വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സാക്ഷിക്കു ചെവിയോർക്കുക

മനസ്സാക്ഷിക്കു ചെവിയോർക്കുക

മനസ്സാക്ഷിക്കു ചെവിയോർക്കുക

‘[ദൈവത്തിന്റെ] ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുന്നു.’—റോമർ 2:14.

1, 2. (എ) മറ്റുള്ളവരുടെ നന്മയെക്കരുതി അനേകർ എന്തു ചെയ്‌തിരിക്കുന്നു? (ബി) ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ മറ്റുള്ളവരിലുള്ള താത്‌പര്യത്തെ ഉദാഹരിക്കുന്നു?

ഭൂഗർഭ റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഇരുപതു വയസ്സുള്ള ഒരു യുവാവ്‌ പെട്ടെന്ന്‌ തലചുറ്റി പാളത്തിലേക്കു വീണു. ഇതു കണ്ടുനിന്ന ഒരാൾ തന്നെ പിടിച്ചിരുന്ന തന്റെ കുട്ടികളുടെ കൈ തട്ടിയെറിഞ്ഞിട്ട്‌ പാളത്തിലേക്ക്‌ എടുത്തുചാടി. തലചുറ്റിവീണ അപസ്‌മാര രോഗിയായ ആ യുവാവിനെ ഒരു വശത്തേക്കു വലിച്ചുമാറ്റി സ്റ്റേഷനിലേക്കു വന്നുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ പെടാതെ അദ്ദേഹം സംരക്ഷിച്ചു. ചിലർ അദ്ദേഹത്തിന്‌ ഒരു വീരന്റെ പരിവേഷം നൽകിയേക്കും. എന്നാൽ അദ്ദേഹം പറഞ്ഞു: “നമ്മൾ ശരിയായ കാര്യങ്ങൾ ചെയ്യണം, അയാളോടു ദയ തോന്നിയിട്ടാണു ഞാനതു ചെയ്‌തത്‌, അല്ലാതെ പേരിനും പെരുമയ്‌ക്കും വേണ്ടിയല്ല.”

2 സ്വയരക്ഷപോലും മറന്ന്‌ മറ്റുള്ളവരെ സഹായിച്ച ചിലരെയെങ്കിലും നിങ്ങൾക്കറിയാമായിരിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അപരിചിതർക്കു സംരക്ഷണം നൽകിക്കൊണ്ട്‌ അനേകർ അങ്ങനെ ചെയ്‌തിട്ടുണ്ട്‌. സിസിലിക്കടുത്ത്‌ മാൾട്ടയിൽ കപ്പൽച്ഛേദത്തിൽ അകപ്പെട്ട പൗലൊസിന്റെയും സഹയാത്രികരായ 275 പേരുടെയും കാര്യമെടുത്താലോ? അപകടത്തിൽപ്പെട്ട അപരിചിതരായ അവരെ സഹായിച്ചുകൊണ്ട്‌ സ്ഥലവാസികൾ “അസാധാരണദയ” കാണിച്ചു. (പ്രവൃത്തികൾ 27:27–28:2) ജീവന്‌ അപകടമൊന്നും ഇല്ലായിരുന്നെങ്കിലും തന്റെ സിറിയൻ യജമാനന്റെ ക്ഷേമത്തിൽ ഹൃദയംഗമമായ താത്‌പര്യം കാണിച്ച ഇസ്രായേൽ പെൺകുട്ടിയുടെ കാര്യമോ? (2 രാജാക്കന്മാർ 5:1-4) യേശുവിന്റെ പ്രസിദ്ധമായ ‘നല്ല ശമര്യക്കാരന്റെ’ ദൃഷ്ടാന്തകഥ ഓർമയില്ലേ? മൃതപ്രായനായി വഴിയരികിൽക്കിടന്ന ഒരു സഹയഹൂദനെ കാണാത്തമട്ടിൽ ഒരു പുരോഹിതനും പിന്നാലെ വന്ന ലേവ്യനും നടന്നകന്നു. എന്നാൽ ശമര്യക്കാരനായ ഒരുവനാണ്‌ ബുദ്ധിമുട്ടുകൾ സഹിച്ചും സഹായഹസ്‌തവുമായി മുന്നോട്ടുവന്നത്‌. ഹൃദയസ്‌പർശിയായ ഈ ദൃഷ്ടാന്തകഥ നൂറ്റാണ്ടുകളിലുടനീളം പല സംസ്‌കാരങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്‌.—ലൂക്കൊസ്‌ 10:29-37.

3, 4. നിസ്സ്വാർഥ മനോഭാവം പരിണാമ സിദ്ധാന്തത്തെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

3 പലരും “ഉഗ്രന്മാരും സൽഗുണദ്വേഷികളും” ആയിരിക്കുന്ന, “ദുർഘടസമയങ്ങൾ” നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1-4) എന്നിട്ടും ആളുകൾ ദയാപ്രവൃത്തികൾ ചെയ്യുന്നതു നാം കണ്ടിട്ടില്ലേ, അതിന്റെ പ്രയോജനം ചിലപ്പോൾ നാം അനുഭവിക്കാറുമില്ലേ? വ്യക്തിപരമായി നഷ്ടങ്ങൾ സഹിച്ചുകൊണ്ട്‌ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവത്തെ ചിലർ “മനുഷ്യത്വം” എന്നു വിളിക്കുന്നു, അത്ര സാധാരണമാണ്‌ അത്‌.

4 വ്യക്തിപരമായി നഷ്ടം സഹിച്ചും മറ്റുള്ളവരെ സഹായിക്കാനുള്ള ഇത്തരം സന്നദ്ധത ഏതെങ്കിലും ഒരു പ്രത്യേക വർഗത്തിന്റെയോ സംസ്‌കാരത്തിന്റെയോ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച്‌ എല്ലാ ജനവിഭാഗങ്ങളിലും ഇതു കാണാനാകും. കൂടാതെ, “അർഹമായവയുടെ അതിജീവനം” എന്ന കാട്ടുനീതിക്ക്‌ അനുസൃതമായി മനുഷ്യൻ പരിണമിച്ചുണ്ടായതാണെന്ന അവകാശവാദത്തിന്‌ ഇത്‌ എതിർനിൽക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഡിഎൻഎ-യെക്കുറിച്ചു പഠിക്കാനുള്ള യു.എസ്‌. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വംകൊടുത്ത ഫ്രാൻസിസ്‌ എസ്‌. കോളിൻസ്‌ എന്ന ജനിതകശാസ്‌ത്രജ്ഞൻ പറഞ്ഞു: “നിസ്സ്വാർഥത പരിണാമവാദികൾക്ക്‌ ഒരു വെല്ലുവിളി ഉയർത്തുന്നു. . . . നിരന്തരമായി നിലനിൽക്കാനുള്ള ഓരോ സ്വാർഥ ജീനിന്റെയും ഉൾപ്രേരണ ഇതു വിശദീകരിക്കുക അസാധ്യമാക്കുന്നു.” ഇതുകൂടി അദ്ദേഹം പറഞ്ഞു: “തങ്ങൾ ജീവിക്കുന്ന സമൂഹവുമായി പൊതുവായി യാതൊന്നും ഇല്ലാത്ത ആളുകൾക്കുവേണ്ടി തങ്ങളെത്തന്നെ കൊടുക്കാൻ ചിലർ തയ്യാറാകുന്നു. . . . ഡാർവിന്റെ സിദ്ധാന്തംകൊണ്ടു നിസ്സ്വാർഥതയെ വിശദീകരിക്കാനാകുമെന്നു തോന്നുന്നില്ല.”

“മനസ്സാക്ഷിയുടെ ശബ്ദം”

5. പലപ്പോഴും ആളുകൾ എന്തു ചെയ്യുന്നതായി കണ്ടിരിക്കുന്നു?

5 നമ്മുടെ നിസ്സ്വാർഥതയുടെ ഒരു വശത്തെക്കുറിച്ച്‌ ഡോക്ടർ കോളിൻസ്‌ പറയുന്നു: “ഒന്നും തിരിച്ചു കിട്ടാനില്ലാത്തപ്പോൾപ്പോലും മറ്റുള്ളവരെ സഹായിക്കാൻ മനസ്സാക്ഷിയുടെ ശബ്ദം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.” * “മനസ്സാക്ഷി” എന്ന അദ്ദേഹത്തിന്റെ പരാമർശം അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിച്ച ഒരു വസ്‌തുത നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കും. പൗലൊസ്‌ പറഞ്ഞു: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്‌തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”—റോമർ 2:14, 15.

6. എല്ലാ ജനവിഭാഗങ്ങളും ദൈവത്തിനു കണക്കു ബോധിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 മനുഷ്യർ ദൈവത്തിനു കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന്‌ റോമർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ എഴുതി, കാരണം “ലോകസൃഷ്ടിമുതൽ” നാം കാണുന്ന കാര്യങ്ങളിൽ ദൈവത്തിന്റെ അസ്‌തിത്വവും അവന്റെ ഗുണങ്ങളും പ്രത്യക്ഷമാണ്‌. (റോമർ 1:18-20; സങ്കീർത്തനം 19:1-4) പലരും സ്രഷ്ടാവിനെ മറന്ന്‌ അധാർമിക നടപടികളിൽ ഏർപ്പെടുന്നു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ആഗ്രഹം മനുഷ്യൻ ദൈവത്തിന്റെ നീതി അംഗീകരിക്കുകയും തെറ്റായ പ്രവൃത്തികളെക്കുറിച്ച്‌ അനുതപിക്കുകയും ചെയ്യണമെന്നതാണ്‌. (റോമർ 1:22-2:6) മോശെ മുഖേന കൊടുത്ത ന്യായപ്രമാണം ഉണ്ടായിരുന്നതിനാൽ യഹൂദർ അങ്ങനെ ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്തിന്‌ “ദൈവത്തിന്റെ അരുളപ്പാടുകൾ” ലഭിക്കാതിരുന്ന ജനതകൾപോലും ദൈവമുണ്ടെന്നു തിരിച്ചറിയേണ്ടിയിരുന്നു.—റോമർ 2:8-13; 3:2.

7, 8. നീതിബോധം എത്ര സാധാരണമാണ്‌, ഇതെന്താണു തെളിയിക്കുന്നത്‌?

7 തെറ്റും ശരിയും തിരിച്ചറിയാനുള്ള ആന്തരിക പ്രാപ്‌തി ഉണ്ടെന്നതിനാൽ നാമേവരും ദൈവത്തെ അംഗീകരിക്കുകയും ആ അറിവിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്‌. നമുക്കൊരു മനസ്സാക്ഷിയുണ്ടെന്നതിനുള്ള തെളിവാണ്‌ നമ്മുടെ നീതിബോധം. കുറേ കുട്ടികൾ ഒരു ഊഞ്ഞാലിൽ കയറാൻ കാത്തുനിൽക്കുകയാണെന്നും ഒരു കുട്ടി വരിതെറ്റിച്ച്‌ മുന്നിൽ കയറിയെന്നും കരുതുക. ‘ഇതു ശരിയല്ല’ എന്നു മിക്കവരും അപ്പോൾ പ്രതികരിക്കും. ഇനി ചിന്തിക്കൂ, ഒരു ആന്തരിക നീതിബോധം തങ്ങൾക്കുണ്ടെന്ന്‌ എന്തുകൊണ്ടാണു കുട്ടികൾക്കുപോലും പെട്ടെന്നു കാണിക്കാനാകുന്നത്‌? അങ്ങനെ ചെയ്യുകവഴി അവരുടെ ആന്തരിക ധാർമിക മൂല്യങ്ങളെയാണ്‌ അവർ വെളിവാക്കുന്നത്‌. പൗലൊസ്‌ എഴുതി: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.” വല്ലപ്പോഴുമൊക്കെ സംഭവിക്കുന്നു എന്ന അർഥത്തിൽ “എപ്പോഴെങ്കിലും ചെയ്യുമ്പോൾ” എന്നല്ല അവൻ എഴുതിയത്‌. മറിച്ച്‌ മിക്കപ്പോഴും സംഭവിക്കുന്നു എന്ന അർഥം ധ്വനിപ്പിക്കുന്ന “ചെയ്യുമ്പോൾ” എന്നാണ്‌ എഴുതിയത്‌. അതായത്‌ ‘ന്യായപ്രമാണത്തിലുള്ളത്‌ [ആളുകൾ] സ്വഭാവത്താൽ ചെയ്യുന്നു’ എന്നർഥം. ആന്തരിക ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ലിഖിത നിയമങ്ങൾക്കനുസൃതമായി ആളുകൾ കാര്യങ്ങൾ ചെയ്യുന്നു എന്നാണ്‌ ഇതു കാണിക്കുന്നത്‌.

8 ഈ ധാർമിക മൂല്യങ്ങളോടുള്ള ചായ്‌വ്‌ മിക്ക നാടുകളിലും കാണാനാകും. ബാബിലോണിയരുടെയും ഈജിപ്‌തുകാരുടെയും ഗ്രീക്കുകാരുടെയും അതുപോലെതന്നെ ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും ആദിവാസികളുടെയും ധാർമിക നിലവാരങ്ങളിൽ “അടിച്ചമർത്തൽ, കൊലപാതകം, ചതി, വഞ്ചന, എന്നിവ കുറ്റകരമാണെന്നും പ്രായമായവരെയും കുട്ടികളെയും അവശരെയും ദയയോടെ പരിഗണിക്കണമെന്നും ഉള്ള നിബന്ധനകൾ” കാണാനാകും എന്ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ ഒരു പ്രൊഫസർ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ ഡോക്ടർ കോളിൻസ്‌ എഴുതുന്നു: “തെറ്റും ശരിയും എന്ന സങ്കൽപ്പം സാർവലൗകികമായി എല്ലാ മനുഷ്യസമൂഹങ്ങളിലും ഉണ്ടെന്നു തോന്നുന്നു.” ഇപ്പറഞ്ഞതെല്ലാം റോമർ 2:14 നിങ്ങളെ ഓർമിപ്പിക്കുന്നില്ലേ?

നിങ്ങളുടെ മനസ്സാക്ഷി—അതെങ്ങനെ പ്രവർത്തിക്കുന്നു?

9. എന്താണു മനസ്സാക്ഷി, ഒരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പുതന്നെ അതിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

9 നിങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു വിലയിരുത്താനുള്ള ആന്തരിക പ്രാപ്‌തിയെയാണ്‌ മനസ്സാക്ഷിയെന്നു ബൈബിൾ വിളിക്കുന്നത്‌. ഒരു പ്രവൃത്തി തെറ്റാണോ ശരിയാണോ എന്നു നിങ്ങളുടെ ഉള്ളിൽനിന്ന്‌ ഒരു ശബ്ദം സംസാരിക്കുന്നതു പോലെയാണത്‌. “എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു” എന്നാണ്‌ ഉള്ളിൽനിന്നുള്ള ഈ ശബ്ദത്തെക്കുറിച്ചു പൗലൊസ്‌ പറയുന്നത്‌. (റോമർ 9:1, 2) ഉദാഹരണത്തിന്‌, ധാർമിക കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഒരു സംഗതി ചെയ്യണമോ വേണ്ടയോ എന്നു നിങ്ങൾ ചിന്തിക്കുമ്പോൾത്തന്നെ, അതായത്‌ ആ പ്രവൃത്തി ചെയ്യുന്നതിനു മുമ്പുതന്നെ ആ ശബ്ദം നിങ്ങളോടു സംസാരിച്ചേക്കാം. ഒരു ഭാവികാര്യം സംബന്ധിച്ചു നിങ്ങളെ സഹായിക്കാനും അതു ചെയ്‌താൽ നിങ്ങൾക്കെങ്ങനെ അനുഭവപ്പെടും എന്നു ചൂണ്ടിക്കാണിക്കാനും മനസ്സാക്ഷിക്കു സാധിക്കും.

10. സാധാരണഗതിയിൽ മനസ്സാക്ഷി എങ്ങനെയാണു പ്രവർത്തിക്കുന്നത്‌?

10 സാധാരണഗതിയിൽ നാം എന്തെങ്കിലും ചെയ്‌തതിനു ശേഷമാണു മനസ്സാക്ഷി പ്രവർത്തിക്കുന്നത്‌. ശൗൽ രാജാവിൽനിന്നു രക്ഷപ്പെട്ടോടി ഒരു അഭയാർഥിയായി കഴിയുമ്പോൾ ദൈവത്തിന്റെ അഭിഷിക്തനായ രാജാവിനെതിരെ അനുചിതമായി പ്രവർത്തിക്കാനുള്ള അവസരം ദാവീദിനു ലഭിച്ചു, അവൻ തദനുസരണം പ്രവർത്തിക്കുകയും ചെയ്‌തു. പിന്നീട്‌ “ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി” എന്ന്‌ ബൈബിൾ പറയുന്നു. (1 ശമൂവേൽ 24:1-5; സങ്കീർത്തനം 32:3, 5) ഇതുപോലെ നാമെല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്‌തിട്ട്‌ മനസ്സാക്ഷിയുടെ കുറ്റാരോപണത്തിനു പിന്നീടു വിധേയരായിട്ടുള്ളവരാണ്‌. ചെയ്‌തുപോയ കാര്യത്തെക്കുറിച്ചോർത്ത്‌ നാം വിഷമിച്ചിട്ടുമുണ്ട്‌. മനസ്സാക്ഷി വളരെ ശല്യം ചെയ്‌തതിനാൽ, നികുതിവെട്ടിപ്പു നടത്തിയ ചിലർ പിന്നീടു പോയി നികുതി അടച്ചിട്ടുണ്ട്‌. മറ്റുചിലരാകട്ടെ അവരുടെ വ്യഭിചാരത്തിന്റെ തെറ്റുകൾ ഇണകളോട്‌ ഏറ്റുപറയാൻ പ്രേരിതരായി. (എബ്രായർ 13:4) എങ്കിലും ഒരുവൻ അവന്റെ മനസ്സാക്ഷിക്കു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ അവനു സംതൃപ്‌തിയും ആശ്വാസവും അനുഭവിക്കാനാകും.

11. നിങ്ങളുടെ മനസ്സാക്ഷിയെ മാത്രം വഴിനടത്തിപ്പിനായി ആശ്രയിച്ചാൽ എന്ത്‌ അപകടം ഉണ്ടായേക്കാം? ദൃഷ്ടാന്തീകരിക്കുക.

11 അതിനർഥം നമുക്കു മനസ്സാക്ഷിയെ എല്ലായ്‌പോഴും ആശ്രയിക്കാമെന്നാണോ? മനസ്സാക്ഷിയുടെ വഴിനടത്തിപ്പിനു ചെവികൊടുക്കുന്നതു നന്നാണ്‌, എന്നാൽ അതിനു നമ്മെ തെറ്റായ പാതയിൽ നയിക്കാനാകുമെന്നും അറിഞ്ഞിരിക്കണം. അതേ, “അകമേയുള്ള” മനുഷ്യനു നമ്മെ ശരിക്കും വഴിതെറ്റിക്കാനാകും. (2 കൊരിന്ത്യർ 4:16) ഒരു ഉദാഹരണം പരിചിന്തിക്കുക. യേശുവിന്റെ വിശ്വസ്‌ത അനുയായി സ്‌തെഫാനൊസ്‌ “കൃപയും ശക്തിയും” നിറഞ്ഞവനായിരുന്നെന്നു ബൈബിൾ പറയുന്നു. ചില യഹൂദന്മാർ സ്‌തെഫാനൊസിനെ യെരൂശലേമിനു വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. “അവനെ കുലചെയ്‌തത്‌” അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന പേരിൽ പിന്നീടു പ്രസിദ്ധനായ ശൗലിനു “സമ്മതമായിരുന്നു.” ആ യഹൂദന്മാർക്ക്‌ അവർ ചെയ്‌തതു ശരിയാണെന്ന ബോധ്യം ഉണ്ടായിരുന്നെന്നു തോന്നുന്നു, കാരണം അവരുടെ മനസ്സാക്ഷി അവരെ ശല്യം ചെയ്‌തില്ല. ശൗലിന്റെ കാര്യത്തിലും അതു ശരിയായിരുന്നിരിക്കണം, കാരണം അവൻ തുടർന്നും ‘കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടിരുന്നു.’ വ്യക്തമായും അവന്റെ മനസ്സാക്ഷി ശരിയായ രീതിയിലല്ല സംസാരിച്ചുകൊണ്ടിരുന്നത്‌.—പ്രവൃത്തികൾ 6:8; 7:57–8:1; 9:1.

12. നമ്മുടെ മനസ്സാക്ഷി സ്വാധീനിക്കപ്പെടാൻ ഇടയുള്ള ഒരു വഴി ഏതാണ്‌?

12 ശൗലിന്റെ മനസ്സാക്ഷിയെ തെറ്റായി സ്വാധീനിച്ചത്‌ എന്തായിരിക്കാം? മറ്റുള്ളവരുമായി അടുത്തു സഹവസിച്ചുകൊണ്ടിരുന്നതാവാം ഒരു സംഗതി. ചിലർ ഫോണിലൂടെ സംസാരിക്കുന്നതു കേട്ടാൽ അവരുടെ പിതാവു സംസാരിക്കുന്നതായി തോന്നിയേക്കാം. ഒരു പരിധിവരെ പിതാവിന്റെ ശബ്ദം മകനു പാരമ്പര്യമായി ലഭിച്ചതാകാം, അതുകൂടാതെ പിതാവു സംസാരിക്കുന്ന രീതി അദ്ദേഹം അനുകരിച്ചിട്ടുമുണ്ടാകാം. അതുപോലെ യേശുവിനെയും അവന്റെ പഠിപ്പിക്കലിനെയും എതിർത്തിരുന്ന യഹൂദന്മാരുമായുള്ള അടുത്ത സഹവാസം ശൗലിനെ സ്വാധീനിച്ചിരിക്കണം. (യോഹന്നാൻ 11:47-50; 18:14; പ്രവൃത്തികൾ 5:27, 28, 33) അതേ, ശൗലിന്റെ മനസ്സാക്ഷിയെ അവന്റെ ഉള്ളിൽനിന്നുള്ള ശബ്ദത്തെ, അവന്റെ സഹപ്രവർത്തകർ ശക്തമായി സ്വാധീനിച്ചിരിക്കണം.

13. സാഹചര്യങ്ങൾ ഒരുവന്റെ മനസ്സാക്ഷിയെ സ്വാധീനിച്ചേക്കാവുന്നത്‌ എങ്ങനെ?

13 ഒരുവന്റെ ജീവിതസാഹചര്യങ്ങളും സംസ്‌കാരവും അവന്റെ മനസ്സാക്ഷിയെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കും, സാഹചര്യങ്ങൾ ഒരുവന്റെ ഉച്ചാരണത്തെയും ഭാഷയെയും സ്വാധീനിക്കാൻ സാധ്യതയുള്ളതുപോലെ. (മത്തായി 26:73) പുരാതന അസ്സീറിയക്കാരുടെ കാര്യത്തിൽ സംഭവിച്ചതും അതുതന്നെയാവണം. സൈനിക ശക്തിയെന്ന നിലയിൽ അവർ പ്രസിദ്ധരായിരുന്നു. അവരുടെ കൊത്തുപണികളിൽ തടവുകാരെ കഠിനമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ കാണാനാകും. (നഹൂം 2:11, 12; 3:1) യോനായുടെ നാളിലെ നീനെവേക്കാരെ “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത”വരെന്നു പരാമർശിച്ചിരിക്കുന്നു. അതായത്‌ ദൈവികവീക്ഷണത്തിൽ തെറ്റും ശരിയും തീരുമാനിക്കുന്നതിന്‌ കൃത്യമായ അളവുകോലുകളൊന്നും അവർക്കില്ലായിരുന്നു എന്നർഥം. അന്നു നീനെവേയിൽ താമസിച്ചിരുന്ന ഒരാളുടെ മനസ്സാക്ഷിയെ ആ സാഹചര്യം എങ്ങനെ സ്വാധീനിച്ചുകാണും എന്നു വിഭാവനം ചെയ്യുക! (യോനാ 3:4, 5; 4:11) അതുപോലെ ഇന്നും, ഒരാളുടെ മനസ്സാക്ഷിയെ അയാൾക്കു ചുറ്റുമുള്ളവരുടെ മനോഭാവത്തിനു സ്വാധീനിക്കാനാകും.

ഉള്ളിൽനിന്നുള്ള ശബ്ദം മെച്ചപ്പെടുത്തുക

14. നമ്മുടെ മനസ്സാക്ഷിയെക്കുറിച്ചുള്ള പരാമർശം ഉല്‌പത്തി 1:27-ലെ പ്രസ്‌താവനയിലുണ്ടെന്ന്‌ എങ്ങനെ അറിയാം?

14 ആദാമിനും ഹവ്വായ്‌ക്കും യഹോവ മനസ്സാക്ഷി എന്ന സമ്മാനം നൽകി, അവരിൽനിന്നാണു നാമതു സ്വായത്തമാക്കിയത്‌. ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന്‌ ഉല്‌പത്തി 1:27 നമ്മോടു പറയുന്നു. അതിന്റെ അർഥം ദൈവത്തിന്റെ ആകാരത്തിൽ നാം സൃഷ്ടിക്കപ്പെട്ടു എന്നല്ല, കാരണം അവൻ ഒരു ആത്മവ്യക്തിയാണ്‌, നമ്മൾ ജഡശരീരം ഉള്ളവരും. ധാർമിക ബോധവും പ്രവർത്തനക്ഷമമായ മനസ്സാക്ഷിയും ഉൾപ്പെടെ അവന്റെ ഗുണങ്ങൾ നമ്മിൽ ഉൾനട്ടിട്ടുണ്ടെന്നാണ്‌ ദൈവത്തിന്റെ സ്വരൂപത്തിൽ എന്നു പറയുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നമ്മുടെ മനസ്സാക്ഷിയെ ശക്തിപ്പെടുത്തിക്കൊണ്ട്‌ അതിനെ കൂടുതൽ ആശ്രയയോഗ്യം ആക്കിത്തീർക്കാമെന്നതിന്റെ ഒരു സൂചന നമുക്കിവിടെ ലഭിക്കുന്നു. അതായത്‌ സ്രഷ്ടാവിനെക്കുറിച്ചു കൂടുതൽ പഠിക്കുക, അവനോട്‌ അടുത്തു ചെല്ലുക.

15. നമ്മുടെ സ്വർഗീയ പിതാവിനെ അറിയുന്നതുകൊണ്ടുള്ള ഒരു പ്രയോജനമെന്ത്‌?

15 ഒരർഥത്തിൽ യഹോവ നമ്മുടെയെല്ലാം പിതാവാണെന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 64:8) സ്വർഗീയ പ്രത്യാശയുള്ളവരും ഭൗമിക പ്രത്യാശയുള്ളവരുമായി എല്ലാ വിശ്വസ്‌ത ക്രിസ്‌ത്യാനികളും ദൈവത്തെ പിതാവ്‌ എന്നു സംബോധന ചെയ്‌തേക്കാം. (മത്തായി 6:9) നമ്മുടെ സ്വർഗീയ പിതാവിന്റെ നിലവാരങ്ങളും വീക്ഷണങ്ങളും ഉൾക്കൊള്ളുന്നതിന്‌ അവനോട്‌ അടുത്തടുത്തു ചെല്ലാനുള്ള ആഗ്രഹം നമുക്കുണ്ടായിരിക്കണം. (യാക്കോബ്‌ 4:8) ഇതു ചെയ്യാൻ പക്ഷേ പലർക്കും താത്‌പര്യമില്ല. “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല” എന്ന്‌ യേശു ആരോപിച്ച യഹൂദന്മാരെപ്പോലെയാണവർ. (യോഹന്നാൻ 5:37, 38) നാമാരും ദൈവത്തിന്റെ യഥാർഥ ശബ്ദം കേട്ടിട്ടില്ല, എന്നിരുന്നാലും അവന്റെ വചനം വായിച്ചുകൊണ്ട്‌ അവന്റെ ശബ്ദത്തിനു ചെവികൊടുക്കാൻ സാധിക്കും. അങ്ങനെ നമുക്ക്‌ അവനെപ്പോലെയാകാനും അവന്റെ വികാരവിചാരങ്ങൾ മനസ്സിലാക്കാനും സാധിക്കും.

16. മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും അതിനു ചെവികൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ യോസേഫിന്റെ ദൃഷ്ടാന്തം എങ്ങനെ കാണിക്കുന്നു?

16 പോത്തീഫറിന്റെ വീട്ടിൽ ഉണ്ടായ, യോസേഫ്‌ ഉൾപ്പെട്ട സംഭവം ഇതാണു തെളിയിക്കുന്നത്‌. പോത്തീഫറിന്റെ ഭാര്യ യോസേഫിനെ ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും അവൻ അതിനു വഴങ്ങിയില്ല. ബൈബിൾ പുസ്‌തകങ്ങൾ ഒന്നും അന്നുണ്ടായിരുന്നില്ല, പത്തു കൽപ്പനകളും കൊടുത്തിരുന്നില്ല. എന്നിട്ടും “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ” എന്നായിരുന്നു യോസേഫ്‌ പ്രതികരിച്ചത്‌. (ഉല്‌പത്തി 39:9) തന്റെ കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി ആയിരുന്നില്ല അവൻ അങ്ങനെ പ്രവർത്തിച്ചത്‌, അവർ വളരെ ദൂരെ ആയിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനാണു മുഖ്യമായും അവൻ ആഗ്രഹിച്ചത്‌. ഒരു സ്‌ത്രീക്ക്‌ ഒരു പുരുഷൻ, അവർ ‘ഏകദേഹം’ എന്ന ദൈവത്തിന്റെ വിവാഹ മാനദണ്ഡം യോസേഫിന്‌ അറിയാമായിരുന്നു. റിബെക്കാ വിവാഹിതയാണെന്ന്‌ മനസ്സിലാക്കിയപ്പോൾ അബീമേലെക്‌ പ്രതികരിച്ചത്‌ എങ്ങനെയെന്നു സാധ്യതയനുസരിച്ച്‌ അവൻ അറിഞ്ഞിരുന്നു. റിബെക്കായെ സ്വീകരിക്കുന്നതു തെറ്റാണെന്നും തന്റെ ജനത്തിന്മേൽ പാപം കൊണ്ടുവരുമെന്നും അബീമേലെക്‌ മനസ്സിലാക്കി. ഫലമോ യഹോവ അവരെ അനുഗ്രഹിച്ചു, വ്യഭിചാരത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം യഹോവ അതിലൂടെ വ്യക്തമാക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാമുള്ള യോസേഫിന്റെ അറിവ്‌ അവന്റെ മനസ്സാക്ഷിയുടെ പ്രവർത്തനത്തെ ശക്തീകരിച്ചിരിക്കണം. അങ്ങനെ ലൈംഗിക അധാർമികത ഒഴിവാക്കാനും അവനു സാധിച്ചു.—ഉല്‌പത്തി 2:24; 12:17-19; 20:1-18; 26:7-14.

17. നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കാൻ നാം യോസേഫിനെക്കാൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 നമ്മുടെ സാഹചര്യം കുറേക്കൂടി മെച്ചമാണ്‌. മുഴു ബൈബിളും നമുക്കിന്നു ലഭ്യമാണ്‌. നമ്മുടെ സ്വർഗീയ പിതാവ്‌ അംഗീകരിക്കുന്നതെന്ത്‌, വിലക്കുന്നതെന്ത്‌, അവന്റെ വികാരവിചാരങ്ങൾ എന്തൊക്കെ, ഇതെല്ലാം നമുക്കു ബൈബിളിലൂടെ പഠിക്കാനാകുന്നു. തിരുവെഴുത്തുകളിൽ നാം ആഴ്‌ന്നിറങ്ങുമ്പോൾ നമുക്കു ദൈവത്തോടു കൂടുതൽ അടുത്തുചെല്ലാനും അവനെപ്പോലെ ആകാനും സാധിക്കും. നാം അതു ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷി നമ്മുടെ സ്വർഗീയ പിതാവിന്റെ ചിന്തകളുമായി താദാത്മ്യം പ്രാപിക്കാനുള്ള സാധ്യത ഏറെയാണ്‌. കാലക്രമേണ അതു നമ്മുടെ സ്വർഗീയ പിതാവിന്റെ സ്വരത്തോട്‌ അടുത്തടുത്തു വരുകയും ചെയ്യും.—എഫെസ്യർ 5:1-5.

18. മുൻ സ്വാധീനങ്ങൾ ഉണ്ടെങ്കിലും നമ്മുടെ മനസ്സാക്ഷിയുടെ ആശ്രയയോഗ്യത നമുക്കെങ്ങനെ വർധിപ്പിക്കാം?

18 നമ്മുടെ മനസ്സാക്ഷിയെ ജീവിതസാഹചര്യങ്ങൾ സ്വാധീനിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയാൻ സാധിക്കും? നമ്മുടെ ബന്ധുക്കളുടെ ചിന്തകളും പ്രവൃത്തികളും നാം ജനിച്ചുവളർന്ന സാഹചര്യവും നമ്മെ സ്വാധീനിച്ചിരിക്കാം. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദം അടഞ്ഞതോ വികലമോ ആയിത്തീർന്നിരിക്കാം. ഫലമോ? അത്‌ നമുക്കു ചുറ്റുമുള്ളവരുടെ ശബ്ദത്തിൽ സംസാരിച്ചേക്കാം. കഴിഞ്ഞതൊന്നും മാറ്റാൻ നമുക്കാവില്ലെന്നതു ശരിയാണ്‌. എന്നാൽ നമ്മുടെ മനസ്സാക്ഷിയെ നല്ല വിധത്തിൽ സ്വാധീനിക്കുന്ന സഹപ്രവർത്തകരെയും സാഹചര്യങ്ങളെയുമേ ഇനി തിരഞ്ഞെടുക്കൂ എന്ന കാര്യത്തിൽ നമുക്കു നിശ്ചയമുള്ളവരായിരിക്കാം. ചെയ്യാൻ സാധിക്കുന്ന ഒരു പ്രധാന സംഗതി ദീർഘകാലമായി സ്വർഗീയ പിതാവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വസ്‌ത ക്രിസ്‌ത്യാനികളുമായി ക്രമമായി സഹവസിക്കുക എന്നതാണ്‌. ക്രിസ്‌തീയ യോഗങ്ങളും അവയ്‌ക്കു മുമ്പുംപിമ്പുമുള്ള സഹവാസവും അതിനു പറ്റിയ നല്ല അവസരങ്ങളാണ്‌. അവരുടെ ബൈബിളധിഷ്‌ഠിത ചിന്താഗതികളും അതിനു ചേർച്ചയിലുള്ള പ്രവർത്തനവും നമുക്ക്‌ അടുത്തറിയാനാകും. കൂടാതെ, അവരുടെ മനസ്സാക്ഷി ദൈവിക വഴികളും കാഴ്‌ചപ്പാടുകളും പ്രതിധ്വനിപ്പിക്കുമ്പോൾ അതു ശ്രദ്ധിക്കാനുള്ള അവരുടെ സന്നദ്ധത നേരിൽക്കാണാനും നമുക്കു സാധിക്കും. കാലം കടന്നുപോകുമ്പോൾ നമ്മുടെ മനസ്സാക്ഷിയെയും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാനും അങ്ങനെ ദൈവത്തിന്റെ സാദൃശ്യം കൂടുതൽ പ്രതിഫലിപ്പിക്കാനും സാധിക്കും. നമ്മുടെ സ്വർഗീയ പിതാവിന്റെ തത്ത്വങ്ങൾക്കും സഹക്രിസ്‌ത്യാനികളുടെ നല്ല സ്വാധീനങ്ങൾക്കും വഴങ്ങുന്നത്‌ നമ്മുടെ മനസ്സാക്ഷിയെ കൂടുതൽ ആശ്രയയോഗ്യമാക്കിത്തീർക്കും. തദ്വാര നാമതിനെ ശ്രദ്ധിക്കാൻ കൂടുതൽ മനസ്സൊരുക്കം കാണിക്കുകയും ചെയ്യും.—യെശയ്യാവു 30:21.

19. മനസ്സാക്ഷിയുടെ ഏതു വശങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്‌?

19 എന്നിരുന്നാലും മനസ്സാക്ഷിയുടെ വഴിനടത്തിപ്പിന്‌ അനുദിനം ചെവികൊടുക്കാൻ ചിലർ ബുദ്ധിമുട്ടുന്നു. ക്രിസ്‌ത്യാനികൾ അഭിമുഖീകരിച്ച ചില സാഹചര്യങ്ങൾ അടുത്ത ലേഖനത്തിൽ നാം പരിശോധിക്കും. അത്തരം സാഹചര്യങ്ങൾ പരിശോധിക്കുക വഴി, മനസ്സാക്ഷിയുടെ പങ്കിനെക്കുറിച്ച്‌ കുറേക്കൂടി വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. എന്തുകൊണ്ടാണ്‌ ഓരോരുത്തരുടെയും മനസ്സാക്ഷി വിഭിന്നമായിരിക്കുന്നത്‌, അതിന്റെ ശബ്ദത്തോടു നമുക്കെങ്ങനെ കൂടുതൽ മെച്ചമായി പ്രതികരിക്കാനാകും എന്നൊക്കെ അതിലൂടെ നമുക്കു മനസ്സിലാക്കാം.—എബ്രായർ 6:11, 12.

[അടിക്കുറിപ്പ്‌]

^ ഖ. 5 സമാനമായി, ഹാർവാർഡ്‌ സർവകലാശാലയിലെ ജ്യോതിശ്ശാസ്‌ത്ര പ്രൊഫസറായ ഔവൻ ഗിങ്‌ഗ്രിച്ച്‌ എഴുതി: “ജന്തുലോകത്തെക്കുറിച്ചുള്ള പഠനത്തിൽനിന്ന്‌ നിസ്സ്വാർഥതയ്‌ക്ക്‌ ഒരു ശാസ്‌ത്രീയ ഉത്തരം ഉരുത്തിരിയുകയില്ല. കുറേക്കൂടി ബോധ്യംവരുത്തുന്ന ഉത്തരം ഒരു പക്ഷേ മനസ്സാക്ഷി ഉൾപ്പെടെയുള്ള മനുഷ്യന്റെ ദൈവദത്ത ഗുണങ്ങളുമായി ബന്ധമുള്ള മറ്റൊരു മണ്ഡലത്തിലാണുള്ളത്‌.”

നിങ്ങൾ എന്തു പഠിച്ചു?

• എന്തുകൊണ്ടാണു തെറ്റും ശരിയും സംബന്ധിച്ച അവബോധം അല്ലെങ്കിൽ മനസ്സാക്ഷി എല്ലാത്തരം ആളുകൾക്കുമുള്ളത്‌?

• മനസ്സാക്ഷിയെ മാത്രം ആശ്രയിച്ചു നടക്കരുതാത്തത്‌ എന്തുകൊണ്ട്‌?

• നമ്മുടെ ഉള്ളിൽനിന്നു കേൾക്കുന്ന ശബ്ദത്തെ നമുക്കു മെച്ചപ്പെടുത്താനാകുന്ന ചില മാർഗങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ദാവീദിനെ മനസ്സാക്ഷി ശല്യം ചെയ്‌തു . . .

തർസൊസിലെ ശൌലിന്റെ കാര്യത്തിൽ അതുണ്ടായില്ല

[24-ാം പേജിലെ ചിത്രം]

മനസ്സാക്ഷിയെ നമുക്കു പരിശീലിപ്പിക്കാനാകും