വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരാതന മൺപാത്രശകലങ്ങൾ ബൈബിൾചരിത്രത്തെ സ്ഥിരീകരിക്കുന്നു

പുരാതന മൺപാത്രശകലങ്ങൾ ബൈബിൾചരിത്രത്തെ സ്ഥിരീകരിക്കുന്നു

പുരാതന മൺപാത്രശകലങ്ങൾ ബൈബിൾചരിത്രത്തെ സ്ഥിരീകരിക്കുന്നു

ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌. (2 തിമൊഥെയൊസ്‌ 3:16) പണ്ടുകാലത്തെ ആളുകൾ, സ്ഥലങ്ങൾ, മത-രാഷ്‌ട്രീയ പശ്ചാത്തലം എന്നിവയെക്കുറിച്ചെല്ലാം അതു പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണ്‌. പുരാവസ്‌തുകണ്ടെത്തലുകൾ ബൈബിൾരേഖ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം സുതാര്യമാക്കുകയോ ദൃഢീകരിക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും തിരുവെഴുത്തുകളുടെ ആധികാരികത ഒരിക്കലും അത്തരം കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുന്നില്ല.

മൺമറഞ്ഞ പുരാതന നഗരങ്ങളിൽ നടത്തിയിട്ടുള്ള ഉത്‌ഖനനങ്ങളിൽ ഏറ്റവുമധികം കണ്ടെടുത്തിട്ടുള്ളത്‌ മൺപാത്രശകലങ്ങളാണ്‌. ഈജിപ്‌ത്‌, മെസൊപ്പൊത്താമ്യ എന്നിവ ഉൾപ്പെടെയുള്ള പുരാതന മധ്യപൂർവ ദേശത്തെ നിരവധി സ്ഥലങ്ങളിൽ എഴുത്തിന്‌ ഉപയോഗിച്ചിരുന്ന ചെലവുകുറഞ്ഞ ഉപാധിയായിരുന്നു മൺപാത്രശകലങ്ങൾ അഥവാ ഓസ്‌ട്രക്ക. ഇന്നു നാം കടലാസ്സും മറ്റും ഉപയോഗിക്കുന്നതുപോലെ വിൽപ്പനരേഖകൾ, ഉടമ്പടികൾ, കണക്കുകൾ എന്നിവയെല്ലാം രേഖപ്പെടുത്താൻ ഇത്തരം പാത്രശകലങ്ങൾ ഉപയോഗിച്ചിരുന്നു. കേവലം ഒരു വാക്കുമുതൽ പല വരികളും കോളങ്ങളുംവരെ ദീർഘിക്കുന്ന അത്തരം എഴുത്തുകൾ സാധാരണഗതിയിൽ മഷിയിലാണു രേഖപ്പെടുത്തിയിരുന്നത്‌.

ഇസ്രായേലിൽനിന്ന്‌ പുരാവസ്‌തുശാസ്‌ത്രജ്ഞർ ബൈബിൾകാലങ്ങളിലെ ഒട്ടനവധി പാത്രശകലങ്ങൾ കണ്ടെടുത്തിട്ടുണ്ട്‌. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) ഏഴും എട്ടും നൂറ്റാണ്ടുകളിലേതെന്നു കണക്കാക്കപ്പെടുന്ന അത്തരം മൂന്നു ശേഖരങ്ങൾ—ശമര്യ ഓസ്‌ട്രക്ക, അരാദ്‌ ഓസ്‌ട്രക്ക, ലാഖീശ്‌ ഓസ്‌ട്രക്ക എന്നിവ—ബൈബിളിലെ ചരിത്രഗന്ധിയായ നിരവധി വിവരങ്ങളെ സ്ഥിരീകരിക്കുന്നതിനാൽ പ്രത്യേകം ശ്രദ്ധാർഹമാണ്‌. ഈ ഓരോ ശേഖരവും നമുക്കിപ്പോൾ അടുത്തു പരിശോധിക്കാം.

ശമര്യ ഓസ്‌ട്രക്ക

പൊ.യു.മു. 740-ൽ അസീറിയക്കാർ പിടിച്ചടക്കുന്നതുവരെ, പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ശമര്യ. ശമര്യയുടെ ഉത്ഭവത്തെക്കുറിച്ച്‌ 1 രാജാക്കന്മാർ 16:23, 24 ഇങ്ങനെ പറയുന്നു: “യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ [പൊ.യു.മു. 947] ഒമ്രി യിസ്രായേലിൽ രാജാവായി. . . . പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു . . . ശമര്യാ എന്നു പേരിട്ടു.” റോമാക്കാരുടെ നാളുകളിലും ആ പട്ടണം നിലനിന്നിരുന്നു, ശബാസ്റ്റി എന്ന മറ്റൊരു പേരിലായിരുന്നു എന്നുമാത്രം. പൊതുയുഗം (പൊ.യു.) ആറാം നൂറ്റാണ്ടിൽ ആ നഗരം നാമാവശേഷമായി.

പുരാതന ശമര്യയിൽ 1910-ൽ നടന്ന ഒരു ഉത്‌ഖനനത്തിന്റെ ഫലമായി പുരാവസ്‌തു ശാസ്‌ത്രജ്ഞർ കുറേ ഓസ്‌ട്രക്ക കണ്ടെടുത്തു, അവ പൊ.യു.മു. എട്ടാം നൂറ്റാണ്ടിലേതാണെന്നാണ്‌ അവരുടെ കണക്കുകൂട്ടൽ. ചുറ്റുമുള്ള പല സ്ഥലങ്ങളിൽനിന്നും ശമര്യയിലേക്ക്‌ എണ്ണയും വീഞ്ഞും കൊണ്ടുവന്നിരുന്നതായി അവയിൽ രേഖപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലിനെക്കുറിച്ച്‌ പുരാതന ആലേഖനങ്ങൾ—ബൈബിൾനാടുകളുടെ മർമരങ്ങൾ എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “1910-ൽ കണ്ടെടുത്ത . . . 63 പാത്രശകലങ്ങളെ, പുരാതന ഇസ്രായേലിൽനിന്നുള്ള ലിഖിത സാമഗ്രികളുടെ അതിപ്രധാന ശേഖരങ്ങളിലൊന്നായി കണക്കാക്കുന്നതു സമുചിതമാണ്‌. ശമര്യ ഓസ്‌ട്രക്കയുടെ ഉള്ളടക്കമല്ല, പിന്നെയോ ഇസ്രായേല്യ വ്യക്തികളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകൾ, കുലനാമങ്ങൾ എന്നിവയുടെ സമൃദ്ധമായ സാന്നിധ്യമാണ്‌ ആ പ്രാധാന്യത്തിനു കാരണം.” എങ്ങനെയാണ്‌ ഈ പേരുകൾ ബൈബിൾരേഖയിലെ വിശദാംശങ്ങളെ സ്ഥിരീകരിക്കുന്നത്‌?

ഇസ്രായേല്യർ വാഗ്‌ദത്തദേശം കീഴടക്കുകയും വിവിധ ഗോത്രങ്ങൾക്കായി അതു ഭാഗംവെക്കുകയും ചെയ്‌തപ്പോൾ മനശ്ശെഗോത്രത്തിന്റെ പ്രദേശത്തായിരുന്നു ശമര്യയുടെ സ്ഥാനം. യോശുവ 17:1-6 അനുസരിച്ച്‌ മനശ്ശെയുടെ പൗത്രനായ ഗിലെയാദിലൂടെ ഉത്ഭവിച്ച പത്തു കുലങ്ങൾക്ക്‌ അവകാശം ലഭിച്ചത്‌ പ്രസ്‌തുത പ്രദേശത്തായിരുന്നു. അബീയേസെർ, ഹേലെക്‌, അസ്രീയേൽ, ശേഖെം, ശെമീദ, ആറാമത്തെ പുരുഷപ്രജയായ ഹേഫെറിന്റെ പൗത്രിമാരായ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു അവർ. ഹേഫെറിനു പൗത്രന്മാർ ഇല്ലായിരുന്നതിനാലാണ്‌ അവന്റെ പൗത്രിമാർക്ക്‌ അവകാശം ലഭിച്ചത്‌.—സംഖ്യാപുസ്‌തകം 27:1-7.

ഇതിൽ ഏഴു കുലങ്ങളുടെ പേര്‌—ഗിലെയാദിന്റെ അഞ്ച്‌ ആൺമക്കളുടെ പേരും ഹേഫെറിന്റെ പൗത്രമാരിൽ രണ്ടുപേരുടെ പേരും—ശമര്യ ഓസ്‌ട്രക്കയിലുണ്ട്‌. “മനശ്ശെയുടെ കുലങ്ങൾ, അവർക്ക്‌ അവകാശം കിട്ടിയതായി ബൈബിൾ പറയുന്ന പ്രദേശങ്ങളിൽ വസിച്ചിരുന്നു എന്നതിന്റെ ബൈബിളേതര തെളിവാണ്‌ ശമര്യ ഓസ്‌ട്രക്കയിൽ കാണപ്പെടുന്ന പേരുകൾ” എന്ന്‌ എൻഐവി ആർക്കിയോളജിക്കൽ സ്റ്റഡി ബൈബിൾ പറയുന്നു. അങ്ങനെ ഈ മൺപാത്രശകലങ്ങൾ, ഇസ്രായേല്യ ഗോത്രചരിത്രത്തിന്റെ പ്രാരംഭഘട്ടം സംബന്ധിച്ച ബൈബിൾവിവരണത്തെ സ്ഥിരീകരിക്കുന്നു.

ഇസ്രായേല്യരുടെ മതസാഹചര്യം സംബന്ധിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങളെയും ശമര്യ ഓസ്‌ട്രക്ക ശരിവെക്കുന്നതായി കാണപ്പെടുന്നു. ശമര്യ ഓസ്‌ട്രക്ക എഴുതപ്പെട്ട കാലത്ത്‌, ഇസ്രായേല്യർ യഹോവയുടെ ആരാധനയെ കനാന്യദൈവമായ ബാലിന്റെ ആരാധനയുമായി കൂട്ടിക്കുഴച്ചിരുന്നു. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽത്തന്നെ എഴുതപ്പെട്ട ഹോശേയ പ്രവചനം, ഇസ്രായേല്യർ മേലാൽ യഹോവയെ “ബാലീ” അഥവാ “ഉടയവനേ” എന്നു വിളിക്കുന്നതിനു പകരം അനുതാപപൂർവം “ഭർത്താവേ” എന്നു വിളിക്കുന്ന ഒരു സമയം വരുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. (ഹോശേയ 2:16, 17) ശമര്യ ഓസ്‌ട്രക്കയിൽ കാണപ്പെട്ട ചില വ്യക്തിനാമങ്ങളുടെ അർഥം “ബാൽ എന്റെ പിതാവ്‌,” “ബാൽ പാടുന്നു,” “ബാൽ ശക്തിമാൻ,” “ബാൽ സ്‌മരിക്കുന്നു” എന്നൊക്കെയാണ്‌. ഓരോ 18 വ്യക്തിനാമങ്ങളിലും, യഹോവയുടെ നാമത്തിന്റെ ഏതെങ്കിലുമൊരു രൂപം ഉൾക്കൊള്ളുന്ന 11 പേരുകളും ബാലിന്റെ നാമരൂപങ്ങളടങ്ങിയ 7 പേരുകളും കാണപ്പെടുന്നു.

അരാദ്‌ ഓസ്‌ട്രക്ക

യെരൂശലേമിന്റെ തെക്കുഭാഗത്ത്‌, പൊതുവേ വരണ്ട കാലാവസ്ഥയുള്ള നേഗെബ്‌ എന്ന സ്ഥലത്തു സ്ഥിതിചെയ്‌തിരുന്ന പുരാതന നഗരമാണ്‌ അരാദ്‌. അവിടെ നടന്ന ഉത്‌ഖനനത്തിൽ, ശലോമോന്റെ ഭരണകാലംമുതൽ (പൊ.യു.മു. 1037-998) ബാബിലോൺ യെരൂശലേമിനെ നശിപ്പിച്ചതുവരെയുള്ള (പൊ.യു.മു. 607) കാലഘട്ടത്തിൽ ഒന്നിനു പുറകെ ഒന്നായി പണികഴിപ്പിച്ച ആറ്‌ ഇസ്രായേല്യ കോട്ടകൾ വെളിച്ചംകണ്ടു. ബൈബിൾകാലങ്ങളിലെ ഓസ്‌ട്രക്കയുടെ ഏറ്റവും വിപുലമായ ശേഖരവും അരാദിൽനിന്നു കുഴിച്ചെടുത്തു. എബ്രായ, അരാമിക്‌ തുടങ്ങിയ ഭാഷകളിൽ ആലേഖനങ്ങൾ ഉണ്ടായിരുന്ന 200-ലധികം വസ്‌തുക്കളും അതിൽ ഉൾപ്പെട്ടിരുന്നു.

പുരോഹിത കുടുംബങ്ങളെക്കുറിച്ചുള്ള ബൈബിൾവിവരങ്ങൾ ശരിയാണെന്നു തെളിയിക്കുന്നവയാണ്‌ അരാദ്‌ ഓസ്‌ട്രക്കയിൽ ചിലവ. ഉദാഹരണത്തിന്‌ ഒരു പാത്രശകലത്തിൽ, പുറപ്പാടു 6:24-ലും സംഖ്യാപുസ്‌തകം 26:11-ലും കാണപ്പെടുന്ന “കോരഹിന്റെ പുത്രന്മാർ” എന്ന പരാമർശം കാണുന്നു. സങ്കീർത്തനം 42, 44-49, 84, 85, 87, 88 എന്നിവയെല്ലാം എഴുതിയത്‌ “കോരഹിന്റെ പുത്രന്മാർ” ആണെന്ന്‌ അവയുടെ മേലെഴുത്തുകൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. അരാദ്‌ ഓസ്‌ട്രക്ക പരാമർശിക്കുന്ന മറ്റു പുരോഹിത കുടുംബങ്ങൾ പശ്‌ഹൂരിന്റെയും മെരേമോത്തിന്റെയുമാണ്‌.—1 ദിനവൃത്താന്തം 9:12; എസ്രാ 8:33.

മറ്റൊരു ദൃഷ്ടാന്തം നോക്കുക. ബാബിലോൺ യെരൂശലേമിനെ നശിപ്പിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തേതെന്നു കണക്കാക്കുന്ന ഒരു കോട്ടയുടെ നഷ്ടശിഷ്ടങ്ങളിൽനിന്ന്‌, പ്രസ്‌തുത കോട്ടയുടെ കമാൻഡറുടെ പേർക്കുള്ള ഒരു മൺപാത്രാലേഖനം കണ്ടെടുക്കപ്പെട്ടു. തിരുവെഴുത്തു പശ്ചാത്തലം എന്ന പ്രസിദ്ധീകരണപ്രകാരം, അതിന്റെ ഒരു ഭാഗം ഇങ്ങനെയാണ്‌: “എല്യാഷിബ്‌ തിരുമനസ്സിന്‌. യാഹ്‌വെ [യഹോവ] അങ്ങയെ പരിപാലിക്കുമാറാകട്ടെ. . . . അങ്ങ്‌ എന്നെ ഭരമേൽപ്പിച്ച കാര്യം ഭദ്രംതന്നെ. അവൻ യാഹ്‌വെയുടെ ആലയത്തിലുണ്ട്‌.” ഇവിടെ പരാമർശിച്ചിരിക്കുന്ന ആലയം, ശലോമോന്റെ കാലത്തു പണികഴിപ്പിച്ച യെരൂശലേം ആലയമാണെന്ന്‌ അനേകം പണ്ഡിതന്മാർ വിശ്വസിക്കുന്നു.

ലാഖീശ്‌ ഓസ്‌ട്രക്ക

യെരൂശലേമിൽനിന്നു 43 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്‌തിരുന്ന പുരാതന കോട്ടനഗരമാണ്‌ ലാഖീശ്‌. 1930-ൽ അവിടെ നടന്ന ഖനനത്തിൽ ഒരു കൂട്ടം മൺപാത്രശകലങ്ങൾ കണ്ടുകിട്ടി. “[ബാബിലോണ്യ രാജാവായ] നെബൂഖദ്‌നേസറിന്റെ അനിവാര്യമായ ആക്രമണത്തിനായി തയ്യാറെടുക്കവേ യെഹൂദായിൽ നിലവിലിരുന്ന രാഷ്‌ട്രീയ സ്ഥിതിവിശേഷവും പ്രക്ഷുബ്ധാവസ്‌തയും വിവരിക്കുന്നതിനാൽ അതിപ്രധാനമായി” കണക്കാക്കപ്പെടുന്ന കത്തുകളാണ്‌ അവയിൽ 12 എണ്ണമെങ്കിലും.

അവയിൽ ഏറ്റവും പ്രധാനപ്പെട്ട കത്തുകൾ, സാധ്യതയനുസരിച്ചു ലാഖീശിലെ പട്ടാളമേധാവിയായ യാവോഷിനും ഒരു കീഴുദ്യോഗസ്ഥനും ഇടയിലുണ്ടായ എഴുത്തുകുത്തുകളാണ്‌. സമകാലീനനായ യിരെമ്യാവിന്റെ എഴുത്തുകളിലെ ഭാഷയ്‌ക്കു സമാനമാണ്‌ അതിലെ ഭാഷ. ഇവയിൽ രണ്ടു കത്തുകൾ ആ നിർണായക സമയത്തെക്കുറിച്ചുള്ള ബൈബിൾവിവരണത്തെ പിന്താങ്ങുന്നത്‌ എങ്ങനെയെന്നു നോക്കാം.

“അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്‌, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്‌തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ,” ഇങ്ങനെയാണ്‌ യിരെമ്യാവു പ്രവാചകൻ ആ സമയത്തെ വിശേഷിപ്പിക്കുന്നത്‌. (യിരെമ്യാവു 34:7) ലാഖീശ്‌ കത്തുകളിൽ ഒന്നിന്റെ എഴുത്തുകാരനും അതേ സംഭവം വിവരിക്കുന്നതായി കാണപ്പെടുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “ലാഖീശിൽ തീക്കുറികൾ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്‌ . . ., കാരണം അസെഖാ ഞങ്ങൾക്കു കാണാനാകുന്നില്ല.” അസെഖാ അഥവാ അസെക്കാ ബാബിലോണിന്റെ പിടിയിലായെന്നും അടുത്ത ഊഴം ലാഖീശിന്റേതാണെന്നുമാണ്‌ ഇതിന്റെ അർഥമെന്ന്‌ നിരവധി പണ്ഡിതർ കരുതുന്നു. “തീക്കുറി” സംബന്ധിച്ച പരാമർശം വിശേഷാൽ ശ്രദ്ധാർഹമാണ്‌. ആശയവിനിമയത്തിനായി അത്തരം ഉപാധികൾ ഉപയോഗിച്ചിരുന്നതായി യിരെമ്യാവു 6:1-ഉം പ്രസ്‌താവിക്കുന്നു.

മറ്റൊരു ലാഖീശ്‌ കത്ത്‌, ബാബിലോണിനെതിരായ പടനീക്കത്തിൽ ഈജിപ്‌തിന്റെ പിന്തുണ നേടാനായി യെഹൂദാ രാജാവ്‌ നടത്തിയ ശ്രമങ്ങളെക്കുറിച്ച്‌ യിരെമ്യാവും യെഹെസ്‌കേലും പറയുന്ന കാര്യങ്ങൾക്കു അടിവരയിടുന്നതായി കരുതപ്പെടുന്നു. (യിരെമ്യാവു 37:5-8; 46:25, 26; യെഹെസ്‌കേൽ 17:15-17) ആ കത്ത്‌ ഇങ്ങനെ പറയുന്നു: “അടിയന്‌ പിൻവരുന്ന വിവരം ലഭിച്ചിരിക്കുന്നു: എൽനാറ്റാന്റെ പുത്രനായ ജനറൽ കൊന്യാഹു ഈജിപ്‌തിനെ ലക്ഷ്യമാക്കി തെക്കോട്ടു പോയിരിക്കുന്നു.” ഈജിപ്‌തിന്റെ സൈനികപിന്തുണ തേടിയുള്ള ഒരു നീക്കമായിരുന്നു അതെന്ന്‌ പണ്ഡിതർ പൊതുവേ അഭിപ്രായപ്പെടുന്നു.

യിരെമ്യാവിന്റെ പുസ്‌തകത്തിലുള്ള ചില പേരുകളും ലാഖീശ്‌ ഓസ്‌ട്രക്ക പരാമർശിക്കുന്നുണ്ട്‌. നേര്യാവ്‌, യയസന്യാവ്‌, ഗെമര്യാവ്‌, എൽനാഥാൻ, കാരേഹിന്റെ മകനായ യോഹാനാ എന്നിവയാണവ. (യിരെമ്യാവു 32:12; 35:3; 36:10, 12; 42:1) ഈ പേരുകൾ പ്രസ്‌തുത വ്യക്തികളെത്തന്നെയാണോ കുറിക്കുന്നതെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നിരുന്നാലും, യിരെമ്യാവു ജീവിച്ചിരുന്നത്‌ അക്കാലത്തായിരുന്നതിനാൽ ഈ സാദൃശം ശ്രദ്ധേയമാണ്‌.

ഒരു പൊതുഘടകം

ശമര്യ, അരാദ്‌, ലാഖീശ്‌ ഓസ്‌ട്രക്കകൾ നിരവധി തിരുവെഴുത്തുവിശദാംശങ്ങളെ സ്ഥിരീകരിക്കുന്നു. കുടുംബങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകൾ, അക്കാലത്തെ മതപരവും രാഷ്‌ട്രീയവുമായ സ്ഥിതിവിശേഷത്തിന്റെ രൂപരേഖകൾ എന്നിവ അതിൽപ്പെടുന്നു. എന്നാൽ ഈ മൂന്നു ഓസ്‌ട്രക്ക ശേഖരത്തിനും പൊതുവായ ഒരു സവിശേഷതയുണ്ട്‌.

അരാദ്‌ ഓസ്‌ട്രക്കയിലും ലാഖീശ്‌ ഓസ്‌ട്രക്കയിലും ഉൾപ്പെട്ട കത്തുകളിൽ “യഹോവ നിനക്കു സമാധാനം നൽകട്ടെ” എന്നതുപോലുള്ള പ്രയോഗങ്ങൾ കാണാം. ലാഖീശ്‌ ദൂതുകളിൽ ഏഴെണ്ണത്തിൽ ദൈവനാമം മൊത്തം 11 പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ മൂന്നു ശേഖരങ്ങളിലും കാണപ്പെടുന്ന പല എബ്രായ വ്യക്തിനാമങ്ങളും യഹോവയുടെ നാമത്തിന്റെ ചുരുക്കരൂപം അടങ്ങിയതാണ്‌. അക്കാലത്തെ ഇസ്രായേല്യർക്കിടയിൽ ദൈവനാമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നെന്ന്‌ ഈ മൺപാത്രക്കഷണങ്ങൾ സ്ഥിരീകരിക്കുന്നു.

[13-ാം പേജിലെ ചിത്രം]

അരാദിന്റെ ശൂന്യശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്ത, എല്യാഷിബ്‌ എന്ന വ്യക്തിയുടെ പേർക്കുള്ള ഒരു മൺപാത്രാലേഖനം

[കടപ്പാട്‌]

Photograph © Israel Museum, Jerusalem; courtesy of Israel Antiquities Authority

[14-ാം പേജിലെ ചിത്രം]

ദൈവനാമമടങ്ങിയ ഒരു ലാഖീശ്‌ കത്ത്‌

[കടപ്പാട്‌]

Photograph taken by courtesy of the British Museum