വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തിന്റെ ആഴങ്ങളെ” ആരാഞ്ഞറിയുക

“ദൈവത്തിന്റെ ആഴങ്ങളെ” ആരാഞ്ഞറിയുക

“ദൈവത്തിന്റെ ആഴങ്ങളെ” ആരാഞ്ഞറിയുക

“ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.”—1 കൊരിന്ത്യർ 2:10.

1. പുതിയ ബൈബിൾവിദ്യാർഥികൾക്കു സന്തോഷംപകരുന്ന ചില ബൈബിൾസത്യങ്ങൾ ഏവ?

ആദ്യമായി സത്യം പഠിച്ചപ്പോൾ നമുക്കുണ്ടായ അതിരറ്റ സന്തോഷം ഇന്നും നമ്മുടെ ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നില്ലേ? അന്നു നാം യഹോവയുടെ നാമത്തിന്റെ പ്രാധാന്യവും പ്രഭാവവും തിരിച്ചറിഞ്ഞു. മനുഷ്യർ കഷ്ടപ്പെടാൻ അവൻ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നാം മനസ്സിലാക്കി. ചിലർ സ്വർഗത്തിൽ പോകുന്നത്‌ എന്തുകൊണ്ടെന്നും മറ്റു വിശ്വസ്‌ത മനുഷ്യരുടെ ഭാവി എന്തായിരിക്കുമെന്നും നാം പഠിച്ചു. മുമ്പു നാം സ്വന്തമായി ബൈബിൾ പരിശോധിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ മിക്കവരുടെയും കാര്യത്തിലെന്നപോലെ, അത്തരം സംഗതികൾ നമ്മുടെ ബുദ്ധിക്കു മറവായിരുന്നു. വെള്ളത്തിനടിയിലുള്ള പവിഴപ്പുറ്റുകളെ നോക്കുന്ന ഒരു വ്യക്തിയെപ്പോലെയായിരുന്നു നാം. എന്തെങ്കിലുമൊരു ഉപാധിയില്ലാതെ ആ വശ്യസൗന്ദര്യം പൂർണമായി ആസ്വദിക്കാൻ അദ്ദേഹത്തിനാവില്ല. എന്നാൽ ഒരു ജലരോധക കണ്ണടയുടെയോ ഗ്ലാസ്‌നിർമിത അടിത്തട്ടുള്ള ബോട്ടിന്റെയോ സഹായത്താൽ, പൂച്ചെടിയുടെയും മറ്റും ആകൃതിയിലുള്ള നയനാകർഷകമായ ജീവികളുടെയും ഉജ്ജ്വലവർണങ്ങളിലുള്ള പവിഴങ്ങളുടെയും മത്സ്യങ്ങളുടെയും മനോഹാരിത ഇദംപ്രഥമമായി കണ്ടാസ്വദിക്കാൻ അദ്ദേഹത്തിനു കഴിയും. സമാനമായി, തിരുവെഴുത്തുകൾ മനസ്സിലാക്കാൻ മറ്റൊരാൾ നമ്മെ സഹായിച്ചു തുടങ്ങിയപ്പോൾ ‘ദൈവത്തിന്റെ ആഴങ്ങളിലേക്ക്‌’ ആദ്യമായി എത്തിനോക്കാൻ നമുക്കു കഴിഞ്ഞു.—1 കൊരിന്ത്യർ 2:8-10.

2. ദൈവവചനത്തിന്റെ പഠനം അനന്തമായ ആനന്ദം പ്രദാനംചെയ്യുന്നത്‌ എങ്ങനെ?

2 ബൈബിൾസത്യങ്ങളിലേക്കുള്ള കേവലമൊരു എത്തിനോട്ടംകൊണ്ടു തൃപ്‌തരാകാൻ നമുക്കാകുമോ? ‘ദൈവത്തിന്റെ ആഴങ്ങൾ’ എന്നു പറഞ്ഞിരിക്കുന്നതിൽ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ ക്രിസ്‌ത്യാനികൾക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതും എന്നാൽ മറ്റുള്ളവർക്കു മറഞ്ഞിരിക്കുന്നതുമായ ദൈവികജ്ഞാനത്തിന്റെ ഗ്രാഹ്യം ഉൾപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 2:7) നമുക്ക്‌ എന്തെന്നില്ലാത്ത സന്തോഷം സമ്മാനിക്കുന്ന, സീമാതീതമായ ഒരു വിജ്ഞാനമേഖലയാണ്‌ ദൈവികജ്ഞാനം! ദൈവത്തിന്റെ പ്രവൃത്തികളിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനം സമ്പൂർണമായി ഗ്രഹിക്കാൻ ഒരിക്കലും നമുക്കാവില്ല. “ദൈവത്തിന്റെ ആഴങ്ങളെ” അവിരാമം ആരായുന്നപക്ഷം, പ്രാഥമിക ബൈബിളുപദേശങ്ങൾ പഠിച്ചപ്പോൾ നമുക്കുണ്ടായ ആനന്ദം അനന്തമായി നമ്മുടെയുള്ളിൽ അലയടിച്ചുകൊണ്ടിരിക്കും.

3. നമ്മുടെ വിശ്വാസങ്ങൾക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ സമഗ്രമായ ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 നാം “ദൈവത്തിന്റെ ആഴങ്ങളെ” അറിയേണ്ടതിന്റെ കാരണമെന്താണ്‌? നമ്മുടെ വിശ്വാസങ്ങൾ എന്തെല്ലാമാണെന്നു മനസ്സിലാക്കുന്നതിനുപുറമേ അവയ്‌ക്കുപിന്നിലെ അടിസ്ഥാന കാരണങ്ങൾ ഗ്രഹിക്കുന്നതിലൂടെ നമ്മുടെ വിശ്വാസത്തെയും ബോധ്യത്തെയും അരക്കിട്ടുറപ്പിക്കാനാകും. ചിന്താപ്രാപ്‌തി ഉപയോഗിച്ച്‌ “നല്ലതും പ്രസാദകരവും പരിപൂർണ്ണവുമായ ദൈവഹിതം എന്തെന്നു ശോധനചെയ്‌ത്‌ അംഗീകരിക്കുവാൻ” തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:1, 2, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഒരു നിശ്ചിത രീതിയിൽ ജീവിക്കാൻ യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കുമ്പോൾ, അവനെ അനുസരിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമായിത്തീരും. നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടാനുള്ള പ്രലോഭനം ചെറുത്തുനിൽക്കാൻ ആവശ്യമായ ശക്തിപകരാൻ “ദൈവത്തിന്റെ ആഴങ്ങളെ”ക്കുറിച്ചുള്ള പരിജ്ഞാനത്തിനു കഴിയും; കൂടാതെ “സൽപ്രവൃത്തികളിൽ ശുഷ്‌കാന്തി”യുള്ളവരായിരിക്കാനും അതു നമ്മെ പ്രചോദിപ്പിക്കും.—തീത്തൊസ്‌ 2:14.

4. ബൈബിൾപഠനത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

4 ആഴമായ കാര്യങ്ങൾ ഗ്രഹിക്കാൻ പഠനം അനിവാര്യമാണ്‌. എന്നാൽ എന്തെങ്കിലും ഓടിച്ചുവായിക്കുന്നതല്ല പഠനം. നമുക്കറിയാവുന്ന കാര്യങ്ങളുമായി പുതിയ വിവരങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നു മനസ്സിലാക്കാൻ അവ സശ്രദ്ധം പരിശോധിക്കുന്നതു പഠനത്തിന്റെ ഭാഗമാണ്‌. (2 തിമൊഥെയൊസ്‌ 1:13) പ്രസ്‌തുത കാര്യങ്ങൾക്കു പിന്നിലെ കാരണം കണ്ടെത്തുന്നതും അതിൽപ്പെടുന്നു. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും മറ്റുള്ളവരെ സഹായിക്കാനുമായി, പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്‌. കൂടാതെ, ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനപ്രദവും’ ആയതിനാൽ “ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചന”ങ്ങളെയും നാം നമ്മുടെ പഠനത്തിൽ ഉൾപ്പെടുത്തണം. (2 തിമൊഥെയൊസ്‌ 3:16, 17; മത്തായി 4:4) ബൈബിൾപഠനം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിലും ആനന്ദപ്രദമായ അനുഭവം കൂടിയാണത്‌. “ദൈവത്തിന്റെ ആഴങ്ങളെ” ആരാഞ്ഞറിയുന്നത്‌ തീർത്തും ബുദ്ധിമുട്ടല്ലതാനും.

ആഴമായ കാര്യങ്ങൾ ഗ്രഹിക്കാൻ യഹോവ സൗമ്യരെ സഹായിക്കുന്നു

5. “ദൈവത്തിന്റെ ആഴങ്ങളെ” ഗ്രഹിക്കാൻ ആർക്കു കഴിയും?

5 സ്‌കൂൾപഠനത്തിൽ നിങ്ങൾ അത്ര സമർഥരല്ലായിരുന്നിരിക്കാം; കൂടാതെ ഇന്നും പഠനം നിങ്ങൾക്ക്‌ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും “ദൈവത്തിന്റെ ആഴങ്ങളെ” ഗ്രഹിക്കാനാവില്ലെന്നു ചിന്തിക്കരുത്‌. യേശുവിന്റെ ശുശ്രൂഷക്കാലത്ത്‌, യഹോവ തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തിയത്‌ അറിവും പാണ്ഡിത്യവും ഉള്ളവർക്കായിരുന്നില്ല, മറിച്ച്‌ ദൈവത്തിന്റെ ആ ദാസനിൽനിന്നു പഠിക്കാനുള്ള താഴ്‌മ കാണിച്ച സാമാന്യരും പഠിപ്പില്ലാത്തവരുമായ മനുഷ്യർക്കായിരുന്നു. അഭ്യസ്‌തവിദ്യരോടുള്ള താരതമ്യത്തിൽ അവർ ശിശുക്കളെപ്പോലെ കാണപ്പെട്ടു. (മത്തായി 11:25; പ്രവൃത്തികൾ 4:13) “ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ള” കാര്യങ്ങളോടുള്ള ബന്ധത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികൾക്ക്‌ ഇങ്ങനെയെഴുതി: “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ [അക്കാര്യങ്ങൾ] വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.”—1 കൊരിന്ത്യർ 2:9, 10.

6. എന്താണ്‌ 1 കൊരിന്ത്യർ 2:10-ന്റെ അർഥം?

6 എങ്ങനെയാണ്‌ ദൈവാത്മാവ്‌ “സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും” ആരായുന്നത്‌? ഓരോ ക്രിസ്‌ത്യാനിക്കും വേറിട്ട വെളിപ്പെടുത്തലുകൾ നൽകുന്നതിനുപകരം, തന്റെ സംഘടനയെ വഴിനയിക്കാൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുന്നു; ആ ആത്മാവിന്റെ സഹായത്താലാണ്‌ ദൈവത്തിന്റെ ഏകീകൃത ജനത്തിനു ബൈബിൾഗ്രാഹ്യം ലഭ്യമാകുന്നത്‌. (പ്രവൃത്തികൾ 20:28; എഫെസ്യർ 4:3-6) ലോകമെങ്ങുമുള്ള സഭകൾ ഒരേ ബൈബിൾപഠന പരിപാടിയിൽനിന്നു പ്രയോജനം നേടുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, പ്രധാനപ്പെട്ട എല്ലാ ബൈബിളുപദേശങ്ങളും അവിടെ ചർച്ചചെയ്യപ്പെടുന്നു. “ദൈവത്തിന്റെ ആഴങ്ങളെ” ഗ്രഹിക്കാനുതകുന്ന മനോഭാവം ആർജിക്കാൻ സഭകളിലൂടെ പരിശുദ്ധാത്മാവ്‌ മനുഷ്യരെ സഹായിക്കുന്നു.—പ്രവൃത്തികൾ 5:32.

‘ദൈവത്തിന്റെ ആഴങ്ങളിൽ’ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ

7. അനേകർക്കും ‘ദൈവത്തിന്റെ ആഴങ്ങൾ’ മനസ്സിലാക്കാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌?

7 ‘ദൈവത്തിന്റെ ആഴങ്ങൾ’ ദുർഗ്രഹമാണെന്നു നാം കരുതരുത്‌. ദൈവികജ്ഞാനം നേടുകയെന്നത്‌ അത്യന്തം ദുഷ്‌കരമായതുകൊണ്ടല്ല, പിന്നെയോ സാത്താൻ ആളുകളെ വഞ്ചിക്കുന്നതിനാലാണ്‌ ‘ദൈവത്തിന്റെ ആഴങ്ങൾ’ മിക്കവർക്കും അപ്രാപ്യമായിരിക്കുന്നത്‌. യഹോവ തന്റെ സംഘടനയിലൂടെ പ്രദാനംചെയ്യുന്ന സഹായം ആളുകൾ തള്ളിക്കളയാൻ സാത്താൻ ഇടയാക്കുന്നു.—2 കൊരിന്ത്യർ 4:3, 4.

8. എഫെസ്യർക്കുള്ള ലേഖനത്തിന്റെ മൂന്നാം അധ്യായത്തിൽ ആഴമായ ഏതു കാര്യങ്ങളാണു പൗലൊസ്‌ പരാമർശിച്ചത്‌?

8 വാഗ്‌ദത്ത സന്തതിയെ തിരിച്ചറിയുന്ന വിധം, സ്വർഗീയ പ്രത്യാശയുള്ള മനുഷ്യരുടെ തിരഞ്ഞെടുപ്പ്‌, മിശിഹൈക രാജ്യം എന്നിങ്ങനെ യഹോവയുടെ ജനത്തിൽപ്പെട്ട മിക്കവരും നന്നായി മനസ്സിലാക്കിയിട്ടുള്ള പല സത്യങ്ങളും ‘ദൈവത്തിന്റെ ആഴങ്ങളിൽ’ ഉൾപ്പെട്ടിരിക്കുന്നതായി, എഫെസ്യർക്കുള്ള ലേഖനത്തിന്റെ മൂന്നാം അധ്യായത്തിൽ പൗലൊസ്‌ വ്യക്തമാക്കുന്നു. “ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്‌തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‌വന്നിരുന്നില്ല. അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്‌തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്‌ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ” എന്ന്‌ അവനെഴുതി. “ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പി”ക്കാൻ താൻ നിയമിക്കപ്പെട്ടതായും അവൻ പറഞ്ഞു.—എഫെസ്യർ 3:5-9.

9. “ദൈവത്തിന്റെ ആഴങ്ങളെ” ഗ്രഹിക്കാനാകുന്നത്‌ ഒരു പദവിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം” സ്വർഗീയമണ്ഡലങ്ങളിലും “സഭമുഖാന്തരം” വെളിപ്പെട്ടുവരണമെന്നുള്ള ദൈവേഷ്ടത്തെക്കുറിച്ച്‌ പൗലൊസ്‌ തുടർന്നു വിശദീകരിച്ചു. (എഫെസ്യർ 3:10-11) ക്രിസ്‌തീയ സഭയോടുള്ള യഹോവയുടെ ഇടപെടലിൽ പ്രതിഫലിക്കുന്ന ജ്ഞാനം കണ്ടുമനസ്സിലാക്കിക്കൊണ്ട്‌ ദൂതന്മാർ പ്രയോജനമനുഭവിക്കുന്നു. ദൂതന്മാർക്കുപോലും താത്‌പര്യജനകമായ കാര്യങ്ങൾ നമുക്കു പഠിക്കാനാകുന്നത്‌ എന്തൊരു പദവിയാണ്‌! (1 പത്രൊസ്‌ 1:10-12) ക്രിസ്‌തീയ വിശ്വാസത്തിന്റെ ‘വീതിയും നീളവും ഉയരവും ആഴവും എന്ത്‌ എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കാൻ’ നാം യത്‌നിക്കണമെന്ന്‌ പൗലൊസ്‌ തുടർന്നുപറയുന്നു. (എഫെസ്യർ 3:11, 18) നമ്മുടെ ഗ്രാഹ്യത്തിന്റെ അതിരുകൾ വികസിപ്പിക്കാൻ സഹായിച്ചേക്കാവുന്ന ആഴമായ ചില കാര്യങ്ങൾ ഇപ്പോൾ പരിചിന്തിക്കാം.

ആഴമായ ചില കാര്യങ്ങൾ

10, 11. തിരുവെഴുത്തനുസരിച്ച്‌, എപ്പോഴാണ്‌ യേശു ദൈവത്തിന്റെ സ്വർഗീയ “സ്‌ത്രീ”യുടെ “സന്തതി”യുടെ മുഖ്യഭാഗമായിത്തീർന്നത്‌?

10 ഉല്‌പത്തി 3:15-ൽ പരാമർശിച്ചിരിക്കുന്ന, ദൈവത്തിന്റെ സ്വർഗീയ “സ്‌ത്രീ”യുടെ “സന്തതി”യുടെ മുഖ്യഭാഗം യേശുവാണെന്നു നമുക്കറിയാം. ഇക്കാര്യത്തിലുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കാൻ ഒരുപക്ഷേ പിൻവരുന്ന ചോദ്യങ്ങൾ നമുക്കു ചോദിക്കാനാകും: ‘എപ്പോഴാണ്‌ യേശു വാഗ്‌ദത്തസന്തതി ആയിത്തീർന്നത്‌, മനുഷ്യരൂപമെടുക്കുന്നതിനു മുമ്പായിരുന്നോ? അതോ മനുഷ്യനായി പിറന്നപ്പോഴോ സ്‌നാപനമേറ്റപ്പോഴോ ആയിരുന്നോ? അതുമല്ലെങ്കിൽ പുനരുത്ഥാനസമയത്തായിരുന്നോ?’

11 പ്രവചനത്തിലെ “സ്‌ത്രീ” മുൻനിഴലാക്കിയ തന്റെ സ്വർഗീയ സംഘടന, സർപ്പത്തിന്റെ തല തകർക്കുന്ന ഒരു സന്തതിയെ ഉളവാക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ കടന്നുപോയിട്ടും സാത്താനെയും അവന്റെ പ്രവൃത്തികളെയും തകർക്കാൻ പ്രാപ്‌തനായ ഒരു സന്തതിയെ ദൈവത്തിന്റെ സ്‌ത്രീ ജനിപ്പിച്ചില്ല. തത്‌ഫലമായി യെശയ്യാവിന്റെ പ്രവചനം അവളെ “മച്ചി” എന്നും ‘മനോവ്യസനത്തിൽ ഇരിക്കുന്നവൾ’ എന്നും വിളിച്ചു. (യെശയ്യാവു 54:1, 5, 6) കാലാന്തരത്തിൽ യേശു ബേത്ത്‌ലേഹെമിൽ ജനിച്ചു. എന്നാൽ അവൻ തന്റെ സ്‌നാപനവേളയിൽ ആത്മജനനം പ്രാപിച്ചുകൊണ്ട്‌ ദൈവത്തിന്റെ ആത്മപുത്രനായിത്തീർന്നപ്പോൾ മാത്രമാണ്‌ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു യഹോവ പ്രഖ്യാപിച്ചത്‌. (മത്തായി 3:17; യോഹന്നാൻ 3:3) അപ്പോഴാണ്‌ സ്‌ത്രീയുടെ “സന്തതി”യുടെ മുഖ്യഭാഗമായി അവൻ രംഗപ്രവേശം ചെയ്‌തത്‌. പിന്നീട്‌ യേശുവിന്റെ അനുഗാമികളും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട്‌ ആത്മജനനം പ്രാപിക്കുകയുണ്ടായി. അക്കാലംവരെയും “പ്രസവിക്കാത്ത”വളെപ്പോലെ കഴിഞ്ഞുകൂടിയ യഹോവയുടെ ‘സ്‌ത്രീക്ക്‌’ ഒടുവിൽ ‘ആർത്തുഘോഷിക്കാനായി.’—യെശയ്യാവു 54:1; ഗലാത്യർ 3:29.

12, 13. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിൽ ഭൂമുഖത്തുള്ള എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികളും ഉൾപ്പെടുന്നുവെന്ന്‌ ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?

12 മനുഷ്യർക്കിടയിൽനിന്ന്‌ 1,44,000 പേരെ തിരഞ്ഞെടുക്കാനുള്ള ദൈവോദ്ദേശ്യത്തോടു ബന്ധപ്പെട്ടതാണ്‌, നമുക്കു വെളിപ്പെടുത്തിയിരിക്കുന്ന ആഴമായ കാര്യങ്ങൾക്കുള്ള രണ്ടാമത്തെ ദൃഷ്ടാന്തം. (വെളിപ്പാടു 14:1, 4) തന്റെ വീട്ടുകാർക്കു തക്കസമയത്തു ഭക്ഷണം നൽകുമെന്ന്‌ യേശു പറഞ്ഞ “വിശ്വസ്‌തനും വിവേകിയുമായ അടിമ,” (NW) ഏതൊരു നിശ്ചിത സമയത്തും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്തരുടെ മുഴുകൂട്ടവുമാണെന്ന പഠിപ്പിക്കൽ നാം അംഗീകരിക്കുന്നു. (മത്തായി 24:45) ഏതു തിരുവെഴുത്തുകളാണ്‌ ഈ ഗ്രാഹ്യം കൃത്യമാണെന്നു തെളിയിക്കുന്നത്‌? തന്റെ സഹോദരന്മാരെ ആത്മീയമായി പോഷിപ്പിച്ചുകൊണ്ട്‌ അവരെ ബലപ്പെടുത്തുന്ന ഏതൊരു ക്രിസ്‌ത്യാനിയെയും യേശു പൊതുവായി പരാമർശിക്കുകയായിരുന്നില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

13 “നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു” എന്ന്‌ ദൈവം ഇസ്രായേൽ ജനതയോടു പറഞ്ഞു. (യെശയ്യാവു 43:10) എന്നാൽ തന്റെ ദാസൻ എന്ന പദവിയിൽനിന്ന്‌ ഇസ്രായേലിനെ ദൈവം തള്ളിക്കളഞ്ഞെന്ന്‌ പൊതുയുഗം 33-ലെ നീസാൻ 11-ന്‌ ആ ജനതയുടെ നേതാക്കളെ യേശു അറിയിച്ചു. “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും” എന്നായിരുന്നു അവൻ പറഞ്ഞത്‌. ആ ജനസമൂഹത്തോട്‌ “നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും” എന്നും അവൻ പറഞ്ഞു. (മത്തായി 21:43; 23:38) യഹോവയുടെ ദാസൻ അഥവാ അടിമയെന്ന നിലയിൽ ഇസ്രായേൽഗൃഹം വിശ്വസ്‌തനോ വിവേകിയോ ആയിരുന്നില്ല. (യെശയ്യാവു 29:13, 14) ആ ദിവസംതന്നെ “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ” എന്ന്‌ യേശു ചോദിച്ചു. ദൈവത്തിന്റെ വിശ്വസ്‌ത അടിമയെന്ന നിലയിൽ, വിവേകമതിയായ ഏതു ജനത ഇസ്രായേലിന്റെ സ്ഥാനത്തുവരുമെന്നാണ്‌ ഫലത്തിൽ അവൻ ചോദിച്ചത്‌. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയോടു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ അതിനുള്ള ഉത്തരം നൽകി: “നിങ്ങൾ . . . വിശുദ്ധജനതയും . . . സ്വന്തം ജനവുമാണ്‌.” (1 പത്രൊസ്‌ 1:4; 2:9, പി.ഒ.സി. ബൈബിൾ) ‘ദൈവത്തിന്റെ ഇസ്രായേലായ’ ആ ആത്മീയ ജനത യഹോവയുടെ പുതിയ അടിമയായിത്തീർന്നു. (ഗലാത്യർ 6:16) പുരാതന ഇസ്രായേലിലെ എല്ലാവരുംചേർന്ന്‌ ഒരൊറ്റ അടിമയായിരുന്നതുപോലെ, ഏതൊരു നിശ്ചിത സമയത്തും ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികളും ചേരുന്നതാണ്‌ “വിശ്വസ്‌തനും വിവേകിയുമായ [ഏക] അടിമ.” ദൈവത്തിന്റെ ആ അടിമയിലൂടെ “ഭക്ഷണം” ലഭിക്കുന്ന നമ്മൾ എത്ര അനുഗൃഹീതരാണ്‌!

ആഴങ്ങൾതേടിയുള്ള വ്യക്തിഗതപഠനം ആസ്വദിക്കുക

14. ബൈബിളിന്റെ പഠനം, അതു കേവലം വായിക്കുന്നതിനെക്കാൾ ആസ്വാദ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 തിരുവെഴുത്തുകൾ സംബന്ധിച്ച പുതുമയാർന്ന ഗ്രാഹ്യം ഇതൾവിരിയുമ്പോൾ അതു നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നുവെന്നതു നമ്മെ സന്തോഷിപ്പിക്കാറില്ലേ? അതുകൊണ്ടാണ്‌ കേവലമായ വായനയിലും കവിഞ്ഞ ബൈബിൾപഠനം അത്ര ആസ്വാദ്യമായിരിക്കുന്നത്‌. അതിനാൽ, ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ വിശദീകരണം, പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ മുമ്പു ഞാൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്‌? ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വസ്‌തുതകൾക്ക്‌ ഉപോദ്‌ബലകമായി മറ്റെന്തു തിരുവെഴുത്തുകളും ന്യായവാദങ്ങളും കണ്ടെത്താനാകും?’ കൂടുതൽ ഗവേഷണം ആവശ്യമായപക്ഷം, ഉത്തരമറിയാൻ നിങ്ങളാഗ്രഹിക്കുന്ന ചോദ്യം കുറിച്ചുവെക്കുകയും പിന്നീടുള്ള ഒരു പഠനപദ്ധതിയിൽ അത്‌ ഉൾപ്പെടുത്തുകയും ചെയ്യുക.

15. ഏതു ബൈബിൾപഠനപദ്ധതികൾ നിങ്ങൾ ആസ്വദിച്ചേക്കാം, അവ ശാശ്വത പ്രയോജനം കൈവരുത്തുന്നത്‌ എങ്ങനെ?

15 പുത്തൻ ഉൾക്കാഴ്‌ചയുടെ സന്തോഷം പ്രദാനംചെയ്യുന്ന ഏതു പഠനപദ്ധതികളാണുള്ളത്‌? മനുഷ്യവർഗത്തിന്റെ പ്രയോജനത്തിനായി ദൈവം ഏർപ്പെടുത്തിയിട്ടുള്ള വിവിധ ഉടമ്പടികളുടെ ആഴമായ വിശകലനംപോലുള്ള പഠനപദ്ധതികൾ നമ്മെ കൂടുതൽ പ്രബുദ്ധരാക്കും. യേശുക്രിസ്‌തുവിലേക്കു വിരൽചൂണ്ടുന്ന പ്രവചനങ്ങൾ പഠിച്ചുകൊണ്ടോ ബൈബിളിലെ പ്രവചന പുസ്‌തകങ്ങളിലൊന്നിന്റെ വാക്യാനുവാക്യ പരിചിന്തനം നടത്തിക്കൊണ്ടോ വിശ്വാസം ബലിഷ്‌ഠമാക്കാൻ നിങ്ങൾക്കാകും. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ സഹായത്താൽ യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രം പുനരവലോകനം ചെയ്യുന്നതിലൂടെയും നിങ്ങളുടെ വിശ്വാസം ശക്തമായിത്തീരും. * വീക്ഷാഗോപുരത്തിൽ ഇന്നോളം പ്രസിദ്ധീകരിച്ചിട്ടുള്ള വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” പുനരവലോകനം ചെയ്യുകവഴി, ചില തിരുവെഴുത്തുകളുടെ സൂക്ഷ്‌മമായ ഗ്രാഹ്യം സമ്പാദിക്കാൻ നിങ്ങൾക്കു കഴിയും. ഓരോ നിഗമനങ്ങളിലും എത്തിച്ചേരാൻ സഹായിച്ച തിരുവെഴുത്തു ന്യായവാദങ്ങൾ പ്രത്യേകം കുറിക്കൊള്ളുക. ‘ഇന്ദ്രിയങ്ങളെ’ അഭ്യസിപ്പിക്കാനും വിവേകത്തിൽ മുതിർന്നുവരാനും ഇതു നിങ്ങളെ സഹായിക്കും. (എബ്രായർ 5:14) പഠനവേളയിൽ നിങ്ങളുടെ ബൈബിളിലോ ഒരു കടലാസിലോ കുറിപ്പുകൾ രേഖപ്പെടുത്തുക. അങ്ങനെ ആ പഠനം നിങ്ങളുടെയും നിങ്ങൾക്കു സഹായിക്കാനാകുന്നവരുടെയും ശാശ്വത പ്രയോജനത്തിൽ കലാശിക്കും.

ബൈബിൾപഠനം ആസ്വദിക്കാൻ ഇളമുറക്കാരെ സഹായിക്കുക

16. ബൈബിൾപഠനം ആസ്വദിക്കാൻ ചെറുപ്രായക്കാരെ എങ്ങനെ സഹായിക്കാം?

16 മക്കളുടെ ആത്മീയ വിശപ്പു വർധിപ്പിക്കാൻ മാതാപിതാക്കൾക്ക്‌ എളുപ്പം കഴിയും. ആഴമായ കാര്യങ്ങൾ പഠിക്കുന്നതിൽ കുട്ടികൾക്കുള്ള പ്രാപ്‌തി നാം നിസ്സാരമായി കാണരുത്‌. കുടുംബ ബൈബിളധ്യയനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ചു ഗവേഷണം ചെയ്യാൻ നിയമനം നൽകുന്നപക്ഷം, അവർ പഠിച്ച കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്കു ചോദിക്കാനാകും. വിശ്വാസത്തിനുവേണ്ടി എങ്ങനെ വാദിക്കാമെന്നും തങ്ങൾ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ എങ്ങനെ തെളിയിക്കാമെന്നും പഠിക്കാൻ യുവജനങ്ങളെ സഹായിക്കുന്ന പരിശീലന സെഷനുകളും കുടുംബാധ്യയനത്തിൽ ഉൾപ്പെടുത്താനാകും. കൂടാതെ, ബൈബിൾനാടുകളെക്കുറിച്ചു പഠിപ്പിക്കാനും പ്രതിവാര ബൈബിൾവായനയിലെ വിവരങ്ങൾ നന്നായി മനസ്സിലാക്കാനും, “കാണ്മിൻ! ആ നല്ല ദേശം” എന്ന ലഘുപത്രിക ഉപയോഗിക്കാൻ കഴിയും. *

17. വ്യക്തിപരമായ ബൈബിൾപഠനപദ്ധതിയുടെ കാര്യത്തിൽ സമനില ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 കൂടുതലായ ഗവേഷണം യോഗങ്ങളിൽ അർഥവത്തായ അഭിപ്രായങ്ങൾ പറയാൻ നിങ്ങളെ സഹായിച്ചേക്കും—ഉദാഹരണത്തിന്‌, സഭാ പുസ്‌തകാധ്യയനത്തിലും ശുശ്രൂഷാസ്‌കൂളിലെ ബൈബിൾ വിശേഷാശയങ്ങളുടെ ചർച്ചയിലും നന്നായി പങ്കുപറ്റാൻ നിങ്ങൾക്കാകും. സ്വന്തമായ ബൈബിൾപഠനപദ്ധതികൾ രസകരവും വിശ്വാസവർധകവുമാണെങ്കിലും അതു സഭായോഗങ്ങൾക്കുള്ള തയ്യാറാകലിനു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെ നമ്മെ പ്രബോധിപ്പിക്കാൻ യഹോവ ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണ്‌ യോഗങ്ങൾ.

18. ‘ദൈവത്തിന്റെ ആഴങ്ങൾ’ പഠിക്കാനുള്ള പരിശ്രമം മൂല്യവത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 ദൈവവചനത്തിന്റെ ആഴമായ വ്യക്തിഗത പഠനം യഹോവയോട്‌ അടുത്തുചെല്ലാൻ നിങ്ങളെ സഹായിക്കും. അത്തരം പഠനത്തിന്റെ പ്രയോജനം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:12) അതുകൊണ്ട്‌ ആത്മീയകാര്യങ്ങൾ സംബന്ധിച്ച്‌ ആഴമായ ഗ്രാഹ്യം നേടാനുള്ള നിങ്ങളുടെ ശ്രമം നിഷ്‌ഫലമല്ല. ‘നീ [യഥാർഥ] ദൈവപരിജ്ഞാനം കണ്ടെത്തും’ എന്ന്‌ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 2:4, 5.

[അടിക്കുറിപ്പുകൾ]

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• എന്താണ്‌ ‘ദൈവത്തിന്റെ ആഴങ്ങൾ’?

• ആഴമായ കാര്യങ്ങൾ സംബന്ധിച്ച പഠനം നാം ഒരിക്കലും നിറുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

• ‘ദൈവത്തിന്റെ ആഴങ്ങൾ’ ഗ്രഹിക്കുന്നതിന്റെ സന്തോഷം എല്ലാ ക്രിസ്‌ത്യാനികൾക്കും ആസ്വദിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

• ‘ദൈവത്തിന്റെ ആഴങ്ങളിൽനിന്നു’ പൂർണ പ്രയോജനം നേടാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

എപ്പോഴാണ്‌ യേശു വാഗ്‌ദത്ത സന്തതിയായത്‌?

[31-ാം പേജിലെ ചിത്രം]

കുടുംബാധ്യയനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ചില വിഷയങ്ങൾ ഗവേഷണം ചെയ്യാനുള്ള നിയമനം മാതാപിതാക്കൾ മക്കൾക്കു നൽകുന്നു