വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പുറജാതി ആഘോഷം ക്രിസ്‌തീയമാകുമോ?

ഒരു പുറജാതി ആഘോഷം ക്രിസ്‌തീയമാകുമോ?

ഒരു പുറജാതി ആഘോഷം ക്രിസ്‌തീയമാകുമോ?

ഇറ്റലിയിൽ 2004-ലെ ക്രിസ്‌തുമസ്സ്‌കാലം ഒരു ഉശിരൻസംവാദത്തിനു സാക്ഷ്യംവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും അധ്യാപകരും ഉൾപ്പെടെയുള്ള ചിലർ, ക്രിസ്‌തുമസ്സ്‌ ആചാരങ്ങളുടെ മതപരിവേഷം കുറയ്‌ക്കുകയോ തീർത്തും ഒഴിവാക്കുകയോ ചെയ്യണമെന്ന ആശയം മുന്നോട്ടുവെച്ചു. കത്തോലിക്കരോ പ്രൊട്ടസ്റ്റന്റുകാരോ അല്ലാത്ത നിരവധി വിദ്യാർഥികളെ പരിഗണിച്ചാണ്‌ അവർ അതിനുവേണ്ടി വാദിച്ചത്‌. എന്നാൽ ശേഷം അധ്യാപകരും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും, ആചാരങ്ങളെ മാനിക്കണമെന്നും അപ്പാടെ പരിരക്ഷിക്കണമെന്നുമുള്ള അഭിപ്രായത്തിൽ ഉറച്ചുനിന്നു.

തർക്കവിഷയം എന്തുതന്നെയായാലും, പല ക്രിസ്‌തുമസ്സ്‌ ആചാരങ്ങളുടെയും ഉത്ഭവം എന്താണെന്നു നിങ്ങൾക്ക്‌ അറിയാമോ? സംവാദം കൊടുമ്പിരികൊണ്ടിരിക്കെ വത്തിക്കാൻ വർത്തമാനപ്പത്രമായ ലോസ്സേർവേറ്റോറേ റോമാനോ രസകരമായ ചില പ്രസ്‌താവനകൾ നടത്തി.

ക്രിസ്‌തുമസ്സ്‌ ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീയതിയെക്കുറിച്ചു പത്രം പറഞ്ഞതിങ്ങനെ: “യേശു ജനിച്ച കൃത്യദിവസം അറിയാൻ ഒരു മാർഗവുമില്ല; കാരണം, റോമൻ ചരിത്രവും അക്കാലത്തെ കനേഷുമാരിയും തുടർന്നുവന്ന നൂറ്റാണ്ടുകളിലെ ഗവേഷണങ്ങളും അതു സംബന്ധിച്ച്‌ ഉറപ്പിച്ചൊന്നും പറയുന്നില്ല. . . . പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഡിസംബർ 25 എന്ന തീയതി നാലാം നൂറ്റാണ്ടിൽ ചർച്ച്‌ ഓഫ്‌ റോം തിരഞ്ഞെടുത്തതാണ്‌. വിജാതീയ റോമിൽ ഈ തീയതി സൂര്യദേവനു സമർപ്പിക്കപ്പെട്ടതായിരുന്നു. . . . കോൺസ്റ്റന്റയ്‌ൻ പുറപ്പെടുവിച്ച ഒരു ശാസനത്തിന്റെ ഫലമായി ക്രിസ്‌ത്യാനിത്വത്തിനു റോമിൽ അതിനോടകംതന്നെ ഔദ്യോഗികാംഗീകാരം ലഭിച്ചിരുന്നെങ്കിലും സൂര്യദേവനെ . . . കുറിച്ചുള്ള ഐതിഹ്യം പ്രബലമായിരുന്നു, സൈനികർക്കിടയിൽ വിശേഷിച്ച്‌. ഡിസംബർ 25-നെ ചുറ്റിപ്പറ്റി കൊണ്ടാടിയിരുന്ന മേൽപ്പറഞ്ഞ ആഘോഷങ്ങളെല്ലാം ജനപ്രീതിയാർജിച്ച ആചാരങ്ങളിൽ വേരൂന്നിയതായിരുന്നു. അങ്ങനെ, ആ തീയതി യേശുവിന്റെ ജന്മദിനമായി പ്രഖ്യാപിച്ചുകൊണ്ട്‌ സൂര്യദേവന്റെ സ്ഥാനത്ത്‌ നീതിയുടെ സൂര്യനായ യേശുക്രിസ്‌തുവിനെ പ്രതിഷ്‌ഠിക്കുകയും അതുവഴി ആ ദിവസത്തിന്‌ ഒരു ക്രിസ്‌തീയ പരിവേഷം നൽകുകയും ചെയ്യുകയെന്ന ആശയം ചർച്ച്‌ ഓഫ്‌ റോമിന്റെ മനസ്സിലുദിച്ചു.”

ഇന്ന്‌ കത്തോലിക്കാ മതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്ന ക്രിസ്‌തുമസ്സ്‌ ട്രീയുടെ കാര്യമോ?

പുരാതനകാലത്ത്‌, “പൈൻപോലുള്ള നിത്യഹരിതവൃക്ഷങ്ങളുടെ ശാഖകൾക്കു രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണമോ മന്ത്രശക്തിയോ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരുന്ന”തായി പത്രം ചൂണ്ടിക്കാട്ടുകയുണ്ടായി. ലേഖനം തുടർന്നു: “ക്രിസ്‌തുമസ്സിന്റെ തലേരാത്രി, അതായത്‌ ഡിസംബർ 24-ന്‌, പറുദീസയിലെ വൃക്ഷത്തിന്റെ കഥയോടനുബന്ധിച്ച്‌ ആദാമിനെയും ഹവ്വായെയും അനുസ്‌മരിച്ചിരുന്നു. . . . അത്‌ ഒരു ആപ്പിൾമരം ആയിരിക്കേണ്ടതായിരുന്നു; പക്ഷേ ശൈത്യകാലത്തിന്‌ ഇണങ്ങുമായിരുന്നില്ല എന്നതിനാൽ ആപ്പിൾമരത്തിന്റെ സ്ഥാനത്ത്‌ പൈൻമരം നാട്ടി ചില്ലകൾ ആപ്പിൾകൊണ്ട്‌ അലങ്കരിച്ചു. ഭാവി വിടുതലിനെ സൂചിപ്പിക്കുന്ന, കുർബാന സമയത്തെ യേശുവിന്റെ സാന്നിധ്യത്തിന്റെ പ്രതീകമായ, പൊടിച്ചെടുത്ത ബിസ്‌കറ്റുകൊണ്ട്‌ പ്രത്യേകരൂപങ്ങളിൽ ഉണ്ടാക്കുന്ന ഓസ്‌തികളും കുട്ടികൾക്കുള്ള മധുരവിഭവങ്ങളും സമ്മാനങ്ങളും ഒക്കെ അലങ്കാരത്തിന്റെ ഭാഗമായിരുന്നു.” പിൽക്കാലത്ത്‌ എന്തു സംഭവിച്ചു?

പതിനാറാം നൂറ്റാണ്ടിൽ ജർമനിയിലാണ്‌ ക്രിസ്‌തുമസ്സ്‌ ട്രീ ഉടലെടുത്തതെന്നു പരാമർശിച്ചശേഷം പ്രസ്‌തുതപത്രം തുടർന്നു: “ക്രിസ്‌തുമസ്സ്‌ ട്രീയെ അവസാനമായി വരവേറ്റ രാജ്യങ്ങളിൽ ഒന്നാണ്‌ ഇറ്റലി; അത്‌ പ്രൊട്ടസ്റ്റന്റുകാരുടേതാണെന്നും അതിനുപകരം പുൽക്കൂടാണു വേണ്ടതെന്നുമുള്ള കേട്ടുകേൾവിയായിരിക്കാം ഒരു കാരണം.” പോൾ ആറാമൻ പാപ്പാ, പുൽക്കൂടിനടുത്തായി “[റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിൽ] ഒരു വലിയ ക്രിസ്‌തുമസ്സ്‌ ട്രീ സ്ഥാപിച്ചുകൊണ്ട്‌ ആ ആചാരത്തിനു തുടക്കമിട്ടു.”

മതത്തിന്റെ തലപ്പത്തിരിക്കുന്ന പാപ്പായെപ്പോലുള്ളവർ പുറജാതി ആചാരങ്ങളിൽ വേരൂന്നിയ പ്രതീകങ്ങൾക്കും സംഭവങ്ങൾക്കും ക്രിസ്‌തീയ പരിവേഷം നൽകുന്നതു ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ശരിയായ വീക്ഷണം സംബന്ധിച്ച്‌ തിരുവെഴുത്തുകൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. “നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ?”—2 കൊരിന്ത്യർ 6:14-17.

[8, 9 പേജുകളിലെ ചിത്രങ്ങൾ]

ക്രിസ്‌തുമസ്സ്‌ ട്രീ (എതിർവശത്തെ പേജിൽ); വത്തിക്കാനിലെ പുൽക്കൂട്‌

[കടപ്പാട്‌]

© 2003 BiblePlaces.com

[9-ാം പേജിലെ ചിത്രം]

സൂര്യദേവൻ

[കടപ്പാട്‌]

Museum Wiesbaden