വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വാർധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കുന്നു’

‘വാർധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കുന്നു’

‘വാർധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കുന്നു’

മെഡിറ്ററേനിയൻ ദേശങ്ങളിലെ പല നിവാസികളും തങ്ങളുടെ വീട്ടുവളപ്പിൽ ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കാറുണ്ട്‌. മനോഹാരിതയ്‌ക്കും സ്വാദേറിയ ഫലത്തിനും പേരുകേട്ടതാണ്‌ ഈ വൃക്ഷങ്ങൾ. മാത്രമല്ല, നൂറിലധികം വർഷം അവ തഴച്ചുവളരും.

പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ശാലീനയായൊരു ശൂലേം പെൺകൊടിയുടെ ആകാരത്തെ കാവ്യാത്മകമായി പനയോട്‌ ഉപമിക്കുകയുണ്ടായി. (ഉത്തമഗീതം 7:7) ബൈബിളിലെ സസ്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പിൻവരുന്ന പ്രസ്‌താവന നടത്തുന്നു: “ഈന്തപ്പനയുടെ എബ്രായപദം ‘താമാർ’ എന്നാണ്‌. . . . യഹൂദന്മാരെ സംബന്ധിച്ചിടത്തോളം അത്‌ വശ്യതയുടെയും ചാരുതയുടെയും പ്രതീകമായിത്തീർന്നു. പലപ്പോഴും പെൺകുട്ടികൾക്ക്‌ പേരിടാൻ ആ പദം ഉപയോഗിച്ചിരുന്നു.” ഉദാഹരണത്തിന്‌, ശലോമോന്റെ അർധസഹോദരിയായ സുന്ദരിയുടെ പേര്‌ താമാർ എന്നായിരുന്നു. (2 ശമൂവേൽ 13:1) ഇന്നും ചില മാതാപിതാക്കൾ പെൺകുഞ്ഞുങ്ങൾക്ക്‌ ആ പേരിടാറുണ്ട്‌.

സുന്ദരികളായ സ്‌ത്രീകളെ മാത്രമല്ല പനയോട്‌ ഉപമിച്ചിരിക്കുന്നത്‌. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.”—സങ്കീർത്തനം 92:12-14.

ആലങ്കാരികമായി പറഞ്ഞാൽ, വാർധക്യത്തിൽ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നവർക്കും ചാരുതയാർന്ന പനയ്‌ക്കും സമാനതകൾ ഏറെയുണ്ട്‌. “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 16:31) വർഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകവേ ശാരീരികമായി അവർ തളർന്നു പോയേക്കാമെങ്കിലും അവർക്ക്‌ ആത്മീയ ഓജസ്സ്‌ നിലനിറുത്താനാകും. എങ്ങനെയെന്നല്ലേ? ദൈവവചനമായ ബൈബിളിന്റെ അനുദിന പഠനത്തിൽനിന്ന്‌ ഊർജം സ്വീകരിച്ചുകൊണ്ട്‌. (സങ്കീർത്തനം 1:1-3; യിരെമ്യാവു 17:7, 8) അവരുടെ ഹൃദ്യമായ വാക്കുകളും നല്ല മാതൃകയും നിമിത്തം വാർധക്യത്തിലും ഫലം കായിക്കാൻ ഈ വിശ്വസ്‌തർക്കു സാധിക്കുന്നു; മറ്റുള്ളവർക്ക്‌ അത്‌ പ്രോത്സാഹനത്തിന്റെ ഒരു ഉറവുമാണ്‌. (തീത്തൊസ്‌ 2:2-5; എബ്രായർ 13:15, 16) ജീവിത സായാഹ്നത്തിലും ഈന്തപ്പനയെപ്പോലെ തഴച്ചുവളരാൻ അവർക്കു സാധിക്കും.