വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല ജനതകളും ഒരു കുടക്കീഴിലേക്ക്‌ —എങ്ങനെ?

സകല ജനതകളും ഒരു കുടക്കീഴിലേക്ക്‌ —എങ്ങനെ?

സകല ജനതകളും ഒരു കുടക്കീഴിലേക്ക്‌ —എങ്ങനെ?

“ഐക്യം.” ആ പദത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും? ചിലരെ സംബന്ധിച്ചിടത്തോളം, അസ്വാരസ്യങ്ങൾ ഇല്ലാത്ത ഒരവസ്ഥ മാത്രമാണത്‌. രണ്ടോ അതിലധികമോ രാജ്യങ്ങൾ ഒരു സമാധാനക്കരാർ ഒപ്പിടുകയും അതിലെ വ്യവസ്ഥകൾ അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുകയും ചെയ്‌താൽ അവർ ഐക്യത്തിലാണെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ വാസ്‌തവം അതാണോ? ആയിരിക്കണമെന്നില്ല.

ഇതു ചിന്തിക്കുക: ചരിത്രത്തിൽ ഇന്നോളം അസംഖ്യം സമാധാനക്കരാറുകൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്‌; ലംഘിക്കപ്പെട്ടിട്ടുമുണ്ട്‌. എന്താണതിനു കാരണം? മിക്കപ്പോഴും മാനവരാശിയുടെ സമാധാനവും ഐക്യവുമല്ല, സ്വന്തം പേരും പെരുമയുമാണ്‌ ലോകനേതാക്കളുടെ മുഖ്യതാത്‌പര്യം എന്നതുതന്നെ. മാത്രമല്ല, സൈനികബലത്തിന്റെ കാര്യത്തിൽ മറ്റുള്ളവരോടൊപ്പം എത്താൻ കഴിഞ്ഞില്ലെങ്കിൽ തങ്ങളുടെ ഗതിയെന്താകും എന്നു ഭയപ്പെടുന്നു ചില രാജ്യങ്ങൾ.

അതുകൊണ്ട്‌ രണ്ടു രാജ്യങ്ങൾ യുദ്ധം ചെയ്യുന്നില്ല എന്നുവെച്ച്‌ അവർ സമാധാനത്തിലാണെന്നു പറയാനാവില്ല. നേർക്കുനേർ തോക്കുചൂണ്ടി നിൽക്കുന്ന രണ്ടുപേരെ മനസ്സിൽ കാണുക. രണ്ടുപേരും കാഞ്ചി വലിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രം അവർ സമാധാനത്തിലാണെന്നു വരുമോ? അങ്ങനെ ചിന്തിക്കുന്നത്‌ ശുദ്ധമണ്ടത്തരമായിരിക്കും! ഇന്നു പക്ഷേ പല രാജ്യങ്ങളും ആ അവസ്ഥയിലാണ്‌ എന്നതാണു സത്യം. ദുർബലമായിക്കൊണ്ടിരിക്കുന്ന പരസ്‌പരവിശ്വാസം, നാളെയൊരിക്കൽ ആയുധങ്ങൾ തങ്ങളുടെ രാജ്യത്തെ ഭസ്‌മമാക്കുമെന്ന ഭീതിക്ക്‌ ആക്കംകൂട്ടിയിരിക്കുന്നു. അത്തരമൊരു ദുരന്തം തടയാൻ എന്തു നടപടിയാണു സ്വീകരിച്ചിരിക്കുന്നത്‌?

ആണവഭീതി, ഐക്യത്തിനൊരു ഭീഷണി

പലരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്‌ 1968-ൽ അംഗീകരിക്കപ്പെട്ട ആണവ നിർവ്യാപന കരാർ (എൻപിടി). ആണവായുധങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ അതിന്റെ നിർമാണത്തിനു വിലക്കേർപ്പെടുത്തുകയും ആണവരാജ്യങ്ങളിൽ അവയുടെ വ്യാപനം തടയുകയും ചെയ്യുന്നതിനുവേണ്ടിയാണിത്‌. 180 രാഷ്‌ട്രങ്ങൾ ഒപ്പിട്ടിരിക്കുന്ന ഇതിന്റെ ലക്ഷ്യം സമ്പൂർണ നിരായുധീകരണമാണ്‌.

ഉദ്ദേശ്യം ഉത്‌കൃഷ്ടമാണെന്നു തോന്നിയാലും, ചില രാജ്യങ്ങളെ “ന്യൂക്ലിയർ ക്ലബ്ബി”നു പുറത്തു നിറുത്താനുള്ള തന്ത്രമായാണ്‌ വിമർശകരിൽ ചിലർ ഇതിനെ കാണുന്നത്‌. അതുകൊണ്ടുതന്നെ കരാറിൽ ഒപ്പിട്ടിരിക്കുന്ന ചിലർ രണ്ടാമതൊന്ന്‌ ആലോചിച്ച്‌ തങ്ങളുടെ അഭിപ്രായം മാറ്റിയേക്കാമെന്ന ഭയവുമുണ്ട്‌. ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ തങ്ങളെ അനുവദിക്കാത്തത്‌ കടുത്ത അനീതിയാണെന്നാണ്‌ ചില രാജ്യങ്ങളുടെ പക്ഷം. കാരണം അവരുടെ അഭിപ്രായത്തിൽ ആയുധങ്ങൾ സ്വയരക്ഷയ്‌ക്കുള്ള ഉപാധികളാണ്‌.

ആണവോർജം ഉത്‌പാദിപ്പിക്കുന്നതിന്‌ ആർക്കും വിലക്കില്ല എന്ന വസ്‌തുത സാഹചര്യം ഒന്നുകൂടെ രൂക്ഷമാക്കുന്നു. സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന രാഷ്‌ട്രങ്ങൾ രഹസ്യത്തിൽ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടായിരിക്കാം എന്ന ആശങ്കയ്‌ക്ക്‌ ഇതിടയാക്കിയിരിക്കുന്നു.

എന്തിന്‌, ആണവരാഷ്‌ട്രങ്ങൾപോലും ഈ കരാറിനെ കാറ്റിൽപ്പറത്തിയേക്കാം. വൻ ആയുധസന്നാഹമുള്ള രാജ്യങ്ങൾ തങ്ങളുടെ ആയുധസമാഹാരം ഇല്ലാതാക്കുമെന്നോ വെട്ടിച്ചുരുക്കുമെന്നോ പ്രതീക്ഷിക്കുന്നത്‌ മഹാ അബദ്ധമാണെന്നാണ്‌ വിമർശകർ പറയുന്നത്‌. ഒരു ഉറവിടം പറയുന്നതു ശ്രദ്ധിക്കുക: “ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ . . . ഇന്ന്‌ ബദ്ധശത്രുക്കളായിരിക്കുന്ന രാജ്യങ്ങൾക്കിടയിൽ അവിശ്വസനീയമായ അളവിൽ സൗഹാർദവും വിശ്വാസവും വളർന്നുവരേണ്ടിയിരിക്കുന്നു, അതാണെങ്കിൽ തീർത്തും അസംഭവ്യവും.”

ഐക്യം കൈവരിക്കാനുള്ള മാനുഷിക ശ്രമങ്ങൾ എത്രതന്നെ ആത്മാർഥമായിരുന്നാലും, പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാൽ ഇതു ബൈബിൾ വിദ്യാർഥികൾക്ക്‌ ഒരു അതിശയമല്ല. കാരണം ദൈവവചനം പറയുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) ബൈബിളിന്റെ ഈ തുറന്ന പ്രസ്‌താവനയും ശ്രദ്ധിക്കുക: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃശവാക്യങ്ങൾ 16:25) ഐക്യം കൈവരിക്കാനുള്ള ഉദ്യമത്തിൽ അധികദൂരംപോകാൻ മനുഷ്യഭരണകൂടങ്ങൾക്കാവില്ല. എന്നാൽ സാഹചര്യം ആശയറ്റതല്ല.

യഥാർഥ ഐക്യം എവിടെനിന്ന്‌?

ലോകജനത ഒരു കുടക്കീഴിലാകുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതായി ബൈബിൾ പറയുന്നു. എന്നാൽ ആ കുട നിവർത്തുന്നത്‌ മനുഷ്യർ ആയിരിക്കില്ല. മനുഷ്യനു സാധിക്കാത്തത്‌ ദൈവം സാധിക്കും. മുഴു മാനവരാശിയും സമാധാനത്തിൽ കഴിയണം എന്നതായിരുന്നു ദൈവോദ്ദേശ്യം. ‘ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ല’ എന്നു ചിലർക്ക്‌ തോന്നിയേക്കാം. എന്നാൽ മാനവകുടുംബം സമാധാനത്തിലും ഐക്യത്തിലും കഴിയണം എന്നത്‌ തുടക്കം മുതൽക്കേ ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. * ആ ഉദ്ദേശ്യത്തിന്‌ ഇപ്പോഴും മാറ്റംവന്നിട്ടില്ല എന്നതിനുള്ള ധാരാളം തെളിവുകൾ ബൈബിളിലുണ്ട്‌. ഏതാനും ഉദാഹരണങ്ങൾ നോക്കുക:

• “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.

• “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.”—യെശയ്യാവു 11:9.

• “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്‌തിരിക്കുന്നത്‌.”—യെശയ്യാവു 25:8.

• “നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊസ്‌ 3:13.

• “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.

ഈ വാഗ്‌ദാനങ്ങൾ ആശ്രയയോഗ്യമാണ്‌. കാരണം? സ്രഷ്ടാവെന്ന നിലയിൽ യഹോവയ്‌ക്ക്‌ അതു നിവർത്തിക്കാനുള്ള കഴിവും പ്രാപ്‌തിയുമുണ്ട്‌. (ലൂക്കൊസ്‌ 18:27) അങ്ങനെ ചെയ്യാനുള്ള ആഗ്രഹവും ദൈവത്തിനുണ്ട്‌. “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്‌തുവിൽ ഒന്നായിച്ചേർക്ക” എന്നത്‌ ദൈവത്തിനു “പ്രസാദ”മുള്ള കാര്യമാണെന്നാണ്‌ ബൈബിൾ പറയുന്നത്‌.—എഫെസ്യർ 1:8-10.

‘നീതിവസിക്കുന്ന പുതിയ ഭൂമി’യെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം വെറുമൊരു സ്വപ്‌നമല്ല. (2 പത്രൊസ്‌ 3:13) തന്റെ വാഗ്‌ദാനങ്ങളെക്കുറിച്ച്‌ യഹോവ പറയുന്നു: “അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.

ഏകീകരണം ദൈവവചനത്തിലൂടെ

മുൻലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, മാനവരാശിയെ ഏകീകരിക്കുന്നതിനല്ല മറിച്ച്‌ ഭിന്നിപ്പിക്കുന്നതിനാണു മതം പലപ്പോഴും ശ്രമിച്ചിട്ടുള്ളത്‌. ഇതത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. കാരണം, ഒരു സ്രഷ്ടാവുണ്ടെന്ന വസ്‌തുത നാം അംഗീകരിക്കുന്നുണ്ടെങ്കിൽ ആ സ്രഷ്ടാവിനെ ആരാധിക്കുന്നവർക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടായിരിക്കുമെന്നു ന്യായമായും പ്രതീക്ഷിക്കാനാവില്ലേ? തീർച്ചയായും!

മനുഷ്യരെ ഭിന്നിപ്പിക്കുന്ന മതത്തിന്റെ ഈ നിലപാട്‌ ദൈവത്തിനോ ദൈവവചനത്തിനോ നിരക്കുന്നതല്ല. ദൈവോദ്ദേശ്യത്തിനു പകരം, ഐക്യത്തിനായുള്ള മാനുഷപദ്ധതികളെ ഉയർത്തിപ്പിടിക്കുന്ന മതങ്ങളുടെ അധഃപതനത്തെയാണ്‌ അതു കാണിക്കുന്നത്‌. തന്റെ നാളിലെ മതനേതാക്കന്മാരെ യേശു വിളിച്ചത്‌ ‘കപടഭക്തിക്കാർ’ എന്നാണ്‌. അവരോടായി അവൻ പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങളെക്കുറിച്ചു യെശയ്യാവു: ‘ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്‌പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു’ എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”—മത്തായി 15:7-9.

സത്യാരാധനയാകട്ടെ, മനുഷ്യരെ ഒന്നിപ്പിക്കുകയാണു ചെയ്യുന്നത്‌. യെശയ്യാപ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്‌പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:2, 4.

ഇന്ന്‌ 230-ലധികം രാജ്യങ്ങളിലായി യഹോവയുടെ സാക്ഷികൾ ഐക്യമാർഗം സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ടാണിരിക്കുന്നത്‌. എന്താണ്‌ അവരുടെ ഐക്യത്തിനു നിദാനം? അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളിൽ ഉത്തരമുണ്ട്‌: “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” (കൊലൊസ്സ്യർ 3:14) ‘ബന്ധം’ എന്നതിനു പൗലൊസ്‌ ഉപയോഗിച്ച ഗ്രീക്കുപദത്തിന്‌ മനുഷ്യശരീരത്തിലെ സ്‌നായുക്കളെ (ligaments) കുറിക്കാനാകും. കയറിന്റെ കരുത്തുള്ള ഇവയ്‌ക്ക്‌ രണ്ടു മുഖ്യധർമങ്ങളാണ്‌ ഉള്ളത്‌: ശരീരാവയവങ്ങളെ യഥാസ്ഥാനത്തു നിറുത്തുക; അസ്ഥികളെ ബന്ധിപ്പിക്കുക.

സ്‌നേഹവും ഏതാണ്ട്‌ ഇതുപോലെതന്നെയാണ്‌. പരസ്‌പരം കൊല്ലുന്നതിൽനിന്ന്‌ ആളുകളെ തടയുക മാത്രമല്ല അതു ചെയ്യുന്നത്‌. ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരെ സമാധാനത്തോടെ മുന്നോട്ടുപോകാൻ പ്രാപ്‌തരാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, സുവർണ നിയമത്തിനു ചേർച്ചയിൽ ജീവിക്കാൻ അത്‌ ആളുകളെ സഹായിക്കുന്നു. മത്തായി 7:12-ൽ രേഖപ്പെടുത്തിയിരിക്കുന്ന പിൻവരുന്ന വാക്കുകളാണ്‌ സുവർണ നിയമം എന്നപേരിൽ അറിയപ്പെടുന്നത്‌. അത്‌ ഇപ്രകാരമാണ്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” മുൻവിധി മറികടക്കാൻ ഇത്‌ അനേകരെ സഹായിച്ചിരിക്കുന്നു.

‘തമ്മിൽ തമ്മിലുള്ള സ്‌നേഹം’

യേശു പ്രസ്‌താവിച്ചു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഇത്‌ അനുവർത്തിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ ശിഷ്യരാണെന്നു തെളിയിക്കാൻ ദൃഢചിത്തരാണ്‌ യഹോവയുടെ സാക്ഷികൾ. വർഗീയവും രാഷ്‌ട്രീയവുമായ പ്രശ്‌നങ്ങളുടെ അലകൾ ആഞ്ഞടിച്ചപ്പോൾ അവർ പ്രകടിപ്പിച്ച ആ സ്‌നേഹം ശ്രദ്ധേയമാണ്‌. 1994-ൽ റുവാണ്ടയിൽ അരങ്ങേറിയ വംശഹത്യയുടെ നാളുകളിൽ യഹോവയുടെ സാക്ഷികൾ കാണിച്ച സ്‌നേഹം അതിനൊരു ഉദാഹരണം മാത്രം. ഹുട്ടു വംശജരായ സാക്ഷികൾ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടാണു തങ്ങളുടെ ടുട്‌സി സഹോദരങ്ങളെ സംരക്ഷിച്ചത്‌!

ലോകൈക്യം കൈവരിക്കാൻ പോന്നത്ര അയൽസ്‌നേഹം രാഷ്‌ട്രങ്ങൾ വളർത്തിയെടുക്കും എന്ന പ്രതീക്ഷ യാഥാർഥ്യത്തിൽനിന്നു കാതങ്ങൾ അകലെയാണ്‌ എന്നതിനു സംശയമില്ല. എന്നാൽ ദൈവം തന്റെ തക്കസമയത്ത്‌ അതു ചെയ്യുമെന്നു ബൈബിൾ പറയുന്നു. പക്ഷേ ഇപ്പോൾപ്പോലും വ്യക്തികൾക്കു സ്‌നേഹത്തിലൂടെ ഐക്യം നേടിയെടുക്കാനാകും.

കഴിഞ്ഞ വർഷം ബൈബിളിനെയും ആധുനിക ജീവിതത്തിൽ അതിനുള്ള മൂല്യത്തെയും കുറിച്ച്‌ ആളുകളോടു സംസാരിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ചെലവഴിച്ചത്‌ നൂറു കോടിയിലധികം മണിക്കൂറുകളാണ്‌. ദൈവവചനത്തിന്റെ സൂക്ഷ്‌മപരിജ്ഞാനം ദശലക്ഷങ്ങളെ ഏകീകരിച്ചിരിക്കുന്നു, ഒരുകാലത്ത്‌ ആജന്മ ശത്രുക്കളായിരുന്നവരെപ്പോലും. അറബികൾ-യഹൂദന്മാർ, അമേരിക്കക്കാർ-തുർക്കികൾ, ജർമൻകാർ-റഷ്യക്കാർ എന്നിവരൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രം.

ദൈവവചനമായ ബൈബിളിന്റെ ഏകീകരണ സ്വാധീനത്തെക്കുറിച്ച്‌ കൂടുതൽ അറിയണമെന്നുണ്ടോ നിങ്ങൾക്ക്‌? എങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 2-ാം പേജിലുള്ള അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.

[അടിക്കുറിപ്പ്‌]

^ ഖ. 12 മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചു കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായം കാണുക.

[4-ാം പേജിലെ ആകർഷകവാക്യം]

അസംഖ്യം സമാധാനക്കരാറുകൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്‌; ലംഘിക്കപ്പെട്ടിട്ടുമുണ്ട്‌.

[7-ാം പേജിലെ ആകർഷകവാക്യം]

മനുഷ്യഭരണകൂടങ്ങൾക്കു സാധിക്കാത്തത്‌ ബൈബിൾ തത്ത്വങ്ങൾക്കു സാധിച്ചിരിക്കുന്നു

[5-ാം പേജിലെ ചിത്രം]

ദൈവവചനം യഥാർഥ ഐക്യത്തിന്റെ ഉറവിടത്തിലേക്കു വിരൽചൂണ്ടുന്നു

[7-ാം പേജിലെ ചിത്രം]

ഹുട്ടു-ടുട്‌സി വംശത്തിൽപ്പെട്ട യഹോവയുടെ സാക്ഷികൾ ഒരു ആരാധനാസ്ഥലത്തിന്റെ നിർമാണത്തിനിടെ