വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

നായാട്ടും മീൻപിടിത്തവും സംബന്ധിച്ച്‌ ഒരു ക്രിസ്‌ത്യാനിയുടെ മനോഭാവം എന്തായിരിക്കണം?

നായാട്ടിനെയും മീൻപിടിത്തത്തെയും ബൈബിൾ കുറ്റംവിധിക്കുന്നില്ല. (ആവർത്തനപുസ്‌തകം 14:4, 5, 9, 20; മത്തായി 17:27; യോഹന്നാൻ 21:6) എന്നിരുന്നാലും വേട്ടയാടുകയും മീൻപിടിക്കുകയും ചെയ്യുന്ന ക്രിസ്‌ത്യാനികൾ പല തിരുവെഴുത്തു തത്ത്വങ്ങളും പരിഗണിക്കേണ്ടതുണ്ട്‌.

രക്തം വാർത്തിക്കളഞ്ഞതിനുശേഷമേ മാംസം ഭക്ഷിക്കാവൂ എന്ന നിബന്ധനയിൽ മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നതിനുള്ള അനുവാദം ദൈവം നോഹയ്‌ക്കും പിൻഗാമികൾക്കും കൊടുത്തിരുന്നു. (ഉല്‌പത്തി 9:3, 4) മൃഗങ്ങളുടെ ജീവനും ദൈവത്തിൽനിന്ന്‌ ഉത്ഭവിച്ചു എന്നതിനാൽ അവയുടെ ജീവനും ആദരവോടെ വീക്ഷിക്കപ്പെടണം. അതുകൊണ്ട്‌ ജീവന്‌ ഒട്ടും വിലകൽപ്പിക്കാതെ കേവലം വിനോദത്തിനുവേണ്ടിയോ നായാട്ടിലുള്ള സാമർഥ്യം പരീക്ഷിക്കുന്നതിനുവേണ്ടിയോ ക്രിസ്‌ത്യാനികൾ മൃഗങ്ങളെ കൊല്ലുകയില്ല.—സദൃശവാക്യങ്ങൾ 12:10.

നമ്മുടെ മനോഭാവം പ്രകടമാകുന്ന മറ്റൊരു വശംകൂടി പരിഗണിക്കേണ്ടതുണ്ട്‌. ധാരാളം മീൻപിടിക്കാൻ സാധിച്ചപ്പോഴൊക്കെയും മുക്കുവരായിരുന്ന അപ്പൊസ്‌തലന്മാർ വളരെ സന്തോഷിച്ചിരിക്കണം. എന്നാൽ മീൻപിടിക്കാനോ വേട്ടയാടാനോ ഉള്ള പ്രാപ്‌തിയെച്ചൊല്ലി അവർ വീമ്പിളക്കിയതായി യാതൊരു സൂചനയുമില്ല. അല്ലെങ്കിൽ മറ്റുള്ളവരുമായി മത്സരിച്ച്‌ തങ്ങളുടെ പുരുഷത്വം തെളിയിക്കാനോ ഇരയെ ഓടിച്ചിട്ടുപിടിച്ചു കൊല്ലുന്നതിന്റെ ‘ത്രിൽ’ ആസ്വദിക്കാനോ അവർ വേട്ടയാടുകയോ മീൻപിടിക്കുകയോ ചെയ്‌തതായും ബൈബിൾ സൂചിപ്പിക്കുന്നില്ല.—സങ്കീർത്തനം 11:5; ഗലാത്യർ 5:26.

അതുകൊണ്ട്‌ നമുക്കു നമ്മോടു ചോദിക്കാം: ‘ജീവനോടുള്ള യഹോവയുടെ വീക്ഷണത്തെ ആദരിക്കുന്നതിൽ ഞാനൊരു മാതൃകയാണോ? എന്റെ ചിന്തകളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌ നായാട്ടും മീൻപിടിത്തവുമാണോ? എന്റെ ജീവിതരീതി തെളിയിക്കുന്നത്‌ ഞാൻ ദൈവത്തിന്റെ ഒരു ശുശ്രൂഷകനാണെന്നാണോ അതോ മൃഗയാവിനോദത്തിൽ അത്യന്തം തത്‌പരനായ വ്യക്തിയാണെന്നാണോ? നായാട്ടും മീൻപിടിത്തവും അവിശ്വാസികളുമായി അടുത്തിടപഴകുന്നതിനോ എന്റെ കുടുംബത്തെ അവഗണിക്കുന്നതിനോ ഇടയാക്കുന്നുണ്ടോ?’—ലൂക്കൊസ്‌ 6:45.

ആഹാരത്തിനായി നായാട്ടും മീൻപിടിത്തവും നടത്തുന്ന ചിലർക്ക്‌ ഇവയുടെ സീസണിൽ ആത്മീയ കാര്യങ്ങൾ അവഗണിക്കുന്നതിൽ അത്ര കുറ്റബോധം തോന്നിയെന്നു വരില്ല. എന്നാൽ യാതൊന്നും ആത്മീയകാര്യങ്ങളെ പിന്തള്ളാൻ അനുവദിക്കാതിരിക്കുമ്പോൾ ദൈവത്തിലുള്ള ആശ്രയത്വവും വിശ്വാസവും പ്രകടമാക്കുകയാണ്‌ നാം ചെയ്യുന്നത്‌. (മത്തായി 6:33) മാത്രമല്ല നായാട്ടിനെയും മീൻപിടിത്തത്തെയും സംബന്ധിക്കുന്ന ‘കൈസറുടെ’ എല്ലാ നിയമങ്ങളും ക്രിസ്‌ത്യാനികൾ അനുസരിക്കേണ്ടതുണ്ട്‌, അത്‌ നടപ്പാക്കാൻ അധികാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും.—മത്തായി 22:21; റോമർ 13:1.

നായാട്ടിന്റെയും മീൻപിടിത്തത്തിന്റെയും കാര്യത്തിൽ യഹോവയുടെ വീക്ഷണങ്ങളുമായി അനുരൂപപ്പെടുന്നതിന്‌ ചിലർക്ക്‌ അവരുടെ ചിന്തകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (എഫെസ്യർ 4:22-24) അതേസമയം മറ്റുള്ളവർ മനസ്സാക്ഷിപൂർവം എടുക്കുന്ന തീരുമാനങ്ങളെ നാം ആദരിക്കേണ്ടതുമുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ ഉപദേശം ഇവിടെ പ്രസക്തമാണ്‌: “അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.” (റോമർ 14:13) ഇത്തരം നിസ്സ്വാർഥസ്‌നേഹവും ബഹുമാനവും സഭയിൽ സമാധാനം ഉന്നമിപ്പിക്കും, സകല ജീവന്റെയും ഉറവിടമായ നമ്മുടെ സ്രഷ്ടാവിനെ സന്തോഷിപ്പിക്കുകയും ചെയ്യും.—1 കൊരിന്ത്യർ 8:13. *

[അടിക്കുറിപ്പ്‌]

^ ഖ. 8 1990 മേയ്‌ 15 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കൂടി കാണുക.