വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ വചനം ഒരിക്കലും നിഷ്‌ഫലമാകില്ല

യഹോവയുടെ വചനം ഒരിക്കലും നിഷ്‌ഫലമാകില്ല

യഹോവയുടെ വചനം ഒരിക്കലും നിഷ്‌ഫലമാകില്ല

‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച്‌ അരുളിച്ചെയ്‌തിട്ടുള്ള സകല നന്മകളിലുംവെച്ച്‌ ഒന്നിനും വീഴ്‌ചവന്നിട്ടില്ല; സകലവും നിങ്ങൾക്കു സംഭവിച്ചു.’—യോശുവ 23:14.

1. ആരായിരുന്നു യോശുവ, ജീവാവസാനകാലത്ത്‌ അവൻ എന്തു ചെയ്‌തു?

ഊർജസ്വലനും ധൈര്യശാലിയുമായ സൈന്യാധിപനായിരുന്നു യോശുവ. ഭീതിജനകമായ ഒരു മരുഭൂമിയിൽനിന്ന്‌ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്‌ ഇസ്രായേൽ ജനതയെ വഴിനയിക്കാൻ, മോശെയുടെ സഹചാരിയായിരുന്ന അവനെ യഹോവ പ്രത്യേകം തിരഞ്ഞെടുക്കുകയായിരുന്നു. ആഴമായി ആദരിക്കപ്പെട്ടിരുന്ന അവൻ തന്റെ ജീവിത സായന്തനത്തിൽ, ഇസ്രായേല്യ മൂപ്പന്മാരെ അഭിസംബോധന ചെയ്‌ത്‌ വികാരനിർഭരമായ ഒരു പ്രസംഗം നടത്തി. ശ്രോതാക്കളുടെ വിശ്വാസത്തെ ബലപ്പെടുത്തിയ ആ പ്രസംഗത്തിനു നമ്മെയും സ്വാധീനിക്കാനാകും.

2, 3. യോശുവ ഇസ്രായേല്യ മൂപ്പന്മാരോടു സംസാരിച്ചപ്പോൾ ആ ദേശത്തെ സാഹചര്യം എന്തായിരുന്നു, യോശുവ എന്തു പറഞ്ഞു?

2 ആ പശ്ചാത്തലം വിഭാവനംചെയ്യാൻ നിങ്ങൾക്കാകുമോ? ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥതനൽകി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സുചെന്നു വൃദ്ധൻ ആയശേഷം യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.”—യോശുവ 23:1, 2.

3 ദൈവജനത്തിന്റെ ചരിത്രത്തിലെ അത്യന്തം ഉദ്വേഗജനകമായ ഒരു കാലഘട്ടത്തു ജീവിച്ചിരുന്ന യോശുവയ്‌ക്ക്‌ അപ്പോൾ ഉദ്ദേശം 110 വയസ്സുണ്ടായിരുന്നു. ദൈവത്തിന്റെ വിസ്‌മയാവഹമായ പല പ്രവർത്തനങ്ങൾക്കും അവൻ ദൃക്‌സാക്ഷിയായിരുന്നു; യഹോവയുടെ അനേകം പ്രവചനങ്ങളുടെ നിവൃത്തിയും അവൻ കണ്ടിരുന്നു. അതുകൊണ്ട്‌ സ്വന്തം അനുഭവത്തിലധിഷ്‌ഠിതമായ ഉറച്ച ബോധ്യത്തോടെ പിൻവരുംവിധം പറയാൻ അവനു കഴിഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.”—യോശുവ 23:14.

4. ഇസ്രായേല്യർക്ക്‌ യഹോവ ഏതു കാര്യങ്ങൾ സംബന്ധിച്ച്‌ ഉറപ്പുനൽകി?

4 യഹോവയുടെ ഏതു വാക്കുകളാണ്‌ യോശുവയുടെ കാലത്ത്‌ നിവൃത്തിയേറിയത്‌? യഹോവ ഇസ്രായേല്യർക്ക്‌ ഉറപ്പുനൽകിയ മൂന്നു കാര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. അവരെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന്‌ അവൻ വാഗ്‌ദാനം ചെയ്‌തു. സമാനമായ ഉറപ്പ്‌ തന്റെ ആധുനിക ജനത്തിനും യഹോവ നൽകിയിരിക്കുന്നു, സ്വന്തം ജീവകാലത്ത്‌ അവ നിവൃത്തിയേറുന്നതും നാം കണ്ടിരിക്കുന്നു. ആധുനിക കാലത്ത്‌ യഹോവ ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമുമ്പ്‌ യോശുവയുടെ നാളിലെ അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം.

യഹോവ തന്റെ ജനത്തെ മോചിപ്പിക്കുന്നു

5, 6. എങ്ങനെയാണ്‌ യഹോവ ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ചത്‌, അതെന്തു തെളിയിച്ചു?

5 ഈജിപ്‌തിലെ അടിമത്തം ഹേതുവായി ഇസ്രായേല്യർ ദൈവത്തോടു നിലവിളിച്ചപ്പോൾ അവൻ അതു ശ്രദ്ധിച്ചു. (പുറപ്പാടു 2:23-25) കത്തുന്ന മുൾപ്പടർപ്പിൽനിന്ന്‌ യഹോവ മോശെയോട്‌ ഇങ്ങനെ പറഞ്ഞു: “[എന്റെ ജനത്തെ] മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു . . . കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.” (പുറപ്പാടു 3:8) യഹോവ അപ്രകാരം പ്രവർത്തിക്കുന്നതു നേരിൽക്കാണാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അതെത്ര പുളകപ്രദമായിരുന്നേനെ! ഈജിപ്‌ത്‌ വിട്ടുപോകാൻ ഫറവോൻ ഇസ്രായേല്യരെ അനുവദിക്കാതിരുന്നപ്പോൾ, ദൈവം നൈൽനദിയിലെ വെള്ളം രക്തമാക്കിമാറ്റുമെന്ന്‌ മോശെ അവനെ അറിയിച്ചു. യഹോവയുടെ വാക്കുകൾ വ്യർഥമായില്ല. നൈൽനദിയിലെ വെള്ളം രക്തമായിത്തീർന്നു. അതിലെ മത്സ്യങ്ങൾ ചത്തൊടുങ്ങി. (പുറപ്പാടു 7:14-21) പക്ഷേ ഫറവോന്റെ നിലപാടിനു മാറ്റംവന്നില്ല. മുൻകൂട്ടി അറിയിച്ചുകൊണ്ട്‌ യഹോവ ഒമ്പതു ബാധകൾകൂടി വരുത്തി. (പുറപ്പാടു, അധ്യായം 8-12) പത്താമത്തെ ബാധ ഈജിപ്‌തിലെ ആദ്യജാതന്മാരുടെ മരണത്തിനിടയാക്കിയപ്പോൾ ഫറവോൻ ഇസ്രായേല്യരെ പോകാൻ അനുവദിച്ചു. അങ്ങനെ അവർ പുറപ്പെട്ടു.—പുറപ്പാടു 12:29-32.

6 ഇസ്രായേല്യരെ ഒരു വിശിഷ്ട ജനതയെന്ന നിലയിൽ ദത്തെടുക്കാൻ ആ വിടുതൽ യഹോവയ്‌ക്ക്‌ അവസരം നൽകി. യഹോവ വാഗ്‌ദാനപാലകനാണെന്നും അവന്റെ വാക്കുകൾ ഒരിക്കലും പാഴാകില്ലെന്നും അതു തെളിയിച്ചു. യഹോവയുടെ പരമാധീശത്വത്തിനുമുന്നിൽ ജാതികളുടെ ദൈവങ്ങൾ കേവലം നോക്കുകുത്തികളാണെന്ന്‌ അതു പ്രകടമാക്കി. അവിസ്‌മരണീയമായ ആ വിടുതലിനെക്കുറിച്ചു വായിക്കുമ്പോൾ നമ്മുടെ വിശ്വാസം ബലിഷ്‌ഠമായിത്തീരുന്നു. ആ സംഭവപരമ്പരകൾക്കു സാക്ഷ്യംവഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതെന്തൊരു അനുഭവമായിരിക്കുമായിരുന്നു! “സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” യഹോവയാണെന്ന കാര്യം സ്വാനുഭവത്തിലൂടെ യോശുവ മനസ്സിലാക്കിയിരുന്നു.—സങ്കീർത്തനം 83:18.

യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു

7. ഫറവോന്റെ സൈനികാക്രമണത്തിൽനിന്ന്‌ യഹോവ ഇസ്രായേല്യരെ സംരക്ഷിച്ചത്‌ എങ്ങനെ?

7 ദിവ്യസംരക്ഷണത്തോടുള്ള ബന്ധത്തിൽ യഹോവ തന്റെ ജനത്തിനു നൽകിയ ഉറപ്പു സംബന്ധിച്ചെന്ത്‌? അവരെ ഈജിപ്‌തിൽനിന്നു വിടുവിച്ച്‌ വാഗ്‌ദത്തദേശം അവകാശമായി കൊടുക്കുമെന്ന അവന്റെ വാഗ്‌ദാനത്തിൽ പ്രസ്‌തുത ഉറപ്പും ഉൾപ്പെട്ടിരുന്നു. കലിപൂണ്ട ഫറവോൻ, നൂറുകണക്കിനു രഥങ്ങളുടെ പിൻബലമുള്ള ശക്തമായ തന്റെ സൈന്യവുമായി ഇസ്രായേല്യരെ പിന്തുടർന്ന രംഗം ഓർക്കുക. അഹങ്കാരത്തിന്റെ ആൾരൂപമായ അവന്‌ എന്തൊരു ആത്മവിശ്വാസം തോന്നിയിരിക്കണം—പ്രത്യേകിച്ച്‌ ഇസ്രായേല്യർ പർവതങ്ങൾക്കും കടലിനുമിടയിൽ കുടുങ്ങിപ്പോയതായി കാണപ്പെട്ടപ്പോൾ! തന്റെ ജനത്തെ രക്ഷിക്കാൻ ദൈവം പെട്ടെന്നു കരുക്കൾ നീക്കി, രണ്ടു കൂട്ടങ്ങൾക്കുമിടയിലായി അവൻ ഒരു മേഘസ്‌തംഭം നിറുത്തി. ഈജിപ്‌തുകാർ ഇരുട്ടിൽ തപ്പിത്തടഞ്ഞപ്പോൾ ഇസ്രായേല്യർക്കു പകൽപോലെ വെളിച്ചം! ശത്രുക്കൾ ഇഴഞ്ഞുനീങ്ങവേ, മോശെ തന്റെ വടി ചെങ്കടലിനുനേരെ നീട്ടി, ഇസ്രായേല്യർക്കു രക്ഷാമാർഗം തുറന്നുകൊണ്ടും ഈജിപ്‌തുകാർക്ക്‌ കെണിയൊരുക്കിക്കൊണ്ടും കടൽവെള്ളം വഴിമാറി. ഫറവോന്റെ സുശക്തസേനയെ ഉന്മൂലനം ചെയ്‌തുകൊണ്ട്‌ യഹോവ തന്റെ ജനത്തെ രക്ഷിച്ചു.—പുറപ്പാടു 14:19-28.

8. (എ) മരുഭൂമിയിൽ ഇസ്രായേല്യർക്ക്‌ എന്തു സംരക്ഷണം ലഭിച്ചു? (ബി) വാഗ്‌ദത്തദേശം കയ്യടക്കുന്നതിനുമുമ്പ്‌ യഹോവ അവരെ എങ്ങനെ സംരക്ഷിച്ചു?

8 ചെങ്കടൽ കടന്നശേഷം, “ഉഗ്രസർപ്പങ്ങളും തേളുകളും വെള്ളമില്ലാത്ത വരണ്ട നിലവും ഉള്ള ഭീകരമായ മഹാമരുഭൂമിയിലൂടെ” ഇസ്രായേല്യർ അലഞ്ഞുനടന്നപ്പോഴും യഹോവ അവരെ സംരക്ഷിച്ചു. (ആവർത്തനപുസ്‌തകം 8:15, ഓശാന ബൈബിൾ) ഇനി, ശക്തമായ കനാന്യസൈന്യങ്ങളെ കീഴ്‌പെടുത്തിക്കൊണ്ട്‌ വാഗ്‌ദത്തദേശം കൈവശമാക്കാൻ അവർക്കെങ്ങനെ കഴിയുമായിരുന്നു? യഹോവ യോശുവയോട്‌ ഇങ്ങനെ പറഞ്ഞു: “നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ. നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‌ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.” (യോശുവ 1:2, 5) യഹോവയുടെ ആ വാക്കുകൾ നിഷ്‌ഫലമായില്ല. ആറുവർഷത്തിനുള്ളിൽ 31 രാജാക്കന്മാരെ തറപറ്റിച്ചുകൊണ്ട്‌ വാഗ്‌ദത്തദേശത്തിന്റെ വിസ്‌തൃതമായ പല ഭാഗങ്ങളും യോശുവ പിടിച്ചടക്കി. (യോശുവ 12:7-24) യഹോവയുടെ സംരക്ഷണാത്മക കരങ്ങളില്ലായിരുന്നെങ്കിൽ ആ വിജയങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല.

യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നു

9, 10. യഹോവ തന്റെ ജനത്തെ മരുഭൂമിയിൽ പരിപാലിച്ചത്‌ എങ്ങനെ?

9 തന്റെ ജനത്തെ പരിപാലിക്കുമെന്ന യഹോവയുടെ വാഗ്‌ദാനം പരിചിന്തിക്കുക. ഈജിപ്‌തിൽനിന്നു പുറപ്പെട്ട്‌ അധികം താമസിയാതെ അവൻ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; . . . അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.” പറഞ്ഞതുപോലെതന്നെ ദൈവം “ആകാശത്തുനിന്നു അപ്പം” പ്രദാനംചെയ്‌തു. “യിസ്രായേൽമക്കൾ അതു കണ്ടാറെ . . . ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു.” യഹോവ വാഗ്‌ദാനം ചെയ്‌ത മന്നയായിരുന്നു അത്‌.—പുറപ്പാടു 16:4, 13-15.

10 ആഹാരവും വെള്ളവും നൽകിക്കൊണ്ട്‌ 40 വർഷത്തോളം യഹോവ ഇസ്രായേല്യരെ മരുഭൂമിയിൽ പരിപാലിച്ചു. അക്കാലമത്രയും അവരുടെ വസ്‌ത്രം ജീർണിക്കുകയോ കാൽ നീരുവെക്കുകയോ ചെയ്‌തില്ല. (ആവർത്തനപുസ്‌തകം 8:3-5) അതെല്ലാം യോശുവ സ്വന്തകണ്ണാൽ കണ്ടു. വാഗ്‌ദാനം ചെയ്‌തതുപോലെ യഹോവ തന്റെ ജനത്തെ വിടുവിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്‌തു.

വിടുതൽ—ആധുനികകാലത്ത്‌

11. ബ്രുക്ലിനിലെ ബെഥേലംഗങ്ങൾക്കുമുമ്പാകെ ചാൾസ്‌ റസ്സൽ 1914-ൽ എന്തു വെളിപ്പെടുത്തി, എന്തിനുള്ള സമയം വന്നെത്തിയിരുന്നു?

11 നമ്മുടെ കാലത്തെക്കുറിച്ച്‌ എന്തു പറയാനാകും? ബൈബിൾവിദ്യാർഥികളുടെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ, 1914 ഒക്ടോബർ 2-ാം തീയതി വെള്ളിയാഴ്‌ച രാവിലെ ബ്രുക്ലിൻ ബെഥേലിലെ ഭക്ഷണമുറിയിലേക്കു പതിവിലും ആഹ്ലാദത്തോടെ കടന്നുവന്നു. എല്ലാവരെയും അഭിവാദ്യം ചെയ്‌ത അദ്ദേഹം കസേരയിൽ ഇരിക്കുന്നതിനുമുമ്പായി ആവേശപൂർവം ഇങ്ങനെ പ്രഖ്യാപിച്ചു: “ജാതികളുടെ കാലം കഴിഞ്ഞിരിക്കുന്നു; അവരുടെ രാജാക്കന്മാരുടെ നാളുകൾ അവസാനിച്ചിരിക്കുന്നു.” അഖിലാണ്ഡ പരമാധികാരിയായ യഹോവയ്‌ക്ക്‌ തന്റെ ജനത്തിനായി വീണ്ടും പ്രവർത്തിക്കാനുള്ള സമയം വന്നെത്തിയിരുന്നു.

12. ഏതു വിടുതലാണ്‌ 1919-ൽ സാക്ഷാത്‌കരിക്കപ്പെട്ടത്‌, അതിന്റെ ഫലമെന്തായിരുന്നു?

12 വെറും അഞ്ചു വർഷം കഴിഞ്ഞപ്പോൾ, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്ന്‌ യഹോവ തന്റെ ജനത്തെ വിടുവിച്ചു. (വെളിപ്പാടു 18:2) ആവേശഭരിതമായ ആ വിടുതലിനു സാക്ഷ്യംവഹിച്ച അധികം പേരൊന്നും ഇന്നു ജീവിച്ചിരിപ്പില്ലെങ്കിലും അതിന്റെ സത്‌ഫലങ്ങൾ നമുക്കു കാണാനാകും. യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുകയും, തന്നെ ആരാധിക്കാൻ വാഞ്‌ഛിച്ചവരെ ഏകീകരിക്കുകയും ചെയ്‌തു. അതിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ യെശയ്യാപ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.”—യെശയ്യാവു 2:2.

13. യഹോവയുടെ ജനത്തിനിടയിൽ നിങ്ങൾ എന്തു വർധന നിരീക്ഷിച്ചിരിക്കുന്നു?

13 യെശയ്യാവിന്റെ വാക്കുകൾ വൃഥാവായില്ല. 1919-ൽ അഭിഷിക്തശേഷിപ്പ്‌ ആഗോളതലത്തിൽ ആരംഭിച്ച നിർഭയമായ സാക്ഷീകരണവേല, സത്യദൈവത്തിന്റെ ആരാധനയെ ഒരു അത്യുന്നത തലത്തിലേക്കുയർത്തി. 1930-കളായപ്പോൾ “വേറെ ആടുകൾ” കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി. (യോഹന്നാൻ 10:16) ആയിരങ്ങൾ പതിനായിരങ്ങളും പതിനായിരങ്ങൾ ലക്ഷങ്ങളുമായിത്തീർന്നു! ഇന്നു ദശലക്ഷങ്ങൾ സത്യാരാധനയുടെ വക്താക്കളായുണ്ട്‌! “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” എന്നാണ്‌, അപ്പൊസ്‌തലനായ യോഹന്നാനു ലഭിച്ച ഒരു ദർശനത്തിൽ അവരെ വർണിക്കുന്നത്‌. (വെളിപ്പാടു 7:9) സമാനമായ എന്തു വർധന നിങ്ങൾ നിരീക്ഷിച്ചിരിക്കുന്നു? നിങ്ങൾ സത്യം പഠിച്ചപ്പോൾ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ എത്ര പേരുണ്ടായിരുന്നു? ഇന്ന്‌ യഹോവയെ സേവിക്കുന്നവരുടെ എണ്ണം 67 ലക്ഷത്തിലധികം വരും. തന്റെ ജനത്തെ മഹാബാബിലോണിൽനിന്നു വിടുവിച്ചതിലൂടെ യഹോവ, ഇന്നു നാം കാണുന്ന വിസ്‌മയാവഹമായ ആഗോള വർധനയ്‌ക്കു വഴിതുറക്കുകയായിരുന്നു.

14. ഏതു വിടുതൽ ഇനിയും സംഭവിക്കാനിരിക്കുന്നു?

14 ഭൂമുഖത്തുള്ള സകലരുടെയും ജീവൻ ഉൾപ്പെട്ട മറ്റൊരു വിടുതൽ ഇനിയും സംഭവിക്കാനിരിക്കുന്നു. അത്യുജ്ജ്വലമായ ഒരു ശക്തിപ്രകടനത്തിലൂടെ സകല എതിരാളികളെയും തൂത്തെറിഞ്ഞുകൊണ്ട്‌ യഹോവ തന്റെ ജനത്തെ വിടുവിക്കും. അങ്ങനെ, നീതിവസിക്കുന്ന ഒരു പുതിയ ലോകം യാഥാർഥ്യമായിത്തീരും. ദുഷ്ടതയുടെ അന്ത്യവും മനുഷ്യചരിത്രത്തിലെ അത്യന്തം ശോഭായമാനമായ യുഗത്തിന്റെ പിറവിയും കാണാനാകുന്നത്‌ എന്തൊരു സന്തോഷമായിരിക്കും!—വെളിപ്പാടു 21:1-5.

ദൈവികസംരക്ഷണം നമ്മുടെ നാളിൽ

15. ആധുനികനാളിൽ യഹോവയുടെ സംരക്ഷണം ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

15 നാം കണ്ടുകഴിഞ്ഞതുപോലെ, യോശുവയുടെ നാളിൽ ഇസ്രായേല്യർക്കു യഹോവയുടെ സംരക്ഷണം ആവശ്യമായിരുന്നു. ഈ ആധുനികകാലത്ത്‌ അവന്റെ ജനത്തിന്റെ സ്ഥിതി വ്യത്യസ്‌തമാണോ? ഒരിക്കലുമല്ല! യേശു തന്റെ അനുയായികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്‌പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9) അനേകനാടുകളിൽ യഹോവയുടെ സാക്ഷികൾ വർഷങ്ങളോളം കടുത്ത എതിർപ്പും ക്രൂരമായ പീഡനവും സഹിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ യഹോവ അവരെ പിന്തുണയ്‌ക്കുകയും ചെയ്‌തു. (റോമർ 8:31) യാതൊന്നും—‘നമുക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും’—നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്കു തടസ്സം സൃഷ്ടിക്കുകയില്ലെന്ന്‌ അവന്റെ വചനം ഉറപ്പുതരുന്നു.—യെശയ്യാവു 54:17.

16. യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നുവെന്നതിന്‌ എന്തു തെളിവുകൾ നിങ്ങൾ കണ്ടിരിക്കുന്നു?

16 ലോകത്തിന്റെ വിദ്വേഷത്തിന്മധ്യേയും യഹോവയുടെ ജനം അനുദിനം വളരുകയാണ്‌. യഹോവയുടെ സാക്ഷികളെ ഇല്ലാതാക്കാനോ നിശ്ശബ്ദരാക്കാനോ ശ്രമിക്കുന്നവരിൽനിന്നു നമ്മെ സംരക്ഷിക്കാൻ യഹോവ നമ്മോടൊപ്പമുണ്ട്‌ എന്നതിന്റെ സുനിശ്ചിത തെളിവാണ്‌, 236 ദേശങ്ങളിൽ നമ്മുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന. നിങ്ങളുടെ ജീവകാലത്ത്‌ ദൈവജനത്തെ നിർദയം ഉപദ്രവിച്ച രാഷ്‌ട്രീയ-മത നേതാക്കളുടെ പേരുകൾ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയുമോ? അവർക്ക്‌ എന്തു സംഭവിച്ചിരിക്കുന്നു? അവരെല്ലാം ഇപ്പോൾ എവിടെയാണ്‌? മോശെയുടെയും യോശുവയുടെയും നാളിൽ ഫറവോനു സംഭവിച്ചതുപോലെ അവരിൽ മിക്കവരും വിസ്‌മൃതിയിൽ ആണ്ടുപോയിരിക്കുന്നു. വിശ്വസ്‌തരായി ജീവിച്ചു മരിച്ച, ദൈവത്തിന്റെ ആധുനികകാല ദാസരുടെ കാര്യമോ? യഹോവയുടെ പിഴവറ്റ സ്‌മരണയിൽ അവർ സുരക്ഷിതരാണ്‌, അതിലും സുരക്ഷിതമായ ഒരു സ്ഥലം അവർക്കില്ല. വ്യക്തമായും, സംരക്ഷണത്തിന്റെ കാര്യത്തിൽ യഹോവയുടെ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു.

യഹോവയുടെ പരിപാലനം—ഇന്ന്‌

17. ആത്മീയാഹാരം സംബന്ധിച്ച്‌ യഹോവ എന്ത്‌ ഉറപ്പു നൽകി?

17 മരുഭൂമിയിലായിരിക്കെ ഇസ്രായേല്യരെ യഹോവ പരിപാലിച്ചു; ഇന്നും അവൻ തന്റെ ജനത്തെ പരിപാലിക്കുന്നു. വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെ നാം ആത്മീയമായി പോഷിപ്പിക്കപ്പെടുന്നു. (മത്തായി 24:45) നൂറ്റാണ്ടുകളോളം രഹസ്യമായി സൂക്ഷിക്കപ്പെട്ട ആത്മീയസത്യങ്ങൾ സംബന്ധിച്ച പരിജ്ഞാനം നമുക്കിന്നു ലഭിക്കുന്നു. ദൈവദൂതൻ ദാനീയേലിനോടു പറഞ്ഞ പിൻവരുന്ന വാക്കുകൾ നിവൃത്തികണ്ടിരിക്കുന്നു: “അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്‌തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.”—ദാനീയേൽ 12:4.

18. ജ്ഞാനം ഇന്നു വർധിച്ചിരിക്കുന്നുവെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

18 നിസ്സംശയമായും, നാം ജീവിക്കുന്ന ഈ അന്ത്യകാലത്ത്‌ യഥാർഥ ജ്ഞാനം സമൃദ്ധമായി ലഭ്യമാണ്‌. പരിശുദ്ധാത്മാവ്‌ ലോകമെങ്ങുമുള്ള സത്യസ്‌നേഹികളെ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിന്റെ ഉറവിലേക്കു നയിച്ചിരിക്കുന്നു. ഭൂമിയിലെങ്ങും ബൈബിൾ ഇന്നു സുലഭമാണ്‌. അതിലടങ്ങിയിരിക്കുന്ന അമൂല്യ സത്യങ്ങൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും ലോപമില്ല. ഉദാഹരണത്തിന്‌, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പഠനസഹായിയുടെ ഉള്ളടക്കപ്പട്ടിക നോക്കുക. * “ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്‌?,” “മരിച്ചവർ എവിടെ?,” “ദൈവരാജ്യം എന്താണ്‌?,” “ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്നിവ അതിന്റെ അധ്യായങ്ങളിൽ ചിലതുമാത്രമാണ്‌. ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യൻ അത്തരം ചോദ്യങ്ങൾ പരിചിന്തിച്ചിട്ടുണ്ട്‌. ഇന്ന്‌ അതിനെല്ലാമുള്ള ഉത്തരം ലഭ്യമാണ്‌. അജ്ഞതയും ക്രൈസ്‌തവലോകത്തിന്റെ അവിശ്വസ്‌ത പഠിപ്പിക്കലുകളും നൂറ്റാണ്ടുകളോളം അധീശത്വം പുലർത്തിയെങ്കിലും, യഹോവയെ സേവിക്കാൻ വാഞ്‌ഛിക്കുന്ന സകലരെയും പരിപാലിച്ചുകൊണ്ട്‌ ദൈവവചനം ഇന്നും പ്രഭാവംചെലുത്തുന്നു.

19. നിങ്ങൾ ഏതു വാഗ്‌ദാനങ്ങളുടെ നിവൃത്തി കണ്ടിരിക്കുന്നു, തത്‌ഫലമായി നിങ്ങൾ എന്തു നിഗമനം ചെയ്‌തിരിക്കുന്നു?

19 സ്വന്തകണ്ണുകളാൽ കണ്ടിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ‘നമ്മുടെ ദൈവമായ യഹോവ നമ്മെക്കുറിച്ച്‌ അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ച്‌ ഒന്നിനും വീഴ്‌ചവന്നിട്ടില്ല, സകലവും നമുക്കു സംഭവിച്ചു’ എന്നു നമുക്കു പറയാനാകും. (യോശുവ 23:14) യഹോവ തന്റെ ദാസരെ വിടുവിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അവന്റെ ഏതെങ്കിലും പ്രവചനം നിശ്ചിത സമയത്തു നിറവേറാതിരുന്നതായി നിങ്ങൾക്ക്‌ അറിയാമോ? അത്‌ അസംഭവ്യമാണ്‌. ദൈവത്തിന്റെ വിശ്വസ്‌ത വചനത്തിൽ നാം ആശ്രയംവെക്കുന്നത്‌ തീർച്ചയായും ജ്ഞാനമാണ്‌.

20. നമുക്ക്‌ ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

20 ഭാവിയിലേക്കു നോക്കുമ്പോൾ നമുക്കെന്തു പറയാനാകും? നമ്മിൽ മിക്കവർക്കും, അവർണനീയമായ ഒരു പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനാകുമെന്ന്‌ യഹോവ വാക്കുനൽകിയിരിക്കുന്നു. ചുരുക്കം ചിലർക്കോ, ക്രിസ്‌തുവിനോടൊപ്പം ഭരണം നടത്തിക്കൊണ്ട്‌ സ്വർഗത്തിൽ ജീവിക്കാനുള്ള പ്രത്യാശയുമുണ്ട്‌. ഏതായാലും, യോശുവയെപ്പോലെ വിശ്വസ്‌തരായി നിലകൊള്ളാൻ നമുക്കു തക്ക കാരണമുണ്ട്‌. നമ്മുടെ പ്രത്യാശ സാക്ഷാത്‌കരിക്കപ്പെടുന്ന ആ നാൾ വന്നെത്തുമ്പോൾ, യഹോവയുടെ സകല വാഗ്‌ദാനങ്ങളിലേക്കും തിരിഞ്ഞുനോക്കിക്കൊണ്ട്‌ അവയെല്ലാം നിവൃത്തിയേറി എന്നു നമുക്കു പറയാനാകും.

[അടിക്കുറിപ്പ്‌]

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• യോശുവ യഹോവയുടെ ഏതു വാഗ്‌ദാനങ്ങളുടെ നിവൃത്തി കണ്ടു?

• ഏതു ദിവ്യവാഗ്‌ദാനങ്ങളുടെ നിവൃത്തി നിങ്ങൾ കണ്ടിരിക്കുന്നു?

• ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ കാര്യത്തിൽ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

തന്റെ ജനത്തെ വിടുവിക്കാൻ യഹോവ ‘ഇറങ്ങിവന്നു’

[23-ാം പേജിലെ ചിത്രം]

ചെങ്കടലിൽ യഹോവ തന്റെ ജനത്തെ സംരക്ഷിച്ചത്‌ എങ്ങനെ?

[24-ാം പേജിലെ ചിത്രം]

മരുഭൂമിയിലായിരിക്കെ തന്റെ ജനത്തെ യഹോവ പരിപാലിച്ചത്‌ എങ്ങനെ?

[25-ാം പേജിലെ ചിത്രങ്ങൾ]

ഇന്ന്‌ യഹോവ തന്റെ ജനത്തെ പുലർത്തുന്നു