നിങ്ങൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നുവോ?
നിങ്ങൾ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നുവോ?
“യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ.”—സങ്കീർത്തനം 96:10.
1, 2. (എ) പൊ.യു. 29-ലെ ശരത്‌കാലത്തുണ്ടായ സുപ്രധാന സംഭവം ഏതാണ്? (ബി) ആ സംഭവം യേശുവിന് എന്തർഥമാക്കി?
മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു സുപ്രധാന സംഭവം പൊതുയുഗം 29-ലെ ശരത്‌കാലത്തുണ്ടായി. സുവിശേഷ എഴുത്തുകാരനായ മത്തായി അത് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “യേശു സ്‌നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.”—മത്തായി 3:16, 17; മർക്കൊസ് 1:9-11; ലൂക്കൊസ് 3:21, 22; യോഹന്നാൻ 1:32-34.
2 ദൃശ്യമായ വിധത്തിൽ യേശുവിന്റെമേൽ പരിശുദ്ധാത്മാവിനെ പകർന്നത്, അവനാണ് അഭിഷിക്തൻ എന്നു തിരിച്ചറിയിച്ചു. അഭിഷിക്തൻ എന്ന വാക്കിന്റെ അർഥം മിശിഹാ അഥവാ ക്രിസ്‌തു എന്നാണ്. (യോഹന്നാൻ 1:33) ഒടുവിലിതാ, വാഗ്‌ദത്ത “സന്തതി” വെളിപ്പെട്ടിരിക്കുന്നു. ഇപ്പോൾ യോഹന്നാൻ സ്‌നാപകന്റെ മുമ്പിൽ നിൽക്കുന്ന അവന്റെ കുതികാൽ സാത്താൻ തകർക്കും. അവനോ, യഹോവയുടെയും അവന്റെ പരമാധികാരത്തിന്റെയും മുഖ്യശത്രുവായ സാത്താന്റെ തല തകർക്കും. (ഉല്‌പത്തി 3:15) യഹോവയുടെ പരമാധികാരത്തെയും രാജ്യത്തെയും സംബന്ധിച്ച ഉദ്ദേശ്യം നിറവേറ്റുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ആ സമയം മുതൽ യേശുവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു.
3. യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുക എന്ന തന്റെ നിയോഗം നിറവേറ്റുന്നതിനായി യേശു എങ്ങനെയാണു തയ്യാറെടുത്തത്?
3 തന്റെ ലക്ഷ്യം നേടാനുള്ള തയ്യാറെടുപ്പിനായി “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി.” (ലൂക്കൊസ് 4:1; മർക്കൊസ് 1:12) പരമാധികാരം സംബന്ധിച്ച് സാത്താൻ ഉയർത്തിയ വെല്ലുവിളിയെക്കുറിച്ചും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കേണ്ടതിനു താൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഗഹനമായി ചിന്തിക്കാൻ 40 ദിവസം അവൻ അവിടെ ചെലവഴിച്ചു. സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിയുള്ള എല്ലാ സൃഷ്ടികളും ഉൾപ്പെടുന്ന ഒരു വിവാദവിഷയമാണത്. അതുകൊണ്ട് നാം യേശുവിന്റെ വിശ്വസ്‌തമാതൃകയെക്കുറിച്ചു ചിന്തിക്കുകയും യഹോവയുടെ പരമാധികാരത്തെ ആദരിക്കാനുള്ള നമ്മുടെ ആഗ്രഹം പ്രകടമാക്കാൻ എന്തു ചെയ്യണമെന്നു പരിശോധിക്കുകയും വേണം.—ഇയ്യോബ് 1:6-12; 2:2-6.
സാത്താൻ പരസ്യമായി വെല്ലുവിളിക്കുന്നു
4. സാത്താന്റെ ഏതു നടപടിയാണ് പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിന് ഊന്നൽ നൽകിയത്?
4 മേൽപ്പറഞ്ഞ സംഗതികളൊന്നും സാത്താന്റെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. ദൈവത്തിന്റെ “സ്‌ത്രീ”യുടെ മുഖ്യ “സന്തതി”ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിന് പിന്നെ അവനൊട്ടും അമാന്തിച്ചില്ല. (ഉല്‌പത്തി 3:15) സാത്താൻ യേശുവിനെ മൂന്നുവട്ടം പരീക്ഷിച്ചു. യേശു, തനിക്കു മെച്ചമെന്നു തോന്നുന്ന കാര്യങ്ങൾ വേണം ചെയ്യാൻ അല്ലാതെ പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിനൊത്തല്ല പ്രവർത്തിക്കേണ്ടത് എന്നാണ് അവൻ നിർദേശിച്ചത്. മൂന്നാമത്തെ പരീക്ഷ പ്രത്യേകിച്ചും പരമാധികാരം സംബന്ധിച്ച വിഷയം പുറത്തെടുത്തു. “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും [യേശുവിനു] കാണിച്ചു”കൊണ്ട് സാത്താൻ നിസ്സങ്കോചം പറഞ്ഞു: “വീണു എന്നെ നമസ്‌കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം.” എന്നാൽ യേശുവിന്റെ മറുപടി ‘സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ’ എന്നായിരുന്നു. ‘ലോകത്തിലുള്ള സകല രാജ്യങ്ങളുടെയും’ നിയന്ത്രണം പിശാചിന്റെ കൈകളിലാണെന്നു യേശുവിനു നന്നായി അറിയാമായിരുന്നു, എന്നാൽ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ തന്റെ നിലപാട് എന്താണെന്ന് ആ മറുപടിവഴി യേശു വ്യക്തമാക്കി.—മത്തായി 4:8-10.
5. വെല്ലുവിളി നിറഞ്ഞ ഏതു നിയമനം യേശു പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു?
5 യഹോവയുടെ പരമാധികാരത്തിനു പിന്തുണ നൽകുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് യേശു ജീവിതംകൊണ്ടു തെളിയിച്ചു. യഹോവയുടെ പരമാധികാരമാണ് ശരിയെന്നു തെളിയിക്കുന്നതിനായി സാത്താന്റെ കയ്യാലുള്ള മരണംവരെയും താൻ വിശ്വസ്‌തനായിരിക്കണമെന്ന് യേശുവിനു നന്നായി അറിയാമായിരുന്നു; സ്‌ത്രീയുടെ ‘സന്തതിയുടെ’ കുതികാൽ തകർക്കും എന്ന പ്രവചനമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. (മത്തായി 16:21; 17:12) പ്രക്ഷോഭകാരിയായ സാത്താനെ അമർച്ചചെയ്‌ത് മുഴു പ്രപഞ്ചത്തിലും ക്രമസമാധാനം പുനഃസ്ഥാപിക്കാനായി യഹോവ അധികാരപ്പെടുത്തിയിരിക്കുന്ന ഏജൻസിയാണു ദൈവരാജ്യം എന്ന വസ്‌തുതയ്‌ക്കും അവൻ സാക്ഷ്യം നൽകേണ്ടതുണ്ടായിരുന്നു. (മത്തായി 6:9, 10) വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം പൂർത്തിയാക്കാൻ യേശു എന്താണു ചെയ്‌തത്?
“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”
6. ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കാൻ’ ദൈവം ഉപയോഗിക്കുന്ന ഉപകരണമാണ് ദൈവരാജ്യം എന്ന് യേശു തെളിയിച്ചത് എങ്ങനെ?
6 ആദ്യമായി, “യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു . . . എന്നു പറഞ്ഞു.” (മർക്കൊസ് 1:14, 15) വാസ്‌തവത്തിൽ “ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്ന് [അവൻ] പറഞ്ഞു.” (ലൂക്കൊസ് 4:18-21, 43) “ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു” യേശു ദേശത്തുടനീളം സഞ്ചരിച്ചു. (ലൂക്കൊസ് 8:1) യേശു പല വീര്യപ്രവൃത്തികളും ചെയ്‌തു—അനേകായിരങ്ങൾക്കു ഭക്ഷണം കൊടുത്തു, പ്രകൃതിശക്തികളെ ഇണക്കിയെടുത്തു, രോഗികളെ സൗഖ്യമാക്കി, മരിച്ചവരെ ഉയിർപ്പിച്ചു. ഈ അത്ഭുത പ്രവൃത്തികളിലൂടെ, ഏദെനിക മത്സരത്തിന്റെ ഫലമായുണ്ടായ എല്ലാ ദുരന്തങ്ങളും കഷ്ടതകളും ഇല്ലാതാക്കാനും അങ്ങനെ “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാനും” ദൈവത്തിനു കഴിയുമെന്ന് യേശു തെളിയിച്ചു.—1 യോഹന്നാൻ 3:8.
7. യേശു തന്റെ ശിഷ്യന്മാരോട് എന്തു ചെയ്യാൻ നിർദേശിച്ചു, അതിന്റെ ഫലമെന്തായിരുന്നു?
7 രാജ്യസുവാർത്ത എല്ലായിടത്തും എത്തിക്കുന്നതിന് യേശു തന്റെ വിശ്വസ്‌ത അനുഗാമികളുടെ ഒരു കൂട്ടത്തെ പരിശീലിപ്പിച്ചു. ‘ദൈവരാജ്യം പ്രസംഗിക്കുവാൻ’ അവൻ ആദ്യം നിയോഗിച്ചത് തന്റെ 12 അപ്പൊസ്‌തലന്മാരെയാണ്. (ലൂക്കൊസ് 9:1, 2) പിന്നീട് വേറെ എഴുപതുപേരെ “ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു” എന്ന സന്ദേശം ഘോഷിക്കുവാൻ അയച്ചു. (ലൂക്കൊസ് 10:1, 8, 9) പ്രസംഗവേലയിൽ തങ്ങൾക്കുണ്ടായ വിജയത്തെക്കുറിച്ച് അവർ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞപ്പോൾ, അവൻ അവരോട്: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു.—ലൂക്കൊസ് 10:17, 18.
8. യേശുവിന്റെ ജീവിതം വ്യക്തമായി എന്തു തെളിയിക്കുന്നു?
8 ദൈവരാജ്യത്തിനു സാക്ഷ്യം നൽകുന്നതിനു യേശു തന്റെ മുഴു പ്രാപ്‌തികളും വിനിയോഗിച്ചു, ലഭിച്ച ഒരവസരവും പാഴാക്കിയില്ല. സാധാരണ സുഖസൗകര്യങ്ങൾപോലും വേണ്ടെന്നുവെച്ച് രാപകൽ ഭേദമില്ലാതെ അവൻ അക്ഷീണം യത്‌നിച്ചു. “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല” എന്ന് അവൻ പറഞ്ഞു. (ലൂക്കൊസ് 9:58; മർക്കൊസ് 6:31; യോഹന്നാൻ 4:31-34) തന്റെ മരണത്തിനു തൊട്ടുമുമ്പ്, ധൈര്യസമേതം യേശു പീലാത്തൊസിനോടു പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) മഹാനായ ഒരു അധ്യാപകനാകാനോ, അത്ഭുതങ്ങൾ പ്രവർത്തിക്കാനോ, ആത്മത്യാഗിയായ രക്ഷകനാകാനോ പോലും അല്ല, യഹോവയുടെ ഉദ്ദേശ്യത്തെ പിന്തുണയ്‌ക്കാനും ദൈവരാജ്യം മുഖേന ആ ഉദ്ദേശ്യം നിറവേറ്റാനുള്ള ദൈവത്തിന്റെ പ്രാപ്‌തിക്കു സാക്ഷ്യം നൽകാനുമാണ് യേശു വന്നതെന്ന് അവന്റെ മുഴു ജീവിതവും തെളിയിച്ചു.—യോഹന്നാൻ 14:6.
“നിവൃത്തിയായി”
9. ദൈവത്തിന്റെ സ്‌ത്രീയുടെ ‘സന്തതിയുടെ’ കുതികാൽ തകർക്കുന്നതിൽ സാത്താൻ ഒടുവിൽ വിജയിച്ചതെങ്ങനെ?
9 ദൈവരാജ്യവുമായി ബന്ധപ്പെട്ട് യേശു ചെയ്‌തതൊന്നും പ്രതിയോഗിയായ സാത്താന് ഇഷ്ടപ്പെട്ടില്ല. തന്റെ ‘സന്തതിയുടെ’ ഭൗമിക ഭാഗങ്ങളായ മതത്തെയും രാഷ്‌ട്രീയത്തെയും ഉപയോഗിച്ച് ദൈവത്തിന്റെ ‘സന്തതിയെ’ ഉന്മൂലനംചെയ്യാൻ സാത്താൻ പലയാവർത്തി ശ്രമിച്ചു. ജനനം മുതൽ മരണം വരെ യേശു സാത്താന്റെയും അവന്റെ പിണയാളുകളുടെയും ലക്ഷ്യമായിരുന്നു. ഒടുവിൽ പൊ.യു. 33-ലെ വസന്തത്തിൽ, മനുഷ്യപുത്രന്റെ കുതികാൽ തകർക്കുന്നതിനുവേണ്ടി അവനെ പ്രതിയോഗിയായ സാത്താന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനുള്ള സമയം വന്നു. (മത്തായി 20:18, 19; ലൂക്കൊസ് 18:31-33) യേശുവിനെ കുറ്റംവിധിച്ച് സ്‌തംഭത്തിലേറ്റുന്നതുവരെ യൂദാ ഈസ്‌കര്യോത്താ, മഹാപുരോഹിതന്മാർ, ശാസ്‌ത്രിമാർ, പരീശന്മാർ, റോമാക്കാർ എന്നിവരെയെല്ലാം ഉപയോഗിച്ച് സാത്താൻ കുതന്ത്രങ്ങൾ മെനഞ്ഞത് എങ്ങനെയെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു.—പ്രവൃത്തികൾ 2:22, 23.
10. തന്റെ മരണത്തിലൂടെ യേശു നേടിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്താണ്?
10 സ്‌തംഭത്തിൽക്കിടന്ന് ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്ന യേശുവിനെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു കടന്നുവരുന്ന ചിന്തകൾ എന്തൊക്കെയാണ്? പാപികളായ മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നതിനുള്ള മറുവിലയായി തന്റെ ജീവൻ യേശു നിസ്സ്വാർഥം നൽകിയതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുമായിരിക്കും. (മത്തായി 20:28; യോഹന്നാൻ 15:13) ആ ത്യാഗം സാധ്യമാക്കുന്നതിന് യഹോവ കാണിച്ച വലിയ സ്‌നേഹത്തെക്കുറിച്ച് നിങ്ങൾ അത്ഭുതംകൂറിയേക്കാം. (യോഹന്നാൻ 3:16) ഒരുപക്ഷേ “അവൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞ റോമൻ സൈന്യാധിപന്റെ അതേ വികാരമായിരിക്കും നിങ്ങൾക്കും. (മത്തായി 27:54) തീർച്ചയായും ഇതെല്ലാം ശരിയായ ചിന്തകൾ തന്നെയാണ്. എന്നാൽ “നിവൃത്തിയായി,” എന്നായിരുന്നു യേശു അവസാനമായി പറഞ്ഞത് എന്നോർക്കുക. (യോഹന്നാൻ 19:30) എന്താണു നിവൃത്തിയായത്? തന്റെ ജീവിതവും മരണവുംകൊണ്ട് യേശു പലതും നേടിയെങ്കിലും യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദ വിഷയത്തിനു തീർപ്പുകൽപ്പിക്കുന്നതിന് ആയിരുന്നില്ലേ മുഖ്യമായും അവൻ ഭൂമിയിലേക്കു വന്നത്? യഹോവയുടെ നാമത്തിന്മേൽവീണ എല്ലാ നിന്ദകളും തുടച്ചുനീക്കുന്നതിനു ‘സന്തതി’ എന്ന നിലയിൽ സാത്താന്റെ കയ്യാൽ കടുത്ത പീഡ അവൻ സഹിക്കേണ്ടിവരുമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നില്ലേ? (യെശയ്യാവു 53:3-7) വളരെ ഘനമേറിയ ഉത്തരവാദിത്വങ്ങളായിരുന്നു ഇവയൊക്കെയും, എന്നിരുന്നാലും എല്ലാ അർഥത്തിലും യേശു അവ നിറവേറ്റി. എത്രവലിയ നേട്ടം!
11. ഏദെനിക പ്രവചനം പൂർണമായി നിറവേറ്റാൻ യേശു എന്തു ചെയ്യും?
11 വിശ്വസ്‌തതയും കൂറും മൂലം യേശു ഉയിർപ്പിക്കപ്പെട്ടു, ഒരു മനുഷ്യനായിട്ടല്ല മറിച്ച് “ജീവിപ്പിക്കുന്ന ആത്മാവായി.” (1 കൊരിന്ത്യർ 15:45; 1 പത്രൊസ് 3:18) മഹത്ത്വീകരിക്കപ്പെട്ട തന്റെ പുത്രനോടുള്ള യഹോവയുടെ വാഗ്‌ദാനം ഇതായിരുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീർത്തനം 110:1) മുഖ്യ ശത്രുവായ സാത്താനും അവന്റെ “സന്തതി”യുടെ ഭാഗമായിരിക്കുന്ന എല്ലാവരും ‘ശത്രുക്കളിൽ’ ഉൾപ്പെടും. യഹോവയുടെ മിശിഹൈക രാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു ആത്മമണ്ഡലത്തിലും ഭൂമിയിലും ഉള്ള എല്ലാ ശത്രുക്കളെയും നിശ്ശേഷം ഇല്ലാതാക്കുന്നതിൽ നേതൃത്വം വഹിക്കും. (വെളിപ്പാടു 12:7-9; 19:11-16; 20:1-3, 10) അപ്പോൾ, ഉല്‌പത്തി 3:15-ലെ പ്രവചനത്തിന്റെയും “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന യേശു പഠിപ്പിച്ച പ്രാർഥനയുടെയും പൂർണ നിവൃത്തി ഉണ്ടാകും.—മത്തായി 6:10; ഫിലിപ്പിയർ 2:8-11.
പിന്തുടരാൻ ഒരു മാതൃക
12, 13. (എ) രാജ്യസുവാർത്ത ഇന്ന് എങ്ങനെ സ്വീകരിക്കപ്പെടുന്നു? (ബി) ക്രിസ്‌തുവിന്റെ കാൽച്ചുവടു പിന്തുടരണമെങ്കിൽ നാം ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കണം?
12 യേശു പ്രവചിച്ചതുപോലെ രാജ്യസുവാർത്ത ഇന്ന് അനേക രാജ്യങ്ങളിൽ പ്രസംഗിക്കപ്പെടുന്നുണ്ട്. മത്തായി 24:14) അതിന്റെ ഫലമായി ലക്ഷക്കണക്കിനാളുകൾ അവരുടെ ജീവിതം ദൈവത്തിനു സമർപ്പിച്ചിട്ടുണ്ട്. രാജ്യാനുഗ്രഹങ്ങളെപ്രതി ഉത്സാഹത്തിലാണവർ. സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്ന കാലത്തേക്ക് അവർ ഉറ്റുനോക്കുന്നു, ആ പ്രത്യാശയെക്കുറിച്ച് അവർ സന്തോഷത്തോടെ മറ്റുള്ളവരോടു പറയുന്നു. (സങ്കീർത്തനം 37:11; 2 പത്രൊസ് 3:13) നിങ്ങൾ ആ രാജ്യപ്രഘോഷകരിൽ ഒരാളാണോ? ആണെങ്കിൽ നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. എന്നിരുന്നാലും നാമോരോരുത്തരും പരിഗണിക്കേണ്ട മറ്റുചിലതുണ്ട്.
(13 അപ്പൊസ്‌തലനായ പത്രൊസ് എഴുതി: “ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) ശുശ്രൂഷയിൽ യേശു കാണിച്ച തീക്ഷ്‌ണതയെയോ അവന്റെ പഠിപ്പിക്കൽ പ്രാപ്‌തിയെയോ അല്ല പത്രൊസ് ഇവിടെ പരാമർശിക്കുന്നത്, പകരം യേശു കഷ്ടം അനുഭവിച്ചതിനെയാണ്. യഹോവയുടെ പരമാധികാരത്തിനു കീഴടങ്ങിയിരിക്കുന്നതിനും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിനും യേശു എത്രത്തോളം കഷ്ടം സഹിക്കാൻ തയ്യാറായിരുന്നു എന്ന് ഒരു ദൃക്‌സാക്ഷിയെന്ന നിലയിൽ പത്രൊസിന് അറിയാമായിരുന്നു. എങ്കിൽ ഏതൊക്കെ വിധങ്ങളിൽ നമുക്കു യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ കഴിയും? നാം നമ്മോടുതന്നെ ചോദിക്കണം: ‘യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നതിനും ആദരിക്കുന്നതിനും ഞാൻ എത്രത്തോളം കഷ്ടം സഹിക്കാൻ തയ്യാറാണ്? ജീവിതവും ശുശ്രൂഷയും വഴി യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ഞാൻ തെളിയിക്കുന്നുണ്ടോ?—കൊലൊസ്സ്യർ 3:17.
14, 15. (എ) തെറ്റായ നിർദേശങ്ങളോട് യേശു പ്രതികരിച്ചതെങ്ങനെ, എന്താണു കാരണം? (ബി) ഏതു വിഷയം നമ്മുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം? (“യഹോവയുടെ പക്ഷത്ത്” എന്ന ചതുരത്തിലെ ആശയങ്ങളും ഉൾപ്പെടുത്തുക.)
14 ചെറുതും വലുതുമായ പല പ്രശ്‌നങ്ങളെ നാം ദൈനംദിനം അഭിമുഖീകരിക്കുന്നു; പല തീരുമാനങ്ങളും എടുക്കേണ്ടതായിട്ടുണ്ട്. എങ്ങനെയാണു നാം ഇവ കൈകാര്യം ചെയ്യുക? ഉദാഹരണത്തിന് നമ്മുടെ ആത്മീയത അപകടത്തിലാക്കുന്ന എന്തെങ്കിലും പ്രവർത്തിക്കാനുള്ള പ്രലോഭനം ഉണ്ടായാൽ നാം എന്തു ചെയ്യും? പത്രൊസ് യേശുവിനോടു “നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മറുപടി “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” മത്തായി 16:21-23) ആത്മീയ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന, സാമ്പത്തികമോ തൊഴിൽ സംബന്ധമോ ആയ ഉയർച്ചയ്‌ക്കുള്ള അവസരം നിങ്ങൾക്കുണ്ടായാൽ, യേശു പ്രതികരിച്ചതുപോലെ നിങ്ങളും പ്രതികരിക്കുമോ? യേശുവിന്റെ അത്ഭുതപ്രവൃത്തികൾ കണ്ടവർ അവനെ ‘രാജാവാക്കാൻ ഭാവിച്ചപ്പോൾ’ അവൻ പെട്ടെന്ന് അവിടെനിന്നു പോയി.—യോഹന്നാൻ 6:15.
എന്നായിരുന്നു. (15 എന്തുകൊണ്ടാണ് ഈ രണ്ടു സന്ദർഭങ്ങളിലും അതുപോലെ മറ്റവസരങ്ങളിലും യേശു ഇത്ര ശക്തമായി പ്രതികരിച്ചത്? തന്റെ വ്യക്തിപരമായ താത്‌പര്യവും സുരക്ഷിതത്വവുമല്ല പ്രധാനം, അതിലും മുഖ്യമായ ഒരു വിഷയം ഉൾപ്പെട്ടിട്ടുണ്ടെന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. എന്തു വിലകൊടുത്തും പിതാവിന്റെ ഇഷ്ടം ചെയ്യുകയും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്ന നിശ്ചയം അവനുണ്ടായിരുന്നു. (മത്തായി 26:50-54) യഥാർഥ വിവാദവിഷയം നമ്മുടെ മനസ്സിൽ എല്ലായ്‌പോഴും പച്ചപിടിച്ചു നിന്നില്ലെങ്കിൽ ശരി ചെയ്യുന്നതിൽ പരാജയപ്പെടാനുള്ള സാധ്യത എല്ലായ്‌പോഴുമുണ്ട്. എന്തുകൊണ്ടാണങ്ങനെ പറയുന്നത്? കാരണം, സൂക്ഷിച്ചില്ലെങ്കിൽ സാത്താന്റെ തന്ത്രങ്ങളിൽ നാം എളുപ്പം വീണുപോകും. അനുചിതമായതിനെ ഉചിതമെന്ന് കാണിക്കാനുള്ള അവന്റെ സാമർഥ്യം വലുതാണ്, ഹവ്വായെ വഞ്ചിച്ചപ്പോൾ അവൻ അതാണു ചെയ്‌തത്.—2 കൊരിന്ത്യർ 11:14; 1 തിമൊഥെയൊസ് 2:14.
16. മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുടെ മുഖ്യലക്ഷ്യം എന്തായിരിക്കണം?
16 ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളോട് അവരെ വിചാരപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചും അവയ്‌ക്കു ബൈബിൾ നൽകുന്ന ഉത്തരങ്ങളെക്കുറിച്ചും സംസാരിക്കാൻ നാം ശ്രമിക്കുന്നു. ബൈബിൾ പഠിക്കാനുള്ള അവരുടെ താത്‌പര്യം ഉണർത്തുന്നതിന് ഇതു നല്ലൊരു മാർഗമാണ്. എന്നിരുന്നാലും നമ്മുടെ മുഖ്യലക്ഷ്യം ബൈബിൾ എന്തു പറയുന്നു അല്ലെങ്കിൽ ദൈവരാജ്യം കൈവരുത്തുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ് എന്നറിയാൻ അവരെ സഹായിക്കുക എന്നതല്ല, മറിച്ച് യഥാർഥ വിവാദവിഷയം മനസ്സിലാക്കാൻ അവരെ സഹായിക്കുക എന്നതാണ്. സത്യക്രിസ്‌ത്യാനികൾ ആയിത്തീരാനും തങ്ങളുടെ “ക്രൂശ്” എടുത്ത് രാജ്യത്തിനുവേണ്ടി കഷ്ടം സഹിക്കാനും അവർ തയ്യാറാകുമോ? (മർക്കൊസ് 8:34) പരമാധികാരം സംബന്ധിച്ച വിഷയത്തിൽ യഹോവയുടെ പക്ഷത്തുള്ളവരുടെയൊപ്പം നിലയുറപ്പിക്കാനും അങ്ങനെ സാത്താൻ നുണയനും അപവാദിയുമാണെന്നു തെളിയിക്കാനും അവർ തയ്യാറാകുമോ? (സദൃശവാക്യങ്ങൾ 27:11) അങ്ങനെ ചെയ്യുന്നതും അതു ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതും ഒരു വലിയ പദവിയാണ്.—1 തിമൊഥെയൊസ് 4:16.
‘ദൈവം സകലത്തിലും സകലവും ആകുമ്പോൾ’
17, 18. നാം യഹോവയുടെ പക്ഷത്താണെന്നു തെളിയിക്കുന്നെങ്കിൽ മഹത്തായ ഏതു സമയത്തിനായി നമുക്കു കാത്തിരിക്കാനാകും?
17 നമ്മൾ യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നു നമ്മുടെ ജീവിതവും ശുശ്രൂഷയുംകൊണ്ട് തെളിയിക്കുന്നെങ്കിൽ യേശുക്രിസ്‌തു ‘രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുന്ന’ സമയത്തിനായി നമുക്കു നോക്കിപ്പാർത്തിരിക്കാനാകും. അത് എന്നായിരിക്കും? അപ്പൊസ്‌തലനായ പൗലൊസ് വിശദീകരിക്കുന്നു: “അവൻ എല്ലാ വാഴ്‌ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്‌പിക്കും. അവൻ സകലശത്രുക്കളെയും കാല്‌ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. . . . ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്‌പെട്ടിരിക്കും.”—1 കൊരിന്ത്യർ 15:24, 25, 28.
18 “ദൈവം സകലത്തിലും സകലവും” ആകുന്ന സമയം, എത്ര മഹോന്നതമായിരിക്കും അത്! ദൈവരാജ്യം അതിന്റെ ലക്ഷ്യം പൂർത്തിയാക്കിയിട്ടുണ്ടാകും. യഹോവയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഏവരും തുടച്ചുനീക്കപ്പെട്ടിരിക്കും. മുഴുപ്രപഞ്ചത്തിലും ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരിക്കും. സങ്കീർത്തനക്കാരന്റെ വാക്കുകൾ എല്ലാ സൃഷ്ടികളും ഏറ്റുപാടും: “യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ; . . . യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ.”—സങ്കീർത്തനം 96:8, 10.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച വിവാദവിഷയം യേശു ഉയർത്തിപ്പിടിച്ചത് എങ്ങനെ?
• തന്റെ ശുശ്രൂഷയും മരണവുംകൊണ്ട് യേശു മുഖ്യമായും എന്താണു സാധിച്ചത്?
• യേശുവിനെപ്പോലെ, യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ഏതൊക്കെ വിധങ്ങളിൽ നമുക്കു കാണിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യഹോവയുടെ പക്ഷത്ത്
കൊറിയയിലും മറ്റു സ്ഥലങ്ങളിലുമുള്ള അനേക സഹോദരങ്ങൾക്ക് അറിയാവുന്നതുപോലെ, കഠിന പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ, ഇത്തരം പരീക്ഷകൾ വരുന്നതിന്റെ കാരണം വ്യക്തമായി ഓർക്കുന്നത് അവ നേരിടാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്നു.
സോവിയറ്റ് ഭരണകാലത്ത് തടവിലാക്കപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ പറഞ്ഞു: “സഹിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചത് . . . ഏദെൻ തോട്ടത്തിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയം—ഭരണാവകാശം സംബന്ധിച്ച വിഷയം—വ്യക്തമായി മനസ്സിലാക്കിയിരുന്നതാണ്. . . . യഹോവയുടെ ഭരണത്തിനുവേണ്ടി നിലപാട് എടുക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. . . . ഇതു ഞങ്ങളെ ശക്തരാക്കി, വിശ്വസ്‌തതയോടെ നിൽക്കാൻ പ്രാപ്‌തരാക്കി.”
ലേബർ ക്യാമ്പുകളിൽ സഹിച്ചുനിൽക്കാൻ തങ്ങളെ സഹായിച്ചത് എന്താണെന്നതിനെക്കുറിച്ചു മറ്റൊരു സാക്ഷി വിശദീകരിക്കുന്നു. “യഹോവ ഞങ്ങളെ പിന്തുണച്ചു, പ്രയാസകരമായ സാഹചര്യങ്ങളിലും ഞങ്ങൾ ആത്മീയമായി ഉണർവുള്ളവരായിരുന്നു. സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ ഞങ്ങൾ യഹോവയുടെ പക്ഷം ചേർന്നുവെന്ന അനിഷേധാത്മക ചിന്തയിലൂടെ ഞങ്ങൾ അന്യോന്യം എല്ലായ്‌പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.”
[26-ാം പേജിലെ ചിത്രം]
സാത്താനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യേശു യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചത് എങ്ങനെ?
[28-ാം പേജിലെ ചിത്രം]
യേശുവിന്റെ മരണം എന്തു നേട്ടമുണ്ടാക്കി?