ജീവിതം സഫലമാക്കുന്നത് എന്ത്?
ജീവിതം സഫലമാക്കുന്നത് എന്ത്?
ലാഭകരമായി പ്രവർത്തിക്കുന്ന ഒരു ബ്രോക്കറേജ് കമ്പനിയിൽ ജോലി. ആഢംബര കാർ, വൻ നഗരത്തിലെ കണ്ണായ സ്ഥലത്തെ പകിട്ടേറിയ ഫ്‌ളാറ്റ് എന്നിവയെല്ലാം സ്വന്തം. ആയിരക്കണക്കിനടി ഉയരത്തിൽനിന്നു കൂപ്പുകുത്തുന്നതിൽ ഹരംകൊള്ളുന്ന ഒരു വിദഗ്‌ധ സ്‌കൈഡൈവർ. ഇതൊക്കെയായിരുന്നു കെന്നി. സഫലമായ ജീവിതം എന്നു തോന്നാം. എന്നാൽ ദ വാൾ സ്‌ട്രീറ്റ് ജേർണലിൽ വന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇപ്പോൾ എനിക്ക് 45 വയസ്സ്, ഞാൻ ഒരിടത്തും എത്താൻ പോകുന്നില്ല. . . . ജീവിതത്തിൽ ശൂന്യതമാത്രം ബാക്കി.”
ഒരു ഐസ് സ്‌കേറ്ററായി തിളങ്ങാൻ എലെൻ രാപകൽ യത്‌നിച്ചു. ആ ലക്ഷ്യത്തിലെത്തുകയും ചെയ്‌തു. ആഗ്രഹിച്ച പേരുംപെരുമയും സമ്പാദിച്ചു. “ലഭിക്കുമെന്നു വിചാരിച്ച സന്തോഷം പക്ഷേ എവിടെ?” എലെൻ പരിതപിച്ചു. “ഏകാന്തത എന്നെ വിടാതെ വേട്ടയാടി. ജരാനരകളുടെ പിടിയിലമരാൻ ഇനി ഏറെ നാളില്ല. ഞാൻ ധാരാളം പണം സമ്പാദിച്ചു എന്നതു ശരിതന്നെ. എന്നാൽ ഇതാണ് ജീവിതമെങ്കിൽ, അതെത്ര നിരർഥകമായിരിക്കും?”
കലയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ഹിഡിയോ. ആ പ്രഗത്ഭ കലാകാരൻ ഒരിക്കലും തന്റെ കലാസൃഷ്ടികൾ വിറ്റു കാശാക്കിയില്ല, കലയോടുള്ള പ്രതിബദ്ധതയ്‌ക്കു ചേർന്നതല്ല അത് എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്. 98 വർഷം നീണ്ട ജീവിതത്തിന്റെ അന്ത്യ ഘട്ടത്തിൽ കലാസൃഷ്ടികളിലേറെയും അദ്ദേഹം ഒരു മ്യൂസിയത്തിനു സംഭാവന ചെയ്‌തു. കലയ്‌ക്കുവേണ്ടി ജീവിതം അർപ്പിച്ചുവെങ്കിലും അദ്ദേഹം നിരാശനായിരുന്നു, വൈദഗ്‌ധ്യങ്ങളിൽ പൂർണത കൈവരിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന തിരിച്ചറിവിൽ.
മറ്റുള്ളവരെ സഹായിക്കുന്നത് ജീവിതവ്രതമാക്കിയ വേറെചിലരുണ്ട്. ഹോളിവുഡിലെ ഒരു ഫിലിം എക്‌സിക്യൂട്ടിവിന്റെ കാര്യംതന്നെ എടുക്കുക. ഐക്യനാടുകളിലെ വൻകിട ഫിലിം കമ്പനികളിലൊന്നിന്റെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രശസ്‌തരുമായിട്ടായിരുന്നു. താമസം വമ്പന്മാരുടെ പാർപ്പിടമേഖലയിലും. ഒരിക്കൽ അദ്ദേഹം അവധിക്കാലം ചെലവിടാൻ കംബോഡിയയിലെത്തി. പനോം പെനിലുള്ള ഒരു കഫേയിലായിരിക്കെ ഒരു യാചക പെൺകുട്ടി വന്ന് കൈനീട്ടി. ഒരു ഡോളറും കോളയും നൽകിയപ്പോൾ അവൾ സന്തോഷത്തോടെ മടങ്ങി. എന്നാൽ അടുത്ത ദിവസം അതാ, അവൾ വീണ്ടും യാചിക്കുന്നു. കൂടുതലായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.
ഒരു വർഷത്തിനുശേഷം അദ്ദേഹം ഒരു തീരുമാനമെടുത്തു: സിനിമാ വ്യവസായമൊക്കെ വിട്ട് കംബോഡിയയിൽചെന്ന് പാവപ്പെട്ടവരെ സഹായിക്കുക. അങ്ങനെ, താമസവും ഭക്ഷണവും വിദ്യാഭ്യാസവും പ്രദാനംചെയ്യുന്ന ഒരു സ്‌കൂൾ സ്ഥാപിച്ചു. എങ്കിലും, ജീവിതം സംഘർഷാത്മകമായിരുന്നു—ഒന്നിനൊന്നു വർധിച്ചുവന്ന പ്രശ്‌നങ്ങൾ ഉളവാക്കിയ നിരാശയുടെയും ഇച്ഛാഭംഗത്തിന്റെയും കാർമേഘങ്ങൾ നേട്ടങ്ങൾ സമ്മാനിച്ച സന്തോഷത്തെയും സംതൃപ്‌തിയെയും മൂടിക്കളഞ്ഞു.
ജീവിതത്തിൽ നേടേണ്ടത് എന്താണെന്നറിയാം എന്നു കരുതിയവരാണ് ഇവിടെ പ്രസ്‌താവിച്ച നാലുപേരും. എന്നാൽ, അതെല്ലാം കഷ്ടപ്പെട്ട് കൈപ്പിടിയിലൊതുക്കിയപ്പോഴോ, മനസ്സുനിറയെ എന്തന്നില്ലാത്ത ശൂന്യതയും. നിങ്ങളുടെ ജീവിതലക്ഷ്യം എന്താണ്? ജീവിതത്തിൽ എന്തിനാണ് നിങ്ങൾ മുൻതൂക്കം നൽകുന്നത്? ഇപ്പോഴത്തെ ജീവിതഗതിയെ ഓർത്ത് പിന്നീടു നിങ്ങൾ ദുഃഖിക്കില്ല എന്ന് ഉറപ്പാണോ?