വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കൊരു ആത്മീയ വഴികാട്ടിയുണ്ടോ?

നിങ്ങൾക്കൊരു ആത്മീയ വഴികാട്ടിയുണ്ടോ?

നിങ്ങൾക്കൊരു ആത്മീയ വഴികാട്ടിയുണ്ടോ?

തെക്കേരാജ്യമായ യെഹൂദായുടെ രാജാവായി സ്ഥാനമേൽക്കുമ്പോൾ ഉസ്സീയാവിന്‌ വെറും 16 വയസ്സ്‌. പൊതുയുഗത്തിനു മുമ്പ്‌ ഒമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കംമുതൽ എട്ടാം നൂറ്റാണ്ടിന്റെ തുടക്കംവരെ 50 വർഷം നീണ്ട ഭരണം. ചെറുപ്പം മുതൽക്കേ ഉസ്സീയാവ്‌ “യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു.” നേരായ പാതയിൽ സഞ്ചരിക്കാൻ അവനെ പ്രചോദിപ്പിച്ചത്‌ എന്താണ്‌? ചരിത്രരേഖ പറയുന്നതിങ്ങനെ: “ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്‌കാലത്തു അവൻ [ഉസ്സീയാവ്‌] ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്‌കി.”—2 ദിനവൃത്താന്തം 26:1, 4, 5.

ഈ വിവരണത്തിൽ പറയുന്നതൊഴിച്ചാൽ, രാജാവിന്റെ ഉപദേശകനായ സെഖര്യാവിനെക്കുറിച്ചു കാര്യമായ വിശദാംശങ്ങളൊന്നും ബൈബിളിലില്ല. എന്തായാലും, “ദൈവഭയത്തിൽ . . . ഉപദേശിച്ചുവന്ന” വ്യക്തിയെന്നനിലയിൽ സെഖര്യാവ്‌, ശരി ചെയ്യാൻ തക്കവണ്ണം ഈ യുവഭരണാധികാരിയുടെമേൽ സ്വാധീനം ചെലുത്തി. ദി എക്‌സ്‌പോസിറ്റേഴ്‌സ്‌ ബൈബിൾ അനുസരിച്ച്‌, “തിരുവെഴുത്തുകളെക്കുറിച്ച്‌ അവഗാഹമുണ്ടായിരുന്ന, ആത്മീയമായി വളരെ അനുഭവസമ്പത്തുള്ള, അറിവു പകർന്നുകൊടുക്കാൻ പ്രാപ്‌തിയുള്ള” ഒരുവനായിരുന്നു സെഖര്യാവ്‌. ഒരു ബൈബിൾപണ്ഡിതന്റെ അഭിപ്രായം ശ്രദ്ധിക്കുക: “പ്രവചനങ്ങളെക്കുറിച്ച്‌ അപാരജ്ഞാനവും . . . ബുദ്ധിസാമർഥ്യവുമുള്ള നീതിനിഷ്‌ഠനായ ഒരു ദൈവഭക്തനായിരുന്നു സെഖര്യാവ്‌; അദ്ദേഹം ഉസ്സീയാവിനെ അടിമുടി സ്വാധീനിച്ചെന്നു തോന്നുന്നു.”

ഉസ്സീയാവിന്റെ നേരായ ഗതി അവനു ധാരാളം അനുഗ്രഹങ്ങൾ നേടിക്കൊടുത്തു. ‘ദൈവം അവനെ സഹായിച്ചതിനാൽ’ അവൻ “അത്യന്തം പ്രബലനായി”ത്തീർന്നു. “സെഖര്യാവിന്റെ ആയുഷ്‌കാലത്ത്‌” ആത്മീയതയുടെ പാതയിൽ ചരിച്ചത്‌ ഉസ്സീയാവിന്റെ ജീവിതം സമ്പന്നമാക്കി. (2 ദിനവൃത്താന്തം 26:6-8) അധികം കഴിഞ്ഞില്ല, ഉസ്സീയാവ്‌ സെഖര്യാവിന്റെ ഉപദേശങ്ങൾ കാറ്റിൽപ്പറത്തി. ഉസ്സീയാവിന്റെ “ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്‌തു.” അനാദരപൂർവകമായ ഒരു പ്രവൃത്തി നിമിത്തം അറപ്പുളവാക്കുന്ന ഒരു ത്വഗ്രോഗം ബാധിച്ച അവന്‌ രാജധർമം പൂർണമായി നിറവേറ്റാനായില്ല.—2 ദിനവൃത്താന്തം 26:16-21.

‘ദൈവത്തെ അന്വേഷിക്കുന്നതിൽ’ നിങ്ങളെ കൈപിടിച്ചു നടത്തുന്ന ആരെങ്കിലും നിങ്ങൾക്കുണ്ടോ? നിങ്ങൾ ചെറുപ്പക്കാരനോ യുവത്വം പിന്നിട്ടവനോ സ്‌ത്രീയോ പുരുഷനോ ആണെങ്കിലും ചൂണ്ടിക്കാണിക്കാൻ അങ്ങനെയൊരാൾ ഉണ്ടായിരിക്കുന്നതു സ്വാഭാവികമാണ്‌. ആ വ്യക്തിയെ വിലകുറച്ചു കാണരുത്‌; കാരണം ദൈവമുമ്പാകെ ശരി ചെയ്യുന്നതിനു നിങ്ങളെ സഹായിക്കാൻ ആ വ്യക്തിയുടെ ഉപദേശത്തിനാകും. പക്വതയുള്ള ആ ക്രിസ്‌ത്യാനിയുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുക; അതു ഗൗരവമായെടുക്കുക. ‘ദൈവഭയത്തിൽ നിങ്ങളെ ഉപദേശിക്കുന്ന’ ആ വ്യക്തിയുടെ ജ്ഞാനമൊഴികൾക്ക്‌ ഒരിക്കലും നിങ്ങൾ പുറംതിരിയാതിരിക്കട്ടെ.—സദൃശവാക്യങ്ങൾ 1:5; 12:15; 19:20.