വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കുഞ്ഞാടിനോടൊപ്പമുള്ള വിജയത്തിൽ’ സന്തോഷിക്കുന്നു

‘കുഞ്ഞാടിനോടൊപ്പമുള്ള വിജയത്തിൽ’ സന്തോഷിക്കുന്നു

‘കുഞ്ഞാടിനോടൊപ്പമുള്ള വിജയത്തിൽ’ സന്തോഷിക്കുന്നു

ദൈവസേവനത്തിലെ തന്റെ ആദ്യത്തെ അമ്പതു വർഷത്തെക്കുറിച്ച്‌ 1971-ലെ ഒരു കത്തിൽ ക്യാരി ഡബ്ലിയു. ബാർബർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സേവനത്തിലെ ഈ വർഷങ്ങൾ അസാധാരണമാംവിധം നല്ലതായിരുന്നു. ദൈവജനവുമായുള്ള സഹവാസം, സാത്താന്റെ ലോകത്തിലെ ദുഷ്ട മനുഷ്യരിൽനിന്നുള്ള സംരക്ഷണം, യേശുക്രിസ്‌തുവാകുന്ന കുഞ്ഞാടിനോടൊപ്പം വിജയം വരിക്കുകയെന്ന പ്രത്യാശ എന്നിവയോടൊപ്പം യഹോവയുടെ സ്‌നേഹത്തിന്റെ തെളിവും കൂടെയാകുമ്പോൾ, ഹൃദയത്തെ കാക്കുകയും അന്തിമ വിജയം സംബന്ധിച്ച ഉറച്ച പ്രത്യാശ നൽകുകയും ചെയ്യുന്ന ആന്തരിക സമാധാനവും സംതൃപ്‌തിയും ഉരുത്തിരിയുന്നു.”

ആത്മാഭിഷിക്ത ക്രിസ്‌ത്യാനിയായിരുന്ന ബാർബർ സഹോദരൻ ആറു വർഷത്തിനു ശേഷം, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി സേവിക്കാൻ തുടങ്ങി. തുടർന്നുള്ള മുപ്പതു വർഷം, അദ്ദേഹം “കുഞ്ഞാടിനോടൊപ്പമുള്ള വിജയ”ത്തിനായി പ്രതീക്ഷയോടെ നോക്കിപ്പാർത്തിരുന്നു. 2007 ഏപ്രിൽ 8 ഞായറാഴ്‌ച 101-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ വിശ്വസ്‌തത തെളിയിച്ചുകൊണ്ട്‌ അദ്ദേഹം ആ വിജയം നേടി.—1 കൊരിന്ത്യർ 15:57.

1905-ൽ ഇംഗ്ലണ്ടിൽ ജനിച്ച ക്യാരി ബാർബർ 1921-ൽ സ്‌നാപനമേറ്റു; കാനഡയിലെ വിനിപെഗിൽവെച്ച്‌. രണ്ടു വർഷത്തിനു ശേഷം, അദ്ദേഹവും ഇരട്ട സഹോദരനായ നോർമാനും ഒരു പുതിയ പ്രോജക്‌റ്റിൽ സഹായിക്കാനായി ന്യൂയോർക്കിലെ ബ്രുക്ലിനിൽ എത്തി. രാജ്യസുവാർത്ത “ഭൂലോകത്തിൽ ഒക്കെയും” വ്യാപിപ്പിക്കുന്നതിനു വേണ്ടി യഹോവയുടെ ജനം സ്വന്തമായി അച്ചടി തുടങ്ങാനിരുന്ന സമയമായിരുന്നു അത്‌. (മത്തായി 24:14) ഒരു ചെറിയ പ്രസ്സ്‌ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ബാർബർ സഹോദരന്റെ ആദ്യകാല നിയമനങ്ങളിലൊന്ന്‌. അച്ചടിക്കപ്പെട്ടവയിൽ, ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ നടന്ന നമ്മുടെ കേസുകൾക്ക്‌ ആവശ്യമായ രേഖകളും ഉണ്ടായിരുന്നു. പിൽക്കാലത്ത്‌ ബാർബർ സഹോദരൻ സഭാകാര്യങ്ങൾക്കും രാജ്യത്തെ ആകമാന പ്രസംഗപ്രവർത്തനത്തിനും ശ്രദ്ധനൽകിക്കൊണ്ട്‌ സേവന വിഭാഗത്തിൽ പ്രവർത്തിച്ചു.

ആ പ്രവൃത്തി പരിചയം, 1948-ൽ ലഭിച്ച സഞ്ചാര ശുശ്രൂഷ നിയമനത്തിനു ബാർബർ സഹോദരനെ തികച്ചും യോഗ്യനാക്കിത്തീർത്തു. ഐക്യനാടുകളുടെ പടിഞ്ഞാറു ഭാഗത്ത്‌ അങ്ങോളമിങ്ങോളമുള്ള സഭകൾ സന്ദർശിക്കുന്നതും സമ്മേളനങ്ങളിൽ സേവിക്കുന്നതുമാണ്‌ ആ നിയമനത്തിൽ ഉൾപ്പെട്ടിരുന്നത്‌. പ്രസംഗ വേലയിൽ ഏർപ്പെട്ടുകൊണ്ട്‌ പുറംലോകത്തായിരിക്കുന്നതു താൻ പ്രത്യേകം ആസ്വദിച്ചിരുന്നുവെന്ന്‌ അദ്ദേഹം പറയുകയുണ്ടായി. അനേകം സഹോദരീസഹോദരന്മാർക്ക്‌ ബാർബർ സഹോദരനെ അടുത്തു പരിചയപ്പെടാൻ ഈ നിയമനം അവസരമൊരുക്കി. അദ്ദേഹത്തിന്റെ ബുദ്ധികൂർമതയും ശുശ്രൂഷയിലുള്ള തീക്ഷ്‌ണതയും പിന്നീടു വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 26-ാം ക്ലാസ്സിൽ സംബന്ധിച്ച സമയത്തു വളരെ ഗുണം ചെയ്‌തു. പഠനകാലത്ത്‌ കാനഡയിൽനിന്നുള്ള സിഡ്‌നി ലീ ബ്രൂവർ എന്ന സഹപാഠിയുമായി അദ്ദേഹം പരിചയത്തിലായി. ബിരുദം നേടി അധികം താമസിയാതെ അവർ വിവാഹിതരായി. ഇല്ലിനോയ്‌സിലെ ഷിക്കാഗോ പ്രദേശത്തുള്ള സഭകളെ സേവിക്കാനായി നടത്തിയ ഹ്രസ്വയാത്രയിൽ അവർ മധുവിധു ആഘോഷിച്ചു. സഞ്ചാരശൂശ്രൂഷയിൽ അവർ ഒന്നിച്ചായിരുന്ന രണ്ടു പതിറ്റാണ്ടിലുടനീളം ഭാര്യ ഒരു ഉത്തമ പങ്കാളിയും സഹായത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു.

അദ്ദേഹം ഡിസ്‌ട്രിക്‌റ്റ്‌, സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ച പതിറ്റാണ്ടുകളിലോ ഭരണസംഘത്തിലെ ഒരംഗമായി പ്രവർത്തിക്കുകയും യാത്രചെയ്യുകയും ചെയ്‌ത 30 വർഷങ്ങളിലോ അദ്ദേഹത്തെ കണ്ടുമുട്ടുകയും അടുത്തറിയുകയും ചെയ്‌തവരെല്ലാം അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ജീവസ്സുറ്റ അഭിപ്രായങ്ങളും ദീർഘകാലം സ്‌മരിക്കും. “കുഞ്ഞാടിനോടൊപ്പമുള്ള” അദ്ദേഹത്തിന്റെ “വിജയ”ത്തിൽ സന്തോഷിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌.