വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മലാഖിയിൽനിന്നുള്ള വിശേഷാശയങ്ങൾ

മലാഖിയിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

മലാഖിയിൽനിന്നുള്ള വിശേഷാശയങ്ങൾ

യെരൂശലേമിലെ ആലയം പുതുക്കിപ്പണിതിട്ട്‌ ഇപ്പോൾ 70 വർഷത്തിലേറെ ആയിരിക്കുന്നു. എന്നിരുന്നാലും കാലം കടന്നുപോയതോടെ യഹൂദജനതയുടെ ആത്മീയത തീർത്തും ദുർബലമായി. പുരോഹിതന്മാർപോലും അഴിമതിക്കാരായി. അവരുടെ പരിതാപകരമായ ആത്മീയ അവസ്ഥയെക്കുറിച്ച്‌ ആര്‌ അവരെ ബോധ്യപ്പെടുത്തും, ദൈവത്തോട്‌ അടുത്തു ചെല്ലാൻ ആര്‌ അവരെ സഹായിക്കും? യഹോവ ഈ ഉത്തരവാദിത്വം പ്രവാചകനായ മലാഖിയെ ഏൽപ്പിക്കുന്നു.

വളരെ ശക്തമായ ഭാഷയിൽ മലാഖി രചിച്ചിരിക്കുന്ന, എബ്രായ തിരുവെഴുത്തുകളിലെ ഈ അവസാന പുസ്‌തകത്തിൽ ദിവ്യനിശ്വസ്‌ത പ്രവചനങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. മലാഖിയുടെ പ്രവചനങ്ങൾക്കു ചെവികൊടുക്കുന്നത്‌ ഇന്നത്തെ ദുഷിച്ച വ്യവസ്ഥിതിയുടെ അന്ത്യത്തിൽ വരുന്ന “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ” നേരിടുന്നതിനായി നമ്മെ തയ്യാറാക്കും.—മലാഖി 4:5.

പുരോഹിതന്മാർ “പലരെയും . . . ഇടറുമാറാക്കി”

(മലാഖി 1:1–2:17)

“ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ യഹോവ ഇസ്രായേലിനോടുള്ള തന്റെ വികാരം വെളിപ്പെടുത്തുന്നു. എന്നാൽ പുരോഹിതന്മാർ യഹോവയുടെ നാമത്തെ നിന്ദിക്കുകയാണു ചെയ്‌തത്‌. എങ്ങനെ? യഹോവയുടെ ‘യാഗപീഠത്തിന്മേൽ മലിനഭോജനവും മുടന്തും ദീനവുമുള്ളതിനെയും അർപ്പിച്ചുകൊണ്ട്‌.’—മലാഖി 1:2, 6-8.

പുരോഹിതന്മാർ അവരുടെ ‘ഉപദേശത്താൽ പലരെയും ഇടറുമാറാക്കി.’ ജനം “അന്യോന്യം ദ്രോഹം” ചെയ്‌തു. ചിലരുടെ ഭാര്യമാരാകട്ടെ യഹൂദർ അല്ലായിരുന്നു. മറ്റുചിലർ ‘യൗവനത്തിലെ ഭാര്യ’യോട്‌ അവിശ്വസ്‌തമായി പെരുമാറിയിരിക്കുന്നു.—മലാഖി 2:8, 10, 11, 14-16.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:2—ഏതു വിധത്തിലാണ്‌ യഹോവ, വഴിപിഴച്ച പുരോഹിതന്മാരുടെ ‘അനുഗ്രഹങ്ങളെ ശപിക്കുന്നത്‌’? ദൈവം ഇതു ചെയ്‌തത്‌, ഈ പുരോഹിതന്മാർ ഉച്ചരിച്ച അനുഗ്രഹങ്ങൾ അവർക്കു ശാപമായി മാറും എന്ന അർഥത്തിലാണ്‌.

2:3—പുരോഹിതന്മാരുടെ മുഖത്ത്‌ “ചാണകം വിതറും” എന്നതിന്റെ അർഥമെന്താണ്‌? ന്യായപ്രമാണമനുസരിച്ച്‌ ബലിമൃഗത്തിന്റെ ചാണകം പാളയത്തിനു വെളിയിൽ കൊണ്ടുപോയി കത്തിച്ചുകളയണമായിരുന്നു. (ലേവ്യപുസ്‌തകം 16:27) പുരോഹിതന്മാരുടെ മുഖത്തു ചാണകം വിതറുന്നത്‌, യഹോവ അവരുടെ യാഗം തിരസ്‌കരിച്ചിരിക്കുന്നുവെന്നും അത്‌ അർപ്പിച്ചവർ അവനു നിന്ദ്യരാണെന്നുമാണ്‌ അർഥമാക്കുന്നത്‌.

2:13—ആരുടെ കണ്ണുനീർകൊണ്ടാണ്‌ യഹോവയുടെ യാഗപീഠം മൂടിപ്പോയത്‌? ആലയത്തിൽ വന്ന്‌ യഹോവയുടെ മുമ്പാകെ നെഞ്ചുരുകി പ്രാർഥിച്ച സ്‌ത്രീകളുടെ കണ്ണുനീരാണത്‌. താരതമ്യേന ചെറുപ്പക്കാരായ പരദേശിയുവതികളെ വിവാഹം കഴിക്കുന്നതിനുവേണ്ടി ആയിരിക്കാം അവരുടെ യഹൂദ ഭർത്താക്കന്മാർ നിയമവിരുദ്ധ വിഹാഹമോചനം നേടി അവരെ ഉപേക്ഷിച്ചുപോയത്‌. അതാണ്‌ അവരുടെ തീവ്രദുഃഖത്തിനു കാരണം.

നമുക്കുള്ള പാഠം:

1:10. വാതിലടയ്‌ക്കുന്നതും യാഗപീഠത്തിലെ തീ കത്തിക്കുന്നതും പോലുള്ള ചെറിയ സേവനങ്ങൾക്കുപോലും ഫീസ്‌ വാങ്ങിയിരുന്ന അത്യാഗ്രഹികളായ പുരോഹിതന്മാരുടെ യാഗങ്ങളിൽ യഹോവയ്‌ക്കു യാതൊരു താത്‌പര്യവുമില്ല. ക്രിസ്‌തീയ ശുശ്രൂഷ ഉൾപ്പെടെയുള്ള നമ്മുടെ ആരാധന ദൈവത്തോടും അയൽക്കാരോടുമുള്ള നിസ്സ്വാർഥ സ്‌നേഹത്തിൽ അധിഷ്‌ഠിതമായിരിക്കണം, ഒരിക്കലും സാമ്പത്തിക നേട്ടത്തിനുവേണ്ടിയാവരുത്‌!—മത്തായി 22:37-39; 2 കൊരിന്ത്യർ 11:7.

1.14; 2:17. കപടഭക്തി യഹോവ വെച്ചുപൊറുപ്പിക്കില്ല.

2:7-9. സഭായോഗങ്ങളിൽ പഠിപ്പിക്കാനുള്ള പദവി ലഭിച്ചിട്ടുള്ളവർ, അവർ പഠിപ്പിക്കുന്നത്‌ ദൈവവചനമായ വിശുദ്ധതിരുവെഴുത്തുകൾക്കും ‘ബുദ്ധിമാനായ ഗൃഹവിചാരകന്റെ’ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾക്കും ചേർച്ചയിലാണെന്ന്‌ ഉറപ്പുവരുത്തണം.—ലൂക്കൊസ്‌ 12:42; യാക്കോബ്‌ 3:11.

2:10, 11. തന്റെ ആരാധകർ, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന ഉപദേശം ഗൗരവമായി എടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.—1 കൊരിന്ത്യർ 7:39.

2:15, 16. സത്യാരാധകർ തങ്ങളുടെ യൗവനത്തിലെ ഭാര്യയുമായുള്ള വിവാഹബന്ധത്തെ അങ്ങേയറ്റം വിലമതിക്കണം.

‘കർത്താവ്‌ തന്റെ മന്ദിരത്തിലേക്കു വരും’

(മലാഖി 3:1–4:6)

‘കർത്താവ്‌ [യഹോവയാം ദൈവം]’ തന്റെ ‘നിയമദൂതനുമൊത്ത്‌ [യേശുക്രിസ്‌തു] പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും.’ ‘ന്യായവിധിക്കായി തന്റെ ജനത്തിന്റെ അടുത്തുവന്ന്‌’ സകല ദുഷ്ടതയും പ്രവർത്തിക്കുന്നവർക്കു വിരോധമായി ദൈവം ഒരു ശീഘ്രസാക്ഷിയായിരിക്കും. അതുമാത്രമല്ല, യഹോവാഭക്തന്മാർക്കായി “ഒരു സ്‌മരണപുസ്‌തകം” എഴുതിവെക്കേണ്ടിയിരിക്കുന്നു.—മലാഖി 3:1, 3, 5, 16.

“ചൂളപോലെ കത്തുന്ന ഒരു ദിവസം വരും,” അത്‌ സകലദുഷ്‌പ്രവൃത്തിക്കാരെയും ദഹിപ്പിച്ചുകളയും. ആ ദിവസം വരുന്നതിനുമുമ്പ്‌ ഒരു പ്രവാചകനെ ‘അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കുന്നതിനായി’ അയയ്‌ക്കും.—മലാഖി 4:1, 5, 6.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

3:1-3—എന്നാണ്‌ “കർത്താവും” “നിയമദൂതനും” മന്ദിരത്തിലേക്കു വന്നത്‌, ആരെയാണ്‌ അവർക്കുമുമ്പെ അയച്ചത്‌? പൊതുയുഗം 33 നീസാൻ 10-ന്‌ യഹോവ ഒരു പ്രതിപുരുഷൻ മുഖേന മന്ദിരത്തിലേക്കുവന്ന്‌ അതു ശുദ്ധീകരിച്ചു. യേശു ആലയത്തിൽ പ്രവേശിച്ച്‌ വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിയപ്പോഴായിരുന്നു അത്‌. (മർക്കൊസ്‌ 11:15) നിയുക്ത രാജാവായി യേശു അഭിഷേകം ചെയ്യപ്പെട്ടിട്ട്‌ അപ്പോൾ മൂന്നര വർഷം കഴിഞ്ഞിരുന്നു. സമാനമായി, സ്വർഗത്തിൽ രാജാവായി വാഴിക്കപ്പെട്ട്‌ മൂന്നര വർഷം കഴിഞ്ഞപ്പോൾ, യഹോവയോടൊപ്പം യേശു ആത്മീയ മന്ദിരത്തിലേക്കു വന്നതായി കാണുന്നു, ദൈവജനത്തിനു ശുദ്ധീകരണം ആവശ്യമുണ്ടെന്നും അവർ നിരീക്ഷിച്ചു. ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്‌തുവിന്റെ വരവിനുവേണ്ടി യഹൂദരെ തയ്യാറാക്കാൻ സ്‌നാപക യോഹന്നാനെ അയച്ചു. ആധുനിക നാളിൽ, ആത്മീയ ആലയത്തിലേക്കുള്ള യഹോവയുടെ വരവിനു വഴിയൊരുക്കുന്നതിനായി ഒരു സന്ദേശവാഹകനെ അയച്ചു. 1880 മുതൽതന്നെ ബൈബിൾ വിദ്യാർഥികളുടെ ഒരു കൂട്ടം, ആത്മാർഥ ഹൃദയരായ ആളുകളിൽ അടിസ്ഥാന ബൈബിൾസത്യങ്ങൾ എത്തിക്കുന്നതിനുള്ള ബൈബിൾ വിദ്യാഭ്യാസ വേല ആരംഭിച്ചിരുന്നു.

3:10—“ദശാംശം മുഴുവനും കൊണ്ടുവരുവിൻ” എന്നു പറഞ്ഞതിന്റെ അർഥം നമുക്കുള്ളതെല്ലാം യഹോവയ്‌ക്കു കൊടുക്കണം എന്നാണോ? യേശുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ മോശൈകനിയമം റദ്ദായി, അതുകൊണ്ട്‌ ദശാംശം കൊടുക്കുന്നതു മേലാൽ ഒരു നിബന്ധനയല്ല. (എഫെസ്യർ 2:15) എന്നിരുന്നാലും അതിന്‌ ഒരു പ്രതീകാത്മക അർഥമുണ്ട്‌. എന്നാലത്‌ നമുക്കുള്ളതൊക്കെയും കൊടുക്കുന്നതിനെ അല്ല സൂചിപ്പിക്കുന്നത്‌. ദശാംശം വർഷംതോറും കൊടുത്തിരുന്നു, എന്നാൽ നാം ഒരിക്കൽ മാത്രം നമുക്കുള്ളതൊക്കെയും യഹോവയ്‌ക്കു സമർപ്പിക്കുന്നു—അതു നാം നമ്മെ അവനു സമർപ്പിച്ച്‌ സ്‌നാപനമേൽക്കുമ്പോഴാണ്‌. ആ സമയം മുതൽ നമുക്കുള്ളതൊക്കെയും യഹോവയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. എന്നിട്ടും, നമുക്കുള്ളതിന്റെ ഒരു ഭാഗം അവന്റെ സേവനത്തിൽ ഉപയോഗിക്കാൻ അവൻ നമ്മെ അനുവദിക്കുന്നു, ഒരു ആലങ്കാരിക ദശാംശം. അത്‌ നമ്മുടെ സാഹചര്യത്തിനും ഹൃദയാഭിലാഷത്തിനും ചേർച്ചയിലാണു കൊടുക്കുന്നത്‌. രാജ്യപ്രസംഗ, ശിഷ്യരാക്കൽ വേലയിൽ ചെലവഴിക്കുന്ന നമ്മുടെ സമയം, ഊർജം, ആസ്‌തികൾ എന്നിവയെല്ലാം നാം അവനു കൊടുക്കുന്ന ആലങ്കാരിക ദശാംശത്തിൽ ഉൾപ്പെടുന്നു. ക്രിസ്‌തീയ യോഗങ്ങളും രോഗികളെയും പ്രായമേറിയ സഹവിശ്വാസികളെയും സന്ദർശിക്കുന്നതും സത്യാരാധനയ്‌ക്കു സാമ്പത്തിക പിന്തുണ നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടുന്നുണ്ട്‌.

4:3—ഏതു വിധത്തിലാണ്‌ യഹോവയുടെ ആരാധകർ ‘ദുഷ്ടന്മാരെ ചവിട്ടിക്കളയുന്നത്‌’? ഭൂമിയിലുള്ള ദൈവജനം അക്ഷരാർഥത്തിൽ ‘ദുഷ്ടന്മാരെ ചവിട്ടിക്കളയുന്നില്ല,’ അതായത്‌ ദൈവത്തിന്റെ ന്യായവിധി നടപ്പാക്കുന്നതിൽ പങ്കുചേരുന്നില്ല. പകരം, സാത്താന്റെ ലോകത്തിന്റെ നാശത്തിനുശേഷമുള്ള വിജയാഘോഷത്തിൽ മുഴുഹൃദയത്തോടെ പങ്കുചേർന്നുകൊണ്ട്‌ യഹോവയുടെ ഭൗമദാസന്മാർ ആലങ്കാരികമായി അതു ചെയ്യും.—സങ്കീർത്തനം 145:20; വെളിപ്പാടു 20:1-3.

4:4—‘മോശെയുടെ ന്യായപ്രമാണം’ നാം ‘ഓർക്കേണ്ടതിന്റെ’ കാരണമെന്ത്‌? ക്രിസ്‌ത്യാനികൾ ആ ന്യായപ്രമാണത്തിന്റെ കീഴിൽ വരുന്നില്ല. എന്നിരുന്നാലും ‘വരുവാനുള്ള നന്മകളുടെ നിഴലായി’ അതു വർത്തിക്കുന്നു. (എബ്രായർ 10:1) അതുകൊണ്ട്‌ മോശൈക ന്യായപ്രമാണത്തിനു ശ്രദ്ധകൊടുക്കുന്നത്‌ അതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ എങ്ങനെ നിറവേറി എന്നു കാണുന്നതിനു നമ്മെ സഹായിക്കും. (ലൂക്കൊസ്‌ 24:44, 45) അതിലുപരിയായി, ‘സ്വർഗത്തിലുള്ളവയുടെ പ്രതിബിംബങ്ങൾ’ ന്യായപ്രമാണത്തിലുണ്ട്‌. അതുകൊണ്ട്‌ ക്രിസ്‌തീയ പഠിപ്പിക്കലുകളെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നതിന്‌ മോശൈക ന്യായപ്രമാണം പഠിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌.—എബ്രായർ 9:23.

4:5, 6—‘ഏലീയാപ്രവാചകൻ’ ആരെ പ്രതിനിധീകരിക്കുന്നു? “ഏലിയാവ്‌” ആളുകളുടെ ഹൃദയങ്ങളെ ഒരുക്കുന്ന ഒരു പുനഃസ്ഥിതീകരണ പ്രവർത്തനം നടത്തുമെന്ന്‌ മുൻകൂട്ടി പറഞ്ഞു. സ്‌നാപകയോഹന്നാനാണ്‌ “ഏലിയാവ്‌” എന്ന്‌ പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ യേശു ചൂണ്ടിക്കാട്ടി. (മത്തായി 11:12-14; മർക്കൊസ്‌ 9:11-13) “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ” ആധുനികകാല ‘ഏലിയാവിനെ’ അയച്ചിരിക്കുന്നു. ഇന്നത്‌ മറ്റാരുമല്ല, “വിശ്വസ്‌തനും വിവേകിയുമായ അടിമ”യാണ്‌. (മത്തായി 24:45, NW) അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഈ വർഗം ശുഷ്‌കാന്തിയോടെ ആത്മീയ പുനഃസ്ഥിതീകരണ പ്രവർത്തനം ഇന്നു നടത്തുന്നു.

നമുക്കുള്ള പാഠം:

3:10. നമുക്കുള്ള ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു നൽകാൻ നാം പരാജയപ്പെടുന്നെങ്കിൽ അവന്റെ അനുഗ്രഹം നഷ്ടപ്പെടുത്തുക ആയിരിക്കും നാം ചെയ്യുന്നത്‌.

3:14, 15. പുരോഹിതന്മാരുടെ മോശമായ മാതൃക കാരണം യഹൂദർ ദൈവസേവനത്തെ വിലകുറച്ചു കാണാൻ തുടങ്ങി. ക്രിസ്‌തീയ സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ ഉള്ളവർ നല്ല മാതൃകകൾ ആയിരിക്കണം.—1 പത്രൊസ്‌ 5:1-3.

3:16. തന്നെ ഭയക്കുന്നവരുടെയും തന്നോടു വിശ്വസ്‌തരായവരുടെയും ഒരു രേഖ യഹോവ സൂക്ഷിക്കുന്നു. സാത്താന്റെ ദുഷ്ടലോകത്തിന്‌ അന്ത്യംകുറിക്കുമ്പോൾ അവൻ അവരെ ഓർക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ട്‌ ദൈവത്തോട്‌ എക്കാലവും വിശ്വസ്‌തരായി നിലകൊള്ളും എന്നു നമുക്കു ദൃഢനിശ്ചയം ചെയ്യാം.—ഇയ്യോബ്‌ 27:5.

4:1. യഹോവയോടു കണക്കുബോധിപ്പിക്കുന്ന ദിവസം ‘വേരിനും കൊമ്പിനും’ ഒരേ അന്ത്യമാണുള്ളത്‌—മാതാപിതാക്കൾക്കു ലഭിക്കുന്ന അതേ ന്യായവിധി ആയിരിക്കും ചെറിയ കുട്ടികൾക്കും ലഭിക്കുക. തങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികളോടു മാതാപിതാക്കൾക്ക്‌ എത്ര വലിയ ഉത്തരവാദിത്വമാണുള്ളത്‌! ക്രിസ്‌തീയ മാതാപിതാക്കൾ ദൈവാംഗീകാരം നേടാനും അവന്റെ മുമ്പാകെ ഒരു നല്ലനില കാത്തുസൂക്ഷിക്കാനും നന്നായി പരിശ്രമിക്കണം.—1 കൊരിന്ത്യർ 7:14.

സത്യദൈവത്തെ ഭയപ്പെടുക

“യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ” വരുമ്പോൾ ആർ രക്ഷിക്കപ്പെടും? (മലാഖി 4:5) യഹോവ പറയുന്നു: “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.”—മലാഖി 4:2.

ദൈവനാമത്തെ ഭക്ത്യാദരവോടെ വീക്ഷിക്കുന്നവരുടെമേൽ യേശുക്രിസ്‌തുവാകുന്ന “നീതിസൂര്യൻ” ഉദിക്കും, അവർക്കു യഹോവയുടെ അംഗീകാരവും ഉണ്ടാകും. (യോഹന്നാൻ 8:12) അവർക്കു “ചിറകിൻകീഴിൽ രോഗോപശാന്തി” ഉണ്ടാകും. ഇപ്പോൾത്തന്നെ ആത്മീയ രോഗശാന്തിയും, ശാരീരികവും മാനസികവും വൈകാരികവുമായ പൂർണരോഗശാന്തി ദൈവത്തിന്റെ പുതിയലോകത്തിലും ഉണ്ടാകും. (വെളിപ്പാടു 22:1, 2) അവർ “പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.” അത്തരം അനുഗ്രഹങ്ങളെ മുന്നിൽക്കണ്ടുകൊണ്ട്‌ ശലോമോൻ രാജാവിന്റെ ഉപദേശം നമുക്കു ഹൃദയാ സ്വീകരിക്കാം: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”—സഭാപ്രസംഗി 12:13.

[26-ാം പേജിലെ ചിത്രം]

പ്രവാചകനായ മലാഖി, തീക്ഷ്‌ണതയും അർപ്പണബോധവുമുള്ള ദൈവദാസൻ

[29-ാം പേജിലെ ചിത്രം]

നാം പഠിപ്പിക്കുന്നതെല്ലാം ബൈബിളധിഷ്‌ഠിതമായിരിക്കണം

[29-ാം പേജിലെ ചിത്രം]

യഹോവയുടെ ദാസർ അവരുടെ വിവാഹ ഉടമ്പടിയെ വിലമതിക്കുന്നു