പ്രകാശം ലക്ഷ്യമാക്കി മുന്നേറുക
പ്രകാശം ലക്ഷ്യമാക്കി മുന്നേറുക
പ്രകാശഗോപുരങ്ങൾ എണ്ണിയാലൊടുങ്ങാത്തത്ര ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നാൽ ക്ഷീണിച്ചുവലഞ്ഞ ഒരു സമുദ്ര സഞ്ചാരിക്ക് വിദൂരതയിൽ കാണുന്ന പ്രകാശം അപകടകാരികളായ പാറക്കൂട്ടങ്ങൾ സംബന്ധിച്ച അപായ സൂചന മാത്രമല്ല, തീരമണയാറായി എന്നു വിളിച്ചോതുന്ന ഒന്നുകൂടിയാണ്. സമാനമായി, കൂരിരുട്ടു നിറഞ്ഞ, ആത്മീയമായി അപകടംപിടിച്ച ഒരു ലോകത്തിലൂടെയുള്ള ദീർഘദൂര യാത്രയുടെ അന്ത്യപാദത്തിലാണ് ഇന്നു ക്രിസ്‌ത്യാനികൾ. ദൈവത്തിൽനിന്ന് അന്യപ്പെട്ട പൊതുവിലുള്ള മനുഷ്യവർഗം “കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു” എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 57:20) അത്തരമൊരു സാഹചര്യത്തിന്മധ്യേയാണു ദൈവജനം. എന്നിരുന്നാലും അവർക്ക് രക്ഷ സംബന്ധിച്ച മഹത്തായ പ്രത്യാശയുണ്ട്. അത് അവർക്ക് ആശ്രയയോഗ്യമായ ഒരു ആലങ്കാരിക പ്രകാശമാണ്. (മീഖാ 7:8) യഹോവയാലും അവന്റെ ലിഖിത വചനത്താലും “നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും” എന്നു പറഞ്ഞിരിക്കുന്നു.—സങ്കീർത്തനം 97:11. *
എന്നിരുന്നാലും യഹോവയുടെ പ്രകാശത്തിൽനിന്നു തങ്ങളെ അകറ്റാൻ ശ്രദ്ധാശൈഥില്യങ്ങളെ അനുവദിച്ചിരിക്കുന്നു ചില ക്രിസ്‌ത്യാനികൾ. അങ്ങനെ, ഒളിഞ്ഞിരിക്കുന്ന പാറകൾ എന്നു വിശേഷിപ്പിക്കാവുന്ന ഭൗതികത്വം, അധാർമികത, വിശ്വാസത്യാഗം എന്നിവയിൽ തട്ടി അവരുടെ വിശ്വാസക്കപ്പൽ തകർന്നിരിക്കുന്നു. അതേ, ഒന്നാം നൂറ്റാണ്ടിലെന്നപോലെ ഇന്നും ചിലരുടെ “വിശ്വാസക്കപ്പൽ തകർന്നുപോയി”രിക്കുന്നു. (1 തിമൊഥെയൊസ് 1:19; 2 പത്രൊസ് 2:13-15, 20-22) പുതിയലോകത്തെ, നാം അടുത്തുകൊണ്ടിരിക്കുന്ന ഒരു തുറമുഖത്തോട് ഉപമിക്കാനാകും. തീരമണയാറായിരിക്കുന്ന ഈ വേളയിൽ നമുക്ക് യഹോവയുടെ പ്രീതി നഷ്ടമായാൽ അത് എത്ര ദാരുണമായിരിക്കും!
“വിശ്വാസക്കപ്പൽ” തകരാതിരിക്കട്ടെ
കരകാണാക്കടലിലൂടെ സുരക്ഷിതമായി സഞ്ചരിച്ച കപ്പലുകൾ തുറമുഖത്തോടടുത്തപ്പോൾ തകർന്നുപോയ സംഭവങ്ങൾ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടുണ്ട്. തീരത്തോടടുത്ത ഭാഗമാണ് മിക്കപ്പോഴും യാത്രയിലെ ഏറ്റവും അപകടംപിടിച്ചത്. സമാനമായി, പലരുടെ കാര്യത്തിലും മനുഷ്യചരിത്രത്തിലെ ഏറ്റവും അപകടംപിടിച്ച സമയമാണ് വ്യവസ്ഥിതിയുടെ ഈ അവസാന നാളുകൾ. ബൈബിൾ ഇതിനെ “ദുർഘടസമയങ്ങൾ” എന്നു വിളിക്കുന്നതിൽ അതിശയിക്കാനില്ല. സമർപ്പിത ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്.—2 തിമൊഥെയൊസ് 3:1-5.
ഈ അവസാനനാളുകൾ ഇത്ര ദുർഘടമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവജനത്തോടു യുദ്ധംചെയ്യാൻ തനിക്ക് ഇനി “അല്‌പകാലമേയുള്ളു” എന്നു സാത്താന് അറിയാം. അതുകൊണ്ട് അവരുടെ വിശ്വാസം തകർക്കാനുള്ള നീചമായ ശ്രമങ്ങൾക്ക് അവൻ ആക്കംകൂട്ടിയിരിക്കുകയാണ്. (വെളിപ്പാടു 12:12, 17) എന്നാൽ നാം സഹായമോ മാർഗനിർദേശമോ ഇല്ലാത്തവരല്ല. തന്റെ ഉപദേശങ്ങൾക്കായി കാതോർക്കുന്നവർക്ക് യഹോവ ഒരു ശരണമായിത്തന്നെ നിലകൊള്ളുന്നു. (2 ശമൂവേൽ 22:31) സാത്താന്റെ കുടിലവും ദുഷ്ടവുമായ തന്ത്രങ്ങൾ തുറന്നുകാട്ടുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ അവൻ നമുക്കു നൽകിയിരിക്കുന്നു. വാഗ്‌ദത്തദേശത്തിന്റെ കവാടത്തിൽ എത്തിയ ഇസ്രായേൽ ജനം ഉൾപ്പെട്ട അത്തരത്തിലുള്ള രണ്ടു ദൃഷ്ടാന്തങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.—1 കൊരിന്ത്യർ 10:11; 2 കൊരിന്ത്യർ 2:11.
വാഗ്‌ദത്തദേശത്തിന്റെ കവാടത്തിൽ
മോശെയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനത്തിന് ഈജിപ്‌തിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞു. അധികം താമസിയാതെ അവർ വാഗ്‌ദത്ത ദേശത്തിന്റെ തെക്കേ അതിർത്തിക്കു സമീപമെത്തി. തുടർന്ന് ദേശം ഒറ്റുനോക്കാൻ മോശെ 12 പേരെ അയച്ചു. കനാന്യർ “അതികായന്മാ”രും സൈനികമായി പ്രബലരുമായതിനാൽ അവരെ തോൽപ്പിക്കാൻ ഇസ്രായേല്യർക്കു കഴിയില്ലെന്നുള്ള നിരുത്സാഹപ്പെടുത്തുന്ന റിപ്പോർട്ടുമായാണ് അവിശ്വസ്‌തരായ പത്തുപേർ സംഖ്യാപുസ്‌തകം 13:1, 2, 28-32; 14:1-4.
മടങ്ങിയെത്തിയത്. ഇസ്രായേല്യരെ അത് എങ്ങനെ ബാധിച്ചു? “വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്‌പോകുമല്ലോ; . . . നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക” എന്നു പറഞ്ഞുകൊണ്ട് അവർ മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തുവെന്ന് വിവരണം പറയുന്നു.—ഒന്നോർത്തുനോക്കൂ, വിനാശകരമായ പത്തു ബാധകളും ചെങ്കടലിലെ അതിശയകരമായ അത്ഭുതവുംകൊണ്ട് അന്നത്തെ പ്രബല ലോകശക്തിയായ ഈജിപ്‌തിനെ യഹോവ മുട്ടുകുത്തിച്ചത് ഇതേ ജനം സ്വന്തകണ്ണാൽ കണ്ടതാണ്. അവർക്കു വാഗ്‌ദത്തദേശം കൺമുമ്പിൽ കാണാമായിരുന്നു, തീരമണയാറായി എന്നു വിളിച്ചോതുന്ന പ്രകാശത്തിനുനേരെ നീങ്ങുന്ന ഒരു കപ്പലിന്റെ കാര്യത്തിലെന്നപോലെ. എന്നിരുന്നാലും പലതായി വിഭജിച്ചുകിടക്കുന്ന, നിസ്സാരമായ ഈ കൊച്ചുരാജ്യങ്ങളെ മറിച്ചിടാൻ യഹോവയ്‌ക്കു കഴിവില്ലെന്ന് അവർ കരുതി. ദൈവത്തെയും, ഒപ്പം കനാന്യരെ ഇസ്രായേലിന്റെ “ഇര”യായി കണ്ട ധൈര്യശാലികളായ യോശുവയെയും കാലേബിനെയും ഈ വിശ്വാസരഹിതമായ പ്രതികരണം എത്ര നിരാശപ്പെടുത്തിയിരിക്കണം! ആ രണ്ട് ഒറ്റുകാരും കനാൻദേശത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ നേരിൽക്കണ്ടറിഞ്ഞിരുന്നു. ജനം വാഗ്‌ദത്തദേശത്തു കടക്കാതിരുന്ന കാലത്ത് യോശുവയ്‌ക്കും കാലേബിനും പതിറ്റാണ്ടുകൾ മരുഭൂമിയിൽ കഴിയേണ്ടിവന്നെങ്കിലും ആ അവിശ്വസ്‌തരോടൊപ്പം അവർ മരിച്ചുപോയില്ല. വാസ്‌തവത്തിൽ അവരാണ് അടുത്ത തലമുറയെ മരുഭൂമിയിൽക്കൂടി വാഗ്‌ദത്തദേശത്തേക്കു വഴിനയിച്ചത്. (സംഖ്യാപുസ്‌തകം 14:9, 29, 30) വാഗ്‌ദത്തദേശത്തു പ്രവേശിക്കാനുള്ള ഈ രണ്ടാമത്തെ ഉദ്യമത്തിൽ ഇസ്രായേൽ ജനം മറ്റൊരു പരിശോധന നേരിടാൻപോകുകയായിരുന്നു. അവർ അതിൽ വിജയിക്കുമോ?
വ്യാജപ്രവാചകനായ ബിലെയാമിനെ ഉപയോഗിച്ചുകൊണ്ട് മോവാബ്യ രാജാവായ ബാലാക്ക് സംഖ്യാപുസ്‌തകം 22:1-7; 24:10) ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും ബാലാക്ക് മറ്റൊരു നീചതന്ത്രം പ്രയോഗിച്ചു, ദേശം കൈവശമാക്കുന്നതിനു ദൈവജനത്തെ അയോഗ്യരാക്കുന്ന ഒന്നുതന്നെ. എങ്ങനെ? അധാർമികതയിലേക്കും ബാലാരാധനയിലേക്കും അവരെ വശീകരിച്ചുകൊണ്ട്. മൊത്തത്തിൽ ഈ തന്ത്രവും പരാജയപ്പെട്ടെങ്കിലും 24,000 ഇസ്രായേല്യരെ വശീകരിക്കാൻ അതിനായി. അവർ മോവാബ്യ സ്‌ത്രീകളുമായി പരസംഗത്തിൽ ഏർപ്പെടുകയും ബാൽപെയോരിനോടു ചേരുകയും ചെയ്‌തു.—സംഖ്യാപുസ്‌തകം 25:1-9.
ഇസ്രായേല്യരെ ശപിക്കാൻ ശ്രമിച്ചു. എന്നാൽ ശപിക്കുന്നതിനു പകരം അവരെ അനുഗ്രഹിക്കാൻ ഇടയാക്കിക്കൊണ്ട് യഹോവ ആ പദ്ധതി പരാജയപ്പെടുത്തി. (അതേക്കുറിച്ച് ഒന്നു ചിന്തിക്കൂ! “ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി” യഹോവ തങ്ങളെ സുരക്ഷിതമായി നയിച്ചത് ആ ഇസ്രായേല്യരിൽ പലരും നേരിൽ കണ്ടതാണ്. (ആവർത്തനപുസ്‌തകം 1:19) എന്നിട്ടും ദൈവജനത്തിലെ 24,000 പേരാണ് വാഗ്‌ദത്തഭൂമിയുടെ കവാടത്തിൽവെച്ച് ജഡികാഭിലാഷങ്ങൾക്കു വഴിപ്പെട്ടുപോകുകയും യഹോവയുടെ കയ്യാൽ മരിക്കുകയും ചെയ്‌തത്. അതിലേറെ ശ്രേഷ്‌ഠമായ വാഗ്‌ദത്തദേശത്തെ സമീപിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ദൈവദാസർക്ക് ഇത് എത്ര ശക്തമായ മുന്നറിയിപ്പാണ്!
ഈ അനുഗ്രഹം പ്രാപിക്കുന്നതിൽനിന്ന് യഹോവയുടെ ആധുനികകാല ദാസരെ തടയാനുള്ള തന്റെ അവസാന ശ്രമത്തിൽ സാത്താനു പുതിയ അടവുകളിറക്കേണ്ട കാര്യമില്ല. ഭീഷണിയോ പീഡനമോ പരിഹാസമോ കൊണ്ടുവന്നുകൊണ്ട് ദൈവദാസരിൽ ഭയവും സംശയവും ജനിപ്പിക്കാൻ സാത്താൻ സദാ ശ്രമിക്കുകയാണ്. ചില ക്രിസ്‌ത്യാനികൾ അത്തരം ഭീഷണികളിൽ വീണുപോയിരിക്കുന്നു. വാഗ്‌ദത്തദേശത്തെ സമീപിച്ച ആദ്യ സന്ദർഭത്തിൽ ഇസ്രായേല്യരുടെ കാര്യത്തിൽ സംഭവിച്ച സംഗതികൾ ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. (മത്തായി 13:20, 21) വ്യക്തികളുടെ ധാർമികതയെ ദുഷിപ്പിക്കുക എന്നതാണ് മറ്റൊരു വിദഗ്‌ധ തന്ത്രം. ക്രിസ്‌തീയ സഭയിലേക്കു നുഴഞ്ഞുകടന്നിട്ടുള്ള ചിലർ, ദിവ്യപ്രകാശത്തിന്റെ പാതയിൽ ആത്മവിശ്വാസത്തോടെ നടക്കാത്തവരും ആത്മീയമായി ദുർബലരുമായവരെ ദുഷിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.—യൂദാ 8, 12-16.
ഈ ലോകം ധാർമിക ജീർണതയിലേക്കു കൂപ്പുകുത്തുന്നതു കാണുന്ന ആത്മീയ പക്വതയും ജാഗ്രതയുമുള്ള വ്യക്തികൾക്ക്, സാത്താന്റെ നിരാശയുടെ ഫലമാണിതെന്ന് ഉറപ്പാണ്. അതേ, അൽപ്പം കഴിഞ്ഞാൽ ദൈവത്തിന്റെ വിശ്വസ്‌ത ദാസരെ തന്റെ എത്തുപാടിൽ കിട്ടില്ലെന്നു സാത്താനറിയാം. അതുകൊണ്ട് സാത്താന്റെ ശ്രമങ്ങൾ സംബന്ധിച്ച് ആത്മീയമായി ജാഗ്രതയോടെ നിലകൊള്ളേണ്ട സമയം ഇതാണ്.
ആത്മീയമായി ജാഗ്രതയോടെയിരിക്കാനുള്ള സഹായങ്ങൾ
“ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്ക്” എന്നാണ് അപ്പൊസ്‌തലനായ പത്രൊസ് ദൈവത്തിന്റെ പ്രാവചനിക വചനത്തെ വിശേഷിപ്പിച്ചത്. ദിവ്യോദ്ദേശ്യത്തിന്റെ നിവൃത്തി വ്യക്തമായി കാണാൻ അതു ക്രിസ്‌ത്യാനികളെ സഹായിക്കുന്നു. (2 പത്രൊസ് 1:19-21) ദൈവവചനത്തോടു സ്‌നേഹം നട്ടുവളർത്തുകയും അതിന്റെ വഴിനടത്തിപ്പിൻ കീഴിൽ തുടരുകയും ചെയ്യുന്നവർ യഹോവ തങ്ങളുടെ പാതകളെ നേരെയാക്കുന്നതു കാണും. (സദൃശവാക്യങ്ങൾ 3:5, 6) പ്രത്യാശാഭരിതരായ, വിലമതിപ്പുള്ള അത്തരം ആളുകൾ “ഹൃദയാനന്ദംകൊണ്ടു ഘോഷിക്കു”മ്പോൾ യഹോവയെ അറിയാത്തവരും അവനെ ഉപേക്ഷിച്ചവരും “മനോവ്യസന”വും “മനോവ്യഥ”യും അനുഭവിക്കും എന്നതിനു സംശയമില്ല. (യെശയ്യാവു 65:13, 14) അതുകൊണ്ട് ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്‌തുകൊണ്ട് ഈ വ്യവസ്ഥിതിയുടെ ക്ഷണികമായ സുഖഭോഗങ്ങൾക്കു പകരം നമ്മുടെ ഉറപ്പുള്ള പ്രത്യാശയിൽ ശ്രദ്ധപതിപ്പിക്കാൻ നമുക്കു കഴിയും.
ആത്മീയമായി ഉണർന്നിരിക്കാൻ പ്രാർഥനയും അത്യന്താപേക്ഷിതമാണ്. ഈ വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചു പറയവേ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും [“യാചനകഴിച്ചും,” NW] കൊണ്ടിരിപ്പിൻ.” (ലൂക്കൊസ് 21:34-36) ഇവിടെ യേശു ഉപയോഗിച്ച വാക്ക് ശ്രദ്ധിക്കുക: “യാചന.” അങ്ങേയറ്റം ആത്മാർഥമായ പ്രാർഥനയെയാണ് അതു സൂചിപ്പിക്കുന്നത്. കാരണം നിത്യജീവനു ഭീഷണി ഉയർത്തുന്ന പലതും ഈ ദുർഘടനാളിൽ ഉണ്ടാകുമെന്ന് യേശുവിന് അറിയാമായിരുന്നു. ആത്മീയമായി ഉണർന്നിരിക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ പ്രാർഥനകൾ തെളിയിക്കുന്നുണ്ടോ?
വാഗ്‌ദത്ത ഭൂമിയിലേക്കുള്ള നമ്മുടെ യാത്രയിലെ ഏറ്റവും അപകടംപിടിച്ച ഭാഗം അതിന്റെ അവസാനപാദമായിരിക്കും എന്നു മറക്കാതിരിക്കാം. അതുകൊണ്ട് നമ്മെ അതിജീവനത്തിലേക്കു നയിക്കാൻ കഴിയുന്ന പ്രകാശത്തിൽനിന്നു നമ്മുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വ്യാജവിളക്കുകൾ സംബന്ധിച്ചു ജാഗ്രതപാലിക്കുക
പായ്‌ക്കപ്പലുകൾ പ്രചാരത്തിലിരുന്ന കാലത്ത് കപ്പിത്താന്മാർ തീരം കണ്ടെത്താൻ പാടുപെടുന്ന നിലാവില്ലാത്ത രാത്രികളിൽ ആ തക്കംനോക്കി ചില ദുഷ്ടന്മാർ
അവയെ അപായപ്പെടുത്താനായി കെണി ഒരുക്കിയിരുന്നു. കപ്പിത്താന്മാരെ വഴിതെറ്റിക്കാനായി ഇക്കൂട്ടർ തീരത്തിന്റെ അപകടംപിടിച്ച ഭാഗത്ത് വെളിച്ചം തെളിക്കുമായിരുന്നു. അത്തരത്തിൽ വഴിതെറ്റിക്കപ്പെടുന്നവരുടെ കപ്പലുകൾ തകരുകയും ചരക്കുകൾ കൊള്ളയടിക്കപ്പെടുകയും ജീവൻ നഷ്ടമാകുകയും ചെയ്‌തിരുന്നു.സമാനമായി, സാത്താനെന്ന വഞ്ചകനായ ‘വെളിച്ചദൂതൻ’ ദൈവവുമായുള്ള ദൈവജനത്തിന്റെ ബന്ധം കവർന്നെടുക്കാൻ ആഗ്രഹിക്കുന്നു. ജാഗ്രതയില്ലാത്തവരെ വഞ്ചിക്കാൻ പിശാച് “കള്ളയപ്പൊസ്‌തലന്മാ”രെയും വിശ്വാസത്യാഗികളായ “നീതിയുടെ ശുശ്രൂഷക്കാ”രെയും ഉപയോഗിച്ചേക്കാം. (2 കൊരിന്ത്യർ 11:13-15) ജാഗരൂകരായിരിക്കുന്ന, അനുഭവപരിചയമുള്ള കപ്പിത്താനും കൂട്ടരും വ്യാജവിളക്കുകൾ കണ്ട് വഴിതെറ്റിക്കപ്പെടാനുള്ള സാധ്യത കുറവായിരിക്കുന്നതുപോലെ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ള” ക്രിസ്‌ത്യാനികൾ വ്യാജപഠിപ്പിക്കലുകളാലും ഹാനികരമായ തത്ത്വചിന്തകളാലും വഴിതെറ്റിക്കപ്പെടുകയില്ല.—എബ്രായർ 5:14; വെളിപ്പാടു 2:2.
നാവികരുടെ കയ്യിൽ തങ്ങളുടെ മാർഗത്തിലുള്ള പ്രകാശഗോപുരങ്ങളുടെ പട്ടിക ഉണ്ടായിരിക്കും. ഇതിൽ, ഓരോ പ്രകാശഗോപുരത്തിന്റെയും സവിശേഷതകളും അതിന്റെ തനതായ അടയാളരീതിയും പ്രതിപാദിച്ചിരിക്കും. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “നാവികർ പ്രകാശഗോപുരത്തിന്റെ സവിശേഷത നിരീക്ഷിക്കുകയും പ്രകാശപ്പട്ടിക നോക്കുകയും ചെയ്‌തുകൊണ്ട് തങ്ങൾ കാണുന്ന പ്രകാശഗോപുരം ഏതാണെന്നും അങ്ങനെ, തങ്ങൾ എവിടെ എത്തിയിരിക്കുന്നുവെന്നും മനസ്സിലാക്കും.” സമാനമായി, സത്യാരാധന ഏതെന്നു തിരിച്ചറിയാനും സത്യാരാധകരെ കണ്ടെത്താനും ആത്മാർഥഹൃദയരെ ദൈവവചനം സഹായിക്കുന്നു. സത്യാരാധനയെ യഹോവ വ്യാജമതങ്ങൾക്കുമേലായി ഉയർത്തിയിരിക്കുന്ന ഈ അന്ത്യകാലത്ത് ഇതു വിശേഷാൽ സത്യമാണ്. (യെശയ്യാവു 2:2, 3; മലാഖി 3:18) സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വ്യത്യാസം യെശയ്യാവു 60:2, 3 നന്നായി വരച്ചുകാട്ടുന്നു: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.”
യഹോവയുടെ പ്രകാശത്താൽ വഴിനയിക്കപ്പെടുന്നതിൽ തുടരുമ്പോൾ സകല ജനതകളിൽനിന്നുമുള്ള ദശലക്ഷങ്ങൾക്ക്, യാത്രയുടെ ഈ അവസാനഘട്ടത്തിൽ തങ്ങളുടെ വിശ്വാസം തകർന്നുടയുന്നതു കാണേണ്ടിവരില്ല. മറിച്ച് ഈ വ്യവസ്ഥിതിയുടെ ശേഷിച്ച നാളുകളിലുടനീളം സുരക്ഷിതമായി സഞ്ചരിച്ച്, സമാധാനം കളിയാടുന്ന പുതിയലോകത്തിൽ അവർ എത്തിച്ചേരും.
[അടിക്കുറിപ്പ്]
^ ഖ. 2 തിരുവെഴുത്തുകൾ “പ്രകാശം” എന്ന പദം ആലങ്കാരിക അർഥത്തിൽ പല തവണ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ബൈബിൾ ദൈവത്തെ പ്രകാശവുമായി ബന്ധപ്പെടുത്തുന്നു. (സങ്കീർത്തനം 104:1, 2; 1 യോഹന്നാൻ 1:5) ദൈവവചനത്തിൽനിന്നുള്ള ആത്മീയ പ്രബുദ്ധതയെ പ്രകാശത്തോടു താരതമ്യം ചെയ്‌തിരിക്കുന്നു. (യെശയ്യാവു 2:3-5; 2 കൊരിന്ത്യർ 4:6) ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത് യേശു ഒരു വെളിച്ചമായിരുന്നു. (യോഹന്നാൻ 8:12; 9:5; 12:35) അവന്റെ അനുഗാമികൾക്കും തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ആഹ്വാനം ലഭിച്ചു.—മത്തായി 5:14, 16.
[15-ാം പേജിലെ ചിത്രം]
വ്യാജവിളക്കുകളാൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നാവികരെപ്പോലെ ക്രിസ്‌ത്യാനികളും ജാഗരൂകരാണ്