വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘താഴ്‌മ ധരിപ്പിൻ’

‘താഴ്‌മ ധരിപ്പിൻ’

‘താഴ്‌മ ധരിപ്പിൻ’

ഒരു പ്രമുഖ നഗരത്തിൽനിന്നുള്ള വ്യക്തി. ജനനം ഒരു കുലീന കുടുംബത്തിൽ. ജന്മനാതന്നെ ഒരു റോമൻ പൗരൻ. അറിയപ്പെടുന്ന യഹൂദ മതവിഭാഗത്തിലെ ഒരംഗം. ഒന്നാം നൂറ്റാണ്ടിൽ ലഭ്യമായതിൽവെച്ച്‌ ഏറ്റവും നല്ല വിദ്യാഭ്യാസം നേടിയ ആൾ. കുറഞ്ഞത്‌ രണ്ടു ഭാഷകളിലുള്ള പ്രാവീണ്യം. ആരാണ്‌ അദ്ദേഹം? പരീശനായ ശൗൽ.

സാധാരണക്കാരെ പുച്ഛത്തോടെ കാണാനും സ്വയനീതിയിൽ അഹങ്കരിക്കാനും ആയിരിക്കണം ശൗൽ പഠിച്ചത്‌. (ലൂക്കൊസ്‌ 18:11, 12; പ്രവൃത്തികൾ 26:5) മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നു ഭാവിച്ചിരുന്ന പരീശന്മാർ പ്രാമുഖ്യതയും ഔന്നത്യം സൂചിപ്പിക്കുന്ന സ്ഥാനപ്പേരുകളും ഇഷ്ടപ്പെട്ടിരുന്നു. (മത്തായി 23:6, 7; ലൂക്കൊസ്‌ 11:43) അത്തരക്കാരുമായുള്ള ചങ്ങാത്തം ശൗലിനെ അഹങ്കാരിയാക്കിത്തീർത്തിരിക്കാം. ക്രിസ്‌ത്യാനികളെ അദ്ദേഹം ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നു നമുക്കറിയാം. അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്ന ശൗൽ, താൻ ഒരുകാലത്ത്‌ “ദൂഷകനും ഉപദ്രവിയും നിഷ്‌ഠുരനും” ആയിരുന്നതായി പിന്നീട്‌ സമ്മതിച്ചു പറഞ്ഞു.—1 തിമൊഥെയൊസ്‌ 1:13.

അതേ, ക്രിസ്‌ത്യാനിയായിത്തീർന്ന ശൗൽ വ്യക്തിത്വത്തിൽ സമൂല പരിവർത്തനം വരുത്തി. ഒരു ക്രിസ്‌തീയ അപ്പൊസ്‌തലൻ എന്ന നിലയിൽ അദ്ദേഹം “സകലവിശുദ്ധന്മാരിലും ഏറ്റവും ചെറിയവനാ”ണെന്ന്‌ താഴ്‌മയോടെ സമ്മതിച്ചുപറഞ്ഞു. (എഫെസ്യർ 3:8) വൈഭവമുള്ള ഒരു സുവിശേഷകനായിരുന്നെങ്കിലും അതിനെപ്രതി അദ്ദേഹം സ്വയം അഭിമാനംകൊണ്ടില്ല. പകരം മുഴു ബഹുമതിയും ദൈവത്തിനു കൊടുത്തു. (1 കൊരിന്ത്യർ 3:5-9; 2 കൊരിന്ത്യർ 11:7) ഇതേ പൗലൊസാണ്‌ സഹക്രിസ്‌ത്യാനികളെ പിൻവരുന്ന പ്രകാരം ഉദ്‌ബോധിപ്പിച്ചത്‌: ‘മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിപ്പിൻ’.—കൊലൊസ്സ്യർ 3:12.

ആ ഉപദേശം ഇന്ന്‌ പ്രസക്തമാണോ? താഴ്‌മ കാണിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? താഴ്‌മ യഥാർഥത്തിൽ കരുത്തിന്റെ ലക്ഷണമാണോ?

സർവശക്തൻ താഴ്‌മയുള്ളവനോ?

താഴ്‌മയെക്കുറിച്ചു സംസാരിക്കുമ്പോൾ ദൈവത്തിന്റെ വീക്ഷണം കണക്കിലെടുക്കാതിരിക്കാൻ ആവില്ല; കാരണം അവൻ പരമാധികാരിയും സ്രഷ്ടാവുമാണ്‌. അവനോടുള്ള താരതമ്യത്തിൽ നമ്മുടെ പരിമിതികളെ നാം അംഗീകരിക്കേണ്ടതുണ്ട്‌. നാം അവനിൽ ആശ്രയിച്ചേ മതിയാകൂ. “സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു” എന്ന്‌ പുരാതന കാലത്തെ ഒരു ജ്ഞാനിയായ എലീഹൂ പറയുകയുണ്ടായി. (ഇയ്യോബ്‌ 37:23) എന്തിനധികം, ബ്രഹ്മാണ്ഡമായ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തതന്നെ നമ്മിൽ താഴ്‌മയുളവാക്കാൻ പോന്നതാണ്‌! യെശയ്യാവ്‌ നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:26.

സർവശക്തൻ എന്നതിനുപുറമേ യഹോവയാം ദൈവം താഴ്‌മയുള്ളവനുമാണ്‌. ദാവീദ്‌ രാജാവ്‌ അവനോട്‌ ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത [“താഴ്‌മ,” NW] എന്നെ വലിയവനാക്കിയിരിക്കുന്നു.” (2 ശമൂവേൽ 22:36) ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന എളിയ മനുഷ്യരോട്‌ ദയ കാണിച്ചുകൊണ്ട്‌ പരിഗണനയോടെ ഇടപെടുന്നു എന്ന അർഥത്തിൽ അവൻ താഴ്‌മയുള്ളവനാണ്‌. ദൈവഭയമുള്ളവരോട്‌ ദയാപൂർവം ഇടപെടേണ്ടതിന്‌ യഹോവ സ്വർഗത്തിൽനിന്ന്‌ ഇറങ്ങിവരുന്നുവെന്ന്‌ ആലങ്കാരികമായി പറയാം.—സങ്കീർത്തനം 113:5-7.

മാത്രമല്ല, തന്റെ ദാസന്മാരുടെ താഴ്‌മയെ യഹോവ വിലമതിക്കുകയും ചെയ്യുന്നു. അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു; താഴ്‌മയുള്ളവർക്കോ കൃപ നല്‌കുന്നു.” (1 പത്രൊസ്‌ 5:5) അഹങ്കാരത്തോടുള്ള ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ച്‌ ഒരു ബൈബിൾ എഴുത്തുകാരൻ പറയുകയുണ്ടായി: “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പ്‌.” (സദൃശവാക്യങ്ങൾ 16:5) എന്നാൽ, എങ്ങനെയാണ്‌ താഴ്‌മ കരുത്തിന്റെ ലക്ഷണമായിരിക്കുന്നത്‌?

താഴ്‌മ—എന്തല്ല?

താഴ്‌മ അപമാനകരമാണെന്നാണ്‌ അനേകരും ചിന്തിക്കുന്നത്‌. ചില പുരാതന സംസ്‌കാരങ്ങളിൽ താഴ്‌മയുടെ ആൾരൂപമായി കരുതിയിരുന്നത്‌ പാദസേവചെയ്യുന്ന നികൃഷ്ടനും എളിയവനുമായ ഒരു അടിമയെയായിരുന്നു. അതിനു നേർവിപരീതമായി, താഴ്‌മ മഹത്ത്വം കൈവരുത്തുന്നുവെന്ന്‌ ബൈബിൾ ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്‌, ഒരു ജ്ഞാനി എഴുതി: “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” (സദൃശവാക്യങ്ങൾ 22:4) കൂടാതെ, സങ്കീർത്തനം 138:6 പറയുന്നു: “യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.”

താഴ്‌മയുള്ള ഒരാൾക്ക്‌ യാതൊരുവിധ കഴിവുകളും നേട്ടങ്ങളും ഉണ്ടായിരിക്കില്ല എന്നർഥമില്ല. യേശുവിന്റെ കാര്യംതന്നെ എടുക്കുക. യഹോവയുടെ ഏകജാത പുത്രനാണെന്ന സംഗതി അവൻ ഒരിക്കലും നിഷേധിച്ചില്ല; തന്റെ ഭൗമിക ശുശ്രൂഷ നിസ്സാരമാണെന്നും കരുതിയില്ല. (മർക്കൊസ്‌ 14:61, 62; യോഹന്നാൻ 6:51) അതേസമയം അവൻ താഴ്‌മയുള്ളവനുമായിരുന്നു. എങ്ങനെയെന്നോ? മറ്റുള്ളവരെ അടിച്ചമർത്താനോ അവരുടെമേൽ ആധിപത്യം പുലർത്താനോ തന്റെ അധികാരം പ്രയോഗിക്കുന്നതിനുപകരം അവരെ സേവിക്കാനും സഹായിക്കാനും വേണ്ടി ഉപയോഗിച്ചുകൊണ്ടും തന്റെ പ്രവൃത്തികളുടെ ബഹുമതി പിതാവിനു നൽകിക്കൊണ്ടും.

കരുത്തിന്റെ ലക്ഷണം

യേശു, താൻ “പ്രവർത്തിച്ച മഹത്തായ കാര്യ”ങ്ങളാൽ സമകാലികർക്കിടയിൽ പ്രശസ്‌തി നേടി എന്നതിൽ തർക്കമില്ല. (പ്രവൃത്തികൾ 2:22, പി.ഒ.സി. ബൈബിൾ) എന്നിട്ടും, ചിലർക്ക്‌ അവൻ “മനുഷ്യരിൽ ഏറ്റം എളിയ”വനായിരുന്നു. (ദാനീയേൽ 4:17, പി.ഒ.സി.) അവൻ ഒരു എളിയ ജീവിതം നയിച്ചുവെന്നു മാത്രമല്ല താഴ്‌മയുടെ മൂല്യത്തെക്കുറിച്ച്‌ ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 9:48; യോഹന്നാൻ 13:2-16) എന്നിരുന്നാലും താഴ്‌മ അവനെ ദുർബലനാക്കിയില്ല. തന്റെ പിതാവിന്റെ നാമത്തിനുവേണ്ടി പ്രതിവാദം നടത്തുന്നതിലും ശുശ്രൂഷ നിർവഹിക്കുന്നതിലും അവൻ നിർഭയനായിരുന്നു. (ഫിലിപ്പിയർ 2:6-8) ബൈബിളിൽ യേശുവിനെ ഒരു ധീരസിംഹമായി ചിത്രീകരിച്ചിരിക്കുന്നു. (വെളിപ്പാടു 5:5) താഴ്‌മയും മനോധൈര്യവും കൈകോർത്തുപോകുന്നുവെന്നാണ്‌ യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നത്‌.

താഴ്‌മ നട്ടുവളർത്താൻ ശ്രമിക്കവേ അത്‌ പറയുന്നത്ര എളുപ്പമല്ലെന്ന്‌ നാം കണ്ടെത്തും. ഏറ്റവും എളുപ്പമുള്ള ജീവിതഗതി സ്വീകരിക്കുകയോ ജഡിക ചായ്‌വുകൾക്കു വശംവദരാകുകയോ ചെയ്യാതെ എല്ലായ്‌പോഴും ദൈവേഷ്ടത്തിന്‌ കീഴ്‌പെടുക എന്നതാണ്‌ അതിൽ ഉൾപ്പെടുന്നത്‌. താഴ്‌മ വളർത്തിയെടുക്കുന്നതിന്‌ മനക്കരുത്ത്‌ ആവശ്യമാണ്‌. കാരണം നിസ്സ്വാർഥമായി യഹോവയെ സേവിക്കുന്നതിനും മറ്റുള്ളവരുടെ താത്‌പര്യങ്ങൾ മാനിക്കുന്നതിനും നാം സ്വന്തം താത്‌പര്യങ്ങളെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളേണ്ടതുണ്ട്‌.

താഴ്‌മയുടെ നേട്ടങ്ങൾ

ദുരഭിമാനവും അഹന്തയും ഒഴിവാക്കുന്നതാണ്‌ താഴ്‌മ. തിരുവെഴുത്തുകളിൽ താഴ്‌മയെ ‘പൂർണ്ണവിനയം’ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. (എഫെസ്യർ 4:2) നമ്മുടെ കഴിവുകൾ, ദൗർബല്യങ്ങൾ, നേട്ടങ്ങൾ, കോട്ടങ്ങൾ എന്നിവ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിലൂടെ താഴ്‌മയോടുകൂടിയ ഒരു മനോനില സ്വായത്തമാക്കാനാകും. ഇതു സംബന്ധിച്ച്‌ പൗലൊസ്‌ നല്ലൊരു ഉപദേശം നൽകി: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ . . . സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) ഈ ബുദ്ധിയുപദേശം പിൻപറ്റുന്നവർ താഴ്‌മയുള്ളവരാണ്‌.

നമ്മുടെ താത്‌പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ടും താഴ്‌മ പ്രകടമാക്കാനാകും. നിശ്വസ്‌തതയിൽ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ.” (ഫിലിപ്പിയർ 2:3) ഇത്‌ തന്റെ അനുഗാമികളോടുള്ള യേശുവിന്റെ കൽപ്പനയ്‌ക്കു ചേർച്ചയിലായിരുന്നു: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്‌ത്തപ്പെടും; തന്നെത്താൻ താഴ്‌ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”—മത്തായി 23:11, 12.

അതേ, താഴ്‌മയുള്ളവർ ദൈവമുമ്പാകെ ശ്രേഷ്‌ഠരാണ്‌. ശിഷ്യനായ യാക്കോബ്‌ അത്‌ വ്യക്തമാക്കുകയുണ്ടായി: “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.” (യാക്കോബ്‌ 4:10) ദൈവത്താൽ ഉയർത്തപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്‌?

താഴ്‌മയുടെ അഭാവം വ്യക്തികൾക്കിടയിലും കൂട്ടങ്ങൾക്കിടയിലും പല പ്രശ്‌നങ്ങൾക്കും ഭിന്നതകൾക്കും ഇടയാക്കിയിട്ടുണ്ട്‌. നേരെമറിച്ച്‌, താഴ്‌മ കാണിക്കുന്നത്‌ സത്‌ഫലങ്ങൾ കൈവരുത്തുന്നു. നമുക്ക്‌ ദൈവാംഗീകാരം നേടാനാകുന്നു. (മീഖാ 6:8) മനസ്സമാധാനവും ആസ്വദിക്കാനാകും; താഴ്‌മയുള്ളവർ ഗർവ്വുള്ളവരെ അപേക്ഷിച്ച്‌ ഏറെ സന്തുഷ്ടരും സംതൃപ്‌തരും ആണെന്നതാണ്‌ അതിനു കാരണം. (സങ്കീർത്തനം 101:5) കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിങ്ങനെ മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധങ്ങൾ പ്രശ്‌നരഹിതവും സ്‌നേഹനിർഭരവുമായിരിക്കും. ദേഷ്യം, അകൽച്ച, പക, നീരസം എന്നിവയ്‌ക്കൊക്കെ വളംവെക്കുന്ന പരുക്കൻസ്വഭാവവും കടുംപിടുത്തവും താഴ്‌മയുള്ളവർ ഒഴിവാക്കുന്നു.—യാക്കോബ്‌ 3:14-16.

അതേ, മറ്റുള്ളവരുമായി നല്ല ബന്ധത്തിൽ തുടരുന്നതിനുള്ള ഉത്തമ മാർഗമാണ്‌ താഴ്‌മ നട്ടുവളർത്തുന്നത്‌. സ്വാർഥവും മത്സരാത്മകവുമായ ഈ ലോകത്തിലെ സമ്മർദങ്ങളെ ചെറുക്കാനും അതു നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ സഹായത്താൽ, നേരത്തേയുണ്ടായിരുന്ന അഹങ്കാരത്തിനു കടിഞ്ഞാണിടാൻ അപ്പൊസ്‌തലനായ പൗലൊസിനു കഴിഞ്ഞു. സമാനമായി, മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്ന ഭാവവും അഹന്തയും നാം ഒഴിവാക്കണം. ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.” (സദൃശവാക്യങ്ങൾ 16:18) പൗലൊസിന്റെ മാതൃകയും ഉപദേശവും പിൻപറ്റുന്നതുവഴി, ‘താഴ്‌മ ധരിക്കുന്നതിലെ’ ജ്ഞാനം നാം തിരിച്ചറിയും.—കൊലൊസ്സ്യർ 3:12.

[4-ാം പേജിലെ ചിത്രം]

അഹന്തയ്‌ക്കു കടിഞ്ഞാണിടാൻ പൗലൊസിനായി

[7-ാം പേജിലെ ചിത്രം]

മറ്റുള്ളവരുമായി നല്ല ബന്ധത്തിൽ തുടരാൻ താഴ്‌മ സഹായിക്കും

[5-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Anglo-Australian Observatory/David Malin Images