വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടലുകൾവാണ “കിത്തീംകപ്പലുകൾ”

കടലുകൾവാണ “കിത്തീംകപ്പലുകൾ”

കടലുകൾവാണ “കിത്തീംകപ്പലുകൾ”

നിരവധി നാവിക പോരാട്ടങ്ങൾക്കു സാക്ഷിയായിരുന്നു മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കിഴക്കൻ മേഖല. ക്രിസ്‌തുവിന്റെ കാലത്തിന്‌ അഞ്ചു നൂറ്റാണ്ടുമുമ്പു നടന്ന അത്തരമൊരു യുദ്ധം നിങ്ങൾക്കു മനസ്സിൽക്കാണാനാകുമോ? ട്രൈറിം എന്നറിയപ്പെടുന്ന, അനായാസം നിയന്ത്രിക്കാനാകുന്ന ഒരു കപ്പൽ ഊക്കോടെ മുന്നോട്ടു കുതിക്കുന്നു. മൂന്നു തട്ടുകളിലായി ഉദ്ദേശം 170 തുഴക്കാർ തകർത്തു തുഴയുകയാണ്‌. അവരുടെ അരക്കെട്ട്‌ ലെതർസീറ്റുകളോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവരുടെ ഇരുതുടകളും നിരന്തരം മുന്നോട്ടും പിന്നോട്ടും തെന്നിനീങ്ങുന്നു.

തിരമാലകളെ കീറിമുറിച്ച്‌, ശത്രുയാനത്തെ ലക്ഷ്യമാക്കി മണിക്കൂറിൽ 13 മുതൽ 17 വരെ കിലോമീറ്റർ വേഗത്തിൽ പായുകയാണത്‌. ആക്രമണം ഭയന്നു പലായനംചെയ്യുന്ന ശത്രുയാനത്തിന്റെ ലോലമായ ചട്ടക്കൂടിലേക്ക്‌ ട്രൈറിം അതിന്റെ പിച്ചള പൊതിഞ്ഞ കൂർത്ത ഇടിമുട്ടി ഇടിച്ചുകയറ്റുന്നു. തകർന്നുതരിപ്പണമാകുന്ന പലകകളുടെയും വിള്ളലിലൂടെ ഇരച്ചുകയറുന്ന വെള്ളത്തിന്റെയും ശീൽക്കാര ശബ്ദത്തിൽ ശത്രുപക്ഷം ഞെട്ടിവിറയ്‌ക്കുന്നു. ട്രൈറിമിലുള്ള സുസജ്ജമായ ഒരു സംഘം പോരാളികൾ അതിന്റെ മധ്യഭാഗത്തുനിന്ന്‌ ശത്രുവിന്റെ കപ്പലിലേക്കു പാഞ്ഞിറങ്ങുന്നു. നിസ്സംശയമായും, ചില പ്രാചീന കപ്പലുകൾ അജയ്യങ്ങളായിരുന്നു!

“കിത്തീം,” “കിത്തീംകപ്പലുകൾ” എന്നിങ്ങനെയുള്ള, പ്രാവചനികവും അല്ലാത്തതുമായ പരാമർശങ്ങൾ എന്നും ബൈബിൾവിദ്യാർഥികളുടെ താത്‌പര്യമുണർത്തിയിട്ടുണ്ട്‌. (സംഖ്യാപുസ്‌തകം 24:24; ദാനീയേൽ 11:30; യെശയ്യാവു 23:1) എവിടെയായിരുന്നു കിത്തീം? അവിടത്തെ കപ്പലുകളെക്കുറിച്ചു നമുക്ക്‌ എന്തറിയാം? നിങ്ങൾ ഇക്കാര്യങ്ങളറിയേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹൂദചരിത്രകാരനായ ജോസീഫസ്‌, കിത്തീമിനെ കുപ്രൊസ്‌ ദ്വീപുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ “ഹെത്തിമൊസ്‌” എന്നു വിളിക്കുകയുണ്ടായി. കുപ്രൊസിന്റെ തെക്കുകിഴക്കായുള്ള കിതിയൊൺ (അഥവാ, സിഷം) എന്ന നഗരം, പ്രസ്‌തുത ദ്വീപ്‌ തന്നെയാണ്‌ കിത്തീം എന്ന നിഗമനത്തിന്‌ ആക്കംകൂട്ടുന്നു. പുരാതന വാണിജ്യമാർഗങ്ങളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്‌തിരുന്ന കുപ്രൊസിന്‌, സമീപത്തുള്ള പൂർവമെഡിറ്ററേനിയൻ തുറമുഖങ്ങൾ വലിയ അനുഗ്രഹമായിരുന്നു. ഭൂമിശാസ്‌ത്രപരമായ അതിന്റെ സ്ഥാനം നിമിത്തം, യുദ്ധംചെയ്യുന്ന രാഷ്‌ട്രങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പക്ഷംപിടിക്കാൻ പലപ്പോഴും കുപ്രൊസ്‌ നിർബന്ധിതയായി. അതുകൊണ്ടുതന്നെ ഒന്നുകിൽ ശക്തമായ ഒരു സഖ്യകക്ഷിയോ അല്ലെങ്കിൽ തലവേദന സൃഷ്ടിക്കുന്ന ഒരു പ്രതിബന്ധമോ ആയി അതു മാറിയിരുന്നു.

കുപ്രൊസ്‌വാസികളും അലയാഴിയും

സമുദ്രാന്തര ഖനനങ്ങൾ, മൺപാത്രങ്ങളിൽ കാണപ്പെടുന്ന പുരാതന ലിഖിതങ്ങളും ചിത്രരചനകളും, കല്ലറകൾ എന്നിവയിൽനിന്നെല്ലാമുള്ള തെളിവുകൾ കുപ്രൊസ്‌കപ്പലുകളെ ഭാവനയിൽക്കാണാൻ നമ്മെ സഹായിക്കുന്നു. കുപ്രൊസിലെ ആദിമവാസികൾ വിദഗ്‌ധരായ കപ്പൽനിർമാതാക്കളായിരുന്നു. നിബിഡവനങ്ങളുള്ള ആ ദ്വീപിന്റെ സുരക്ഷിതമായ ഉൾക്കടലുകൾ സ്വതസിദ്ധമായ തുറമുഖങ്ങളായി മാറി. കപ്പൽനിർമാണത്തിനും ചെമ്പ്‌ ഉരുക്കുന്നതിനുമായി മരങ്ങൾ മുറിച്ചിരുന്നു. പ്രാചീനകാലത്ത്‌ കുപ്രൊസിന്റെ പ്രശംസയായിരുന്നു, അവിടത്തെ പ്രകൃതിസമ്പത്തായിരുന്ന ചെമ്പ്‌.

കുപ്രൊസിലെ ഊർജിതമായ കയറ്റുമതി ശ്രദ്ധിച്ച ഫൊയ്‌നീക്ക്യക്കാർ തങ്ങളുടെ വാണിജ്യമാർഗങ്ങളിലുടനീളം കോളനികൾ സ്ഥാപിച്ചു. അത്തരമൊരു കോളനിയായിരുന്നു കുപ്രൊസിലെ കിതിയൊൺ.—യെശയ്യാവു 23:10-12.

സോരിന്റെ പതനത്തെത്തുടർന്ന്‌ അവിടെയുള്ള ചിലർ കിത്തീമിൽ അഭയംതേടി. സമുദ്രയാത്രയിൽ അനുഭവസമ്പന്നരായിരുന്ന ഫൊയ്‌നീക്ക്യക്കാർ, കപ്പൽനിർമാണരംഗത്ത്‌ കുപ്രൊസ്‌വാസികൾക്ക്‌ അനൽപ്പമായ സഹായം നൽകിയിരുന്നിരിക്കാം. കിതിയൊണിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഫൊയ്‌നീക്ക്യക്കാരുടെ കപ്പലുകൾക്കു വലിയൊരു സംരക്ഷണവുമായിരുന്നു.

അന്താരാഷ്‌ട്ര വാണിജ്യം പൊടിപൊടിക്കുന്നു

അക്കാലത്ത്‌ പൂർവ മെഡിറ്ററേനിയൻ മേഖലയിലെ വാണിജ്യ ഇടപാടുകൾ സങ്കീർണങ്ങളായിരുന്നു. കുപ്രൊസിലെ അമൂല്യവസ്‌തുക്കൾ ക്രേത്ത, സാർഡിനിയ, സിസിലി, ഈജിയൻ ദ്വീപുകൾ എന്നിവിടങ്ങളിലേക്കു കപ്പൽമാർഗം കയറ്റിയയച്ചിരുന്നു. ആ പ്രദേശങ്ങളിൽനിന്നെല്ലാം കുപ്രൊസിൽനിന്നുള്ള ഭരണികളും പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. അതുപോലെ മൈസിനിയൻ അഥവാ ഗ്രീക്ക്‌ മൺപാത്രങ്ങൾ കുപ്രൊസിലും ധാരാളമായി കാണപ്പെട്ടിട്ടുണ്ട്‌. സാർഡിനിയയിൽ കണ്ടെടുത്ത ചെമ്പുകട്ടികൾ പരിശോധിച്ച ചില പണ്ഡിതർ, അതു കുപ്രൊസിൽനിന്നു വന്നതാണെന്നു വിശ്വസിക്കുന്നു.

പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 14-ാം നൂറ്റാണ്ടിൽ ദക്ഷിണ ടർക്കിയുടെ തീരത്തോടടുത്തുണ്ടായ ഒരു കപ്പൽച്ചേതത്തിന്റെ തെളിവുകൾ 1982-ൽ കണ്ടെത്തുകയുണ്ടായി. അവിടെ ഖനനം നടത്തിയപ്പോൾ ലഭിച്ചത്‌ ഒരു നിധിപേടകംതന്നെ ആയിരുന്നെന്നു പറയാം—കുന്തിരിക്കം, കനാന്യ ഭരണികൾ, കരിമരം, ആനക്കൊമ്പുകൾ, സ്വർണത്തിലും വെള്ളിയിലും തീർത്ത നിരവധി കനാന്യ ആഭരണങ്ങൾ, കുപ്രൊസിൽനിന്നുള്ളതായി കരുതപ്പെടുന്ന ചെമ്പുകട്ടികൾ, ഈജിപ്‌തിൽനിന്നുള്ള പുണ്യാഭരണങ്ങൾ (scarabs), അങ്ങനെ പലതും. കപ്പലിലുണ്ടായിരുന്ന മൺപാത്രങ്ങൾ പരിശോധിച്ചശേഷം, പ്രസ്‌തുത കപ്പൽ കുപ്രൊസിൽനിന്നുള്ളതായിരിക്കാനാണു സാധ്യതയെന്ന്‌ ചില ഉറവിടങ്ങൾ ചൂണ്ടിക്കാട്ടി.

ഈ കപ്പൽച്ചേതം നടന്നതായി കരുതപ്പെടുന്ന കാലത്തോടടുത്ത്‌ ബിലെയാം തന്റെ ‘സുഭാഷിതത്തിൽ’ കിത്തീംകപ്പലുകളെ പരാമർശിച്ചുവെന്നതു ശ്രദ്ധാർഹമാണ്‌. (സംഖ്യാപുസ്‌തകം 24:15, 24) വ്യക്തമായും കുപ്രൊസ്‌കപ്പലുകൾ മധ്യപൂർവദേശത്തു സുപ്രസിദ്ധമായിത്തീർന്നിരുന്നു. ആ കപ്പലുകളുടെ ആകൃതി എന്തായിരുന്നു?

ചരക്കുകപ്പലുകൾ

കുപ്രൊസിലെ പുരാതന നഗരമായ ആമാത്തസിലെ ശവക്കല്ലറകളിൽനിന്നു കപ്പലുകളുടെയും ബോട്ടുകളുടെയും കളിമൺമാതൃകകൾ കണ്ടെടുത്തിട്ടുണ്ട്‌. അവ നൽകുന്ന വിലയേറിയ സൂചനകൾ, കുപ്രൊസ്‌ കപ്പലുകളുടെ ആകൃതി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അവയിൽ ചിലതെല്ലാം കാഴ്‌ചബംഗ്ലാവുകളിൽ കാണാം.

ആദിമകാലത്തെ കപ്പലുകൾ തികച്ചും വാണിജ്യ ലക്ഷ്യങ്ങൾക്കുള്ളവയായിരുന്നെന്ന്‌ ആ മാതൃകകൾ വ്യക്തമാക്കുന്നു. താരതമ്യേന വലുപ്പം കുറഞ്ഞ കപ്പലുകളിൽ 20 തുഴക്കാരാണുണ്ടായിരുന്നത്‌. വീതിയും ആഴവുമേറിയ ചട്ടക്കൂട്‌ ചരക്കു കൊണ്ടുപോകുന്നതിന്‌ അനുയോജ്യമായിരുന്നു. കുപ്രൊസ്‌ ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ആ യാത്രകളിൽ യാത്രക്കാരെയും കയറ്റിയിരുന്നു. കുപ്രൊസിലുള്ളവർ, തുഴകളുള്ളതും 90 ടൺവരെ ഭാരം കയറ്റാവുന്നതുമായ ചെറുതും ഭാരംകുറഞ്ഞതുമായ കപ്പലുകൾ നിർമിച്ചിരുന്നതായി പ്ലിനി ദി എൽഡർ പറയുന്നു.

ടർക്കിയുടെ തീരത്തിനടുത്തു കണ്ടെടുത്തതുപോലുള്ള വലിയ ചരക്കുകപ്പലുകളും ഉണ്ടായിരുന്നു. അവയിൽ ചിലതിന്‌ 450 ടൺവരെ ചരക്കുമായി പുറങ്കടലിലൂടെ സഞ്ചരിക്കാൻ കഴിയുമായിരുന്നു. അത്തരം കപ്പലുകളിൽ ഓരോ വശത്തും 25 വീതം, 50 തുഴക്കാർവരെ ഉണ്ടായിരുന്നിരിക്കാം. സാധ്യതയനുസരിച്ച്‌ 30 മീറ്റർ നീളവും 10 മീറ്റർ ഉയരത്തിലുള്ള പാമരവും അവയ്‌ക്കുണ്ടായിരുന്നു.

“കിത്തീം” പടക്കപ്പലുകളും ബൈബിൾപ്രവചനവും

“കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്‌ത്തും” എന്ന പ്രഖ്യാപനം രേഖപ്പെടുത്തപ്പെട്ടത്‌ യഹോവയുടെ ആത്മാവിന്റെ നിശ്വസ്‌തതയിലായിരുന്നു. (സംഖ്യാപുസ്‌തകം 24:2, 24) ആ പ്രവചനം നിവൃത്തിയേറിയോ? അതിന്റെ നിവൃത്തിയിൽ കുപ്രൊസ്‌കപ്പലുകൾ ഉൾപ്പെട്ടിരുന്നതെങ്ങനെ? ‘കിത്തീംതീരത്തുനിന്നുള്ള ആ കപ്പലുകൾ’ മെഡിറ്ററേനിയൻ സമുദ്രത്തിൽ യഥേഷ്ടം സഞ്ചരിച്ചിരുന്ന ചരക്കുകപ്പലുകളായിരുന്നില്ല, നാശംവിതയ്‌ക്കുന്ന പടക്കപ്പലുകളായിരുന്നു അവ.

യുദ്ധരംഗത്തെ മാറ്റങ്ങൾക്കു ചേർച്ചയിൽ കൂടുതൽ ബലിഷ്‌ഠവും വേഗമേറിയതുമായ കപ്പലുകൾ നിർമിക്കാൻ തുടങ്ങി. ആമാത്തസിൽ കണ്ടെടുത്ത ഒരു ചിത്രത്തിലുണ്ടായിരുന്നത്‌ കുപ്രൊസിലെ അതിപുരാതനമായ പടക്കപ്പലുകളുടെ മാതൃക ആയിരുന്നിരിക്കാം. ഫൊയ്‌നീക്ക്യക്കാരുടെ പടക്കപ്പലുകൾപോലെ ഒതുക്കവും നീളവുമുള്ള ഉടലും ഉയർന്ന്‌ അകത്തേക്കു വളഞ്ഞ അമരവുമുള്ളതാണ്‌ ആ ചിത്രത്തിലെ കപ്പൽ. അതിന്‌ പിച്ചള പൊതിഞ്ഞ ഒരു ഇടിമുട്ടിയും, അമരം മുതൽ അണിയംവരെ ഇരുവശങ്ങളിലുമായി വൃത്താകാര പരിചകളുമുണ്ട്‌.

പൊ.യു.മു. എട്ടാം നൂറ്റാണ്ടിലാണ്‌ ഗ്രീസിൽ ബൈറിം (രണ്ടു തട്ടുകളിലായി തുഴകളുള്ള കപ്പൽ) രംഗപ്രവേശം ചെയ്‌തത്‌. ഉദ്ദേശം 24 മീറ്റർ നീളവും 3 മീറ്റർ വീതിയുമുണ്ടായിരുന്നു അതിന്‌. കരയിൽ നടക്കുന്ന പോരാട്ടങ്ങൾക്കായി പടയാളികളെ കൊണ്ടുപോകാനാണ്‌ ആദ്യമൊക്കെ അവ ഉപയോഗിച്ചിരുന്നത്‌. ഏറെത്താമസിയാതെതന്നെ, മൂന്നാമതൊരു തട്ടു തുഴകൾകൂടെ ഘടിപ്പിക്കുന്നതിന്റെ പ്രയോജനം വ്യക്തമായിത്തീർന്നു. അണിയത്തോടു പിച്ചള പൊതിഞ്ഞ ഇടിമുട്ടിയും പിടിപ്പിക്കുകയുണ്ടായി. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ പരാമർശിച്ച ട്രൈറിം എന്ന കപ്പലായിരുന്നു അത്‌. ഗ്രീക്കുകാർ പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തിയ സലാമീസ്‌ യുദ്ധത്തോടെ (പൊ.യു.മു. 480) അവ സുപ്രസിദ്ധമായിത്തീർന്നു.

പിന്നീട്‌, ലോകം പിടിച്ചടക്കാൻ വെമ്പൽകൊണ്ട മഹാനായ അലക്‌സാണ്ടർ തന്റെ ട്രൈറിം പടയുമായി കിഴക്കോട്ടു നീങ്ങി. ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കാനുള്ള സ്ഥലം പരിമിതമായിരുന്ന ആ കപ്പലുകൾ പുറങ്കടലിലൂടെയുള്ള സുദീർഘ യാത്രകൾക്കു പര്യാപ്‌തമായിരുന്നില്ല; യുദ്ധത്തിനുവേണ്ടിയായിരുന്നു അവ നിർമിച്ചത്‌. അതുകൊണ്ട്‌ ഭക്ഷ്യവസ്‌തുക്കൾക്കായും അറ്റകുറ്റപ്പണികൾക്കായും ഈജിയൻ ദ്വീപുകളിൽ തങ്ങേണ്ടതുണ്ടായിരുന്നു. പേർഷ്യൻ സൈന്യത്തെ തകർക്കുക എന്നതായിരുന്നു അലക്‌സാണ്ടറുടെ ലക്ഷ്യം. എന്നാൽ അതിനായി, സുശക്തമായ സോർ ദ്വീപിന്റെ പ്രതിരോധം ആദ്യം അദ്ദേഹം മറികടക്കേണ്ടിയിരുന്നു. അങ്ങോട്ടുള്ള യാത്രാമധ്യേ കുപ്രൊസ്‌ ഒരു ഇടത്താവളമായി വർത്തിച്ചു.

120 കപ്പലുകൾ വിട്ടുകൊടുത്തുകൊണ്ട്‌ സോരിനെ ഉപരോധിക്കാൻ (പൊ.യു.മു. 332) കുപ്രൊസ്‌വാസികൾ അലക്‌സാണ്ടറെ സഹായിച്ചു. കുപ്രൊസിലെ മൂന്നു രാജാക്കന്മാർ തങ്ങളുടെ പടയുമായി അദ്ദേഹത്തെ അനുഗമിക്കുകയും ഏഴു മാസം നീണ്ട സോരിന്റെ ഉപരോധത്തിൽ പങ്കുചേരുകയും ചെയ്‌തു. ബൈബിൾപ്രവചനം നിവർത്തിച്ചുകൊണ്ട്‌ സോർ നിലംപരിചായി. (യെഹെസ്‌കേൽ 26:3, 4; സെഖര്യാവു 9:3, 4) നന്ദിസൂചകമായി കുപ്രൊസ്‌രാജാക്കന്മാർക്കു പ്രത്യേക അധികാരങ്ങൾ അലക്‌സാണ്ടർ നൽകി.

ഒരു ശ്രദ്ധേയ നിവൃത്തി

അറബിദേശത്തിനെതിരായ തന്റെ മുന്നേറ്റത്തിൽ കുപ്രൊസിൽനിന്നും ഫൊയ്‌നീക്ക്യയിൽനിന്നുമുള്ള കപ്പലുകളെ അലക്‌സാണ്ടർ ഏർപ്പാടാക്കിയതായി ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ സ്‌ട്രേബോ പറയുന്നു. ഭാരക്കുറവും കൈകാര്യംചെയ്യാനുള്ള എളുപ്പവും നിമിത്തം വെറും ഏഴു ദിവസത്തിനുള്ളിൽ ആ കപ്പലുകൾ ഉത്തര സിറിയയിലെ താപ്‌സിക്കസിൽ അഥവാ തിഫ്‌സഹിൽ എത്തിച്ചേർന്നു. (1 രാജാക്കന്മാർ 4:24) അവിടെനിന്ന്‌ നദിക്കൊപ്പം ബാബിലോണിലേക്കു സഞ്ചരിക്കാനും കഴിയുമായിരുന്നു.

അങ്ങനെ പ്രത്യക്ഷത്തിൽ ദുരൂഹമായിരുന്ന ഒരു ബൈബിൾപ്രവചനം ഏതാണ്ട്‌ പത്തു നൂറ്റാണ്ടുകൾക്കുശേഷം ശ്രദ്ധേയമായ നിവൃത്തികണ്ടു! സംഖ്യാപുസ്‌തകം 24:24-നു ചേർച്ചയിൽ, മഹാനായ അലക്‌സാണ്ടറിന്റെ സായുധസന്നാഹം മക്കെദോന്യയിൽനിന്നു കിഴക്കോട്ട്‌ അപ്രതിരോധ്യമായി മുന്നേറിക്കൊണ്ട്‌ അസീറിയ പിടിച്ചടക്കുകയും ഒടുവിൽ, ശക്തമായ മേദോ-പേർഷ്യൻ സാമ്രാജ്യത്തെ തറപറ്റിക്കുകയും ചെയ്‌തു.

“കിത്തീംകപ്പലുകൾ” സംബന്ധിച്ച പരിമിതമായ വിവരങ്ങൾപോലും ബൈബിൾപ്രവചനത്തിന്റെ പുളകപ്രദമായ ഒരു നിവൃത്തി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ബൈബിളിലെ ദീർഘദർശനങ്ങൾ വിശ്വസനീയമാണെന്ന നമ്മുടെ ബോധ്യത്തെ അത്തരം ചരിത്രസാക്ഷ്യങ്ങൾ അരക്കിട്ടുറപ്പിക്കുന്നു. സമാനമായ പല പ്രവചനങ്ങളും നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടവയാണ്‌, അതുകൊണ്ടുതന്നെ നാം അവയെ ഗൗരവമായി വീക്ഷിക്കേണ്ടതുണ്ട്‌.

[16, 17 പേജുകളിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഇ റ്റ ലി

സാർഡിനിയ

സിസിലി

ഈജിയൻ കടൽ

ഗ്രീസ്‌

ക്രേത്ത

ലിബിയ

ടർക്കി

കുപ്രൊസ്‌

കിതിയൊൺ

സോർ

ഈജിപ്‌ത്‌

[16-ാം പേജിലെ ചിത്രം]

ഗ്രീക്ക്‌ പടക്കപ്പലായ ട്രൈറിമിന്റെ മാതൃക

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[17-ാം പേജിലെ ചിത്രം]

ബൈറിം മാതൃകയിലുള്ള പുരാതന ഫൊയ്‌നീക്ക്യ പടക്കപ്പലിന്റെ മാതൃക

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[17-ാം പേജിലെ ചിത്രം]

കുപ്രൊസ്‌കപ്പലിന്റെ ചിത്രമുള്ള ഒരു ഭരണി

[കടപ്പാട്‌]

Published by permission of the Director of Antiquities and the Cyprus Museum

[18-ാം പേജിലെ ചിത്രം]

യെശയ്യാവു 60:9-ൽ പരാമർശിച്ചിട്ടുള്ളതുപോലുള്ള പുരാതന ചരക്കുകപ്പലുകൾ