ആഗോള ഐക്യം സാധ്യമോ?
ആഗോള ഐക്യം സാധ്യമോ?
ലോകം സമാധാനത്തിന്റെ പടിവാതിൽക്കലാണോ? അതോ ദുരന്തത്തിന്റെ വക്കിലോ? രണ്ടിനെയും ശരിവെക്കുന്ന ന്യായങ്ങളുണ്ടെന്നു തോന്നിപ്പോകും.
ഒരു വശത്ത്, ആഗോള സമാധാനത്തെക്കുറിച്ചു നൂറുശതമാനം ആത്മവിശ്വാസം വെച്ചുപുലർത്തുന്ന ലോകനേതാക്കൾ—അതു കൈവരിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാൻപോലും പറ്റാത്തത്ര ഭീകരമാണ് എന്നതാകാം ഈ ആത്മവിശ്വാസത്തിനു നിദാനം. മറുവശത്ത്, ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്, അവരതു പ്രയോഗിക്കാൻ ധൈര്യപ്പെടുമോ, അങ്ങനെ സംഭവിച്ചാൽ സ്ഥിതി എന്താകും തുടങ്ങിയ ചോദ്യങ്ങളെ ഉൾക്കിടിലത്തോടെ ഉറ്റുനോക്കുന്നവർ.
ഐക്യത്തിനുള്ള സാധ്യതകളെല്ലാം തട്ടിത്തെറിപ്പിച്ചിട്ടുള്ള രണ്ടു ഘടകങ്ങളാണ് ശത്രുതയും മുൻവിധിയും; ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ അതാണു കാണുന്നത്. അവിടംകൊണ്ടു തീരുന്നില്ല. മതമാണെങ്കിൽ ശത്രുതയുടെയും മുൻവിധിയുടെയും മുനയൊടിക്കുന്നതിനു പകരം അതിന്റെ മൂർച്ച കൂട്ടുകയാണു ചെയ്‌തിരിക്കുന്നത്. “ആളുകളെ തമ്മിൽ വേർതിരിക്കുന്ന എന്തിനും ശത്രുതയുടെ വിത്തു മുളപ്പിക്കാനാകും, മനുഷ്യനെ ഭിന്നിപ്പിച്ചു നിറുത്തുന്ന മുഖ്യ ഘടകങ്ങളിൽ ഒന്നു മതമാണ്” എന്ന് ജേർണലിസ്റ്റ് ജയിംസ് എ. ഹോട്ട് പ്രസ്‌താവിക്കുന്നു. അദ്ദേഹം തുടരുന്നു: “മതം മനുഷ്യനെ ‘നന്നാക്കും’ എന്നാണു വെപ്പ്, എങ്കിലും അത് ചിലരെക്കൊണ്ടു ഹീനകാര്യങ്ങൾ ചെയ്യിക്കുന്നു എന്നതു പരസ്യമായ രഹസ്യം.” എഴുത്തുകാരനായ സ്റ്റീവൻ വൈൻബർഗിനും സമാനമായ അഭിപ്രായമാണുള്ളത്. “നല്ല മനുഷ്യരെക്കൊണ്ട് തിന്മ ചെയ്യിക്കാൻ മതത്തിനു മാത്രമേ കഴിയൂ,” അദ്ദേഹം പറയുന്നു.
ലോകജനത ഐക്യത്തിൽ കൈകോർക്കുന്ന ഒരു നല്ല നാളെ വരുമെന്നു പ്രത്യാശിക്കാനാകുമോ? തീർച്ചയായും! പക്ഷേ നാം കാണാൻ പോകുന്നതുപോലെ, മനുഷ്യനാലോ മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളാലോ അല്ല.
[3-ാം പേജിലെ ആകർഷകവാക്യം]
ഏതു നിമിഷവും പൊട്ടാനിടയുള്ള ഒരു കൈബോംബാണോ ലോകം?