വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോനാഥാൻ ‘അവൻ ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌’

യോനാഥാൻ ‘അവൻ ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌’

യോനാഥാൻ ‘അവൻ ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌’

ഒളിവിൽ കഴിയുന്ന ഒരുവനെ ആദ്യത്തെ ഇസ്രായേൽ രാജാവിന്റെ മകൻ സന്ദർശിക്കുന്നു. എന്നിട്ട്‌, അവനോട്‌ ഇങ്ങനെ പറയുന്നു: “ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും.”—1 ശമൂവേൽ 23:17.

ആ സന്ദർശകൻ യോനാഥാനും ഒളിവിൽ കഴിയുന്ന വ്യക്തി ദാവീദുമാണ്‌. അതിനുശേഷം അധികം താമസിയാതെ യോനാഥാൻ മരിക്കുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ അവൻ ദാവീദിന്റെ വലങ്കയ്യായി പ്രവർത്തിക്കുമായിരുന്നു.

ദാവീദുമായുള്ള യോനാഥാന്റെ സുഹൃദ്‌ബന്ധം ശ്രദ്ധേയമായിരുന്നു. എന്തിന്‌, യോനാഥാൻതന്നെ ഒരു അസാമാന്യ വ്യക്തിയായിരുന്നു. അവന്റെ സമകാലികർക്കും അങ്ങനെതന്നെ തോന്നി, തത്‌ഫലമായി അവർ അവനെക്കുറിച്ചു പിൻവരുംവിധം പറഞ്ഞു: “അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌.” (1 ശമൂവേൽ 14:45) അവർ അങ്ങനെ അഭിപ്രായപ്പെട്ടത്‌ എന്തുകൊണ്ടാണ്‌? യോനാഥാന്‌ ഉണ്ടായിരുന്ന ചില ഗുണങ്ങൾ ഏതെല്ലാമാണ്‌? അവന്റെ ജീവിതവിവരണത്തിനു നിങ്ങളുടെ ജീവിതത്തിൽ എന്തു പ്രസക്തിയാണുള്ളത്‌?

ഇസ്രായേല്യർ “വിഷമത്തിലായി”

യോനാഥാനെ ബൈബിൾ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇസ്രായേല്യർ ‘വിഷമത്തിലാണ്‌.’ ഫെലിസ്‌ത്യർ അവരുടെ ദേശം കയ്യേറുകയും ഇസ്രായേലിനെ ചെറുത്തുനിൽക്കാൻ കരുത്തില്ലാത്തവരാക്കുകയും ചെയ്‌തിരുന്നു.—1 ശമൂവേൽ 13:5, 6, 17-19.

എന്നിരുന്നാലും, തന്റെ ജനത്തെ ഉപേക്ഷിക്കില്ലെന്നു യഹോവ പ്രസ്‌താവിച്ചു. അതു സംബന്ധിച്ചു യോനാഥാന്‌ ഉറച്ച ബോധ്യമുണ്ടായിരുന്നു. അവന്റെ പിതാവായ ശൗലിനെക്കുറിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “അവൻ എന്റെ ജനത്തെ ഫെലിസ്‌ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും.” യോനാഥാൻ ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചു. കാര്യമായ ആയുധ സന്നാഹങ്ങളൊന്നും കൂടാതെതന്നെ അവൻ ഫെലിസ്‌ത്യരുടെമേൽ വിജയം വരിക്കാൻ 1,000-ത്തോളം വരുന്ന ഇസ്രായേല്യരെ അതിനോടകം നയിച്ചിട്ടുമുണ്ട്‌. ഇപ്പോൾ അവൻ ആ ഫെലിസ്‌ത്യ ഭീഷണിയെ പൂർണമായി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു.—1 ശമൂവേൽ 9:16; 12:22; 13:2, 3, 22.

ധീരമായ ഒരു മുന്നേറ്റം

യോനാഥാൻ മിക്ക്‌മാസിലെ ചുരത്തിൽ തമ്പടിച്ചിരിക്കുന്ന ഫെലിസ്‌ത്യ സൈന്യത്തെ ലക്ഷ്യമിട്ട്‌ അവർക്കുനേരെ ചെല്ലുന്നു. (1 ശമൂവേൽ 13:23) അവിടെ എത്താൻ അവൻ “തത്തിപ്പിടിച്ചു കയ”റേണ്ടിയിരുന്നു. അതൊന്നും അവന്‌ ഒരു പ്രശ്‌നമേ അല്ലായിരുന്നു. തന്റെ ആയുധവാഹകനൊപ്പം തനിച്ച്‌ അവരെ ആക്രമിക്കാൻ തീരുമാനിച്ച യോനാഥാൻ അവനോട്‌ ഇങ്ങനെ പറഞ്ഞു: “പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്‌പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രയാസമില്ലല്ലോ.”—1 ശമൂവേൽ 14:6, 13.

യഹോവയിൽനിന്നുള്ള ഒരു അടയാളം ലഭിക്കാൻ ആ രണ്ട്‌ ഇസ്രായേല്യരും ആഗ്രഹിച്ചു. അതിനായി ആ ഫെലിസ്‌ത്യ പട്ടാളത്തിനുനേരെ ചെന്ന്‌ തങ്ങളെ അവർക്കു കാണിക്കാൻ അവർ തീരുമാനിച്ചു. അപ്പോൾ ഫെലിസ്‌ത്യർ “ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്‌പിൻ!” എന്നു പറഞ്ഞാൽ യോനാഥാനും ആയുധവാഹകനും അവരുടെ അടുക്കലേക്കു പോകില്ല. എന്നാൽ ശത്രുക്കൾ, “ഇങ്ങോട്ടു കയറിവരുവിൻ” എന്നു പറഞ്ഞാലോ, യഹോവ യോനാഥാനും അവന്റെ ആയുധവാഹകനും വിജയം നൽകുമെന്നർഥം. ദൈവത്തിന്റെ പിന്തുണയുണ്ടെന്ന്‌ ഉറപ്പായ യോനാഥാൻ അവർക്കു നേരെചെന്നു യുദ്ധം ചെയ്യാൻതന്നെ തീരുമാനിച്ചു.—1 ശമൂവേൽ 14:8-10.

ഒരു ക്യാമ്പിലെ മുഴു സൈന്യത്തിനുനേരെ ചെന്ന്‌ ആ രണ്ടു വ്യക്തികൾ എന്തു ചെയ്യാനാണ്‌? ന്യായാധിപനായ ഏഹൂദ്‌ മോവാബ്യർക്കെതിരെ ഇസ്രായേല്യരെ നയിച്ചപ്പോൾ യഹോവ സഹായിച്ചില്ലേ? ഒരു മുടിങ്കോൽകൊണ്ട്‌ 600 ഫെലിസ്‌ത്യരെ വകവരുത്തിയപ്പോൾ യഹോവ ശംഗറിനൊപ്പം നിന്നില്ലേ? ഫെലിസ്‌ത്യ ശത്രുക്കളെ ഒറ്റയ്‌ക്കു നേരിടാൻ യഹോവ ശിംശോനെ ശക്തീകരിച്ചില്ലേ? അതുകൊണ്ട്‌, യഹോവ തന്നെയും സഹായിക്കുമെന്നു യോനാഥാൻ വിശ്വസിച്ചു.—ന്യായാധിപന്മാർ 3:12-31; 15:6-8, 15; 16:29, 30.

ആ രണ്ട്‌ ഇസ്രായേല്യരെ കണ്ട ഫെലിസ്‌ത്യർ ഇങ്ങനെ ആർത്തുവിളിച്ചു: “ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം.” യോനാഥാനും അവന്റെ ആയുധവാഹകനും കയറിച്ചെന്നു. ധീരമായി മുന്നേറിയ അവർ ശത്രു സൈന്യത്തിലെ ഏതാണ്ട്‌ 20 പേരെ കൊല്ലുകയും അങ്ങനെ ആ ക്യാമ്പിലുള്ളവരെയൊക്കെ ഭയചകിതരാക്കുകയും ചെയ്‌തു. ആ രണ്ടുപേർക്കു പുറകേ ഇനിയും നിരവധി ഇസ്രായേല്യ യോദ്ധാക്കൾ ഉണ്ടായിരിക്കാമെന്നു ഫെലിസ്‌ത്യർ കരുതിക്കാണണം. വിവരണം ഇങ്ങനെ തുടരുന്നു: “പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.” ദിവ്യശക്തി ഹേതുവായുണ്ടായ ഭൂമികുലുക്കം നിമിത്തം ഫെലിസ്‌ത്യർ പരിഭ്രമിച്ചു. തത്‌ഫലമായി ‘അവർ അന്യോന്യം വെട്ടി അവർക്കിടയിൽ വലിയ കലക്കം’ ഉണ്ടായി. ഇതു കണ്ട ഇസ്രായേല്യ സൈന്യം ധൈര്യമാർജിച്ചു. ഒളിച്ചിരുന്നവരും ഫെലിസ്‌ത്യരോടു ചേർന്നവരുമായ ഇസ്രായേല്യർ ഒറ്റക്കെട്ടായിനിന്ന്‌ “മിക്ക്‌മാസ്‌ തുടങ്ങി അയ്യാലോൻവരെ ഫെലിസ്‌ത്യരെ സംഹരിച്ചു.”—1 ശമൂവേൽ 14:11-23, 31.

ജനത്താൽ വീണ്ടെടുക്കപ്പെട്ടവൻ

ശത്രുക്കളുടെമേൽ വിജയം വരിക്കുവോളം ആരും ഭക്ഷണം കഴിക്കരുതെന്ന ബുദ്ധിശൂന്യമായ ഒരു ശപഥം ശൗൽ രാജാവ്‌ സൈന്യത്തെക്കൊണ്ട്‌ ചെയ്യിച്ചു. എങ്ങനെയോ യോനാഥാൻ അതറിയാതെ പോയി; അവൻ ഭക്ഷിച്ചു. അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതെടുത്തു കഴിച്ചു. പൊരുതി ജയിക്കാനുള്ള ശക്തി അവനു ലഭിച്ചത്‌ അങ്ങനെയാണെന്നു തോന്നുന്നു.—1 ശമൂവേൽ 14:24-27.

യോനാഥാൻ ഭക്ഷിച്ചെന്നു മനസ്സിലാക്കിയ ശൗൽ അവൻ മരിക്കണമെന്നു കൽപ്പിച്ചു. മരിക്കാൻ യോനാഥാനു ഭയമില്ലായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു.” “എന്നാൽ ജനം ശൌലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.”—1 ശമൂവേൽ 14:38-45.

ഇന്നത്തെ ദൈവദാസർ അക്ഷരീയ യുദ്ധത്തിൽ ഏർപ്പെടുന്നില്ല. എങ്കിലും വിശ്വാസവും ധൈര്യവും ആവശ്യമായ സന്ദർഭങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകാം. നിങ്ങൾക്കു ചുറ്റുമുള്ള ആളുകൾ തെറ്റായതു ചെയ്യുമ്പോൾ ശരിയായതു ചെയ്യുന്നത്‌ അത്ര എളുപ്പമല്ലായിരിക്കാം. പക്ഷേ, തന്റെ നീതിയുള്ള നിലവാരങ്ങൾക്കൊത്തു ജീവിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ യഹോവ അനുഗ്രഹിക്കും, അവൻ നിങ്ങളെ ശക്തീകരിക്കുകയും ചെയ്യും. ശുശ്രൂഷ വികസിപ്പിക്കുക, പുതിയ നിയമനങ്ങൾ സ്വീകരിക്കുക, രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുക എന്നിങ്ങനെ യഹോവയുടെ സംഘടനയിൽനിന്നു ലഭിക്കുന്ന ചില സേവന പദവികൾ ഏറ്റെടുത്തു നടത്താൻ നിങ്ങൾക്കു ധൈര്യം ആവശ്യമായിരുന്നേക്കാം. ഒരുപക്ഷേ, നിങ്ങൾ അതിനു യോഗ്യനാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എങ്കിലും, യഹോവയ്‌ക്ക്‌ ഉചിതമെന്നു തോന്നുന്ന വിധത്തിൽ ഉപയോഗിക്കാൻ നിങ്ങളെത്തന്നെ ലഭ്യമാക്കുന്നെങ്കിൽ പ്രശംസനീയമായ ഒരു കാര്യമാണു നിങ്ങൾ ചെയ്യുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട. യോനാഥാനെ ഓർക്കുക! അവൻ “ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌.”

യോനാഥാനും ദാവീദും

ഏതാണ്ട്‌ 20 വർഷം കഴിഞ്ഞ്‌, ഫെലിസ്‌ത്യ മല്ലനായ ഗോല്യാത്ത്‌ ഇസ്രായേൽ സൈന്യത്തെ നിന്ദിച്ചു, എന്നാൽ ദാവീദ്‌ അവനെ വധിച്ചു. സാധ്യതയനുസരിച്ച്‌, യോനാഥാനു ദാവീദിനെക്കാൾ 30-ഓളം വയസ്സു കൂടുതൽ ഉണ്ടായിരുന്നെങ്കിലും ഇരുവർക്കും പലകാര്യങ്ങളിലും സമാനതകൾ ഉണ്ടായിരുന്നു. * മിക്ക്‌മാസിൽ യോനാഥാൻ പ്രകടമാക്കിയ ധൈര്യം ദാവീദിനും ഉണ്ടായിരുന്നു. എല്ലാറ്റിലും ഉപരിയായി, വിടുവിക്കാനുള്ള യഹോവയുടെ ശക്തിയിൽ ദാവീദിനും സമാനമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസമാണ്‌ മറ്റെല്ലാ ഇസ്രായേല്യരും വെല്ലുവിളിയിൽനിന്നു ഭയന്നു പിന്മാറിയ അവസരത്തിൽ ഗോല്യാത്തിനെ ധീരമായി നേരിടാൻ അവനെ പ്രാപ്‌തനാക്കിയത്‌. അതുകൊണ്ട്‌, “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്‌നേഹിച്ചു.”—1 ശമൂവേൽ 17:1-18:4.

ദാവീദിന്റെ സാമർഥ്യം നിമിത്തം ശൗൽ അവനെ ഒരു ശത്രുവായി വീക്ഷിച്ചെങ്കിലും യോനാഥാന്‌ അവനോടു യാതൊരുവിധ അസൂയയും തോന്നിയില്ല. അവനും ദാവീദും ഉറ്റസുഹൃത്തുക്കളായിത്തീർന്നു. ദാവീദുമായുള്ള സൗഹൃദ സംഭാഷണത്തിലൂടെ ഇസ്രായേലിന്റെ അടുത്ത രാജാവായി ദാവീദ്‌ അഭിഷേകം ചെയ്യപ്പെട്ടതിനെക്കുറിച്ച്‌ യോനാഥാൻ മനസ്സിലാക്കിയിരിക്കാം. ദൈവത്തിന്റെ ആ തീരുമാനത്തെ അവൻ മാനിക്കുകയും ചെയ്‌തു.

ശൗൽ രാജാവ്‌ തന്റെ മകനോടും ഭൃത്യന്മാരോടും ദാവീദിനെ കൊല്ലുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ യോനാഥാൻ ദാവീദിനു മുന്നറിയിപ്പു നൽകി. ദാവീദിനെ ഒരുകാരണവശാലും ഭയപ്പെടേണ്ടതില്ലെന്ന്‌ ശൗലിനെ അവൻ പറഞ്ഞു ബോധ്യപ്പെടുത്തി. രാജാവിനെതിരെ ദാവീദ്‌ തെറ്റായ വിധത്തിൽ പ്രവർത്തിച്ചിട്ടില്ലല്ലോ! ഗോല്യാത്തിനെ നേരിടാൻ ദാവീദ്‌ തന്റെ ജീവൻപോലും പണയപ്പെടുത്തിയില്ലേ? തെറ്റായി വിധിക്കപ്പെട്ട സുഹൃത്തിനുവേണ്ടിയുള്ള യോനാഥാന്റെ വികാരോജ്ജ്വലമായ അഭ്യർഥനയുടെ ഫലമായി ശൗൽ തണുത്തു. എങ്കിലും താമസിയാതെതന്നെ രാജാവ്‌ ദാവീദിനെ വകവരുത്താനുള്ള തന്റെ പഴയ ചിന്താഗതിയിലേക്കു മടങ്ങുകയും അതിനുള്ള ശ്രമം പുനരാരംഭിക്കുകയും ചെയ്‌തു. അങ്ങനെ ദാവീദ്‌ പലായനം ചെയ്യാൻ നിർബന്ധിതനായി.—1 ശമൂവേൽ 19:1-18.

യോനാഥാൻ ദാവീദിനോടൊപ്പം വിശ്വസ്‌തമായി നിലകൊണ്ടു. എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ചു രണ്ടു സുഹൃത്തുക്കളും കൂടിയാലോചിച്ചു. തന്റെ സുഹൃത്തിനോടു കൂറ്‌ പുലർത്തുകയും ഒപ്പം പിതാവിനോടുള്ള കൂറ്‌ നിലനിറുത്താൻ ശ്രമിക്കുകയും ചെയ്‌ത യോനാഥാൻ ദാവീദിനോട്‌ ഇപ്രകാരം പറഞ്ഞു: “അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല.” പക്ഷേ, യോനാഥാനോടുള്ള ദാവീദിന്റെ മറുപടി ശ്രദ്ധിക്കുക: “എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു.”—1 ശമൂവേൽ 20:1-3.

യോനാഥാനും ദാവീദും ചേർന്ന്‌ ശൗലിന്റെ ഉള്ളിലിരിപ്പ്‌ അറിയുന്നതിനായി ഒരു പദ്ധതി മെനഞ്ഞെടുത്തു. ഊണുമേശയിൽ ദാവീദിന്റെ അസാന്നിധ്യം രാജാവു ശ്രദ്ധിക്കുന്നപക്ഷം, ഒരു കുടുംബയാഗത്തിൽ സംബന്ധിക്കുന്നതിനായി അനുവാദം ചോദിച്ച്‌ ദാവീദു പോയിരിക്കുകയാണെന്ന്‌ യോനാഥാൻ തന്റെ പിതാവിനോടു പറയണമായിരുന്നു. ശൗൽ കോപത്തോടെ പ്രതികരിച്ചാൽ അതു ദാവീദിനോടുള്ള അവന്റെ അനിഷ്ടത്തിന്റെ അടയാളമായിരിക്കുമായിരുന്നു. യോനാഥാൻ അവനെ അനുഗ്രഹിച്ചു, തുടർന്ന്‌ അവന്റെ ഭാവി ഭരണത്തെ അംഗീകരിക്കുന്ന സൂചന നൽകിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.” ഇരുവരും പരസ്‌പരം വിശ്വസ്‌തരായിരിക്കും എന്നു പ്രതിജ്ഞചെയ്‌തശേഷം രാജാവിന്റെ പ്രതികരണം യോനാഥാൻ ദാവീദിനെ എപ്രകാരം അറിയിക്കുമെന്നു തീരുമാനിക്കുകയും ചെയ്‌തു.—1 ശമൂവേൽ 20:5-24.

ദാവീദിന്റെ അസാന്നിധ്യം ശൗൽ മനസ്സിലാക്കിയെന്നു കണ്ടപ്പോൾ യോനാഥാൻ ശൗലിനോടു ദാവീദിന്റെ അഭ്യർഥനയെക്കുറിച്ചു പറഞ്ഞു: “ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ.” തനിക്കു ദാവീദിനെ ഇഷ്ടമാണെന്ന കാര്യം തുറന്നു സമ്മതിക്കുന്നതിൽ അവനു ഭയമില്ലായിരുന്നു. രാജാവ്‌ അത്യധികം രോഷാകുലനായി. അവൻ യോനാഥാനെ അധിക്ഷേപിക്കുകയും തന്റെ മകന്റെ ഭാവി രാജത്വത്തിനു ദാവീദ്‌ ഒരു ഭീഷണിയാണെന്ന്‌ പുലമ്പുകയും ചെയ്‌തു. ദാവീദ്‌ മരണയോഗ്യനാകയാൽ യോനാഥാൻ അവനെ പിടിച്ചുകൊണ്ടുവരണമെന്നും ശൗൽ ആജ്ഞാപിച്ചു. അതിനു യോനാഥാൻ “അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്‌തു” എന്നു ചോദിച്ചു. ദേഷ്യംപൂണ്ട ശൗൽ തന്റെ കുന്തം മകനുനേരെ എറിഞ്ഞു. യോനാഥാൻ രക്ഷപ്പെട്ടു. പക്ഷേ, ദാവീദിനെക്കുറിച്ചോർത്ത്‌ അവൻ അങ്ങേയറ്റം ദുഃഖിച്ചു.—1 ശമൂവേൽ 20:25-34.

വിശ്വസ്‌തതയുടെ എത്ര നല്ല ദൃഷ്ടാന്തമാണ്‌ യോനാഥാൻ! മാനുഷിക കാഴ്‌ചപ്പാടിൽനിന്നു നോക്കുമ്പോൾ ദാവീദുമായുള്ള ചങ്ങാത്തം അവനു ഗുണത്തെക്കാളേറെ ദോഷമായിരുന്നു. എന്നാൽ യഹോവ ദാവീദിനെയായിരുന്നു ശൗലിനുശേഷം രാജാവായി നിയമിച്ചത്‌. ദൈവം ചെയ്‌തത്‌ യോനാഥാന്റെയും മറ്റുള്ളവരുടെയും നന്മയ്‌ക്കുവേണ്ടിയായിരുന്നു.

വേദനാജനകമായ വേർപാട്‌

യോനാഥാൻ രഹസ്യമായി ദാവീദിനെ ചെന്നുകണ്ട്‌ വിവരം ധരിപ്പിച്ചു. ദാവീദിന്‌ ശൗലിന്റെ കൊട്ടാരത്തിൽ ഇനി കാലുകുത്താനാകില്ലെന്ന സംഗതി വ്യക്തമായിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു. തുടർന്നു ദാവീദ്‌ ഒളിവിൽ കഴിഞ്ഞു.—1 ശമൂവേൽ 20:35-42.

യോനാഥാൻ ദാവീദിനെ ഒരിക്കൽക്കൂടി കണ്ടുമുട്ടി. അപ്പോൾ “ദാവീദ്‌ സീഫ്‌മരുഭൂമിയിലെ ഒരു കാട്ടിൽ” ശൗലിനെ ഭയന്ന്‌ ഒളിവിലായിരുന്നു. പ്രസ്‌തുത അവസരത്തിൽ യോനാഥാൻ പിൻവരുംവിധം ദാവീദിനെ പ്രോത്സാഹിപ്പിച്ചു: “ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.” (1 ശമൂവേൽ 23:15-18) താമസിയാതെ ഫെലിസ്‌ത്യർക്കെതിരായ യുദ്ധത്തിൽ ശൗലും യോനാഥാനും കൊല്ലപ്പെട്ടു.—1 ശമൂവേൽ 31:1-4.

ദൈവസ്‌നേഹികളായ എല്ലാവരും യോനാഥാന്റെ ജീവിതഗതിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നതു പ്രയോജനപ്രദമാണ്‌. ആരോടു കൂറുപുലർത്തണം എന്ന വെല്ലുവിളിയെ നിങ്ങൾ നേരിടുന്നുണ്ടോ? അങ്ങനെയെങ്കിൽ, സ്വന്തം താത്‌പര്യത്തെക്കരുതി പ്രവർത്തിക്കാൻ ശൗൽ യോനാഥാനെ പ്രോത്സാഹിപ്പിച്ചത്‌ ഓർക്കുക. എന്നാൽ യോനാഥാനാകട്ടെ തന്റെ ഹൃദയംഗമമായ കീഴ്‌പെടലിനാലും ഭക്തിയാലും യഹോവയ്‌ക്കു മഹത്ത്വം കൊടുക്കുകയും യിസ്രായേലിന്റെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്ത വ്യക്തിയെപ്രതി സന്തോഷിക്കുകയും ചെയ്‌തു. അതേ, യോനാഥാൻ ദാവീദിനെ പിന്തുണയ്‌ക്കുകയും യഹോവയോടു കൂറു പുലർത്തുകയും ചെയ്‌തു.

അമൂല്യമായ ഗുണങ്ങളുള്ള വ്യക്തിയായിരുന്നു യോനാഥാൻ. ആ ഗുണങ്ങൾ പകർത്തുക! അങ്ങനെ ചെയ്‌താൽ യോനാഥാനെക്കുറിച്ചു പറഞ്ഞതുപോലെ ആളുകൾ നിങ്ങളെക്കുറിച്ചും പറയും: അവൻ “ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത്‌.”—1 ശമൂവേൽ 14:45.

[അടിക്കുറിപ്പ്‌]

^ ഖ. 18 ശൗലിന്റെ 40-വർഷത്തെ വാഴ്‌ചക്കാലത്ത്‌ ഒരു സൈന്യാധിപനെന്ന നിലയിൽ സേവിക്കുന്ന യോനാഥാനെക്കുറിച്ച്‌ ആദ്യമായി പറയുമ്പോൾ അവനു കുറഞ്ഞപക്ഷം 20 വയസ്സ്‌ ഉണ്ടായിരുന്നു. (സംഖ്യാപുസ്‌തകം 1:3; 1 ശമൂവേൽ 13:2) അതുകൊണ്ട്‌, പൊതുയുഗത്തിനുമുമ്പ്‌ 1078-ൽ കൊല്ലപ്പെടുമ്പോൾ അവന്‌ 60-നോടടുത്തു പ്രായമുണ്ടായിരുന്നിരിക്കണം. ആ സമയത്ത്‌ ദാവീദിനു 30 വയസ്സുണ്ടായിരുന്ന സ്ഥിതിക്ക്‌ യോനാഥാന്‌ ദാവീദിനെക്കാൾ 30 വയസ്സു കൂടുതൽ പ്രായമുണ്ടായിരുന്നിരിക്കാം.—1 ശമൂവേൽ 31:2; 2 ശമൂവേൽ 5:4.

[19-ാം പേജിലെ ചിത്രം]

യോനാഥാനു ദാവീദിനോട്‌ അസൂയ തോന്നിയില്ല