വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ നവോന്മേഷത്തിന്റെ ഉറവാണോ?

നിങ്ങൾ നവോന്മേഷത്തിന്റെ ഉറവാണോ?

നിങ്ങൾ നവോന്മേഷത്തിന്റെ ഉറവാണോ?

ഹെർമോൻ പർവതം. ആന്റി-ലബനോൻ പർവതനിരയുടെ തെക്കേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഇതിന്റെ കൊടുമുടിക്ക്‌ സമുദ്രനിരപ്പിൽനിന്ന്‌ 2,814 മീറ്റർ ഉയരമുണ്ട്‌. വർഷത്തിൽ എല്ലായ്‌പോഴുംതന്നെ മഞ്ഞിൻതൊപ്പിയണിഞ്ഞു നിൽക്കുകയാണിത്‌. രാത്രികാലങ്ങളിൽ മുകളിൽക്കൂടി കടന്നുപോകുന്ന നീരാവി തണുത്ത്‌ മഞ്ഞുപെയ്യാൻ ഇതിടയാക്കുന്നു. താഴ്‌വാരച്ചെരുവിലുള്ള ദേവദാരുക്കളും ഫലവൃക്ഷങ്ങളും അങ്ങ്‌ താഴെയുള്ള മുന്തിരിത്തോട്ടങ്ങളും അങ്ങനെ മഞ്ഞിൽ കുളിച്ചുനിൽക്കും. പുരാതന ഇസ്രായേലിലെ ദൈർഘ്യമേറിയ വരൾച്ചക്കാലത്ത്‌ സസ്യലതാദികളുടെ ദാഹമകറ്റിയിരുന്നത്‌ മുഖ്യമായും ഈ മഞ്ഞാണ്‌.

ദിവ്യനിശ്വസ്‌തമായ ഒരു ഗീതത്തിൽ, യഹോവയുടെ ആരാധകർക്കിടയിലെ ഉന്മേഷദായകമായ ഐക്യത്തെ ‘സീയോൻപർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞിനോട്‌’ ഉപമിക്കുന്നുണ്ട്‌. (സങ്കീർത്തനം 133:1, 3) ഹെർമോൻ പർവതം സസ്യങ്ങളുടെമേൽ ഉന്മേഷദായകമായ മഞ്ഞ്‌ പൊഴിക്കുന്നതുപോലെ, നമുക്കും മറ്റുള്ളവർക്ക്‌ നവോന്മേഷം പകരാനാകും. എങ്ങനെ?

യേശുവിന്റെ മാതൃക നവോന്മേഷദായകം

മറ്റുള്ളവരെ അടിമുടി സ്വാധീനിച്ച വ്യക്തിയാണ്‌ യേശുക്രിസ്‌തു. യേശുവുമായുള്ള വെറുമൊരു കൂടിക്കാഴ്‌ചപോലും ഉന്മേഷദായകമായിരുന്നു. സുവിശേഷ എഴുത്തുകാരനായ മർക്കൊസ്‌ പറയുന്നതു ശ്രദ്ധിക്കുക: “അവൻ [യേശു] അവരെ [കുട്ടികളെ] അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ്‌ 10:16) അത്‌ ആ കുട്ടികൾക്ക്‌ എത്ര നവോന്മേഷം പകർന്നിരിക്കണം!

ഒരു മനുഷ്യൻ എന്നനിലയിൽ ഈ ഭൂമിയിലുണ്ടായിരുന്ന അവസാന രാത്രിയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി. യേശുവിന്റെ താഴ്‌മ അവരുടെ ഹൃദയത്തെ സ്‌പർശിച്ചുകാണണം. തുടർന്ന്‌ യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.” (യോഹന്നാൻ 13:1-17) അതേ, അവരും താഴ്‌മയുള്ളവർ ആയിരിക്കണമായിരുന്നു. യേശുവിന്റെ വാക്കുകളുടെ പൊരുൾ അപ്പോൾ അവർക്കു പിടികിട്ടിയില്ല; അൽപ്പം കഴിഞ്ഞപ്പോൾ, ആരാണു വലിയവൻ എന്നതിനെച്ചൊല്ലി അവർ തർക്കിക്കുകയും ചെയ്‌തു. എന്നിട്ടും പ്രകോപിതനാകാതെ യേശു ക്ഷമയോടെ അവരുമായി ന്യായവാദം ചെയ്യുകയാണുണ്ടായത്‌. (ലൂക്കൊസ്‌ 22:24-27) ‘തന്നെ ശകാരിച്ചിട്ടും അവൻ പകരം ശകാരിച്ചില്ല.’ ‘കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെ ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്‌പിക്കുകയാണു ചെയ്‌തത്‌.’ നവോന്മേഷം പകരുന്ന യേശുവിന്റെ ഈ മാതൃക നാം അനുകരിക്കേണ്ടതല്ലേ?—1 പത്രൊസ്‌ 2:21, 23.

യേശു എന്താണു പറഞ്ഞതെന്നു നോക്കുക: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്തായി 11:29) യേശുവിൽനിന്ന്‌ നേരിട്ടു പഠിക്കുന്നത്‌ ഒന്നു ഭാവനയിൽക്കാണുക. സിനഗോഗിൽ യേശുവിന്റെ ഉപദേശം കേട്ടിട്ട്‌ അവന്റെ നാട്ടുകാർ വിസ്‌മയഭരിതരായി ഇങ്ങനെ പറഞ്ഞു: “ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന്‌?” (മത്തായി 13:54) യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു വായിക്കുന്നതിലൂടെ, മറ്റുള്ളവർക്ക്‌ നവോന്മേഷം പകരുന്നതു സംബന്ധിച്ച്‌ നമുക്ക്‌ ധാരാളം പഠിക്കാനാകും. പ്രോത്സാഹനവാക്കുകളും സഹായ മനഃസ്ഥിതിയുംകൊണ്ട്‌ യേശുവെച്ച അസാധാരണ മാതൃക നമുക്കൊന്നു വിശകലനം ചെയ്യാം.

നവോന്മേഷം വാക്കുകളിൽ

ഒരു കെട്ടിടം പണിയുന്നതിനെക്കാൾ എത്രയോ എളുപ്പമാണ്‌ അതു പൊളിച്ചുകളയാൻ! സംസാരത്തിന്റെ കാര്യത്തിലും അതുതന്നെ സത്യമാണ്‌. അപൂർണരായതിനാൽ നമുക്കെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ട്‌. “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല” എന്ന്‌ ശലോമോൻ രാജാവ്‌ പറയുകയുണ്ടായി. (സഭാപ്രസംഗി 7:20) മറ്റൊരാളുടെ കുറ്റം കണ്ടുപിടിച്ച്‌ അയാളെ വാക്‌ശരങ്ങൾ എയ്‌തു വീഴിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. (സങ്കീർത്തനം 64:2-4) പക്ഷേ നമ്മുടെ വാക്കുകളിൽ നവോന്മേഷം നിലനിറുത്തുന്നതിനു നല്ല ശ്രമം കൂടിയേതീരൂ.

തന്റെ വാക്കുകൾ മറ്റുള്ളവർക്കു താങ്ങാകാൻ യേശു എല്ലായ്‌പോഴും ശ്രദ്ധിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത അറിയിച്ചുകൊണ്ട്‌ യേശു അവർക്ക്‌ ആത്മീയ നവോന്മേഷം പകർന്നു. (ലൂക്കൊസ്‌ 8:1) സ്വർഗസ്ഥനായ പിതാവിനെ സംബന്ധിച്ച സത്യം വിശദീകരിച്ചുകൊണ്ടും യേശു ശിഷ്യന്മാർക്ക്‌ നവോന്മേഷമേകി. (മത്തായി 11:25-27) ആളുകൾക്ക്‌ യേശുവിനോട്‌ അടുപ്പം തോന്നിയതിൽ അതിശയമില്ല!

എന്നാൽ പരീശന്മാരും ശാസ്‌ത്രിമാരുമാകട്ടെ മറ്റുള്ളവരോട്‌ തരിമ്പുപോലും പരിഗണന കാണിച്ചില്ല. ‘അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവുമാണ്‌ അവർക്കു പ്രിയം’ എന്നു യേശുതന്നെ ഒരിക്കൽ പറയുകയുണ്ടായി. (മത്തായി 23:6, 7) “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അവർ സാധാരണക്കാരെ പുച്ഛത്തോടെയാണു കണ്ടത്‌. (യോഹന്നാൻ 7:49) നവോന്മേഷം പകരുക എന്ന ആശയത്തിൽനിന്ന്‌ എത്രയോ അകലെയായിരുന്നു ആ ചിന്താഗതി!

ഉള്ളിന്റെയുള്ളിൽ നാമാരാണ്‌, മറ്റുള്ളവരെ നാം എങ്ങനെ വീക്ഷിക്കുന്നു തുടങ്ങിയ സംഗതികൾ മിക്കപ്പോഴും നമ്മുടെ സംസാരത്തിൽ പ്രതിഫലിക്കും. “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്‌,” യേശു പറഞ്ഞു. (ലൂക്കൊസ്‌ 6:45) നമ്മുടെ വാക്കുകൾ നവോന്മേഷദായകമാണെന്ന്‌ ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും?

ചിന്തിച്ചു സംസാരിക്കുക എന്നതാണ്‌ ഒരു സംഗതി. “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 15:28 പ്രസ്‌താവിക്കുന്നു. മണിക്കൂറുകളോളം ചിന്തിച്ചിട്ടേ സംസാരിക്കാവൂ എന്നല്ല ഇപ്പറഞ്ഞതിനർഥം. നമ്മുടെ സംസാരം മറ്റുള്ളവർക്ക്‌ നവോന്മേഷമേകുമോ എന്നു വിലയിരുത്താൻ ഒരൽപ്പം ചിന്തിച്ചാൽ മതി. നമുക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാനാകും: ‘സ്‌നേഹം പ്രതിഫലിക്കുന്ന വാക്കുകളാണോ എന്റേത്‌? ഞാൻ പറയാൻ പോകുന്ന കാര്യം വസ്‌തുനിഷ്‌ഠമാണോ അതോ വെറും കേട്ടുകേൾവിയാണോ? തക്കസമയത്തു പറയുന്ന വാക്ക്‌ ആയിരിക്കുമോ അത്‌? കേൾക്കുന്നവർക്ക്‌ അതു നവോന്മേഷവും പ്രോത്സാഹനവും പകരുമോ?’ (സദൃശവാക്യങ്ങൾ 15:23) നമ്മുടെ വാക്കുകൾ ചിന്താശൂന്യവും സന്ദർഭോചിതമല്ലാത്തതുമാണെന്ന നിഗമനത്തിലേക്കാണ്‌ ഈ ചോദ്യങ്ങൾ നമ്മെ നയിക്കുന്നതെങ്കിൽ അതു പറയാതിരിക്കാൻ ശ്രമിക്കുക. അവിടംകൊണ്ട്‌ നിറുത്തുന്നതിനു പകരം, ഏറെ പ്രോത്സാഹജനകവും സമയോചിതവുമായ മറ്റെന്തെങ്കിലും പറയുന്നതായിരിക്കില്ലേ നല്ലത്‌? ചിന്താശൂന്യമായ വാക്കുകൾ ‘വാളുകൊണ്ടുള്ള കുത്തു’പോലെയാണ്‌; നവോന്മേഷദായകമായ വാക്കുകൾ സുഖപ്രദവും.—സദൃശവാക്യങ്ങൾ 12:18.

സഹവിശ്വാസികളെ യഹോവയുടെ ദൃഷ്ടിയിൽ പ്രിയങ്കരരാക്കുന്ന അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്‌ പ്രായോഗികമായ മറ്റൊരു സംഗതി. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന്‌ യേശു പറയുകയുണ്ടായി. (യോഹന്നാൻ 6:44) വിശ്വസ്‌തമായി തന്നെ സേവിക്കുന്ന ഓരോരുത്തരിലുമുള്ള നന്മ യഹോവ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്‌—പ്രശ്‌നക്കാരാണെന്നു നാം കരുതിയേക്കാവുന്നവരുടെപോലും. അവരുടെ നല്ല ഗുണങ്ങൾ മനസ്സിലാക്കാൻ ആത്മാർഥമായ ഒരു ശ്രമം നടത്തിയാൽ അവരെക്കുറിച്ചു നല്ലതു പറയാനുള്ള അടിസ്ഥാനം നമുക്കു ലഭിക്കും.

സഹായഹസ്‌തം നീട്ടുക

അടിച്ചമർത്തപ്പെട്ടവരുടെ ശോച്യാവസ്ഥ യേശുവിനു നന്നായി അറിയാമായിരുന്നു. “പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു [അവന്റെ] മനസ്സലിഞ്ഞു.” (മത്തായി 9:36) യേശു അവരുടെ ദയനീയസ്ഥിതി മനസ്സിലാക്കി എന്നതിലുപരി അവർക്കു സഹായഹസ്‌തം നീട്ടുകയും ചെയ്‌തു. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന ക്ഷണം യേശു വെച്ചുനീട്ടി. തുടർന്ന്‌ ഈ ഉറപ്പും നൽകി: “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28, 30.

‘ദുർഘടസമയങ്ങളിലാണ്‌’ നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) ഈ ലോകത്തിന്റെ ചിന്തകളും ഉത്‌കണ്‌ഠകളും പലരെയും ഭാരപ്പെടുത്തുകയാണ്‌. (മത്തായി 13:22) വ്യക്തിപരമായ മറ്റു ക്ലേശങ്ങൾ അനുഭവിക്കുന്നവരുമുണ്ട്‌. (1 തെസ്സലൊനീക്യർ 5:14) ഇവർക്കൊക്കെ നവോന്മേഷം പകരാൻ നമുക്കെങ്ങനെ സാധിക്കും? ക്രിസ്‌തുവിനെപ്പോലെ സഹായഹസ്‌തം നീട്ടിക്കൊണ്ട്‌ നമുക്ക്‌ അവരുടെ ഭാരം ലഘൂകരിക്കാം.

ചിലർ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട്‌ തങ്ങളുടെ ഭാരം ഇറക്കിവെക്കാൻ ശ്രമിക്കാറുണ്ട്‌. മനസ്സു തകർന്നവർ ഒരൽപ്പം ആശ്വാസം തേടി അടുത്തുവരുമ്പോൾ ചെവി ചായിച്ചുകേൾക്കുമോ നാം? സഹാനുഭൂതിയോടെ കേൾക്കാൻ ബോധപൂർവകമായ ശ്രമം ആവശ്യമാണ്‌. എന്തു മറുപടി പറയുമെന്നോ എന്തു പരിഹാരം നിർദേശിക്കുമെന്നോ ആലോചിക്കുന്നതിനുപകരം മറ്റെയാൾ പറയുന്നതു കേട്ടിരിക്കുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. പറയുന്ന വ്യക്തിയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടും ഉചിതമായിരിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ടും ശ്രദ്ധയോടെ കേൾക്കുമ്പോൾ അവരിൽ താത്‌പര്യമുണ്ടെന്നു കാണിക്കുകയായിരിക്കും നാം ചെയ്യുക.

ക്രിസ്‌തീയ സഭയിൽ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാനാകുന്ന അവസരങ്ങൾ ധാരാളമുണ്ട്‌. ഉദാഹരണത്തിന്‌, രാജ്യഹാളിൽ ആയിരിക്കുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ സഹായിക്കാനായി മുൻകയ്യെടുക്കാൻ നമുക്കാകും. യോഗത്തിനു മുമ്പോ പിമ്പോ അൽപ്പസമയമെടുത്ത്‌ പറയുന്ന ഏതാനും പ്രോത്സാഹനവാക്കുകൾ മതി ചിലപ്പോൾ അവരുടെ ലോകംതന്നെ മാറ്റിമറിക്കാൻ. പുസ്‌തകാധ്യയനത്തിനു വരാത്തത്‌ ആരൊക്കെയാണെന്നു നമുക്കു മനസ്സിൽ കുറിച്ചിടാനാകും. ഒരുപക്ഷേ ഫോൺ വിളിച്ചുകൊണ്ട്‌ അവരുടെ ക്ഷേമം അന്വേഷിക്കാനും സഹായം വെച്ചുനീട്ടാനും നമുക്കു കഴിഞ്ഞേക്കും.—ഫിലിപ്പിയർ 2:4.

ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ സഭയിൽ ഭാരിച്ച ഉത്തരവാദിത്വമുണ്ട്‌. അവരോടു സഹകരിച്ചുകൊണ്ടും കിട്ടുന്ന ഏതു നിയമനവും മനസ്സോടെ ചെയ്‌തുകൊണ്ടും നമുക്ക്‌ അവരുടെ ഭാരം ലഘൂകരിക്കാം. ദൈവവചനം പറയുന്നതു നോക്കുക: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രായർ 13:17) നമ്മുടെ സഹകരണം “നന്നായി ഭരിക്കുന്ന മൂപ്പന്മാ”ർക്ക്‌ നവോന്മേഷമാകും.—1 തിമൊഥെയൊസ്‌ 5:17.

നവോന്മേഷമായി പെയ്‌തിറങ്ങുക

അജ്ഞാതമായ ഒരിടത്തുനിന്നു വരുന്നതായി തോന്നുന്ന അസംഖ്യം ജലകണങ്ങളാണ്‌ നവോന്മേഷമേകുന്ന മഞ്ഞിന്റെ ശിൽപ്പികൾ. സമാനമായി, ഒരൊറ്റ നന്മ പ്രവൃത്തി മറ്റുള്ളവർക്ക്‌ നവോന്മേഷം പകരാൻ സാധ്യത കുറവാണ്‌; ക്രിസ്‌തുസമാന വ്യക്തിത്വത്തിന്റെ പ്രതിഫലനമായ ഒരുപാടൊരുപാട്‌ പ്രവൃത്തികൾ വേണ്ടിവരും അതിന്‌.

“സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (റോമർ 12:10) ആ ബുദ്ധിയുപദേശം നമുക്കു ജീവിതത്തിൽ പകർത്താം. നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർക്കു നവോന്മേഷമേകട്ടെ.

[16-ാം പേജിലെ ചിത്രങ്ങൾ]

സസ്യലതാദികൾക്കു നവോന്മേഷമേകുന്ന ഹെർമോന്യമഞ്ഞ്‌

[17-ാം പേജിലെ ചിത്രം]

സഹാനുഭൂതിയുള്ള ഒരു ശ്രോതാവ്‌ നവോന്മേഷത്തിന്റെ ഉറവാണ്‌