വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കുക

സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കുക

സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കുക

രാജ്യത്തിന്റെ ഒരു വിദൂരഭാഗത്തേക്കു താമസംമാറുന്നതിന്റെ ഹരത്തിലായിരുന്നു എട്ടു വയസ്സുകാരി നിക്കോൾ. ഉറ്റസുഹൃത്തായ ഗബ്രിയേലയോട്‌ അവൾ അതേക്കുറിച്ചു വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ‘നീ പോകുന്നതിനു ഞാൻ എന്നാ വേണം,’ ഒരു ദിവസം ഗബ്രിയേല അവളുടെ മുഖത്തു നോക്കിപ്പറഞ്ഞു. നിക്കോളിനു ദേഷ്യവും സങ്കടവും സഹിക്കാനായില്ല. “ഇനിയൊരിക്കലും എനിക്കവളെ കാണണ്ട!,” നിക്കോൾ അമ്മയോടു പറഞ്ഞു.

നിക്കോളിന്റെയും ഗബ്രിയേലയുടെയും ജീവിതത്തിലുണ്ടായതുപോലുള്ള പ്രതിസന്ധികൾ കൈകാര്യംചെയ്യാൻ മിക്കപ്പോഴും മാതാപിതാക്കളുടെ ഇടപെടൽ ആവശ്യമായിവരുന്നു—മുറിവേറ്റ ഇളംമനസ്സുകളെ ആശ്വസിപ്പിക്കാൻ മാത്രമല്ല, പ്രശ്‌നം പരിഹരിക്കേണ്ടത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കാനും അതാവശ്യമാണ്‌. “ശിശുസഹജമായ” വിധങ്ങളിൽ പ്രവർത്തിക്കാനാണ്‌ സ്വാഭാവികമായും കുട്ടികളുടെ പ്രവണത. തങ്ങളുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ മിക്കപ്പോഴും അജ്ഞരാണ്‌ അവർ. (1 കൊരിന്ത്യർ 13:11, പി.ഒ.സി. ബൈബിൾ) കുടുംബാംഗങ്ങളും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ പര്യാപ്‌തമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ അവർക്കു സഹായം ആവശ്യമാണ്‌.

‘സമാധാനം അന്വേഷിച്ചു പിന്തുടരാൻ’ മക്കളെ പരിശീലിപ്പിക്കുന്നതിൽ ക്രിസ്‌തീയ മാതാപിതാക്കൾ അതീവതത്‌പരരാണ്‌. (1 പത്രൊസ്‌ 3:11) സമാധാനമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക്‌ അതിലൂടെ സന്തോഷവും കൈവരുന്നു. സംശയവും സങ്കടവും ശത്രുതയും മനസ്സിലേറ്റി നടക്കുന്നതിനെക്കാൾ അത്യന്തം അഭികാമ്യമാണത്‌. സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കാനുള്ള ചില വഴികൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

‘സമാധാനത്തിന്റെ ദൈവത്തെ’ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ സഹായിക്കുക

“സമാധാനത്തിന്റെ ദൈവം” എന്നും “സമാധാനം നൽകുന്ന ദൈവം” എന്നുമാണ്‌ ബൈബിൾ യഹോവയെ വിളിക്കുന്നത്‌. (ഫിലിപ്പിയർ 4:9; റോമർ 15:33, NW) ദൈവത്തെ പ്രസാദിപ്പിക്കാനും അവന്റെ ഗുണങ്ങൾ പകർത്താനുമുള്ള ആഗ്രഹം മക്കളിൽ ഉൾനടാൻ ജ്ഞാനികളായ മാതാപിതാക്കൾ ദൈവവചനമായ ബൈബിൾ വിദഗ്‌ധമായി ഉപയോഗിക്കും. ഉദാഹരണത്തിന്‌, യഹോവയുടെ സിംഹാസനത്തെ വലയംചെയ്യുന്നതും മരതകപ്പച്ചനിറത്തിലുള്ളതുമായ ശോഭയേറിയ മഴവില്ലിനെക്കുറിച്ചുള്ള അപ്പൊസ്‌തലനായ യോഹന്നാന്റെ ഉദ്വേഗജനകമായ ദർശനം ഭാവനയിൽ കാണാൻ മക്കളെ സഹായിക്കുക. * (വെളിപ്പാടു 4:2, 3) ആ മഴവില്ല്‌ യഹോവയുടെ സാന്നിധ്യത്തിന്റെ പ്രശാന്തതയെയും സമാധാനത്തെയുമാണ്‌ അർഥമാക്കുന്നതെന്നും അനുസരണമുള്ള എല്ലാ ആളുകളിലേക്കും അതു വ്യാപിക്കുമെന്നും വിശദീകരിക്കുക.

“സമാധാനപ്രഭു” എന്നു വിളിക്കപ്പെടുന്ന തന്റെ പുത്രനായ യേശുവിലൂടെയും യഹോവ മാർഗനിർദേശം പ്രദാനംചെയ്യുന്നു. (യെശയ്യാവു 9:6, 7) അതുകൊണ്ട്‌ വഴക്കുകളും തർക്കങ്ങളും ഒഴിവാക്കുന്നതിനോടു ബന്ധപ്പെട്ട്‌ യേശു പഠിപ്പിച്ച വിലയേറിയ പാഠങ്ങളടങ്ങുന്ന ബൈബിൾ വിവരണങ്ങൾ കുഞ്ഞുങ്ങളുമൊത്ത്‌ വായിച്ചു ചർച്ചചെയ്യുക. (മത്തായി 26:51-56; മർക്കൊസ്‌ 9:33-35) ഒരിക്കൽ “നിഷ്‌ഠുര”നായിരുന്ന പൗലൊസ്‌ തന്റെ വഴികൾക്കു മാറ്റംവരുത്തുകയും “കർത്താവിന്റെ ദാസൻ ശണ്‌ഠ ഇടാതെ എല്ലാവരോടും ശാന്തനും . . . ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്‌” എന്ന്‌ എഴുതുകയും ചെയ്‌തത്‌ എന്തുകൊണ്ടെന്ന്‌ അവർക്കു പറഞ്ഞുകൊടുക്കുക. (1 തിമൊഥെയൊസ്‌ 1:13; 2 തിമൊഥെയൊസ്‌ 2:24) പ്രതീക്ഷിക്കുന്നതിലും മികച്ച പ്രതികരണമായിരിക്കും അവരിൽനിന്നു ലഭിക്കുക.

തനിക്ക്‌ ഏഴു വയസ്സുള്ളപ്പോൾ സ്‌കൂൾബസ്സിൽവെച്ച്‌ ഒരു കുട്ടി തന്നെ കളിയാക്കിയത്‌ ഇവാൻ ഓർക്കുന്നു. അവൻ പറയുന്നു: “വല്ലാത്ത ദേഷ്യംവന്ന എനിക്ക്‌ എങ്ങനെയും അവനോടു പകവീട്ടണം എന്നു തോന്നി! വഴക്കുണ്ടാക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച്‌ വീട്ടിൽവെച്ചു പഠിച്ച ഒരു കാര്യം എനിക്കപ്പോൾ ഓർമവന്നു. ഞാൻ ‘ആർക്കും തിന്മെക്കു പകരം തിന്മ’ ചെയ്യരുതെന്നും ‘സകലമനുഷ്യരോടും സമാധാനമായിരി’ക്കണമെന്നുമാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്ന്‌ എനിക്കറിയാമായിരുന്നു.” (റോമർ 12:17, 18) ഒരു പൊട്ടിത്തെറിതന്നെ നടക്കുമായിരുന്ന സാഹചര്യത്തിൽ ശാന്തമായി പ്രശ്‌നം പരിഹരിക്കാനുള്ള ശക്തിയും ധൈര്യവും ഇവാനു ലഭിച്ചു. സമാധാനത്തിന്റെ ദൈവത്തെ പ്രസാദിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.

സമാധാനപ്രിയരായിരിക്കുന്നതിൽ മാതൃകവെക്കുക

സമാധാനം കളിയാടുന്ന ഒരിടമാണോ നിങ്ങളുടെ ഭവനം? അങ്ങനെയെങ്കിൽ നിങ്ങൾ ഒരു വാക്കുപോലും ഉരിയാടാതെതന്നെ സമാധാനത്തെക്കുറിച്ചു പഠിക്കാൻ മക്കൾക്കാകും. സമാധാനപ്രിയരായിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിലുള്ള നിങ്ങളുടെ ഫലപ്രദത്വം വലിയൊരളവുവരെ, ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും സമാധാനത്തിന്റെ പാത നിങ്ങൾ എത്ര നന്നായി പിന്തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.—റോമർ 2:21.

തങ്ങളുടെ രണ്ട്‌ ആൺമക്കളെയും നന്നായി പരിശീലിപ്പിക്കുന്നവരാണ്‌ റസ്സും സിൻഡിയും. മറ്റുള്ളവർ ശുണ്‌ഠിപിടിപ്പിക്കുമ്പോഴും സ്‌നേഹപൂർവം പെരുമാറണമെന്ന്‌ അവർ മക്കളെ ഉപദേശിക്കാറുണ്ട്‌. സിൻഡി പറയുന്നു: “പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഞാനും റസ്സും മക്കളോടും മറ്റുള്ളവരോടും പ്രതികരിക്കുന്ന വിധം, സമാനമായ സാഹചര്യങ്ങൾ അവർ കൈകാര്യം ചെയ്യുന്ന വിധത്തെ വലിയൊരളവിൽ സ്വാധീനിക്കുന്നു.”

ഇനി ഇടയ്‌ക്കൊരു തെറ്റുപറ്റിയാൽപ്പോലും—തെറ്റുപറ്റാത്ത ഏതു മാതാപിതാക്കളാണുള്ളത്‌—മൂല്യവത്തായ പാഠങ്ങൾ മക്കളെ പഠിപ്പിക്കാനുള്ള അവസരമായി നിങ്ങൾക്കത്‌ ഉപയോഗിക്കാനാകും. “കാര്യം ശരിക്കും മനസ്സിലാക്കാതെ ഞാനും ഭാര്യ ടെറിയും അമിതമായി പ്രതികരിക്കുകയും ഞങ്ങളുടെ മൂന്നു മക്കളെയും വല്ലാതെ ശകാരിക്കുകയും ചെയ്‌തിരുന്നു ഒരു കാലത്ത്‌. അതിനുശേഷം ഞങ്ങൾ ക്ഷമചോദിക്കുമായിരുന്നു,” സ്റ്റീഫൻ തുറന്നുപറയുന്നു. ടെറി കൂട്ടിച്ചേർക്കുന്നു: “അപൂർണരായതിനാലാണ്‌ ഞങ്ങളും പിശകുകൾ വരുത്തുന്നതെന്ന്‌ മക്കൾക്കു മനസ്സിലാക്കിക്കൊടുത്തു. അത്‌ കുടുംബത്തിൽ സമാധാനം സൃഷ്ടിക്കുകയും ഒപ്പം, എങ്ങനെ സമാധാനം ഉന്നമിപ്പിക്കാം എന്നു മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്‌തിരിക്കുന്നു.”

മക്കളോടുള്ള നിങ്ങളുടെ ഇടപെടൽ നിരീക്ഷിക്കുമ്പോൾ, എങ്ങനെ സമാധാനപ്രിയരാകാം എന്നു പഠിക്കാൻ അവർക്കാകുന്നുണ്ടോ? യേശു ഉദ്‌ബോധിപ്പിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) നിങ്ങളുടെ ഭാഗത്ത്‌ പാളിച്ചകൾ ഉണ്ടായാലും കുട്ടികളോടു കാണിക്കുന്ന സ്‌നേഹവാത്സല്യങ്ങൾ നല്ല ഫലത്തിൽ കലാശിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക. സ്‌നേഹത്തിൽ ചാലിച്ച നിർദേശങ്ങൾക്കു കാതോർക്കാൻ ഉത്സാഹമുള്ളവരാണ്‌ കുഞ്ഞുങ്ങൾ.

കോപത്തിനു താമസമുള്ളവരായിരിക്കുക

സദൃശവാക്യങ്ങൾ 19:11 പറയുന്നു: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു.” അത്തരം വിവേകബുദ്ധി വളർത്തിയെടുക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാനാകും? മകന്റെയും മകളുടെയും കാര്യത്തിൽ കൈക്കൊള്ളുന്ന പ്രയോജനകരമായ ഒരു സമീപനത്തെക്കുറിച്ച്‌ ഡേവിഡ്‌ വിശദീകരിക്കുന്നു: “ആരെങ്കിലും മുറിപ്പെടുത്തുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവരോടു സമാനുഭാവം കാണിക്കാൻ ഞാനും ഭാര്യയും മക്കളെ സഹായിക്കുന്നു. ‘അവനെ അസ്വസ്ഥനാക്കുന്ന എന്തെങ്കിലും ഇന്നു സംഭവിച്ചോ? അവന്‌ അസൂയ തോന്നിയതായിരിക്കുമോ? അവനെ ആരെങ്കിലും വേദനിപ്പിച്ചിരിക്കുമോ?’ എന്നിങ്ങനെയുള്ള ലളിതമായ ചോദ്യങ്ങൾ ഞങ്ങൾ അവരോടു ചോദിക്കും.” ഭാര്യ മരിയാൻ കൂട്ടിച്ചേർക്കുന്നു: “നിഷേധാത്മക ചിന്തകളിൽ മുഴുകുന്നതിനോ ആരുടെ പക്ഷത്താണ്‌ ശരിയെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനോ പകരം ശാന്തരാകാൻ ഇതവരെ സഹായിക്കുന്നു.”

അത്തരം പരിശീലനത്തിന്റെ ഫലം അതിശയകരമായിരിക്കും. തുടക്കത്തിൽ പരാമർശിച്ച നിക്കോളിനെ അവളുടെ അമ്മ മിഷെൽ സഹായിച്ചതെങ്ങനെയെന്നു നോക്കുക. ഗബ്രിയേലയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കുക മാത്രമായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മിഷെൽ പറയുന്നു: “മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 14-ാം അധ്യായം നിക്കോളും ഞാനും ഒന്നിച്ചിരുന്നു വായിച്ചു. * ‘ഏഴു എഴുപതു വട്ടം’ ക്ഷമിക്കണമെന്ന്‌ യേശു പറഞ്ഞതിന്റെ അർഥമെന്താണെന്ന്‌ ഞാൻ അവൾക്കു വിശദീകരിച്ചുകൊടുത്തു. നിക്കോളിനു പറയാനുള്ളതു ശ്രദ്ധിച്ചു കേട്ടശേഷം, ഗബ്രിയേലയുടെ വികാരം മനസ്സിലാക്കാൻ ഞാൻ അവളെ സഹായിച്ചു. പ്രിയപ്പെട്ട കൂട്ടുകാരി തന്നെ വിട്ട്‌ ഒരു ദൂരദേശത്തേക്കു പോകുന്നതിലുള്ള സങ്കടവും വ്യഥയുമായിരുന്നു ഗബ്രിയേലയ്‌ക്ക്‌.—മത്തായി 18:21, 22.

ഗബ്രിയേല പൊട്ടിത്തെറിച്ചതിന്റെ കാരണം തിരിച്ചറിഞ്ഞപ്പോൾ അവളെ മനസ്സിലാക്കാൻ നിക്കോളിനു കഴിഞ്ഞു. ക്ഷമചോദിച്ചുകൊണ്ട്‌ അവൾ ഫോൺചെയ്‌തു. മിഷെൽ പറയുന്നു: “മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കാനും അവരുടെ സന്തോഷത്തിനായി പലതും ചെയ്യാനും അതിൽപ്പിന്നെ നിക്കോളിന്‌ എന്ത്‌ ഉത്സാഹമാണെന്നോ!”—ഫിലിപ്പിയർ 2:3, 4.

തെറ്റിദ്ധാരണകളും മറ്റുള്ളവരുടെ തെറ്റുകളും നിമിത്തം അസ്വസ്ഥരാകാതിരിക്കാൻ മക്കളെ സഹായിക്കുക. നിങ്ങളുടെ മക്കൾ മറ്റുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്‌പര്യം കാണിക്കുന്നതും അവരോട്‌ ആർദ്രപ്രിയം പ്രകടമാക്കുന്നതും കാണുന്നതിന്റെ സംതൃപ്‌തി അനുഭവിക്കാൻ നിങ്ങൾക്കായേക്കും.—റോമർ 12:10; 1 കൊരിന്ത്യർ 12:25.

ക്ഷമിക്കാൻ പ്രോത്സാഹിപ്പിക്കുക

“ലംഘനം ക്ഷമിക്കുന്നതു . . . ഭൂഷണം” എന്ന്‌ സദൃശവാക്യങ്ങൾ 19:11 പറയുന്നു. കൊടിയ വേദന അനുഭവിക്കുമ്പോഴും തന്റെ പിതാവിനെ അനുകരിച്ചുകൊണ്ട്‌ യേശു മറ്റുള്ളവരോട്‌ ക്ഷമിച്ചു. (ലൂക്കൊസ്‌ 23:34) മക്കളുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമ്പോൾ അവർ അനുഭവിക്കുന്ന ആശ്വാസം, ക്ഷമിക്കുന്നത്‌ എത്ര അഭികാമ്യമാണെന്ന്‌ മനസ്സിലാക്കാൻ അവരെ സഹായിക്കും.

അഞ്ചു വയസ്സുകാരൻ വില്ലിയുടെ കാര്യമെടുക്കുക. മുത്തശ്ശിയോടൊപ്പം ചിത്രങ്ങൾക്കു ചായമടിക്കുന്നത്‌ അവന്‌ ഒരുപാട്‌ ഇഷ്ടമായിരുന്നു. ഒരിക്കൽ, അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചുകൊണ്ട്‌ മുത്തശ്ശി അവന്റെ അടുത്തുനിന്ന്‌ എഴുന്നേറ്റുപോയി. വില്ലിക്കു സഹിക്കാനായില്ല. അവന്റെ പിതാവ്‌ സാം പറയുന്നു: “വില്ലിയുടെ മുത്തശ്ശി അൽസൈമേഴ്‌സ്‌ രോഗിയാണ്‌. മനസ്സിലാകുന്ന വിധത്തിൽ അക്കാര്യം ഞങ്ങളവനെ ധരിപ്പിച്ചു.” മറ്റുള്ളവർ എത്രയോവട്ടം വില്ലിയോടു ക്ഷമിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ അവനും അങ്ങനെതന്നെ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞുകഴിഞ്ഞപ്പോൾ വില്ലിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സാമിനെ അതിശയിപ്പിച്ചു. “ഞങ്ങളുടെ പൊന്നോമന, 80 വയസ്സുള്ള മുത്തശ്ശിയുടെ അടുത്തുചെന്ന്‌ ക്ഷമചോദിക്കുകയും കൈപിടിച്ച്‌ കൂട്ടിക്കൊണ്ടുവരുകയും ചെയ്യുന്നതു കണ്ടപ്പോൾ എനിക്കും ഭാര്യക്കും ഉണ്ടായ സന്തോഷം വിഭാവനംചെയ്യാൻ നിങ്ങൾക്കാകുമോ?”

മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ ‘പൊറുക്കാനും’ ക്ഷമിക്കാനും പഠിക്കുന്നത്‌ തീർച്ചയായും മക്കൾക്കു ഭൂഷണമാണ്‌. (കൊലൊസ്സ്യർ 3:13) “ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു” എന്നുള്ളതിനാൽ, ആളുകൾ മനപ്പൂർവം ഉപദ്രവിക്കുമ്പോൾപ്പോലും ശാന്തമായി പ്രതികരിക്കുന്നതാണ്‌ അഭികാമ്യമെന്ന്‌ മക്കളെ ബോധ്യപ്പെടുത്തുക.—സദൃശവാക്യങ്ങൾ 16:7.

സമാധാനപ്രിയരാകാൻ മക്കളെ സഹായിക്കുന്നതിൽ തുടരുക

“സമാധാനം ഉണ്ടാക്കുന്നവർ” ആയിരിക്കാൻ ദൈവവചനം ഉപയോഗിച്ച്‌ മക്കളെ പരിശീലിപ്പിക്കുന്ന മാതാപിതാക്കൾ അവർക്കു വലിയൊരനുഗ്രഹമാണ്‌. (യാക്കോബ്‌ 3:18) തർക്കങ്ങൾ പരിഹരിക്കാനും സമാധാനത്തിലാകാനും മക്കളെ ഒരുക്കുകയാണ്‌ അതിലൂടെ അവർ ചെയ്യുന്നത്‌. ജീവിതത്തിലുടനീളം സന്തുഷ്ടരും സംതൃപ്‌തരുമായിരിക്കാൻ ഇതു കുട്ടികളെ ഏറെ സഹായിക്കും.

ആത്മീയമായി നല്ലനിലയിലുള്ള കൗമാരക്കാരായ മൂന്നു കുട്ടികളുടെ മാതാപിതാക്കളാണ്‌ ഡാനും കാത്തിയും. ഡാൻ പറയുന്നു: “ചെറുപ്പത്തിൽ അവരെ പരിശീലിപ്പിക്കാൻ വലിയ പ്രയാസമായിരുന്നെങ്കിലും ഇപ്പോൾ അവരുടെ അഭിവൃദ്ധിയിൽ ഞങ്ങൾ അഭിമാനംകൊള്ളുന്നു. മറ്റുള്ളവരുമായി നല്ല ബന്ധം ആസ്വദിക്കുന്ന അവർ, സമാധാനത്തിനു ഭീഷണി ഉണ്ടാകുന്ന അവസരങ്ങളിൽ ക്ഷമിക്കാൻ സന്മനസ്സുകാട്ടുന്നു.” കാത്തി പറയുന്നു: “ഇതു ഞങ്ങൾക്കു വലിയ സന്തോഷം പകരുന്നു. കാരണം, സമാധാനം ദൈവാത്മാവിന്റെ ഒരു ഫലമാണല്ലോ.”—ഗലാത്യർ 5:22, 23.

തുടക്കത്തിൽ പുരോഗതി മന്ദഗതിയിലാണെന്നു തോന്നിയാലും, സമാധാനപ്രിയരായിരിക്കാൻ മക്കളെ പരിശീലിപ്പിക്കുന്നതിൽ ക്രിസ്‌തീയ മാതാപിതാക്കളായ നിങ്ങൾ “മടുത്തു”പോകുകയോ “തളർന്നു”പോകുകയോ അരുത്‌. അപ്രകാരം ചെയ്യവേ “സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും” എന്ന്‌ ഉറപ്പുള്ളവരായിരിക്കാം.—ഗലാത്യർ 6:9; 2 കൊരിന്ത്യർ 13:11.

[അടിക്കുറിപ്പുകൾ]

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, വെളിപ്പാട്‌ അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 75-ാം പേജിലെ ചിത്രം കാണുക.

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[20-ാം പേജിലെ ചതുരം/ചിത്രം]

വിനോദ മാധ്യമങ്ങൾ എത്ര സുരക്ഷിതം?

“അക്രമം—വിനോദ മാധ്യമങ്ങളിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കി മീഡിയാ അവയർനെസ്സ്‌ നെറ്റ്‌വർക്ക്‌ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ഇങ്ങനെ പറയുന്നു: “വില്ലനും നായകനും തുടർച്ചയായി ഏറ്റുമുട്ടുന്ന വിനോദ പരിപാടികൾ, പ്രശ്‌നപരിഹാരത്തിനുള്ള മാർഗം അക്രമമാണെന്ന ധാരണ ഊട്ടിവളർത്തുന്നു.” പഠനവിധേയമായ ടിവി പരിപാടികൾ, സിനിമകൾ, വീഡിയോകൾ എന്നിവയുടെ 10 ശതമാനം മാത്രമേ അക്രമത്തിന്റെ ദൂഷ്യഫലങ്ങൾ എടുത്തുകാട്ടിയുള്ളൂ. മറ്റെല്ലാത്തിലും “അക്രമത്തെ പ്രശ്‌നപരിഹാരത്തിനുള്ള സുനിശ്ചിത മാർഗമായിട്ട്‌—നീതിയുക്തവും സ്വാഭാവികവും അനിവാര്യവുമായ ഒന്നായിട്ട്‌—ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.”

ടിവി കാണുന്നതിൽ ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? സമാധാനപ്രിയരാകാൻ മക്കളെ പരിശീലിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കു തുരങ്കംവെക്കാൻ വിനോദ മാധ്യമങ്ങളെ അനുവദിക്കരുത്‌.

[17-ാം പേജിലെ ചിത്രം]

‘സമാധാനത്തിന്റെ ദൈവത്തെ’ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം മക്കളിൽ ഉൾനടുക

[18-ാം പേജിലെ ചിത്രം]

മുറിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും തിരുത്താൻ ക്ഷമാപൂർവം മക്കളെ സഹായിക്കുക

[19-ാം പേജിലെ ചിത്രം]

ക്ഷമചോദിക്കാനും ക്ഷമിക്കാനും കുട്ടികൾ പഠിക്കേണ്ടതുണ്ട്‌