വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘മനസ്സലിവുള്ളവർ’ ആയിരിക്കുവിൻ

‘മനസ്സലിവുള്ളവർ’ ആയിരിക്കുവിൻ

‘മനസ്സലിവുള്ളവർ’ ആയിരിക്കുവിൻ

ദാരിദ്ര്യം, ക്ഷാമം, രോഗം, കുറ്റകൃത്യങ്ങൾ, ആഭ്യന്തരകലാപങ്ങൾ, പ്രകൃതിവിപത്തുകൾ എന്നിവയാൽ വലയുന്ന നമ്മുടെ സഹജീവികൾ അനുകമ്പയ്‌ക്കായി കേഴുകയാണ്‌, ചരിത്രത്തിലിന്നോളം ഉണ്ടായിട്ടില്ലാത്ത അളവിൽ. അന്യന്റെ ദുഃഖത്തിലും ദുരിതത്തിലും തോന്നുന്ന സഹാനുഭൂതിയും അവയുടെ കാഠിന്യം കുറയ്‌ക്കാനുള്ള ആഗ്രഹവും ഒത്തുചേരുന്നതാണ്‌ അനുകമ്പ അല്ലെങ്കിൽ മനസ്സലിവ്‌. മീനച്ചൂടിൽ ഇളനീരെന്നപോലെ, മനസ്സുനീറിക്കഴിയുന്ന ഒരുവന്‌ സമാശ്വാസംപകരാനും നൊമ്പരമകറ്റി ഉണർവേകാനും ആർദ്രാനുകമ്പയ്‌ക്കാകും.

വാക്കാലും പ്രവൃത്തിയാലും നമുക്ക്‌ അനുകമ്പ കാണിക്കാനാകും, മറ്റുള്ളവർക്കായി കരുതിക്കൊണ്ടും ആവശ്യസമയത്ത്‌ ഓടിയെത്തിക്കൊണ്ടും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരിൽ മാത്രമായി അനുകമ്പ ഒതുക്കിനിറുത്താതിരിക്കുന്നതാണു നല്ലത്‌. അപരിചിതരിലേക്കും അതു വ്യാപിപ്പിക്കാനാകും. “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം?” ഗിരിപ്രഭാഷണത്തിൽ യേശു ചോദിക്കുകയുണ്ടായി. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ” എന്നും ആ കരുണാമയൻ പറഞ്ഞു.—മത്തായി 5:46, 47; 7:12.

ഈ സുവർണനിയമം വിശുദ്ധതിരുവെഴുത്തുകളുടെ ഭാഗമാണ്‌. ആർദ്രാനുകമ്പ കാണിക്കുന്നതിൽ ബൈബിൾ ഉത്തമ വഴികാട്ടിയാണെന്ന്‌ അനേകരും സമ്മതിക്കുന്നു. നിസ്സഹായാവസ്ഥയിൽ ആയിരിക്കുന്നവർക്കു സഹായഹസ്‌തംനീട്ടാനുള്ള നമ്മുടെ ഉത്തരവാദിത്വം തിരുവെഴുത്തുകൾ കൂടെക്കൂടെ ഓർമിപ്പിക്കുന്നു. ബൈബിളിന്റെ ഗ്രന്ഥകർത്താവും നമ്മുടെ സ്രഷ്ടാവുമായ യഹോവയാം ദൈവത്തെ അനുകമ്പയുടെ മകുടോദാഹരണമായി തിരുവെഴുത്തുകൾ വരച്ചുകാട്ടുന്നു.

ഉദാഹരണത്തിന്‌ നാം വായിക്കുന്നു: “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്‌നേഹിച്ചു അവന്നു അന്നവും വസ്‌ത്രവും നല്‌കുന്നു.” (ആവർത്തനപുസ്‌തകം 10:18) “പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്‌കുന്നു” എന്നും യഹോവയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. (സങ്കീർത്തനം 146:7) നിരാലംബരായ പരദേശികളെക്കുറിച്ചു യഹോവ കൽപ്പിച്ചു: “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.”—ലേവ്യപുസ്‌തകം 19:34.

മനസ്സലിവു കാണിക്കുന്നത്‌ പക്ഷേ, എല്ലായ്‌പോഴും അത്ര എളുപ്പമല്ല. കൊലൊസ്സ്യ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചിരിക്കുന്നുവല്ലോ. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു ധരിച്ചു”കൊൾവിൻ.—കൊലൊസ്സ്യർ 3:9, 10, 12.

അതുകൊണ്ട്‌ അനുകമ്പാർദ്രമായ മനസ്സിന്‌ ഉടമകളായിരിക്കാൻ ശ്രമം ആവശ്യമാണ്‌. ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരിക്കേണ്ട ‘പുതിയ വ്യക്തിത്വത്തിന്റെ’ ഭാഗമാണ്‌ ആ ഗുണം. ക്രൂരതയ്‌ക്കു പേരുകേട്ട പുരാതന റോമിലാണ്‌ പൗലൊസ്‌ ജീവിച്ചിരുന്നത്‌. സഹാനുഭൂതിയും അനുകമ്പയും പ്രകടമാക്കുന്നതിൽ ഏറെ പുരോഗമിക്കാൻ തക്കവണ്ണം വ്യക്തിത്വത്തിൽ ഗണ്യമായ മാറ്റംവരുത്താൻ അവൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

അനുകമ്പയുടെ സത്‌ഫലങ്ങൾ

അനുകമ്പ കാണിക്കുന്നത്‌ ദൗർബല്യത്തിന്റെ ലക്ഷണമാണെന്നു ചിലർ കരുതുന്നു. ആ ധാരണ ശരിയാണോ?

ഒരിക്കലുമല്ല! യഥാർഥ അനുകമ്പയ്‌ക്കു പിന്നിലെ പ്രേരകശക്തി ആത്മാർഥ സ്‌നേഹമാണ്‌. അത്‌ ഉത്ഭവിക്കുന്നതോ, സ്‌നേഹത്തിന്റെ നിറകുടമായ ദൈവത്തിൽനിന്നും. “ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:16) ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവും’ എന്ന്‌ യഹോവയെ വിളിക്കുന്നത്‌ എത്ര ഉചിതമാണ്‌. (2 കൊരിന്ത്യർ 1:3) “മനസ്സലിവ്‌” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അർഥം “സഹതാപം, പരദുഃഖത്തിൽ ദുഃഖമനുഭവപ്പെടൽ” എന്നൊക്കെയാണ്‌. എന്തിനധികം, യഹോവ “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും[പോലും] ദയാലു”വാണ്‌!—ലൂക്കൊസ്‌ 6:35.

മനസ്സലിവുപോലുള്ള മൃദുലവികാരങ്ങൾ പ്രകടമാക്കുന്നതിൽ തന്നെ അനുകരിക്കാൻ സ്രഷ്ടാവ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു. മീഖാ 6:8 പറയുന്നു: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും . . . അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്‌?” “മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളതു സ്‌നേഹദയയാണ്‌” എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 19:22, NW) സമാനമായി, പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ച യേശുക്രിസ്‌തു തന്റെ അനുഗാമികളെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.”—ലൂക്കൊസ്‌ 6:36.

ഈ വാക്കുകൾക്കു ചെവികൊടുക്കുന്നത്‌ എന്തുകൊണ്ടും ബുദ്ധിയാണ്‌. കാരണം അതിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്താനാകും. “ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു” എന്ന സദൃശവാക്യങ്ങൾ 11:17-ന്റെ സത്യത നാം എത്രവട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. നിസ്സഹായരായ സഹമനുഷ്യരോടു കരുണകാട്ടുമ്പോൾ അതിനെ തനിക്കു ചെയ്യുന്ന നന്മയായിട്ടാണ്‌ യഹോവ കണക്കാക്കുന്നത്‌. തന്റെ ആരാധകരുടെ ദയാപ്രവൃത്തികൾക്കു പകരംകൊടുക്കാനുള്ള ഉത്തരവാദിത്വം യഹോവ സ്വയം ഏറ്റെടുക്കുന്നു. നിശ്വസ്‌തതയിൽ ശലോമോൻ രാജാവ്‌ എഴുതി: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) “ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ,” എന്ന്‌ പൗലൊസും എഴുതി.—എഫെസ്യർ 6:8.

ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ഭിന്നതകൾ പരിഹരിക്കുന്നതിനുമുള്ള ശക്തി അനുകമ്പയ്‌ക്കുണ്ട്‌. തെറ്റിദ്ധാരണകൾ ദൂരികരിച്ച്‌ അത്‌ ക്ഷമയ്‌ക്കുള്ള വഴിതുറക്കുന്നു. ‘അങ്ങനെ പറയേണ്ടിയിരുന്നില്ല’ എന്നോർത്ത്‌ പിന്നീടു ഖേദിച്ചേക്കാവുന്ന എന്തെങ്കിലും നമ്മുടെ വായിൽനിന്നു വീണേക്കാം, അതുമല്ലെങ്കിൽ നാം ചെയ്യുന്ന ഒരു കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. തെറ്റിദ്ധാരണയുണ്ടാകാൻ വേറെ എന്തുവേണം! ഇവിടെ അനുകമ്പ രക്ഷയ്‌ക്കെത്തുന്നു. പ്രശ്‌നം പരിഹരിക്കാനും സമാധാനം നിലനിറുത്താനും അതു സഹായിക്കുന്നു. അനുകമ്പയുള്ള ഒരാളോടു ക്ഷമിക്കാൻ എളുപ്പമാണുതാനും. “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ” എന്ന ക്രിസ്‌ത്യാനികളോടുള്ള പൗലൊസിന്റെ ബുദ്ധിയുപദേശം ബാധകമാക്കാൻ അനുകമ്പ സഹായിക്കും.—കൊലൊസ്സ്യർ 3:13.

അനുകമ്പ—സഹാനുഭൂതി പ്രവൃത്തിപഥത്തിൽ

ദുഃഖം ശമിപ്പിക്കാനുള്ള ശക്തിയും അനുകമ്പയ്‌ക്കുണ്ട്‌. നാം കണ്ടുകഴിഞ്ഞതുപോലെ അനുകമ്പയുള്ള ഒരാൾ, മനോവ്യഥയാൽ ഉഴലുന്നവരോടു സഹാനുഭൂതിയും സമാനുഭാവവും പ്രകടമാക്കും. ദുരിതത്താൽ വലയുന്നവരോട്‌ അലിവുതോന്നുന്നതും അവർക്കു സഹായഹസ്‌തംനീട്ടുന്നതും അനുകമ്പയിൽ ഉൾപ്പെടുന്നു.

സഹാനുഭൂതി കാണിക്കുമ്പോൾ ക്രിസ്‌ത്യാനികൾ യേശുവിനെ അനുകരിക്കുകയാണ്‌. ഭൗതികമായും ആത്മീയമായും ആളുകളെ സഹായിക്കുന്നതിന്‌ അവൻ സദാ സന്നദ്ധനായിരുന്നു. ആവശ്യം കണ്ടറിഞ്ഞ്‌ അവൻ അനുകമ്പയോടെ അവരുടെ സഹായത്തിനെത്തി.

ആത്മീയ അവഗണന അനുഭവിച്ചിരുന്ന പുരുഷാരത്തെ കണ്ടപ്പോൾ യേശുവിന്റെ വികാരം എന്തായിരുന്നെന്നു നോക്കൂ: “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) ‘മനസ്സലിവ്‌’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന പദത്തെക്കുറിച്ച്‌ ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “അത്‌ ഒരു വ്യക്തിയെ ആഴത്തിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ്‌.” അനുകമ്പയെന്ന വികാരത്തിനുള്ള ഗ്രീക്കിലെ ശക്തമായ പദങ്ങളിൽ ഒന്നാണിത്‌.

സമാനമായി, അനുകമ്പയുള്ള ക്രിസ്‌ത്യാനികൾ മറ്റുള്ളവരെ ആത്മീയമായും ഭൗതികമായും സഹായിക്കാൻ ഓടിയെത്തുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: ‘എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും ഉള്ളവരായിരിപ്പിൻ.’ (1 പത്രൊസ്‌ 3:8) ആരോഗ്യപ്രശ്‌നങ്ങൾമൂലം മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കേണ്ടിവന്ന ഒരു നിർധന ക്രിസ്‌തീയ കുടുംബത്തിന്റെ കാര്യമെടുക്കുക. അവിടെയുള്ള സഹവിശ്വാസികൾ അവരുടെ സഹായത്തിനെത്തി, ആറുമാസത്തേക്കു വാടകയൊന്നുമില്ലാതെ താമസിക്കാനുള്ള ഏർപ്പാടുചെയ്‌തുകൊടുത്തു. കുടുംബനാഥൻ പറയുന്നു: “ഞങ്ങളുടെ സുഖവിവരം അന്വേഷിക്കാൻ അവർ ദിവസവുമെത്തി. അവരുടെ പ്രോത്സാഹനം ഞങ്ങൾക്ക്‌ എത്ര ആശ്വാസം പകർന്നെന്നോ.”

അപരിചിതരുടെ ക്ഷേമത്തിലും തത്‌പരരാണ്‌ യഥാർഥ ക്രിസ്‌ത്യാനികൾ. യാതൊരു പരിചയവുമില്ലാത്തവരെപ്പോലും സഹായിക്കാൻ അവർ സസന്തോഷം തങ്ങളുടെ സമയവും ഊർജവും ആസ്‌തികളും ചെലവിടുന്നു. മുൻലേഖനത്തിൽ പരാമർശിച്ച, അപരിചിതരെ സഹായിച്ച ആ രക്ഷാപ്രവർത്തകർ യഹോവയുടെ സാക്ഷികളായിരുന്നു.

ആർദ്രാനുകമ്പയും സ്‌നേഹദയയും തുളുമ്പുന്ന ഒരു അന്തരീക്ഷമാണു ക്രിസ്‌തീയ സഭയിലുള്ളത്‌. മറ്റുള്ളവരെ സേവിക്കാനുള്ള മാർഗങ്ങൾ തേടുന്നതിൽ ഉത്സാഹമുള്ളവരാണ്‌ അതിലെ അംഗങ്ങൾ, സ്‌നേഹമാണ്‌ അതിന്‌ അവരെ പ്രേരിപ്പിക്കുന്നത്‌. ക്രിസ്‌തീയ സഭയിലെ അനാഥരും വിധവമാരും നിങ്ങളുടെ പരിഗണനയും സമാനുഭാവവും അർഹിക്കുന്നു. ഭക്ഷണം, പാർപ്പിടം, ചികിത്സ എന്നിവയെല്ലാം അവർക്കൊരു പ്രശ്‌നമായിരിക്കാം. ഇവയും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും നേരിടുന്ന അത്തരക്കാരെ സഹായിക്കാൻ നിങ്ങൾക്കാകുമോ?

ഗ്രീസിലെ ഒരു ദമ്പതികളുടെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ ഭർത്താവിനെ ദൂരെയുള്ള ഒരു ആശുപത്രിയിലാക്കി. ഓറഞ്ചു കൃഷിയായിരുന്നു അവരുടെ ഏക വരുമാനമാർഗം. ഇരുവരും ആശുപത്രിയിലായിരിക്കെ ആര്‌ അവർക്കുവേണ്ടി വിളവെടുപ്പു നടത്തും? പ്രാദേശിക സഭ മുന്നോട്ടുവന്നു. ഓറഞ്ചു പറിച്ചു വിറ്റ്‌ അവർ പണം ദമ്പതികളെ ഏൽപ്പിച്ചു. ആ ദമ്പതികൾക്കുണ്ടായ മനസ്സമാധാനം ഒന്നോർത്തുനോക്കൂ.

പലവിധങ്ങളിൽ അനുകമ്പ പ്രകടമാക്കാനാകും. ഉദാഹരണത്തിന്‌, സഹാനുഭൂതിയോടെ ശ്രദ്ധിക്കുന്ന, സമാനുഭാവം കാണിക്കുന്ന, തിരുവെഴുത്തിൽനിന്ന്‌ ആശ്വാസം പകരുന്ന ആളുകളുടെ ദയാപുരസ്സരമായ സന്ദർശനമാണ്‌ ദുരിതം അനുഭവിക്കുന്ന ചിലർ ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്ന്‌ അനുകമ്പയുള്ള ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു.—റോമർ 12:15.

അനുകമ്പയുടെ ലോകത്തിലേക്കു സ്വാഗതം

അനുകമ്പയും ദയാവായ്‌പും വഴിഞ്ഞൊഴുകുന്ന, സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പറുദീസയാണ്‌ ലോകവ്യാപക ക്രിസ്‌തീയ സഭ. ദയാർദ്രത പരസ്‌പരം അടുപ്പിക്കുമ്പോൾ നിർദയത്വം ആളുകളെ തമ്മിലകറ്റുമെന്ന്‌ സത്യക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. അതുകൊണ്ട്‌ സ്വർഗീയ പിതാവിനെ അനുകരിച്ചുകൊണ്ട്‌ അവർ പ്രായോഗികമായ വിധങ്ങളിൽ “മനസ്സലിവ്‌” പ്രകടമാക്കാൻ ശ്രമിക്കുന്നു.

അനുകമ്പയും സ്‌നേഹവും കരുതലും കളിയാടുന്ന ക്രിസ്‌തീയ സമൂഹത്തിലേക്ക്‌ യഹോവയുടെ സാക്ഷികൾ ഹൃദയത്തിന്റെ ഭാഷയിൽ നിങ്ങളെ സ്വാഗതംചെയ്യുന്നു. അത്തരമൊരു അന്തരീക്ഷം നിങ്ങൾ ആസ്വദിക്കുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌.

[5-ാം പേജിലെ ചിത്രം]

മനസ്സലിവു ധരിക്കാൻ കൊലൊസ്സ്യയിലെ ക്രിസ്‌ത്യാനികളെ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു

[7-ാം പേജിലെ ചിത്രങ്ങൾ]

ആവശ്യം കണ്ടറിഞ്ഞ്‌ അനുകമ്പയോടെ യേശു ആളുകളുടെ സഹായത്തിനെത്തി