ഹോശേയയിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
ഹോശേയയിൽനിന്നുള്ള വിശേഷാശയങ്ങൾ
വടക്കുള്ള പത്തു-ഗോത്ര രാജ്യമായ ഇസ്രായേലിൽനിന്നു സത്യാരാധന മിക്കവാറും നീങ്ങിപ്പോയിരിക്കുന്നു. യൊരോബെയാം രണ്ടാമന്റെ ഭരണകാലത്ത് ദേശത്തു സമ്പദ്‌സമൃദ്ധിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അതെല്ലാം ക്ഷയിച്ചുതുടങ്ങുന്നു. അശാന്തിയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് അതേത്തുടർന്ന് അരങ്ങുവാഴുന്നത്. യൊരോബെയാം രണ്ടാമന്റെ പിന്തുടർച്ചക്കാരായ ആറ് രാജാക്കന്മാരിൽ നാലുപേരും വധിക്കപ്പെടുന്നു. (2 രാജാക്കന്മാർ 14:29; 15:8-30; 17:1-6) പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 804-ൽ ആരംഭിച്ച ഹോശേയയുടെ 59 വർഷത്തെ നീണ്ട പ്രവാചകജീവിതം ഈ പ്രക്ഷുബ്ധകാലംവരെ നീളുന്നു.
ഹോശേയയുടെ വിവാഹ ജീവിതത്തിലെ സംഭവവികാസങ്ങൾ വഴിപിഴച്ച ഇസ്രായേൽ ജനതയോടുള്ള യഹോവയുടെ വികാരങ്ങൾ പ്രദീപ്‌തമാക്കുന്നതാണ്. ഇസ്രായേലിന്റെ തെറ്റുകളുടെ വെളിപ്പെടുത്തലും അവൾക്കും യഹൂദയ്‌ക്കുമെതിരെയുള്ള പ്രാവചനിക ന്യായവിധികളുമാണ് ഹോശേയയുടെ സന്ദേശത്തിന്റെ വിഷയങ്ങൾ. ഹോശേയയുടെ നാമം വഹിക്കുന്ന ഈ പുസ്‌തകത്തിന്റെ ലേഖനശൈലി ചിലയിടങ്ങളിൽ അലിവോടും സംവേദകത്തോടും കൂടെയാണ്; മറ്റിടങ്ങളിൽ അതു ശക്തവും വികാരപരവുമാണ്. ദൈവവചനത്തിന്റെ ഭാഗമെന്നനിലയിൽ അതിലെ സന്ദേശം ജീവനും ചൈതന്യവുമുള്ളതാണ്.—എബ്രായർ 4:12.
‘പരസംഗം ചെയ്യുന്ന ഭാര്യയെ എടുക്ക’
ഹോശേയയോടു യഹോവ പറയുന്നു: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെ . . . എടുക്ക.” (ഹോശേയ 1:2) അതനുസരിച്ച ഹോശേയയ്‌ക്ക് ഭാര്യയായ ഗോമറിൽ ഒരു പുത്രൻ ജനിക്കുന്നു. അവൾ ജന്മം നൽകുന്ന മറ്റു രണ്ടു കുട്ടികൾ സാധ്യതയനുസരിച്ച് ജാരസന്തതികളാണ്. ആ കുട്ടികളുടെ ലോരൂഹമാ, ലോ-അമ്മീ എന്നീ പേരുകളുടെ അർഥം യഹോവ തന്റെ കരുണ ഇസ്രായേലിൽനിന്നു നീക്കം ചെയ്‌തതായും അവിശ്വസ്‌തരായ തന്റെ ജനത്തെ തള്ളിക്കളഞ്ഞതായും സൂചിപ്പിക്കുന്നതായിരുന്നു.
തന്റെ അവിശ്വസ്‌ത ജനത്തോടുള്ള യഹോവയുടെ വികാരം എന്താണ്? യഹോവ ഹോശേയയോടു പറയുന്നു: “യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്‌നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്‌നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്‌ത്രീയെ സ്‌നേഹിച്ചുകൊണ്ടിരിക്ക.”—ഹോശേയ 3:1.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:1—തന്റെ സേവനകാലത്തു ഭരണം നടത്തിയിരുന്ന, യഹൂദയിലെ നാലു രാജാക്കന്മാരെക്കുറിച്ചു പറയുമ്പോൾത്തന്നെ ഇസ്രായേലിലെ ഒരു രാജാവിനെക്കുറിച്ചുമാത്രം ഹോശേയ പറയുന്നത് എന്തുകൊണ്ടാണ്? ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഭരിക്കാനുള്ള യഥാർഥ അധികാരമുണ്ടായിരുന്നത് ദാവീദിന്റെ പിൻതലമുറക്കാർക്കായിരുന്നു എന്നതാണ് അതിനു കാരണം. വടക്കേ രാജ്യമായ ഇസ്രായേലിന്റെ രാജാക്കന്മാർ ദാവീദിന്റെ ഇളമുറക്കാരല്ലായിരുന്നു; അതേസമയം യഹൂദയുടെ രാജാക്കന്മാർ അങ്ങനെയായിരുന്നു.
1:2-9—ഹോശേയ യഥാർഥത്തിൽ പരസംഗം ചെയ്യുന്ന ഒരു സ്‌ത്രീയെ ഭാര്യയായി എടുത്തോ? ഉവ്വ്, ഹോശേയ വിവാഹം ചെയ്‌ത സ്‌ത്രീ പിന്നീട് ഒരു വ്യഭിചാരിണിയായി തീരുകയായിരുന്നു. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള വിവരണം ഒരു സ്വപ്‌നമോ ദർശനമോ ആയിരുന്നുവെന്ന് പ്രവാചകൻ യാതൊരുവിധത്തിലും സൂചിപ്പിക്കുന്നില്ല.
1:7—യഹോവ യെഹൂദാഗൃഹത്തോടു കരുണ കാണിച്ച് അതിനെ രക്ഷിച്ചത് എപ്പോൾ? അതു നിവൃത്തിയേറിയത് പൊ.യു.മു. 732-ൽ, ഹിസ്‌കീയാ രാജാവിന്റെ കാലത്തായിരുന്നു. അന്ന്, ഒരൊറ്റ രാത്രികൊണ്ട് ശത്രു സൈന്യത്തിലെ 1,85,000 പേരെ ഒരു ദൂതൻ നിഗ്രഹിച്ചു. അതുവഴി യെരൂശലേമിനെതിരായ അസ്സീറിയൻ ഭീഷണി യഹോവ അവസാനിപ്പിച്ചു. (2 രാജാക്കന്മാർ 19:34, 35) അങ്ങനെ യഹൂദയെ യഹോവ വിടുവിച്ചത് “വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ” അല്ല, മറിച്ച് ഒരു ദൂതൻ മുഖാന്തരമാണ്.
1:10, 11—പൊ.യു.മു. 740-ൽ വടക്കേ രാജ്യമായ ഇസ്രായേൽ കീഴടക്കപ്പെട്ട സ്ഥിതിക്ക് ഇസ്രായേൽമക്കൾ യെഹൂദാമക്കളോടൊപ്പം ‘ഒന്നിച്ചുകൂടുമായിരുന്നത്’ എങ്ങനെ? പൊ.യു.മു. 607-ൽ യഹൂദാ നിവാസികൾ ബാബിലോൺ അടിമത്തത്തിലേക്കു പോകുന്നതിനു മുമ്പ് വടക്കേ രാജ്യത്തുനിന്നുള്ള ധാരാളംപേർ യഹൂദയിലേക്കു പോയിരുന്നു. (2 ദിനവൃത്താന്തം 11:13-17; 30:6-12, 18-20, 25) പൊ.യു.മു. 537-ൽ യഹൂദാ പ്രവാസികൾ സ്വദേശത്തു മടങ്ങിയെത്തിയപ്പോൾ അക്കൂട്ടത്തിൽ വടക്കേ ഇസ്രായേൽ രാജ്യത്തുനിന്നുള്ളവരുടെ പിൻമുറക്കാരും ഉണ്ടായിരുന്നു.—എസ്രാ 2:70.
2:21-23—“ഞാൻ അതിനെ [യിസ്രെയേലിനെ] എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും” എന്ന വാക്കുകളിലെ പ്രവചനം എന്തായിരുന്നു? ഹോശേയയ്‌ക്കു ഗോമറിൽ ജനിച്ച ആദ്യജാതന്റെ പേർ യിസ്രെയേൽ എന്നായിരുന്നു. (ഹോശേയ 1:2-4) ആ പേരിന്റ അർഥം “ദൈവം വിതയ്‌ക്കും” എന്നാണ്. യഹോവ പൊ.യു.മു. 537-ൽ ഒരു വിശ്വസ്‌ത ശേഷിപ്പിനെ കൂട്ടിച്ചേർത്ത് വിത്തുപോലെ യഹൂദയിൽ വിതയ്‌ക്കുന്നതിനെ പ്രാവചനികമായി അതു സൂചിപ്പിച്ചു. 70 വർഷം ശൂന്യമായിക്കിടന്നിരുന്ന ദേശം ഇപ്പോൾ ധാന്യവും വീഞ്ഞും എണ്ണയും ഉത്‌പാദിപ്പിക്കണമായിരുന്നു. മേന്മയേറിയ ഈ വസ്‌തുക്കൾ പോഷണത്തിനായി ഭൂമിയോടും, ഭൂമി മഴയ്‌ക്കായി ആകാശത്തോടും, ആകാശം മഴമേഘങ്ങൾക്കായി ദൈവത്തോടും അപേക്ഷിക്കുമെന്ന് കാവ്യരൂപത്തിൽ പ്രവചനം പറയുന്നു. ഇതെല്ലാം തിരിച്ചെത്തുന്ന ശേഷിപ്പിന്റെ ആവശ്യങ്ങൾ ധാരാളമായി തൃപ്‌തിപ്പെടുത്തുന്നതിനായിരുന്നു. അപ്പൊസ്‌തലന്മാരായ പൗലൊസും പത്രൊസും ഹോശേയ 2:23 ആത്മീയ ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ കൂട്ടിച്ചേർക്കുന്നതിനു ബാധകമാക്കുകയുണ്ടായി.—റോമർ 9:25, 26; 1 പത്രൊസ് 2:10.
നമുക്കുള്ള പാഠങ്ങൾ:
1:2-9; 3:1, 2. ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു വിവാഹ ബന്ധത്തിൽ തുടരാൻ ഹോശേയ ചെയ്‌ത വ്യക്തിപരമായ ത്യാഗത്തെക്കുറിച്ചു ചിന്തിക്കുക! ദൈവേഷ്ടം ചെയ്യാൻ തക്കവണ്ണം വ്യക്തിപരമായ താത്‌പര്യങ്ങൾ ത്യജിക്കാൻ നമുക്ക് എത്രമാത്രം മനസ്സൊരുക്കമുണ്ട്?
1:6-9. യഹോവ ജഡിക വ്യഭിചാരം വെറുക്കുന്നതുപോലെതന്നെ ആത്മീയ വ്യഭിചാരത്തെയും വെറുക്കുന്നു.
1:7, 10, 11; 2:14-23. ഇസ്രായേലിനെയും യഹൂദയെയും കുറിച്ചു യഹോവ പ്രവചിച്ചിരുന്നതെല്ലാം നിവൃത്തിയേറി. യഹോവയുടെ വചനം എല്ലായ്‌പോഴും സത്യമായി ഭവിക്കും.
2:16, 19, 21-23; 3:1-4. ഹൃദയംഗമമായ അനുതാപമുള്ളവരോടു ക്ഷമിക്കാൻ യഹോവ സന്നദ്ധനാണ്. (നെഹെമ്യാവു 9:17) യഹോവയെപ്പോലെ, മറ്റുള്ളവരോട് ഇടപെടുമ്പോൾ നാമും കരുണയും അനുകമ്പയും കാണിക്കണം.
‘യഹോവയ്‌ക്ക് ഒരു വ്യവഹാരം ഉണ്ട്’
“യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ട്.” എന്താണു കാരണം? “ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.” (ഹോശേയ 4:1) മത്സരികളായ ഇസ്രായേൽ ജനം വഞ്ചന, രക്തച്ചൊരിച്ചിൽ, ജഡികവും ആത്മീയവുമായ വ്യഭിചാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ദൈവത്തിൽനിന്നു സഹായം തേടുന്നതിനു പകരം അവർ “മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യുന്നു.”—ഹോശേയ 7:11.
യഹോവ തന്റെ ന്യായവിധി പ്രഖ്യാപിക്കുന്നു: “യിസ്രായേലിനെ വിഴുങ്ങിപ്പോയി.” (ഹോശേയ 8:8) യഹൂദയും കുറ്റവിമുക്തയല്ല. ഹോശേയ 12:2 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നുപകരം കൊടുക്കും.” പക്ഷേ, പുനഃസ്ഥാപനം സുനിശ്ചിതമാണ്, കാരണം യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും.”—ഹോശേയ 13:14.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
6:1-3—“വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക” എന്നു പറഞ്ഞത് ആരായിരുന്നു? യഹോവയിലേക്കു മടങ്ങാൻ അവിശ്വസ്‌തരായിരുന്ന ഇസ്രായേല്യർ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയായിരുന്നിരിക്കാം. അങ്ങനെയാണെങ്കിൽ, അവർ കേവലം അനുതാപം നടിക്കുകയായിരുന്നു. അവരുടെ സ്‌നേഹദയ “പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും” ക്ഷണികമായിരുന്നു. (ഹോശേയ 6:4) എന്നാൽ, അതു യഹോവയിലേക്കു മടങ്ങിവരാൻ ജനങ്ങളോട് അപേക്ഷിക്കുന്ന ഹോശേയയുടെ വാക്കുകളായിരിക്കാനും ഇടയുണ്ട്. എന്തുതന്നെയായാലും, വഴിപിഴച്ച പത്തു-ഗോത്ര രാജ്യമായ ഇസ്രായേലിലെ നിവാസികൾ യഥാർഥ അനുതാപം കാണിച്ചു യഹോവയിലേക്കു മടങ്ങിവരേണ്ടിയിരുന്നു.
7:4—വ്യഭിചാരികളായ ഇസ്രായേല്യർ “അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ” ആയിരുന്നത് ഏതുവിധത്തിൽ? ഈ താരതമ്യം അവരുടെ ഹൃദയത്തിലുണ്ടായിരുന്ന ദുഷിച്ച ആഗ്രഹങ്ങളുടെ തീവ്രതയെ ചിത്രീകരിക്കുന്നു.
നമുക്കുള്ള പാഠങ്ങൾ:
4:1, 6. യഹോവയുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ദൈവപരിജ്ഞാനം നേടുന്നതിൽ തുടരുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം.
4:9-13. ലൈംഗിക അധാർമികതയിലും വ്യാജാരാധനയിലും ഏർപ്പെടുന്നവർ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും.—ഹോശേയ 1:4.
5:1. ദൈവജനത്തിനിടയിൽ നേതൃത്വം വഹിക്കുന്നവർ വിശ്വാസത്യാഗത്തെ പൂർണമായും ചെറുക്കണം. അല്ലാത്തപക്ഷം, വ്യാജാരാധനയിൽ ഏർപ്പെടാൻ ചിലരെയെങ്കിലും വശീകരിക്കുകവഴി അവർ ‘ഒരു കെണിയും വലയും’ ആയിത്തീർന്നേക്കാം.
6:1-4; 7:14, 16. വാക്കുകളിൽ മാത്രമുള്ള അനുതാപം കപടവും വ്യർഥവുമാണ്. പാപം ചെയ്‌ത ഒരു വ്യക്തി, ദൈവത്തിന്റെ കരുണ ലഭിക്കാൻ, “മേലോട്ടു” തിരിഞ്ഞുകൊണ്ട് അതായത് ശ്രേഷ്‌ഠമായ ആരാധനാരീതിയിലേക്ക് മടങ്ങിവന്നുകൊണ്ട് ഹൃദയംഗമമായ അനുതാപം കാണിക്കണം. അവന്റെ ചെയ്‌തികൾ ഉയർന്ന ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കണം.
6:6. യഹോവയോടുള്ള വിശ്വസ്‌തതയുടെയും സ്‌നേഹത്തിന്റെയും അഭാവം നിമിത്തമാണ് ഒരുവൻ തെറ്റായ ഗതി പിന്തുടരുന്നത്. ആ ഗതിയിൽ തുടർന്നുകൊണ്ട് എത്ര വലിയ ആത്മീയ യാഗങ്ങൾ അർപ്പിച്ചാലും ആ കുറവ് നികത്താനാകില്ല.
8:7, 13; 10:13. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യു”മെന്ന തത്ത്വം വിഗ്രഹാരാധികളായ ഇസ്രായേല്യരുടെ കാര്യത്തിൽ സത്യമെന്നു തെളിഞ്ഞു.—ഗലാത്യർ 6:7.
8:8; 9:17; 13:16. അസ്സീറിയക്കാർ വടക്കേ രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യ പിടിച്ചടക്കിയപ്പോൾ ആ രാജ്യത്തെ സംബന്ധിച്ച പ്രവചനങ്ങൾ നിവൃത്തിയേറി. (2 രാജാക്കന്മാർ 17:3-6) ദൈവം കൽപ്പിച്ചിരിക്കുന്നതും അരുളിച്ചെയ്‌തിരിക്കുന്നതുമായ കാര്യങ്ങൾ അവൻ നിറവേറ്റുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—സംഖ്യാപുസ്‌തകം 23:19.
8:14. മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ ബാബിലോണിയരെ ഉപയോഗിച്ചുകൊണ്ട് പൊ.യു.മു. 607-ൽ യഹോവ യഹൂദാ ‘പട്ടണങ്ങളിൽ തീ അയച്ചു.’ അങ്ങനെ, പ്രവചിച്ചിരുന്നതുപോലെ യെരൂശലേമും യഹൂദയും നാശത്തിന് ഇരയായി. (2 ദിനവൃത്താന്തം 36:19) ദൈവത്തിന്റെ വാക്കുകൾ ഒരിക്കലും പാഴായിപ്പോകില്ല.—യോശുവ 23:14.
9:10. ഇസ്രായേല്യർ യഹോവയ്‌ക്കു സമർപ്പിതരായിരുന്നെങ്കിലും “ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്‌പിച്ചു.” മോശമായ അവരുടെ മാതൃകയിൽനിന്നു പാഠം ഉൾക്കൊണ്ടുകൊണ്ട് യഹോവയ്‌ക്കുള്ള സമർപ്പണത്തെ ലംഘിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കുന്നതല്ലേ ബുദ്ധി?—1 കൊരിന്ത്യർ 10:11.
10:1, 2, 12. നിഷ്‌കപടമായ ഹൃദയത്തോടെ നമുക്കു ദൈവത്തെ ആരാധിക്കാം. നാം ‘നീതിയിൽ വിതയ്‌ക്കുമ്പോൾ ദൈവത്തിന്റെ ദയയ്‌ക്കൊത്തവണ്ണം കൊയ്യും.’
10:5. ബെഥേലിനു (അർഥം, “ദൈവത്തിന്റെ ഭവനം”) നൽകപ്പെട്ട നിന്ദ്യമായ ഒരു പേരാണ് ബേത്ത്-ആവെൻ (അർഥം, “ദോഷങ്ങളുടെ ഭവനം”). ബേത്ത്-ആവെനിലെ കാളക്കുട്ടിയുടെ വിഗ്രഹം അശ്ശൂരിലേക്കു കൊണ്ടുപോയപ്പോൾ, തങ്ങളുടെ ആരാധനാമൂർത്തിയെ നഷ്ടമായതിനെപ്രതി ശമര്യാ നിവാസികൾ ദുഃഖിച്ചു. സ്വയം സംരക്ഷിക്കാൻപോലും കഴിവില്ലാത്ത ഒരു നിർജീവ വിഗ്രഹത്തിൽ വിശ്വാസം അർപ്പിക്കുന്നത് എത്ര മൗഢ്യമാണ്!—സങ്കീർത്തനം 135:15-18; യിരെമ്യാവു 10:3-5.
11:1-4. യഹോവ എല്ലായ്‌പോഴും സ്‌നേഹപുരസ്സരം തന്റെ ജനത്തോട് ഇടപെടുന്നു. ദൈവത്തോടുള്ള വിധേയത്വം ഒരിക്കലും മർദകമല്ല.
11:8-11; 13:14. സത്യാരാധനയിലേക്കുള്ള തന്റെ ജനത്തിന്റെ പുനഃസ്ഥിതീകരണം സംബന്ധിച്ച യഹോവയുടെ പ്രവചനം ‘വെറുതെ അവന്റെ അടുക്കലേക്കു മടങ്ങിപ്പോയില്ല.’ (യെശയ്യാവു 55:11) പൊ.യു.മു. 537-ൽ ബാബിലോണിയൻ പ്രവാസം അവസാനിപ്പിച്ച് ഒരു ശേഷിപ്പ് യെരൂശലേമിലേക്കു മടങ്ങിവന്നു. (എസ്രാ 2:1; 3:1-3) തന്റെ പ്രവാചകന്മാർ മുഖേന യഹോവ അരുളിച്ചെയ്‌തതെല്ലാം നിശ്ചയമായും നിവൃത്തിയേറും.
12:6. സ്‌നേഹദയ കാണിക്കാനും ന്യായം പ്രമാണിക്കാനും ഇടവിടാതെ യഹോവയ്‌ക്കായി കാത്തിരിക്കാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം.
13:6. ഇസ്രായേല്യർ “തൃപ്‌തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ [യഹോവയെ] മറന്നുകളഞ്ഞു.” സ്വയം ഉയർത്താനുള്ള ഏതു പ്രവണതയും നാം ഒഴിവാക്കണം.
“യഹോവയുടെ വഴികൾ ചൊവ്വുള്ളവ”
ഹോശേയ അപേക്ഷിക്കുന്നു: “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നത്.” യഹോവയോട് ഇങ്ങനെ പറയാൻ അവൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു: “സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും.”—ഹോശേയ 14:1, 2.
അനുതാപമുള്ള ഒരു പാപി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവന്റെ വഴികൾ സ്വീകരിക്കുകയും അവനു സ്‌തുതിയാഗങ്ങൾ അർപ്പിക്കുകയും ചെയ്യണം. എന്തുകൊണ്ട്? “യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും.” (ഹോശേയ 14:9) അനേകർ “അന്ത്യനാളുകളിൽ . . . വിറെച്ചുകൊണ്ടു യഹോവയുടെ അടുക്കലേക്കും അവിടുത്തെ നന്മയിലേക്കും മടങ്ങിവരും” എന്നതിൽ നമുക്കു സന്തോഷിക്കാം.—ഹോശേയ 3:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
[15-ാം പേജിലെ ചിത്രം]
ഹോശേയയുടെ കുടുംബജീവിതം ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലിനെ ചിത്രീകരിച്ചു
[17-ാം പേജിലെ ചിത്രം]
പൊ.യു.മു. 740-ൽ ശമര്യയുടെ വീഴ്‌ചയോടെ പത്തു-ഗോത്ര രാജ്യമായ ഇസ്രായേൽ നാമാവശേഷമായി