വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം ഇന്നേക്കുവേണ്ടി മാത്രമോ?

ജീവിതം ഇന്നേക്കുവേണ്ടി മാത്രമോ?

ജീവിതം ഇന്നേക്കുവേണ്ടി മാത്രമോ?

“ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കാറേയില്ല. അതു ശീഘ്രം വന്നെത്തും.” പ്രഗത്ഭ ശാസ്‌ത്രജ്ഞനായ ആൽബർട്ട്‌ ഐൻസ്റ്റീന്റെ വാക്കുകളാണവ. സമാനമായ അഭിപ്രായമുള്ളവരാണ്‌ അനേകരും. “ഭാവിയെക്കുറിച്ച്‌ എന്തിന്‌ ആകുലപ്പെടണം?” “ജീവിച്ചുപോകണം, അത്രതന്നെ.” “ഇന്നത്തെ കാര്യം മാത്രം നോക്കിയാൽ പോരേ, നാളെത്തെ കാര്യം നാളെയല്ലേ.” “നാളെത്തെ കാര്യം മറന്നേക്കൂ.” എന്നിങ്ങനെ ആളുകൾ പറയുന്നത്‌ നിങ്ങൾ കേട്ടിട്ടില്ലേ?

ഏതായാലും, പരക്കെയുള്ള ഈ ചിന്താഗതി അത്ര പുതിയതൊന്നുമല്ല. “തിന്നുക, കുടിക്കുക, ആനന്ദിക്കുക. അതിൽക്കവിഞ്ഞ്‌ ഒന്നുമില്ല” എന്നായിരുന്നു പുരാതന എപ്പിക്കൂര്യരുടെ ആപ്‌തവാക്യം. അപ്പൊസ്‌തലനായ പൗലൊസിന്റെ ചില സമകാലികർക്കും സമാനമായ വീക്ഷണം ഉണ്ടായിരുന്നു. “തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്ന ചിന്താഗതിക്കാരായിരുന്നു അവർ. (1 കൊരിന്ത്യർ 15:32) ആകെക്കൂടി നമുക്കുള്ളത്‌ ക്ഷണികമായ ഈ ജീവിതമാണെന്നും അതുകൊണ്ടുതന്നെ അതു പരമാവധി ആസ്വദിക്കണമെന്നുമുള്ള ആശയം അവർ ഉന്നമിപ്പിച്ചു.

എന്നാൽ ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, ജീവിതമെന്നത്‌ അത്ര സുഖകരമൊന്നുമല്ല; അത്‌ അങ്ങേയറ്റം കയ്‌പേറിയതും ശോചനീയവുമാണ്‌. ഓരോ ദിവസവും തള്ളിനീക്കാൻ പാടുപെടുകയാണ്‌ അവർ. ആ സ്ഥിതിക്ക്‌, ഭാവിയെക്കുറിച്ച്‌, ആശയറ്റതും ഇരുളടഞ്ഞതുമായി കാണപ്പെടുന്ന “നാളെയെ”ക്കുറിച്ച്‌, ഓർത്ത്‌ അവർ എന്തിനു വ്യാകുലപ്പെടണം?

ഭാവിക്കായി ആസൂത്രണമോ?

അത്രയൊന്നും പങ്കപ്പാടുകളില്ലാത്തവർപോലും ഭാവിക്കായി ആസൂത്രണം ചെയ്യുന്നതിൽ വലിയ കഥയൊന്നുമില്ലെന്ന്‌ ചിന്തിക്കുന്നവരാണ്‌. “എന്തിനു വേവലാതിപ്പെടണം?” അവർ ചോദിച്ചേക്കാം. വലിയ പദ്ധതികളൊക്കെ മെനയുന്നവരെ മിക്കപ്പോഴും കാത്തിരിക്കുന്നത്‌ നിരാശയും ഇച്ഛാഭംഗവുമാണെന്നാണ്‌ മറ്റു ചിലരുടെ പക്ഷം. തനിക്കും കുടുംബത്തിനും ഒരു സന്തുഷ്ടഭാവി കൈവരുത്തുമെന്നു കരുതിയ പദ്ധതികൾക്കു “ഭംഗം വന്നു” എന്നു കണ്ടപ്പോൾ പൂർവപിതാവായ ഇയ്യോബുപോലും അങ്ങേയറ്റം നിരാശനായിത്തീർന്നു.—ഇയ്യോബ്‌ 17:11; സഭാപ്രസംഗി 9:11.

സ്‌കോട്ടിഷ്‌ കവിയായ റോബർട്ട്‌ ബേൺസ്‌ നമ്മുടെ ദുരവസ്ഥയെ വയലിലൊക്കെ കാണുന്ന ചെറിയ ഇനം എലിയുടേതിനോടു താരതമ്യപ്പെടുത്തി. ഒരിക്കൽ അബദ്ധവശാലാണെങ്കിലും ബേണിന്റെ കലപ്പയുടെ അറ്റം മുട്ടി എലിയുടെ മാളം തകർന്നു. തന്റെ ലോകം കീഴ്‌മേൽ മറിഞ്ഞതു കണ്ട എലി ജീവനുംകൊണ്ടോടി. കവി പറയുന്നു: “അതേ, നമ്മുടെ പരിധിക്കും അപ്പുറമുള്ളത്‌ സംഭവിക്കുമ്പോൾ, നന്നായി ആസൂത്രണം ചെയ്‌ത പദ്ധതികൾപോലും പാളിപ്പോകുമ്പോൾ, നിസ്സഹായരായി നോക്കിനിൽക്കാനേ പലപ്പോഴും നമുക്കു കഴിയാറുള്ളൂ.”

ഭാവിക്കായി ആസൂത്രണം ചെയ്യുന്നത്‌ വ്യർഥമാണെന്നാണോ അതിനർഥം? ഉചിതമായ ആസൂത്രണമില്ലെങ്കിൽ, ചുഴലിക്കാറ്റുകളും മറ്റു പ്രകൃതി ദുരന്തങ്ങളും വിതയ്‌ക്കുന്ന നാശം അതിഭീമമായിരിക്കും എന്നതാണു വാസ്‌തവം. ആരു വിചാരിച്ചാലും കത്രീന ചുഴലിക്കാറ്റിനെ തടയാനാകുമായിരുന്നില്ല എന്നതു സത്യംതന്നെ. എങ്കിലും ദീർഘവീക്ഷണവും മെച്ചമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കിൽ ജീവനും വസ്‌തുവകകൾക്കുമുണ്ടായ വൻ നാശനഷ്ടം വലിയൊരളവോളം കുറയ്‌ക്കാൻ സാധിക്കുമായിരുന്നു എന്നതിനോട്‌ ആരാണ്‌ വിയോജിക്കുക?

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? അന്നന്നത്തെ കാര്യം മാത്രം നോക്കി നാളെയെ മാറ്റിനിറുത്തുന്നതാണോ ബുദ്ധി? ഇതേക്കുറിച്ച്‌ അടുത്ത ലേഖനം ചർച്ച ചെയ്യുന്നത്‌ ദയവായി വായിക്കുക.

[3-ാം പേജിലെ ചിത്രങ്ങൾ]

“തിന്നുക, കുടിക്കുക, ആനന്ദിക്കുക. അതിൽക്കവിഞ്ഞ്‌ ഒന്നുമില്ല”

[4-ാം പേജിലെ ചിത്രം]

ദീർഘവീക്ഷണവും ആസൂത്രണവും കത്രീന ചുഴലിക്കാറ്റിന്റെ കെടുതികൾ കുറയ്‌ക്കുമായിരുന്നോ?

[കടപ്പാട്‌]

U.S. Coast Guard Digital