വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സത്യം എന്നാൽ എന്താണ്‌?’

‘സത്യം എന്നാൽ എന്താണ്‌?’

‘സത്യം എന്നാൽ എന്താണ്‌?’

ആ ചോദ്യം പുച്ഛത്തോടെയാണു റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസ്‌ യേശുവിനോടു ചോദിച്ചത്‌. ഉത്തരം കേൾക്കാൻ അദ്ദേഹത്തിനു താത്‌പര്യം ഇല്ലായിരുന്നു, യേശുവാകട്ടെ ഉത്തരം നൽകിയതുമില്ല. ഗ്രഹിക്കാനാവാത്തവിധം പ്രയാസമുള്ള ഒന്നായി പീലാത്തൊസ്‌ സത്യത്തെ വീക്ഷിച്ചിട്ടുണ്ടാവണം.—യോഹന്നാൻ 18:38.

ഇതേ മനോഭാവമാണ്‌ മതനേതാക്കളും അധ്യാപകരും രാഷ്‌ട്രീയക്കാരും ഉൾപ്പെടെ അനേകർക്കുമുള്ളത്‌. ആത്യന്തികമായ സത്യം—പ്രത്യേകിച്ചും ധാർമികവും ആത്മീയവുമായ സത്യം—ഇല്ലെന്നും, സത്യം എന്നത്‌ ആപേക്ഷികവും സദാ മാറിക്കൊണ്ടിരിക്കുന്നതും ആണെന്നുമാണ്‌ അവരുടെ പക്ഷം. തെറ്റും ശരിയും എന്താണെന്ന്‌ ആളുകൾക്കു സ്വയം തീരുമാനിക്കാം എന്ന സന്ദേശമാണ്‌ അതു നൽകുന്നത്‌. (യെശയ്യാവു 5:20, 21) പഴമക്കാരുടെ മൂല്യങ്ങളും ധാർമിക നിലവാരങ്ങളും കാലഹരണപ്പെട്ടവയാണ്‌, അതുകൊണ്ട്‌ അവ തിരസ്‌കരിക്കുന്നതിൽ കുഴപ്പമില്ല എന്ന ധ്വനിയും അതിലുണ്ട്‌.

ചോദ്യം ഉന്നയിക്കാൻ പീലാത്തൊസിനെ പ്രേരിപ്പിച്ച പ്രസ്‌താവന പരിചിന്തനാർഹമാണ്‌. യേശു പറഞ്ഞത്‌ ഇതായിരുന്നു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) സത്യം യേശുവിന്‌ അവ്യക്തവും ദുർഗ്രഹവും അല്ലായിരുന്നു. ശിഷ്യന്മാരോടു യേശു ഇങ്ങനെ പറഞ്ഞു: “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:32.

അത്തരം സത്യം എവിടെ കണ്ടെത്താം? ഒരു സന്ദർഭത്തിൽ, ദൈവത്തോടു പ്രാർഥിക്കവേ യേശു ഇപ്രകാരം പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) ദിവ്യനിശ്വസ്‌തതയിൽ എഴുതപ്പെട്ട ബൈബിൾ, സത്യം വെളിപ്പെടുത്തുന്നു. ആ സത്യം, ആശ്രയയോഗ്യമായ മാർഗനിർദേശവും നിത്യജീവനാകുന്ന ഈടുറ്റ ഭാവിപ്രത്യാശയും വെച്ചുനീട്ടുന്നു.—2 തിമൊഥെയൊസ്‌ 3:14-17.

അത്തരം സത്യം പഠിക്കാനുള്ള അവസരം പീലാത്തൊസ്‌ അലക്ഷ്യമായി തള്ളിക്കളഞ്ഞു. നിങ്ങളോ? യേശു പഠിപ്പിച്ച “സത്യം” എന്താണെന്ന്‌ അറിയുന്നതിന്‌ യഹോവയുടെ സാക്ഷികളോടു ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുമായി അതു പങ്കുവെക്കാൻ അവർക്കു സന്തോഷമേയുള്ളൂ.