വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല”

“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല”

“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല”

“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.”—യെശയ്യാവു 54:17.

1, 2. അൽബേനിയയിലെ യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ യെശയ്യാവു 54:17-ന്റെ സത്യതയ്‌ക്ക്‌ അടിവരയിടുന്നത്‌ എങ്ങനെ?

പതിറ്റാണ്ടുകൾക്കുമുമ്പുള്ള കാര്യമാണ്‌. തെക്കുകിഴക്കൻ യൂറോപ്പിലെ പർവതസമൃദ്ധമായ ഒരു കൊച്ചുരാജ്യത്ത്‌ ധീരരായ ഒരുകൂട്ടം ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നു. ദൈവമില്ലെന്നു വിശ്വസിച്ചിരുന്ന അവിടത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അവരെ ഇല്ലാതാക്കാൻ പഠിച്ചപണി പതിനെട്ടും നോക്കി. പക്ഷേ പീഡനത്തിനോ തൊഴിൽപ്പാളയങ്ങൾക്കോ കുപ്രചാരണങ്ങൾക്കോ ഒന്നും അവരെ പിടിച്ചുനിറുത്താനായില്ല. ആരായിരുന്നു അവർ? അൽബേനിയയിലെ യഹോവയുടെ സാക്ഷികൾ. യോഗങ്ങളും പ്രസംഗപ്രവർത്തനവും അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നിട്ടും അവർ കാണിച്ച സ്ഥിരോത്സാഹം ക്രിസ്‌ത്യാനിത്വത്തെ ഉന്നതമായ ഒരു തലത്തിലേക്ക്‌ ഉയർത്തിയെന്നു മാത്രമല്ല യഹോവയുടെ നാമത്തിനു മഹത്ത്വം കരേറ്റുകയും ചെയ്‌തു. 2006-ൽ അവിടത്തെ പുതിയ ബ്രാഞ്ചിന്റെ സമർപ്പണവേളയിൽ ഒരു ദീർഘകാലസാക്ഷി പറഞ്ഞതു ശ്രദ്ധേയമാണ്‌: “സാത്താൻ കിണഞ്ഞു ശ്രമിച്ചിട്ടും തോൽവി എന്നും അവനാണ്‌; വിജയം യഹോവയ്‌ക്കും!”

2 യെശയ്യാവു 54:17-ൽ കാണുന്ന, തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിന്റെ സത്യതയ്‌ക്കുള്ള ജീവിക്കുന്ന തെളിവുകളല്ലേ ഇതെല്ലാം? ആ തിരുവെഴുത്ത്‌ ഇങ്ങനെ പറയുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും.” യഹോവയാം ദൈവത്തെ ആരാധിക്കുന്നതിൽനിന്ന്‌ അവന്റെ സമർപ്പിത ജനത്തെ തടയാൻ സാത്താന്റെ ലോകത്തിനാവില്ല എന്നതിനു ചരിത്രം സാക്ഷി.

ലക്ഷ്യംകാണാത്ത ആയുധങ്ങൾ

3, 4. (എ) സാത്താന്റെ ആവനാഴിയിലെ ചില ആയുധങ്ങളേവ? (ബി) പിശാചിന്റെ ആയുധങ്ങൾ ലക്ഷ്യത്തിലെത്താതിരുന്നത്‌ എന്തുകൊണ്ട്‌?

3 നിരോധനങ്ങൾ, പൊതുജനാക്രമണം, ഇരുമ്പഴികൾ എന്നിവയൊക്കെ സത്യാരാധകർക്കെതിരെ പ്രയോഗിച്ചിരിക്കുന്ന ആയുധങ്ങളിൽപ്പെടും; നിയമപരമായ കഷ്ടതകൾ വേറെയും. (സങ്കീർത്തനം 94:20) എന്തിന്‌, ഇപ്പോൾ ഈ ലേഖനം പഠിക്കുമ്പോൾപ്പോലും ചില രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ “പരീക്ഷി”ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.—വെളിപ്പാടു 2:10.

4 യഹോവയുടെ സാക്ഷികളെ, ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ ആക്രമിച്ച 32 സംഭവങ്ങൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതായി ഒരു ബ്രാഞ്ചോഫീസ്‌ റിപ്പോർട്ടു ചെയ്യുന്നു. പ്രസംഗപ്രവർത്തനത്തിൽ പങ്കുപറ്റിക്കൊണ്ടിരുന്ന ചെറുപ്പക്കാരും പ്രായമായവരും സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള സാക്ഷികളെ കസ്റ്റഡിയിലെടുത്ത 59 കേസുകൾ വേറെ. വിരലടയാളവും ഫോട്ടോയും എടുത്തിട്ട്‌ ചിലരെ ജയിലിലടച്ചു, കുറ്റവാളികൾ എന്നപോലെ. വേറെ ചിലരെ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തി. മറ്റൊരു ദേശത്ത്‌, സാക്ഷികളെ അറസ്റ്റു ചെയ്യുകയോ പിഴ ചുമത്തുകയോ ഉപദ്രവിക്കുകയോ ചെയ്‌തിട്ടുള്ള 1,100-ലധികം കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ട്‌. ഇതിൽ 200-ലേറെയും നടന്നത്‌ യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിനായി അവർ കൂടിവന്നപ്പോഴാണ്‌! എന്നിരുന്നാലും യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാൻ ദൈവജനത്തിനു സാധിച്ചു—മേൽപ്പറഞ്ഞ ദേശങ്ങളിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലും. (സെഖര്യാവു 4:6) യഹോവയെ സ്‌തുതിക്കുന്നവരുടെ വായടയ്‌ക്കാൻ ശത്രുക്കളുടെ ക്രോധാഗ്നിക്കാവില്ല. അതേ, ദൈവോദ്ദേശ്യം തകർക്കാൻ യാതൊരു ആയുധത്തിനും സാധിക്കില്ല എന്ന കാര്യത്തിൽ നമുക്കു തെല്ലും സംശയമില്ല.

വ്യാജമുള്ള നാവിനെ കുറ്റംവിധിക്കുന്നു

5. ഒന്നാം നൂറ്റാണ്ടിൽ യഹോവയുടെ ദാസന്മാർക്കെതിരെ എന്ത്‌ ആരോപണങ്ങളാണ്‌ ഉയർന്നുവന്നത്‌?

5 തങ്ങൾക്കെതിരെ ഉയരുന്ന ഏതൊരു നാവിനെയും ദൈവജനം കുറ്റംവിധിക്കുമെന്ന്‌ യെശയ്യാവ്‌ പ്രവചിച്ചു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികളെ കരിവാരിത്തേച്ച, കുറ്റവാളികളായി മുദ്രകുത്തിയ ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്തരത്തിലൊന്നാണ്‌ പ്രവൃത്തികൾ 16:20, 21-ൽ കാണുന്നത്‌. “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്ന്‌ അവിടെ നാം വായിക്കുന്നു. മറ്റൊരു സന്ദർഭത്തിൽ, ‘ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; അവർ കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട്‌ ക്രിസ്‌ത്യാനികൾക്കെതിരെ തിരിയാൻ മതവൈരികൾ നഗരാധിപന്മാരെ ഇളക്കുകയുണ്ടായി. (പ്രവൃത്തികൾ 17:6, 7) അപ്പൊസ്‌തലനായ പൗലൊസിനെ “ബാധ” എന്നു വിളിച്ച്‌ ആക്ഷേപിക്കുകയും ‘ലോകമെങ്ങും’ കലഹമുണ്ടാക്കുന്നവരുടെ നേതാവായി മുദ്രകുത്തുകയും ചെയ്‌തു.—പ്രവൃത്തികൾ 24:2-5.

6, 7. വാഗ്രൂപേണയുള്ള ആക്രമണങ്ങളെ ക്രിസ്‌ത്യാനികൾ കുറ്റംവിധിക്കുന്ന ഒരു വിധമേത്‌?

6 അതുകൊണ്ട്‌ ഇന്നത്തെ ക്രിസ്‌ത്യാനികൾ കടുത്ത അധിക്ഷേപങ്ങൾക്കും ദുഷ്‌പ്രചാരണങ്ങൾക്കും ഇരയാകുന്നതിൽ നാം അതിശയിക്കേണ്ടതില്ല. വാഗ്രൂപേണയുള്ള അത്തരം ആക്രമണങ്ങളെ നാം കുറ്റംവിധിക്കുന്നത്‌ എങ്ങനെയാണ്‌?—യെശയ്യാവു 54:17.

7 പലപ്പോഴും അത്തരം കുപ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള ചുട്ടമറുപടിയാണ്‌ യഹോവയുടെ സാക്ഷികളുടെ നല്ല പെരുമാറ്റം; അങ്ങനെയാണ്‌ അവർ അതിനെ കുറ്റംവിധിക്കുന്നത്‌. (1 പത്രൊസ്‌ 2:12) നിയമം അനുസരിക്കുന്നവരും സദാചാരനിഷ്‌ഠയുള്ളവരും സഹമനുഷ്യരുടെ ക്ഷേമത്തിൽ തത്‌പരരുമാണെന്നു തെളിയിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനികൾ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നു. നമ്മുടെ നല്ല പെരുമാറ്റം നമുക്കുവേണ്ടി സാക്ഷ്യം പറയുന്നു. സത്‌പ്രവൃത്തികൾ ചെയ്യുന്നതിൽ നമുക്കുള്ള ശുഷ്‌കാന്തി ശ്രദ്ധിക്കുന്നവർ പലപ്പോഴും നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്താനും അവന്റെ ആരാധകരുടെ ഉത്‌കൃഷ്ടമായ ജീവിതരീതി അംഗീകരിക്കാനും പ്രേരിതരായിത്തീരുന്നു.—യെശയ്യാവു 60:14; മത്തായി 5:14-16.

8. (എ) നമ്മുടെ തിരുവെഴുത്തുപരമായ നിലപാടു സ്ഥാപിച്ചെടുക്കാൻ ചിലപ്പോൾ എന്ത്‌ ആവശ്യമായിവന്നേക്കാം? (ബി) എതിർക്കുന്ന നാവുകളെ യേശുവിനെപ്പോലെ നാം കുറ്റംവിധിക്കുന്നത്‌ എങ്ങനെ?

8 നല്ല പെരുമാറ്റത്തിനു പുറമേ, നമ്മുടെ തിരുവെഴുത്തുപരമായ നിലപാടിനുവേണ്ടി ധൈര്യപൂർവം ഉറച്ചുനിൽക്കേണ്ട സന്ദർഭങ്ങളും ഉണ്ടായേക്കാം. സംരക്ഷണത്തിനായി ഗവൺമെന്റുകളെയും കോടതികളെയും സമീപിക്കുന്നതാണ്‌ അതിലൊന്ന്‌. (എസ്ഥേർ 8:3; പ്രവൃത്തികൾ 22:25-29; 25:10-12) ഭൂമിയിൽ ആയിരുന്നപ്പോൾ യേശു പലതവണ വിമർശകരോടു വാദിച്ച്‌ അവരുടെ വ്യാജാരോപണങ്ങളെ ഖണ്ഡിച്ചിട്ടുണ്ട്‌. (മത്തായി 12:34-37; 15:1-11) യേശുവിനെ അനുകരിക്കുന്ന നാം നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചു വിശദീകരിക്കാനുള്ള ഒരവസരവും പാഴാക്കുകയില്ല. (1 പത്രൊസ്‌ 3:15) സഹപാഠികളും സഹജോലിക്കാരും വിശ്വാസികളല്ലാത്ത ബന്ധുക്കളും തൊടുത്തുവിടുന്ന പരിഹാസശരങ്ങൾ ദൈവവചനത്തിലെ സത്യം ഘോഷിക്കുന്നതിൽനിന്നു നമ്മെ ഒരിക്കലും തടയാതിരിക്കട്ടെ.—2 പത്രൊസ്‌ 3:3, 4.

യെരൂശലേം—‘ഭാരമുള്ള കല്ല്‌’

9. സെഖര്യാവു 12:3-ൽ പരാമർശിച്ചിരിക്കുന്ന ‘ഭാരമുള്ള കല്ല്‌’ ഏതു യെരൂശലേമിനെ പ്രതീകപ്പെടുത്തുന്നു, ഭൂമിയിൽ അതിനെ പ്രതിനിധാനം ചെയ്യുന്നത്‌ ആരാണ്‌?

9 സെഖര്യാവിന്റെ പ്രവചനം, രാഷ്‌ട്രങ്ങൾ സത്യക്രിസ്‌ത്യാനികൾക്കെതിരെ തിരിയുന്നതിന്റെ കാരണത്തിന്മേൽ വെളിച്ചംവീശുന്നു. സെഖര്യാവു 12:3 പറയുന്നതു ശ്രദ്ധിക്കുക: “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും.” ഈ പ്രവചനം ഏത്‌ യെരൂശലേമിലേക്കാണു വിരൽചൂണ്ടുന്നത്‌? യെരൂശലേമിനെക്കുറിച്ചുള്ള സെഖര്യാവിന്റെ പ്രവചനം ‘സ്വർഗ്ഗീയ യെരൂശലേമിനാണ്‌’ ബാധകമാകുന്നത്‌. അതായത്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ അംഗങ്ങളായ സ്വർഗീയ രാജ്യത്തിന്‌. (എബ്രായർ 12:22) ഈ മിശിഹൈക രാജ്യത്തിന്റെ അവകാശികളിൽ ഒരു ചെറിയ ശേഷിപ്പ്‌ ഇന്നും ഭൂമിയിലുണ്ട്‌. ‘വേറെ ആടുകളായ’ സഹചാരികളോടൊപ്പം ഇവർ, ശേഷിച്ചിരിക്കുന്ന സമയത്ത്‌ ദൈവരാജ്യത്തിന്റെ പ്രജകളുടെ നിരയിലേക്കുവരാനുള്ള ക്ഷണം മാനവരാശിക്കു വെച്ചുനീട്ടുകയാണ്‌. (യോഹന്നാൻ 10:16; വെളിപ്പാടു 11:15) ഈ ക്ഷണത്തോടു രാഷ്‌ട്രങ്ങൾ എങ്ങനെയാണു പ്രതികരിച്ചിരിക്കുന്നത്‌? ഇന്ന്‌ സത്യാരാധകർക്ക്‌ യഹോവ എന്തു പിന്തുണയാണു നൽകുന്നത്‌? സെഖര്യാവു 12-ാം അധ്യായം തുടർന്നു വിശകലനം ചെയ്‌തുകൊണ്ട്‌ നമുക്ക്‌ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം. അതിലൂടെ, ദൈവത്തിന്റെ അഭിഷിക്തർക്കും സമർപ്പിതരായ സഹചാരികൾക്കും എതിരെ പ്രയോഗിക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല എന്നതിനു നമുക്ക്‌ ഉറപ്പു ലഭിക്കും.

10. (എ) ദൈവജനം ആക്രമിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌? (ബി) ‘ഭാരമുള്ള കല്ല്‌’ നീക്കാൻ ശ്രമിച്ചവർക്ക്‌ എന്തു സംഭവിച്ചിരിക്കുന്നു?

10 രാഷ്‌ട്രങ്ങൾക്ക്‌ “കഠിനമായി മുറിവേല്‌ക്കു”മെന്ന്‌ സെഖര്യാവു 12:3 സൂചിപ്പിക്കുന്നു. ഇതെങ്ങനെയാണു സംഭവിക്കുന്നത്‌? ദൈവരാജ്യ സുവാർത്ത പ്രസംഗിക്കപ്പെടണം എന്നു ദൈവം പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഉത്തരവാദിത്വം ഗൗരവമായെടുക്കുന്നവരാണു യഹോവയുടെ സാക്ഷികൾ. എന്നാൽ മാനവരാശിയുടെ ഏക പ്രത്യാശ ദൈവരാജ്യമാണെന്ന പ്രഖ്യാപനം രാഷ്‌ട്രങ്ങളെ സംബന്ധിച്ചിടത്തോളം ‘ഭാരമുള്ള ഒരു കല്ലു’പോലെയാണ്‌. രാജ്യഘോഷകർക്കു തടസ്സം സൃഷ്ടിച്ചുകൊണ്ട്‌ അവർ അതു നീക്കാൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യവേ രാഷ്‌ട്രങ്ങൾക്ക്‌ ആസകലം ‘കഠിനമായ മുറിവേൽക്കുന്നുണ്ട്‌.’ അപമാനകരമായ പരാജയങ്ങൾ അവരുടെ സത്‌കീർത്തിക്കുപോലും കളങ്കമേൽപ്പിച്ചിരിക്കുന്നു. ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ്‌ മിശിഹൈക രാജ്യത്തെക്കുറിച്ചുള്ള “നിത്യസുവിശേഷം” പ്രഖ്യാപിക്കുന്ന പദവിയെ നിധിപോലെ കരുതുന്ന സത്യാരാധകരെ നിശ്ശബ്ദരാക്കാൻ അവർക്കാവില്ല. (വെളിപ്പാടു 14:6) യഹോവയുടെ ദാസന്മാർക്കു നേരെയുള്ള അക്രമം കണ്ട്‌ ആഫ്രിക്കൻ ദേശത്തെ ഒരു ജയിൽകാവൽക്കാരൻ ഇങ്ങനെ പറയുകയുണ്ടായി: ‘ഇവരെ പീഡിപ്പിച്ച്‌ വെറുതെ സമയം കളയേണ്ട. അവർ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകില്ല. അവരുടെ എണ്ണം കൂടുകയേ ഉള്ളൂ.’

11. സെഖര്യാവു 12:4-ലെ വാക്കുകൾ ദൈവം നിവർത്തിച്ചിരിക്കുന്നത്‌ എങ്ങനെ?

11 സെഖര്യാവു 12:4 വായിക്കുക. ധീരരാജ്യഘോഷകരോടു പോരാടുന്നവരെ ആലങ്കാരികമായ അർഥത്തിൽ അന്ധതപിടിപ്പിക്കുകയും ‘സ്‌തംഭന’ത്തിലാക്കുകയും ചെയ്യുമെന്നു യഹോവ ഉറപ്പുനൽകുന്നു. അവൻ തന്റെ വാക്കു പാലിച്ചിരിക്കുന്നു. സത്യാരാധന നിരോധിച്ചിരുന്ന ഒരു ദേശത്ത്‌ ദൈവജനത്തിന്റെ കൈകളിൽ ആത്മീയ ഭക്ഷണം എത്തുന്നതു തടയാൻ എതിരാളികൾക്കായില്ല എന്നത്‌ ഇതിന്‌ ഒരു ഉദാഹരണമാണ്‌. യഹോവയുടെ സാക്ഷികൾ ബലൂണുകൾ ഉപയോഗിച്ചാണ്‌ രാജ്യത്തിനുള്ളിലേക്കു ബൈബിൾ സാഹിത്യങ്ങൾ കടത്തിക്കൊണ്ടുവന്നതെന്ന്‌ ഒരു പത്രം പ്രസ്‌താവിക്കുകപോലും ചെയ്‌തു! “ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യു”മെന്ന ദൈവത്തിന്റെ വാഗ്‌ദാനം സത്യമായിത്തീർന്നു. ക്രോധംകൊണ്ട്‌ അന്ധരായിപ്പോയ എതിരാളികൾ എങ്ങോട്ടു പോകണമെന്നു നിശ്ചയമില്ലാത്ത അവസ്ഥയിലാണ്‌. എന്നാൽ തന്റെ ജനത്തെ ഒരു കൂട്ടമെന്ന നിലയിൽ യഹോവ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്നതിൽ നമുക്കു തെല്ലും സംശയമില്ല.—2 രാജാക്കന്മാർ 6:15-19.

12. (എ) ഭൂമിയിലായിരുന്നപ്പോൾ യേശു ‘തീയിട്ടത്‌’ ഏത്‌ അർഥത്തിൽ? (ബി) അഭിഷിക്ത ശേഷിപ്പ്‌ ഒരു ആത്മീയ അർഥത്തിൽ തീയിട്ടതെങ്ങനെ, അതിന്റെ ഫലമെന്ത്‌?

12 സെഖര്യാവു 12:5, 6 വായിക്കുക. “യെഹൂദാമേധാവികൾ” ദൈവജനത്തിനിടയിൽ നേതൃത്വം വഹിക്കുന്ന അഭിഷിക്തരെയാണു കുറിക്കുന്നത്‌. ദൈവരാജ്യത്തിന്റെ ഭൗമിക താത്‌പര്യങ്ങളെപ്രതിയുള്ള ജ്വലിക്കുന്ന തീക്ഷ്‌ണതകൊണ്ട്‌ യഹോവ ഇവരെ നിറയ്‌ക്കുന്നു. യേശു ഒരിക്കൽ ശിഷ്യന്മാരോടു പറഞ്ഞു: “ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു.” (ലൂക്കൊസ്‌ 12:49) ആലങ്കാരികമായി അവൻ അതുതന്നെയാണു ചെയ്‌തത്‌. യേശുവിന്റെ തീക്ഷ്‌ണമായ ശുശ്രൂഷയുടെ കാതലായ വിഷയം ദൈവരാജ്യമായിരുന്നു. യഹൂദജനതയ്‌ക്കിടയിൽ ഇത്‌ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്കു തിരികൊളുത്തി. (മത്തായി 4:17, 25; 10:5-7, 17-20) സമാനമായി, “വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും” ക്രിസ്‌തുവിന്റെ ഇക്കാലത്തെ പാദാനുഗാമികൾ ആത്മീയമായ ഒരു വിധത്തിൽ തീയിട്ടുകൊണ്ടിരിക്കുകയാണ്‌. 1917-ൽ പുറത്തിറങ്ങിയ പൂർത്തിയായ മർമം * (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ക്രൈസ്‌തവലോകത്തിന്റെ കാപട്യം ശക്തമായി തുറന്നുകാട്ടി. അത്‌ വൈദികവർഗത്തെ കോപാക്രാന്തരാക്കി. അടുത്തകാലത്ത്‌, “മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?” എന്ന രാജ്യവാർത്ത നമ്പർ 37, ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ തങ്ങൾ ഏതുപക്ഷത്തു നിൽക്കുന്നുവെന്നു തെളിയിക്കാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു.

“യെഹൂദാകൂടാരങ്ങളെ” രക്ഷിക്കുന്നു

13. ‘യെഹൂദാകൂടാരങ്ങൾ’ എന്ന പ്രയോഗം എന്തിനെ കുറിക്കുന്നു, യഹോവ അതിലെ നിവാസികളെ രക്ഷിക്കുന്നത്‌ എന്തുകൊണ്ട്‌?

13 സെഖര്യാവു 12:7, 8 വായിക്കുക. പുരാതന ഇസ്രായേലിന്റെ തനതു സവിശേഷതയായിരുന്നു കൂടാരങ്ങൾ. പലപ്പോഴും ഇടയന്മാരും കർഷകരുമൊക്കെയാണ്‌ അത്‌ ഉപയോഗിച്ചിരുന്നത്‌. ഒരു ശത്രുരാജ്യം യെരൂശലേം നഗരത്തിനെതിരെ വന്നാൽ കൂടാരവാസികളായിരിക്കും ആദ്യം ആക്രമിക്കപ്പെടുക, സംരക്ഷണം വേണ്ടിവരുന്നതും അവർക്കായിരിക്കും. ഇന്നത്തെ അഭിഷിക്ത ശേഷിപ്പ്‌ ഒരർഥത്തിൽ പറഞ്ഞാൽ മതിലുകളുള്ള നഗരങ്ങളിലല്ല, തുറസ്സായ സ്ഥലത്താണു വസിക്കുന്നതെന്നാണ്‌ ‘യെഹൂദാകൂടാരങ്ങൾ’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌. അവിടെ അവർ മിശിഹൈക രാജ്യത്തിന്റെ താത്‌പര്യങ്ങൾ നിർഭയം ഉയർത്തിപ്പിടിക്കുന്നു. സാത്താന്റെ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം ഈ ‘യെഹൂദാകൂടാരങ്ങൾ’ ആയതിനാൽ സൈന്യങ്ങളുടെ യഹോവ “ആദ്യം” അവരെ രക്ഷിക്കും.

14. “യെഹൂദാകൂടാര”ങ്ങളിലുള്ളവരെ യഹോവ സംരക്ഷിക്കുകയും “ഇടറി”വീഴാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതെങ്ങനെ?

14 തുറസ്സായ സ്ഥലത്തെ ‘കൂടാരങ്ങളിൽ’ വസിക്കുന്ന, രാജ്യത്തിന്റെ ഈ അഭിഷിക്ത സ്ഥാനപതിമാരെ യഹോവ സംരക്ഷിക്കുന്നുണ്ടെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. * യോദ്ധാവായ ദാവീദുരാജാവിന്റെ കാര്യത്തിലെന്നപോലെ കരുത്തും ധൈര്യവും പകർന്നുകൊണ്ട്‌ “ഇടറി”വീഴാതിരിക്കാൻ യഹോവ അവരെ സഹായിക്കുന്നു.

15. യഹോവ “സകലജാതികളെയും നശിപ്പിപ്പാൻ നോക്കു”ന്നത്‌ എന്തിനാണ്‌, എപ്പോഴായിരിക്കും അതു സംഭവിക്കുക?

15 സെഖര്യാവു 12:9 വായിക്കുക. യഹോവ “സകലജാതികളെയും നശിപ്പിപ്പാൻ നോക്കു”ന്നത്‌ എന്തിനാണ്‌? അവർ ശാഠ്യപൂർവം മിശിഹൈക രാജ്യത്തെ എതിർക്കുന്നതുകൊണ്ടുതന്നെ. ദൈവജനത്തെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനാൽ അവർ കുറ്റംവിധിക്കപ്പെട്ട ഒരു അവസ്ഥയിലാണ്‌. സമീപഭാവിയിൽത്തന്നെ സാത്താന്റെ ഭൗമിക അനുഭാവികൾ സത്യാരാധകർക്കെതിരെ അന്തിമ ആക്രമണം അഴിച്ചുവിടും. അത്‌ ഹർമഗെദ്ദോൻ എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കു ലോകത്തെ കൊണ്ടെത്തിക്കും. (വെളിപ്പാടു 16:13-16) തന്റെ ദാസന്മാരെ സംരക്ഷിക്കുകയും സകല ജനതകൾക്കും മുമ്പാകെ തന്റെ നാമം പവിത്രമാക്കുകയും ചെയ്‌തുകൊണ്ടായിരിക്കും പരമോന്നത ന്യായാധിപതി അതിനോടു പ്രതികരിക്കുക.—യെഹെസ്‌കേൽ 38:14-18, 22, 23.

16, 17. (എ) ‘യഹോവയുടെ ദാസന്മാരുടെ അവകാശം’ എന്താണ്‌? (ബി) നാം സാത്താന്റെ ആക്രമണങ്ങൾ സഹിച്ചുനിൽക്കുന്നത്‌ എന്താണു തെളിയിക്കുന്നത്‌?

16 ഭൂവ്യാപകമായുള്ള ദൈവജനത്തിന്റെ വിശ്വാസം ദുർബലമാക്കാനോ തീക്ഷ്‌ണത കെടുത്തിക്കളയാനോ സാത്താന്റെ ഒരായുധത്തിനുമാവില്ല. നമ്മെ രക്ഷിക്കാൻ യഹോവ ശക്തനാണെന്ന അറിവിൽനിന്ന്‌ ഉത്ഭൂതമാകുന്ന ആത്മീയ സമാധാനം “യഹോവയുടെ ദാസന്മാരുടെ അവകാശ”മാണ്‌. (യെശയ്യാവു 54:17) നമ്മുടെ സമാധാനവും ആത്മീയ സമൃദ്ധിയും കവർന്നെടുക്കാൻ ആർക്കുമാവില്ല. (സങ്കീർത്തനം 118:6) സാത്താൻ ഇനിയും എതിർപ്പിന്റെ ജ്വാലകൾ ആളിക്കത്തിക്കുകയും ഉപദ്രവം ഇളക്കിവിടുകയും ചെയ്യും. നിന്ദാകരമായ പെരുമാറ്റത്തിന്മധ്യേയും വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്നത്‌ ദൈവാത്മാവ്‌ നമ്മുടെമേലുണ്ട്‌ എന്നതിനു തെളിവാണ്‌. (1 പത്രൊസ്‌ 4:14) യഹോവയുടെ സ്ഥാപിത രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഗോളമെങ്ങും മുഴങ്ങിക്കേൾക്കുകയാണ്‌. ഇരകളെ സ്‌തബ്ധരാക്കുന്ന ആയുധങ്ങൾപോലുള്ള ധാരാളം ആലങ്കാരിക “കവിണക്കല്ലു”കൾ ദൈവജനത്തിന്റെമേൽ പതിച്ചുകൊണ്ടാണിരിക്കുന്നത്‌. എങ്കിലും യഹോവയുടെ ശക്തിയാൽ അവന്റെ ആരാധകർ ആ കല്ലുകളെ നിഷ്‌പ്രഭമാക്കുന്നു. (സെഖര്യാവു 9:15) അഭിഷിക്തശേഷിപ്പിനെയും അവരുടെ വിശ്വസ്‌ത സഹചാരികളെയും തടഞ്ഞുനിറുത്താൻ ആർക്കുമാവില്ല!

17 സാത്താന്റെ ആക്രമണങ്ങളിൽനിന്നുള്ള സമ്പൂർണ വിടുതൽ! അതിനുവേണ്ടിയാണു നാം നോക്കിപ്പാർത്തിരിക്കുന്നത്‌. ‘നമുക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നമുക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നാം കുറ്റം വിധിക്കും’ എന്ന വാക്കുകളിൽ അന്തർലീനമായിരിക്കുന്ന ഉറപ്പ്‌ എത്ര ആശ്വാസദായകമാണ്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ അച്ചടിക്കുന്നില്ല.

^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 675-6 പേജുകൾ കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സാത്താന്റെ ആയുധങ്ങൾ ലക്ഷ്യത്തിലെത്തിയില്ലെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

• സ്വർഗീയ യെരൂശലേം ‘ഭാരമുള്ള കല്ലായിരിക്കുന്നത്‌’ എങ്ങനെ?

• യഹോവ ‘യെഹൂദാകൂടാരങ്ങളെ’ രക്ഷിക്കുന്നത്‌ എങ്ങനെ?

• അർമഗെദോൻ അടുത്തുവരവേ നിങ്ങൾക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രങ്ങൾ]

അൽബേനിയയിലെ സാക്ഷികൾ സാത്താന്റെ ആക്രമണങ്ങൾക്കുമധ്യേ വിശ്വസ്‌തരായി നിലകൊണ്ടു

[23-ാം പേജിലെ ചിത്രം]

യേശു വ്യാജാരോപകരുടെ വായടച്ചു

[24-ാം പേജിലെ ചിത്രങ്ങൾ]

രാജ്യഘോഷകർക്കെതിരെയുള്ള യാതൊരു ആയുധവും ഫലിക്കുകയില്ല