ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കുക
ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കുക
‘ക്രിസ്‌തു എല്ലാവർക്കുംവേണ്ടി മരിച്ചതിനാൽ ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടി ജീവിക്കരുത്.’—2 കൊരിന്ത്യർ 5:15.
1. ഒരു മിഷനറിക്കുണ്ടായ അനുഭവം വിവരിക്കുക.
മിഷനറിയായ ഏരൊൻ * അനുസ്‌മരിക്കുന്നു: “ആഭ്യന്തരയുദ്ധം കെട്ടടങ്ങിയശേഷം ആ അതിവിദൂര ആഫ്രിക്കൻ ഗ്രാമത്തിലേക്ക് ആദ്യമായി കടന്നുചെന്ന സൈനികേതര വാഹനം ഞങ്ങളുടേതായിരുന്നു. അവിടെ ആകെക്കൂടിയുള്ള ഒരു കൊച്ചുസഭയുമായി ബന്ധപ്പെട്ടിട്ട് നാളേറെക്കഴിഞ്ഞിരുന്നു. സഹോദരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വെമ്പലായിരുന്നു ഞങ്ങൾക്ക്. അന്നവസ്‌ത്രാദികൾക്കും പ്രസിദ്ധീകരണങ്ങൾക്കും പുറമേ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന എന്ന വീഡിയോയും ഞങ്ങൾ കരുതിയിരുന്നു. * വിസിആർ-ഉം ടെലിവിഷനുമുള്ള, പുല്ലുമേഞ്ഞ വലിയ ഒരു കുടിലായിരുന്നു അവിടത്തെ ‘സിനിമാത്തീയേറ്റർ’. ധാരാളം താത്‌പര്യക്കാർ തടിച്ചുകൂടിയതിനാൽ രണ്ടു പ്രാവശ്യം വീഡിയോ കാണിക്കേണ്ടിവന്നു. ഓരോ പ്രദർശനത്തിന്റെയും ഫലമായി പലരും ബൈബിൾ പഠിക്കാൻ മനസ്സുകാണിച്ചു. വ്യക്തമായും ഞങ്ങളുടെ പ്രയത്‌നങ്ങളൊന്നും വ്യർഥമായില്ല.”
2. (എ) ജീവിതം ദൈവസേവനത്തിൽ ചെലവഴിക്കാൻ ക്രിസ്‌ത്യാനികൾ തീരുമാനിക്കുന്നത് എന്തുകൊണ്ട്? (ബി) നാം ഇപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
2 എന്തുകൊണ്ടാണ് ഏരൊനും കൂട്ടുകാരും ക്ലേശനിർഭരമായ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത്? യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തോടുള്ള നന്ദി നിമിത്തം അവർ തങ്ങളുടെ ജീവിതം ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു എന്നതും ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിതം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നതുമാണ് അതിനു കാരണം. സമാനമായി ‘മേലാൽ തങ്ങൾക്കുവേണ്ടി ജീവിക്കാതിരിക്കാനും’ ‘സകലവും സുവിശേഷത്തിനായി’ ചെയ്യാനും, സമർപ്പിതരായ എല്ലാ ക്രിസ്‌ത്യാനികളും ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. (2 കൊരിന്ത്യർ 5:15; 1 കൊരിന്ത്യർ 9:23) ഈ വ്യവസ്ഥിതിക്കു തിരശ്ശീല വീഴുമ്പോൾ ലോകത്തിന്റെ സമ്പത്തും പ്രശസ്‌തിയുമെല്ലാം വെറും ചവറായിത്തീരുമെന്ന് അവർക്കറിയാം. അതുകൊണ്ട് തങ്ങളുടെ ജീവിതവും ആരോഗ്യവും ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ വിനിയോഗിക്കാൻ അവർ ആഗ്രഹിക്കുന്നു. (സഭാപ്രസംഗി 12:1) നമുക്ക് ഇതെങ്ങനെ ചെയ്യാം? അപ്രകാരം ചെയ്യാനുള്ള ധൈര്യവും ശക്തിയും നമുക്കെങ്ങനെ ലഭിക്കും? ഏതെല്ലാം സേവനമേഖലകളാണു നമുക്കായി തുറന്നുകിടക്കുന്നത്?
പ്രായോഗികവും ക്രമാനുഗതവുമായ പടികൾ
3. ദൈവേഷ്ടം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രാഥമിക പടികൾ ഏവ?
3 ദൈവേഷ്ടം ചെയ്യുകയെന്നത് സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു ആജീവനാന്ത സംരംഭമാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർചാർത്തുക, നിത്യവും ബൈബിൾ വായിക്കുക, പ്രസംഗവേലയിൽ ഏർപ്പെടുക, സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുക തുടങ്ങിയ അടിസ്ഥാന പടികളാണ് സാധാരണയായി അതിനു തുടക്കംകുറിക്കുന്നത്. “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക” എന്ന പൗലൊസ് അപ്പൊസ്‌തലന്റെ വാക്കുകൾ, പുരോഗതിയുടെ പാതയിൽ മുന്നേറാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 4:15) അത്തരം പുരോഗതിയുടെ ലക്ഷ്യം ആത്മപ്രശസ്‌തിയല്ല, പിന്നെയോ നിസ്സ്വാർഥമായി ദൈവേഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണത്. ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും നമ്മുടെ ചുവടുകളെ നയിക്കാൻ നാം ദൈവത്തെ അനുവദിക്കുന്നുവെന്നാണ് അതു പ്രകടമാക്കുന്നത്. നമ്മെക്കാളേറെ മെച്ചമായി നമ്മുടെ ചുവടുകളെ അവൻ നയിക്കുകയും ചെയ്യും.—സങ്കീർത്തനം 32:8.
4. നമുക്കെങ്ങനെ അനാവശ്യ ഭയാശങ്കകൾ അകറ്റിനിറുത്താനാകും?
4 എന്നാൽ, സങ്കോചമോ അതിരുകടന്ന ആശങ്കയോ ദൈവസേവനത്തിലുള്ള നമ്മുടെ പുരോഗതിക്കു തടസ്സം സൃഷ്ടിച്ചേക്കാം. (സഭാപ്രസംഗി 11:4) അതുകൊണ്ട് യഥാർഥ സന്തോഷത്തോടെ ദൈവത്തെയും മറ്റുള്ളവരെയും സേവിക്കുന്നതിന് ആദ്യംതന്നെ നാം സ്വന്തം ഭയാശങ്കകൾ മാറ്റിവെക്കേണ്ടത് ആവശ്യമായിരുന്നേക്കാം. ഒരു അന്യഭാഷാസഭയിൽ സേവിക്കാൻ ആഗ്രഹിച്ച എറിക്കിന്റെ കാര്യമെടുക്കുക. ‘എനിക്ക് ആ സഭയുമായി ഇഴുകിച്ചേരാനാകുമോ? എനിക്ക് അവിടത്തെ സഹോദരങ്ങളെ ഇഷ്ടപ്പെടുമോ? അവർക്ക് എന്നെ ഇഷ്ടമാകുമോ?’ എന്നൊക്കെയായി അദ്ദേഹത്തിന്റെ ചിന്ത. “എന്നെക്കാളധികം സഹോദരങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ടെന്ന് ഒടുവിൽ എനിക്കു മനസ്സിലായി. വ്യാകുലപ്പെടുന്നതു നിറുത്തിക്കൊണ്ട് സാധ്യമായ ഏതു വിധത്തിലും നിസ്സ്വാർഥമായി എന്നെത്തന്നെ വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിക്കുകയും സഹായത്തിനായി പ്രാർഥിച്ചുകൊണ്ടു മുന്നോട്ടുനീങ്ങുകയും ചെയ്‌തു. ഇപ്പോൾ അവിടത്തെ സേവനം എനിക്ക് എന്തൊരാനന്ദമാണെന്നോ!” എറിക്ക് പറയുന്നു. (റോമർ 4:20) ദൈവത്തെയും മറ്റുള്ളവരെയും എത്രത്തോളം നിസ്സ്വാർഥമായി നാം സേവിക്കുന്നുവോ അത്രത്തോളം വലുതായിരിക്കും നമ്മുടെ സന്തോഷവും സംതൃപ്‌തിയും.
5. ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിതം ചെലവഴിക്കാൻ നല്ല ആസൂത്രണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
5 ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിതം ചെലവഴിക്കുന്നതിൽ വിജയിക്കാൻ നാം കാര്യാദികൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യേണ്ടതും ആവശ്യമാണ്. നമ്മെ ഈ വ്യവസ്ഥിതിയുടെ അടിമകളാക്കുകയും നമ്മുടെ ദൈവദത്ത വേലയ്‌ക്കു കടിഞ്ഞാണിടുകയും ചെയ്യുന്ന ഭീമമായ കടബാധ്യതകൾ നാം ജ്ഞാനപൂർവം ഒഴിവാക്കണം. “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന് ബൈബിൾ ഓർമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 22:7) യഹോവയിൽ ആശ്രയിക്കുകയും ദൈവസേവനം ഒന്നാമതു വെക്കുകയും ചെയ്യുന്നത് ജീവിതം കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്നു. സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതും താമസസൗകര്യങ്ങൾക്കു തീപിടച്ച വിലയുള്ളതുമായ ഒരു പ്രദേശത്താണ് ഗോമിങ്ങും അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരും അമ്മയോടൊപ്പം താമസിക്കുന്നത്. എല്ലാവർക്കും വരുമാനം ഇല്ലാത്തപ്പോൾപ്പോലും പണം ശ്രദ്ധിച്ചു കൈകാര്യംചെയ്‌തുകൊണ്ടും ഒന്നിച്ചു ചെലവുകൾ നടത്തിക്കൊണ്ടും അവർ തരക്കേടില്ലാതെ കഴിയുന്നു. ഗോമിങ് പറയുന്നു: “ചിലപ്പോഴൊക്കെ എല്ലാവർക്കും പണത്തിനുള്ള മാർഗം കണ്ടെന്നുവരില്ല. എങ്കിലും പയനിയർ ശുശ്രൂഷയിൽ തുടരാനും അമ്മയുടെ കാര്യം നന്നായി നോക്കാനും ഞങ്ങൾക്കു കഴിയുന്നുണ്ട്. തന്റെ സുഖപ്രദമായ ജീവിതത്തിന് ഞങ്ങൾ ആത്മീയ ലക്ഷ്യങ്ങൾ ബലികഴിക്കണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.”—2 കൊരിന്ത്യർ 12:14; എബ്രായർ 13:5.
6. ജീവിതം ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ കൊണ്ടുവരാനാകുമെന്ന് ഏതു ദൃഷ്ടാന്തം തെളിയിക്കുന്നു?
6 സാമ്പത്തികമോ അല്ലാത്തതോ ആയ ലൗകിക ലക്ഷ്യങ്ങളിൽ നിങ്ങൾ ആമഗ്നരാണെങ്കിൽ ദൈവോദ്ദേശ്യത്തിന് ഒന്നാം സ്ഥാനം നൽകാൻ ജീവിതത്തിൽ വലിയ ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരുന്നേക്കാം. അത്തരം മാറ്റങ്ങൾ ഒറ്റ രാത്രികൊണ്ടു നടപ്പിൽവരുത്താൻ കഴിഞ്ഞെന്നുവരില്ല, പ്രാരംഭശ്രമങ്ങൾ പാളിപ്പോകുന്നപക്ഷം നിങ്ങൾ പരാജയപ്പെട്ടുവെന്നു കരുതുകയുമരുത്. വിനോദപരിപാടികൾക്കായി ഏറെ സമയം ചെലവഴിച്ചിരുന്ന കോയിച്ചിയുടെ കാര്യമെടുക്കുക. കൗമാരത്തിൽ ബൈബിൾ പഠിച്ചിരുന്ന അദ്ദേഹം പക്ഷേ, വർഷങ്ങളോളം വീഡിയോ ഗെയിമുകളുടെ ലോകത്തായിരുന്നു. ഒരിക്കൽ അദ്ദേഹം തന്നോടുതന്നെ ഇങ്ങനെ ചോദിച്ചു: ‘നീ എന്താണീ ചെയ്യുന്നത്? 30 വയസ്സു കഴിഞ്ഞിട്ടും നിന്റെ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ?’ കോയിച്ചി ബൈബിൾപഠനം പുനരാരംഭിക്കുകയും സഭയുടെ സഹായം കൈക്കൊള്ളുകയും ചെയ്‌തു. പുരോഗതി സാവകാശമായിരുന്നെങ്കിലും അദ്ദേഹം നിരാശനായില്ല. കൂടെക്കൂടെയുള്ള പ്രാർഥനയാലും മറ്റുള്ളവരുടെ സ്‌നേഹനിർഭരമായ പ്രോത്സാഹനത്താലും ഒടുവിൽ അദ്ദേഹം തന്റെ ഭ്രമത്തെ കാൽക്കീഴാക്കി. (ലൂക്കൊസ് 11:9) ഇപ്പോൾ കോയിച്ചി സന്തോഷപൂർവം ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.
സമനില കാക്കാൻ പഠിക്കുക
7. ദൈവത്തിന്റെ വേല ചെയ്യുന്നതിൽ നാം സമനിലയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
7 ദൈവോദ്ദേശ്യത്തിന് ഒന്നാം സ്ഥാനം നൽകാൻ ആത്മാർഥമായ പരിശ്രമം അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അമാന്തമോ അലസതയോ പാടില്ല. (എബ്രായർ 6:11, 12) അതേസമയം, നാം ശാരീരികമായോ മാനസികമായോ വൈകാരികമായോ തളർന്നുപോകാനും യഹോവ ആഗ്രഹിക്കുന്നില്ല. സ്വന്തം ശക്തികൊണ്ടുമാത്രം ദൈവത്തിന്റെ വേല ചെയ്യാനാവില്ലെന്നു നാം വിനയപൂർവം സമ്മതിക്കുന്നത് അവനു മഹത്ത്വമാണ്, നാം സമനിലയുള്ളവരാണെന്നും അതു പ്രകടമാക്കും. (1 പത്രൊസ് 4:11) തന്റെ ഇഷ്ടം ചെയ്യാനാവശ്യമായ ശക്തി നമുക്കു നൽകുമെന്ന് യഹോവ വാഗ്‌ദാനം ചെയ്യുന്നുവെങ്കിലും നമ്മുടെ പരിമിതി മറന്നു പ്രവർത്തിക്കാൻ അവൻ പ്രതീക്ഷിക്കുന്നില്ല. (2 കൊരിന്ത്യർ 4:7) മടുത്തുപോകാതെ ദൈവത്തെ സേവിക്കുന്നതിൽ തുടരാൻ നാം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു ശ്രദ്ധനൽകണം.
8. യഹോവയ്‌ക്കും ലോകത്തിനും വേണ്ടി പരമാവധി അധ്വാനിക്കാൻ ശ്രമിച്ച ഒരു യുവ സഹോദരിയുടെ സ്ഥിതി എന്തായിരുന്നു, അവർ എന്തു ചെയ്‌തു?
8 പൂർവേഷ്യയിൽ താമസിക്കുന്ന ജിഹെയുടെ ഉദാഹരണം നോക്കുക. രണ്ടു വർഷത്തോളം അവർ, പയനിയറിങ്ങിനോടൊപ്പം ഭാരിച്ച ഒരു ജോലിയും ചെയ്‌തിരുന്നു. അവർ പറയുന്നു: “യഹോവയ്‌ക്കും ലോകത്തിനും വേണ്ടി പരമാവധി അധ്വാനിക്കാൻ ഞാൻ ശ്രമിച്ചു. തത്‌ഫലമായി രാത്രിയിൽ വെറും അഞ്ചു മണിക്കൂറേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. ക്രമേണ മർക്കൊസ് 12:30) ജിഹെ പറയുന്നു: “പണസമ്പാദനത്തിനായി പ്രവർത്തിക്കാൻ കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തിയെങ്കിലും ദൈവോദ്ദേശ്യത്തിന് ഒന്നാം സ്ഥാനം നൽകാൻ ഞാൻ ശ്രമിച്ചു. മാന്യമായ വസ്‌ത്രംപോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം ഇന്നും ഞാൻ സമ്പാദിക്കുന്നുണ്ട്. ഒപ്പം ആവശ്യത്തിന് ഉറങ്ങാനും എനിക്കു കഴിയുന്നു! ശുശ്രൂഷയിൽ ഏർപ്പെടാൻ ഇപ്പോൾ എനിക്കു സന്തോഷമാണ്, യഹോവയുമായുള്ള എന്റെ ബന്ധവും ശക്തമായിരിക്കുന്നു. ലോകത്തിന്റെ പ്രലോഭനങ്ങൾക്കും വശീകരണങ്ങൾക്കും ഇപ്പോൾ ഞാൻ മുമ്പത്തെപ്പോലെ ശ്രദ്ധകൊടുക്കുന്നില്ല എന്നതാണ് അതിനു കാരണം.”—മത്തായി 6:24, 28-30.
ആത്മീയ കാര്യങ്ങളിൽ എനിക്കു തെല്ലും ഉത്സാഹമില്ലാതെയായി, ദൈവസേവനത്തിലെ എന്റെ സന്തോഷവും പടിയിറങ്ങി.” യഹോവയെ “പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ” സേവിക്കാൻ അവർ കുറേക്കൂടെ എളുപ്പമുള്ള ഒരു ജോലി തേടി. (9. നമ്മുടെ പ്രയത്‌നത്തിനു വയലിൽ എന്തു ഫലമുണ്ടായേക്കാം?
9 മുഴുസമയ സുവിശേഷകരായി ദൈവത്തെ സേവിക്കാൻ എല്ലാവർക്കും കഴിയില്ല. പ്രായാധിക്യമോ അനാരോഗ്യമോ മറ്റു പരിമിതികളോ നിങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുമ്പോൾപ്പോലും നിങ്ങളുടെ വിശ്വസ്‌തതയും പൂർണഹൃദയത്തോടെയുള്ള നിങ്ങളുടെ എളിയ സേവനവും യഹോവ അതിയായി വിലമതിക്കുന്നുവെന്ന് ഓർക്കുക. (ലൂക്കൊസ് 21:2, 3) പരിമിതമായ നമ്മുടെ ശ്രമങ്ങൾപോലും മറ്റുള്ളവരുടെമേൽ ഉളവാക്കുന്ന സ്വാധീനത്തെ ആരും നിസ്സാരമായി കാണരുത്. ഏതാനും വീടുകൾ സന്ദർശിച്ചശേഷവും പ്രത്യക്ഷത്തിൽ താത്‌പര്യമുള്ള ഒരാളെപ്പോലും നമുക്കു കാണാൻ കഴിഞ്ഞില്ലെന്നു ചിന്തിക്കുക. ആരും നമ്മുടെ സന്ദേശം ശ്രദ്ധിച്ചില്ലെങ്കിൽപ്പോലും നാം പോയിക്കഴിഞ്ഞശേഷം അവിടെയുള്ള വീട്ടുകാർ നമ്മുടെ സന്ദർശനത്തെക്കുറിച്ചു വാതോരാതെ സംസാരിച്ചേക്കാം! സുവാർത്ത കേൾക്കുന്ന സകലരും അനുകൂലമായി പ്രതികരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നില്ല, എന്നാൽ ചിലർ തീർച്ചയായും ശ്രദ്ധിക്കും. (മത്തായി 13:19-23) പിന്നീടെപ്പോഴെങ്കിലും ലോകാവസ്ഥകളിലോ ജീവിതസാഹചര്യങ്ങളിലോ മാറ്റംവരുമ്പോഴായിരിക്കും മറ്റു ചിലർ പ്രതികരിക്കുന്നത്. എന്തായാലും, ‘ദൈവത്തിന്റെ കൂട്ടുവേലക്കാരായ’ നമുക്ക് പരസ്യശുശ്രൂഷയിൽ കഴിയുന്നത്ര ഏർപ്പെട്ടുകൊണ്ട് അവന്റെ വേല ചെയ്യാം.—1 കൊരിന്ത്യർ 3:9.
10. സഭയിലുള്ള എല്ലാവർക്കും എന്തൊക്കെ ചെയ്യാനാകും?
10 കൂടാതെ, സ്വന്തം കുടുംബാംഗങ്ങളെയും ആത്മീയ സഹോദരീസഹോദരന്മാരെയും നമുക്കു സഹായിക്കാനാകും. (ഗലാത്യർ 6:10) നമ്മുടെ സത്‌ചെയ്‌തികൾ മറ്റുള്ളവരുടെമേൽ ശക്തവും ശാശ്വതവുമായ സ്വാധീനം ചെലുത്തിയേക്കാം. (സഭാപ്രസംഗി 11:1, 6) മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും അവരുടെ കർത്തവ്യം ഉത്സാഹപൂർവം നിറവേറ്റുമ്പോൾ സഭ ആത്മീയമായി ബലിഷ്‌ഠമായിത്തീരും; അതു കൂടുതൽ കെട്ടുറപ്പുള്ളതായിത്തീരുകയും ക്രിസ്‌തീയ പ്രവർത്തനത്തിന് ആക്കംവർധിക്കുകയും ചെയ്യും. “കർത്താവിന്റെ വേലയിൽ” നാം വ്യാപൃതരാകുമ്പോൾ നമ്മുടെ ‘പ്രയത്‌നം വ്യർഥമാവുകയില്ലെന്ന്’ നമുക്ക് ഉറപ്പുണ്ട്.—1 കൊരിന്ത്യർ 15:58.
ദൈവോദ്ദേശ്യത്തിനായുള്ള പ്രവർത്തനം —ഒരു ജീവിതവൃത്തിയെന്ന നിലയിൽ
11. പ്രാദേശികസഭയോടൊത്തുള്ള പ്രവർത്തനത്തിനു പുറമെ മറ്റെന്ത് അവസരങ്ങൾ നമുക്കുണ്ടായിരുന്നേക്കാം?
11 ക്രിസ്‌ത്യാനികളായ നാം ജീവിതത്തെ പ്രിയപ്പെടുന്നു, ഏതു കാര്യവും ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്യാനും നാം ആഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 10:31) നാം സവിശ്വസ്‌തം സുവാർത്ത പ്രസംഗിക്കുകയും യേശു കൽപ്പിച്ചതെല്ലാം അനുഷ്‌ഠിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുമ്പോൾ പ്രതിഫലദായകമായ പല സേവനമേഖലകളും നമ്മെ എതിരേൽക്കും. (മത്തായി 24:14; 28:19, 20) പ്രാദേശിക സഭയോടൊത്തുള്ള പ്രവർത്തനത്തിനു പുറമേ, മറ്റൊരു പ്രദേശത്തോ അന്യഭാഷക്കാർക്കിടയിലോ വിദേശത്തോ ഉള്ള, കൂടുതൽ സഹായം ആവശ്യമായ സ്ഥലങ്ങളിൽ സേവിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നേക്കാം. അവിവാഹിതരും യോഗ്യതയുള്ളവരുമായ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കാനും അതേത്തുടർന്ന്, പക്വമതികളായ ക്രിസ്‌ത്യാനികളുടെ സഹായം ആവശ്യമുള്ളതും സ്വദേശത്തോ വിദേശത്തോ ഉള്ളതുമായ സഭകളിൽ സേവിക്കാനും ക്ഷണം ലഭിച്ചേക്കാം. മുഴുസമയ ശുശ്രൂഷ ചെയ്യുന്ന ദമ്പതികൾക്ക്, ഗിലെയാദ് മിഷനറി പരിശീലനം നേടുന്നതിനും തുടർന്ന് ഒരു വിദേശരാജ്യത്തു സേവിക്കുന്നതിനും കഴിഞ്ഞേക്കും. കൂടാതെ യോഗസ്ഥലങ്ങളുടെയും ബ്രാഞ്ചോഫീസുകളുടെയും നിർമാണ-പരിപാലനത്തോടു ബന്ധപ്പെട്ടും ബെഥേലിലെ നിരവധി നിയമനങ്ങൾക്കായും സന്നദ്ധസേവകരുടെ തുടർച്ചയായ ആവശ്യമുണ്ട്.
12, 13. (എ) ഏതു സേവനമേഖല തിരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാനാകും? (ബി) ഒരു നിയമനത്തിലൂടെ ആർജിക്കുന്ന അനുഭവജ്ഞാനം മറ്റു നിയമനങ്ങളിൽ സഹായമാകുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
12 ഏതു സേവനമേഖല തിരഞ്ഞെടുക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? ദൈവത്തിന്റെ സമർപ്പിതദാസരെന്ന നിലയിൽ വഴിനടത്തിപ്പിനായി എല്ലായ്‌പോഴും യഹോവയിലും അവന്റെ സംഘടനയിലും ആശ്രയിക്കുക. ശരിയായ തിരഞ്ഞെടുപ്പു നടത്താൻ അവന്റെ ‘നല്ല ആത്മാവ്’ നിങ്ങളെ സഹായിക്കും. (നെഹെമ്യാവു 9:20) ഒരു നിയമനം മിക്കപ്പോഴും മറ്റൊന്നിലേക്കുള്ള ചവിട്ടുപടി ആയിരുന്നേക്കാം. അതുപോലെ, ഒരു സേവനമേഖലയിൽ സമ്പാദിച്ച അനുഭവങ്ങളും വൈദഗ്‌ധ്യങ്ങളും പിന്നീട് മറ്റൊന്നിൽ പ്രയോജനപ്പെട്ടേക്കാം.
13 രാജ്യഹാൾനിർമാണവേലയിൽ ക്രമമായി ഏർപ്പെടുന്ന ദമ്പതികളാണ് ഡെന്നീസും ജെന്നിയും. തെക്കേ അമേരിക്കയിൽ കത്രീന ചുഴലിക്കാറ്റുണ്ടായപ്പോൾ അവർ പുനരധിവാസ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. ഡെന്നീസ് പറയുന്നു: “രാജ്യഹാൾനിർമാണവേലയിൽ നേടിയെടുത്ത വൈദഗ്‌ധ്യം സഹോദരങ്ങളുടെ സഹായാർഥം ഉപയോഗിക്കാൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്കു വലിയ സന്തോഷം തോന്നി. സഹായിക്കപ്പെട്ടവരുടെ നന്ദിയും വിലമതിപ്പും ഹൃദയസ്‌പർശിയായിരുന്നു. മറ്റു പല സന്നദ്ധ സംഘടനകൾക്കും അവരുടെ നിർമാണവേലയിൽ പൂർണമായി വിജയിക്കാനായില്ല. യഹോവയുടെ സാക്ഷികൾ ഇതിനോടകം
5,300 വീടുകളും നിരവധി രാജ്യഹാളുകളും കേടുപോക്കുകയോ പുനർനിർമിക്കുകയോ ചെയ്‌തിരിക്കുന്നു. ഇതെല്ലാം നിരീക്ഷിക്കുന്ന ജനം ഇപ്പോൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ കൂടുതൽ താത്‌പര്യം കാട്ടുന്നു.”14. മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നപക്ഷം നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
14 മുഴുസമയ ശുശ്രൂഷ ജീവിതവൃത്തിയായി സ്വീകരിച്ചുകൊണ്ട് ദൈവോദ്ദേശ്യത്തിന് ഒന്നാം സ്ഥാനം നൽകാൻ നിങ്ങൾക്കാകുമോ? അങ്ങനെ ചെയ്യുന്നത് അനേകം അനുഗ്രഹങ്ങളിലേക്കു നയിക്കുമെന്നതിനു സംശയമില്ല. സാഹചര്യം ഇപ്പോൾ അനുകൂലമല്ലെങ്കിൽ നിങ്ങൾക്കു ചില പൊരുത്തപ്പെടുത്തലുകൾ വരുത്താനായേക്കും. ഒരു സുപ്രധാന നിയമനം ഏറ്റെടുക്കുന്നതിനുമുമ്പായി ‘യഹോവേ, അടിയനു വിജയം നൽകേണമേ’ എന്നപേക്ഷിച്ച നെഹെമ്യാവിനെപ്പോലെ ദൈവത്തോടു പ്രാർഥിക്കുക. (നെഹെമ്യാവു 1:11, സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ) എന്നിട്ട് “പ്രാർത്ഥന കേൾക്കുന്നവനായ” ആ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ചുവടുകൾ മുന്നോട്ടുവെക്കുക. (സങ്കീർത്തനം 65:2) യഹോവയെ കൂടുതൽ അർഥവത്തായി സേവിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അവൻ അനുഗ്രഹിക്കണമെങ്കിൽ ആദ്യംതന്നെ നിങ്ങളുടെ പക്ഷത്ത് ആ ശ്രമം കൂടിയേതീരൂ. മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ നിശ്ചയിച്ചുകഴിഞ്ഞാൽപ്പിന്നെ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. കാലം കടന്നുപോകവേ, നിങ്ങളുടെ അനുഭവജ്ഞാനം സമ്പന്നമായിത്തീരും, നിങ്ങളുടെ സന്തോഷവും വർധിക്കും.
അത്യന്തം അമൂല്യമായ ഒരു ജീവിതം
15. (എ) ദീർഘകാലമായി യഹോവയെ സേവിക്കുന്നവരുമായി സംസാരിക്കുന്നത് നമുക്കെങ്ങനെ പ്രയോജനം ചെയ്യും? (ബി) വിശേഷാൽ പ്രോത്സാഹജനകമെന്നു നിങ്ങൾക്കു തോന്നിയ ഒരു ജീവിതകഥ പരാമർശിക്കുക.
15 ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കുമ്പോൾ നിങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാകും? ദീർഘകാലമായി യഹോവയെ സേവിക്കുന്നവരുമായി സംസാരിക്കുക, പ്രത്യേകിച്ച് വർഷങ്ങളോളം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ളവരുമായി. എത്ര സമ്പന്നവും അർഥവത്തുമാണ് അവരുടെ ജീവിതം! (സദൃശവാക്യങ്ങൾ 10:22) ക്ലേശപൂർണമായ സമയങ്ങളിൽപ്പോലും തങ്ങളുടെ ആവശ്യങ്ങളും—അതിലധികവും—നിവർത്തിക്കുന്നതിൽ യഹോവ എന്നും തങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്ന് അവർ നിങ്ങളോടു പറയും. (ഫിലിപ്പിയർ 4:11-13) ദൈവത്തോടു വിശ്വസ്‌തരായിരുന്ന വ്യക്തികളുടെ ജീവിതകഥ, “മഹത്തായ ഒരു ജീവിതലക്ഷ്യവുമായി” എന്ന തലക്കെട്ടിൽ 1955 മുതൽ 1961 വരെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) പ്രസിദ്ധീകരിക്കുകയുണ്ടായി. അതേത്തുടർന്ന് നൂറുകണക്കിനു മറ്റു ജീവിതകഥകളും പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രവൃത്തികളുടെ പുസ്‌തകത്തിൽ നിറഞ്ഞുനിൽക്കുന്ന തീക്ഷ്‌ണതയുടെയും സന്തോഷത്തിന്റെയും ആത്മാവാണ് അവയിലോരോന്നിലും പ്രതിഫലിക്കുന്നത്. ഉജ്ജ്വലമായ അത്തരം വിവരണങ്ങൾ വായിക്കുമ്പോൾ ‘എനിക്കും അങ്ങനെതന്നെ ജീവിക്കണം!’ എന്നു നിങ്ങൾ പറയും.
16. ഒരു ക്രിസ്‌ത്യാനിയുടെ ജീവിതം അർഥവത്തും സന്തുഷ്ടവുമാക്കുന്നത് എന്ത്?
16 തുടക്കത്തിൽ പരാമർശിച്ച ഏരൊൻ പറയുന്നു: “ജീവിതത്തിൽ ഒരു ലക്ഷ്യംതേടി രാജ്യത്തുടനീളം അലയുന്ന ചെറുപ്പക്കാരെ ആഫ്രിക്കയിൽ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ചിലരൊന്നും ഒരിടത്തും എത്തിയില്ല. എന്നാൽ ആ സമയത്ത് രാജ്യസുവാർത്ത അറിയിച്ചുകൊണ്ട് ദൈവോദ്ദേശ്യം മുൻനിറുത്തി പ്രവർത്തിക്കുകയായിരുന്നു ഞങ്ങൾ—ഉദ്വേഗജനകവും അർഥവത്തുമായിരുന്നു ആ ജീവിതം. വാങ്ങുന്നതിലുള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട് എന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു.”—പ്രവൃത്തികൾ 20:35.
17. ഇപ്പോൾ നാം ദൈവോദ്ദേശ്യം നമ്മുടെ ജീവിതലക്ഷ്യമാക്കേണ്ടത് എന്തുകൊണ്ട്?
17 നിങ്ങളെ സംബന്ധിച്ചെന്ത്? എന്താണു നിങ്ങൾ ജീവിതലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്? വ്യക്തമായ ഒരു ആത്മീയലക്ഷ്യമില്ലെങ്കിൽ മറ്റു പല സംരംഭങ്ങളും നിങ്ങളുടെ ജീവിതത്തെ മൂടിക്കളയും. നിങ്ങളുടെ വിലയേറിയ ജീവിതം സാത്താന്റെ ഈ സ്വപ്‌നലോകത്തിൽ എന്തിനു പാഴാക്കണം? താമസംവിനാ മഹോപദ്രവം പൊട്ടിപ്പുറപ്പെടുമ്പോൾ സമ്പത്തും പ്രശസ്‌തിയുമെല്ലാം വ്യർഥമായിത്തീരും. യഹോവയുമായുള്ള നമ്മുടെ ബന്ധം ഒന്നുമാത്രമേ നിലനിൽക്കൂ. യഹോവയെയും സഹമനുഷ്യനെയും സേവിച്ചുകൊണ്ട് ദൈവോദ്ദേശ്യം ജീവിതലക്ഷ്യമാക്കി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അന്നു നാം കൃതാർഥരായിരിക്കും!—മത്തായി 24:21; വെളിപ്പാടു 7:14, 15.
[അടിക്കുറിപ്പുകൾ]
^ ഖ. 1 ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
^ ഖ. 1 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• നമ്മുടെ സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
• ദൈവത്തെയും മറ്റുള്ളവരെയും സേവിക്കുന്നതിൽ യാഥാർഥ്യബോധവും സമനിലയും നമ്മെ എങ്ങനെ സഹായിക്കും?
• ഏതെല്ലാം സേവനപദവികൾ നമുക്കായി തുറന്നുകിടക്കുന്നു?
• തികച്ചും അർഥവത്തായ ഒരു ജീവിതം നയിക്കാൻ ഇന്നു നമുക്കെങ്ങനെ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രങ്ങൾ]
സർവാത്മനാ യഹോവയെ തുടർന്നും സേവിക്കാൻ സമനില ആവശ്യമാണ്
[24-ാം പേജിലെ ചിത്രങ്ങൾ]
ദൈവസേവനം ഒരു ബഹുമുഖ സംരംഭമാണ്