വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിബന്ധങ്ങൾ കടന്നെത്തുന്ന സുവാർത്ത

പ്രതിബന്ധങ്ങൾ കടന്നെത്തുന്ന സുവാർത്ത

പ്രതിബന്ധങ്ങൾ കടന്നെത്തുന്ന സുവാർത്ത

ഞങ്ങളുടെ ട്രക്ക്‌ ഒരു ചെക്ക്‌പോസ്റ്റിനോട്‌ അടുക്കുകയാണ്‌. ആയുധധാരികളായ പുരുഷന്മാരും സ്‌ത്രീകളും ചെറുപ്പക്കാരുമായി 60-ഓളം പേർ അവിടെ കൂടിയിട്ടുണ്ട്‌. ചിലർ യൂണിഫോമിലാണ്‌; മറ്റു ചിലർ സാധാരണ വേഷത്തിലും. പലരും യന്ത്രത്തോക്കുകൾ കയ്യിലെടുത്തു പിടിച്ചിട്ടുണ്ട്‌. അവർ ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നെന്നു തോന്നുന്നു. ആഭ്യന്തരകലാപം നടക്കുകയാണ്‌.

പത്തു ടൺ ബൈബിൾപ്രസിദ്ധീകരണങ്ങളുമായി ഞങ്ങൾ യാത്ര തുടങ്ങിയിട്ട്‌ നാലു ദിവസമായി. അവർ കടത്തിവിടുമോയെന്ന സംശയത്തിലായിരുന്നു ഞങ്ങൾ. അവർ പണം ചോദിക്കുമോ? ഞങ്ങളുടെ ദൗത്യം സമാധാനപരമാണെന്ന്‌ അവരെ ബോധ്യപ്പെടുത്താൻ എത്ര സമയം വേണ്ടിവരും?

തലവൻ താനാണെന്നു കാണിക്കാനായി ഒരാൾ ആകാശത്തേക്കു നിറയൊഴിക്കുന്നു. ഞങ്ങളുടെ മൊബൈൽ ഫോൺ കണ്ട അയാൾ അത്‌ അയാളെ ഏൽപ്പിക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ മടികാണിക്കവേ കഴുത്തറക്കുമെന്ന്‌ ആംഗ്യം കാണിക്കുന്നുണ്ട്‌. അനുസരിച്ചില്ലെങ്കിൽ എന്താണു സംഭവിക്കുക എന്നതിന്റെ വ്യക്തമായ രൂപം ലഭിച്ച ഞങ്ങൾ ഫോൺ കൈമാറി.

യൂണിഫോമിട്ട ഒരു സ്‌ത്രീ തോക്കുമായി ഞങ്ങളുടെ അടുത്തേക്കു വരികയാണ്‌. അവരാണ്‌ “സെക്രട്ടറി.” ഞങ്ങളുടെ പക്കൽനിന്ന്‌ കിട്ടുന്നതെന്തും കൈക്കലാക്കാനാണ്‌ അവർ നോക്കുന്നത്‌. ജീവൻ അപകടത്തിലാണ്‌; ചെറിയൊരു “കാഴ്‌ച”യായി എന്തെങ്കിലും നൽകിയാൽ ഗുണമുണ്ടാകും. അതാ, ഒരു സൈനികൻ ഞങ്ങളുടെ ഇന്ധനടാങ്കു തുറന്ന്‌ അയാളുടെ ക്യാൻ നിറയ്‌ക്കുകയാണ്‌. ഞങ്ങളുടെ എതിർപ്പുകൾ വകവെക്കുന്നേയില്ല; അയാൾ മുകളിൽനിന്നുള്ള കൽപ്പന അനുസരിക്കുകയാണത്രേ. മറ്റുള്ളവർ അതേ പാത പിന്തുടരില്ലെന്നു പ്രത്യാശിക്കാനല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല.

അവസാനം, തടസ്സം നീങ്ങി. ഞങ്ങൾ യാത്ര തുടർന്നു. ഞാനും എന്റെ സുഹൃത്തും ആശ്വാസത്തിന്റെ ദീർഘനിശ്വാസമുതിർത്തു. ദുഷ്‌കരമായിരുന്നു ആ സാഹചര്യം. പക്ഷേ ഇത്തരം ഭയങ്കരമായ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്ന്‌ ഞങ്ങൾക്കു നല്ല പരിചയമുണ്ടായിരുന്നു. 2000 ഏപ്രിലിനും 2004 ജനുവരിക്കും ഇടയ്‌ക്ക്‌ കാമറൂണിലെ ഡൂവാലായിൽനിന്ന്‌ മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്‌ഗിയിലേക്ക്‌ ഞങ്ങൾ 18 യാത്രകൾ നടത്തിയിട്ടുണ്ട്‌. ഈ 1,600 കിലോമീറ്റർ യാത്ര മിക്കപ്പോഴും ദുർഘടങ്ങളും വിസ്‌മയങ്ങളും നിറഞ്ഞതാണ്‌. *

“ഈ യാത്രകൾ ഞങ്ങളെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌,” പതിവായി ഈ യാത്രകൾ നടത്തുന്ന ഡ്രൈവർമാരായ ജോസഫും ഇമ്മാനുവേലും പറയുന്നു. “മൗനപ്രാർഥനകൾ നല്ലതാണ്‌. എന്നിട്ട്‌ ശാന്തരായിരിക്കുക. ‘ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?’ എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. അതേ മനോഭാവം നിലനിറുത്താനാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌. മാനവകുടുംബത്തിന്‌ അങ്ങേയറ്റം ആവശ്യമായിരിക്കുന്ന ഒരു പ്രത്യാശാദൂത്‌ അറിയിക്കുകയെന്നതാണ്‌ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമെന്നതിൽ ഞങ്ങൾക്ക്‌ തെല്ലും സംശയമില്ല.”—സങ്കീർത്തനം 56:11.

ആത്മീയ ഭക്ഷണം എത്തിക്കാനുള്ള അന്താരാഷ്‌ട്രശ്രമം

ആഫ്രിക്കയുടെ ഈ ഭാഗത്തുള്ള അനേകരും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത കേൾക്കാൻ വലിയ താത്‌പര്യമുള്ളവരാണ്‌. ഞങ്ങൾ കൊണ്ടുവരുന്ന പ്രസിദ്ധീകരണങ്ങൾ അവരുടെ ആത്മീയാവശ്യം തൃപ്‌തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയിരിക്കുന്നതാണ്‌. (മത്തായി 5:3; 24:14) ഡൂവാലായിൽ സ്ഥിതിചെയ്യുന്ന, യഹോവയുടെ സാക്ഷികളുടെ കാമറൂൺ ബ്രാഞ്ചോഫീസ്‌ കാമറൂണിലും നാല്‌ അയൽരാജ്യങ്ങളിലുമുള്ള 30,000 രാജ്യഘോഷകർക്കും താത്‌പര്യക്കാർക്കും പതിവായി പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്‌.

കാതങ്ങളോളം സഞ്ചരിച്ചാണ്‌ ഈ പ്രസിദ്ധീകരണങ്ങൾ ഇവിടെയെത്തുന്നത്‌. മിക്കവയും അച്ചടിക്കുന്നത്‌ ഇംഗ്ലണ്ടിലും ജർമനിയിലും ഇറ്റലിയിലും സ്‌പെയിനിലുമാണ്‌. എന്നിട്ടത്‌ കടൽകടന്ന്‌ ഫ്രാൻസിലെത്തുന്നു. സാധാരണഗതിയിൽ, രണ്ടാഴ്‌ച കൂടുമ്പോൾ ഒരു ലോഡ്‌ ബൈബിൾപ്രസിദ്ധീകരണങ്ങൾ ഡൂവാലാ തുറമുഖത്തെത്തും.

ഇത്‌ ട്രക്കിൽ കയറ്റി ബ്രാഞ്ചോഫീസിൽ എത്തിക്കുന്നു. ഷിപ്പിങ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ പ്രസിദ്ധീകരണങ്ങൾ എവിടേക്കാണോ അയയ്‌ക്കേണ്ടത്‌ അതിന്റെ അടിസ്ഥാനത്തിൽ അവ തരംതിരിക്കുന്നു. ഉൾപ്രദേശങ്ങളിൽ പ്രസിദ്ധീകരണങ്ങൾ എത്തിക്കുന്നത്‌ അത്ര എളുപ്പമല്ല. പക്ഷേ “ഭൂമിയുടെ അറ്റത്തോളവും” സുവാർത്ത എത്തിക്കുന്നതിൽ ഇതും ഉൾപ്പെടുന്നുണ്ട്‌. (പ്രവൃത്തികൾ 1:8) ജീവൻ പണയംവെച്ചുകൊണ്ടുപോലും ഈ യാത്ര നടത്താൻ മനസ്സുകാണിക്കുന്ന സ്വമേധാസേവകരാണ്‌ ബ്രാഞ്ചിന്റെ ആശ്രയം. അതുകൊണ്ടെന്താ, ആഫ്രിക്കയുടെ മധ്യഭാഗത്തുള്ള ദശലക്ഷങ്ങളിലേക്ക്‌ ബൈബിൾപ്രസിദ്ധീകരണങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്‌.

ഒരു യാത്ര

ഇക്വറ്റോറിയൽ ഗിനിയ, കാമറൂൺ, ഗാബോൺ, ഛാഡ്‌, മധ്യാഫ്രിക്കൻ റിപ്പബ്ലിക്‌ എന്നിവിടങ്ങളിലേക്ക്‌ റോഡുമാർഗമാണു പ്രസിദ്ധീകരണങ്ങൾ അയയ്‌ക്കുന്നത്‌. നമുക്ക്‌ ഒരു ട്രക്കിൽ കയറിയാലോ? പത്തു ദിവസമോ അതിലധികമോ എടുക്കുന്ന സാഹസികമായ ഒരു യാത്രയ്‌ക്കു തയ്യാറെടുത്ത്‌ ഡ്രൈവർമാരോടൊപ്പം ഇരിക്കുകയാണു നിങ്ങൾ.

ഡ്രൈവർമാർ സാധാരണ ആറുപേരുണ്ടാകും. കരുത്തരും കഴിവുറ്റവരും ക്ഷമാശീലരും മാന്യമായി വസ്‌ത്രം ധരിച്ചവരുമാണ്‌ അവർ. പരമ്പരാഗത വേഷമോ സ്യൂട്ടോ ആണ്‌ അവർ ധരിക്കുക. മുമ്പൊരിക്കൽ കസ്റ്റംസ്‌ ഓഫീസർമാർ പിൻവരുന്ന അഭിപ്രായപ്രകടനം നടത്തുകയുണ്ടായി: “വൃത്തിയുള്ള ഈ ട്രക്കും മാന്യമായ വേഷംധരിച്ച അതിന്റെ ഡ്രൈവർമാരെയും കണ്ടോ. അവരുടെ പുസ്‌തകങ്ങളിലെ ഫോട്ടോകളിൽ കാണുന്നതുപോലെതന്നെ.” മറ്റുള്ളവരെ സേവിക്കുന്നതിനായി എവിടെയും പോകാനുള്ള ഈ ഡ്രൈവർമാരുടെ മനസ്സൊരുക്കമാണ്‌ അവരുടെ വസ്‌ത്രധാരണത്തെക്കാൾ പ്രധാനം.—സങ്കീർത്തനം 110:3.

ഡൂവാലായിൽനിന്ന്‌ രാവിലെ ആറുമണിക്കു യാത്ര തുടങ്ങുന്നു; നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനാണിത്‌. ബ്രാഞ്ചോഫീസിനടുത്തുള്ള ഒരു പാലം കടന്ന്‌ നഗരത്തിരക്കിലൂടെ നമ്മൾ കിഴക്കോട്ടു പോകുകയാണ്‌. കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടേയാണ്‌ ലക്ഷ്യം.

പത്തു ടൺ പുസ്‌തകങ്ങൾ കയറ്റിയ ഒരു ട്രക്ക്‌ ഓടിക്കുന്നത്‌ എത്ര ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാൻ ഈ ഡ്രൈവർമാരോടു ചോദിച്ചാൽ മതി. കോൺക്രീറ്റിട്ട റോഡിലൂടെയുള്ള ആദ്യത്തെ മൂന്നു ദിവസത്തെ യാത്ര താരതമ്യേന സുഗമമായിരുന്നു. എങ്കിലും നല്ല ശ്രദ്ധവേണമായിരുന്നു. പെട്ടെന്നാണ്‌ കോരിച്ചൊരിയുന്ന മഴ തുടങ്ങിയത്‌. ഇവിടംമുതൽ റോഡ്‌ കോൺക്രീറ്റ്‌ ഇട്ടിട്ടുമില്ല. മുമ്പിലുള്ള വഴി ശരിക്കു കാണാനാകുന്നില്ല; റോഡിൽ വഴുക്കലുമുണ്ട്‌. കുണ്ടുംകുഴിയുമുള്ള വഴി ഞങ്ങളുടെ വേഗത്തെ സാരമായി ബാധിച്ചു. സന്ധ്യയാകാറായി. ഇനിയിപ്പോൾ എവിടെയെങ്കിലും നിറുത്തി അൽപ്പം ഭക്ഷണം വാങ്ങിക്കഴിച്ച്‌ ഡാഷ്‌ബോർഡിൽ കാൽവെച്ച്‌ കിടന്നുറങ്ങണം. ഇപ്പോൾ ഒരു യാത്രയുടെ ഏകദേശരൂപം കിട്ടിക്കാണുമല്ലോ.

പിറ്റേന്ന്‌ അതിരാവിലെ നമ്മൾ യാത്ര തുടരുകയാണ്‌. ഡ്രൈവർമാരിലൊരാൾ റോഡിന്റെ അവസ്ഥ നിരീക്ഷിച്ചുകൊണ്ട്‌ ഓടിക്കുന്നയാളെ സഹായിക്കുന്നുണ്ട്‌. റോഡിന്റെ വശങ്ങളിലുള്ള കനാലുകളുടെ അരികത്തേക്കെങ്ങാനും വണ്ടി പോയാൽ അദ്ദേഹം ഉടനെ അത്‌ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തും. കനാലിലേക്കു വീണാൽ ട്രക്ക്‌ പുറത്തെടുക്കാൻ ദിവസങ്ങളെടുക്കും എന്ന്‌ ഡ്രൈവർമാർക്കു നന്നായറിയാം. മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ ബോർഡർ കടക്കുകയാണു നമ്മൾ. റോഡിന്റെ അവസ്ഥയ്‌ക്കു കാര്യമായ മാറ്റമൊന്നുമില്ല. തുടർന്നുവന്ന 650 കിലോമീറ്റർ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപുതച്ചുകിടക്കുന്ന നാട്ടിൻപുറങ്ങളിലൂടെയാണു യാത്ര. കുട്ടികൾ, പ്രായമുള്ളവർ, കുഞ്ഞുങ്ങളെ പുറത്തു തൂക്കിയിട്ടുകൊണ്ടു നടന്നുപോകുന്ന അമ്മമാർ അങ്ങനെ എല്ലാവരും നമ്മളെ നോക്കി കൈവീശിക്കാണിക്കുന്നുണ്ട്‌. ആഭ്യന്തരകലാപങ്ങൾ നിമിത്തം റോഡിൽ വാഹനങ്ങൾ തീരെക്കുറവാണ്‌. അതുകൊണ്ട്‌ ജിജ്ഞാസയോടെ ആളുകൾ നമ്മളെ നോക്കുകയാണ്‌.

സംതൃപ്‌തിപകർന്ന ഒരുപിടി അനുഭവങ്ങൾ

തിരക്കാണെങ്കിലും അൽപ്പം വിശ്രമിക്കാനും ബൈബിൾപ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാനുമായി കൊച്ചുഗ്രാമങ്ങളിൽ ഇടയ്‌ക്കു വണ്ടിനിറുത്താറുണ്ടെന്ന്‌ ഡ്രൈവർമാരിൽ ഒരാളായ ഷാങ്‌വ്യാ പറയുന്നു. ഒരു അനുഭവം അയവിറക്കുകയാണ്‌ അദ്ദേഹം: “സുവാർത്തയിൽ നല്ല താത്‌പര്യം കാണിച്ച ബാബൂവായിലെ ഒരു ആശുപത്രിജീവനക്കാരനോട്‌ ഞങ്ങൾ എല്ലായ്‌പോഴും സംസാരിക്കുമായിരുന്നു; ഹ്രസ്വമായ ബൈബിളധ്യയനങ്ങളും നടത്തി. ഒരു ദിവസം ഞങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും നോഹയെക്കുറിച്ചുള്ള വീഡിയോ കാസെറ്റ്‌ കാണിക്കുകപോലും ചെയ്‌തു. അയൽക്കാരും സുഹൃത്തുക്കളും ഒക്കെ വന്നു, അൽപ്പസമയംകൊണ്ട്‌ കാഴ്‌ചക്കാരെക്കൊണ്ടു വീടുനിറഞ്ഞു. എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. അവർ നോഹയെക്കുറിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ നോഹയുടെ ജീവിതം സ്‌ക്രീനിൽ കാണാൻ അവർക്കു കഴിഞ്ഞു. അവരുടെ വിലമതിപ്പ്‌ ഒന്നു കാണേണ്ടതായിരുന്നു. അതിനുശേഷം നന്ദിപ്രകടനമെന്ന നിലയിൽ അവർ ഞങ്ങൾക്ക്‌ വിരുന്നൊരുക്കി. രാത്രി അവിടെ തങ്ങാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾക്കു പക്ഷേ പെട്ടെന്ന്‌ അവിടം വിടണമായിരുന്നു; എങ്കിലും ഈ പാവം മനുഷ്യരെ സുവാർത്ത അറിയിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി.”

ബാങ്‌ഗിയിലേക്കുള്ള ഒരു യാത്രയ്‌ക്കിടെ നടന്ന സംഭവങ്ങളെക്കുറിച്ച്‌ ഓർക്കുകയാണ്‌ മറ്റൊരു ഡ്രൈവറായ ഇസ്രയേൽ. “ബാങ്‌ഗി എത്താറായപ്പോഴേക്കും റോഡിലെ തടസ്സങ്ങൾ ഏറിവന്നു. ഭാഗ്യവശാൽ, സൈനികരിൽ മിക്കവരും സൗഹൃദമനസ്‌കരായിരുന്നു. മുമ്പ്‌ ഞങ്ങൾ ആ വഴിക്ക്‌ പോയിട്ടുണ്ടായിരുന്നതിനാൽ അവർ ഞങ്ങളുടെ ട്രക്ക്‌ തിരിച്ചറിഞ്ഞു. ഒപ്പമിരിക്കാൻ അവർ ഞങ്ങളെ ക്ഷണിച്ചെന്നു മാത്രമല്ല സന്തോഷത്തോടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. പുസ്‌തകങ്ങൾക്കു വലിയ വിലകൽപ്പിച്ചിരുന്ന അവർ പുസ്‌തകത്തിൽ സ്വന്തം പേരും അതു കിട്ടിയ ദിവസവും കൊടുത്തയാളുടെ പേരും എഴുതുമായിരുന്നു. ചില സൈനികരുടെ ബന്ധുക്കൾ സാക്ഷികളായിരുന്നു; ഞങ്ങളോടു സൗഹൃദം കാണിച്ചതിന്‌ അതും ഒരു കാരണമായിരുന്നു.”

ഏറ്റവും പരിചയസമ്പന്നനായ ഡ്രൈവർ ജോസഫിന്റെ അഭിപ്രായത്തിൽ ഈ യാത്രകളുടെ മുഖ്യസവിശേഷതയെന്നു പറയുന്നത്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരുന്നതാണ്‌. മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രയെക്കുറിച്ചു പറയുകയാണ്‌ അദ്ദേഹം: “ബാങ്‌ഗിയിൽനിന്ന്‌ ഏതാനും മൈൽ അകലെവെച്ച്‌, അൽപ്പസമയത്തിനുള്ളിൽ അവിടെ എത്തുമെന്നു പറയാനായി ഞങ്ങൾ സഹോദരങ്ങളെ ഫോണിൽ വിളിച്ചു. അവർ വന്ന്‌ ചില അന്തിമ നിയമനടപടികളിൽ സഹായിച്ചുകൊണ്ട്‌ നഗരത്തിലൂടെയുള്ള യാത്രയിൽ അകമ്പടി സേവിച്ചു. ഞങ്ങൾ ബ്രാഞ്ചിൽ എത്തിയപ്പോൾ, സകലരും ഞങ്ങൾക്കു സ്വാഗതമരുളാനും ഞങ്ങളെ ആലിംഗനം ചെയ്യാനുമായി പുറത്തു നിൽപ്പുണ്ടായിരുന്നു. അടുത്തുള്ള സഭകളിൽനിന്നു സഹായമെത്തി. എന്തിനു പറയുന്നു, മണിക്കൂറുകൾക്കകം, ബൈബിളും പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും മാസികകളും അടങ്ങിയ നൂറുകണക്കിനു കാർട്ടണുകൾ ഇറക്കി ഡിപ്പോകളിൽ അടുക്കിവെച്ചുകഴിഞ്ഞു.”

“ചിലപ്പോഴൊക്കെ അടുത്തുള്ള കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലുള്ളവർക്ക്‌ സംഭാവനയായി ലഭിച്ച വസ്‌ത്രങ്ങളും ഷൂസും കുട്ടികൾക്കു വേണ്ട സാധനങ്ങളും ഒക്കെയുണ്ടാകും ചരക്കിന്റെ കൂട്ടത്തിൽ. സഹോദരങ്ങളുടെ നന്ദി പുഞ്ചിരിയായി പ്രതിഫലിക്കുന്നതു കാണാനാകുന്നത്‌ എത്ര സന്തോഷപ്രദമാണെന്നോ!” ജോസഫ്‌ കൂട്ടിച്ചേർക്കുന്നു.

ഒരു ദിവസത്തെ വിശ്രമത്തിനുശേഷം നമ്മൾ മടക്കയാത്ര തുടങ്ങുകയായി. പ്രശ്‌നങ്ങളുണ്ടാകും; എന്നാൽ നാം ആസ്വദിച്ച ഹൃദ്യമായ അനുഭവങ്ങളുടെ മുമ്പിൽ പ്രതിസന്ധികൾ ഒന്നുമല്ലാതായിത്തീരും.

ദീർഘദൂരം, പെരുമഴ, ദുർഘടമായ റോഡുകൾ, പങ്‌ക്‌ചർ, ബ്രേക്‌ഡൗൺ എന്നിങ്ങനെ യാത്രയെ ദുരിതപൂർണമാക്കുന്ന സംഗതികൾ ധാരാളമുണ്ട്‌. മുരടന്മാരായ സൈനികരിൽനിന്നുള്ള പ്രശ്‌നങ്ങൾ വേറെയും. ഇങ്ങനെയൊക്കെയാണെങ്കിലും ആഫ്രിക്കയുടെ വിദൂരഭാഗങ്ങളിൽ സുവാർത്ത എത്തിക്കുകയും അത്‌ ആളുകളുടെ ജീവിതത്തിൽ ഉളവാക്കുന്ന ഫലങ്ങൾ നേരിൽ കാണുകയും ചെയ്യുന്നതിനോളം സംതൃപ്‌തി നൽകുന്ന മറ്റൊന്നും ഈ ഡ്രൈവർമാർക്കില്ല.

ഉദാഹരണത്തിന്‌ സുഡാൻ അതിർത്തിക്കു സമീപം മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ ഉൾപ്രദേശത്തായി താമസിക്കുന്ന ഒരു ഗ്രാമവാസി ഇപ്പോൾ ബൈബിളിന്റെ ഒരു ആധുനിക ഭാഷാന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളിൽനിന്നും കുട്ടികൾ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക * എന്ന പുസ്‌തകത്തിൽനിന്നും പ്രയോജനം നേടുന്നുണ്ട്‌. അവരും ഈ ഉൾപ്രദേശങ്ങളിൽനിന്നുള്ള മറ്റനേകരും ആത്മീയ ഭക്ഷണം മതിയാവോളം ആസ്വദിക്കുന്നു, വലിയ നഗരങ്ങളിലെ തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെപ്പോലെതന്നെ. ഇതിനെക്കാൾ സംതൃപ്‌തി പകരുന്ന മറ്റെന്താണുള്ളത്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 6 അതിനുശേഷം ഡൂവാലായ്‌ക്കും ബാങ്‌ഗിക്കും ഇടയ്‌ക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്‌.

^ ഖ. 25 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. മലയാളത്തിൽ ലഭ്യമല്ല.

[9-ാം പേജിലെ ഭൂപടങ്ങൾ/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കാമറൂൺ

ഡൂവാലാ

മധ്യാഫ്രിക്കൻ റിപ്പബ്ലിക്‌

ബാങ്‌ഗി

[9-ാം പേജിലെ ചിത്രം]

ജോസഫ്‌

[9-ാം പേജിലെ ചിത്രം]

ഇമ്മാനുവേൽ

[10-ാം പേജിലെ ചിത്രം]

ബാങ്‌ഗിയിലെ മധ്യാഫ്രിക്കൻ റിപ്പബ്ലിക്‌ ബ്രാഞ്ച്‌

[10-ാം പേജിലെ ചിത്രം]

ബാങ്‌ഗിയിൽ ചരക്ക്‌ ഇറക്കുന്നു