വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പെസഹ ആഘോഷിക്കുന്ന സമയത്ത്‌ “പുളിച്ചതു യാതൊന്നും” ഉപയോഗിക്കരുതെന്ന്‌ യഹൂദർക്കു കൽപ്പന ഉണ്ടായിരുന്നിട്ടും യേശു തന്റെ മരണത്തിന്റെ സ്‌മാരകാചരണം ഏർപ്പെടുത്തിയപ്പോൾ എന്തുകൊണ്ടാണ്‌ പുളിപ്പുള്ള ഒരു വസ്‌തുവായ വീഞ്ഞ്‌ ഉപയോഗിച്ചത്‌?—പുറപ്പാടു 12:20; ലൂക്കൊസ്‌ 22:7, 8, 14-20.

പൊതുയുഗത്തിനുമുമ്പ്‌ 1513-ലാണ്‌ പെസഹാ ആചരണം ആരംഭിച്ചത്‌. ഇസ്രായേല്യർ ഈജിപ്‌തിൽനിന്നു പലായനം ചെയ്‌തതിന്റെ ഓർമയ്‌ക്കായിട്ടാണ്‌ അത്‌ ഏർപ്പെടുത്തിയത്‌. അതു സംബന്ധിച്ച നിർദേശം നൽകിയപ്പോൾ യഹോവ പറഞ്ഞു: “പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.” (പുറപ്പാടു 12:11, 20) ഈ നിയന്ത്രണം വെച്ചിരുന്നത്‌ പെസഹയുടെ സമയത്ത്‌ ഉപയോഗിക്കേണ്ട അപ്പത്തിന്റെ കാര്യത്തിൽ മാത്രമാണ്‌. വീഞ്ഞിനെക്കുറിച്ചു യാതൊരു പരാമർശവും അവിടെയില്ല.

പുളിച്ച യാതൊന്നും ഉപയോഗിക്കരുതെന്ന്‌ പറഞ്ഞതിന്റെ പ്രാഥമിക കാരണം ഈജിപ്‌തിൽനിന്നുള്ള ഇസ്രായേല്യരുടെ പുറപ്പാട്‌ വളരെ തിടുക്കത്തിലായിരുന്നു എന്നതാണ്‌. “ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി” എന്ന്‌ പുറപ്പാടു 12:34 വിശദീകരിക്കുന്നു. തുടർന്നുവന്ന പെസഹാ ആചരണങ്ങളിൽ പുളിച്ച യാതൊന്നും ഉപയോഗിക്കാതിരുന്നത്‌ ഈ പ്രധാനപ്പെട്ട വസ്‌തുത ഭാവിതലമുറകളെ ഓർമിപ്പിക്കുന്നതിന്‌ ഉതകി.

കാലക്രമേണ പുളിപ്പ്‌ മിക്കപ്പോഴും പാപത്തിന്റെയും അഴിമതിയുടെയും പ്രതീകമായി മാറി. ഉദാഹരണത്തിന്‌, ക്രിസ്‌തീയ സഭയിലെ ദുർമാർഗിയായ ഒരു മനുഷ്യനെ പരാമർശിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ചോദിച്ചു: “അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?” തുടർന്ന്‌ അവൻ പറഞ്ഞു: “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്‌തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്‌മകൊണ്ടുതന്നെ ഉത്സവം ആചരിക്ക.” (1 കൊരിന്ത്യർ 5:6-8) പുളിപ്പില്ലാത്ത അപ്പത്തിനു മാത്രമേ യേശുവിന്റെ പാപരഹിതമായ മനുഷ്യശരീരത്തെ പ്രതിനിധാനം ചെയ്യാനാകൂ.—എബ്രായർ 7:26.

പിന്നീട്‌ യഹൂദന്മാർ കൂട്ടിച്ചേർത്തതാണ്‌ പെസഹാ ആചരണത്തിൽ വീഞ്ഞിന്റെ ഉപയോഗം, സാധ്യതയനുസരിച്ച്‌ ബാബിലോണിലെ പ്രവാസത്തിൽനിന്നു തിരിച്ചു വന്നതിനുശേഷം. ഇതിനെതിരെ എന്തെങ്കിലും പരാമർശം ബൈബിളിൽ ഉള്ളതായി കാണുന്നില്ല, അതുകൊണ്ടുതന്നെ പെസഹാഭക്ഷണത്തോടുകൂടെ വീഞ്ഞ്‌ ഉപയോഗിക്കുന്നതിൽ അനുചിതമായി ഒന്നും യേശു കണ്ടില്ല. പുരാതനകാലത്ത്‌ വീഞ്ഞ്‌ പുളിപ്പിക്കുന്ന വിധവും അപ്പത്തിന്റെ മാവ്‌ പുളിപ്പിക്കുന്ന വിധവും വ്യത്യസ്‌തമായിരുന്നു. മാവിന്റെ കാര്യത്തിൽ യീസ്റ്റ്‌ അല്ലെങ്കിൽ അൽപ്പം പുളിപ്പ്‌ അതിൽ ചേർക്കണമായിരുന്നു. മുന്തിരിയിൽനിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വീഞ്ഞ്‌ പുളിക്കുന്നതിന്‌ ഇതുപോലുള്ള പദാർഥങ്ങൾ ഒന്നും പ്രത്യേകമായി ചേർക്കേണ്ടതില്ല, പുളിക്കാൻ ആവശ്യമായ മൂലകങ്ങളൊക്കെ അതിൽത്തന്നെയുണ്ട്‌. പെസഹാ ആചരണത്തിന്റെ സമയത്ത്‌ മുന്തിരിച്ചാറ്‌ ലഭ്യമായിരിക്കാൻ ഇടയില്ല, ശരത്‌കാലത്തെ കൊയ്‌ത്തു മുതൽ വസന്തകാലത്തെ പെസഹവരെയുള്ള സമയമാകുമ്പോഴേക്കും അതു പുളിച്ചു പോയിട്ടുണ്ടാകും.

അതുകൊണ്ട്‌ സ്‌മാരകചിഹ്നമായി വീഞ്ഞ്‌ ഉപയോഗിച്ചത്‌ അപ്പത്തോട്‌ അനുബന്ധിച്ചു കൊടുത്ത പെസഹാ നിർദേശങ്ങൾക്ക്‌ വിരുദ്ധമാകുന്നില്ല. പ്രത്യേകമായി മധുരമോ മറ്റു ചേരുവകകളോ ചേർക്കാത്ത ഏതു ചെമന്ന വീഞ്ഞിനും ക്രിസ്‌തുവിന്റെ “വിലയേറിയ രക്ത”ത്തെ പ്രതിനിധാനം ചെയ്യാനാകും.—1 പത്രൊസ്‌ 1:19.