വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഫലമായ ജീവിതം ഒരു യാഥാർഥ്യം!

സഫലമായ ജീവിതം ഒരു യാഥാർഥ്യം!

സഫലമായ ജീവിതം ഒരു യാഥാർഥ്യം!

പണത്തിനും അതു നൽകുന്ന സുഖങ്ങൾക്കുമായി ജീവിക്കുന്നവരാണ്‌ അനേകരും. മറ്റുചിലർ പേരുംപെരുമയും നേടുന്നതിനായി ജീവിക്കുന്നു. ഇനിയും ചിലരാകട്ടെ, കലയിൽ മികവു തെളിയിക്കാൻ ആയുസ്സുമുഴുവൻ ചെലവിടുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുന്നവരുമുണ്ട്‌. എന്നാൽ, എന്തിനുവേണ്ടിയാണ്‌ ജീവിക്കുന്നതെന്നോ ജീവിതത്തിന്റെ ഉദ്ദേശ്യമെന്തെന്നോ നിശ്ചയമില്ലാത്തവരും വിരളമല്ല.

നിങ്ങളുടെ കാര്യമോ? ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ നിങ്ങൾ ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? ആളുകൾ പൊതുവേ ഉന്നംവെക്കുന്ന ചില ലക്ഷ്യങ്ങൾ അവർക്ക്‌ ചാരിതാർഥ്യവും സംതൃപ്‌തിയുമേകുന്നുവോ? ജീവിതം സഫലമാക്കുന്നത്‌ എന്താണ്‌?

ധനത്തിന്റെയും ഉല്ലാസത്തിന്റെയും സ്ഥാനം

സഭാപ്രസംഗി 7:12 പറയുന്നു, “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” അതേ, ജീവിക്കാൻ പണം കൂടിയേതീരൂ. കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വം നിങ്ങളുടെ ചുമലിലാണെങ്കിൽപ്പിന്നെ പറയുകയേവേണ്ട.—1 തിമൊഥെയൊസ്‌ 5:8.

പണം നൽകുന്ന ചില സുഖങ്ങൾ അനുഭവിക്കാത്തവരായി ആരാണുള്ളത്‌? ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു തനിക്കു തലചായ്‌ക്കാനിടമില്ലെന്നു പറഞ്ഞെങ്കിലും വിശിഷ്ടമായ വിഭവങ്ങളും വീഞ്ഞും ഇടയ്‌ക്കൊക്കെ ആസ്വദിച്ചിരുന്നു. വിലപിടിപ്പുള്ള വസ്‌ത്രവും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു.—മത്തായി 8:20; യോഹന്നാൻ 2:1-11; 19:23, 24.

എന്നാൽ, സുഖം തേടിയുള്ള ഒരു ജീവിതമായിരുന്നില്ല യേശുവിന്റേത്‌. അദ്ദേഹത്തിന്‌ ശരിയായ മുൻഗണനകളുണ്ടായിരുന്നു. യേശു പറഞ്ഞു, “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്‌.” തുടർന്ന്‌, നല്ല വിളവു ലഭിച്ച ഒരു ധനവാനെക്കുറിച്ചുള്ള ഉപമയും പറഞ്ഞു. ആ ധനവാന്റെ ചിന്ത ഇതായിരുന്നു: “ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ . . . എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്‌തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്‌തുവക സ്വരൂപിച്ചു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക.” അയാളുടെ ചിന്തയിലെ കുഴപ്പം എന്തായിരുന്നു? ഉപമ തുടരുന്നു: “ദൈവമോ അവനോടു: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും?” ആ മനുഷ്യൻ വിളവും വസ്‌തുവകയുമെല്ലാം സ്വരൂപിച്ചെങ്കിലും, അതെല്ലാം അനുഭവിക്കുന്നതിനുമുമ്പേ മരണമടഞ്ഞു. യേശു ആ ഉപമ ഒരു ഗുണപാഠത്തോടെ ഉപസംഹരിച്ചു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ്‌ 12:13-21.

അതേ, പണത്തിനും ഉല്ലാസത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. പക്ഷേ ജീവിതത്തിൽ അതൊന്നുമല്ല മുഖ്യം. ദൈവവിഷയമായി സമ്പന്നനാകുക, അതായത്‌ ദൈവാംഗീകാരമുള്ള ജീവിതം നയിക്കുക; അതാണ്‌ സർവപ്രധാനം.

പേരു സമ്പാദിക്കുന്നത്‌ പ്രധാനമോ?

പേരുണ്ടാക്കാൻവേണ്ടി ജീവിക്കുന്നവരുണ്ട്‌. പേരു സമ്പാദിക്കാനും കാലങ്ങളോളം സ്‌മരണ നിലനിറുത്താനും ആഗ്രഹിക്കുന്നത്‌ അവശ്യം തെറ്റല്ല. ബൈബിൾ പറയുന്നു, “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.”—സഭാപ്രസംഗി 7:1.

മരണദിവസത്തോടെ ഒരു വ്യക്തിയുടെ മുഴുജീവിതരേഖയും എഴുതിത്തീരുന്നു എന്നു പറയാം. ജീവിതകാലത്ത്‌ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുള്ള ഒരു വ്യക്തിയുടെ മരണദിവസം ജനനദിവസത്തെക്കാൾ ഏറെ ഉത്തമമായിരിക്കും. കാരണം അന്ന്‌ ജനനദിവസത്തേതുപോലെ ശൂന്യമായിരിക്കില്ലല്ലോ ആ രേഖ.

സഭാപ്രസംഗി എന്ന ബൈബിൾ പുസ്‌തകത്തിന്റെ എഴുത്തുകാരൻ ശലോമോൻ രാജാവാണ്‌. ശലോമോന്റെ ജ്യേഷ്‌ഠൻ അബ്‌ശാലോം പേരു സമ്പാദിക്കാൻ ആഗ്രഹിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പേര്‌ വരുംതലമുറകൾക്കു കൈമാറേണ്ടിയിരുന്ന മൂന്ന്‌ ആൺമക്കൾ സാധ്യതയനുസരിച്ച്‌ അകാലത്തിൽ മരണമടഞ്ഞു. അപ്പോൾ, അബ്‌ശാലോം എന്താണ്‌ ചെയ്‌തത്‌? തിരുവെഴുത്തുകൾ പറയുന്നു: “പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻതാഴ്‌വരയിലെ തൂൺ എടുത്തു നാട്ടി [അബ്‌ശാലോം] അതിന്നു തന്റെ പേർ വിളിച്ചിരുന്നു.” (2 ശമൂവേൽ 14:27; 18:18) ഈ തൂണിന്റെ യാതൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല. ഇനി, ബൈബിൾ വിദ്യാർഥികൾക്കിടയിൽ അബ്‌ശാലോം അറിയപ്പെടുന്നതോ? സ്വന്തം പിതാവായ ദാവീദിന്റെ സിംഹാസനം തട്ടിയെടുക്കാൻ പദ്ധതിമെനഞ്ഞ കുപ്രസിദ്ധനായ മത്സരിയായും.

നേട്ടങ്ങളുടെ പേരിൽ സ്‌മരിക്കപ്പെടാൻ വ്യഗ്രത കാണിക്കുന്നവരാണ്‌ ഇന്ന്‌ അനേകരും. കാലത്തിനനുസൃതമായി അഭിരുചികൾക്കു മാറ്റംവരുത്തുന്ന ആളുകളിൽനിന്നുള്ള പുകഴ്‌ച നേടാനാണ്‌ അവരുടെ ശ്രമം. എന്നിരുന്നാലും അത്തരം പ്രശസ്‌തിക്ക്‌ എത്രമാത്രം ആയുസ്സുണ്ട്‌? ദ കൾച്ചർ ഓഫ്‌ നാർസിസിസം എന്ന പുസ്‌തകത്തിൽ ക്രിസ്റ്റഫർ ലാഷ്‌ എഴുതി: “യുവത്വം, ഗ്ലാമർ, പുതുമ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയം അളക്കുന്ന ഇക്കാലത്ത്‌, പ്രശസ്‌തി എന്നത്തെക്കാളും ക്ഷണികമാണ്‌. ഇനി, പ്രശസ്‌തിയിലേക്കുയരുന്നവരാകട്ടെ, ഏതു നിമിഷവും അതെല്ലാം നഷ്ടപ്പെടാമെന്ന ഭീതിയിലുമാണ്‌.” ഫലമോ? മദ്യത്തിലും മയക്കുമരുന്നിലും ശരണംപ്രാപിക്കുന്ന അവരിൽ ചിലർ അകാലത്തിൽ പൊലിയുന്നു. പ്രശസ്‌തിക്കു പിന്നാലെയുള്ള പരക്കംപാച്ചൽ എത്രയോ വ്യർഥം!

അപ്പോൾപ്പിന്നെ, ആരുടെ മതിപ്പാണ്‌ നാം നേടേണ്ടത്‌? തന്റെ നിയമം പാലിച്ചവരെക്കുറിച്ച്‌ യഹോവ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തു, “ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും . . . വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും.” (യെശയ്യാവു 56:4, 5) ദൈവത്തെ അനുസരിച്ച്‌ അവന്റെ അംഗീകാരം നേടുന്നവർക്ക്‌ “വിശേഷമായോരു ജ്ഞാപകവും നാമവും” ഉണ്ടായിരിക്കും. ദൈവം അവരുടെ പേര്‌ ‘ശാശ്വതമായി’ സ്‌മരിക്കുന്നതിനാൽ അവർ ഛേദിക്കപ്പെടുന്നില്ല. അത്തരമൊരു പേരു സമ്പാദിക്കാൻ, അതായത്‌ നമ്മുടെ സ്രഷ്ടാവായ യഹോവയുടെ മുമ്പാകെ സത്‌കീർത്തി നേടാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു.

വിശ്വസ്‌തരായ മനുഷ്യർ ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ നേടുന്ന സമയത്തെക്കുറിച്ചാണ്‌ യെശയ്യാ പ്രവചിച്ചത്‌. ആ പറുദീസയിലെ ‘നിത്യജീവനാണ്‌’ ‘സാക്ഷാലുള്ള ജീവൻ’—മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ദൈവം അവർക്കുവേണ്ടി ഉദ്ദേശിച്ച തരം ജീവിതം. (1 തിമൊഥെയൊസ്‌ 6:12, 19) നൈമിഷികവും അതൃപ്‌തവുമായ ഒരു ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത്‌ നിത്യജീവൻ കരസ്ഥമാക്കാൻ ശ്രമിക്കുന്നതല്ലേ?

കലാ-ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രം പോരാ

കലാപരമായ വൈദഗ്‌ധ്യങ്ങളിൽ പൂർണത നേടാൻ ആഗ്രഹിക്കുന്നവരാണ്‌ മിക്ക കലാകാരന്മാരും. എന്നാൽ അതിന്‌ ഒരു മനുഷ്യായുസ്സ്‌ തികച്ചും അപര്യാപ്‌തമാണ്‌. മുൻലേഖനത്തിൽ പരാമർശിച്ച ഹിഡിയോ എന്ന കലാകാരൻ തന്റെ 90-കളിലും കലാവൈദഗ്‌ധ്യങ്ങൾക്കു മാറ്റുകൂട്ടാൻ കിണഞ്ഞു പരിശ്രമിച്ചു. തന്റെ സൃഷ്ടികളിൽ പൂർണസംതൃപ്‌തി തോന്നുന്ന ഒരു ഘട്ടത്തിൽ ഒരു കലാകാരനെത്തുന്നു എന്നുതന്നെയിരിക്കട്ടെ, അപ്പോഴേക്കും ആയകാലത്ത്‌ സാധിക്കുമായിരുന്ന അത്രയുംതന്നെ ചെയ്യാൻ അയാൾക്കു സാധിച്ചെന്നുവരില്ല. എന്നാൽ, അദ്ദേഹം നിത്യമായി ജീവിക്കുന്നെങ്കിലോ? കഴിവുകൾ പൂർണതയിലെത്തിക്കാൻ അദ്ദേഹത്തിന്റെ മുമ്പാകെ അനന്തസാധ്യതകളാണുള്ളത്‌.

ജീവകാരുണ്യപ്രവർത്തനങ്ങളുമായി ജീവിക്കുന്നവരെക്കുറിച്ചെന്ത്‌? പാവപ്പെട്ടവരെ പരിഗണിക്കുന്നതും അശരണർക്ക്‌ സഹായഹസ്‌തംനീട്ടുന്നതുമെല്ലാം പ്രശംസനീയമാണ്‌. ബൈബിൾ പറയുന്നു: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.” (പ്രവൃത്തികൾ 20:35) മറ്റുള്ളവരുടെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നത്‌ സംതൃപ്‌തിയേകിയേക്കാം. എന്നിരുന്നാലും, ജീവിതം മുഴുവൻ അതിനായി നീക്കിവെച്ചാലും ഒരാൾക്ക്‌ എത്രത്തോളം ചെയ്യാനാകും? സഹജീവികളുടെ ദുരിതമകറ്റാൻ മനുഷ്യർക്കു ചെയ്യാൻ കഴിയുന്നതിന്‌ ഒരു പരിധിയുണ്ട്‌. എത്രതന്നെ സാമ്പത്തിക സഹായം നൽകിയാലും തൃപ്‌തിപ്പെടുത്താനാവാത്ത ഒരു അടിസ്ഥാന ആവശ്യം മനുഷ്യനുണ്ട്‌. മിക്കവരും അവഗണിക്കുന്നതും ഒരിക്കലും നിറവേറാതെ പോകുന്നതുമായ അത്‌ എന്താണ്‌?

തൃപ്‌തിപ്പെടുത്തേണ്ട ഒരാവശ്യം

ഗിരിപ്രഭാഷണത്തിൽ, സഹജമായ ഒരു ആവശ്യത്തെക്കുറിച്ച്‌ യേശു പറയുകയുണ്ടായി: “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു. സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌.” (മത്തായി 5:3, NW) ബൈബിൾ പറയുന്നതനുസരിച്ച്‌ ധനം, കീർത്തി, കലാപരമായ നേട്ടങ്ങൾ, ജീവകാരുണ്യപ്രവൃത്തികൾ എന്നിവയൊന്നുമല്ല യഥാർഥ സന്തുഷ്ടിക്കുള്ള നിദാനം. പകരം നമ്മുടെ ആത്മീയ ആവശ്യം, അതായത്‌ ദൈവത്തെ ആരാധിക്കുക എന്ന ആവശ്യം നിറവേറ്റുന്നതാണ്‌.

സ്രഷ്ടാവിനെ അറിയാത്തവർ അവനെ അന്വേഷിച്ചു കണ്ടെത്തണമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രോത്സാഹിപ്പിച്ചു: “ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ [ദൈവം] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്‌.”—പ്രവൃത്തികൾ 17:26-28.

സത്യദൈവത്തെ ആരാധിക്കുക എന്ന ആവശ്യം നിറവേറ്റുന്നതാണ്‌ സന്തുഷ്ടി നേടുന്നതിനുള്ള മാർഗം. അങ്ങനെ ചെയ്യുന്നത്‌ ‘സാക്ഷാലുള്ള ജീവൻ’ നേടാനുള്ള വഴിയും തുറന്നുതരുന്നു. അതിന്‌ നല്ലൊരുദാഹരണമാണ്‌ തെരേസയുടെ ജീവിതം. സ്വന്തമായി നിർമിച്ച, ഒരു മണിക്കൂർ ദൈർഘ്യമുള്ള ടെലിവിഷൻ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ആഫ്രിക്കൻ-അമേരിക്കൻ നടി എന്ന നിലയിൽ അവർ തന്റെ രാജ്യത്ത്‌ ശ്രദ്ധേയയായി. എന്നിരുന്നാലും, ഏറെക്കഴിയുംമുമ്പേ അവർ അതെല്ലാം വേണ്ടെന്നുവെച്ചു. കാരണം? അവർ പറഞ്ഞു: “ദൈവവചനം അനുസരിച്ചുകൊണ്ടുള്ള ജീവിതമാണ്‌ ഏറ്റവും നല്ലത്‌ എന്നെനിക്കു ബോധ്യമായി.” ലൈംഗികതയുടെയും അക്രമത്തിന്റെയും അതിപ്രസരമുള്ള ഒരു പരമ്പരയിൽ അഭിനയിച്ചുകൊണ്ട്‌ ദൈവവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ തെരേസ ആഗ്രഹിച്ചില്ല. താരപ്രഭയെല്ലാം ഉപേക്ഷിച്ച തെരേസ സംതൃപ്‌തിദായകമായ ഒരു ജീവിതത്തിലേക്കു കാലെടുത്തുവെച്ചു. എങ്ങനെയെന്നോ? ദൈവവുമായി നല്ല ബന്ധം സ്ഥാപിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി ദൈവരാജ്യ സുവാർത്തയുടെ മുഴുസമയ ഘോഷകയായി സേവിച്ചുകൊണ്ട്‌.

അഭിനയം ഉപേക്ഷിക്കാനുള്ള തെരേസയുടെ തീരുമാനത്തെക്കുറിച്ച്‌ ഒരു മുൻസഹപ്രവർത്തകൻ ഇങ്ങനെ പറയുകയുണ്ടായി: “വിജയകരമായ അഭിനയജീവിതം ഇട്ടെറിഞ്ഞ്‌ അവൾ പോയത്‌ എനിക്ക്‌ ഉൾക്കൊള്ളാനായില്ല. എന്നാൽ, ഇതിനെക്കാളൊക്കെ പ്രധാനമായ, സംതൃപ്‌തിദായകമായ എന്തോ അവൾ കണ്ടെത്തിയിട്ടുണ്ട്‌, തീർച്ച.” പിന്നീട്‌ ഒരു അപകടത്തിൽ തെരേസ അന്തരിച്ചു. അവളുടെ മരണശേഷം അതേസുഹൃത്ത്‌ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയാണ്‌: “അവൾ സന്തോഷവതിയായിരുന്നു, ജീവിതത്തിൽ വേണ്ടതും അതുതന്നെയല്ലേ? നമ്മിൽ എത്ര പേരെക്കുറിച്ച്‌ അങ്ങനെ പറയാൻ കഴിയും?” ദൈവവുമായുള്ള ബന്ധത്തിന്‌ ഒന്നാം സ്ഥാനം നൽകി ജീവിക്കുന്നവരെ മരണം തട്ടിയെടുത്താലും രാജ്യഭരണത്തിൻകീഴിൽ പുനരുത്ഥാനം പ്രാപിക്കാനുള്ള മഹത്തായ പ്രത്യാശ അവർക്കുണ്ട്‌.—യോഹന്നാൻ 5:28, 29.

ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച്‌ സ്രഷ്ടാവിന്‌ ഒരു ഉദ്ദേശ്യമുണ്ട്‌. നിങ്ങൾ ആ ഉദ്ദേശ്യം മനസ്സിലാക്കാനും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനും അവൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 37:10, 11, 29) ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയെക്കുറിച്ചും നിങ്ങൾക്കായി അവൻ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്തെന്നും പഠിക്കാനുള്ള സമയം ഇപ്പോഴാണ്‌. അതിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. അവരുമായോ ഈ മാസികയുടെ പ്രസാധകരുമായോ ദയവായി ബന്ധപ്പെടുക.

[5-ാം പേജിലെ ചിത്രം]

യേശുവിന്റെ ഉപമയിലെ ധനവാന്റെ ചിന്തയിലെ കുഴപ്പം എന്തായിരുന്നു?

[7-ാം പേജിലെ ചിത്രം]

ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?