വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• “പഴയ നിയമം” ഇന്നും പ്രസക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഇതിന്റെ ഗ്രസ്ഥകർത്താവ്‌ ക്രൂരനായ ഏതെങ്കിലും ഒരു ദേവനല്ല, പിന്നെയോ സ്‌നേഹവാനായ യഹോവയാം ദൈവമാണ്‌. യേശുവും അവന്റെ ആദിമാനുയായികളും എബ്രായ തിരുവെഴുത്തുകൾ ഉപയോഗിച്ചിരുന്നു. അനുദിനജീവിതത്തിനുപകരിക്കുന്ന പ്രായോഗിക നിർദേശങ്ങളും മഹത്തായ ഭാവിപ്രത്യാശയും ഇതിലടങ്ങിയിരിക്കുന്നു.—9/1, പേജ്‌ 4-7.

• ആദാമും ഹവ്വായും പാപംചെയ്‌തശേഷം, സ്വതന്ത്രമായ ഒരു ജീവിതം നയിക്കാൻ ഇത്രയും കാലം മനുഷ്യരെ അനുവദിച്ചതിലൂടെ എന്തു നേട്ടമുണ്ടായിരിക്കുന്നു?

സാത്താൻ ഒരു നുണയനാണെന്ന്‌ കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളിലെ ചരിത്രം തെളിയിച്ചിരിക്കുന്നു—ആദാമും ഹവ്വായും അവരുടെ സന്തതികളായ മറ്റു ദശലക്ഷങ്ങളും മരണമടഞ്ഞിരിക്കുന്നു. ദൈവത്തിൽനിന്നു സ്വതന്ത്രമായ ജീവിതഗതി മാനവരാശിക്കു ഗുണകരമായിരുന്നിട്ടില്ലെന്നും സ്വന്തം കാലടികളെ നയിക്കാനുള്ള അവകാശമോ പ്രാപ്‌തിയോ അവർക്കില്ലെന്നും കാലം തെളിയിച്ചിരിക്കുന്നു.—9/15, പേജ്‌ 6-7.

• ഏശാവായി നടിച്ചതിന്റെ പേരിൽ യാക്കോബ്‌ വിമർശിക്കപ്പെടാതിരുന്നത്‌ എന്തുകൊണ്ട്‌?

ഏശാവിൽനിന്നു ജന്മാവകാശം വിലയ്‌ക്കുവാങ്ങിയ യാക്കോബ്‌ തന്റെ പിതാവിന്റെ അനുഗ്രഹത്തിന്‌ അർഹനായിരുന്നു. അതുപോലെതന്നെ, യാക്കോബിനെയാണ്‌ അനുഗ്രഹിച്ചതെന്ന്‌ യിസ്‌ഹാക്‌ തിരിച്ചറിഞ്ഞപ്പോൾ തന്റെ തീരുമാനത്തിൽ മാറ്റംവരുത്താൻ അവൻ ശ്രമിച്ചില്ല. ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കുമായിരുന്നിട്ടും അനുഗ്രഹം യാക്കോബിനുതന്നെ ലഭിക്കാൻ നിസ്സംശയമായും ദൈവം ആഗ്രഹിച്ചു.—10/1, പേജ്‌ 31.

• നമുക്കു മനസ്സാക്ഷിയുണ്ടെന്ന വസ്‌തുത പരിണാമത്തിനു വെല്ലുവിളിയായിരിക്കുന്നത്‌ എങ്ങനെ?

വ്യക്തിപരമായ നഷ്ടങ്ങൾ സഹിച്ചുകൊണ്ടും മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത എല്ലാ ജനവിഭാഗങ്ങളിലും കാണാനാകും. ഏതു വിധത്തിലും അതിജീവിക്കാൻ പോരാടിയ മൃഗങ്ങളാണു മനുഷ്യനായതെങ്കിൽ അത്തരം നിസ്സ്വാർഥത എവിടെനിന്നു വന്നു?—10/15, പേജ്‌ 20.

• ദൈവം താഴ്‌മയുള്ളവനാണെന്ന്‌ എന്തുകൊണ്ടു പറയാനാകും, അവൻ എങ്ങനെയാണ്‌ ഈ ഗുണം പ്രകടമാക്കുന്നത്‌?

അത്യുന്നതനും സ്രഷ്ടാവുമെന്ന നിലയിൽ നമുക്കുള്ളതുപോലുള്ള പരിമിതികൾ ദൈവത്തിനില്ല. എങ്കിലും 2 ശമൂവേൽ 22:36-നു ചേർച്ചയിൽ (NW), തന്നെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന എളിയ മനുഷ്യർക്കായി കരുണാപൂർവം കരുതുന്നുവെന്ന അർഥത്തിലാണ്‌ അവൻ താഴ്‌മയുള്ളവനായിരിക്കുന്നത്‌. ദൈവഭയമുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ അവൻ ദയാപൂർവം ‘ഇറങ്ങിവരുന്നു.’—11/1, പേജ്‌ 4-5.

• പുരാതന മൺപാത്രശകലങ്ങൾ ബൈബിളിന്റെ ആധികാരികതയ്‌ക്കു തെളിവുനൽകുന്നതെങ്ങനെ?

യോശുവ 17:1-6-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഏഴു കുലങ്ങളുടെ പേരുകളടങ്ങിയ മൺപാത്രശകലങ്ങൾ പുരാവസ്‌തുശാസ്‌ത്രജ്ഞർ ശമര്യയിൽ കണ്ടെടുത്തിട്ടുണ്ട്‌. അരാദിൽനിന്നു ലഭിച്ച ശകലങ്ങളിൽ ദൈവനാമം കാണാനെയെന്നു മാത്രമല്ല, അവ പുരോഹിതകുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ലാഖീശിൽ കണ്ടെടുത്ത ശകലങ്ങൾ, ബാബിലോണിന്റെ ആക്രമണത്തിനുമുമ്പ്‌ യെഹൂദായിലുണ്ടായിരുന്ന പ്രക്ഷുബ്ധമായ രാഷ്‌ട്രീയാവസ്ഥയിലേക്കു വെളിച്ചംവീശുന്നു.—11/15, പേജ്‌ 12-14.

• പ്രവൃത്തികളുടെ പുസ്‌തകം എഴുതിയത്‌ ലൂക്കൊസാണെന്ന്‌ എങ്ങനെ അറിയാനാകും?

ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്‌തല പ്രവൃത്തികളും തെയോഫിലോസിനെ അഭിസംബോധന ചെയ്‌താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന വസ്‌തുത, ലൂക്കൊസാണ്‌ ഇവ രണ്ടും രചിച്ചതെന്നു സൂചിപ്പിക്കുന്നു. “ഞങ്ങൾ,” “ഞങ്ങളുടെ,” “ഞങ്ങളെ” എന്നീ സർവനാമങ്ങളുടെ ഉപയോഗം, ചില സംഭവങ്ങളിൽ ലൂക്കൊസും ഭാഗഭാക്കായിരുന്നെന്നു കാണിക്കുന്നു. (പ്രവൃത്തികൾ 16:8-15)—11/15, പേജ്‌ 18.

• നായാട്ടും മീൻപിടിത്തവും സംബന്ധിച്ച്‌ ഒരു ക്രിസ്‌ത്യാനിയുടെ മനോഭാവം എന്തായിരിക്കണം?

നോഹയുടെ കാലംമുതൽ മൃഗങ്ങളെ കൊന്നുതിന്നാൻ ദൈവം മനുഷ്യരെ അനുവദിച്ചിരിക്കുന്നു. എന്നാൽ രക്തം ചോർത്തിക്കളയണമെന്ന നിബന്ധന, മൃഗങ്ങളുടെ ജീവന്റെ ഉറവ്‌ ദൈവമാണ്‌ എന്നതിനും അതുകൊണ്ട്‌ നാം അതിനെ ആദരിക്കേണ്ടതാണ്‌ എന്നതിനും അടിവരയിടുന്നു. ഇരയെ ഓടിച്ചുപിടിച്ചു കൊല്ലുന്നതിന്റെ ‘ത്രിൽ’ ആസ്വദിക്കാനോ വെറുമൊരു രസത്തിനോ വേണ്ടി ക്രിസ്‌ത്യാനികൾ അവയെ കൊല്ലരുത്‌. കൈസറുടെ നിയമവും മറ്റുള്ളവരുടെ മനസ്സാക്ഷിയും മാനിക്കേണ്ടതു പ്രധാനമാണ്‌. (റോമർ 14:13)—12/1, പേജ്‌ 31.