സാക്ഷീകരിക്കാനുള്ള അവസരമെല്ലാം പ്രയോജനപ്പെടുത്തുന്നുവോ?
സാക്ഷീകരിക്കാനുള്ള അവസരമെല്ലാം പ്രയോജനപ്പെടുത്തുന്നുവോ?
“ആത്യന്തിക സത്യം എന്നൊന്നുണ്ടോ?” പോളണ്ടിൽ നടന്ന ഒരു ദേശീയ ഉപന്യാസ മത്സരത്തിന്റെ വിഷയമായിരുന്നു അത്. ഉപന്യാസത്തിനുള്ള നിർദേശങ്ങളിൽ ഇങ്ങനെ ചേർത്തിരുന്നു: “നമുക്ക് ആത്യന്തിക സത്യം ആവശ്യമില്ല. ആർക്കും അത് ആവശ്യമില്ല. ഏതായാലും ആത്യന്തിക സത്യം എന്നൊന്നില്ല.” പതിനഞ്ചു വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർഥിനിയും യഹോവയുടെ സാക്ഷിയുമായ അഗതാ, തന്റെ മതവിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഈ അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു.
ഉപന്യാസത്തിനുള്ള വിവരങ്ങൾ സമാഹരിക്കുന്നതിനു മുമ്പായി അഗതാ യഹോവയോടു പ്രാർഥിച്ചു. ആവശ്യമായ വിവരങ്ങൾ അവൾ 1995 ജൂലൈ 1 വീക്ഷാഗോപുരത്തിൽ കണ്ടെത്തി. പൊന്തിയൊസ് പീലാത്തൊസ് യേശുവിനോടു ചോദിച്ച ‘സത്യം എന്നാൽ എന്ത്?’ എന്ന ചോദ്യം അവൾ ഉദ്ധരിച്ചു. (യോഹന്നാൻ 18:38) ‘സത്യമോ? അതെന്താണ്? അങ്ങനെ ഒരു സംഗതിയേയില്ല!’ എന്ന മട്ടിലുള്ള പീലാത്തൊസിന്റെ ആ ചോദ്യത്തിന് നിന്ദയുടെ ധ്വനിയാണ് ഉണ്ടായിരുന്നത് എന്നവൾ എഴുതി. “പീലാത്തൊസിന്റെ ചോദ്യം, ഉപന്യാസത്തിനുള്ള നിർദേശങ്ങളാണ് തന്റെ മനസ്സിലേക്കു കൊണ്ടുവന്നത്” എന്ന് അഗതാ തുടർന്നെഴുതി.
ആപേക്ഷിക വീക്ഷണഗതിയുടെ (relativism) വികാസത്തെക്കുറിച്ച് അവൾ അടുത്തതായി വിശദീകരിച്ചു. ഒരാൾക്കു ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്കു തെറ്റെന്നു തോന്നാം എന്നും അവ രണ്ടും “ശരി”യായിരിക്കാം എന്നുമുള്ള ചിന്താഗതിയാണ്. “വായുഗതിക (aerodynamics) നിയമങ്ങൾ കേവലസത്യങ്ങളല്ലെന്നു വിചാരിച്ചാൽ വിമാനത്തിൽ യാത്രചെയ്യാൻ നമ്മിൽ ആരാണു ധൈര്യപ്പെടുക?” എന്നതുപോലുള്ള ചോദ്യങ്ങൾ അവൾ ഉന്നയിച്ചു. തുടർന്ന് ബൈബിളിനെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദൈവവചനത്തിലുള്ള ആശ്രയം, തെളിയിക്കാവുന്ന വസ്‌തുതകളിൽ അടിയുറച്ചതാണത്.” ആത്മാർഥമായി സത്യം അന്വേഷിക്കുന്നവർക്ക് അതു കണ്ടെത്താൻ ആവശ്യമായ ക്ഷമ ഉണ്ടാകട്ടെ എന്ന് അവൾ പ്രത്യാശ പ്രകടിപ്പിച്ചു.
അഗതായ്‌ക്ക് ഒരു പ്രത്യേക സർട്ടിഫിക്കറ്റ് ലഭിച്ചു; ക്ലാസ്സിന്റെ മുമ്പാകെ ഒരു അവതരണം നടത്താനുള്ള അവസരവും. അഗതായുടെ വാഗ്‌ദാനം സ്വീകരിച്ച്, സഹപാഠികളിൽ പലരും ബൈബിൾ പഠിക്കാമെന്നു സമ്മതിച്ചു. വിശ്വാസം പങ്കിടാൻ ലഭിച്ച ആ അവസരം പ്രയോജനപ്പെടുത്തിയതിൽ അഗതാ സന്തുഷ്ടയാണ്. അതേ, നമ്മുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാനുള്ള അവസരങ്ങൾ ഫലം ഉളവാക്കും. നിങ്ങൾക്ക് ഏതൊക്കെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാകും?