വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്പൂർണ ആശ്രയം യഹോവയിൽ അർപ്പിക്കാൻ ഞാൻ പഠിച്ചു

സമ്പൂർണ ആശ്രയം യഹോവയിൽ അർപ്പിക്കാൻ ഞാൻ പഠിച്ചു

ജീവിത കഥ

സമ്പൂർണ ആശ്രയം യഹോവയിൽ അർപ്പിക്കാൻ ഞാൻ പഠിച്ചു

ഓബ്രി ബാക്‌സ്റ്റർ പറഞ്ഞപ്രകാരം

1940-ലെ ഒരു ശനിയാഴ്‌ച. അന്ന്‌ രണ്ടു പോലീസുകാരുടെ മുന്നിൽവെച്ച്‌ രണ്ടു മുട്ടാളന്മാർ എന്നെ അടിച്ചു നിലംപരിചാക്കി. വിചിത്രമെന്നു പറയട്ടെ, ആ പോലീസുകാർ എന്നെ സഹായിക്കാൻ കൂട്ടാക്കിയില്ല. പോരാഞ്ഞിട്ട്‌, എന്നെ ചീത്തവിളിച്ച അവർ ആ റൗഡികളെ പ്രകീർത്തിക്കുകയും ചെയ്‌തു. ഇത്തരമൊരു ദുരനുഭവത്തിലേക്കു നയിച്ച സംഭവപരമ്പരകൾ ആരംഭിച്ചത്‌ ഏതാണ്ട്‌ അഞ്ചുവർഷം മുമ്പ്‌ ഞാൻ ഒരു കൽക്കരിഖനിയിൽ ജോലി നോക്കുമ്പോഴായിരുന്നു. സംഭവബഹുലമായ ആ നാളുകളെക്കുറിച്ചാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്‌ വെയ്‌ൽസിലുള്ള ഒരു തീരദേശ പട്ടണമായ സ്വാൻസിയിൽ 1913-ലാണ്‌ ഞാൻ ജനിച്ചത്‌. നാല്‌ ആൺമക്കളിൽ മൂന്നാമനായിരുന്നു ഞാൻ. എനിക്ക്‌ അഞ്ചു വയസ്സുള്ളപ്പോൾ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു ജീവൻ അപഹരിച്ച മാരകമായ സ്‌പാനീഷ്‌ ഇൻഫ്‌ളുവൻസ കുടുംബത്തിൽ ഒന്നൊഴിയാതെ എല്ലാവരെയും പിടികൂടി. സന്തോഷകരമെന്നു പറയട്ടെ ഞങ്ങളെല്ലാവരും രക്ഷപ്പെട്ടു. എന്നിരുന്നാലും, 1933-ൽ 47-ാം വയസ്സിലെ മമ്മിയുടെ മരണം ഞങ്ങളെ അതീവ ദുഃഖത്തിലാഴ്‌ത്തി. ദൈവഭക്തയായ മമ്മിക്ക്‌ യഹോവയുടെ സാക്ഷികൾ വിതരണം ചെയ്‌ത ലൈറ്റ്‌ എന്ന ബൈബിൾ പഠനസഹായിയുടെ രണ്ട്‌ വാല്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു.

ആ സമയത്ത്‌ ഒരു കൽക്കരിഖനി തൊഴിലാളിയായിരുന്നു ഞാൻ. ജോലിക്കു പോകുമ്പോൾ ആ പുസ്‌തകങ്ങളും കൂടെക്കരുതുകയും തിരക്കൊഴിഞ്ഞ സമയങ്ങളിൽ ഹെൽമറ്റിൽ ഘടിപ്പിച്ചിരുന്ന കാർബൈഡ്‌ ലൈറ്റിന്റെ സഹായത്താൽ ഞാൻ അവ വായിക്കുകയും ചെയ്‌തിരുന്നു. സത്യമെന്തെന്ന്‌ ഉടൻതന്നെ എനിക്കു ബോധ്യമായി. സാക്ഷികൾ റേഡിയോവഴി സംപ്രേഷണം ചെയ്‌ത ബൈബിൾ പ്രഭാഷണങ്ങളും ഞാൻ കേൾക്കുമായിരുന്നു. ഡാഡിയും ജ്യേഷ്‌ഠാനുജന്മാരും ബൈബിൾസത്യത്തിൽ താത്‌പര്യം കാണിച്ചു തുടങ്ങിയപ്പോൾ എന്റെ സന്തോഷത്തിന്‌ അതിരില്ലാതായി.

1935-ൽ അനുജൻ ബില്ലി ന്യൂമോണിയ പിടിപെട്ട്‌ മരിച്ചപ്പോൾ ദുരന്തം വീണ്ടും ഞങ്ങളെത്തേടിയെത്തി. അവന്‌ 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇക്കുറി ഏതായാലും, പുനരുത്ഥാന പ്രത്യാശ ഞങ്ങൾക്ക്‌ ആശ്വാസമേകി. (പ്രവൃത്തികൾ 24:15) കാലാന്തരത്തിൽ ഡാഡിയും, ജ്യേഷ്‌ഠന്മാരായ വെർനറും ഹാരോൾഡും അവരുടെ ഭാര്യമാരും ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിച്ചു. വെർനറിന്റെ രണ്ടാം ഭാര്യയായ മാർജെറിയും ഹാരോൾഡിന്റെ ഭാര്യയായ എലിസബത്തും പിന്നെ ഞാനും മാത്രമാണ്‌ ഇപ്പോഴും ജീവനോടെ ശേഷിക്കുന്നത്‌. അവർ ഇരുവരും ഇന്നും യഹോവയുടെ സേവനത്തിൽ സജീവമാണ്‌.

യഹോവയിലുള്ള ആശ്രയത്തിന്റെ ആദ്യപാഠങ്ങൾ

1935-ന്റെ ഒടുവിൽ യൂക്രേനിയക്കാരിയായ ഒരു സ്‌ത്രീ ഞങ്ങളെ സന്ദർശിച്ചു. നേരിട്ട്‌ യഹോവയുടെ ഒരു സാക്ഷിയുമായി സംസാരിക്കുന്നത്‌ അന്നാദ്യമായിട്ടായിരുന്നു. തൊട്ടടുത്ത ഞായറാഴ്‌ച ആദ്യമായി ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ച ഞാൻ ഒരാഴ്‌ച കഴിഞ്ഞ്‌ വയൽസേവനത്തിലും പങ്കുപറ്റി. വയൽസേവനയോഗം നടത്തിയ സഹോദരൻ ഏതാനും ചെറുപുസ്‌തകങ്ങൾ തന്നിട്ട്‌ തനിച്ചെന്നെ പറഞ്ഞുവിട്ടു. ഞാനാകെ പരിഭ്രമിച്ചുപോയി! ആദ്യവീട്ടുവാതിൽക്കൽ ചെന്നുനിന്നപ്പോൾ ഭൂമി പിളർന്ന്‌ എന്നെ വിഴുങ്ങിയിരുന്നെങ്കിലെന്ന്‌ ഞാനാശിച്ചു! എന്നാൽ, വീട്ടുകാരൻ വളരെ സൗമ്യനായിരുന്നെന്നു മാത്രമല്ല സാഹിത്യവും സ്വീകരിച്ചു.

സഭാപ്രസംഗി 12:1; മത്തായി 28:19, 20 തുടങ്ങിയ വാക്യങ്ങൾ എന്നെ ഏറെ സ്വാധീനിച്ചതിന്റെ ഫലമായി ഒരു പയനിയർ ആയിത്തീരാൻ ഞാൻ ആഗ്രഹിച്ചു. ആ തീരുമാനത്തെ ഡാഡി പിന്താങ്ങി. സ്‌നാപനമേറ്റിരുന്നില്ലെങ്കിലും 1936 ജൂലൈ 15-ന്‌ മുഴുസമയ ശുശ്രൂഷ തുടങ്ങാൻ ഞാൻ തീരുമാനിച്ചു. അന്നേദിവസം സിഡ്‌നിയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ എത്തിയ എനിക്ക്‌ അതിന്റെ പ്രാന്തപ്രദേശമായ ഡെലിജ്‌ ഹിലിൽ 12 പേരടങ്ങുന്ന ഒരു പയനിയർ സംഘത്തോടൊപ്പം പ്രവർത്തിക്കാനുള്ള നിർദേശം ലഭിച്ചു. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഗ്രൈൻഡർ ഉപയോഗിക്കാൻ അവർ എന്നെ പഠിപ്പിച്ചു. ഭക്ഷണച്ചെലവ്‌ കുറയ്‌ക്കുന്നതിനായി അതിലാണവർ ഗോതമ്പ്‌ പൊടിച്ചിരുന്നത്‌.

പയനിയറിങ്‌ വന്യപ്രദേശത്ത്‌

അതേവർഷത്തിന്റെ ഒടുവിൽ ഞാൻ സ്‌നാപനമേറ്റു. തുടർന്ന്‌ ഓബ്രി വിൽസ്‌, ക്ലൈവ്‌ ഷേയ്‌ഡ്‌ എന്നീ പയനിയർമാരോടൊപ്പം മധ്യ ക്യൂൻസ്‌ലൻഡിൽ ഞാൻ നിയമിതനായി. ഓബ്രിയുടെ കാർ, ഏതാനും സൈക്കിളുകൾ, ബൈബിൾ പ്രഭാഷണങ്ങളുടെ പ്രക്ഷേപണത്തിനുള്ള ഗ്രാമഫോൺ, അടുത്ത മൂന്നു വർഷത്തേക്കു ഞങ്ങളുടെ ഭവനമായി വർത്തിച്ച കൂടാരം, മൂന്നു മെത്തകൾ, ഒരു മേശ, പാചകത്തിനുള്ള ഇരുമ്പുകലം—ഇതൊക്കെയായിരുന്നു ഞങ്ങളുടെ സാധനസാമഗ്രികൾ. പാചകത്തിനുള്ള എന്റെ ഊഴം വന്നെത്തിയപ്പോൾ അത്താഴത്തിന്‌ പച്ചക്കറിയും ഗോതമ്പും കൊണ്ടുള്ള ‘ഒരു സ്‌പെഷ്യൽ’ ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, അത്‌ വായിൽവെക്കാൻപോലും കൊള്ളില്ലായിരുന്നു. സമീപത്തുണ്ടായിരുന്ന കുതിരയ്‌ക്ക്‌ ഞാൻ അതു കൊടുത്തു. അവൻ അതു മണത്തുനോക്കി, തലകുലുക്കി, എന്നിട്ട്‌ ഒറ്റപ്പോക്ക്‌! അതോടെ അവസാനിച്ചു എന്റെ പാചക പരീക്ഷണങ്ങൾ.

പിന്നീട്‌, നിയമിതപ്രദേശം മൂന്നായി ഭാഗിച്ചെടുത്തുകൊണ്ട്‌ അതു ദ്രുതഗതിയിൽ പ്രവർത്തിച്ചു തീർക്കാൻ ഞങ്ങൾ തീരുമാനിച്ചു. സന്ധ്യമയങ്ങുമ്പോൾ കൂടാരത്തിൽനിന്നു വളരെ അകലെയായിക്കുമെന്നതിനാൽ തിരികെയെത്താൻ പലപ്പോഴും എനിക്ക്‌ സാധിച്ചിരുന്നില്ല. ചിലപ്പോഴൊക്കെ അതിഥിപ്രിയരായ ഗ്രാമീണരോടൊപ്പം ഞാൻ രാത്രി കഴിച്ചുകൂട്ടി. ഒരു ദിവസം ആഢംബരപൂർണമായ ഒരു ഫാം ഗസ്റ്റ്‌റൂമിലെ മെത്തയിലാണ്‌ ഉറങ്ങിയതെങ്കിൽ അടുത്തദിവസം അന്തിയുറങ്ങിയത്‌ ഒരു കങ്കാരുവേട്ടക്കാരന്റെ കുടിലിലെ വൃത്തിഹീനമായ തറയിലാണ്‌. തോലുകൾ കൂട്ടിയിട്ടിരുന്നതിനാൽ വല്ലാത്ത ദുർഗന്ധവും സഹിക്കേണ്ടിവന്നു. പലപ്രാവശ്യം കുറ്റിക്കാടുകളിലും എനിക്കു തലചായ്‌ക്കേണ്ടിവന്നിട്ടുണ്ട്‌. ഒരിക്കൽ, രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ചിച്ചുകൊണ്ട്‌ ഡിങ്കോകളുടെ (കാട്ടുനായ്‌ക്കൾ) ഓരിയിടൽ അൽപ്പംദൂരെ മുഴങ്ങി കേൾക്കാമായിരുന്നു. ഒരുപോള കണ്ണടയ്‌ക്കാതെ രാത്രി തള്ളിനീക്കിയ എനിക്ക്‌ പിന്നീടു മനസ്സിലായി അവയ്‌ക്ക്‌ വേണ്ടിയിരുന്നത്‌ എന്നെയല്ല, പകരം സമീപത്ത്‌ കൂട്ടിയിട്ടിരുന്ന മാംസോച്ഛിഷ്ടങ്ങളാണെന്ന്‌!

സാക്ഷീകരണം—ഉച്ചഭാഷിണി ഘടിപ്പിച്ച കാറുമായി

ദൈവരാജ്യ പ്രസംഗത്തിനായി ഉച്ചഭാഷിണി ഘടിപ്പിച്ച ഒരു കാർ ഞങ്ങൾ നന്നായി പ്രയോജനപ്പെടുത്തി. വടക്കൻ ക്യൂൻസ്‌ലൻഡിലെ ടൗൺസ്‌വിലിൽ, നഗരമധ്യത്തിൽതന്നെ കാർ ഒതുക്കിയിട്ട്‌ പ്രഭാഷണങ്ങൾ സംപ്രേഷണം ചെയ്യാൻ പോലീസ്‌ അനുമതി നൽകി. റെക്കോർഡ്‌ ചെയ്‌ത പ്രഭാഷണം കേൾപ്പിച്ചത്‌ സാൽവേഷൻ ആർമിയിലെ ചില അംഗങ്ങളെ ചൊടിപ്പിച്ചു. ഉടൻ സ്ഥലംവിടാൻ അവർ ഞങ്ങളോട്‌ ആജ്ഞാപിച്ചു. അതിനു വിസമ്മതിച്ചപ്പോൾ അവരിൽ അഞ്ചുപേർ കാർ ശക്തമായി പിടിച്ചുകുലുക്കി. ആ സമയത്ത്‌ ശബ്ദോപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട്‌ ഞാൻ കാറിനകത്തുണ്ടായിരുന്നു. അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച്‌ അവിടെത്തന്നെ തുടരുന്നത്‌ പന്തിയല്ലെന്ന്‌ മനസ്സിലാക്കിയ ഞങ്ങൾ അവർ പിന്മാറിയതും സ്ഥലം കാലിയാക്കി.

ബുണ്ടാബർഗിൽ ഒരു താത്‌പര്യക്കാരൻ ഞങ്ങൾക്കൊരു ബോട്ട്‌ കടംതന്നു. അങ്ങനെ, നഗരമധ്യത്തിലൂടെ ഒഴുകുന്ന ബെർനറ്റ്‌ നദിയിൽനിന്ന്‌ ഞങ്ങൾക്ക്‌ പ്രക്ഷേപണം ചെയ്യാമെന്നായി. ഓബ്രിയും ക്ലൈവും ശബ്ദോപകരണവുമായി ബോട്ടിൽ പോയപ്പോൾ ഞാൻ, വാടകയ്‌ക്കെടുത്ത ഹാളിൽത്തന്നെ തങ്ങി. അന്നുരാത്രി, യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തുനിന്നുള്ള ജോസഫ്‌ എഫ്‌. റഥർഫോർഡിന്റെ റെക്കോർഡ്‌ചെയ്‌ത ശക്തമായ ഒരു ബൈബിൾ പ്രഭാഷണം അവിടെയെങ്ങും മുഴങ്ങിക്കേട്ടു. ദൈവജനത്തിന്‌ അങ്ങേയറ്റം വിശ്വാസവും ധൈര്യവും ആവശ്യമായിരുന്ന ആവേശകരമായ സമയമായിരുന്നു അതെന്നതിൽ സംശയമില്ല.

യുദ്ധം വെല്ലുവിളികളുയർത്തുന്നു

1939 സെപ്‌റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്‌ നവംബർ 1 ലക്കം വീക്ഷാഗോപുരം രാഷ്‌ട്രീയത്തിലും യുദ്ധത്തിലും ക്രിസ്‌തീയ നിഷ്‌പക്ഷത കാക്കേണ്ടതിനെക്കുറിച്ച്‌ ചർച്ച ചെയ്യുകയുണ്ടായി. സമയോചിതമായ അതിലെ വിവരങ്ങൾ എനിക്കു പിന്നീട്‌ അങ്ങേയറ്റം പ്രയോജനം ചെയ്യുമായിരുന്നു. അതിനിടെ, പുതിയ നിയമനങ്ങൾ ലഭിച്ച ഞങ്ങൾ മൂവരും മൂന്നുവഴിക്കായി, മൂന്നുവർഷത്തെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനുശേഷം. എനിക്ക്‌ വടക്കൻ ക്യൂൻസ്‌ലൻഡിൽ സഞ്ചാരമേൽവിചാരകനായി നിയമനം ലഭിച്ചു. യഹോവയിലുള്ള ആശ്രയം പലതവണ പരിശോധിക്കപ്പെടുമായിരുന്ന ഒരു നിയമനമായിരുന്നു അത്‌.

1940 ആഗസ്റ്റിൽ നാലു പയനിയർമാരുണ്ടായിരുന്ന ടൗൺസ്‌വിൽ സഭയോടൊപ്പം ഞാൻ പ്രവർത്തിച്ചു; പെഴ്‌സി ഇസ്‌ലോബ്‌, ഭാര്യ ഇൽമ, * കൂടെപ്പിറപ്പുകളായ നോർമൻ ബെലോറ്റി, ബിയാട്രിസ്‌ ബെലോറ്റി എന്നിവരായിരുന്നു അവർ. ഈ ബിയാട്രിസിനെയാണ്‌ ഞാൻ വിവാഹം കഴിച്ചത്‌, ആറു വർഷത്തിനുശേഷം. ഒരു ശനിയാഴ്‌ച്ച വൈകുന്നേരം, കൂട്ട തെരുവുസാക്ഷീകരണം കഴിഞ്ഞു മടങ്ങവേയാണ്‌ തുടക്കത്തിൽ പരാമർശിച്ച ആ അതിക്രമത്തിനു ഞാൻ ഇരയായത്‌. എന്നാൽ, ആ ദുരനുഭവം യഹോവയുടെ സേവനത്തിലെ എന്റെ തീക്ഷ്‌ണത ജ്വലിപ്പിച്ചതേയുള്ളൂ.

അങ്ങ്‌ വടക്ക്‌, ഏറെ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചിരുന്ന രണ്ട്‌ പയനിയർ സഹോദരിമാരായിരുന്നു യൂണ കിൽപാട്രിക്കും മെറിൽ കിൽപാട്രിക്കും. അവരോടൊപ്പമുള്ള ആസ്വാദ്യമായ ഒരു ദിവസത്തെ സേവനത്തിനൊടുവിൽ ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടായിരുന്ന, നദിക്ക്‌ അക്കരെ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ അടുത്തേക്ക്‌ കൊണ്ടുപോകാമോ എന്നവർ ചോദിച്ചു. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ആദ്യം, അക്കരെ കെട്ടിയിട്ടിരുന്ന വള്ളത്തിനടുത്തേക്ക്‌ നീന്തിച്ചെന്ന്‌ അത്‌ തുഴഞ്ഞ്‌ ഇക്കരെയെത്തിക്കണം. എന്നിട്ട്‌ സഹോദരിമാരെ മറുവശം കടത്തണം. എന്നാൽ അവിടെ ചെന്നപ്പോഴാണ്‌ തുഴകൾ ഇല്ലെന്ന കാര്യം മനസ്സിലായത്‌! ഞങ്ങളുടെ ശുശ്രൂഷ തീരെ രസിക്കാഞ്ഞ ഒരു വ്യക്തി അത്‌ ഒളിപ്പിച്ചതാണത്രേ! പക്ഷേ ആ ‘വേല’ ഞങ്ങളുടെയടുക്കൽ വിലപ്പോയില്ല. വർഷങ്ങളോളം ഒരു ലൈഫ്‌ ഗാർഡായിരുന്ന എനിക്ക്‌ നീന്തൽ ഒരു പ്രശ്‌നമേയല്ലായിരുന്നു. ഞാൻ വള്ളത്തിന്റെ കയർ അരയ്‌ക്കുക്കെട്ടി അതു വലിച്ചുകൊണ്ട്‌ സഹോദരിമാരുടെ അടുക്കലെത്തി അവരെ അക്കരെക്കടത്തി. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു എന്നതിനു തെളിവാണ്‌ ഒടുവിൽ ആ മുഴു കുടുംബവും സാക്ഷികളായിത്തീർന്നത്‌.

യഹോവയുടെ കൈത്താങ്ങിൽ

സുരക്ഷാകാരണങ്ങളാൽ, ഇന്നിസ്‌ഫേൽ നഗരകവാടത്തിനു തൊട്ടുമുമ്പായി സൈന്യം ഒരു റോഡ്‌ബ്ലോക്ക്‌ സ്ഥാപിച്ചിരുന്നു. ആ പട്ടണവാസിയായിരുന്ന എനിക്കു പ്രവേശനം സാദ്ധ്യമായിരുന്നു. എന്നാൽ ബ്രാഞ്ചോഫീസിൽ നിന്നുള്ള സഹോദരങ്ങൾക്ക്‌ അതിനു കഴിയുമായിരുന്നില്ല. അക്കാരണത്താൽ അവരെ കാറിന്റെ പിൻസീറ്റിനു താഴെ ഒളിപ്പിച്ചാണ്‌ കടത്തിയിരുന്നത്‌.

അക്കാലത്ത്‌ പെട്രോൾ റേഷനായിട്ടാണ്‌ ലഭിച്ചിരുന്നത്‌. അതുകൊണ്ട്‌ പല വാഹനങ്ങളിലും ഗ്യാസ്‌ ഉത്‌പാദക യൂണിറ്റ്‌ ഘടിപ്പിച്ചിരുന്നു. കത്തുന്ന കരിയിൽനിന്ന്‌ ഗ്യാസ്‌ വേർതിരിച്ചെടുത്ത്‌ ഇന്ധനം പ്രദാനം ചെയ്യുന്ന ഉപകരണമായിരുന്നു അത്‌. ഒളിപ്പിച്ചിരിക്കുന്ന സഹോദരനെ കണ്ടെത്താതിരിക്കാൻ കാറിനു പിന്നിൽ കരിച്ചാക്കുകൾ അടുക്കിവെച്ച്‌ രാത്രിയിലാണ്‌ സഞ്ചരിച്ചിരുന്നത്‌. റോഡ്‌ബ്ലോക്കിലെ ഗാർഡുകളുടെ ശ്രദ്ധ പതറിക്കുന്നതിനായി ഞാൻ ഒരു ഉപായം കണ്ടെത്തി, കരി കത്തിയിരുന്ന ടാങ്ക്‌ ചുട്ടുപഴുക്കത്തക്കവിധം എൻജിൻ ഇരപ്പിക്കുമായിരുന്നു. “എൻജിൻ ഓഫ്‌ ചെയ്‌താൽ പിന്നെ സ്റ്റാർട്ടു ചെയ്യാൻ പ്രയാസമായിരിക്കും,” ഒരിക്കൽ ഞാൻ ഗാർഡുകളോടു വിളിച്ചുപറഞ്ഞു. ചൂടും, കരിയും, പുകയും, ഒച്ചയും നിമിത്തം സഹികെട്ട ഗാർഡുകൾ കാർ പരിശോധിച്ചു എന്ന പേരൊപ്പിച്ചിട്ട്‌ കടത്തിവിട്ടു.

അതേ കാലഘട്ടത്തിൽതന്നെ, ടൗൺസ്‌വിലിൽ നടക്കാനിരുന്ന ഒരു പ്രദേശിക കൺവെൻഷന്റെ സംഘാടനചുമതല എനിക്കു ലഭിച്ചു. ഭക്ഷണസാധനങ്ങൾ റേഷൻ അടിസ്ഥാനത്തിലാണ്‌ കിട്ടിയിരുന്നത്‌. അതുകൊണ്ടുതന്നെ ഞങ്ങൾക്ക്‌ ആവശ്യമുള്ളതു ലഭിക്കാൻ സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമായിരുന്നു. ഇക്കാലത്ത്‌, ക്രിസ്‌തീയ നിഷ്‌പക്ഷതയെപ്രതി തടവിൽ കഴിയുകയായിരുന്നു നമ്മുടെ ചില സഹോദരങ്ങൾ. അതുകൊണ്ടു മജിസ്‌ട്രേറ്റിനെ ചെന്നുകണ്ട്‌ അനുമതി നേടാൻ ശ്രമിക്കവേ, എന്റെ ചിന്ത ഇതായിരുന്നു: ‘ഞാൻ ബുദ്ധിപരമായാണോ നീങ്ങുന്നത്‌ അതോ വെറുതെ പുലിവാൽ പിടിക്കുകയാണോ?’ എന്നിരുന്നാലും ലഭിച്ച നിർദേശ പ്രകാരം ഞാൻ മുന്നോട്ടുപോയി.

പ്രൗഢിയോടെ ഉപവിഷ്‌ഠനായ മജിസ്‌ട്രേറ്റ്‌ എന്നോട്‌ ഇരിക്കാൻ ആവശ്യപ്പെട്ടു. സന്ദർശനോദ്ദേശ്യം ബോധിപ്പിച്ചപ്പോൾ അദ്ദേഹം എന്നെ തുറിച്ചൊന്നു നോക്കി. തുടർന്ന്‌ അൽപ്പം ശാന്തനായി ഇങ്ങനെ ചോദിച്ചു: “തനിക്ക്‌ എന്തുമാത്രം വേണം?” സാധനങ്ങളുടെ കുറഞ്ഞപക്ഷം ലഭിക്കേണ്ട അളവുകളടങ്ങിയ ഒരു ലിസ്റ്റ്‌ ഞാൻ അദ്ദേഹത്തിനു കൈമാറി. അതു നോക്കിയിട്ട്‌ അദ്ദേഹം പറഞ്ഞു: “ഇതു തീരെ കുറവാണെന്നു തോന്നുന്നു. നമുക്ക്‌ അത്‌ ഇരട്ടിയാക്കാം.” തന്നിലുള്ള ആശ്രയം അസ്ഥാനത്താകില്ലെന്ന്‌ ഒരിക്കൽകൂടി പഠിപ്പിച്ചുതന്ന യഹോവയോടുള്ള അളവറ്റ കൃതജ്ഞതയോടെയാണ്‌ ഞാൻ അവിടം വിട്ടത്‌.

1941 ജനുവരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്‌ ഓസ്‌ട്രേലിയയിൽ നിരോധനം വന്നു. ആളുകൾ ഞങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി, ജാപ്പനീസ്‌ ചാരന്മാരാണെന്ന ആരോപണംപോലും ഉയർന്നു. ഒരിക്കൽ, രണ്ടു വണ്ടിനിറയെ പോലീസുകാരും പട്ടാളക്കാരും രാജ്യഫാമിൽ ഇരച്ചുകയറി. ആതെർറ്റെൻ പ്ലാറ്റോയിൽ കൃഷിക്കായി വാങ്ങിച്ച കുറച്ചു സ്ഥലമായിരുന്നു അത്‌. ശത്രുക്കൾക്കു മുന്നറിയിപ്പു നൽകാൻ ഞങ്ങൾ ഉപയോഗിച്ചുവെന്ന്‌ കരുതിയ ഒരു സെർച്ച്‌ലൈറ്റ്‌ അന്വേഷിച്ച്‌ എത്തിയതായിരുന്നു അവർ. വിമാനത്തിലിരുന്ന്‌ മനസ്സിലാക്കിയെടുക്കാവുന്ന ഒരു കോഡ്‌ എന്നനിലയിൽ ചോളം നട്ടുപിടിപ്പിച്ചിരിക്കുന്നതായും ആരോപിച്ചു. ഏതായാലും, ഇതെല്ലാം തെറ്റാണെന്ന്‌ തെളിഞ്ഞു.

നിരോധനം കാരണം, വളരെ മുൻകരുതലോടെയും ചാതുര്യത്തോടെയും വേണമായിരുന്നു സാഹിത്യങ്ങൾ കൈമാറാൻ. ഉദാഹരണത്തിന്‌, ചിൽഡ്രൻ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോൾ, ബ്രിസ്‌ബനിൽനിന്ന്‌ ഒരു കാർട്ടൺ പുസ്‌തകങ്ങളുമായി ഞാൻ ട്രെയിനിൽ വടക്കോട്ട്‌ യാത്ര ചെയ്‌തു. സഭകൾ ഉണ്ടായിരുന്ന സ്റ്റേഷനുകളിൽ ഏതാനും പുസ്‌തകങ്ങൾവീതം കൈമാറി. പോലീസുകാരും സൈനികരും കാർട്ടൺ തുറന്നു പരിശോധിക്കുന്നത്‌ ഒഴിവാക്കാൻ, അതിനു മുകളിൽ ഒരു അറക്കവാൾ കെട്ടിവെച്ചിരുന്നു. ലളിതമായിരുന്നെങ്കിലും ആ തന്ത്രം പാളിയില്ല. 1943 ജൂണിൽ, നിരോധനം നീക്കിയത്‌ യഹോവയുടെ ജനത്തിന്‌ എത്രമാത്രം ആശ്വാസം കൈവരുത്തിയെന്നോ! ഒരു ജഡ്‌ജി ആ നിരോധനത്തെ “സ്വേച്ഛാപരവും ചപലവും മർദകവും” ആണെന്നാണ്‌ വിശേഷിപ്പിച്ചത്‌.

സൈനിക സേവനത്തിനുള്ള ഉത്തരവ്‌

തൊട്ടു മുന്നത്തെ വർഷം ഓബ്രി വിൽസിനും നോർമൻ ബെലോറ്റിക്കും എനിക്കും സൈനിക സേവനത്തിനുള്ള ഉത്തരവു ലഭിച്ചു. എന്നെക്കാൾ ഒരാഴ്‌ചമുമ്പ്‌ വിളിപ്പിച്ച ഓബ്രിയെയും നോർമനെയും ആറു മാസത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. ആ സമയത്ത്‌, സാക്ഷികളെന്ന്‌ അറിയാമായിരുന്നവരുടെ പേരിൽ വന്നിരുന്ന വീക്ഷാഗോപുര മാസികകൾ പോസ്റ്റ്‌ ഓഫീസ്‌ കണ്ടുകെട്ടിയിരുന്നു. എന്നാൽ, മറ്റു വരിക്കാർക്കു മാസികകൾ ലഭിക്കുന്നതിൽ തടസ്സം നേരിട്ടില്ല. അത്തരമൊരു വരിക്കാരനെ കണ്ടെത്തി, മാസികയുടെ പകർപ്പുകളുണ്ടാക്കി അത്‌ സഹസാക്ഷികൾക്കു വിതരണം ചെയ്യുന്നത്‌ ഞങ്ങളുടെ ചുമതലയായിരുന്നു. അങ്ങനെ ചെയ്‌തതുകൊണ്ട്‌ ആത്മീയ ആഹാരത്തിനു ഒരു മുടക്കവും വന്നില്ല.

പ്രതീക്ഷിച്ചപോലെ എന്നെ ആറു മാസത്തെ ശിക്ഷയ്‌ക്കു വിധിച്ചപ്പോൾ, ബ്രാഞ്ചോഫീസിന്റെ നിർദേശ പ്രകാരം ഞാൻ അപ്പീലിനു പോയി. മറ്റൊരാൾ എന്റെ ചുമതല ഏറ്റെടുക്കാൻ തക്കവിധം അൽപ്പം സാവകാശം ലഭിക്കുക എന്ന ഉദ്ദേശ്യമായിരുന്നു അതിനു പിന്നിൽ. വീണുകിട്ടിയ ആ അവസരം മുതലാക്കി വടക്കൻ ക്വീൻസ്‌ലൻഡിൽ തടങ്കലിലായിരുന്ന 21 സാക്ഷികളിൽ ചിലരെ ഞാൻ സന്ദർശിച്ചു. ഒരു ജയിലിൽതന്നെയായിരുന്നു അവരിൽ മിക്കവരും, വാർഡനാകട്ടെ ഞങ്ങളെ കണ്ണെടുത്താൽ കാണരുതായിരുന്നു. മറ്റു മതസ്ഥർക്ക്‌ അവരുടെ ആളുകളെ സന്ദർശിക്കുന്നതിൽ തടസ്സമൊന്നുമില്ലല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ കലികയറിയ അദ്ദേഹം ഇങ്ങനെ അലറി: “എനിക്ക്‌ അധികാരമുണ്ടായിരുന്നെങ്കിൽ, യഹോവയുടെ സാക്ഷികളെ മുഴുവൻ നിരത്തിനിറുത്തി വെടിവെക്കുമായിരുന്നു!” ഉടൻതന്നെ ഗാർഡുകൾ എന്നെ പിടിച്ചു പുറത്താക്കി.

കോടതി എന്റെ അപ്പീൽ പരിഗണിച്ച സമയത്ത്‌, എനിക്ക്‌ ഒരു സർക്കാർ അഭിഭാഷകന്റെ സഹായം ലഭിച്ചു. പക്ഷേ, ശരിക്കുംപറഞ്ഞാൽ ഞാൻതന്നെയാണ്‌ എന്റെ കേസ്‌ വാദിച്ചത്‌. അതിന്‌ യഹോവയിൽ പൂർണമായും ആശ്രയിക്കേണ്ടിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അവൻ എന്നെ കൈവിട്ടതുമില്ല. (ലൂക്കൊസ്‌ 12:11, 12; ഫിലിപ്പിയർ 4:6, 7) ചാർജ്‌ ഷീറ്റിലെ ചില പിശകുകൾ നിമിത്തം വിധി എനിക്ക്‌ അനുകൂലമായപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി!

1944-ൽ, തെക്കൻ ഓസ്‌ട്രേലിയ, വടക്കൻ വിക്‌ടോറിയ, സിഡ്‌നിയിലെ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു സർക്കിട്ട്‌ എന്റെ ചുമലിലായി. തൊട്ടടുത്ത വർഷം ലോകവ്യാപക പരസ്യപ്രസംഗ പരിപാടിക്കു തുടക്കംകുറിച്ചു. സംഘടന നൽകുന്ന ഒരു പേജുള്ള ബാഹ്യരേഖയെ അടിസ്ഥാനമാക്കി ഓരോരുത്തരും പ്രസംഗം വികസിപ്പിക്കേണ്ടിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗങ്ങൾ നടത്തുന്നത്‌ അത്ര എളുപ്പമല്ലായിരുന്നു. പക്ഷേ, യഹോവയെ ശരണമാക്കി മുന്നോട്ടുപോയ ഞങ്ങളെ അവൻ അനുഗ്രഹിച്ചു.

വിവാഹവും ഉത്തരവാദിത്വങ്ങളും

1946 ജൂലൈയിൽ ജീവിതത്തിൽ ഒന്നായിത്തീർന്ന ഞാനും ബിയാട്രിസും ഒരുമിച്ച്‌ പയനിയറിങ്‌ തുടർന്നു. ഒരു ട്രെയിലറിലായിരുന്നു ഞങ്ങളുടെ താമസം. 1950 ഡിസംബറിൽ ഏകമകൾ ജാനിസ്‌ (ജാൻ) ജനിച്ചു. പലപല സ്ഥലങ്ങളിൽ ഞങ്ങൾ പയനിയറിങ്‌ ചെയ്‌തു; മറ്റു സാക്ഷികളാരുംതന്നെ ഇല്ലായിരുന്ന ന്യൂ സൗത്ത്‌ വെയ്‌ൽസിലുള്ള കെംപ്‌സി പട്ടണമുൾപ്പെടെ. നോട്ടീസ്‌ നൽകി പരസ്യപ്പെടുത്തിയ ഒരു പ്രസംഗം നടത്താൻ തയ്യാറായിട്ടാണ്‌ എല്ലാ ഞായറാഴ്‌ചയും ഞാൻ അവിടത്തെ കമ്മ്യൂണിറ്റി ഹാളിൽ പോയിരുന്നത്‌. പക്ഷേ, മാസങ്ങളോളം ബിയാട്രിസും ജാനും മാത്രമായിരുന്നു സദസ്യർ. അധികം താമസിയാതെ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. ഇപ്പോൾ കെംപ്‌സിയിൽ തഴച്ചുവളരുന്ന രണ്ടു സഭകൾ ഉണ്ട്‌.

ജാനിന്‌ രണ്ടു വയസ്സുള്ളപ്പോൾ ഞങ്ങൾ ബ്രിസ്‌ബനിൽ താമസമാക്കി. അവളുടെ സ്‌കൂൾപഠനം പൂർത്തിയായശേഷം ഞങ്ങൾ മൂവരും ന്യൂ സൗത്ത്‌ വെയ്‌ൽസിലെ സെസ്‌നോക്കിൽ നാലു വർഷം പയനിയറിങ്‌ ചെയ്‌തു. തുടർന്ന്‌ ബിയാട്രിസിന്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ ഞങ്ങൾ ബ്രിസ്‌ബനിലേക്കു മടങ്ങി. ഇപ്പോൾ ചെംസൈഡ്‌ സഭയിൽ ഞാൻ ഒരു മൂപ്പനായി സേവിച്ചുവരുന്നു.

യഹോവ ഞങ്ങളുടെമേൽ ചൊരിഞ്ഞ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക്‌ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. യഹോവയോട്‌ അടുക്കാൻ 32-പേരെ സഹായിക്കാൻ കഴിഞ്ഞത്‌ അതിലൊന്നാണ്‌. ശാന്തവും സൗമ്യവുമായ പ്രകൃതമാണെങ്കിലും സത്യത്തിനുവേണ്ടി ധീരമായ നിലപാടെടുക്കുന്ന എന്റെ പ്രിയതമയ്‌ക്കായി ഞാൻ യഹോവയോട്‌ നന്ദിപറയുന്നു. ദൈവസ്‌നേഹവും അവനിലുള്ള ആശ്രയവും ലളിതമായ ജീവിതശൈലിയും എല്ലാം സമർഥ്യമുള്ള ഒരു ഭാര്യയും മാതാവും ആയി തിളങ്ങാൻ അവളെ സഹായിച്ചു. (മത്തായി 6:22, 23; സദൃശവാക്യങ്ങൾ 12:4) തികഞ്ഞ ആത്മാർഥതയോടെ ഇങ്ങനെ പറയാൻ ഞങ്ങൾ പ്രേരിതരാകുന്നു: ‘യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.’—യിരെമ്യാവു 17:7.

[അടിക്കുറിപ്പ്‌]

^ ഖ. 19 ഈ മാസികയുടെ 1981 മേയ്‌ 15 ലക്കത്തിൽ (ഇംഗ്ലീഷ്‌) പെഴ്‌സി ഇസ്‌ലോബിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

[9-ാം പേജിലെ ചിത്രം]

വടക്കൻ ക്യൂൻസ്‌ലൻഡിൽ ഞങ്ങൾ ഉപയോഗിച്ച ഉച്ചഭാഷിണി ഘടിപ്പിച്ച കാർ

[10-ാം പേജിലെ ചിത്രം]

വടക്കൻ ക്യൂൻസിലൻഡിലെ വർഷകാലത്ത്‌ കിൽപാട്രിക്‌ സഹോദരിമാരെ അവരുടെ വാഹനം നീക്കാൻ സഹായിക്കുന്നു

[12-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹ സുദിനം