വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുറക്കൂസ—പൗലൊസിന്റെ സമുദ്രയാത്രയിലെ ഒരിടത്താവളം

സുറക്കൂസ—പൗലൊസിന്റെ സമുദ്രയാത്രയിലെ ഒരിടത്താവളം

സുറക്കൂസ—പൗലൊസിന്റെ സമുദ്രയാത്രയിലെ ഒരിടത്താവളം

വർഷം ഏതാണ്ട്‌ പൊതുയുഗം (പൊ.യു.) 59. ഇറ്റലിയെ ലക്ഷ്യമാക്കി ഒരു കപ്പൽ മെഡിറ്ററേനിയൻ ദ്വീപായ മെലിത്തയിൽനിന്നു യാത്ര പുറപ്പെട്ടു. ആ കപ്പലിന്റെ അണിയത്ത്‌ നാവികരെ സംരക്ഷിക്കുന്നതായി കരുതപ്പെട്ടുപോന്ന “ഇരട്ടദേവന്മാരുടെ” ചിഹ്നം ഉണ്ടായിരുന്നു. ആ കപ്പൽ സിസിലിയുടെ തെക്കുകിഴക്കൻ തീരത്തുള്ള ‘സുറാക്കൂസിൽ അടുത്തെന്നും’ “അവിടെ മൂന്നു ദിവസം തങ്ങി”യെന്നും ബൈബിൾ എഴുത്തുകാരനായ ലൂക്കൊസ്‌ പറയുന്നു. (പ്രവൃത്തികൾ 28:11, 12, പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ്‌ വേർഷൻ) ലൂക്കൊസിന്റെകൂടെ കപ്പലിൽ അരിസ്‌തർഹൊസും അപ്പൊസ്‌തലനായ പൗലൊസും ഉണ്ടായിരുന്നു. പൗലൊസിനെ വിചാരണയ്‌ക്കായി റോമിലേക്കു കൊണ്ടുപോവുകയായിരുന്നു.—പ്രവൃത്തികൾ 27:2.

കപ്പലിൽനിന്നു കരയ്‌ക്കിറങ്ങാൻ പൗലൊസിനെ അനുവദിച്ചോ എന്നു നമുക്കറിയില്ല. അദ്ദേഹമോ സഹയാത്രികരോ കപ്പലിൽനിന്ന്‌ ഇറങ്ങിയിരുന്നെങ്കിൽ അവർ അവിടെ എന്തെല്ലാം കണ്ടിരിക്കാനിടയുണ്ട്‌?

ഗ്രീക്ക്‌-റോമൻ കാലങ്ങളിൽ, സുറക്കൂസ നഗരം ഏഥൻസിനോടും റോമിനോടും കിടപിടിക്കുന്നതായിരുന്നു. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 734-ൽ കൊരിന്ത്യരാണു സുറക്കൂസ സ്ഥാപിച്ചത്‌ എന്നാണു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്‌. സുറക്കൂസയുടെ ചരിത്രത്തിൽ സുവർണ കാലങ്ങളുണ്ടായിരുന്നു. ഗണിതശാസ്‌ത്രജ്ഞനായ ആർക്കിമിഡീസ്‌, നാടകകൃത്തായ എപ്പികാർമസ്‌ എന്നിവരെപ്പോലുള്ള പുരാതന കാലത്തെ കീർത്തികേട്ട വ്യക്തികളുടെ ജന്മനാടാണിത്‌. പൊ.യു.മു. 212-ൽ റോമാക്കാർ സുറക്കൂസ കീഴടക്കി.

ഇന്ന്‌ അവിടം സന്ദർശിച്ചാൽ പൗലൊസിന്റെ കാലത്തെ സുറക്കൂസയെക്കുറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കാനിടയുണ്ട്‌. ഈ നഗരം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അതിൽ ഒന്ന്‌ പൗലൊസിന്റെ കപ്പൽ വന്നടുത്തിരിക്കാൻ സാധ്യതയുള്ള ഓർത്തീജിയ എന്ന ചെറുദ്വീപിലും മറ്റേത്‌ വൻകരയിലും ആയിരുന്നു.

സിസിലിയിലെ ഡോറിക്ക്‌ മാതൃകയിലുള്ള ഏറ്റവും പഴക്കംചെന്ന ക്ഷേത്രത്തിന്റെ അവശിഷ്ടം നിങ്ങൾക്ക്‌ ഈ ദ്വീപിൽ കാണാം. അത്‌ പൊ.യു.മു. ആറാം നൂറ്റാണ്ടോളം പഴക്കമുള്ള അപ്പോളോ ദേവന്റെ ക്ഷേത്രമാണ്‌. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ അഥേന ദേവിക്കു സമർപ്പിച്ച ഒരു ക്ഷേത്രത്തിന്റെ തൂണുകളും അവിടെയുണ്ട്‌. ഇപ്പോൾ അതൊരു കത്തീഡ്രലിന്റെ ഭാഗമാണ്‌.

ഈ ആധുനിക നഗരത്തിന്റെ ഹൃദയഭാഗം വൻകരയിലാണ്‌. അവിടെ നിങ്ങൾക്കു നിയപ്പോലീസ്‌ ആർക്കിയോളജിക്കൽ പാർക്കു സന്ദർശിക്കാം. അതിന്റെ പ്രവേശനകവാടത്തിന്‌ സമീപത്തായി ഗ്രീക്ക്‌ തീയറ്റർ സ്ഥിതിചെയ്യുന്നു. ഗ്രീക്ക്‌ തീയറ്റർ ശിൽപ്പകലയുടെ, അതിജീവിക്കുന്ന ഒരു മകുടോദാഹരണമാണിത്‌. കടലിന്‌ അഭിമുഖമായി നിൽക്കുന്ന ഇതു കലാപരിപാടികൾക്കൊരു ഗംഭീര പശ്ചാത്തലമൊരുക്കുന്നു. പാർക്കിന്റെ തെക്കേ അറ്റത്തായി പൊ.യു. മൂന്നാം നൂറ്റാണ്ടിൽ നിർമിച്ച റോമൻ ആംഫിതീയറ്റർ ഉണ്ട്‌. ദീർഘവൃത്താകൃതിയിലുള്ള ഈ തീയറ്ററിനു 460 അടി നീളവും 390 അടി വീതിയുമുണ്ട്‌; വലുപ്പം നോക്കിയാൽ, ഇറ്റലിയിൽ മൂന്നാം സ്ഥാനവും.

സുറക്കൂസ സന്ദർശിക്കാൻ നിങ്ങൾക്കൊരു അവസരം കിട്ടിയെന്നിരിക്കട്ടെ. ഓർത്തീജിയയിൽ, കടൽത്തീരത്തുള്ള ഒരു ബെഞ്ചിലിരുന്നു നിങ്ങളുടെ ബൈബിൾ തുറന്നു പ്രവൃത്തികൾ 28:12 വായിക്കവേ, അവിടെ തുറമുഖത്തേക്കു മെല്ലെ അടുക്കുന്ന കപ്പലിൽ അപ്പൊസ്‌തലനായ പൗലൊസിനെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

[30-ാം പേജിലെ രേഖാചിത്രം/ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മെലിത്ത

സിസിലി

സുറക്കൂസ

ഇറ്റലി

രേഗ്യൊൻ

പുത്യൊലി

റോം

[30-ാം പേജിലെ ചിത്രം]

സുറക്കൂസയിലെ ഗ്രീക്ക്‌ തീയറ്ററിന്റെ അവശിഷ്ടങ്ങൾ