‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ’
‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ’
“യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” —സങ്കീർത്തനം 118:6.
1. നിർണായകമായ ഏതു സംഭവങ്ങൾ മനുഷ്യവർഗം അഭിമുഖീകരിക്കേണ്ടിവരും?
നാളിതുവരെ കണ്ടിട്ടില്ലാത്ത അളവിലുള്ള വിനാശസംഭവങ്ങൾ വളരെ പെട്ടെന്നുതന്നെ മനുഷ്യൻ നേരിടാൻ പോവുകയാണ്. തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകവേ യേശു നമ്മുടെ നാളുകളെക്കുറിച്ചു പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.”—മത്തായി 24:21, 22.
2. മഹോപദ്രവത്തെ പിടിച്ചുനിറുത്തിയിരിക്കുന്നതിന്റെ കാരണമെന്ത്?
2 നമുക്കു കാണാനാകുന്നില്ലെങ്കിലും, സ്വർഗീയ ശക്തികൾ ആ ‘വലിയ കഷ്ടത്തെ’ അഥവാ മഹോപദ്രവത്തെ പിടിച്ചുനിറുത്തിയിരിക്കുകയാണ്. അപ്പൊസ്‌തലനായ യോഹന്നാനെ വെളിപ്പാടിലൂടെ യേശു അതിന്റെ കാരണം അറിയിക്കുന്നു. യോഹന്നാൻ അത് ഇങ്ങനെ വിശദീകരിക്കുന്നു: “നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്‌ക്കുന്നതു ഞാൻ കണ്ടു. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ . . . നാലു ദൂതന്മാരോടു; നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടു വരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.”—വെളിപ്പാടു 7:1-3.
3. മഹോപദ്രവത്തിന്റെ തുടക്കം എങ്ങനെ ആയിരിക്കും?
3 “ദൈവത്തിന്റെ [അഭിഷിക്ത] ദാസന്മാരുടെ” അന്തിമ മുദ്രയിടൽ പൂർത്തിയാകാറായിരിക്കുന്നു. വിനാശകാരികളായ നാലു കാറ്റുകൾ അഴിച്ചുവിടാൻ ആ നാലു ദൂതന്മാരും തയ്യാറായി നിൽക്കുകയാണ്. കാറ്റുകൾ അഴിച്ചുവിടുമ്പോൾ ആദ്യം എന്തായിരിക്കും സംഭവിക്കുക? ഒരു ദൂതൻ മറുപടി പറയുന്നു: “ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.” (വെളിപ്പാടു 18:21) ഇതു സംഭവിക്കുമ്പോൾ അതായത് വ്യാജമതലോകസാമ്രാജ്യം നശിപ്പിക്കപ്പെടുമ്പോൾ സ്വർഗം എത്രയധികം ആനന്ദിക്കും!—വെളിപ്പാടു 19:1, 2.
4. ഇനിയും എന്തൊക്കെ സംഭവിക്കാനിരിക്കുന്നു?
4 യഹോവയുടെ ജനത്തിനെതിരെ ലോകത്തിലെ സകലരാഷ്‌ട്രങ്ങളും അണിചേരും. ആ വിശ്വസ്‌ത ക്രിസ്‌ത്യാനികളെ തുടച്ചുനീക്കുന്നതിൽ അവർ വിജയിക്കുമോ? അങ്ങനെ സംഭവിക്കുമെന്നു തോന്നിയേക്കാം. എന്നാൽ അതുണ്ടാവില്ല! ക്രിസ്‌തുയേശുവിനെ അനുഗമിക്കുന്ന സ്വർഗീയ സൈന്യം ആ മനുഷ്യസഖ്യത്തെ തകർത്തുകളയും. (വെളിപ്പാടു 19:19-21) ഒടുവിൽ പിശാചും അവന്റെ ദൂതന്മാരും പൂർണമായും നിഷ്‌ക്രിയരാക്കപ്പെടും, ആലങ്കാരികഭാഷയിൽ പറഞ്ഞാൽ അഗാധത്തിലേക്ക് എറിയപ്പെടും. ആയിരം വർഷത്തേക്കു തടവിലാക്കപ്പെടുന്നതിനാൽ മേലാൽ മനുഷ്യരെ വഴിതെറ്റിക്കാൻ അവർക്കാവില്ല. മഹോപദ്രവത്തെ അതിജീവിക്കുന്ന മഹാപുരുഷാരത്തിന് എത്ര വലിയ ആശ്വാസം!—വെളിപ്പാടു 7:9, 10, 14; 20:1-3.
5. യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുന്നവർക്ക് സന്തോഷകരമായ എന്തു പ്രത്യാശയുണ്ട്?
5 വിസ്‌മയാവഹവും ഭയാദരജനകവുമായ ഈ സംഭവവികാസങ്ങൾ പെട്ടെന്നുതന്നെ നാം അഭിമുഖീകരിക്കും. ഇവയെല്ലാം യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തോടു ബന്ധപ്പെട്ടുള്ളവയാണ്. കൂടാതെ, നാം യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുകയും പരമാധികാരം സംബന്ധിച്ച വിവാദത്തിൽ അവന്റെ പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്‌താൽ, യഹോവയുടെ നാമവിശുദ്ധീകരണത്തിലും അവന്റെ ഉദ്ദേശ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിലും നമുക്കൊരു പങ്കുണ്ടായിരിക്കും. എത്ര വലിയ സന്തോഷമാണ് അതു കൈവരുത്തുന്നത്!
6. ആസന്നമായ ഭാവിസംഭവങ്ങളുടെ വീക്ഷണത്തിൽ നാം എന്തു പരിഗണിക്കുന്നത് ഉചിതമായിരിക്കും?
റോമർ 15:4) നമുക്ക് ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യുന്ന, നമ്മുടെ ഉപദേശത്തിനായിട്ട് എഴുതിയിരിക്കുന്ന അത്തരം കാര്യങ്ങളിൽ ഈജിപ്‌തുകാരുടെ ഉരുക്കുമുഷ്ടിയിൽനിന്നു തന്റെ ജനത്തെ യഹോവ വിടുവിച്ചതിന്റെ വിവരണവും ഉൾപ്പെടുന്നു. മഹോപദ്രവം അടുത്തെത്തവേ, ഇസ്രായേൽ മക്കളെ രക്ഷിക്കുന്നതിനായി യഹോവ കാര്യങ്ങൾ എങ്ങനെ ക്രമീകരിച്ചു എന്ന് അടുത്തു പരിശോധിക്കുന്നത് നമുക്കു പ്രോത്സാഹനമേകും.
6 ആ സുപ്രധാന സംഭവങ്ങളെ അഭിമുഖീകരിക്കാൻ നാം തയ്യാറെടുത്തിട്ടുണ്ടോ? യഹോവയുടെ രക്ഷാശക്തിയിൽ നമുക്കു വിശ്വാസമുണ്ടോ? കൃത്യസമയത്ത് ഏറ്റവും മെച്ചമായ വിധത്തിൽ നമ്മെ സഹായിക്കാൻ അവൻ എത്തുമെന്നു നമുക്കുറപ്പുണ്ടോ? വ്യക്തിപരമായ ഇത്തരം ചോദ്യങ്ങൾ പരിചിന്തിക്കവേ, അപ്പൊസ്‌തലനായ പൗലൊസ് റോമിലെ സഹക്രിസ്‌ത്യാനികൾക്ക് എഴുതിയ പിൻവരുന്ന വാക്കുകൾ ഓർക്കുന്നതു നല്ലതാണ്: “എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (യഹോവ തന്റെ ജനത്തെ രക്ഷിക്കുന്നു
7. പൊ.യു.മു. 1513-ൽ എന്തു സംഘർഷാവസ്ഥ സംജാതമായി?
7 വർഷം പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 1513. ഈജിപ്‌തിനുമേൽ യഹോവ ഇപ്പോൾ ഒമ്പതു ബാധകൾ വരുത്തിക്കഴിഞ്ഞിരിക്കുന്നു. ഒമ്പതാമത്തെ ബാധയ്‌ക്കുശേഷം ഫറവോൻ, “എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്നു പറഞ്ഞു മോശെയെ ആട്ടിയോടിക്കുന്നു. അപ്പോൾ മോശെ: “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല” എന്നു മറുപടി പറഞ്ഞു.—പുറപ്പാടു 10:28, 29.
8. ബാധയിൽനിന്ന് ഒഴിവാക്കപ്പെടുന്നതിന് എന്തു നിർദേശങ്ങളാണ് ഇസ്രായേല്യർക്കു കൊടുത്തത്, എന്തു ഫലത്തോടെ?
8 അവസാനമായി ഒരു ബാധകൂടി ഫറവോനെയും ഈജിപ്‌തിനെയും ബാധിക്കുമെന്ന് യഹോവ മോശെയ്‌ക്കു വെളിപ്പെടുത്തുന്നു; ആബീബ് (നീസാൻ) മാസം 14-ാം തീയതി എല്ലാ ഈജിപ്‌തുകാരുടെയും അവരുടെ മൃഗങ്ങളുടെയും കടിഞ്ഞൂലുകൾ കൊല്ലപ്പെടും. എന്നാൽ ദൈവം മോശെയ്‌ക്കു കൊടുത്ത നിർദേശങ്ങൾ പൂർണമായും പിൻപറ്റുന്നെങ്കിൽ ഇസ്രായേല്യർക്കു ബാധയിൽനിന്ന് ഒഴിവാകാനാകും. മുട്ടനാടിന്റെ രക്തം അവർ വീടിന്റെ കട്ടിളക്കാൽ രണ്ടിന്മേലും മേൽപ്പടിയിലും പുരട്ടണം, വീടിനുള്ളിൽത്തന്നെ കഴിയുകയും വേണം. രാത്രിയിൽ എന്തു സംഭവിക്കുന്നു? മോശെയുടെ വാക്കുകൾ ശ്രദ്ധിക്കാം: ‘അർധരാത്രിയിലോ, മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയെല്ലാം യഹോവ സംഹരിച്ചു.’ ഫറവോൻ ഉടൻതന്നെ മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോടു കൽപ്പിച്ചു: “എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ.” 30 ലക്ഷത്തിലേറെ വരുന്ന ഇസ്രായേല്യർ ഒട്ടും അമാന്തിക്കാതെ പുറപ്പെട്ടു, മറ്റുള്ളവരുടെ “വലിയോരു സമ്മിശ്രപുരുഷാരവും” അവരോടുകൂടെ ചേർന്നിരുന്നു.—പുറപ്പാടു 12:1-7, 29, 31, 37, 38.
9. ഏതു വഴിയിലൂടെയാണ് യഹോവ ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ചു കൊണ്ടുപോയത്, ആ വഴി തിരഞ്ഞെടുക്കാനുള്ള കാരണമെന്ത്?
9 ഇസ്രായേല്യർക്കു പോകാമായിരുന്ന ഏറ്റവും എളുപ്പമുള്ള വഴി മെഡിറ്ററേനിയൻ കടലിനോടടുത്തുള്ള ഫെലിസ്‌ത്യ പുറപ്പാടു 13:17, 18.
ദേശത്തുകൂടിയായിരുന്നു. എന്നാൽ അതു ശത്രുദേശമായിരുന്നു. അതുകൊണ്ട് തന്റെ ജനം ഒരു യുദ്ധത്തിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാകണം, യഹോവ അവരെ ചെങ്കടലിനോടു ചേർന്നുള്ള മരുഭൂമിയിലൂടെ കൊണ്ടുപോയത്. ദശലക്ഷങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊരു അലങ്കോലപ്പെട്ട കൂട്ടമായിരുന്നില്ല. മറിച്ച് യുദ്ധത്തിനായി ക്രമീകരിച്ച ഒരു പടക്കൂട്ടത്തെപ്പോലെ ഇസ്രായേല്യർ ഈജിപ്‌ത് വിട്ടുപോന്നു എന്നാണു ബൈബിൾ പറയുന്നത്.—‘യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ’
10. പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങാൻ യഹോവ ഇസ്രായേലിനോട് ആവശ്യപ്പെട്ടതിന്റെ കാരണമെന്ത്?
10 അവിശ്വസനീയമായ കാര്യങ്ങളാണ് അടുത്തതായി സംഭവിക്കുന്നത്. യഹോവ മോശെയോടു പറയുന്നു: “നിങ്ങൾ തിരിഞ്ഞു മിഗ്‌ദോലിന്നും കടലിന്നും മദ്ധ്യേ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക.” ആ നിർദേശം അനുസരിച്ച ഇസ്രായേല്യർ ഫലത്തിൽ ചെങ്കടലിന്റെ ഒരു കൈവഴിക്കും മലകൾക്കുമിടയിൽ കുടുങ്ങിപ്പോകുന്നു, രക്ഷപ്പെടാൻ ഒരു മാർഗവും അവർക്കു കാണാനാകുന്നില്ല. എന്നാൽ താൻ ചെയ്യുന്നത് എന്താണെന്നു യഹോവയ്‌ക്കു നല്ല നിശ്ചയമുണ്ട്. അവൻ മോശെയോടു പറയുന്നു: “ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.”—പുറപ്പാടു 14:1-4.
11. (എ) ഫറവോൻ എന്തു ചെയ്യുന്നു, ഇസ്രായേല്യരുടെ പ്രതികരണം എന്താണ്? (ബി) ഇസ്രായേലിന്റെ പരാതിക്ക് മോശെ എന്തു മറുപടി നൽകുന്നു?
11 ഇസ്രായേല്യരെ വിട്ടയച്ചതു ബുദ്ധിമോശമായിപ്പോയെന്നു ചിന്തിച്ച ഫറവോൻ വിശേഷപ്പെട്ട 600 രഥങ്ങളുമായി അവരെ പിന്തുടർന്നു ചെന്നു. ഈജിപ്‌ഷ്യൻ സൈന്യം അടുത്തുവരുന്നതു കണ്ടപ്പോൾ ഭയന്നുവിറച്ച ഇസ്രായേല്യർ മോശെയോടു നിലവിളിച്ചു: “മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നത്?” യഹോവയുടെ രക്ഷാശക്തിയിൽ ഉറപ്പുണ്ടായിരുന്ന മോശെ അപ്പോൾ പറയുന്നു: “ഭയപ്പെടേണ്ടാ; ഉറച്ചുനില്‌പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാനിരിക്കുന്ന രക്ഷകണ്ടുകൊൾവിൻ; . . . യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.”—പുറപ്പാടു 14:5-14.
12. യഹോവ തന്റെ ജനത്തെ രക്ഷപ്പെടുത്തിയത് എങ്ങനെ?
12 ഇസ്രായേലിനുവേണ്ടി യഹോവ യുദ്ധം ചെയ്യും എന്നു മോശെ പറഞ്ഞതു സത്യമായി, യഹോവയുടെ പിന്തുണയോടെ ദൂതന്മാർ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇസ്രായേലിനെ മുന്നിൽനിന്നു നയിച്ചിരുന്ന മേഘസ്‌തംഭത്തെ യഹോവയുടെ ദൂതൻ പിന്നിലേക്കു മാറ്റി. ഫലമോ? ഫറവോന്റെ സൈന്യത്തിന് അന്ധകാരവും ഇസ്രായേല്യർക്ക് പകൽപോലെ വെളിച്ചവും. (പുറപ്പാടു 13:21, 22; 14:19, 20) ദിവ്യനിർദേശം അനുസരിച്ചുകൊണ്ടു മോശെ ഇപ്പോൾ കടലിന്മേൽ കൈ നീട്ടുന്നു. ബൈബിൾ തുടരുന്നു: “യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; . . . യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയനിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.” ഈജിപ്‌ഷ്യൻ സൈന്യം അവരെ പിന്തുടരുന്നു, എന്നാൽ യഹോവ തന്റെ ജനത്തോടൊപ്പമുണ്ട്. അവൻ ഈജിപ്‌ഷ്യൻ സൈന്യത്തെ തകർക്കുന്നു, തുടർന്ന് മോശെയോട്, “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻമേലും കുതിരപ്പടയുടെ മേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈ നീട്ടുക” എന്നു കൽപ്പിച്ചു. ഫറവോന്റെ സൈന്യത്തിൽ ഒരുത്തൻപോലും ശേഷിച്ചില്ല, അത്ര സമ്പൂർണമായിരുന്നു നാശം!—പുറപ്പാടു 14:21-28; സങ്കീർത്തനം 136:15.
ഇസ്രായേല്യർക്കു ലഭിച്ച രക്ഷയിൽനിന്നു പഠിക്കുക
13. വിമോചനത്തോട് ഇസ്രായേല്യർ പ്രതികരിച്ചത് എങ്ങനെ?
13 അത്ഭുതകരമായ ഈ രക്ഷപ്പെടൽ തത്‌ക്ഷണം യഹോവയെ പാടിസ്‌തുതിക്കാൻ മോശെയെയും ഇസ്രായേൽമക്കളെയും പ്രേരിപ്പിച്ചു! അവർ പാടി: “ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: . . . യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറപ്പാടു 15:1, 18) അതേ, ദൈവത്തെ മഹത്ത്വപ്പെടുത്തുക എന്നതായിരുന്നു അവരുടെ ആദ്യ ചിന്ത. യഹോവയുടെ പരമാധീശത്വം പ്രകടമായ ഒരു സാഹചര്യമായിരുന്നു അത്.
14. (എ) ഇസ്രായേല്യരുടെ അനുഭവത്തിൽനിന്ന് യഹോവയെക്കുറിച്ചു നമുക്കെന്തു പഠിക്കാനാകും? (ബി) 2008-ലെ വാർഷികവാക്യം എന്താണ്?
14 ആവേശഭരിതമായ ഈ സംഭവങ്ങൾ നമുക്ക് എന്ത് ഉപദേശവും ആശ്വാസവും പ്രത്യാശയുമാണു പ്രദാനംചെയ്യുന്നത്? തീർച്ചയായും, തന്റെ ജനം കടന്നുപോകേണ്ടിവരുന്ന ഏതു പരീക്ഷണങ്ങളെയും കൈകാര്യംചെയ്യാൻ യഹോവയ്‌ക്കു കഴിയും. അവർ നേരിട്ടേക്കാവുന്ന ഏതു സാഹചര്യവും പരിഹരിക്കാൻ അവൻ പ്രാപ്‌തനാണ്. ഒരു കിഴക്കൻ കാറ്റ് അടിക്കാൻ ഇടയാക്കിയപ്പോൾ ചെങ്കടൽ ഇസ്രായേല്യർക്കു പ്രതിബന്ധമേ അല്ലാതായി. അതേ ചെങ്കടൽ ഫറവോന്റെ സൈന്യത്തിന്റെ ശ്‌മശാനമാക്കിമാറ്റാനും അവനു കഴിഞ്ഞു. ഇതേക്കുറിച്ചെല്ലാം ധ്യാനിക്കുകവഴി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ നമുക്കാകും. (സങ്കീർത്തനം 118:6) “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” റോമർ 8:31-ലെ പൗലൊസിന്റെ ആ വാക്കുകളും ആശ്വാസദായകമാണ്. ഈ നിശ്വസ്‌ത മൊഴികൾ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം എത്ര ബലിഷ്‌ഠമാക്കുന്നു! നമുക്കുണ്ടായേക്കാവുന്ന ഏതൊരു സംശയത്തെയും ഭയത്തെയും ദൂരികരിക്കാനും നമ്മിൽ പ്രത്യാശ നിറയ്‌ക്കാനും ഈ വാക്കുകൾക്കാകും. അതുകൊണ്ടുതന്നെ 2008-ലെ നമ്മുടെ വാർഷികവാക്യം ‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ’ എന്നായിരിക്കുന്നത് എത്ര ഉചിതമാണ്!—പുറപ്പാടു 14:13.
15. ഈജിപ്‌തിൽനിന്നുള്ള വിടുതലിന് അനുസരണം എത്ര പ്രധാനമായിരുന്നു, ഇന്ന് അത് എത്രത്തോളം പ്രധാനമാണ്?
15 ഈജിപ്‌തിൽനിന്നുള്ള ഇസ്രായേല്യരുടെ വിമോചനം മറ്റെന്തുകൂടി നമ്മെ പഠിപ്പിക്കുന്നു? യഹോവ എന്താവശ്യപ്പെട്ടാലും നാം അത് അനുസരിക്കണമെന്ന പാഠം. പെസഹായോടു ബന്ധപ്പെട്ടു കൊടുത്ത നിർദേശങ്ങൾ അതിന്റെ എല്ലാ വിശദാംശങ്ങളിലും അവർ പിൻപറ്റി. നീസാൻ 14 രാത്രിയിൽ അനുസരണയോടെ അവർ വീടിനുള്ളിൽത്തന്നെ കഴിഞ്ഞു. ഈജിപ്‌തിൽനിന്നു പുറപ്പെട്ടപ്പോൾ യുദ്ധത്തിനായി ക്രമീകരിച്ച ഒരു പടക്കൂട്ടത്തെപ്പോലെ അവർ പോകേണ്ടിയിരുന്നു. (പുറപ്പാടു 13:18) ഇന്ന്, വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെ ലഭിക്കുന്ന മാർഗനിർദേശങ്ങൾ നാം പിൻപറ്റേണ്ടത് അതിപ്രധാനമാണ്. (മത്തായി 24:45) നാം “വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ” പിന്നിൽനിന്ന് “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു പറയുന്ന ദൈവവചനത്തിനു നാം നല്ല ശ്രദ്ധ കൊടുക്കണം. (യെശയ്യാവു 30:21) മഹോപദ്രവം പൊട്ടിപ്പുറപ്പെടാനുള്ള സമയം സമീപിക്കവേ വിശദമായ നിർദേശങ്ങൾ നമുക്കു ലഭിച്ചേക്കാം. പ്രക്ഷുബ്ധമായ ആ ദിനങ്ങളിലെ നമ്മുടെ യാത്ര സുരക്ഷിതമാകണമെങ്കിൽ യഹോവയുടെ മറ്റു വിശ്വസ്‌ത സാക്ഷികൾക്കൊപ്പം നാം നടക്കേണ്ടതുണ്ട്.
16. യഹോവ ഇസ്രായേല്യർക്കു വിമോചനം സാധ്യമാക്കിയ വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
16 ചെങ്കടലിനും മലകൾക്കും ഇടയിൽ കുടുങ്ങിപ്പോയി സദൃശവാക്യങ്ങൾ 3:5.
എന്നു തോന്നിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് യഹോവ ഇസ്രായേല്യരെ കൊണ്ടുപോയതെന്ന കാര്യംകൂടി നാം ഓർമിക്കണം. അതൊരു ശരിയായ നടപടിയായി ആർക്കും തോന്നിയിരിക്കില്ല. എന്നാൽ സാഹചര്യം പൂർണമായും യഹോവയുടെ നിയന്ത്രണത്തിലായിരുന്നു, എല്ലാം അവന്റെ പുകഴ്‌ചയിലും ജനത്തിന്റെ രക്ഷയിലുമാണു കലാശിച്ചത്. ഇന്ന്, സംഘടനാപരമായ ചില കാര്യങ്ങൾ ചില പ്രത്യേകവിധങ്ങളിൽ ചെയ്യുന്നതിന്റെ കാരണം പൂർണമായും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ തന്റെ വിശ്വസ്‌ത ആശയവിനിമയ സരണിയിലൂടെ യഹോവ പ്രദാനംചെയ്യുന്ന മാർഗനിർദേശങ്ങളിൽ നമുക്കു പൂർണമായും ആശ്രയിക്കാനാകും. ചിലപ്പോൾ എതിരാളികൾ മേൽക്കോയ്‌മ നേടുന്നതായിപ്പോലും നമുക്കു തോന്നിയേക്കാം. നമ്മുടെ പരിമിതമായ കാഴ്‌ചപ്പാടിലൂടെ നോക്കിയാൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ എല്ലാ വശങ്ങളും നമുക്കു കാണാനായെന്നു വരില്ല. എന്നാൽ കൃത്യസമയത്ത് വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാൻ യഹോവയ്‌ക്കാകും, ഇസ്രായേലിനുവേണ്ടി അതുതന്നെയാണ് അവൻ ചെയ്‌തത്.—യഹോവയെ വിശ്വസിക്കുക
17. യഹോവയുടെ മാർഗനിർദേശത്തിൽ നമുക്കു പൂർണമായി ആശ്രയിക്കാനാകുന്നത് എന്തുകൊണ്ട്?
17 പകൽ മേഘസ്‌തംഭത്തിന്റെയും രാത്രിയിൽ അഗ്നിസ്‌തംഭത്തിന്റെയും സഹായത്തോടെ വഴിനടന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ ഇസ്രായേല്യർക്ക് എത്ര ആത്മവിശ്വാസം തോന്നിയിരിക്കണം! “ദൈവദൂതനാണ്” യാത്രയിലുടനീളം അവരെ നയിച്ചിരുന്നതെന്നു വ്യക്തമാണ്. (പുറപ്പാടു 13:21, 22; 14:19) ഇന്നും, വഴിനയിക്കാനും സംരക്ഷിക്കാനും വിടുവിക്കാനും യഹോവ തന്റെ ജനത്തോടൊപ്പം ഉണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. ‘യഹോവ തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നില്ല, അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു’ എന്ന ഉറപ്പു നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം. (സങ്കീർത്തനം 37:28) ഇന്നു ദൈവദാസരെ സഹായിക്കുന്ന ശക്തരായ ദൂതന്മാരെ നമുക്കു മറക്കാതിരിക്കാം. അവരുടെ പിന്തുണയോടെ നമുക്ക് ഉറച്ചുനിൽക്കാം, യഹോവ ചെയ്യാനിരിക്കുന്ന രക്ഷ കാണാം.—പുറപ്പാടു 14:13.
18. “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിക്കേണ്ടതിന്റെ ആവശ്യമെന്ത്?
18 എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് വിവരിച്ച ആത്മീയ ആയുധവർഗം ധരിക്കുന്നത് സത്യത്തിന്റെ പാതയിൽ ‘ഉറച്ചുനിൽക്കാൻ’ നമ്മെയെല്ലാം സഹായിക്കും. “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ” എന്ന് അപ്പൊസ്‌തലൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. ഈ ആത്മീയ ആയുധവർഗത്തിലെ എല്ലാ ഭാഗങ്ങളും നാം ധരിക്കുന്നുണ്ടോ? വരുന്ന വർഷത്തിലുടനീളം, ആ ആയുധവർഗത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ വിധത്തിൽ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നാമേവരും ആത്മപരിശോധന നടത്തുന്നത് ഉചിതമാണ്. നമ്മുടെ ശത്രുവായ സാത്താന് നമ്മുടെ ബലഹീനതകൾ അറിയാം, അപ്രതീക്ഷിതമായ നേരത്ത് നമ്മുടെ ഏറ്റവും ബലഹീനമായ വശത്ത് ആക്രമിക്കാനും അവൻ ശ്രമിക്കും. ദുഷ്ടാത്മസേനകളോടാണു നാം ‘പോരാടുന്നത്,’ എന്നിരുന്നാലും യഹോവയുടെ ശക്തിയാൽ നമുക്കു വിജയിക്കാനാകും!—എഫെസ്യർ 6:11-18; സദൃശവാക്യങ്ങൾ 27:11.
19. നാം പിടിച്ചുനിൽക്കുന്നെങ്കിൽ എന്തിനുള്ള പദവി നമുക്കുണ്ടായിരിക്കും?
19 യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.” (ലൂക്കൊസ് 21:19) ഏതു പ്രതിസന്ധികളിലും പിടിച്ചുനിൽക്കുന്ന വിശ്വസ്‌തരുടെ കൂട്ടത്തിലായിരിക്കട്ടെ നാമും. ദൈവത്തിന്റെ അനർഹദയയാൽ ‘ഉറച്ചുനിൽക്കാനും യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷകാണാനും’ നമുക്ക് ഇടവരട്ടെ.
നിങ്ങളുടെ ഉത്തരം എന്താണ്?
• അത്ഭുതകരമായ ഏതു സംഭവങ്ങൾ ഉടൻ അരങ്ങേറും?
• പൊ.യു.മു. 1513-ൽ യഹോവ തന്റെ രക്ഷാശക്തി പ്രകടിപ്പിച്ചതെങ്ങനെ?
• ഇനിയെന്തു ചെയ്യാനാണു നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്?
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ആകർഷകവാക്യം]
2008-ലെ വാർഷിക വാക്യം: ‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.’—പുറപ്പാടു 14:13.
[17-ാം പേജിലെ ചിത്രം]
“മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു . . . എഴുതിയിരിക്കുന്നു”
[18-ാം പേജിലെ ചിത്രം]
ഫറവോന്റെ ദുശ്ശാഠ്യം ഈജിപ്‌തിനു ദുരന്തഹേതുവായി
[19-ാം പേജിലെ ചിത്രം]
യഹോവ കൽപ്പിച്ചതൊക്കെയും ചെയ്‌തപ്പോൾ ഇസ്രായേലിനു രക്ഷ സാധ്യമായി