വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലൂക്കൊസ്‌ പ്രിയങ്കരനായ കൂട്ടുവേലക്കാരൻ

ലൂക്കൊസ്‌ പ്രിയങ്കരനായ കൂട്ടുവേലക്കാരൻ

ലൂക്കൊസ്‌ പ്രിയങ്കരനായ കൂട്ടുവേലക്കാരൻ

വർഷം പൊതുയുഗം (പൊ.യു.) 65. സ്ഥലം റോം. അപ്പൊസ്‌തലനായ പൗലൊസിന്റെ സ്‌നേഹിതനാണു താനെന്ന കാര്യം പുറത്തറിഞ്ഞാൽ അതെത്ര അപകടമാണെന്ന്‌ നന്നായി അറിയാമായിരുന്നു ലൂക്കൊസിന്‌. കാരണം, പൗലൊസ്‌ അപ്പോൾ വിശ്വാസത്തെപ്രതി വിചാരണ നേരിടുകയായിരുന്നു. വധശിക്ഷ ലഭിക്കുമെന്ന കാര്യം മിക്കവാറും ഉറപ്പായിരുന്നു. ആ നിർണായക സമയത്തു പക്ഷേ, ലൂക്കൊസാണ്‌ അപ്പൊസ്‌തലനോടൊപ്പം ഉണ്ടായിരുന്നത്‌, ലൂക്കൊസ്‌ മാത്രം!—2 തിമൊഥെയൊസ്‌ 4:6, 11.

ബൈബിൾ വായിക്കുന്നവർക്ക്‌ ലൂക്കൊസ്‌ സുപരിചിതനാണ്‌. കാരണം, അവൻ എഴുതിയ സുവിശേഷം ആ പേരിലാണ്‌ അറിയപ്പെടുന്നത്‌. അനേകം യാത്രകളിൽ പൗലൊസിനൊപ്പം ഉണ്ടായിരുന്നു ലൂക്കൊസ്‌. ‘പ്രിയവൈദ്യൻ,’ ‘കൂട്ടുവേലക്കാരൻ’ എന്നൊക്കെയാണ്‌ പൗലൊസ്‌ അവനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. (കൊലൊസ്സ്യർ 4:14; ഫിലേമോൻ 24) തിരുവെഴുത്തുകളിൽ ലൂക്കൊസിനെക്കുറിച്ച്‌ അധികം പരാമർശങ്ങളില്ല. വാസ്‌തവത്തിൽ മൂന്നു പ്രാവശ്യം മാത്രമേ ആ പേര്‌ നാം കാണുന്നുള്ളൂ. ലൂക്കൊസിനെ അടുത്തറിയുമ്പോൾ, ആ വിശ്വസ്‌ത ക്രിസ്‌ത്യാനിയെക്കുറിച്ചുള്ള പൗലൊസിന്റെ വികാരമാകും നിങ്ങൾക്കും തോന്നുക.

എഴുത്തുകാരനും മിഷനറിയും

ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്‌തല പ്രവൃത്തികളും തെയോഫിലോസിനെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതാണ്‌. ദിവ്യനിശ്വസ്‌തമായ ഈ രണ്ടു പുസ്‌തകങ്ങളുടെയും എഴുത്തുകാരൻ ലൂക്കൊസ്‌ ആണെന്നാണ്‌ അതു കാണിക്കുന്നത്‌. (ലൂക്കൊസ്‌ 1:1; പ്രവൃത്തികൾ 1:1) യേശുക്രിസ്‌തുവിന്റെ ശുശ്രൂഷക്കാലത്ത്‌ താൻ അവനോടൊപ്പം ഉണ്ടായിരുന്നതായി ലൂക്കൊസ്‌ അവകാശപ്പെടുന്നില്ല. മറിച്ച്‌, തനിക്കു വിവരങ്ങൾ കിട്ടിയത്‌ ദൃക്‌സാക്ഷികളിൽ നിന്നായിരുന്നെന്നും താൻ “ആദിമുതൽ സകലവും സൂക്ഷ്‌മമായി പരിശോധി”ച്ചെന്നുമാണ്‌ അവൻ പറയുന്നത്‌. (ലൂക്കൊസ്‌ 1:1-4) അതുകൊണ്ട്‌ ലൂക്കൊസ്‌ ക്രിസ്‌തുവിന്റെ ശിഷ്യനായിത്തീർന്നത്‌ സാധ്യതയനുസരിച്ച്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം അൽപ്പകാലം കഴിഞ്ഞായിരിക്കണം.

ലൂക്കൊസിന്റെ സ്വദേശം ശമര്യയിലെ അന്ത്യൊക്ക്യയാണെന്നു ചിലർ കരുതുന്നു. ആ നഗരത്തിൽ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ പ്രവൃത്തികളുടെ പുസ്‌തകത്തിൽ കാണാമെന്നതാണു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്‌. മാത്രമല്ല, “നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ” സംബന്ധിച്ചു പറയവേ, ഒരാളെക്കുറിച്ചുമാത്രം “യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ” എന്നു പറയുന്നുണ്ട്‌; മറ്റ്‌ ആറു പേരുടെയും സ്വദേശം ഏതാണെന്നു പരാമർശിക്കുന്നുമില്ല. തന്റെ സ്വന്തനഗരത്തോടുള്ള ലൂക്കൊസിന്റെ താത്‌പര്യമാണ്‌ ഇതിന്റെ പിന്നിലെന്ന്‌ ഉറപ്പിച്ചുപറയാൻ പക്ഷേ നമുക്കാവില്ല.—പ്രവൃത്തികൾ 6:3-6.

പ്രവൃത്തികളുടെ പുസ്‌തകത്തിൽ ലൂക്കൊസിന്റെ പേര്‌ പരാമർശിക്കുന്നില്ലെങ്കിലും ചില ഭാഗങ്ങളിൽ “ഞങ്ങൾ,” “ഞങ്ങളുടെ,” “ഞങ്ങളെ” എന്നീ സർവനാമങ്ങൾ ഉപയോഗിക്കുന്നതായി കാണാം. ചില സംഭവങ്ങൾ നടക്കുമ്പോൾ ലൂക്കൊസ്‌ അവിടെ ഉണ്ടായിരുന്നുവെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. പൗലൊസിന്റെയും സഹചാരികളുടെയും ഏഷ്യാമൈനറിലൂടെയുള്ള യാത്രയെക്കുറിച്ചു വിവരിക്കുമ്പോൾ, “അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി” എന്ന്‌ ലൂക്കൊസ്‌ എഴുതുന്നു. ത്രോവാസിൽവെച്ചാണ്‌ മക്കെദോന്യെക്കാരനായ ഒരു പുരുഷൻ, “മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന്‌ അപേക്ഷിക്കുന്നതായുള്ള ദർശനം പൗലൊസിനു ലഭിച്ചത്‌. “ഈ ദർശനം കണ്ടിട്ടു . . . ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു” എന്ന്‌ ലൂക്കൊസ്‌ പറയുന്നു. (പ്രവൃത്തികൾ 16:8-10) “അവർ” എന്നു പറഞ്ഞുതുടങ്ങിയിട്ട്‌ പിന്നീട്‌ “ഞങ്ങൾ” എന്ന്‌ ഉപയോഗിക്കുന്നത്‌ ത്രോവാസിൽവെച്ച്‌ ലൂക്കൊസ്‌ പൗലൊസിന്റെ സംഘത്തോടൊപ്പം ചേർന്നെന്നാണു കാണിക്കുന്നത്‌. തുടർന്ന്‌, ഫിലിപ്പിയിലെ പ്രസംഗപ്രവർത്തനം ലൂക്കൊസ്‌ ബഹുവചന പ്രഥമപുരുഷനിലാണു വർണിക്കുന്നത്‌. അവനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന്‌ ഇതു സൂചിപ്പിക്കുന്നു. “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്‌ത്രീകളോടു സംസാരിച്ചു” എന്ന്‌ അവൻ എഴുതി. തത്‌ഫലമായി ലുദിയയും കുടുംബവും വിശ്വസിച്ചു സ്‌നാപനമേറ്റു.—പ്രവൃത്തികൾ 16:11-15.

ഫിലിപ്പിയിൽവെച്ച്‌, “വെളിച്ചപ്പാടത്തിയായി” ലക്ഷണം പറയുന്ന ഒരു ബാല്യക്കാരത്തിയെ പൗലൊസ്‌ സുഖപ്പെടുത്തി. അത്‌ എതിർപ്പിനു വഴിവെച്ചു. തങ്ങളുടെ വരുമാനം നിലച്ചതു കണ്ട അവളുടെ യജമാനന്മാർ പൗലൊസിനെയും ശീലാസിനെയും മർദിച്ചു തടവിലാക്കി. എന്നാൽ ലൂക്കൊസ്‌ അറസ്റ്റു ചെയ്യപ്പെട്ടില്ല എന്നതു വ്യക്തമാണ്‌. കാരണം, സഹചാരികളുടെ കഷ്ടങ്ങളെക്കുറിച്ച്‌ വിവരിക്കവേ അവൻ തന്നെ അതിൽ ഉൾപ്പെടുത്തുന്നില്ല. മോചിതരായപ്പോൾ “[പൗലൊസും ശീലാസും] . . . സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടുപോയി.” മറ്റൊരവസരത്തിൽ പൗലൊസ്‌ ഫിലിപ്പിയിലേക്കു തിരിച്ചുവന്നതിനെക്കുറിച്ചു വിവരിക്കവേ, ലൂക്കൊസ്‌ വീണ്ടും പ്രഥമപുരുഷ സർവനാമം ഉപയോഗിച്ചുതുടങ്ങി. (പ്രവൃത്തികൾ 16:16-40; 20:5, 6) ഒരുപക്ഷേ ഫിലിപ്പിയിലെ വേലയ്‌ക്കു മേൽനോട്ടം വഹിക്കാൻ ലൂക്കൊസ്‌ അവിടെത്തന്നെ തങ്ങിയിരിക്കാം.

വിവര ശേഖരണം

സുവിശേഷവും പ്രവൃത്തികളുടെ പുസ്‌തകവും എഴുതുന്നതിനാവശ്യമായ വിവരങ്ങൾ ലൂക്കൊസിന്‌ എങ്ങനെയാണു ലഭിച്ചത്‌? ലൂക്കൊസ്‌ തന്നെ ഉൾപ്പെടുത്തിക്കൊണ്ടു പറയുന്ന പ്രവൃത്തികളുടെ പുസ്‌തകത്തിലെ ഭാഗങ്ങൾ, ഫിലിപ്പിയിൽനിന്നു യെരൂശലേമിലേക്കുള്ള പൗലൊസിന്റെ യാത്രയിൽ ലൂക്കൊസും കൂടെയുണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. അവിടെവെച്ചാണ്‌ അപ്പൊസ്‌തലൻ വീണ്ടും അറസ്റ്റു ചെയ്യപ്പെടുന്നത്‌. ആ യാത്രയ്‌ക്കിടയിൽ പൗലൊസിന്റെ സംഘം കൈസര്യയിൽ ഫിലിപ്പൊസ്‌ എന്ന സുവിശേഷകനോടൊപ്പം താമസിച്ചു. (പ്രവൃത്തികൾ 20:6; 21:1-17) ഫിലിപ്പൊസായിരുന്നു ശമര്യയിലെ പ്രസംഗപ്രവർത്തനത്തിനു നേതൃത്വം വഹിച്ചിരുന്നത്‌. അതുകൊണ്ട്‌ അവിടത്തെ ആദിമ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലൂക്കൊസ്‌ അവനിൽനിന്നു ശേഖരിച്ചിരിക്കാം. (പ്രവൃത്തികൾ 8:4-25) മറ്റാരിൽനിന്നൊക്കെ ലൂക്കൊസിനു വിവരങ്ങൾ ലഭിച്ചിരിക്കാം?

പൗലൊസ്‌ കൈസര്യയിൽ തടവിലായിരുന്ന രണ്ടു വർഷക്കാലം തന്റെ സുവിശേഷം എഴുതുന്നതിന്‌ ആവശ്യമായ ഗവേഷണം നടത്താനുള്ള അവസരം ലൂക്കൊസിനു ലഭിച്ചു. യെരൂശലേമിൽനിന്ന്‌ അധികം ദൂരത്തല്ലായിരുന്നതിനാൽ യേശുവിന്റെ വംശാവലി സംബന്ധിച്ച രേഖകൾ പരിശോധിക്കാനുമായി. യേശുവിന്റെ ജീവിതത്തോടും ശുശ്രൂഷയോടും ബന്ധപ്പെട്ട ചില സംഭവങ്ങൾ ലൂക്കൊസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഒരു പണ്ഡിതൻ അത്തരം 82 ഭാഗങ്ങൾ ലൂക്കൊസിന്റെ സുവിശേഷത്തിൽ കണ്ടെത്തുകയുണ്ടായി.

യോഹന്നാൻ സ്‌നാപകന്റെ ജനനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലൂക്കൊസിനു ലഭിച്ചത്‌ യോഹന്നാന്റെ അമ്മയായ എലീശബെത്തിൽനിന്നായിരിക്കാൻ സാധ്യതയുണ്ട്‌. യേശുവിന്റെ ജനനത്തെയും അവന്റെ ആദ്യവർഷങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നൽകിയത്‌ യേശുവിന്റെ അമ്മയായ മറിയയായിരിക്കാം. (ലൂക്കൊസ്‌ 1:5-80) അത്ഭുതകരമായ മീൻപിടിത്തത്തെക്കുറിച്ചുള്ള വിവരം ലൂക്കൊസ്‌ അറിഞ്ഞത്‌ പത്രൊസോ യാക്കോബോ യോഹന്നാനോ പറഞ്ഞായിരിക്കണം. (ലൂക്കൊസ്‌ 5:4-10) നല്ല അയൽക്കാരനായ ശമര്യക്കാരൻ, ഇടുക്കമുള്ള വാതിൽ, കാണാതെപോയ നാണയം, മുടിയനായ പുത്രൻ, ധനവാനും ലാസറും എന്നിങ്ങനെ യേശു പറഞ്ഞ ചില ദൃഷ്ടാന്തങ്ങൾ ലൂക്കൊസിന്റെ സുവിശേഷത്തിൽ മാത്രമേ കാണാനാകൂ.—ലൂക്കൊസ്‌ 10:29-37; 13:23, 24; 15:8-32; 16:19-31.

ആളുകളിൽ വലിയ താത്‌പര്യമുണ്ടായിരുന്നു ലൂക്കൊസിന്‌. മറിയയുടെ ശുദ്ധീകരണയാഗത്തെയും വിധവയുടെ പുത്രനെ ഉയിർപ്പിച്ചതിനെയും ഒരു സ്‌ത്രീ യേശുവിന്റെ പാദത്തിൽ തൈലം പൂശിയതിനെയും കുറിച്ച്‌ ലൂക്കൊസ്‌ രേഖപ്പെടുത്തുന്നുണ്ട്‌. ക്രിസ്‌തുവിനു ശുശ്രൂഷ ചെയ്‌ത സ്‌ത്രീകളെപ്പറ്റിയും മാർത്തയും മറിയയും അവനെ സത്‌കരിച്ചതിനെക്കുറിച്ചും ലൂക്കൊസിന്റെ സുവിശേഷത്തിൽ കാണാം. ഒട്ടും നിവരാൻ കഴിയാത്ത കൂനിയായൊരു സ്‌ത്രീയെയും മഹോദരമുള്ള ഒരു മനുഷ്യനെയും പത്തു കുഷ്‌ഠരോഗികളെയും സുഖപ്പെടുത്തിയതിനെ സംബന്ധിച്ചും ലൂക്കൊസ്‌ തന്റെ സുവിശേഷത്തിൽ വിവരിക്കുന്നു. യേശുവിനെ കാണാനായി, ഉയരംകുറഞ്ഞ സക്കായി മരത്തിൽ കയറിയതിനെക്കുറിച്ചും യേശുവിനോടൊപ്പം വധിക്കപ്പെട്ട കുറ്റവാളികളിൽ ഒരാളുടെ മനസ്‌താപത്തെക്കുറിച്ചുംകൂടെ രേഖപ്പെടുത്തുന്നുണ്ട്‌ ലൂക്കൊസ്‌.—ലൂക്കൊസ്‌ 2:24; 7:11-17, 36-50; 8:2, 3; 10:38-42; 13:10-17; 14:1-6; 17:11-19; 19:1-10; 23:39-43.

യേശുവിന്റെ ദൃഷ്ടാന്തത്തിലെ നല്ല ശമര്യക്കാരൻ പരിക്കുപറ്റിയ വഴിയാത്രക്കാരന്റെ മുറിവു വെച്ചുകെട്ടിയതു സംബന്ധിച്ച്‌ ലൂക്കൊസിന്റെ സുവിശേഷം പരാമർശിക്കുന്നതു ശ്രദ്ധേയമാണ്‌. അണുനാശിനിയായ വീഞ്ഞും വേദന ശമിപ്പിക്കുന്ന തൈലവും ഉപയോഗിച്ചുകൊണ്ട്‌ അവൻ പ്രഥമശുശ്രൂഷ നൽകിയതായുള്ള യേശുവിന്റെ വിവരണം ഒരു വൈദ്യന്റെ സ്ഥാനത്തുനിന്നുകൊണ്ട്‌ ലൂക്കൊസ്‌ രേഖപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തം.—ലൂക്കൊസ്‌ 10:30-37.

ഒരു തടവുകാരന്റെ ആത്മമിത്രം

പൗലൊസിനെക്കുറിച്ചു ചിന്തയുള്ളവനായിരുന്നു ലൂക്കൊസ്‌. പൗലൊസ്‌ കൈസര്യയിൽ തടവിലായിരുന്നപ്പോൾ “അവന്റെ സ്‌നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു” ആരും തടയരുതെന്ന്‌ റോമൻ നാടുവാഴിയായിരുന്ന ഫേലിക്‌സ്‌ കൽപ്പിക്കുകയുണ്ടായി. (പ്രവൃത്തികൾ 24:23) ആ സ്‌നേഹിതന്മാരുടെ കൂട്ടത്തിൽ സാധ്യതയനുസരിച്ച്‌ ലൂക്കൊസും ഉണ്ടായിരുന്നു. പൗലൊസിന്‌ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ അവനെ പരിചരിക്കുന്നത്‌ ആ ‘പ്രിയവൈദ്യന്റെ’ സേവനങ്ങളിൽ ഒന്നായിരുന്നിരിക്കണം.—കൊലൊസ്സ്യർ 4:14; ഗലാത്യർ 4:13.

പൗലൊസ്‌ കൈസറിനോട്‌ അപേക്ഷിച്ചപ്പോൾ റോമൻ നാടുവാഴിയായ ഫെസ്‌തൊസ്‌ അപ്പൊസ്‌തലനെ റോമിലേക്ക്‌ അയച്ചു. വിശ്വസ്‌തനായ ലൂക്കൊസ്‌ ആ നീണ്ട യാത്രയിൽ, തടവിലായിരുന്ന പൗലൊസിനോടൊപ്പം പോയി. യാത്രാമധ്യേ അവർക്കു നേരിട്ട ഒരു കപ്പൽച്ചേതത്തെക്കുറിച്ച്‌ ലൂക്കൊസ്‌ വിശദമായി എഴുതിയിട്ടുണ്ട്‌. (പ്രവൃത്തികൾ 24:27; 25:9-12; 27:1, 9-44) റോമിൽ വീട്ടുതടങ്കലിൽ ആയിരുന്ന കാലത്ത്‌ പൗലൊസ്‌ പല ലേഖനങ്ങൾ എഴുതുകയുണ്ടായി. അതിൽ രണ്ടെണ്ണത്തിൽ ലൂക്കൊസിനെക്കുറിച്ചു പരാമർശമുണ്ട്‌. (പ്രവൃത്തികൾ 28:29, 30; കൊലൊസ്സ്യർ 4:14; ഫിലേമോൻ 24) ഈ രണ്ടുവർഷക്കാലത്തായിരിക്കണം ലൂക്കൊസ്‌ പ്രവൃത്തികളുടെ പുസ്‌തകം എഴുതിയത്‌.

ആത്മീയ പ്രവർത്തനങ്ങളുടെ കേദാരമായിരുന്നു പൗലൊസിന്റെ വാസസ്ഥലം. അവിടെവെച്ച്‌ ലൂക്കൊസ്‌ പൗലൊസിന്റെ മറ്റുചില സഹപ്രവർത്തകരുമായി സമ്പർക്കത്തിൽ വന്നിരിക്കണം. തിഹിക്കൊസ്‌, അരിസ്‌തർഹൊസ്‌, മർക്കൊസ്‌, യൂസ്‌തൊസ്‌, എപ്പഫ്രാസ്‌, ഒനേസിമൊസ്‌ എന്നിവർ അവരിൽ ചിലർ മാത്രം.—കൊലൊസ്സ്യർ 4:7-14.

പൗലൊസ്‌ രണ്ടാം പ്രാവശ്യം തടവിലായിരുന്നപ്പോൾ മരണം അടുത്തെന്ന്‌ അവനു തോന്നിയ ഒരു സമയത്ത്‌ മറ്റെല്ലാവരും അവനെ കൈവിട്ടപ്പോഴും വിശ്വസ്‌തനും ധീരനുമായ ലൂക്കൊസ്‌ ഉണ്ടായിരുന്നു അപ്പൊസ്‌തലന്റെ കൂടെ. അറസ്റ്റിലാകാനുള്ള സാധ്യത തൃണവത്‌ഗണിച്ചുകൊണ്ടാണ്‌ ലൂക്കൊസ്‌ അപ്രകാരം ചെയ്‌തത്‌. “ലൂക്കൊസ്‌ മാത്രമേ എന്നോടുകൂടെ ഉള്ളു” എന്ന പൗലൊസിന്റെ സ്വന്തം വാക്കുകൾ രേഖപ്പെടുത്തിയത്‌ ഒരുപക്ഷേ ലൂക്കൊസ്‌ ആയിരുന്നിരിക്കണം. തുടർന്ന്‌ അധികം താമസിയാതെ പൗലൊസ്‌ ശിരച്ഛേദം ചെയ്യപ്പെട്ടിരിക്കാം.—2 തിമൊഥെയൊസ്‌ 4:6-8, 11, 16.

ആത്മത്യാഗ മനഃസ്ഥിതിയും താഴ്‌മയും ഉള്ളവനായിരുന്നു ലൂക്കൊസ്‌. അവൻ തന്റെ പാണ്ഡിത്യം കൊട്ടിഘോഷിക്കുകയോ സ്വമഹിമ തേടുകയോ ചെയ്‌തില്ല. ചികിത്സാരംഗത്ത്‌ ശോഭിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും രാജ്യതാത്‌പര്യങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു ലൂക്കൊസ്‌. ലൂക്കൊസിനെപ്പോലെ നമുക്കും നിസ്സ്വാർഥം സുവാർത്ത ഘോഷിക്കുകയും താഴ്‌മയോടെ സേവിച്ചുകൊണ്ട്‌ യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്യാം.—ലൂക്കൊസ്‌ 12:31.

[19-ാം പേജിലെ ചതുരം]

തെയോഫിലോസ്‌ ആരായിരുന്നു?

ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്‌തല പ്രവൃത്തികളും തെയോഫിലോസിനെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതായിരുന്നു. സുവിശേഷത്തിൽ ലൂക്കൊസ്‌ അദ്ദേഹത്തെ ‘അതിശ്രേഷ്‌ഠൻ’ എന്നു വിളിച്ചിരിക്കുന്നു. (ലൂക്കൊസ്‌ 1:1, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) സമ്പന്നരെയും റോമൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും സംബോധന ചെയ്യാനാണ്‌ ആ വാക്ക്‌ ഉപയോഗിച്ചിരുന്നത്‌. യഹൂദ്യയിലെ റോമൻ നാടുവാഴിയായ ഫെസ്‌തൊസിനെ അഭിസംബോധന ചെയ്യവേ അപ്പൊസ്‌തലനായ പൗലൊസ്‌ ഉപയോഗിച്ചതും സമാനമായ ഒരു പദമാണ്‌.—പ്രവൃത്തികൾ 26:25.

യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ടിട്ടുണ്ടായിരുന്ന തെയോഫിലോസിന്‌ അതിൽ താത്‌പര്യം ഉണ്ടായിരുന്നിരിക്കണം. “[തെയോഫിലോസിനു] ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം . . . അറിയേണ്ടതിന്നു” തന്റെ സുവിശേഷം അവനെ സഹായിക്കുമെന്ന്‌ ലൂക്കൊസ്‌ പ്രത്യാശിച്ചു.—ലൂക്കൊസ്‌ 1:3, 4.

ലൂക്കൊസ്‌ തെയോഫിലോസിനെ ‘അതിശ്രേഷ്‌ഠൻ’ എന്നു വിളിച്ചപ്പോൾ അദ്ദേഹം വിശ്വാസിയായിരുന്നിരിക്കാൻ സാധ്യതയില്ലെന്നാണ്‌ ഗ്രീക്കു പണ്ഡിതനായ റിച്ചാർഡ്‌ ലെൻസ്‌കി പറയുന്നത്‌. കാരണം “ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽ ഒരിടത്തും ഒരു സഹക്രിസ്‌ത്യാനിയെ ഇങ്ങനെ സംബോധന ചെയ്‌തിരിക്കുന്നതായി കാണാൻ കഴിയില്ല.” പ്രവൃത്തികളുടെ പുസ്‌തകത്തിൽ ലൂക്കൊസ്‌ ‘അതിശ്രേഷ്‌ഠൻ’ എന്നു വിളിക്കുന്നതിനു പകരം “തെയോഫിലൊസേ” എന്നു പേരെടുത്തു സംബോധന ചെയ്യുകയായിരുന്നു. (പ്രവൃത്തികൾ 1:1) ലെൻസ്‌കി ഈ നിഗമനത്തിലെത്തുന്നു: “ലൂക്കൊസ്‌ തെയോഫിലോസിനു സുവിശേഷം എഴുതിയപ്പോൾ ആദരണീയനായ അദ്ദേഹം ഒരു ക്രിസ്‌ത്യാനിയായിട്ടില്ലായിരുന്നെങ്കിലും ക്രിസ്‌ത്യാനിത്വത്തിൽ വലിയ താത്‌പര്യമുണ്ടായിരുന്നു; എന്നാൽ പ്രവൃത്തികളുടെ പുസ്‌തകം എഴുതി അയച്ചപ്പോഴേക്കും അദ്ദേഹം ഒരു ക്രിസ്‌ത്യാനിയായിത്തീർന്നിരുന്നു.”