വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സാക്ഷിയെ മാനിക്കുക

മനസ്സാക്ഷിയെ മാനിക്കുക

മനസ്സാക്ഷിയെ മാനിക്കുക

“ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല.”—തീത്തൊസ്‌ 1:15.

1. പൗലൊസ്‌ ക്രേത്തയിലെ സഭകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്‌ എങ്ങനെ?

അപ്പൊസ്‌തലനായ പൗലൊസ്‌ രണ്ടുവർഷം റോമിൽ തടവിലായിരുന്നു. മൂന്നു മിഷനറിയാത്രകൾക്കു ശേഷമായിരുന്നു അവൻ അറസ്റ്റു ചെയ്യപ്പെട്ടത്‌. ജയിൽമോചിതനായശേഷം തീത്തൊസിനൊപ്പം ഒരിക്കൽ അവൻ ക്രേത്തദ്വീപ്‌ സന്ദർശിച്ചു. പിന്നീട്‌ അവൻ തീത്തൊസിന്‌ ഇങ്ങനെ എഴുതി: “ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും . . . മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.” (തീത്തൊസ്‌ 1:5) ആളുകളുടെ മനസ്സാക്ഷിയെ തൊട്ടുകൊണ്ടുമാത്രമേ തീത്തൊസിന്‌ ആ നിയമനം നിറവേറ്റാനാകുമായിരുന്നുള്ളൂ.

2. ക്രേത്തയിലെ എന്തു പ്രശ്‌നമാണ്‌ തീത്തൊസ്‌ പരിഹരിക്കേണ്ടിയിരുന്നത്‌?

2 സഭാമൂപ്പന്മാരുടെ യോഗ്യതകളെക്കുറിച്ചു തീത്തൊസിനെ ഉദ്‌ബോധിപ്പിച്ചശേഷം, “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും” സഭയ്‌ക്കുള്ളിലുണ്ടെന്ന കാര്യം പൗലൊസ്‌ ചൂണ്ടിക്കാട്ടി. അവർ “അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു” എന്ന്‌ അവൻ എഴുതി. അങ്ങനെയുള്ളവരെ തീത്തൊസ്‌ “കഠിനമായി ശാസിക്ക”ണമായിരുന്നു. (തീത്തൊസ്‌ 1:10-14; 1 തിമൊഥെയൊസ്‌ 4:7) ഭംഗിയുള്ള ഒരു വസ്‌ത്രത്തിൽ കറപുരണ്ടാലെന്നപോലെ അവരുടെ മനസ്സും മനസ്സാക്ഷിയും “മലിന”മായിത്തീർന്നെന്ന്‌ പൗലൊസ്‌ പറഞ്ഞു. (തീത്തൊസ്‌ 1:15) അവരിൽ ചിലരെല്ലാം യെഹൂദന്മാരായിരുന്നിരിക്കാം, കാരണം അവരെ “പരിച്ഛേദനക്കാർ” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അത്തരം ചിന്താഗതിക്കാരൊന്നും ഇന്നു സഭകളിലില്ലെങ്കിലും, പൗലൊസ്‌ തീത്തൊസിനു നൽകിയ ഉദ്‌ബോധനത്തിൽനിന്നു മനസ്സാക്ഷിയെക്കുറിച്ച്‌ ഏറെക്കാര്യങ്ങൾ നമുക്കു പഠിക്കാനാകും.

മനസ്സാക്ഷി മലിനമായിത്തീർന്നവർ

3. മനസ്സാക്ഷിയെക്കുറിച്ച്‌ പൗലൊസ്‌ തീത്തൊസിന്‌ എന്തെഴുതി?

3 മനസ്സാക്ഷിയെക്കുറിച്ചു പൗലൊസ്‌ സംസാരിച്ച സന്ദർഭം ശ്രദ്ധിക്കുക. “ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു. അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.” വ്യക്തമായും, “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്‌” അന്നുള്ള ചിലരെല്ലാം തങ്ങളുടെ മനോഭാവത്തിൽ മാറ്റംവരുത്തേണ്ടിയിരുന്നു. (തീത്തൊസ്‌ 1:13, 15, 16) മനസ്സാക്ഷി മലിനമായിരുന്നതിനാൽ ശുദ്ധവും അശുദ്ധവുമായ കാര്യങ്ങൾ വേർതിരിച്ചറിയുക അവർക്കൊരു പ്രശ്‌നമായിരുന്നു.

4, 5. ചില സഭാംഗങ്ങൾക്ക്‌ എന്തു പ്രശ്‌നമുണ്ടായിരുന്നു, ഇത്‌ അവരെ എങ്ങനെ സ്വാധീനിച്ചു?

4 ദൈവത്തിന്റെ ഒരു യഥാർഥ ആരാധകനായിത്തീരാൻ പരിച്ഛേദന ഇനിമേൽ അനിവാര്യമല്ലെന്ന്‌ പത്തിലേറെ വർഷങ്ങൾക്കുമുമ്പ്‌ ക്രിസ്‌തീയ ഭരണസംഘം തീരുമാനിച്ചിരുന്നു, അക്കാര്യം സഭകളെ അറിയിക്കുകയുമുണ്ടായി. (പ്രവൃത്തികൾ 15:1, 2, 19-29) എന്നിട്ടും ക്രേത്തയിൽ ചിലർ പരിച്ഛേദന വേണമെന്ന വാദത്തിൽ ഉറച്ചുനിന്നു. “അരുതാത്തതു ഉപദേശിച്ചുകൊണ്ട്‌” അവർ ഭരണസംഘത്തെ പരസ്യമായി ധിക്കരിച്ചു. (തീത്തൊസ്‌ 1:10, 11) വികലമായ ചിന്താഗതി ഉണ്ടായിരുന്ന അവർ ഭക്ഷ്യവസ്‌തുക്കളുടെയും ശാരീരിക ശുദ്ധിയുടെയും കാര്യത്തിലുള്ള ന്യായപ്രമാണ നിയമങ്ങൾക്കു പ്രാമുഖ്യം കൽപ്പിച്ചിരുന്നിരിക്കാം. അവരുടെ പൂർവികർ യേശുവിന്റെ നാളിൽ ചെയ്‌തതുപോലെ അവർ ന്യായപ്രമാണത്തെ വിപുലീകരിക്കുകപോലും ചെയ്‌തിട്ടുണ്ടായിരിക്കും. ഒപ്പം യെഹൂദ പഴങ്കഥകളും മനുഷ്യ കൽപ്പനകളും അവർ പ്രചരിപ്പിച്ചിരുന്നിരിക്കാം.—മർക്കൊസ്‌ 7:2, 3, 5, 15; 1 തിമൊഥെയൊസ്‌ 4:3.

5 അത്തരം മനോഗതി അവരുടെ മനസ്സാക്ഷിയെ—അവരുടെ ന്യായബോധത്തെയും ധാർമികാവബോധത്തെയും—കോട്ടിക്കളഞ്ഞു. “മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല” എന്ന്‌ പൗലൊസ്‌ എഴുതി. മനസ്സാക്ഷി അത്രകണ്ട്‌ വികലമായിത്തീർന്നതിനാൽ അവരുടെ പ്രവർത്തനങ്ങളെയും വിലയിരുത്തലുകളെയും ശരിയായ ദിശയിൽ നയിക്കാൻ അതിനു കഴിയാതായി. കൂടാതെ വ്യക്തികൾക്കു സ്വന്തമായി തീരുമാനിക്കാൻ കഴിയുമായിരുന്ന, തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ അവർ സഹക്രിസ്‌ത്യാനികളെ ന്യായംവിധിച്ചു. ഈ വിധത്തിൽ ആ ക്രേത്തനിവാസികൾ അശുദ്ധമല്ലാത്ത കാര്യങ്ങളെ അശുദ്ധമായി വീക്ഷിച്ചു. (റോമർ 14:17; കൊലൊസ്സ്യർ 2:16) ദൈവത്തെ അറിയാമെന്ന്‌ അവർ അവകാശപ്പെട്ടെങ്കിലും അവരുടെ പ്രവൃത്തികൾ അവരുടെ അജ്ഞത തുറന്നുകാട്ടി.—തീത്തൊസ്‌ 1:16.

“ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം”

6. എങ്ങനെയുള്ള രണ്ടുതരം ആളുകളെക്കുറിച്ചാണ്‌ പൗലൊസ്‌ സംസാരിച്ചത്‌?

6 പൗലൊസ്‌ തീത്തൊസിന്‌ എഴുതിയ കാര്യങ്ങളിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാം? അവൻ വരച്ചുകാട്ടുന്ന വൈരുധ്യം ശ്രദ്ധിക്കുക: “ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.” (തീത്തൊസ്‌ 1:15) തീർച്ചയായും, ധാർമികശുദ്ധിയുള്ള ഒരു ക്രിസ്‌ത്യാനിക്ക്‌ എല്ലാ കാര്യങ്ങളും ശുദ്ധവും അനുവദനീയവുമാണെന്നു പറയുകയായിരുന്നില്ല പൗലൊസ്‌. ദുർന്നടപ്പ്‌, വിഗ്രഹാരാധന, ആഭിചാരം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ മറ്റൊരു കത്തിൽ അവൻ വ്യക്തമാക്കിയിരുന്നു. (ഗലാത്യർ 5:19-21) അതുകൊണ്ട്‌ ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവരും അല്ലാത്തവരുമായ രണ്ടുതരം ആളുകളോടു ബന്ധപ്പെട്ട ഒരു സാമാന്യസത്യം പൗലൊസ്‌ പ്രസ്‌താവിക്കുകയായിരുന്നു എന്നു നാം തിരിച്ചറിയണം.

7. എബ്രായർ 13:4 എന്തിനെ കുറ്റംവിധിക്കുന്നു, എന്നാൽ ഏതു ചോദ്യം ഉയർന്നുവന്നേക്കാം?

7 ബൈബിൾ വ്യക്തമായി വിലക്കുന്ന കാര്യങ്ങൾ മാത്രമല്ല ആത്മാർഥതയുള്ള ഒരു ക്രിസ്‌ത്യാനി ഒഴിവാക്കേണ്ടത്‌. ഉദാഹരണത്തിന്‌ പിൻവരുന്ന സ്‌പഷ്ടമായ പ്രസ്‌താവന ശ്രദ്ധിക്കുക: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) ഈ തിരുവെഴുത്ത്‌ വ്യഭിചാരത്തെ വിലക്കുന്നതായി അക്രൈസ്‌തവരും ബൈബിളിനെക്കുറിച്ചു യാതൊന്നും അറിയാത്തവരുംപോലും മനസ്സിലാക്കുമെന്നതിനു സംശയമില്ല. വിവാഹം കഴിഞ്ഞ ഒരു പുരുഷനോ സ്‌ത്രീയോ, സ്വന്തം ഭാര്യയോ ഭർത്താവോ അല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു ദൈവമുമ്പാകെ കുറ്റകരമാണെന്ന്‌ ഈ ഭാഗവും മറ്റു ബൈബിൾവാക്യങ്ങളും വ്യക്തമായി എടുത്തുകാട്ടുന്നു. എന്നാൽ അധരഭോഗത്തിൽ ഏർപ്പെടുന്ന അവിവാഹിതരായ രണ്ടുപേരുടെ കാര്യത്തിൽ എന്തു പറയാനാകും? യഥാർഥ ലൈംഗികബന്ധമല്ലാത്തതിനാൽ ഈ നടപടി നിരുപദ്രവകരമാണെന്ന്‌ അനേകം കൗമാരക്കാർ അവകാശപ്പെടുന്നു. അധരഭോഗം അശുദ്ധമല്ലെന്ന്‌ ഒരു ക്രിസ്‌ത്യാനിക്കു വിലയിരുത്താനാകുമോ?

8. അധരഭോഗത്തിന്റെ കാര്യത്തിൽ ലോകത്തിലെ പല ആളുകളിൽനിന്നും ക്രിസ്‌ത്യാനികൾ വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?

8 ദുർന്നടപ്പും (ഗ്രീക്ക്‌, പോർണിയ) വ്യഭിചാരവും ദൈവമുമ്പാകെ കുറ്റകരമാണെന്ന്‌ എബ്രായർ 13:4; 1 കൊരിന്ത്യർ 6:9 എന്നീ വാക്യങ്ങൾ തെളിയിക്കുന്നു. എന്താണു ദുർന്നടപ്പ്‌? ഹീനമായ ഉദ്ദേശ്യത്തിനുവേണ്ടി സ്വാഭാവികമോ അല്ലാത്തതോ ആയ വിധങ്ങളിൽ ലൈംഗികാവയവങ്ങൾ ഉപയോഗപ്പെടുത്തുന്ന നടപടികളെയാണ്‌ അതിന്റെ ഗ്രീക്കു പദം അർഥമാക്കുന്നത്‌. തിരുവെഴുത്തധിഷ്‌ഠിതമായ വിവാഹത്തിനു പുറത്തുള്ള എല്ലാവിധ ലൈംഗിക നടപടികളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അധരഭോഗവും അതിൽപ്പെടും. അതു സ്വീകാര്യമാണെന്ന്‌ ലോകമെങ്ങുമുള്ള അനേകം കൗമാരക്കാരെ പഠിപ്പിച്ചിരിക്കുന്നുവെന്നതോ അവർതന്നെ അത്തരമൊരു നിഗമനത്തിൽ എത്തിയിരിക്കുന്നുവെന്നതോ ആ വസ്‌തുതയ്‌ക്കു മാറ്റംവരുത്തുന്നില്ല. “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി”ട്ടുള്ളവരുടെ അഭിപ്രായങ്ങളല്ല സത്യക്രിസ്‌ത്യാനികളുടെ ചിന്തയെയും പ്രവർത്തനങ്ങളെയും നയിക്കുന്നത്‌. (തീത്തൊസ്‌ 1:10) വിശുദ്ധ തിരുവെഴുത്തുകളുടെ ഉത്‌കൃഷ്ട നിലവാരങ്ങളെ അവർ ഉയർത്തിപ്പിടിക്കുന്നു. അധരഭോഗത്തിനു ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം തിരുവെഴുത്തുപരമായി അതു ദുർന്നടപ്പ്‌ അഥവാ പോർണിയ ആണെന്ന്‌ അവർ തിരിച്ചറിയുകയും തദനുസരണം മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. *പ്രവൃത്തികൾ 21:25; 1 കൊരിന്ത്യർ 6:18; എഫെസ്യർ 5:3.

വ്യത്യസ്‌ത വ്യക്തികൾ, വ്യത്യസ്‌ത തീരുമാനങ്ങൾ

9. “എല്ലാം ശുദ്ധ”മാണെങ്കിൽ മനസ്സാക്ഷിയുടെ പങ്കെന്ത്‌?

9 “ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ” എന്നെഴുതിയപ്പോൾ പൗലൊസ്‌ യഥാർഥത്തിൽ എന്താണ്‌ അർഥമാക്കിയത്‌? തങ്ങളുടെ ചിന്താഗതിയും ധാർമികാവബോധവും ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിലെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ കരുപ്പിടിപ്പിച്ചിരിക്കുന്ന ക്രിസ്‌ത്യാനികളെ പരാമർശിക്കുകയായിരുന്നു അവൻ. നേരിട്ടു കുറ്റംവിധിച്ചിട്ടില്ലാത്ത പല സംഗതികളുടെയും കാര്യത്തിൽ വിശ്വാസികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായേക്കാമെന്ന്‌ അത്തരം ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. വിമർശനബുദ്ധികളായിരിക്കുന്നതിനു പകരം, ദൈവം കുറ്റംവിധിക്കാത്ത കാര്യങ്ങളെ അവർ “ശുദ്ധ”മെന്നെണ്ണുന്നു. വ്യക്തമായ തിരുവെഴുത്തു നിർദേശങ്ങൾ നൽകപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളോടുള്ള ബന്ധത്തിൽ എല്ലാവരും തങ്ങളെപ്പോലെതന്നെ ചിന്തിക്കണമെന്ന്‌ അവർ പ്രതീക്ഷിക്കുന്നില്ല. ചില ഉദാഹരണങ്ങൾ നോക്കാം.

10. ഒരു വിവാഹമോ (ശവസംസ്‌കാരമോ) ഏതു വിധത്തിൽ വെല്ലുവിളി സൃഷ്ടിച്ചേക്കാം?

10 ഭാര്യയോ ഭർത്താവോ മാത്രം ക്രിസ്‌ത്യാനിയായിത്തീർന്നിട്ടുള്ള പല കുടുംബങ്ങളും ഇന്നുണ്ട്‌. (1 പത്രൊസ്‌ 3:1; 4:3) ബന്ധത്തിൽപ്പെട്ട ആരുടെയെങ്കിലും വിവാഹമോ ശവസംസ്‌കാരമോ മറ്റോ ഉള്ളപ്പോൾ ഇതു പല വെല്ലുവിളികളും ഉയർത്തിയേക്കാം. അവിശ്വാസിയായ ഭർത്താവുള്ള ഒരു ക്രിസ്‌തീയ ഭാര്യയുടെ കാര്യമെടുക്കുക. അദ്ദേഹത്തിന്റെ ബന്ധുക്കളിലൊരാളുടെ വിവാഹം നടക്കാൻ പോകുകയാണ്‌; പള്ളിയിൽവെച്ചാണ്‌ ചടങ്ങു നടക്കുന്നത്‌. (അല്ലെങ്കിൽ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കളിലൊരാളുടെയോ ശവസംസ്‌കാരം അത്തരമൊരു പശ്ചാത്തലത്തിൽ നടക്കാൻ പോകുന്നു.) ചടങ്ങിൽ പങ്കെടുക്കുന്നതിനു തന്നോടൊപ്പം ചെല്ലാൻ ഭർത്താവ്‌ ഭാര്യയോട്‌ ആവശ്യപ്പെടുന്നു. അതിൽ പങ്കെടുക്കുന്നതു സംബന്ധിച്ച്‌ അവളുടെ മനസ്സാക്ഷി എന്തായിരിക്കും പറയുക? അവൾ എന്തു ചെയ്യും? സാധ്യതയുള്ള രണ്ടു സമീപനങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം.

11. പള്ളിയിലോ മറ്റോ നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കണമോയെന്ന്‌ ഒരു ക്രിസ്‌തീയ ഭാര്യ യുക്തിയുക്തം ചിന്തിച്ചേക്കാവുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക, തത്‌ഫലമായി അവൾ എന്തു തീരുമാനമെടുക്കുന്നു?

11 ആദ്യ ഉദാഹരണത്തിലെ സഹോദരിയെ നമുക്കു ലോവീസ്‌ എന്നു വിളിക്കാം. വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോനെ വിട്ടുപോരുവിൻ’ എന്ന സാരമായ ബൈബിൾകൽപ്പനയെക്കുറിച്ച്‌ അവൾ ചിന്തിക്കുന്നു. (വെളിപ്പാടു 18:2, 4) വിവാഹം നടത്തിക്കൊടുക്കാൻ പോകുന്ന സഭയിൽ മുമ്പ്‌ അവൾ അംഗമായിരുന്നു; സന്നിഹിതരാകുന്ന എല്ലാവരും ചടങ്ങിന്റെ സമയത്ത്‌ അവിടത്തെ പ്രാർഥനയിലും പാട്ടിലും മറ്റും പങ്കെടുക്കാൻ പ്രതീക്ഷിക്കപ്പെടുമെന്നും അവൾക്കറിയാം. അതിലൊന്നും പങ്കുചേരില്ലെന്ന്‌ അവൾ ദൃഢനിശ്ചയം ചെയ്യുന്നു, തന്റെ നിർമലത ഭഞ്‌ജിക്കാനുള്ള സമ്മർദമുണ്ടാകുമെന്നതിനാൽ അവിടെ സന്നിഹിതയാകാൻപോലും അവൾ ഇഷ്ടപ്പെടുന്നില്ല. ദിവ്യ വ്യവസ്ഥയനുസരിച്ച്‌ തന്റെ ശിരസ്സായ ഭർത്താവിനെ, അവൾ ആദരിക്കുകയും അദ്ദേഹത്തോടു സഹകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു; എന്നാൽ തിരുവെഴുത്തു തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ അവൾക്ക്‌ ആഗ്രഹമില്ല. (പ്രവൃത്തികൾ 5:29) അതുകൊണ്ട്‌ ഭർത്താവ്‌ പോകാൻ തീരുമാനിച്ചാലും തനിക്ക്‌ അതിനാവില്ലെന്നു നയപൂർവം അവൾ അദ്ദേഹത്തെ ധരിപ്പിക്കുന്നു. കൂടെവന്നിട്ട്‌ ചില ആചാരങ്ങളിലൊന്നും താൻ പങ്കെടുക്കാതിരുന്നാൽ അത്‌ അദ്ദേഹത്തിനു പോരായ്‌മ ആയിരിക്കുമെന്നും ആ സ്ഥിതിക്ക്‌ കൂടെ ചെല്ലാതിരിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്നും അവൾ ചൂണ്ടിക്കാട്ടിയേക്കാം. മനസ്സാക്ഷി ശുദ്ധമായി സൂക്ഷിക്കാൻ ആ തീരുമാനം അവളെ സഹായിക്കുന്നു.

12. പള്ളിയിൽ നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണത്തോടുള്ള ബന്ധത്തിൽ ഒരു ക്രിസ്‌ത്യാനി എങ്ങനെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്‌തേക്കാം?

12 രൂത്തിന്റെ സാഹചര്യവും ഏതാണ്ടു സമാനമാണ്‌. ഭർത്താവിനെ അവൾ ആഴമായി ആദരിക്കുന്നു, ദൈവത്തോടു വിശ്വസ്‌തയായിരിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, ബൈബിളിനാൽ പരിശീലിപ്പിക്കപ്പെട്ട സ്വന്തം മനസ്സാക്ഷിയെ അവൾ മാനിക്കുന്നു. ലോവീസ്‌ ചിന്തിച്ചതുപോലുള്ള കാര്യങ്ങൾ പരിചിന്തിച്ചശേഷം രൂത്ത്‌, 2002 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” പ്രാർഥനാപൂർവം പരിചിന്തിക്കുന്നു. മൂന്ന്‌ എബ്രായ ബാലന്മാർ, വിഗ്രഹാരാധന നടക്കാനിരുന്ന സ്ഥലത്തു കൂടിവരാനുള്ള കൽപ്പന അനുസരിച്ചെന്നും എന്നാൽ അതിൽ പങ്കുചേരാതിരുന്നുകൊണ്ട്‌ തങ്ങളുടെ നിർമലത കാത്തുസൂക്ഷിച്ചെന്നുമുള്ള കാര്യം അവൾ ഓർക്കുന്നു. (ദാനീയേൽ 3:15-18) ഭർത്താവിനൊപ്പം പോകാനും എന്നാൽ മതാനുഷ്‌ഠാനങ്ങളിലൊന്നും പങ്കെടുക്കാതിരിക്കാനും അവൾ തീരുമാനിക്കുന്നു, ആ തീരുമാനം അവളുടെ മനസ്സാക്ഷി ശരിവെക്കുന്നു. എന്തെല്ലാം ചെയ്യാൻ മനസ്സാക്ഷി തന്നെ അനുവദിക്കുമെന്നും എന്തെല്ലാം ചെയ്യാൻ അനുവദിക്കില്ലെന്നും നയത്തോടെയും സുവ്യക്തമായും അവൾ ഭർത്താവിനെ ധരിപ്പിക്കുന്നു. സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം തിരിച്ചറിയുമെന്ന്‌ രൂത്ത്‌ പ്രത്യാശിക്കുന്നു.—പ്രവൃത്തികൾ 24:16.

13. രണ്ടു ക്രിസ്‌ത്യാനികൾ വ്യത്യസ്‌ത നിഗമനങ്ങളിലെത്തുന്നപക്ഷം അതു നമ്മെ അലോസരപ്പെടുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

13 രണ്ടു ക്രിസ്‌ത്യാനികൾ വ്യത്യസ്‌തമായ തീരുമാനങ്ങളിലെത്തിയേക്കാം എന്ന വസ്‌തുത, എന്തും ആകാമെന്നോ അവരിലൊരാളുടെ മനസ്സാക്ഷി ബലഹീനമാണെന്നോ അർഥമാക്കുന്നുണ്ടോ? ഇല്ല. ഭക്തിഗാനങ്ങളും സഭാചടങ്ങുകളിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു നൂലാമാലകളും സംബന്ധിച്ചുള്ള പൂർവകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ ചടങ്ങിൽ സന്നിഹിതയാകുന്നത്‌ തന്റെ കാര്യത്തിൽ സുരക്ഷിതമായിരിക്കില്ലെന്ന്‌ ലോവീസ്‌ കണ്ടേക്കാം. മതവിഷയങ്ങളോടു ബന്ധപ്പെട്ട്‌ മുമ്പു ഭർത്താവുമായുണ്ടായിട്ടുള്ള സംഭാഷണങ്ങളും അവളുടെ മനസ്സാക്ഷിയെ സ്വാധീനിച്ചേക്കാം. അതുകൊണ്ട്‌ തന്റെ സാഹചര്യത്തിന്‌ ഏറ്റവും അനുയോജ്യമായ തീരുമാനമാണു താൻ സ്വീകരിച്ചിരിക്കുന്നതെന്ന്‌ അവൾക്കു പൂർണബോധ്യമുണ്ട്‌.

14. വ്യക്തിപരമായി തീരുമാനിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾ എന്തോർക്കണം?

14 രൂത്തിന്റെ തീരുമാനത്തിനു പിഴവുപറ്റിയോ? മറ്റുള്ളവരല്ല അതു പറയേണ്ടത്‌. മതാനുഷ്‌ഠാനങ്ങളിലൊന്നും പങ്കുകൊള്ളാതെ കേവലം സന്നിഹിതയാകാൻ തീരുമാനിച്ചതിന്റെ പേരിൽ അവർ അവളെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യരുത്‌. ചില വിഭവങ്ങൾ ഭക്ഷിക്കുകയോ ഭക്ഷിക്കാതിരിക്കുകയോ ചെയ്യാനുള്ള വ്യക്തിപരമായ തീരുമാനങ്ങൾ സംബന്ധിച്ച്‌ പൗലൊസ്‌ നൽകിയ പിൻവരുന്ന ബുദ്ധിയുപദേശം ഓർക്കുക: “തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; . . . അവൻ നില്‌ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്‌ക്കുംതാനും; അവനെ നില്‌ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.” (റോമർ 14:3, 4) പരിശീലനം സിദ്ധിച്ച ഒരു മനസ്സാക്ഷിയുടെ ശബ്ദം അവഗണിക്കാൻ യഥാർഥ ക്രിസ്‌ത്യാനികളിലാരും മറ്റൊരാളെ പ്രേരിപ്പിക്കില്ല. അങ്ങനെ ചെയ്യുന്നത്‌, ജീവത്‌പ്രധാനമായിരുന്നേക്കാവുന്ന ഒരു ദൂത്‌ അറിയിക്കുന്ന ഒരു ശബ്ദത്തെ അലക്ഷ്യമാക്കുന്നതിനു തുല്യമായിരിക്കും.

15. മറ്റുള്ളവരുടെ മനസ്സാക്ഷിയും വികാരങ്ങളും ഗൗരവമായി കണക്കാക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ആ രണ്ടു സഹോദരിമാരും പ്രസ്‌തുത വിഷയത്തിൽ കൂടുതലായ ചില ഘടകങ്ങൾകൂടി പരിചിന്തിക്കേണ്ടതുണ്ട്‌, ‘അതു മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു’ എന്നതാണ്‌ അതിലൊന്ന്‌. “സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ . . . ഉറെച്ചുകൊൾവിൻ” എന്ന്‌ പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (റോമർ 14:13) സമാനമായ ചില സാഹചര്യങ്ങൾ സഭയിലും കുടുംബത്തിലും കോളിളക്കം സൃഷ്ടിച്ചിട്ടുള്ള വസ്‌തുത ലോവീസിന്‌ അറിയാമായിരിക്കും. അവളുടെ പ്രവൃത്തി മക്കളുടെമേൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്‌തേക്കാം. നേരെമറിച്ച്‌, താൻ കൈക്കൊണ്ട തീരുമാനത്തിനു സമാനമായ തീരുമാനങ്ങൾ സഭയിലോ സമൂഹത്തിലോ അസ്വാരസ്യങ്ങൾക്കു കാരണമായിട്ടില്ലെന്ന്‌ രൂത്ത്‌ മനസ്സിലാക്കുന്നുണ്ടാകും. ശരിയായി പരിശീലിപ്പിക്കപ്പെട്ട ഒരു മനസ്സാക്ഷി മറ്റുള്ളവരുടെ വികാരങ്ങളെ കണക്കിലെടുക്കുന്നുവെന്ന്‌ ആ രണ്ടു സഹോദരിമാരും—നമ്മളെല്ലാവരും—തിരിച്ചറിയണം. “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്‌ത്തിക്കളയുന്നതു അവന്നു നന്ന്‌” എന്ന്‌ യേശു പറഞ്ഞു. (മത്തായി 18:6) താൻ മറ്റൊരാൾക്ക്‌ ഇടർച്ചയ്‌ക്കു കാരണമാകുന്നുണ്ടോ എന്ന കാര്യത്തിനു തെല്ലും ശ്രദ്ധകൊടുക്കാത്ത ഒരു വ്യക്തിയുടെ മനസ്സാക്ഷി, ക്രേത്തയിലെ ക്രിസ്‌ത്യാനികളുടേതുപോലെ മലിനമായിത്തീർന്നേക്കാം.

16. കാലക്രമേണ ഒരു ക്രിസ്‌ത്യാനിയിൽ എന്തു മാറ്റങ്ങളുണ്ടായേക്കാം?

16 ദൈവവുമായുള്ള ബന്ധത്തിലും മനസ്സാക്ഷിയുടെ ശബ്ദം ശ്രദ്ധിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുന്നതിലും ഒരു ക്രിസ്‌ത്യാനി പുരോഗതി വരുത്തണം. മർക്കോസ്‌ അടുത്തയിടെ സ്‌നാപനമേറ്റ ഒരു സഹോദരനാണെന്നു കരുതുക. വിഗ്രഹാരാധനയോ രക്തത്തിന്റെ ദുരുപയോഗമോ ഉൾപ്പെട്ടിരുന്നേക്കാവുന്നതും മുമ്പു താൻ ഏർപ്പെട്ടിരുന്നതുമായ തിരുവെഴുത്തുവിരുദ്ധമായ പ്രവൃത്തികൾ പരിത്യജിക്കാൻ മനസ്സാക്ഷി അദ്ദേഹത്തെ അനുശാസിക്കുന്നു. (പ്രവൃത്തികൾ 21:25) സത്യത്തിൽ, ദൈവം വിലക്കുന്ന കാര്യങ്ങളോടു സ്വൽപ്പമെങ്കിലും സാമ്യമുള്ള സംഗതികൾപോലും അതീവ ശ്രദ്ധയോടെ അദ്ദേഹം ഒഴിവാക്കുന്നു. അതേസമയം, സ്വീകാര്യമെന്നു താൻ കരുതുന്ന ചില ടെലിവിഷൻ പരിപാടികൾപോലുള്ള കാര്യങ്ങൾ മറ്റുള്ളവർ അസ്വീകാര്യമായി കണക്കാക്കുന്നതു കാണുമ്പോൾ അദ്ദേഹം അതിശയിച്ചുപോകുന്നു.

17. കാലവും ആത്മീയവളർച്ചയും ഒരു സഹോദരന്റെ മനസ്സാക്ഷിയെയും തീരുമാനങ്ങളെയും എങ്ങനെ സ്വാധീനിച്ചേക്കാമെന്നു ദൃഷ്ടാന്തീകരിക്കുക.

17 കാലം കടന്നുപോകവേ മർക്കോസിന്റെ പരിജ്ഞാനവും ദൈവവുമായുള്ള അടുപ്പവും വർധിക്കുന്നു. (കൊലൊസ്സ്യർ 1:9, 10) തത്‌ഫലമായി അദ്ദേഹത്തിന്റെ ആന്തരികശബ്ദം അഥവാ മനസ്സാക്ഷി കൂടുതൽ പ്രബുദ്ധമായിത്തീരുന്നു. ആ ശബ്ദത്തിനു ചെവികൊടുക്കാനും തിരുവെഴുത്തുതത്ത്വങ്ങൾ സുസൂക്ഷ്‌മം വിലയിരുത്താനും അദ്ദേഹം കൂടുതൽ സന്നദ്ധത കാണിക്കുന്നു. ദൈവം വിലക്കുന്ന കാര്യങ്ങളോടു “സ്വൽപ്പമെങ്കിലും സാമ്യമുള്ള”തായി കണ്ടതിന്റെ പേരിൽ മുമ്പു താൻ ഒഴിവാക്കിയിരുന്ന കാര്യങ്ങൾ വാസ്‌തവത്തിൽ അങ്ങനെ ആയിരുന്നില്ലെന്ന്‌ ഇപ്പോൾ അദ്ദേഹം മനസ്സിലാക്കുന്നു. കൂടാതെ, ബൈബിൾതത്ത്വങ്ങളോടു കൂടുതൽ സംവേദകത്വം വളർത്തിയെടുത്തിരിക്കുന്നതിനാലും സുശിക്ഷിതമായ തന്റെ മനസ്സാക്ഷിക്കു ചെവികൊടുക്കാൻ സന്നദ്ധനായിരിക്കുന്നതിനാലും, മുമ്പു സ്വീകാര്യമെന്നു കരുതിയിരുന്ന പരിപാടികൾ ഒഴിവാക്കാൻ മനസ്സാക്ഷി ഇപ്പോൾ മർക്കോസിനെ പ്രചോദിപ്പിക്കുന്നു. സുവ്യക്തമായും അദ്ദേഹത്തിന്റെ മനസ്സാക്ഷി സ്‌ഫുടം ചെയ്യപ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 37:31.

18. സന്തോഷിക്കാൻ നമുക്ക്‌ എന്തു കാരണമുണ്ട്‌?

18 ക്രിസ്‌തീയ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്ന വ്യക്തികൾ മിക്ക സഭകളിലുമുണ്ട്‌. അവരിൽ ചിലരെല്ലാം വിശ്വാസത്തിൽ പുതിയവരാണ്‌. ചില കാര്യങ്ങളിൽ അവരുടെ മനസ്സാക്ഷി മൗനമായിരുന്നേക്കാമെങ്കിലും മറ്റു കാര്യങ്ങളിൽ അതു ശബ്ദമുയർത്തിയേക്കാം. യഹോവയുടെ വഴിനടത്തിപ്പുമായി ഇഴുകിച്ചേരാനും ശരിയായി പരിശീലിപ്പിക്കപ്പെട്ട സ്വന്തം മനസ്സാക്ഷിയോടു പ്രതികരിക്കാനും അവർക്കു സമയവും സഹായവും ആവശ്യമായിരുന്നേക്കാം. (എഫെസ്യർ 4:14, 15) എന്നാൽ ദൈവത്തിന്റെ മനസ്സുമായി ചേർച്ചയിലായിരിക്കുന്ന ഒരു മനസ്സാക്ഷിയും ആഴമായ പരിജ്ഞാനവും ബൈബിൾതത്ത്വങ്ങൾ കർമപഥത്തിൽ കൊണ്ടുവരുന്നതിൽ അനുഭവപരിചയവുമുള്ള പലരും അവരുടെ സഭകളിൽ ഉണ്ടായിരുന്നേക്കാമെന്നതു സന്തോഷകരമാണ്‌. കർത്താവിനു സ്വീകാര്യമായ കാര്യങ്ങളെ ധാർമികമായും ആത്മീയമായും “ശുദ്ധ”മെന്നെണ്ണുന്ന അത്തരം “ശുദ്ധിയുള്ള” വ്യക്തികളുടെ സഖിത്വം എത്ര സന്തോഷപ്രദമാണ്‌! (എഫെസ്യർ 5:9) പരിപക്വമായ അത്തരമൊരു സ്ഥിതിയിലേക്കു പുരോഗമിക്കുകയും സത്യത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനത്തിനും ദൈവഭക്തിക്കും ചേർച്ചയിൽ നല്ലൊരു മനസ്സാക്ഷി നിലനിറുത്തുകയും ചെയ്യുക എന്നതായിരിക്കട്ടെ നമ്മുടെയെല്ലാം ലക്ഷ്യം.—തീത്തൊസ്‌ 1:3.

[അടിക്കുറിപ്പ്‌]

^ ഖ. 8 1983 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 30-1 പേജുകളിൽ ദമ്പതികളുടെ പരിചിന്തനത്തിനുള്ള വിവരങ്ങൾ കാണാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ക്രേത്തയിലുള്ള ചിലരുടെ മനസ്സാക്ഷി മലിനമായിരുന്നത്‌ എന്തുകൊണ്ട്‌?

• നന്നായി പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയുള്ള രണ്ടു ക്രിസ്‌ത്യാനികൾ സമാന സാഹചര്യങ്ങളിൽ വ്യത്യസ്‌ത തീരുമാനങ്ങൾ കൈക്കൊണ്ടേക്കാവുന്നത്‌ എങ്ങനെ?

• കാലക്രമേണ നമ്മുടെ മനസ്സാക്ഷിക്ക്‌ എന്തു പരിശീലനം ലഭിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സിസിലി

ഗ്രീസ്‌

ക്രേത്ത

ഏ ഷ്യാ മൈ ന ർ

കുപ്രൊസ്‌

മെഡിറ്ററേനിയൻ കടൽ

[28-ാം പേജിലെ ചിത്രം]

സമാന സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ക്രിസ്‌ത്യാനികൾ വ്യത്യസ്‌തങ്ങളായ തീരുമാനങ്ങളെടുത്തേക്കാം