതിനു നാം എത്ര പ്രാധാന്യം നൽകണം!

“കരുണയുള്ളവർ ഭാഗ്യവാന്മാർ”

19, 20. ഏതു വിധത്തിലാണു കരുണ ന്യായവിധിയുടെമേൽ വിജയം നേടുന്നത്‌?

19 കരുണ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആയിരിക്കേണ്ടതിന്റെ കാരണം ശിഷ്യനായ യാക്കോബ്‌ ചൂണ്ടിക്കാണിക്കുന്നു: “കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” (യാക്കോബ്‌ 2:13ബി) യഹോവയുടെ ഒരു ആരാധകൻ മറ്റുള്ളവരോടു കാണിക്കുന്ന കരുണയെയാണ്‌ യാക്കോബ്‌ ഇവിടെ പരാമർശിക്കുന്നത്‌. കരുണ ന്യായവിധിയെ ജയിച്ചടക്കുന്നു എന്നു പറയുമ്പോൾ അതിന്റെ അർഥം, ഒരു വ്യക്തി ‘ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരുന്ന’ സമയത്ത്‌ അവന്റെ കരുണാപ്രവൃത്തികൾ യഹോവ കണക്കിലെടുക്കുകയും ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അവനോടു ക്ഷമിക്കുകയും ചെയ്യും എന്നാണ്‌. (റോമർ 14:12) ദാവീദ്‌ കരുണയുള്ളവൻ ആയതിനാലാണ്‌ ബത്ത്‌-ശേബയുമായുള്ള പാപം ദാവീദിനോടു ക്ഷമിച്ചതെന്നു തീർച്ചയാണ്‌. (1 ശമൂവേൽ 24:4-7) നേരെമറിച്ച്‌, “കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.” (യാക്കോബ്‌ 2:13) അതുകൊണ്ടുതന്നെ കരുണ കാണിക്കാത്തവരെ ‘മരണയോഗ്യരുടെ’ കൂട്ടത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.—റോമർ 1:31, 32.

20 തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്തായി 5:7) ദൈവത്തിൽനിന്നു കരുണ പ്രതീക്ഷിക്കുന്നവർ കരുണയുള്ളവർ ആയിരിക്കണമെന്ന്‌ എത്ര ശക്തമായി ഈ വാക്യം കാണിച്ചുതരുന്നു! ദൈനംദിന ജീവിതത്തിൽ എങ്ങനെ കരുണ കാണിക്കാനാകും എന്ന്‌ അടുത്ത ലേഖനത്തിലൂടെ നമുക്കു പരിചിന്തിക്കാം.

നിങ്ങൾ എന്തു പഠിച്ചു?

• എന്താണു കരുണ?

• ഏതൊക്കെ വിധങ്ങളിൽ കരുണ കാണിക്കാനാകും?

• ഏതു വിധത്തിലാണു യഹോവ നീതിയും കരുണയും ഉള്ളവനായിരിക്കുന്നത്‌?

• നാം കരുണയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നവരോടുള്ള യഹോവയുടെ വികാരം, ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടു തോന്നുന്ന ഊഷ്‌മള വികാരത്തിനു സമമാണ്‌

[23-ാം പേജിലെ ചിത്രം]

യേശുവിന്റെ അത്ഭുത പ്രവൃത്തികളിൽനിന്നു കരുണയെക്കുറിച്ചു നാം എന്തു പഠിക്കുന്നു?

[24-ാം പേജിലെ ചിത്രം]

ദാവീദിനോടു കരുണ കാണിക്കുക വഴി യഹോവ തന്റെ നീതി ലംഘിക്കുകയാണോ ചെയ്‌തത്‌?

[25-ാം പേജിലെ ചിത്രം]

പാപികളായ മനുഷ്യരോടു ദൈവം കരുണ കാണിക്കുന്നത്‌ അവന്റെ നീതിക്കു ചേർച്ചയിലാണ്‌