വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളത്‌”

“വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളത്‌”

“വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളത്‌”

പൊതുയുഗത്തിനുമുമ്പ്‌ ആറാം നൂറ്റാണ്ടിൽ പേർഷ്യൻ രാജാവായ കോരെശ്‌ (സൈറസ്‌) ബാബിലോണിലെ അടിമത്തത്തിൽനിന്ന്‌ ദൈവജനത്തെ മോചിപ്പിച്ചു. അവരിൽ ആയിരക്കണക്കിനു പേർ നശിച്ചുകിടന്ന യഹോവയുടെ ആലയം പുനർനിർമിക്കാനായി യെരൂശലേമിലേക്കു തിരികെപ്പോയി. അവരുടെ സാമ്പത്തികനില വളരെ പരിതാപകരമായിരുന്നെന്നു മാത്രമല്ല അയൽദേശക്കാർ അവരുടെ നിർമാണവേലയെ എതിർക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ഈ വലിയ സംരംഭം എന്നെങ്കിലും പൂർത്തീകരിക്കാനാകുമോ എന്ന്‌ അവരിൽ ചിലർ ചിന്തിച്ചുപോയി.

യഹോവ തങ്ങളോടൊപ്പമുണ്ടെന്ന്‌ അവർക്ക്‌ ഉറപ്പു ലഭിച്ചു, ഹഗ്ഗായി പ്രവാചകനിലൂടെ. “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്‌തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും” എന്ന്‌ ദൈവം പറഞ്ഞു. പണം എവിടെനിന്നുണ്ടാകും എന്ന്‌ അവർ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ ഹഗ്ഗായി ഈ സന്ദേശം അറിയിക്കുന്നത്‌: “വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്‌.” (ഹഗ്ഗായി 2:7-9) ഹഗ്ഗായി ഉദ്വേഗജനകമായ ഈ പ്രസ്‌താവന നടത്തി അഞ്ചു വർഷത്തിനുള്ളിൽ മഹത്തായ ആ നിർമാണ പദ്ധതി വിജയംകണ്ടു.—എസ്രാ 6:13-15.

സത്യാരാധനയുമായി ബന്ധപ്പെട്ട വലിയ സംരംഭങ്ങൾ ഏറ്റെടുത്ത ആധുനിക നാളിലും ഹഗ്ഗായിയുടെ വാക്കുകൾ ദൈവദാസന്മാർക്കു പ്രോത്സാഹനം പകർന്നിട്ടുണ്ട്‌. സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിധ്യ ഘോഷകനും എന്ന്‌ പണ്ട്‌ അറിയപ്പെട്ടിരുന്ന ഈ മാസിക വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം 1879-ൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ, അത്‌ പിൻവരുംവിധം പ്രസ്‌താവിച്ചു: “‘സീയോന്റെ വീക്ഷാഗോപുര’ത്തിന്‌ യഹോവ അതിന്റെ പിന്തുണക്കാരനായുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു, വാസ്‌തവം ഇതാകയാൽ സഹായത്തിനുവേണ്ടി അത്‌ ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല. ‘പർവതങ്ങളിലെ സ്വർണവും വെള്ളിയും എല്ലാം എന്റേതാകുന്നു’ എന്നു പറയുന്നവൻ ആവശ്യത്തിനുള്ള പണം നൽകുന്നില്ലെങ്കിൽ പ്രസിദ്ധീകരണം നിറുത്താനുള്ള സമയമായി എന്നു ഞങ്ങൾ മനസ്സിലാക്കും.”

അച്ചടി ഇതുവരെ നിറുത്തേണ്ടിവന്നിട്ടില്ല. ആദ്യലക്കത്തിന്‌ ഇംഗ്ലീഷിൽമാത്രം 6,000 പ്രതികളുണ്ടായിരുന്നു. ഇപ്പോൾ ഓരോ ലക്കത്തിന്റെയും ശരാശരി 2,85,78,000 പ്രതികളാണ്‌ പുറത്തിറങ്ങുന്നത്‌, അതും 161 ഭാഷകളിൽ. * വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായ ഉണരുക! 81 ഭാഷകളിലായി ശരാശരി 3,42,67,000 പ്രതികൾ അച്ചടിക്കുന്നുണ്ട്‌.

യഹോവയെ അഖിലാണ്ഡ പരമാധികാരി എന്നനിലയിൽ വാഴ്‌ത്തുകയും അവിടുത്തെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ്‌ വീക്ഷാഗോപുരത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യമുള്ള പല സംരംഭങ്ങളും യഹോവയുടെ സാക്ഷികൾ ഏറ്റെടുക്കാറുണ്ട്‌. (മത്തായി 24:14; വെളിപ്പാടു 4:11) 1879-ൽ ഈ പത്രിക പ്രസ്‌താവിച്ച അതേ ബോധ്യമാണ്‌ ഇന്നും യഹോവയുടെ സാക്ഷികൾക്കുള്ളത്‌. ദൈവം തങ്ങളുടെ വേലയെ പിന്തുണയ്‌ക്കുമെന്നും ദൈവത്തിന്റെ അനുഗ്രഹമുള്ള കാര്യങ്ങൾക്ക്‌ സാമ്പത്തികം ലഭ്യമാകുമെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കുള്ള പണം എങ്ങനെയാണ്‌ ലഭിക്കുന്നത്‌? ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കാനായി അവർ ഏറ്റെടുക്കുന്ന സംരംഭങ്ങൾ എന്തെല്ലാമാണ്‌?

വേലയ്‌ക്ക്‌ പണം ലഭിക്കുന്നതെങ്ങനെ?

“നിങ്ങൾക്ക്‌ ശമ്പളം കിട്ടുന്നുണ്ടോ?” പ്രസംഗവേലയിൽ ആയിരിക്കെ യഹോവയുടെ സാക്ഷികൾ സാധാരണ കേൾക്കാറുള്ള ഒരു ചോദ്യമാണത്‌. “ഇല്ല” എന്നാണ്‌ ഉത്തരം. ചെലവഴിക്കുന്ന സമയത്തിന്‌ അവർ പണം കൈപ്പറ്റുന്നില്ല. യഹോവയെയും മെച്ചപ്പെട്ട ഭാവി സംബന്ധിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനത്തെയും കുറിച്ച്‌ സംസാരിക്കാൻ ഈ സുവിശേഷകർ ധാരാളം സമയം ചെലവിടുന്നു. നന്ദി നിറഞ്ഞു തുളുമ്പുന്ന ഹൃദയമാണ്‌ ഇതു ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്‌. ദൈവം തങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളും സുവാർത്ത തങ്ങളുടെ ജീവിതത്തിലും മനോഭാവത്തിലും ഉളവാക്കിയിരിക്കുന്ന ഫലവും അവർ വിലമതിക്കുന്നു. അതുകൊണ്ട്‌ ഈ നല്ല കാര്യങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയാൻ അവർ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, യേശു പ്രസ്‌താവിച്ച “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്ന തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണ്‌ അവർ. (മത്തായി 10:8) യഹോവയ്‌ക്കും യേശുവിനും സാക്ഷ്യം വഹിക്കാനുള്ള ആഗ്രഹമാണ്‌ സ്വന്തം ചെലവിൽ വിദൂരത്തുള്ളവരുമായിപ്പോലും തങ്ങളുടെ വിശ്വാസം പങ്കുവെക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌.—യെശയ്യാവു 43:10; പ്രവൃത്തികൾ 1:8.

പ്രസംഗവേലയുടെ വ്യാപ്‌തിയും അച്ചടിശാലകൾ, ഓഫീസുകൾ, സമ്മേളന ഹാളുകൾ, മിഷനറി ഭവനങ്ങൾ തുടങ്ങി അതു നിർവഹിക്കാൻ അവലംബിക്കുന്ന മാർഗങ്ങളും കണക്കിലെടുക്കുമ്പോൾ അതിനു വലിയ സാമ്പത്തിക ചെലവ്‌ വേണ്ടിവരുമെന്നതു വ്യക്തം. . പക്ഷേ ആവശ്യമായ പണം എവിടെനിന്നു ലഭിക്കും? സ്വമേധയാ സംഭാവനകളിലൂടെ. സംഘടനാപരമായ പ്രവർത്തനങ്ങളുടെ ഉന്നമനാർഥം പണം നൽകാൻ യഹോവയുടെ സാക്ഷികൾ സഭാംഗങ്ങളോട്‌ ആവശ്യപ്പെടുകയോ തങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്ക്‌ വില ഈടാക്കുകയോ ചെയ്യുന്നില്ല. ഈ വിദ്യാഭ്യാസ വേലയ്‌ക്കായി സംഭാവന നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നപക്ഷം യഹോവയുടെ സാക്ഷികൾ അതു സന്തോഷത്തോടെ സ്വീകരിക്കും. ലോകവ്യാപകമായി സുവാർത്ത എത്തിക്കാനുള്ള ശ്രമത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച്‌ നമുക്കു നോക്കാം. പരിഭാഷയാണത്‌.

പ്രസിദ്ധീകരണങ്ങൾ 437 ഭാഷകളിൽ

ഏറ്റവുമധികം പരിഭാഷ ചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ സ്ഥാനംപിടിച്ചിട്ട്‌ ദശാബ്ദങ്ങളായി. ലഘുലേഖകളും ലഘുപത്രികകളും മാസികകളും പുസ്‌തകങ്ങളും 437 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സുവാർത്ത പ്രസംഗിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ്‌ പ്രവർത്തനങ്ങളുടെ കാര്യത്തിലെന്നപോലെ പരിഭാഷയ്‌ക്കും വളരെയേറെ സമയവും ശ്രമവും പണവും ആവശ്യമാണ്‌. എന്താണ്‌ പരിഭാഷയിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർ ഒരു ഇംഗ്ലീഷ്‌ ലേഖനത്തിന്റെ ഉള്ളടക്കം നിർണയിച്ചുകഴിഞ്ഞാൽ, ലോകമെമ്പാടുമുള്ള അനുഭവസമ്പന്നരായ പരിഭാഷകരുടെ ടീമുകൾക്ക്‌ അത്‌ കമ്പ്യൂട്ടർ മുഖേന അയച്ചുകൊടുക്കുന്നു. ഓരോ ഭാഷയുടെയും ഉത്തരവാദിത്വം അതാതു ടീമുകൾക്കാണ്‌. ചെയ്‌തുകൊണ്ടിരിക്കുന്ന ജോലിയുടെയും ലക്ഷ്യഭാഷയുടെ സങ്കീർണതയുടെയും അടിസ്ഥാനത്തിൽ 5 മുതൽ 25 വരെ അംഗങ്ങളുണ്ടാകും ഓരോ ടീമിലും.

പരിഭാഷ ചെയ്‌ത വിവരങ്ങൾ പരിശോധിക്കുകയും പ്രൂഫ്‌വായന നടത്തുകയും ചെയ്യുന്നു. സ്രോതഭാഷയിലെ ആശയം കഴിയുന്നത്ര കൃത്യതയോടും വ്യക്തതയോടുംകൂടെ പകർത്തുകയാണ്‌ ലക്ഷ്യം. വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യമാണിത്‌. പ്രത്യേകതരം പദങ്ങൾ ഉപയോഗിക്കുന്ന ഒരു ലേഖനമാണ്‌ പരിഭാഷപ്പെടുത്തേണ്ടതെങ്കിൽ കൃത്യത ഉറപ്പുവരുത്താനായി പരിഭാഷകരും പ്രൂഫ്‌ വായനക്കാരും സ്രോതഭാഷയിലും (ഇംഗ്ലീഷോ ആ സ്ഥാനത്തുവരുന്ന ഫ്രഞ്ച്‌, റഷ്യൻ, സ്‌പാനീഷ്‌ എന്നിവപോലുള്ള ഏതെങ്കിലുമോ) ലക്ഷ്യഭാഷയിലും വളരെയേറെ ഗവേഷണം ചെയ്യേണ്ടിവന്നേക്കാം. ഉദാഹരണത്തിന്‌, ഉണരുക!യിലെ ഒരു ലേഖനം സാങ്കേതികമോ ചരിത്രപരമോ ആയ വിഷയമാണ്‌ കൈകാര്യം ചെയ്യുന്നതെങ്കിൽ നല്ല ഗവേഷണം ആവശ്യമായിവരും.

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകളിൽ മുഴുസമയമോ അല്ലാതെയോ നിരവധി പരിഭാഷകർ ജോലിചെയ്യുന്നുണ്ട്‌. മറ്റുചിലർ ലക്ഷ്യഭാഷ സംസാരിക്കുന്ന സ്ഥലത്തും. ഈ വേലയ്‌ക്ക്‌ ശമ്പളമില്ല. മുഴുസമയ പരിഭാഷകർക്ക്‌ താമസസൗകര്യവും ഭക്ഷണവും വ്യക്തിപരമായ ചെലവുകൾക്കായി ചെറിയൊരു തുകയുമാണു നൽകുന്നത്‌. ലോകവ്യാപകമായി ഏകദേശം 2,800 പരിഭാഷകരുണ്ട്‌. ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ 98 ബ്രാഞ്ചോഫീസുകൾ പരിഭാഷാ സംഘങ്ങളെ പാർപ്പിക്കുകയോ മറ്റുസ്ഥലങ്ങളിലുള്ള സംഘങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുകയോ ചെയ്യുന്നു. അതിനൊരു ഉദാഹരണമാണ്‌ റഷ്യ. അവിടത്തെ ബ്രാഞ്ച്‌ 230-ലധികം വരുന്ന മുഴുസമയ, പാർട്ട്‌-ടൈം പരിഭാഷകർക്ക്‌ മേൽനോട്ടംവഹിക്കുന്നു. 30-ലധികം ഭാഷകളിലേക്കാണ്‌ ഇവിടെ പരിഭാഷ നടക്കുന്നത്‌. അത്ര അറിയപ്പെടാത്ത ചൂവാഷ്‌, ഒസിഷ്യൻ, വിഗൂർ എന്നീ ഭാഷകളും അക്കൂട്ടത്തിലുണ്ട്‌.

പരിഭാഷയുടെ മാറ്റ്‌ വർധിക്കുന്നു

മറ്റൊരു ഭാഷ പഠിക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക്‌ അറിയാവുന്നതുപോലെ, സങ്കീർണമായ ആശയങ്ങൾ കൃത്യമായി പരിഭാഷപ്പെടുത്തുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. ലേഖകൻ ലക്ഷ്യഭാഷയിൽ എഴുതിയാലെന്നപോലെ, സ്രോതഭാഷയിലെ ആശയങ്ങൾ തനിമയോടെ, തെറ്റില്ലാതെ മൊഴിമാറ്റം നടത്തുക എന്നതാണു ലക്ഷ്യം. ഇതൊരു കലയാണ്‌. പുതിയൊരാൾ ഈ മേഖലയിൽ പ്രാവീണ്യം നേടാൻ വർഷങ്ങളെടുക്കും. അങ്ങനെയുള്ളവരെ പരിശീലിപ്പിക്കാനുള്ള ക്രമീകരണങ്ങളുണ്ട്‌. പരിഭാഷാ വൈദഗ്‌ധ്യം മെച്ചപ്പെടുത്തുന്നതിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന കാര്യത്തിലും സഹായിക്കാനായി അനുഭവപരിചയമുള്ള സഹോദരന്മാർ ടീമുകളെ ഇടയ്‌ക്കിടെ സന്ദർശിച്ചുകൊണ്ടിരിക്കും.

ഈ പരിശീലന പരിപാടിക്ക്‌ നല്ല ഫലമുണ്ട്‌. യഹോവയുടെ സാക്ഷികളുടെ നിക്കരാഗ്വ ബ്രാഞ്ചിന്റെ റിപ്പോർട്ട്‌ ശ്രദ്ധിക്കുക: “ഇതാദ്യമായാണ്‌ പരിഭാഷയുടെ വിവിധ ഘട്ടങ്ങളും പ്രായോഗിക രീതികളും സംബന്ധിച്ച്‌ ഞങ്ങളുടെ മിസ്‌ക്കിറ്റോ പരിഭാഷകർക്ക്‌ പരിശീലനം ലഭിക്കുന്നത്‌. മെക്‌സിക്കോ ബ്രാഞ്ചിലെ ഒരു സഹോദരനായിരുന്നു അധ്യാപകൻ. പരിഭാഷകരുടെ പ്രവർത്തനവിധത്തെ ഇത്‌ അടിമുടി മാറ്റിയിരിക്കുകയാണ്‌. പരിഭാഷയുടെ ഗുണമേന്മയും ഏറെ വർധിച്ചിട്ടുണ്ട്‌.”

ഹൃദയസ്‌പർശിയായ പദങ്ങൾ

ആളുകളുടെ ഉള്ളിൽത്തട്ടുന്ന രീതിയിൽ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കുകയാണ്‌ ഈ ഉദ്യമത്തിന്റെ ലക്ഷ്യം. അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതും. 2006-ൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ബൾഗേറിയൻ ഭാഷയിൽ പ്രകാശനം ചെയ്‌തത്‌ ബൾഗേറിയയിലുള്ള യഹോവയുടെ സാക്ഷികളെ ആഹ്ലാദഭരിതരാക്കി. വിലമതിപ്പ്‌ അറിയിച്ചുകൊണ്ടുള്ള നിരവധി കത്തുകൾ ലഭിക്കുന്നുണ്ടെന്ന്‌ ബൾഗേറിയ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു. “ബൈബിൾ ഇപ്പോൾ തങ്ങളുടെ മനസ്സിനെ മാത്രമല്ല ഹൃദയത്തെയും സ്‌പർശിക്കുന്നു,” സഭയിലുള്ളവർ പറയുന്നു. സോഫിയ എന്ന നഗരത്തിൽനിന്നുള്ള പ്രായമായ ഒരാളുടെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. പക്ഷേ മനസ്സിലാക്കാൻ എളുപ്പമുള്ള, ഹൃദയത്തിലേക്കു കടന്നുചെല്ലുന്ന ഇത്തരമൊരു പരിഭാഷ മുമ്പു വായിച്ചിട്ടേയില്ല.” അൽബേനിയയിലെ കാര്യമെടുക്കുക. പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പ്‌ അൽബേനിയൻ ഭാഷയിൽ ലഭിച്ച ഒരു സ്‌ത്രീ പറയുന്നു: “അൽബേനിയൻ ഭാഷയിൽ ദൈവവചനം എത്ര മനോഹരമാണ്‌! ഞങ്ങളുടെ മാതൃഭാഷയിൽ യഹോവ സംസാരിച്ചുകേൾക്കുന്നത്‌ എത്ര വലിയൊരു പദവിയാണ്‌!”

മുഴുബൈബിളും പരിഭാഷ ചെയ്യാൻ വർഷങ്ങൾ വേണ്ടിവരും. എങ്കിലും ദൈവവചനം അത്‌ ആയിരിക്കുന്നതുപോലെ ഗ്രഹിക്കാൻ ദശലക്ഷങ്ങൾക്ക്‌ അതിലൂടെ സാധിക്കുന്നതു കാണുമ്പോൾ, ആ ശ്രമം മൂല്യവത്താണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

“ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ”

സുവാർത്ത ഫലകരമായി പ്രസംഗിക്കാൻ അനിവാര്യമായ ഒരു മാർഗം മാത്രമാണ്‌ പരിഭാഷ. ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ എഴുതിത്തയ്യാറാക്കി, അച്ചടിച്ച്‌ കയറ്റി അയയ്‌ക്കുന്നതിനും യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ, സർക്കിട്ടുകൾ, സഭകൾ എന്നിവയുടെ മറ്റനേകം അനുബന്ധ പ്രവർത്തനങ്ങൾക്കും ഗണ്യമായ അളവിൽ ശ്രമവും പണവും ആവശ്യമാണ്‌. എങ്കിലും ഈ വേലചെയ്യാൻ ദൈവജനം “സ്വമേധാദാന”മെന്നനിലയിൽ മുന്നോട്ടുവരുന്നു. (സങ്കീർത്തനം 110:3) തങ്ങൾക്കാകുംപോലെ സഹായിക്കാനും അങ്ങനെ യഹോവയുടെ ‘കൂട്ടുവേലക്കാരാകാനും’ സാധിക്കുന്നതിനെ അവർ ഒരു ബഹുമതിയായി കരുതുന്നു.—1 കൊരിന്ത്യർ 3:5-9.

“വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളത്‌” എന്നു പറയുന്ന ദൈവം തന്റെ വേല നിർവഹിക്കുന്നതിന്‌ നമ്മുടെ സാമ്പത്തിക പിന്തുണയിൽ ആശ്രയിക്കുന്നില്ല എന്നതു ശരിതന്നെ. എങ്കിലും, ‘സകലജാതികളോടും’ ജീവദായക സത്യം ഘോഷിക്കുന്ന വേലയ്‌ക്ക്‌ പണപരമായ സംഭാവന നൽകാനും അങ്ങനെ തന്റെ നാമത്തെ വിശുദ്ധീകരിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാനും ഉള്ള പദവി നൽകിക്കൊണ്ട്‌ യഹോവ തന്റെ ദാസന്മാർക്ക്‌ മാന്യത കൽപ്പിച്ചിരിക്കുന്നു. (മത്തായി 24:14; 28:19, 20) ഇനിയൊരിക്കലും ആവർത്തിക്കുകയില്ലാത്ത ഈ വേലയെ പരമാവധി പിന്തുണയ്‌ക്കാൻ നിങ്ങൾ പ്രചോദിതനാകുന്നില്ലേ?

[അടിക്കുറിപ്പ്‌]

^ ഖ. 5 ഭാഷകളുടെ ഒരു ലിസ്റ്റ്‌ ഈ മാസികയുടെ 2-ാം പേജിൽ കാണാനാകും.

[18-ാം പേജിലെ ചതുരം]

“ഗൗരവമായി ചിന്തിക്കാൻ അവ ഞങ്ങളെ സഹായിക്കുന്നു”

യഹോവയുടെ സാക്ഷികളുടെ കാമറൂൺ ബ്രാഞ്ചിന്‌ ഒരു പതിന്നാലുകാരി ഇങ്ങനെ എഴുതി: “ഈ വർഷം സ്‌കൂളിൽ പോകാൻ ആവശ്യമായ സാധനങ്ങളൊക്കെ വാങ്ങിയതിനുശേഷം, കഴിഞ്ഞ വർഷത്തെ രണ്ടു പാഠപുസ്‌തകങ്ങൾ ഞാൻ വിറ്റു. 2,500 ഫ്രാങ്ക്‌ [ഏകദേശം 220 രൂപ] കിട്ടി. ഈ തുകയും എന്റെ സമ്പാദ്യത്തിൽനിന്ന്‌ വേറെ 910 ഫ്രാങ്കും [ഏകദേശം 55 രൂപ] ഞാൻ സംഭാവനയായി നൽകുകയാണ്‌. ഈ നല്ല വേല തുടർന്നും ചെയ്യുക. വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കു നന്ദി. ഗൗരവമായി ചിന്തിക്കാൻ അവ ഞങ്ങളെ സഹായിക്കുന്നു.”

[18-ാം പേജിലെ ചതുരം/ചിത്രം]

വേറിട്ട ഒരു സംഭാവന

യഹോവയുടെ സാക്ഷികളുടെ മെക്‌സിക്കോ ബ്രാഞ്ചിന്‌ ചിയാപാസ്‌ സ്റ്റേറ്റിലുള്ള ആറു വയസ്സുകാരനായ മാനുവലിൽനിന്നു വിലമതിപ്പു തുളുമ്പുന്ന ഒരു കത്തു ലഭിച്ചു. എഴുതാൻ അറിയാത്തതിനാൽ ഒരു കൂട്ടുകാരനാണ്‌ അവനുവേണ്ടി എഴുതിയത്‌. മാനുവൽ പറയുന്നു: “എന്റെ വല്യമ്മ എനിക്ക്‌ ഒരു പെൺപന്നിയെ തന്നു. അതിന്‌ കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അതിൽനിന്ന്‌ ഏറ്റവും നല്ലതിനെ എടുത്ത്‌ സഭയിലെ സഹോദരങ്ങളുടെ സഹായത്താൽ വളർത്തിവലുതാക്കി. അതിനെ വിറ്റുകിട്ടിയ പണം ഞാൻ സ്‌നേഹത്തോടെ സംഭാവനയായി നൽകുകയാണ്‌. 100 കിലോ ഉണ്ടായിരുന്ന ആ പന്നിക്ക്‌ 1,250 പെസോസ്‌ [ഏകദേശം 4,480 രൂപ] കിട്ടി. ഈ പണം യഹോവയ്‌ക്കുവേണ്ടി ഉപയോഗിക്കുമല്ലോ.”

[19-ാം പേജിലെ ചതുരം]

‘ഇത്‌ ബൈബിൾ പരിഭാഷയ്‌ക്ക്‌ ഉപയോഗിക്കുക’

യൂക്രെയിനിൽവെച്ച്‌ 2005-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം യൂക്രേനിയൻ ഭാഷയിൽ പ്രകാശനം ചെയ്യപ്പെട്ടു. പിറ്റേന്ന്‌ കൺവെൻഷൻ സ്ഥലത്തെ സംഭാവനപ്പെട്ടിയിൽനിന്ന്‌ ഒരു കുറിപ്പ്‌ ലഭിച്ചു. അത്‌ ഇപ്രകാരമായിരുന്നു: “എനിക്ക്‌ ഒമ്പതു വയസ്സുണ്ട്‌. ഗ്രീക്കു തിരുവെഴുത്തുകൾക്ക്‌ വളരെ നന്ദി. എനിക്കും അനുജനും ബസ്സിൽ സ്‌കൂളിൽ പോകാനായി അമ്മ തന്നതാണ്‌ ഈ പണം. പക്ഷേ, മഴയില്ലാതിരുന്ന ദിവസങ്ങളിൽ നടന്നാണ്‌ ഞങ്ങൾ സ്‌കൂളിൽ പോയത്‌. അങ്ങനെ സമ്പാദിച്ചതാണ്‌ ഈ 50 ഹ്രിവ്‌ന്ന [ഏകദേശം 380 രൂപ]. മുഴുബൈബിളും യൂക്രേനിയനിലേക്കു പരിഭാഷപ്പെടുത്താൻ നിങ്ങൾ ഈ പണം ഉപയോഗിക്കണമെന്നാണ്‌ എന്റെയും അനുജന്റെയും ആഗ്രഹം.”

[20, 21 പേജുകളിലെ ചതുരം]

ചിലർ സംഭാവന നൽകുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. വ്യക്തിപരമായും സ്വമേധയാ സംഭാവനകൾ അയയ്‌ക്കാവുന്നതാണ്‌. ബ്രാഞ്ചോഫീസുകളുടെ മേൽവിലാസം ഈ മാസികയുടെ 2-ാം പേജിലുണ്ട്‌. ചെക്കുകൾ “Watch Tower”-ന്റെ (രണ്ട്‌ വാക്കുകളായി) പേരിലായിരിക്കണം. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം *

വാച്ച്‌ ടവറിന്‌ പ്രയോജനപ്പെടുന്ന വിധത്തിൽ പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം അതു തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ *

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ വാച്ച്‌ടവറിനെ ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയുടെ ട്രസ്റ്റിയാക്കാവുന്നതാണ്‌. ചില രാജ്യങ്ങളിൽ വ്യക്തിയുടെ മരണശേഷം അവ വാച്ച്‌ടവറിനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനുമുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ടവർ കോർപ്പറേഷനു നൽകുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ ആദായ നികുതിയിൽ ഇളവു ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ വാച്ച്‌ടവർ സൊസൈറ്റിക്ക്‌ അവകാശമായി നൽകാവുന്നതാണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ നികുതിയിളവുകൾ ലഭിച്ചേക്കാം; എന്നാൽ ഇന്ത്യയിൽ അതു ലഭ്യമല്ല.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവേ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്‌. * ഇപ്പോൾത്തന്നെ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേന ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.

Jehovah’s Witnesses,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പുകൾ]

^ ഖ. 40 ഇന്ത്യയിൽ ബാധകമല്ല

^ ഖ. 42 കുറിപ്പ്‌: നികുതിനിയമങ്ങൾ രാജ്യംതോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതിനിയമവും നികുതി ആസൂത്രണവും സംബന്ധിച്ച്‌ നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക. അന്തിമ തീരുമാനത്തിനുമുമ്പ്‌ ദയവായി ബ്രാഞ്ചോഫീസുമായും ബന്ധപ്പെടുക.

^ ഖ. 50 ഇന്ത്യയിൽ ഇതു ലഭ്യമല്ല

[19-ാം പേജിലെ ചിത്രങ്ങൾ]

മിസ്‌ക്കിറ്റോ പരിഭാഷകർ, നിക്കരാഗ്വ ബ്രാഞ്ച്‌