വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധനികനായ ഭരണാധിപനും ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പും

ധനികനായ ഭരണാധിപനും ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പും

ധനികനായ ഭരണാധിപനും ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പും

നീതിമാനും മതഭക്തനും നിയമാനുസാരിയും ആയിരുന്നു ധനികനായ ആ യുവഭരണാധിപൻ. അദ്ദേഹം യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി ഇങ്ങനെ ചോദിച്ചു: “ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം?”

നിത്യജീവൻ നേടുന്നതിന്‌ അയാൾ ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കണമെന്നു യേശു സൂചിപ്പിച്ചു. അൽപ്പംകൂടി വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു; അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്ക.” ഇവയെല്ലാം മോശൈക ന്യായപ്രമാണത്തിലെ അടിസ്ഥാന നിയമങ്ങളായിരുന്നു. അപ്പോൾ ആ വ്യക്തി ചോദിച്ചു: “ഇവ ഒക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളതു എന്ത്‌?”—മത്തായി 19:16-20.

യേശു അദ്ദേഹത്തെ “സ്‌നേഹപൂർവ്വം കടാക്ഷിച്ചുകൊണ്ടു” (പി.ഒ.സി ബൈബിൾ) പറഞ്ഞു: “ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കും സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.”—മർക്കൊസ്‌ 10:17-21.

ഗൗരവാവഹമായ ഒരു തീരുമാനമെടുക്കേണ്ട സ്ഥിതിവിശേഷം പെട്ടെന്നുതന്നെ സംജാതമായി. അദ്ദേഹം എന്തു ചെയ്യും? തന്റെ സമ്പാദ്യം മുഴുവൻ മനസ്സോടെ ഉപേക്ഷിച്ച്‌ യേശുവിന്റെ ഒരു അനുഗാമിയായിത്തീരുമോ അതോ അതെല്ലാം കൂട്ടിവെക്കുമോ? അദ്ദേഹം ഭൂമിയിൽ നിക്ഷേപം സ്വരുക്കൂട്ടുമോ അതോ സ്വർഗത്തിൽ നിക്ഷേപം സമ്പാദിക്കുമോ? വിഷമംപിടിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു അത്‌. അദ്ദേഹം ആത്മീയ കാര്യങ്ങളിൽ തത്‌പരനായിരുന്നു എന്നു വ്യക്തമാണ്‌. അതുകൊണ്ടാണ്‌ ന്യായപ്രമാണം അനുസരിക്കുകയും ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ കൂടുതലായി എന്തു ചെയ്യണമെന്ന്‌ ആരായുകയും ചെയ്‌തത്‌. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പോ? “വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്‌ക്കളഞ്ഞു.”—മർക്കൊസ്‌ 10:22.

ആ യുവഭരണാധിപന്റെ തീരുമാനം ബുദ്ധിശൂന്യമായിരുന്നു. യേശുവിന്റെ ഒരു വിശ്വസ്‌ത അനുഗാമിയായി തീർന്നിരുന്നെങ്കിൽ അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നത്‌, അതായത്‌ നിത്യജീവൻ, അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. ആ യുവഭരണാധിപന്‌ എന്തു സംഭവിച്ചെന്നു നമുക്കറിയില്ല. എങ്കിലും, ഒന്നു നമുക്കറിയാം: നാൽപ്പതോളം വർഷം കഴിഞ്ഞ്‌ യെരൂശലേമിനെയും യെഹൂദ്യയെയും റോമൻസൈന്യം നാമാവശേഷമാക്കി. അനേകം യഹൂദന്മാർക്ക്‌ ജീവനും സ്വത്തും നഷ്ടമായി.

ആ യുവഭരണാധിപൻ ചെയ്‌തതിനു വിപരീതമായി അപ്പൊസ്‌തലനായ പത്രൊസും മറ്റു ശിഷ്യന്മാരും ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പു നടത്തി. അവർ “സകലവും വിട്ട്‌” യേശുവിനെ അനുഗമിച്ചു. ആ തീരുമാനം അവർക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തുമായിരുന്നു! വിട്ടുകളഞ്ഞതിന്റെ പലമടങ്ങ്‌ അവർക്കു ലഭിക്കുമെന്നു യേശു പറഞ്ഞു. മാത്രമല്ല, അവർ നിത്യജീവനും അവകാശമാക്കും. പിന്നീടൊരിക്കലും ഒരു നഷ്ടബോധം തോന്നാൻ ഇടയാക്കാത്തതരം തീരുമാനമായിരുന്നു അവരുടേത്‌.—മത്തായി 19:27-29.

തീരുമാനങ്ങൾ എടുക്കേണ്ടതില്ലാത്ത ആരുമില്ല. അവ ഒന്നുകിൽ ചെറുതായിരിക്കാം അല്ലെങ്കിൽ വലുതായിരിക്കാം. തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചു യേശു നൽകിയ ബുദ്ധിയുപദേശം എന്താണ്‌? നിങ്ങൾ അത്‌ ഇരുകയ്യുംനീട്ടി സ്വീകരിക്കുമോ? അങ്ങനെ ചെയ്‌താൽ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. യേശുവിനെ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നും യേശു പറഞ്ഞതിൽനിന്നു നമുക്ക്‌ എന്തു പ്രയോജനം നേടാനാകുമെന്നും അറിയാൻ തുടർന്നു വായിക്കുക.