വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിഷ്യരെ ഉളവാക്കാൻ സഹായകമായ ഗുണങ്ങൾ വളർത്തിയെടുക്കുക

ശിഷ്യരെ ഉളവാക്കാൻ സഹായകമായ ഗുണങ്ങൾ വളർത്തിയെടുക്കുക

ശിഷ്യരെ ഉളവാക്കാൻ സഹായകമായ ഗുണങ്ങൾ വളർത്തിയെടുക്കുക

“നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20.

1. കഴിഞ്ഞകാലത്ത്‌ ചില ദൈവദാസർക്ക്‌ ഏതൊക്കെ പ്രാപ്‌തികളും മനോഭാവങ്ങളും ആവശ്യമായി വന്നു?

യഹോവയുടെ ഇഷ്ടം ചെയ്യാനുതകുന്ന പ്രാപ്‌തികളും മനോഭാവങ്ങളും ചിലപ്പോൾ അവന്റെ ദാസർ വളർത്തിയെടുക്കേണ്ടതുണ്ട്‌. ദൈവകൽപ്പന അനുസരിച്ച്‌, സമ്പന്ന ദേശമായിരുന്ന ഊർ വിട്ടുപോയി കൂടാരങ്ങളിൽ പാർക്കേണ്ടി വന്നപ്പോൾ അബ്രാഹാമിനും സാറായ്‌ക്കും അതിനനുയോജ്യമായ പ്രാപ്‌തികളും കഴിവുകളും വളർത്തിയെടുക്കേണ്ടത്‌ ആവശ്യമായിവന്നു. (എബ്രായർ 11:8, 9, 15) ഇസ്രായേല്യരെ വാഗ്‌ദത്തദേശത്തേക്ക്‌ നയിക്കുന്നതിന്‌ യോശുവ ധൈര്യവും യഹോവയിലുള്ള ആശ്രയവും അവന്റെ കൽപ്പനകളെക്കുറിച്ചുള്ള അറിവും വർധിപ്പിക്കേണ്ടിയിരുന്നു. (യോശുവ 1:7-9) ദൈവാത്മാവിന്റെ സഹായത്താൽ ബെസലേലിനും ഒഹൊലിയാബിനും തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതിനാൽ, സമാഗമനകൂടാരത്തിന്റെ നിർമാണത്തിലും മറ്റ്‌ അനുബന്ധ പണികളിലും ഫലകരമായി പങ്കെടുക്കാനും മേൽനോട്ടംവഹിക്കാനും സാധിച്ചു.—പുറപ്പാടു 31:1-11.

2. ശിഷ്യരാക്കൽ വേലയോടു ബന്ധപ്പെട്ട ഏതൊക്കെ ചോദ്യങ്ങൾ നാം പരിചിന്തിക്കുന്നതായിരിക്കും?

2 നൂറ്റാണ്ടുകൾക്കു ശേഷം, “നിങ്ങൾ പുറപ്പെട്ടു . . . ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന നിയമനം യേശു ശിഷ്യന്മാർക്കു നൽകി. (മത്തായി 28:19, 20) സമാനതകൾ ഇല്ലാത്ത ഒരു പദവിയാണിത്‌, കാരണം ഇത്ര ബൃഹത്തായ ഒരു നിയമനം ഇതിനുമുമ്പ്‌ ആർക്കും ലഭിച്ചിട്ടില്ല. ശിഷ്യരാക്കൽ വേലയ്‌ക്ക്‌ ആവശ്യമായിരിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണ്‌? ആ ഗുണങ്ങൾ നമുക്കെങ്ങനെ വളർത്തിയെടുക്കാം?

ദൈവത്തോടുള്ള ഉറ്റസ്‌നേഹം വെളിപ്പെടുത്തുക

3. ‘ശിഷ്യരാക്കിക്കൊൾവിൻ’ എന്ന കൽപ്പന നമുക്ക്‌ എന്തിനുള്ള അവസരം ഒരുക്കുന്നു?

3 സത്യദൈവമായ യഹോവയോട്‌ ഉറ്റസ്‌നേഹം ഉണ്ടെങ്കിലേ ആളുകളെ സമീപിച്ച്‌ അവനെ ആരാധിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താൻ നാം ശ്രമിക്കൂ. പൂർണഹൃദയത്തോടെ യഹോവയുടെ കൽപ്പനകൾ അനുസരിക്കുകയും അവനു സ്വീകാര്യമായ യാഗം അർപ്പിക്കുകയും സംഗീതത്തിലൂടെ അവനെ സ്‌തുതിക്കുകയും ചെയ്‌തുകൊണ്ട്‌ ദൈവത്തോടുള്ള സ്‌നേഹം വെളിപ്പെടുത്താൻ ഇസ്രായേല്യർക്കു സാധിക്കുമായിരുന്നു. (ആവർത്തനപുസ്‌തകം 10:12, 13; 30:19, 20; സങ്കീർത്തനം 21:13; 96:1, 2; 138:5) ശിഷ്യരെ ഉളവാക്കുന്നവരെന്ന നിലയിൽ നമ്മളും ദൈവനിയമങ്ങൾ അനുസരിക്കുന്നവരാണ്‌, എന്നാൽ അവനെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയുന്നതിലൂടെയും യഹോവയോടുള്ള നമ്മുടെ സ്‌നേഹം നാം പ്രസിദ്ധമാക്കുന്നു. നമ്മുടെ ദൈവദത്ത പ്രത്യാശയെക്കുറിച്ച്‌ ഉചിതമായ വാക്കുകളിൽ, ബോധ്യത്തോടും ആത്മാർഥതയോടുംകൂടി നാം സംസാരിക്കേണ്ടതുണ്ട്‌.—1 തെസ്സലൊനീക്യർ 1:5; 1 പത്രൊസ്‌ 3:15.

4. യഹോവയെക്കുറിച്ച്‌ ആളുകളെ പഠിപ്പിക്കാൻ യേശുവിനു സന്തോഷമുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

4 യഹോവയോട്‌ അതിരറ്റ സ്‌നേഹം ഉണ്ടായിരുന്നതിനാൽ ദൈവോദ്ദേശ്യങ്ങളെയും രാജ്യത്തെയും സത്യാരാധനയെയും കുറിച്ച്‌ സംസാരിക്കുന്നത്‌ യേശുവിനു വളരെ സന്തോഷവും സംതൃപ്‌തിയും നൽകി. (ലൂക്കൊസ്‌ 8:1; യോഹന്നാൻ 4:23, 24, 31) അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ബാധകമാകുന്നതും യേശുവിനാണ്‌: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു. ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.”—സങ്കീർത്തനം 40:8, 9; എബ്രായർ 10:7-10.

5, 6. ശിഷ്യരെ ഉളവാക്കുന്നതിന്‌ ആവശ്യമായ മുഖ്യഗുണം ഏതാണ്‌?

5 പുതുതായി ബൈബിൾസത്യം പഠിക്കുന്നവർ യഹോവയോടുള്ള സ്‌നേഹത്താൽ പ്രചോദിതരായി അവനെക്കുറിച്ചും അവന്റെ രാജ്യത്തെക്കുറിച്ചും ഉറച്ച ബോധ്യത്തോടെ സംസാരിക്കുന്നത്‌ അസാധാരണമല്ല. തിരുവെഴുത്തുകൾ പഠിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിൽ അവർ വളരെ ഫലം കണ്ടെത്തുകയും ചെയ്യുന്നു. (യോഹന്നാൻ 1:41) ആളുകളെ ശിഷ്യപ്പെടുത്തുന്നതിന്‌, നമ്മെ പ്രേരിപ്പിക്കുന്ന ഏറ്റവും മുഖ്യഘടകം യഹോവയോടുള്ള നമ്മുടെ സ്‌നേഹമാണ്‌. അതുകൊണ്ട്‌ ദൈവവചനം വായിച്ചും ധ്യാനിച്ചും നമുക്ക്‌ ആ സ്‌നേഹം ജ്വലിപ്പിച്ചു നിറുത്താം.—1 തിമൊഥെയൊസ്‌ 4:6, 15; വെളിപ്പാടു 2:4.

6 ശുഷ്‌കാന്തിയുള്ള ഒരു അധ്യാപകനാകാൻ യഹോവയോടുള്ള സ്‌നേഹം യേശുവിനെ സഹായിച്ചു എന്നതിനു സംശയമില്ല. എന്നാൽ അതൊന്നു മാത്രമായിരുന്നില്ല അവനെ കാര്യപ്രാപ്‌തിയുള്ള ഒരു രാജ്യഘോഷകൻ ആക്കിയത്‌. അപ്പോൾ, ശിഷ്യരാക്കൽ വേലയിൽ വിജയം കണ്ടെത്താൻ അവനെ സഹായിച്ച മറ്റൊരു ഗുണം എന്തായിരുന്നു?

സ്‌നേഹപുരസ്സരമായ കരുതൽ

7, 8. ആളുകളോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?

7 യേശുവിന്‌ ആളുകളെക്കുറിച്ചു കരുതൽ ഉണ്ടായിരുന്നു, അവൻ അവരിൽ ആത്മാർഥമായ താത്‌പര്യവും പ്രകടമാക്കി. ഭൂമിയിൽ വരുന്നതിനുമുമ്പ്‌, ദൈവത്തിന്റെ മുഖ്യ “ശിൽപ്പി” എന്ന നിലയിൽ സ്വർഗത്തിൽ ആയിരുന്നപ്പോഴും മനുഷ്യരോടു ബന്ധപ്പെട്ട കാര്യങ്ങളിൽ അവന്‌ അതിയായ താത്‌പര്യമുണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31) ഒരു മനുഷ്യനായി ഭൂമിയിൽ വസിച്ചപ്പോഴും അവൻ ആളുകളോട്‌ അനുകമ്പയുള്ളവൻ ആയിരുന്നു, തന്റെ അടുക്കൽ വന്നവർക്ക്‌ ആശ്വാസം നൽകുകയും ചെയ്‌തു. (മത്തായി 11:28-30) യഹോവയുടെ സ്‌നേഹവും അനുകമ്പയുമാണ്‌ യേശുവിൽ പ്രതിഫലിച്ചത്‌, ഏകസത്യദൈവത്തിന്റെ ആരാധനയിലേക്ക്‌ അത്‌ ആളുകളെ ആകർഷിക്കുകയും ചെയ്‌തു. എല്ലാ തുറകളിലുമുള്ള ആളുകൾ യേശുവിനെ ശ്രദ്ധിച്ചു, കാരണം അവരിലും അവരുടെ ചുറ്റുപാടുകളിലും അവന്‌ സ്‌നേഹപുരസ്സരമായ താത്‌പര്യം ഉണ്ടായിരുന്നു.—ലൂക്കൊസ്‌ 7:36-50; 18:15-17; 19:1-10.

8 നിത്യജീവനെ അവകാശമാക്കാൻ എന്തുചെയ്യണം എന്നു ചോദിച്ച ഒരു മനുഷ്യനോട്‌ ‘യേശുവിനു സ്‌നേഹം തോന്നിയെന്ന്‌’ ബൈബിൾ പറയുന്നു. (മർക്കൊസ്‌ 10:17-21) ബേഥാന്യയിൽ അവൻ പഠിപ്പിച്ച ചിലരെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്‌നേഹിച്ചു.” (യോഹന്നാൻ 11:1, 5) ആളുകളെക്കുറിച്ചുള്ള കരുതൽമൂലം, ആവശ്യമായിരുന്ന വിശ്രമംപോലും വേണ്ടെന്നു വെച്ച്‌ യേശു അവരെ പഠിപ്പിക്കുകയുണ്ടായി. (മർക്കൊസ്‌ 6:30-34) സഹമനുഷ്യരോടുള്ള യേശുവിന്റെ സ്‌നേഹനിർഭരവും ഹൃദയംഗമവുമായ ഇത്തരം കരുതൽ സത്യാരാധനയിലേക്ക്‌ ആളുകളെ ആകർഷിക്കുന്നതിൽ അവനെ മറ്റാരെക്കാളും പ്രാപ്‌തിയുള്ളവനാക്കി.

9. ശിഷ്യപ്പെടുത്തുന്നവൻ എന്നനിലയിൽ പൗലൊസിന്റെ മനോഭാവം എന്തായിരുന്നു?

9 അപ്പൊസ്‌തലനായ പൗലൊസിനും താൻ പ്രസംഗിച്ച ആളുകളിൽ യഥാർഥ താത്‌പര്യം ഉണ്ടായിരുന്നു. തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികളോട്‌ അവൻ പറഞ്ഞു: “ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” പൗലൊസിന്റെ സ്‌നേഹം ഫലംകണ്ടു, തെസ്സലൊനീക്യയിലെ ചിലർ ‘വിഗ്രഹങ്ങളെ വിട്ടു ദൈവത്തിലേക്കു തിരിഞ്ഞു.’ (1 തെസ്സലൊനീക്യർ 1:9; 2:8) യേശുവിനെപ്പോലെയും പൗലൊസിനെപ്പോലെയും നമുക്കും ആളുകളെക്കുറിച്ചു യഥാർഥ കരുതൽ ഉണ്ടെങ്കിൽ, ‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവരിലൊക്കെയും’ സുവാർത്ത എത്തുന്നതു കാണുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ നമുക്കാകും.—പ്രവൃത്തികൾ 13:48.

ത്യാഗസന്നദ്ധരാവുക

10, 11. ശിഷ്യരാക്കൽ പ്രവർത്തനത്തിനു ത്യാഗമനഃസ്ഥിതി ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ശിഷ്യരാക്കൽ വേലയിൽ ഫലപ്രദരാകുന്നതിന്‌ ക്രിസ്‌ത്യാനികൾക്ക്‌ ത്യാഗമനഃസ്ഥിതി അനുപേക്ഷണീയമാണ്‌. സമ്പത്ത്‌ വാരിക്കൂട്ടുന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്‌ അവർ ചിന്തിക്കുന്നില്ല. വാസ്‌തവത്തിൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.” ഇതു കേട്ട്‌ ശിഷ്യന്മാർ വിസ്‌മയിച്ചു. എന്നാൽ യേശു തുടർന്നു: “മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.” (മർക്കൊസ്‌ 10:23-25) ശിഷ്യരാക്കൽ വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ ഒരു ലളിതജീവിതമാണ്‌ യേശു തന്റെ ശിഷ്യന്മാർക്കു ശുപാർശ ചെയ്‌തത്‌. (മത്തായി 6:22-24, 33) ശിഷ്യരെ ഉളവാക്കുന്ന വേലയിൽ ത്യാഗമനഃസ്ഥിതിക്ക്‌ നമ്മെ സഹായിക്കാനാകുന്നതിന്റെ കാരണമെന്ത്‌?

11 യേശു കൽപ്പിച്ച കാര്യങ്ങൾ മുഴുവനും പഠിപ്പിക്കുന്നതിന്‌ നല്ല ശ്രമം ആവശ്യമാണ്‌. ശിഷ്യരെ ഉളവാക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്‌ത്യാനി താത്‌പര്യക്കാരെ ആഴ്‌ചയിൽ ഒരിക്കലെങ്കിലും ബൈബിൾ പഠിപ്പിക്കാൻ ശ്രമിക്കും. ആത്മാർഥഹൃദയരായ ആളുകളെ അന്വേഷിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനുവേണ്ടി ചില രാജ്യഘോഷകർ അനുയോജ്യമായ ജോലികളിലേക്കു മാറിയിട്ടുണ്ട്‌. തങ്ങളുടെ പ്രദേശത്തുള്ള മറ്റു വംശീയ കൂട്ടങ്ങളോടു പ്രസംഗിക്കുന്നതിനായി അനേകക്രിസ്‌ത്യാനികൾ പുതിയൊരു ഭാഷ പഠിച്ചിരിക്കുന്നു. കൊയ്‌ത്തിൽ കൂടുതൽ ഉൾപ്പെടുന്നതിനുവേണ്ടി ചിലർ മറ്റു പ്രദേശങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ മാറിത്താമസിച്ചിട്ടുണ്ട്‌. (മത്തായി 9:37, 38) ഇതിനെല്ലാം ത്യാഗമനഃസ്ഥിതി ആവശ്യമാണ്‌. എന്നാൽ ശിഷ്യരാക്കൽ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിന്‌ ഇതിലുമധികം ആവശ്യമാണ്‌.

ക്ഷമകാണിക്കുക, പക്ഷേ സമയം പാഴാക്കരുത്‌

12, 13. ശിഷ്യരെ ഉളവാക്കുന്നതിന്‌ ക്ഷമ അത്യന്താപേക്ഷിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ശിഷ്യരെ ഉളവാക്കുന്നതിന്‌ മറ്റൊരു ഗുണവുംകൂടി നമുക്കാവശ്യമുണ്ട്‌, ക്ഷമ. നമ്മുടെ ക്രിസ്‌തീയ സന്ദേശം പെട്ടെന്നുള്ള നടപടികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ശിഷ്യരെ ഉളവാക്കുന്നതിന്‌ ധാരാളം സമയവും നല്ല ക്ഷമയും പലപ്പോഴും ആവശ്യമാണ്‌. (1 കൊരിന്ത്യർ 7:29) തന്റെ അർധ സഹോദരനായ യാക്കോബിന്റെ കാര്യത്തിൽ യേശു അക്ഷമനായില്ല. യേശുവിന്റെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നെങ്കിലും അവന്റെ ഒരു ശിഷ്യനാകുന്നതിൽനിന്ന്‌ യാക്കോബിനെ എന്തോ തടഞ്ഞിരുന്നു. (യോഹന്നാൻ 7:5) എന്നാൽ യേശുവിന്റെ മരണത്തിനും പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിനും ഇടയ്‌ക്കുള്ള ഏതാനും മാസങ്ങൾക്കുള്ളിൽ യാക്കോബ്‌ ഒരു ശിഷ്യനായിത്തീർന്നെന്ന്‌ അനുമാനിക്കാനാകും. കാരണം പ്രാർഥനക്കായി അവൻ തന്റെ അമ്മയോടും സഹോദരങ്ങളോടും അപ്പൊസ്‌തലന്മാരോടും ഒപ്പം പെന്തെക്കൊസ്‌തുനാളിൽ കൂടിവന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (പ്രവൃത്തികൾ 1:13, 14) യാക്കോബ്‌ നല്ല ആത്മീയ പുരോഗതി കൈവരുത്തി. പിന്നീട്‌ ക്രിസ്‌തീയ സഭയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 15:13; 1 കൊരിന്ത്യർ 15:7.

13 കർഷകരെപ്പോലെയാണു ക്രിസ്‌ത്യാനികളും, അവർ വിളയിക്കുന്നതും സാവധാനത്തിൽ വളരുന്ന കാര്യങ്ങളാണ്‌—ദൈവവചനത്തിലുള്ള ഗ്രാഹ്യം, യഹോവയോടുള്ള സ്‌നേഹം, ക്രിസ്‌തുസമാന മനോഭാവം. ഇവിടെ ക്ഷമ ആവശ്യമായി വരുന്നു. യാക്കോബ്‌ എഴുതി: “സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.” (യാക്കോബ്‌ 5:7, 8) “കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ” എന്നാണ്‌ യാക്കോബ്‌ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചത്‌. ശിഷ്യന്മാർക്ക്‌ മനസ്സിലാകാതിരുന്ന കാര്യങ്ങൾ യേശു ക്ഷമയോടെ, ഉപമകൾ ഉപയോഗിച്ചുപോലും വിശദീകരിച്ചു. (മത്തായി 13:10-23; ലൂക്കൊസ്‌ 19:11; 21:7; പ്രവൃത്തികൾ 1:6-8) കർത്താവു പ്രത്യക്ഷൻ ആയിരിക്കുന്ന ഈ കാലത്ത്‌, ശിഷ്യരാക്കൽ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന നമ്മളും സമാനമായ ക്ഷമ കാണിക്കേണ്ടതുണ്ട്‌. നമ്മുടെ നാളിൽ യേശുവിന്റെ ശിഷ്യന്മാരാകുന്നവർക്ക്‌ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടതുണ്ട്‌.—യോഹന്നാൻ 14:9.

14. ക്ഷമ കാണിക്കുമ്പോഴും നാമെങ്ങനെ സമയം ബുദ്ധിപൂർവം വിനിയോഗിക്കും?

14 നാം ക്ഷമ കാണിച്ചാലും നമ്മോടൊപ്പം ബൈബിൾ പഠിക്കുന്ന മിക്കവരിലും ദൈവവചനം ഫലം കായ്‌ച്ചെന്നു വരില്ല. (മത്തായി 13:18-23) അങ്ങനെയുള്ളവരെ സഹായിക്കാൻ ന്യായമായ ശ്രമം നടത്തിക്കഴിഞ്ഞാൽ, അവരോടൊത്തു സമയം ചെലവഴിക്കുന്നത്‌ അവസാനിപ്പിച്ച്‌ ബൈബിൾസത്യം വിലമതിക്കുന്ന ആളുകളെ കണ്ടെത്താൻ നാം ശ്രമിക്കും. (സഭാപ്രസംഗി 3:1, 6) ബൈബിൾസത്യം വിലമതിക്കുന്നവർക്കുപോലും അവരുടെ വീക്ഷണങ്ങൾക്കും മനോഭാവങ്ങൾക്കും മറ്റും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ശരിയായ മനോഭാവം വളർത്തിയെടുക്കാൻ ബുദ്ധിമുട്ടിയ ശിഷ്യന്മാരോടു യേശു ക്ഷമിച്ചതുപോലെ നാമും ക്ഷമയുള്ളവരായിരിക്കണം.—മർക്കൊസ്‌ 9:33-37; 10:35-45.

പ്രബോധന പാടവം മെച്ചപ്പെടുത്തുക

15, 16. ലാളിത്യവും നല്ല തയ്യാറാകലും ശിഷ്യരാക്കൽവേലയിൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ദൈവത്തോടുള്ള സ്‌നേഹം, ത്യാഗമനഃസ്ഥിതി, ക്ഷമ ഇവയെല്ലാം ശിഷ്യരാക്കൽ വേലയിൽ വിജയിക്കുന്നതിന്‌ ആവശ്യമായ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌. ഇതോടൊപ്പം പ്രബോധന പാടവവും വികസിപ്പിക്കേണ്ടതുണ്ട്‌, കാരണം വ്യക്തമായും സരളമായും കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ അതു നമ്മെ സഹായിക്കും. വിദഗ്‌ധാധ്യാപകനായ യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലുകൾ അവയുടെ ലാളിത്യം ഹേതുവായി വളരെ ഫലപ്രദമായിരുന്നു. യേശുവിന്റെ ചില പ്രസ്‌താവനകൾ ഇത്തരുണത്തിൽ നമുക്കോർക്കാൻ സാധിക്കും. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” “വിശുദ്ധമായതു നായ്‌ക്കൾക്കു കൊടുക്കരുത്‌.” “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മത്തായി 6:20; 7:6; 11:19; 22:21) ഇതിനർഥം യേശു ചെറിയ പ്രസ്‌താവനകൾ മാത്രമേ നടത്തിയിട്ടുള്ളു എന്നല്ല. കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നപ്പോൾ അവൻ അങ്ങനെ ചെയ്‌തു. യേശുവിന്റെ പ്രബോധന ശൈലി നിങ്ങൾക്കെങ്ങനെ അനുകരിക്കാനാകും?

16 വ്യക്തവും സരളവുമായി പഠിപ്പിക്കുന്നതിന്‌ നല്ല തയ്യാറാകൽ ആവശ്യമാണ്‌. അല്ലെങ്കിൽ കൂടുതൽ സംസാരിക്കാനുള്ള പ്രവണതയുണ്ടാകും. ഒരു വിഷയത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഒരു ശുശ്രൂഷകൻ പറയാൻ തുടങ്ങിയാൽ, വാക്കുകളുടെ ബാഹുല്യത്തിൽ മുഖ്യ ആശയങ്ങൾ മുങ്ങിപ്പോകാനാണ്‌ ഏറെ സാധ്യത. മറിച്ച്‌, നന്നായി തയ്യാറാകുന്ന ഒരു ശുശ്രൂഷകൻ തന്റെ വിദ്യാർഥിയെക്കുറിച്ചു ചിന്തിക്കും, വിഷയത്തെക്കുറിച്ചു ധ്യാനിക്കും, കാര്യമാത്രപ്രസക്തമായ വിവരങ്ങൾ മാത്രം അവതരിപ്പിക്കും. (സദൃശവാക്യങ്ങൾ 15:28; 1 കൊരിന്ത്യർ 2:1, 2) തന്റെ വിദ്യാർഥിക്ക്‌ എത്രമാത്രം അറിയാമെന്നും അധ്യയനസമയത്ത്‌ എടുത്തുപറയേണ്ട വിവരങ്ങൾ ഏതെല്ലാമെന്നും അദ്ദേഹം മനസ്സിൽ കുറിക്കും. ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച്‌ ആഴമായ അറിവുണ്ടെങ്കിലും വ്യക്തതയ്‌ക്കുവേണ്ടി അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

17. തിരുവെഴുത്തുകളെക്കുറിച്ചു യുക്തിയുക്തം ചിന്തിക്കാൻ നമുക്കെങ്ങനെ ആളുകളെ സഹായിക്കാനാകും?

17 കേവലം വിവരങ്ങൾ പകർന്നുകൊടുക്കുന്നതിലുപരി യേശു ആളുകളെ ചിന്തിക്കാൻ സഹായിച്ചു. ഉദാഹരണത്തിന്‌ ഒരിക്കൽ അവൻ ശിമോനോടു ചോദിച്ചു: “നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കൻമാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ?” (മത്തായി 17:25) അധ്യയനസമയത്ത്‌ ബൈബിൾസത്യം വിശദീകരിച്ചുകൊടുക്കാൻ നാം നല്ല ഉത്സാഹം കാണിച്ചേക്കാം. എന്നാൽ പഠിതാവിന്‌ തന്റെ മനസ്സിലുള്ള കാര്യങ്ങൾ പറയാൻ സാധിക്കേണ്ടതിന്‌ നാം എത്രത്തോളം സംസാരിക്കുന്നു എന്നതിന്‌ ഒരു നിയന്ത്രണം വെക്കേണ്ടതുണ്ട്‌. ചോദ്യങ്ങൾകൊണ്ട്‌ നാം ആളുകളെ വീർപ്പുമുട്ടിക്കരുത്‌. മറിച്ച്‌, നയത്തോടെ, നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച്‌, ചിന്തോദ്ദീപകമായ ചോദ്യങ്ങളുടെ സഹായത്തോടെ നമ്മുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ കാണുന്ന തിരുവെഴുത്താശയങ്ങൾ മനസ്സിലാക്കാൻ നമുക്കവരെ സഹായിക്കാം.

18. ‘പ്രബോധനപാടവം’ വികസിപ്പിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?

18 ‘പ്രബോധനപാടവത്തെക്കുറിച്ചു’ ബൈബിൾ പരാമർശിക്കുന്നുണ്ട്‌. (2 തിമൊഥെയൊസ്‌ 4:2, NW; തീത്തൊസ്‌ 1:9) ഈ പഠിപ്പിക്കൽ പ്രാപ്‌തിയിൽ വസ്‌തുതകൾ ഓർത്തുവെക്കാൻ ഒരുവനെ സഹായിക്കുന്നതിലും അധികം ഉൾപ്പെടുന്നു. സത്യവും അസത്യവും നന്മയും തിന്മയും ജ്ഞാനവും മൗഢ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ നാം ബൈബിൾ വിദ്യാർഥിയെ സഹായിക്കണം. നാം ഇതു ചെയ്യുമ്പോഴും അതുപോലെ ആ വ്യക്തിയുടെ ഹൃദയത്തിൽ യഹോവയെക്കുറിച്ചുള്ള സ്‌നേഹം വളർത്താൻ ശ്രമിക്കുമ്പോഴും, യഹോവയെ അനുസരിക്കേണ്ടതിന്റെ കാരണം കാണാൻ അയാൾക്കാകും.

ശിഷ്യരാക്കൽ വേലയിൽ ഉത്സാഹത്തോടെ പങ്കുപറ്റുക

19. ശിഷ്യരെ ഉളവാക്കുന്നതിൽ എല്ലാ ക്രിസ്‌ത്യാനികളും പങ്കുപറ്റുന്നതെങ്ങനെ?

19 ശിഷ്യരെ ഉളവാക്കുക എന്നതാണ്‌ ക്രിസ്‌തീയ സഭ ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങളിലൊന്ന്‌. ഒരു വ്യക്തി ക്രിസ്‌തുശിഷ്യനായിത്തീരുമ്പോൾ, അദ്ദേഹത്തെ കണ്ടെത്തി ബൈബിൾസത്യം പഠിപ്പിച്ച യഹോവയുടെ സാക്ഷിക്കുമാത്രമല്ല സന്തോഷിക്കാൻ വകയുള്ളത്‌. നമുക്കിങ്ങനയൊന്നു ചിന്തിക്കാം, തിക്കിലും തിരക്കിലും പെട്ട്‌ ഒരു കുട്ടിയെ കാണാതായെന്നു കരുതുക. ആ കുട്ടിയെ അന്വേഷിക്കാൻ പലരും കൂടും, എന്നാൽ ഒടുവിൽ ഒരാൾ മാത്രമായിരിക്കും കുട്ടിയെ കണ്ടെത്തുന്നത്‌. കുട്ടി മാതാപിതാക്കളുടെ അടുത്തെത്തിക്കഴിയുമ്പോൾ, കുട്ടിയെ കണ്ടെത്തിയ ആൾ മാത്രമല്ല, ആ അന്വേഷണത്തിൽ ഉൾപ്പെട്ട എല്ലാവരും സന്തോഷിക്കും. (ലൂക്കൊസ്‌ 15:6, 7) അതുപോലെ ശിഷ്യരാക്കൽവേല ഒരു സംഘടിത പ്രവർത്തനമാണ്‌. യേശുവിന്റെ ശിഷ്യരായിത്തീരാൻ ഇടയുള്ള ആളുകളെ അന്വേഷിക്കുന്നതിൽ എല്ലാ ക്രിസ്‌ത്യാനികളും പങ്കുചേരുന്നു. ഒരു പുതിയ വ്യക്തി ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുമ്പോൾ സത്യാരാധനയോടുള്ള അദ്ദേഹത്തിന്റെ മതിപ്പ്‌ വർധിപ്പിക്കുന്നതിൽ രാജ്യഹാളിൽ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കുമൊരു പങ്കുണ്ട്‌. (1 കൊരിന്ത്യർ 14:24, 25) ഓരോ വർഷവും ലക്ഷക്കണക്കിന്‌ ആളുകൾ ശിഷ്യരായിത്തീരുമ്പോൾ എല്ലാ ക്രിസ്‌ത്യാനികൾക്കും സന്തോഷിക്കാനാകും.

20. മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

20 യഹോവയെയും സത്യാരാധനയെയും കുറിച്ച്‌ ആളുകളെ പഠിപ്പിക്കാൻ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾക്കു സന്തോഷമേയുള്ളൂ. എന്നിരുന്നാലും നല്ല ശ്രമം ചെയ്‌തിട്ടും പല ക്രിസ്‌ത്യാനികൾക്കും അതിനാകുന്നില്ല. നിങ്ങളുടെ കാര്യം അങ്ങനെയാണോ? എങ്കിൽ യഹോവയോടുള്ള സ്‌നേഹത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുക, ആളുകളെക്കുറിച്ചു കരുതൽ ഉള്ളവരായിരിക്കുക, ത്യാഗമനഃസ്ഥിതി പ്രകടമാക്കുക, ക്ഷമ കാണിക്കുക, പ്രബോധനപാടവം വികസിപ്പിക്കുക. ഇതിനെല്ലാമുപരി പഠിപ്പിക്കാനുള്ള ആഗ്രഹം നിങ്ങളുടെ പ്രാർഥനയുടെ ഒരു വിഷയമാക്കുക. (സഭാപ്രസംഗി 11:1) യഹോവയുടെ സേവനത്തിൽ നിങ്ങൾ ചെയ്യുന്നതെന്തിനും ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ശിഷ്യരാക്കൽവേലയിൽ ഒരു പങ്കുണ്ടായിരിക്കും എന്ന അറിവിൽ ആശ്വാസം കണ്ടെത്തുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ശിഷ്യരാക്കൽ വേല ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം പരിശോധിക്കുന്നത്‌ എന്തുകൊണ്ട്‌?

• ശിഷ്യരെ ഉളവാക്കുന്നതിന്‌ ഏതൊക്കെ ഗുണങ്ങൾ ആവശ്യമാണ്‌?

• “പ്രബോധനപാടവ”ത്തിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ശിഷ്യരെ ഉളവാക്കിക്കൊണ്ട്‌ ദൈവത്തോടുള്ള ഉറ്റസ്‌നേഹം ക്രിസ്‌ത്യാനികൾ തെളിയിക്കുന്നു

[23-ാം പേജിലെ ചിത്രം]

ശിഷ്യരെ ഉളവാക്കുന്നതിന്‌ മറ്റുള്ളവരിൽ താത്‌പര്യം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[24-ാം പേജിലെ ചിത്രം]

ശിഷ്യരാക്കൽ വേലയ്‌ക്ക്‌ ആവശ്യമായിരിക്കുന്ന ചില ഗുണങ്ങൾ ഏവ?

[25-ാം പേജിലെ ചിത്രം]

ശിഷ്യരാക്കൽ വേലയുടെ സത്‌ഫലങ്ങൾ കാണുന്നതിൽ എല്ലാ ക്രിസ്‌ത്യാനികളും സന്തുഷ്ടരാണ്‌