വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ ലോകം ലക്ഷ്യമാക്കി

പുതിയ ലോകം ലക്ഷ്യമാക്കി

ജീവിത കഥ

പുതിയ ലോകം ലക്ഷ്യമാക്കി

ജാക്ക്‌ പ്രാംബെർ പറഞ്ഞപ്രകാരം

സ്വീഡന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ്‌ ആർബോഗ. എൺപതിലധികം പേർ സ്വമേധയാ സേവിക്കുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ്‌ അതിനടുത്താണ്‌. ഞാനും ഭാര്യ കാരിനും താമസിക്കുന്നതും ജോലിചെയ്യുന്നതുമെല്ലാം ഇവിടെതന്നെ. ഞങ്ങൾ എങ്ങനെയാണ്‌ ഇവിടെ എത്തിച്ചേർന്നതെന്നോ?

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പതിനഞ്ചുകാരിയായ ഒരു സ്വീഡിഷ്‌ പെൺകുട്ടി ഐക്യനാടുകളിലേക്കു കുടിയേറി. ന്യൂയോർക്ക്‌ നഗരത്തിലെ ഒരു കുടിയേറ്റ സങ്കേതത്തിൽ അവൾ ഒരു സ്വീഡിഷ്‌ നാവികനെ പരിചയപ്പെട്ടു. പ്രണയമായി മാറിയ ആ പരിചയം വിവാഹത്തിലേക്കു നയിച്ചു. അവർക്കു പിറന്ന മകനാണ്‌ ഞാൻ. 1916-ൽ, യു.എസ്‌.എ.-യിലെ ന്യൂയോർക്കിലുള്ള ബ്രോങ്‌സിലായിരുന്നു എന്റെ ജനനം, ഒന്നാം ലോകമഹായുദ്ധകാലത്ത്‌.

താമസിയാതെ ബ്രുക്ലിൻ ഹൈറ്റ്‌സിനു സമീപമുള്ള ബ്രുക്ലിനിലേക്കു ഞങ്ങൾ താമസംമാറ്റി. ഒരു കപ്പലിൽ എന്നെയും കയറ്റി ബ്രുക്ലിൻ പാലത്തിനടുത്തുകൂടെ ചുറ്റിക്കറങ്ങാൻ പോയതിനെക്കുറിച്ച്‌ പിതാവ്‌ പിന്നീടു പറഞ്ഞിട്ടുണ്ട്‌. ഇതിനടുത്താണ്‌ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം. അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്റെ ജീവിതത്തെ ഇത്രമാത്രം സ്വാധീനിക്കുമെന്ന്‌ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

1918-ൽ ഒന്നാം ലോകമഹായുദ്ധത്തിനു തിരശ്ശീലവീണു. യൂറോപ്പിൽ നടമാടിയ അരുംകൊല തത്‌കാലത്തേക്ക്‌ ശമിച്ചെന്നു പറയാം. വീടുകളിലേക്കു മടങ്ങിയ പട്ടാളക്കാരെ കാത്തിരുന്നത്‌ തൊഴിലില്ലായ്‌മയും പട്ടിണിയുമായിരുന്നു. സ്വീഡനിലേക്കു തിരികെപ്പോകുന്നതാണു ബുദ്ധിയെന്ന്‌ പിതാവിനു തോന്നി. അങ്ങനെ 1923-ൽ അങ്ങോട്ടേക്കു തിരിച്ചു. ഡാൽസ്‌ലൻഡ്‌ പ്രദേശത്തെ ഒരു റെയിൽവേസ്റ്റേഷനു സമീപമുള്ള കൊച്ചു ഗ്രാമമായ ഈറിക്‌സ്റ്റഡിൽ ഞങ്ങൾ ചെന്നെത്തി. അവിടെ പിതാവ്‌ ഒരു വർക്ക്‌ഷോപ്പ്‌ തുടങ്ങി. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം ആ ഗ്രാമത്തിലാണ്‌.

ഒരു വിത്തു മുളച്ചുതുടങ്ങുന്നു

വർക്ക്‌ഷോപ്പ്‌ വിജയിച്ചില്ല. അതുകൊണ്ട്‌ 1930-കളുടെ തുടക്കത്തിൽ പിതാവിന്‌ വീണ്ടും പഴയ ജോലിയിലേക്കു തിരിയേണ്ടിവന്നു. ഞങ്ങൾ തനിച്ചായി, എന്റെ ചുമലിൽ വർക്ക്‌ഷോപ്പും അമ്മയ്‌ക്ക്‌ ഒരുപിടി ആകുലതകളും സ്വന്തമായി. ഒരിക്കൽ അമ്മ തന്റെ ചേച്ചിയുടെ ഭർത്താവായ യൂഹാനെ കാണാൻപോയി. ലോകത്തിലെ ദുരവസ്ഥകണ്ട്‌ മനംമടുത്ത അമ്മ ചോദിച്ചു: “യൂഹാൻ, ഇത്‌ എന്നും ഇങ്ങനെതന്നെ തുടരുമോ?”

“ഇല്ല, രൂത്ത്‌,” അദ്ദേഹം പറഞ്ഞു. യേശുക്രിസ്‌തു രാജാവായുള്ള രാജ്യം മുഖേന ദുഷ്ടതയ്‌ക്ക്‌ അറുതിവരുത്തി നീതിയുള്ള ഭരണം കൊണ്ടുവരുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. (യെശയ്യാവു 9:6, 7; ദാനീയേൽ 2:44) ഈ നീതിയുള്ള ഭരണം അഥവാ ഗവൺമെന്റ്‌ യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ച രാജ്യമാണെന്നും അത്‌ ഭൂമിയെ ഒരു പറുദീസയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.—മത്തായി 6:9, 10; വെളിപ്പാടു 21:3, 4.

ബൈബിളിലെ ഈ വാഗ്‌ദാനങ്ങൾ അമ്മയെ ചിന്തിപ്പിച്ചു. മടക്കയാത്രയിൽ ഉടനീളം അമ്മ ദൈവത്തിനു നന്ദിപറയുകയായിരുന്നു. എന്നാൽ എനിക്കും പിതാവിനും അമ്മയുടെ മതഭക്തി അത്ര രസിച്ചിരുന്നില്ല. ഏതാണ്ട്‌ ഇക്കാലത്ത്‌, 1930-കളുടെ മധ്യത്തിൽ സ്വീഡന്റെ പടിഞ്ഞാറുള്ള ട്രൊൾഹെറ്റനിലേക്ക്‌ ഞാൻ താമസംമാറി. അവിടെ ഒരു വലിയ വർക്ക്‌ഷോപ്പിൽ ജോലിയും തരമായി. കടൽജീവിതത്തോടു വിടപറഞ്ഞ പിതാവ്‌ താമസിയാതെ അമ്മയോടൊപ്പം അവിടേക്കു പോന്നു. അങ്ങനെ ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചു.

തന്റെ ആത്മീയ വിശപ്പു ശമിപ്പിക്കാനായി അമ്മ ആ പ്രദേശത്തെ യഹോവയുടെ സാക്ഷികളെ തിരഞ്ഞുപിടിച്ചു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ വീടുകളിലായിരുന്നു അവർ കൂടിവന്നിരുന്നത്‌. (ഫിലേമോൻ 1, 2) ഒടുവിൽ തന്റെ ഊഴമായപ്പോൾ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചോട്ടെ എന്ന്‌ അമ്മ മടിച്ചുമടിച്ച്‌ പിതാവിനോടു ചോദിച്ചു. “നിന്റെ സുഹൃത്തുക്കൾ എന്റെയും സുഹൃത്തുക്കളല്ലേ” എന്നായിരുന്നു മറുപടി.

അങ്ങനെ അവർക്കായി വാതിൽ തുറക്കപ്പെട്ടു. അവർ വന്നതും ഞാൻ പതിയെ അവിടെനിന്നു മാറിക്കളഞ്ഞു. ആ പതിവ്‌ അധികകാലം തുടർന്നില്ല. എന്റെ മനസ്സിലുള്ള എല്ലാ മുൻവിധികളും പാടേനീക്കാൻ പോന്നതായിരുന്നു സാക്ഷികളുടെ വസ്‌തുനിഷ്‌ഠവും ലളിതവുമായ ന്യായവാദങ്ങൾ. എന്റെ ഹൃദയത്തിൽ ഒരു വിത്തു മുളച്ചുതുടങ്ങുകയായിരുന്നു—ശോഭനമായ ഒരു ഭാവിപ്രത്യാശ.

കടൽജീവിതം

കടൽജീവിതത്തോടുള്ള പിതാവിന്റെ താത്‌പര്യം എന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കണം. അതുകൊണ്ടായിരിക്കാം ഞാനും അതുതന്നെ തിരഞ്ഞെടുത്തത്‌. ആത്മീയകാര്യങ്ങളോടുള്ള എന്റെ താത്‌പര്യവും ഒന്നിനൊന്നു വർധിച്ചുവന്നു. തീരമണയുമ്പോഴെല്ലാം യഹോവയുടെ സാക്ഷികളെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഹോളണ്ടിലെ (ഇപ്പോഴത്തെ നെതർലൻഡ്‌സ്‌) ആംസ്റ്റർഡാമിൽ എത്തിയപ്പോൾ സാക്ഷികളെ എവിടെ കണ്ടെത്താമെന്ന്‌ അറിയാനായി ഞാൻ ഒരു പോസ്റ്റോഫീസിൽ ചെന്നു. അൽപ്പനേരത്തെ ചർച്ചയ്‌ക്കൊടുവിൽ ഒരു മേൽവിലാസം കിട്ടി. അതുമായി ഉടനെ അവിടേക്കു തിരിച്ചു. ഒരു പത്തുവയസ്സുകാരി വീട്ടുവാതിൽക്കൽ എന്നെ ഹൃദ്യമായി സ്വാഗതംചെയ്‌തു. അപരിചിതനായിരുന്നെങ്കിലും എനിക്ക്‌ അവളോടും കുടുംബത്തോടും ഒരു പ്രത്യേക അടുപ്പം തോന്നി—അന്താരാഷ്‌ട്ര സഹോദരവർഗത്തിനുമാത്രം സ്വന്തമായ ഒരു അനുഭൂതി!

എനിക്ക്‌ ഭാഷ മനസ്സിലായില്ലെങ്കിലും അവർ ഒരു കലണ്ടറും റെയിൽവേ സമയപ്പട്ടികയും എടുത്ത്‌ എന്തോ വരച്ചു കാണിക്കാൻ തുടങ്ങിയതേ, അടുത്തുള്ള പട്ടണമായ ഹാർലെമിൽ ഒരു സമ്മേളനം നടക്കാൻപോകുന്നു എന്നു മനസ്സിലായി. ഒരക്ഷരംപോലും തിരിഞ്ഞില്ലെങ്കിലും പരിപാടികൾ ഞാൻ ശരിക്കും ആസ്വദിച്ചു. സാക്ഷികൾ ഞായറാഴ്‌ചയിലെ പരസ്യപ്രസംഗത്തിനുള്ള ക്ഷണക്കത്തു വിതരണംചെയ്യുന്നതു കണ്ട എനിക്കും അവരോടൊപ്പംകൂടാൻ ഒരു മോഹം തോന്നി. ആളുകൾ കളഞ്ഞിട്ടുപോയ ക്ഷണക്കത്തുകൾ എടുത്ത്‌ ഞാൻ വിതരണംചെയ്യാൻ തുടങ്ങി.

ഒരിക്കൽ അർജന്റീനയിലെ ബ്വേനസാറിസിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ ഞാൻ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ്‌ സന്ദർശിച്ചു. അകത്ത്‌ ഒരു ഓഫീസും സ്റ്റോറൂമും ഉണ്ടായിരുന്നു. ഡസ്‌ക്കിന്‌ അടുത്തിരുന്ന്‌ ഒരു സ്‌ത്രീ എന്തോ നെയ്യുന്നു. മകളാണെന്നു തോന്നുന്നു ഒരു കൊച്ചുകുട്ടി പാവയുംകൊണ്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. രാവേറെ വൈകിയിരുന്നു. ഷെൽഫിൽനിന്ന്‌ ഒരാൾ ചില പുസ്‌തകങ്ങൾ പുറത്തെടുക്കുന്നു. സ്വീഡിഷിലുള്ള സൃഷ്ടി പുസ്‌തകവും അതോടൊപ്പം ഉണ്ട്‌. അവരുടെ സന്തോഷം തുളുമ്പുന്ന പ്രശാന്തമായ മുഖഭാവം കണ്ട എനിക്ക്‌ അവരിൽ ഒരാളായാൽ കൊള്ളാമെന്നു തോന്നി.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. 1939 സെപ്‌റ്റംബറിൽ ഹിറ്റ്‌ലറിന്റെ നാസി സൈന്യം പോളണ്ട്‌ ആക്രമിച്ചു. മടക്കയാത്രയിൽ ഞങ്ങൾ, ന്യൂഫൗണ്ട്‌ലാൻഡിന്റെ തീരത്തുനിന്ന്‌ അകലെമാറി തകർന്നുവീണ ഒരു കനേഡിയൻ യുദ്ധവിമാനത്തിലെ ജീവനക്കാരെയും കയറ്റി മുന്നോട്ടുനീങ്ങി. ഏതാനും ദിവസങ്ങൾക്കുശേഷം സ്‌കോട്ട്‌ലൻഡിന്‌ അടുത്തുവെച്ച്‌ ഒരു ഇംഗ്ലീഷ്‌ പടക്കപ്പലിന്റെ പിടിയിലായി ഞങ്ങൾ. പരിശോധനയ്‌ക്കായി ഒർക്കിനി ദ്വീപസമൂഹത്തിലുള്ള കിർക്ക്‌വാളിലേക്കു കൊണ്ടുപോയെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം വിട്ടയച്ചു. സുരക്ഷിതരായി ഞങ്ങൾ സ്വീഡനിൽ എത്തിച്ചേർന്നു.

വീട്ടിൽ തിരിച്ചെത്തിയ ഞാൻ ആത്മീയകാര്യങ്ങൾക്കു ശ്രദ്ധകൊടുത്തു പ്രവർത്തിക്കാൻ തീരുമാനിച്ചു. ദൈവജനത്തിന്റെ ഭാഗമായിത്തീരാൻ ആഗ്രഹിച്ചതിനാൽ അവരോടൊപ്പം കൂടിവരുന്നതു മുടക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. (എബ്രായർ 10:24, 25) നാവികനായിരുന്നപ്പോൾ, കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ സഹപ്രവർത്തകരോട്‌ സാക്ഷീകരിക്കുമായിരുന്നു. അത്‌ ഞാൻ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. അതിലൊരാൾ സാക്ഷിയായിത്തീർന്നെന്ന്‌ പിന്നീട്‌ അറിഞ്ഞു.

ഒരു വിശിഷ്ടസേവനം

1940-ന്റെ തുടക്കത്തിൽ യഹോവയുടെ സാക്ഷികളുടെ സ്റ്റോക്‌ഹോമിലുള്ള ബ്രാഞ്ചോഫീസ്‌ സന്ദർശിച്ചു. അക്കാലത്ത്‌ സ്വീഡനിലെ പ്രസംഗവേലയ്‌ക്ക്‌ മേൽനോട്ടം വഹിച്ചിരുന്ന യൂഹാൻ എച്ച്‌. ഇനെറോറ്റ്‌ എന്നെ സ്വാഗതംചെയ്‌തു. ഒരു പയനിയറായി പ്രസംഗവേലയിൽ മുഴുസമയം സേവിക്കാൻ എനിക്ക്‌ ആഗ്രഹമുണ്ടെന്ന്‌ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു: “ഇത്‌ ദൈവത്തിന്റെ സംഘടനയാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?”

“ഉവ്വ്‌,” എന്നായിരുന്നു എന്റെ മറുപടി. തുടർന്ന്‌ 1940 ജൂൺ 22-ന്‌ ഞാൻ സ്‌നാപനമേറ്റു. മനോഹരമായ ചുറ്റുപാടിൽ, നല്ലവരായ സഹപ്രവർത്തകരോടൊപ്പം ആ ബ്രാഞ്ചോഫീസിൽ ഞാൻ സേവനം ആരംഭിച്ചു. വാരാന്തങ്ങൾ ഞങ്ങൾ ശുശ്രൂഷയിൽ ചെലവഴിച്ചു. വേനൽക്കാലത്ത്‌ സൈക്കിളിൽ വിദൂരപ്രദേശങ്ങളിൽപ്പോയി വാരാന്തം മുഴുവൻ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. വൈക്കോൽക്കൂനയിലാണ്‌ അന്തിയുറങ്ങിയിരുന്നത്‌.

എങ്കിലും, മിക്കവാറും സ്റ്റോക്‌ഹോമിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമാണ്‌ ഞങ്ങൾ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരുന്നത്‌. ഒരിക്കൽ ഒരാൾ വീടിന്റെ ബേസ്‌മെന്റിൽ തിരക്കിട്ട്‌ ബോയിലർ നന്നാക്കുന്നത്‌ എന്റെ കണ്ണിൽപ്പെട്ടു. ഒരുകൈ സഹായിക്കാൻ ഞാനും കൂടി. ചോർച്ച നിന്നപ്പോൾ അദ്ദേഹം നന്ദിപൂർവം എന്നോട്‌ പറഞ്ഞു: “താങ്കൾ മറ്റെന്തിനോ ആണ്‌ വന്നതെന്നു തോന്നുന്നു. നമുക്ക്‌ അകത്തുപോയി കൈയൊക്കെ കഴുകി ഒരു കപ്പു കാപ്പികുടിച്ചാലോ.” കാപ്പികുടിക്കുന്നതിനിടയിൽ ഞാൻ അദ്ദേഹത്തോടു സാക്ഷീകരിച്ചു. ഒടുവിൽ അദ്ദേഹവും ഒരു സാക്ഷിയായി.

യുദ്ധത്തിൽ നിഷ്‌പക്ഷ നിലപാടാണു കൈക്കൊണ്ടിരുന്നതെങ്കിലും സ്വീഡിഷ്‌ ജനത യുദ്ധക്കെടുതികളിൽനിന്ന്‌ ഒഴിവുള്ളവരായിരുന്നില്ല. എന്നെ ഉൾപ്പെടെ അനേകം പുരുഷന്മാരെ സൈന്യത്തിൽ എടുക്കാൻ തുടങ്ങി. സൈനിക പരിശീലനത്തിൽ പങ്കെടുക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ ഞാൻ ഇടയ്‌ക്കിടെ തടവിലായി. പിന്നീട്‌ എന്നെ തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചു. യുവസാക്ഷികളെ കൂടെക്കൂടെ ജഡ്‌ജിമാരുടെ മുമ്പാകെ ഹാജരാക്കുമായിരുന്നു. ദൈവരാജ്യത്തെക്കുറിച്ചു സാക്ഷീകരിക്കാൻ അത്‌ ഞങ്ങൾക്ക്‌ അവസരം നൽകി. “എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും” എന്ന യേശുവിന്റെ വാക്കുകൾ അങ്ങനെ ഞങ്ങളുടെ കാര്യത്തിൽ സത്യമായി.—മത്തായി 10:18.

ജീവിതം വഴിത്തിരിവിൽ

1945-ൽ യൂറോപ്പിൽ യുദ്ധം കെട്ടടങ്ങി. അക്കാലത്ത്‌ ലോകവ്യാപക വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്നത്‌ നേഥൻ എച്ച്‌. നോർ ആയിരുന്നു. അദ്ദേഹവും സെക്രട്ടറി മിൽട്ടൺ ഹെൻഷലും അതേ വർഷം ബ്രുക്ലിൽനിന്നു ഞങ്ങളെ സന്ദർശിക്കാനെത്തി. സ്വീഡനിലെ പ്രസംഗപ്രവർത്തനത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സന്ദർശനം, എന്റെ ജീവിതത്തിലെയും. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കാൻ അവസരമുണ്ടെന്നു കേട്ടപ്പോൾ പിന്നെ ഒട്ടും വൈകിയില്ല അപേക്ഷ അയയ്‌ക്കാൻ.

അടുത്ത വർഷം ഇതേ സമയം നടന്ന സ്‌കൂളിൽ സംബന്ധിക്കാൻ എനിക്കായി. അന്ന്‌ അത്‌ നടന്നിരുന്നത്‌ ന്യൂയോർക്കിലെ തെക്കൻ ലാൻസിങ്ങിന്‌ അടുത്താണ്‌. അഞ്ചുമാസം നീണ്ട ആ കോഴ്‌സ്‌ ബൈബിളിനോടും ദൈവത്തിന്റെ സംഘടനയോടുമുള്ള എന്റെ വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ സഹായിച്ചു. ലോകവ്യാപക വേലയ്‌ക്ക്‌ നേതൃത്വം വഹിക്കുന്നവർ സൗഹാർദത്തോടെയും പരിഗണനയോടെയും ഇടപെടുന്നവരാണെന്ന്‌ ഞാൻ അനുഭവിച്ചറിഞ്ഞു. അവർ ഞങ്ങളോടൊപ്പം കഠിനാധ്വാനം ചെയ്‌തു. (മത്തായി 24:14) ഇത്‌ എന്നെ അത്ഭുതപ്പെടുത്തിയില്ലെങ്കിലും സ്വന്തകണ്ണുകൾകൊണ്ട്‌ ഇതു കാണാനായത്‌ എന്നെ അത്യധികം സന്തോഷിപ്പിച്ചു.

1947 ഫെബ്രുവരി 9, ഗിലെയാദ്‌ സ്‌കൂളിലെ എട്ടാമത്‌ ക്ലാസ്സിന്റെ ബിരുദദാന ദിവസം. ഓരോരുത്തരെയും ഏതു രാജ്യത്തേക്കാണ്‌ നിയമിച്ചിരിക്കുന്നതെന്ന്‌ നോർ സഹോദരൻ അറിയിക്കുന്നു. എന്റെ ഊഴമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “പ്രാംബെർ സഹോദരൻ സ്വീഡനിലെ തന്റെ സഹോദരങ്ങളെ സേവിക്കാനായി അവിടേക്കു തിരിച്ചുപോകുന്നു.” ഇതുകേട്ട എനിക്ക്‌ അത്ര സന്തോഷമൊന്നും തോന്നിയില്ലെന്നതാണ്‌ സത്യം.

ഒരു വലിയ വെല്ലുവിളി

സ്വീഡനിലെത്തിയ ഞാൻ, ലോകത്തുടനീളം പല രാജ്യങ്ങളിലും ഒരു പ്രത്യേക വേല, ഡിസ്‌ട്രിക്‌റ്റ്‌ വേല, ആരംഭിക്കുന്നു എന്ന്‌ മനസ്സിലാക്കി. സ്വീഡനിലെ ആദ്യ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി എന്നെ നിയമിച്ചു. രാജ്യം മുഴുവനുമായിരുന്നു എന്റെ നിയമന പ്രദേശം. സർക്കിട്ട്‌ സമ്മേളനങ്ങൾ എന്ന്‌ ഇന്നറിയപ്പെടുന്ന കൂടിവരവുകൾ സ്വീഡനിലെ എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ഞാൻ സംഘടിപ്പിക്കുകയും അവയ്‌ക്കു മേൽനോട്ടം വഹിക്കുകയും ചെയ്‌തു. ഇത്‌ പുതിയ ഒരു ക്രമീകരണമായിരുന്നതിനാൽ കാര്യമായ മാർഗനിർദേശങ്ങളൊന്നും കിട്ടിയിരുന്നില്ല. ഞാനും ഇനെറോറ്റ്‌ സഹോദരനും കൂടി ഞങ്ങളാൽ ആകുംവിധം ഒരു രൂപരേഖ തയ്യാറാക്കി. നിയമനം കിട്ടിയപ്പോൾ എന്റെയുള്ളിൽ തീയായിരുന്നു. എത്രവട്ടം യഹോവയോടു പ്രാർഥിച്ചെന്നോ! ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ 15 വർഷക്കാലം തുടരുന്നതിനുള്ള പദവി എനിക്കു ലഭിച്ചു.

അക്കാലത്ത്‌ അനുയോജ്യമായ യോഗസ്ഥലങ്ങൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും ഡാൻസ്‌ഹാളും മറ്റുംകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. അവയാണെങ്കിൽ ചിലപ്പോഴൊക്കെ ഇടിഞ്ഞുപൊളിഞ്ഞതായിരുന്നു. മുറി ചൂടാക്കുന്നതിനുള്ള സംവിധാനവും പലയിടത്തും ഉണ്ടായിരുന്നില്ല. ഫിൻലൻഡിലെ റോക്ക്യോയിൽ നടന്ന സമ്മേളനം മറക്കാനാവില്ല. കുറെക്കാലം ഉപയോഗിക്കാതെ കിടന്ന ഒരു കമ്മ്യൂണിറ്റിഹാളിലായിരുന്നു സമ്മേളനം. പുറത്ത്‌ മഞ്ഞുമഴ. താപനില പൂജ്യത്തിനു താഴെ 20 ഡിഗ്രി സെൽഷ്യസ്‌. എണ്ണവീപ്പകൾകൊണ്ടുണ്ടാക്കിയ രണ്ട്‌ വലിയ അടുപ്പുകളിൽ ഞങ്ങൾ തീ കത്തിക്കാൻ തുടങ്ങിയതും എങ്ങും പുക നിറഞ്ഞു. ചിമ്മിനിയിൽ പക്ഷികൾ കൂടുകെട്ടി താമസമാക്കിയ വിവരം ഞങ്ങൾ അറിഞ്ഞിരുന്നതേയില്ല. എങ്കിലും നീറിപ്പുകയുന്ന കണ്ണുകളോടെ കോട്ടും പുതച്ച്‌ എല്ലാവരും അവിടെത്തന്നെ ഇരുന്നു. സമ്മേളനം അവിസ്‌മരണീയമാകാൻ ഇതിൽപ്പരം എന്തുവേണം!

സന്നിഹിതരാകുന്നവർക്കു ഭക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്വവും ഈ ത്രിദിന സർക്കിട്ട്‌ സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. ഇത്തരമൊരു സംരംഭം ഏറ്റെടുത്തു നടത്തുന്നതിനുള്ള പരിചയമോ സൗകര്യമോ തുടക്കത്തിൽ ഞങ്ങൾക്കില്ലായിരുന്നു. എങ്കിലും ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായി നല്ലവരായ സഹോദരീസഹോദരന്മാർ മുന്നോട്ടുവന്നു. സമ്മേളനത്തലേന്ന്‌ രസകരമായ അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട്‌ വലിയ ചരുവത്തിലേക്കു കുനിഞ്ഞുകിടന്ന്‌ അവർ ഉരുളക്കിഴങ്ങ്‌ പൊളിക്കുന്ന കാഴ്‌ച ഒന്നു കാണേണ്ടതായിരുന്നു. പല ചിരകാല സുഹൃദ്‌ബന്ധങ്ങളും മൊട്ടിട്ടത്‌ ആ കഠിനാധ്വാനത്തിനിടയിലാണ്‌.

പ്ലാക്കാർഡും ധരിച്ചുകൊണ്ട്‌ സമ്മേളനങ്ങൾ പരസ്യപ്പെടുത്താനായി വരിവരിയായി പോകുന്നത്‌ അന്നത്തെ മറ്റൊരു സവിശേഷതയായിരുന്നു. പരസ്യപ്രസംഗത്തിനു ക്ഷണിച്ചുകൊണ്ട്‌ ഇങ്ങനെ പട്ടണത്തിലൂടെയോ ഗ്രാമത്തിലൂടെയോ നീങ്ങുക പതിവായിരുന്നു. പൊതുവെ ദയയും ആദരവും ഉള്ളവരായിരുന്നു ആളുകൾ. ഫിൻസ്‌പോങ്‌ പട്ടണത്തിലെ ഒരു ഫാക്ടറിയിൽനിന്നുള്ള തൊഴിലാളികളായിരുന്നു ഒരിക്കൽ തെരുവു നിറയെ. പെട്ടെന്ന്‌ അവരിലൊരാൾ വിളിച്ചു പറഞ്ഞു: “ദാ നോക്കൂ, ഹിറ്റ്‌ലർ അടിയറവുപറഞ്ഞ കൂട്ടർ!”

മറക്കാനാവാത്ത ഒരു സംഭവം

ഞാൻ കാരിൻ എന്ന യുവസാക്ഷിയെ കണ്ടുമുട്ടി. പിന്നെ സഞ്ചാരവേലയിൽ അധികകാലം തുടർന്നില്ല. 1953 ജൂലൈയിൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. 20-ാം തീയതി തിങ്കളാഴ്‌ച കൺവെൻഷന്റെ ഇടവേളയിൽ മിൽട്ടൺ ഹെൻഷൽ ഞങ്ങളുടെ വിവാഹം നടത്തി. പേരുകേട്ട ഈ ബേസ്‌ബോൾ സ്റ്റേഡിയത്തിൽ നടന്ന ഒരു അസാധാരണ സംഭവം! 1962 വരെ സഞ്ചാരവേലയിൽ തുടർന്ന ഞങ്ങളെ പിന്നീട്‌ സ്വീഡനിലെ ബെഥേൽ കുടുംബത്തിലേക്കു ക്ഷണിച്ചു. മാസികാ വിഭാഗത്തിലായിരുന്നു എന്റെ ആദ്യ നിയമനം. ഒരു മെക്കാനിക്കായിരുന്നതിനാൽ പിന്നീട്‌ എന്നെ ബ്രാഞ്ചിലെ അച്ചടിയന്ത്രങ്ങളുടെയും മറ്റും ഉത്തരവാദിത്വമേൽപ്പിച്ചു. കാരിൻ വർഷങ്ങളോളം അലക്കുശാലയിലായിരുന്നു, ഇപ്പോൾ വർഷങ്ങളായി പ്രൂഫ്‌റീഡിങ്‌ വിഭാഗത്തിലും.

ദമ്പതികൾ എന്നനിലയിൽ യഹോവയെ സേവിച്ച സംഭവബഹുലമായ കഴിഞ്ഞ 54 വർഷങ്ങൾ ഞങ്ങൾ തികച്ചും ആസ്വദിച്ചു. യഹോവ തന്റെ സംഘടനയെയും സ്‌നേഹസമ്പന്നരും അധ്വാനശീലരുമായ തന്റെ ദാസന്മാരുടെ പ്രവർത്തനത്തെയും അനുഗ്രഹിച്ചിരിക്കുന്നു. 1940-ൽ ഞാൻ ബ്രാഞ്ചിലെത്തിയപ്പോൾ കേവലം 1,500 സാക്ഷികളാണ്‌ സ്വീഡനിൽ ഉണ്ടായിരുന്നത്‌. എന്നാലിപ്പോൾ അവർ 22,000-ലധികമായി വളർന്നിരിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ വളർച്ചയുടെ നിരക്ക്‌ ഇതിലുമധികമാണ്‌. ഇപ്പോൾ ലോകവ്യാപകമായി 65 ലക്ഷത്തിലധികം സാക്ഷികളുണ്ട്‌.

പായ്‌ക്കപ്പലിന്റെ ഗതിവേഗം വർധിപ്പിക്കുന്ന കാറ്റുപോലെ യഹോവയുടെ ആത്മാവ്‌ നിരന്തരം നമ്മുടെ വേലയെ പിന്തുണയ്‌ക്കുന്നു. മനുഷ്യവർഗമെന്ന ഇളകിമറിയുന്ന ജനസമുദ്രത്തെ നാം വിശ്വാസക്കണ്ണാൽ നിരീക്ഷിക്കുന്നു, പക്ഷേ, നാം പരിഭ്രാന്തരല്ല. ദൈവത്തിന്റെ പുതിയലോകം നമുക്കു മുമ്പിൽ വ്യക്തം. ദൈവത്തിൽനിന്നുള്ള സകല നന്മകളെയുംപ്രതി കാരിനും ഞാനും അവനെ സ്‌തുതിക്കുന്നു. നിർമലത മുറുകെപ്പിടിച്ചുകൊണ്ട്‌ ദൈവാംഗീകാരവും നിത്യജീവനും എന്ന ലക്ഷ്യത്തിൽ എത്താനുള്ള ശക്തി നൽകണമേയെന്നാണ്‌ ഞങ്ങളുടെ നിരന്തര പ്രാർഥന.—മത്തായി 24:13.

[12-ാം പേജിലെ ചിത്രം]

അമ്മയുടെ മടിയിൽ

[13-ാം പേജിലെ ചിത്രം]

1920-കളുടെ തുടക്കത്തിൽ പിതാവിനോടൊപ്പം യാത്രചെയ്‌ത സ്ഥലം

[15-ാം പേജിലെ ചിത്രം]

മിൽട്ടൺ ഹെൻഷെലിന്റെ പിതാവായ ഹെർമെനോടൊപ്പം ഗിലെയാദിൽ, 1946

[16-ാം പേജിലെ ചിത്രങ്ങൾ]

1953 ജൂലൈ 23-ന്‌ യാങ്കീ സ്റ്റേഡിയത്തിൽ ഞങ്ങൾ വിവാഹിതരായി