വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനു സ്വന്തം ബൈബിൾ ഉണ്ടായിരുന്നോ?

യേശുവിനു സ്വന്തം ബൈബിൾ ഉണ്ടായിരുന്നോ?

യേശുവിനു സ്വന്തം ബൈബിൾ ഉണ്ടായിരുന്നോ?

ഇല്ല, യേശുവിനു സ്വന്തമായി ബൈബിൾ ഇല്ലായിരുന്നു. നമുക്കിന്ന്‌ ഉള്ളതുപോലെ സമ്പൂർണ ബൈബിൾ അക്കാലത്തു ലഭ്യമല്ലായിരുന്നു എന്നതുതന്നെ കാരണം. എന്നിരുന്നാലും, ഇന്നു നമുക്കു സുപരിചിതമായ ബൈബിളിന്റെ ഭാഗമായി പിൽക്കാലത്തു മാറിയ ലിഖിതചുരുളുകളുടെ ശേഖരം സിനഗോഗുകളിൽ സൂക്ഷിച്ചിരുന്നു. നസറെത്തിലെ സിനഗോഗിൽവെച്ച്‌ യേശു യെശയ്യാവിന്റെ ചുരുൾ വായിച്ചു. (ലൂക്കൊസ്‌ 4:16, 17) പിസിദ്യയിലെ അന്ത്യൊക്ക്യയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ “ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചു”കേട്ടു. (പ്രവൃത്തികൾ 13:14, 15) “മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചു”വെന്ന്‌ ശിഷ്യനായ യാക്കോബ്‌ പറയുന്നു.—പ്രവൃത്തികൾ 15:21.

ഒന്നാം നൂറ്റാണ്ടിൽ വ്യക്തികളുടെ പക്കൽ വിശുദ്ധ തിരുവെഴുത്തുകളുടെ ചുരുൾ ഉണ്ടായിരുന്നോ? കന്ദക്ക രാജ്ഞിയുടെ കൊട്ടാരത്തിലെ എത്യോപ്യൻ ഷണ്ഡന്റെ പക്കൽ ഉണ്ടായിരുന്നു. ശിഷ്യനായ ഫിലിപ്പൊസ്‌ ഗസെക്കുള്ള വഴിമധ്യേ കണ്ടുമുട്ടുമ്പോൾ അദ്ദേഹം “തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്‌തകം വായിക്കയായിരുന്നു.” (പ്രവൃത്തികൾ 8:26-30) അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിനോട്‌ “പുസ്‌തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും [“തുകൽചുരുൾകളും,” പി.ഒ.സി. ബൈബിൾ]” കൊണ്ടുവരാൻ പറഞ്ഞു. (2 തിമൊഥെയൊസ്‌ 4:13) പൗലൊസ്‌ ഏതു ചുരുളാണ്‌ കൊണ്ടുവരേണ്ടത്‌ എന്നു പറഞ്ഞില്ലെങ്കിലും അത്‌ എബ്രായ തിരുവെഴുത്തുകളുടെ ഭാഗമായിരിക്കാനാണു സാധ്യത.

യഹൂദന്മാർക്കിടയിൽ “പലസ്‌തീനിലെ ഉന്നതന്മാർക്കും വിദ്യാസമ്പന്നർ എന്നവകാശപ്പെട്ടവർക്കും പരീശന്മാരിൽ ചിലർക്കും നിക്കോദെമൊസിനെ പോലുള്ള അധ്യാപകർക്കും” മാത്രമേ തിരുവെഴുത്തു ചുരുളുകൾ സ്വന്തമായി ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളു എന്ന്‌ ശേമ്യഭാഷാ പ്രൊഫസറായ അലെൻ മിലാർഡ്‌ പറയുന്നു. വിലക്കൂടുതലായിരുന്നു ഒരു കാരണം. “യെശയ്യാവിന്റെ ഒരു പ്രതിക്ക്‌ ആറുമുതൽ പത്തുവരെ ദിനാറെ വില” ഉണ്ടായിരുന്നിരിക്കുമെന്ന്‌ മിലാർഡ്‌ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച്‌ സമ്പൂർണ എബ്രായ ബൈബിളിന്‌ “15 മുതൽ 20 വരെ ചുരുളുകൾ വരുമായിരുന്നു.” അതായത്‌ ഒരാളുടെ പാതിവർഷത്തെ വേതനത്തോളം വരുന്ന ഒരു തുക മുടക്കേണ്ടിവരുമായിരുന്നു എന്നർഥം.

യേശുവിനോ ശിഷ്യന്മാർക്കോ ബൈബിൾ ചുരുൾ സ്വന്തമായി ഉണ്ടായിരുന്നോ എന്ന്‌ ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ഓർമയിൽനിന്നു തിരുവെഴുത്തുകൾ ഉദ്ധരിക്കാനോ പരാമർശിക്കാനോ ആകുംവിധം തിരുവെഴുത്തുകൾ അവനത്ര സുപരിചിതമായിരുന്നു എന്നതിൽ തർക്കമില്ല. (മത്തായി 4:4, 7, 10; 19:4, 5) താങ്ങാവുന്ന വിലയിൽ ബൈബിൾ ഇന്ന്‌ യഥേഷ്ടം ലഭ്യമാണെന്നിരിക്കെ അതുമായി പരിചിതരാകാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?